താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരു സംഭവത്തെ, സംക്ഷിപ്തസാരമാംവണ്ണം, രണ്ടുമൂവായിരം വാക്കുകൾകൊണ്ടു പറഞ്ഞുതീർപ്പാൻ എല്ലാവർക്കും സാധിക്കയില്ല: കഥയെഴുത്തിൽ നൈപുണ്യം സമ്പാദിച്ചവർക്കാണെങ്കിൽ, ഇതു നിഷ്പ്രയാസം കഴിയും. കഥാംശങ്ങളെ ഒതുക്കമായി അടുക്കിവെപ്പാൻ ഏറക്കുറെ പഴമ പരിചയംകൊണ്ടേ സാധിക്കൂ.

സംക്ഷേപിച്ചെഴുതുക. വശപ്പെട്ടിട്ടുണ്ടെങ്കിൽ, രണ്ടാമതായി വേണ്ടതു, കഥയിലെ സംഭവങ്ങളൊക്കെ വായനക്കാരന്റെ നിലയിൽനിന്നു നോക്കി കഥ മുഴുവൻ തന്റെ മനോദൃഷ്ടിയിൽ കാണ്മാനുള്ള ശക്തി ആകുന്നു. ഈ സംഭാവനാശക്തി കേവലം അനുഗ്രഹമായി ലഭിക്കുന്നതാണെന്നു നിരാശപ്പെടേണ്ടാ; പ്രാപ്തിയുള്ളവനു, ഈ ശക്തി, അഭ്യാസത്താൽ കൈവശപ്പെടുത്തുകയും, ഉപയോഗപ്പെടുത്തുകയും ചെയ്യാം. യാതൊരു കഥയെഴുത്തുകാരനും താനെഴുതുന്ന കഥയെ മേല്പറഞ്ഞ സംഭാവനാശക്തി കൊണ്ട് തന്റെ മനോദൃഷ്ടിയിൽ വ്യക്തമായി കാണുകയും, അങ്ങനെ കണ്ടിട്ട് അനാവശ്യമെന്നു ബോധ്യപ്പെടുന്ന വാചകങ്ങളെയോ വാക്കുകളെയോ ഒക്കെ നീക്കിക്കളയുകയും ചെയ്തതിനു മേലല്ലാതെ, പത്രത്തിൽ ചേർപ്പാനായി യാതൊരു പത്രാധിപരുടെയും മുമ്പാകെ തള്ളിയയയ്ക്കരുത്. ഫലിതമായ വാചകം എന്നോ, നായികയുടെ അംഗഭംഗിയെപ്പറ്റിയുള്ള സരസമായ വർണ്ണനെയെന്നോ, മറ്റോവല്ല ഭാഗത്തെക്കുറിച്ചും കഥയെഴുത്തുകാരനുതന്നെ പ്രശംസ തോന്നുന്നുണ്ടെങ്കിൽ അതു ഗണ്യമാക്കേണ്ടാ; ആ ഭാഗം കഥയുടെ സാന്ദ്രതയ്ക്കു ആവശ്യകമല്ലെന്നിരിക്കിൽ, അതു തള്ളിക്കളകതന്നെ വേണം.

കഥയുടെ രൂപം എങ്ങനെയാണു മനോഹരമാക്കുക? ഇതിലേക്കും, വായനക്കാരുടെ ഹൃദയം അറിവാൻ സാമർത്ഥ്യം ഉണ്ടായിരിക്കണം. കഥാരംഭഘട്ടത്തിലെ എട്ടു പത്തു വാക്യങ്ങൾകൊണ്ടു മാത്രം പത്രപ്രസാധകന്റെ മനസ്സിനെ ആവർജ്ജിപ്പാൻ കഴിഞ്ഞാൽ, കാര്യം ജയിച്ചു. ഇതിന്നായി മിക്ക കഥയെഴുത്തുകാരും കൈക്കൊണ്ടിരിക്കുന്ന സമ്പ്രദായം, കഥയിലെ സംഭവങ്ങളിൽ വളരേ മുഖ്യമായ ഒന്നിനെ കഥാരംഭത്തിൽ കൊണ്ടുവന്നു ഘടിപ്പിക്കുകയാകുന്നു. ഈ വഴിയ്ക്കു വായനക്കാരന്റെ കൗതുകത്തെ