താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാത്രം ആയിരുന്നുതാനും. ബാക്കിയെല്ലാം ഉപേക്ഷിക്കപ്പെട്ടു. ഒരൊറ്റ പത്രഗ്രന്ഥത്തിനു തന്നേ ഇത്രയേറെ കഥകൾ കിട്ടിയ അവസ്ഥയ്ക്കു, മറ്റു പത്രങ്ങൾക്കൊക്കെക്കൂടി എത്രയെത്ര ഇരുപതിനായിരം കിട്ടിയിരിപ്പാൻ സംഗതിയുണ്ട്! ഇവയിൽ ഉപേക്ഷിക്കപ്പെട്ട ഓരോ പത്തൊമ്പതിനായിരത്തിൽപ്പരം കഥകളും തീരെ പ്രസിദ്ധീകരണയോഗ്യതയില്ലാത്തവയായിരിക്കയില്ല; കുറെയൊക്കെ നല്ല കഥകളായിരിക്കാം. എന്നാൽ ഇവയെ അങ്ങാടിയറിയാതെ വാണിഭത്തിനു കൊണ്ടു ചെന്നതിനാൽ വിറ്റഴിയാതെ മടക്കിക്കൊണ്ടുപോരേണ്ടിവന്നതാണ്. താൻ എഴുതിയുണ്ടാക്കിയ കഥ ഏതു പത്രഗ്രന്ഥത്തിലേക്കാണു പറ്റുന്നതെന്നു നിർണ്ണയം വരുത്തിക്കൊണ്ടു ആ പത്രഗ്രന്ഥത്തിലേക്കു അയച്ചുകൊടുക്കുന്നതിനുപകരം, തന്റെ ചെവിയിൽ പേരുകേട്ടതായ ഏതെങ്കിലുമൊരു പത്രഗ്രന്ഥത്തിലേക്കു കെട്ടിയയച്ചു ഭാഗ്യം പരീക്ഷിക്കുന്നതു വിവേകപൂർവ്വമായ സമ്പ്രദായമല്ല.

ഇപ്പോൾ പറഞ്ഞതെല്ലാം ചെറിയ കഥകളെക്കുറിച്ചാണ്. മാസികപുസ്തകങ്ങളിലാകട്ടെ, പ്രതിവാരപത്രഗ്രന്ഥങ്ങളിലാകട്ടെ ഖണ്ഡംഖണ്ഡമായി ക്രമശഃ പ്രസിദ്ധപ്പെടുത്തുന്ന മറ്റൊരുതരം കല്പിതകഥകളുണ്ട്. ഇവ അതതു സമയത്തെ ദേശകാര്യങ്ങളിലോ സമുദായ കാര്യങ്ങളിലോ ഉള്ള മുഖ്യ സംഭവങ്ങളെക്കൂടെ ഉൾപ്പെടുത്തി എഴുതുന്നവയായിരിക്കുന്നു. ഇത്തരം കഥകളെഴുതിക്കൊടുപ്പാൻ പത്രാധിപൻമാർ കഥയെഴുത്തുകാരനും ചിലപ്പോൾ പ്രത്യേകം മാസപ്പടിയെന്നവണ്ണം പ്രതിഫലം നിശ്ചയിച്ചിരിക്കും. ഒരു കൊല്ലത്തിൽ ഒരായിരം പവൻ പ്രതിഫലം കിട്ടുവാൻ ഞെരുക്കമില്ല; ഇതിലിരട്ടി കിട്ടുന്നവരുമുണ്ട്.

ഈ മാതിരി കഥകളെഴുതുന്നതിനു കഥയെഴുത്തുകാരൻ തന്റെ മാത്രം മനോധർമ്മത്തെ ആശ്രയിക്കേണ്ടതായിട്ടില്ല. കഥയുടെ ബീജം തേടിപ്പിടിച്ചു കൊടുക്കുവാൻ പത്രാധിപർക്കാണു ബദ്ധപ്പാട്. പത്രാധിപർ പത്രവായനക്കാരായ ബഹുജനങ്ങളുടെ അപ്പോഴത്തെ നിലയെ മനസ്സിലാക്കിക്കൊണ്ടു അവരുടെ ഹൃദയങ്ങളെ ഇളക്കുന്നതിനും മാറ്റുന്നതിനും മറിക്കുന്നതിനും തക്കതായ ഒരു വിഷയം നിശ്ചയിക്കുന്നു. പത്രാധിപരുടെ ആശയം