സുസങ്കല്പിതമായിരിക്കേണ്ടതാണ്. കഥാബന്ധത്തിൽ അവശ്യം ആവശ്യകമായതു വായനക്കാരുടെ ഉള്ളിനെ കവരുവാൻ തക്കവണ്ണം വിസ്മയാവഹമായ ഒരു സംഭവവും, ഫലിതമായ പ്രകാരത്തിലുള്ള അതിന്റെ പരിണാമവും ആകുന്നു. കഥയെഴുതി ഫലിപ്പിക്കുന്നതിനു ഉപയോഗപ്പെടുത്തുന്ന ഭാഷാരീതി എത്രയും ലളിതമായും, കഥാപാത്രങ്ങൾ സംസാരിക്കുന്ന പ്രകാരത്തിൽ സാക്ഷാൽ സംഭാഷണമായും ഇരിക്കേണ്ടതും, കഥാംശങ്ങളെ വിസ്തരിക്കാതെ കഴിക്കേണ്ടതുമാകുന്നു. വിശേഷപ്പെട്ട ഭാഷാസരണി കൈവശമുള്ളപക്ഷം, അതിനെ പ്രകടിപ്പാനായി വേറെ വിഷയം തേടിപ്പോകയാണുത്തമം. കല്പിതകഥകളിൽ വായനക്കാർ ആവശ്യപ്പെടുന്നതും അന്വേഷിക്കുന്നതും കഥാവസ്തുവിനെ ആകുന്നു എന്നു എഴുത്തുകാരൻ ഓർമ്മവെക്കണം. എന്നാൽ, മാസിക പത്രഗ്രന്ഥങ്ങളിലെഴുതുന്ന കഥകൾക്കു വസ്തുമാത്രം നോക്കിയാൽപോരാ; കഥയ്ക്കു മനോഹരമായ രൂപം ഉണ്ടായിരിക്കയും, അതു ചില നിബന്ധനകൾക്കടിമപ്പെട്ടിരിക്കയും വേണം.
ഒന്നാമതായി, കഥയുടെ ഏതു ഭാഗവും സംക്ഷിപ്തസാരമായി പറഞ്ഞിരിക്കണം; എഴുതുന്ന വാക്യങ്ങളിലൊന്നെങ്കിലും നിരർത്ഥമായിരിക്കരുത്. 'നിരർത്ഥം' എന്നു ആക്ഷേപിക്കുമ്പോൾ ചില കവികൾ അവരുടെ പദ്യങ്ങളിലെ വാക്കുകൾക്കു നിരർഥകത്വദോഷമില്ലെന്നു സ്ഥാപിപ്പാൻ നിഘണ്ഡു നോക്കിയാൽ അർത്ഥം കാണും, എന്നു പറയുമ്പോലെ സമാധാനപ്പെട്ടുകൊള്ളേണ്ടതല്ല. ഓരോ വരിയിലും കഥാംശത്തിന്റെ സാന്നിധ്യമുണ്ടായിരിക്കണം. എന്നാൽ ഇങ്ങനെ സംക്ഷേപിച്ചെഴുതുമ്പോൾ കഥയിലെ സംഗതികളെ തിക്കിത്തിരക്കിച്ചേർത്തിരിക്കയുമരുത്. ചില ഭാഗങ്ങൾ വീർപ്പിച്ചും ചിലഭാഗങ്ങൾ മെലിപ്പിച്ചും എഴുതിയാൽ, കഥാംശങ്ങൾക്കു ഐകരൂപ്യമില്ലാതെയാവുമെന്നറിയേണ്ടതാകുന്നു. കഥയിലെ ഓരോ സംഗതിയും അതിന്റെ പൂർവസംഗതിയിൽനിന്നു സ്വാഭാവികമായി പൊട്ടിമുളച്ചു വരുന്നതാണെന്നു തോന്നത്തക്കപ്രകാരത്തിൽ വേണം എഴുതുവാൻ. ഇതിലേക്കു എഴുത്തുകാരനു ഒരേ ആശ്രയം, ലോകഗതികളെ പ്രേക്ഷിച്ചറിക എഴുതിശ്ശീലിക്കുക ഇവയാകുന്നു. ഹൃദയത്തെ ഇളക്കിമറിക്കുവാൻ തക്ക ശക്തിയുള്ളതും ഹൃദയാവർജ്ജകവുമായ