താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്തുതിയെക്കാൾ നല്ലത് തന്റെ ഗുണദോഷങ്ങളെപ്പറ്റി സൂക്ഷ്മം ഗ്രഹിച്ചുപറയുന്നതാണ്, എന്ന് അവർ മനസ്സിലാക്കിയാൽ, ഇക്കാര്യത്തിൽ പത്രക്കാരനോടു പരിഭവംതോന്നുവാൻ ന്യായമില്ലെന്നു ബോധ്യപ്പെടും. അതെന്തായാലും, സന്ദ്രഷ്ടാവ് പഴമ പരിചയക്കാരനല്ലെന്നിരുന്നാൽ, തന്റെ 'പുള്ളി'യെപ്പറ്റി നിഷ്ക്കരുണമായോ വിവേകരഹിതമായോ, അകീർത്തികരമായോ യാതൊന്നും എഴുതിപ്പോകരുത്; പ്രശംസിക്കുന്നെടത്തും, വാസ്തവമായ പ്രശംസയാണു ഉദ്ദേശിച്ചിരിക്കുന്നതെന്നു വായനക്കാർക്കു ബോധ്യമാകണം. നാലു പാദങ്ങൾ അടിച്ചുകൂട്ടി പദ്യങ്ങൾ നിർമ്മിക്കുന്നവരെല്ലാം 'യഥാർത്ഥ കവി'കളും 'മഹാകവി'കളും അവരുടെ കൃതികളിൽ കാണുന്നതു 'സാക്ഷാൽ കവിത'കളും അവ നിസർഗ്ഗസുന്ദര'ങ്ങളും; ഏതൊരുത്തിയും 'മഹാവിദുഷി' അല്ലെങ്കിൽ 'സ്ത്രീരത്ന'വും; ഏതൊരഭിപ്രായമായാലും അതു 'ആദരണീയ'വും 'യുക്തിയുക്ത'വും മറ്റും മറ്റും; ആയിരുന്നാൽ, പിന്നെ, അവരെക്കാളും അവയെക്കാളും ഉയർന്ന പടിയിൽ നിൽക്കുന്നു എന്ന വിശേഷത്തെ കുറിപ്പാൻ വിശേഷണപദത്തിനു നിഘണ്ടു തേടിപ്പോകാമെന്നു കരുതുന്ന ലേഖനകർത്താക്കന്മാരെ സാമാന്യബുദ്ധികൾ കൂടിയും പുച്ഛിക്കുമെന്നറിയണം. സംവാദന്വാഖ്യാനങ്ങളിൽ സന്ദ്രഷ്ടാവ് എപ്പൊഴും അപ്രധാനനായി പിറകിൽനിന്നുകൊള്ളുകയും, തന്റെ 'പുള്ളി'യെ മഹാജനസമക്ഷം പ്രകാശിപ്പിക്കയും ചെയ്യുകയാണു വേണ്ടതെന്നും യുക്തമെന്നും പത്രപ്രതിനിധികൾ ഓർത്തിരിക്കണം.

സന്ദർശനാവസരത്തിൽ, പത്രപ്രതിനിധി തനിക്കു കിട്ടുന്ന വിവരങ്ങളെ കുറിപ്പാൻ 'പണിക്കോപ്പുകൾ' എടുത്തു നിരത്തണമോ? നിരത്തുന്നതു മര്യാദയോ? ഒരുവന്റെ 'വായിൽനിന്നു വീഴുന്ന' വകകളെ 'പെറുക്കി'യെടുപ്പാൻ കടലാസും പെൻസിലും കൊണ്ടുവന്നിട്ടുണ്ടെന്നു കാണുമ്പോൾതന്നെ, ചിലർക്കു മനസ്സിനു സ്വൈരക്കേടുണ്ടാകും. അങ്ങനെ 'പുള്ളി'കളെക്കൊണ്ടു 'മൊഴി' പറയിച്ചു എഴുതിയെടുക്കുന്നതു മര്യാദകേടായിട്ടാണു വിചാരിക്കാറുള്ളത്. ആകയാൽ, സന്ദ്രഷ്ടാവ് ആദ്യമാദ്യം യാതൊന്നും എഴിതിയെടുക്കാൻ ഉത്സാഹിക്കരുത്; 'പുള്ളി'യുമായി അധികം 'ലോക്യ'മായിക്കഴിയുമ്പോൾ