ഇളക്കിയാൽ പിന്നെ, ആ സംഭവത്തെയോ കഥാപാത്രങ്ങളെയോ സംബന്ധിച്ചു പറയേണ്ടുന്ന വിവരങ്ങൾ അതിൽ തുടർത്തിക്കൊണ്ടുപോകുന്നു. എന്നാൽ, ഇത്രമാത്രംകൊണ്ട് കഥയുടെ രൂപം ഹൃദയാഹ്ലാദകമായി എന്നു കരുതരുത്. കഥാരംഭ വാക്യങ്ങൾ കഴിഞ്ഞാൽപിന്നെ, ഏറെ പ്രയാസമായ കാര്യം, കഥയെ ഉത്തരോത്തരം ഉൽകർഷകമായ പ്രകാരത്തിൽ നടത്തിക്കൊണ്ടു പോവാനാണ്. പഴമപരിചയക്കാർക്ക് ഇതിലും ശ്രമം തോന്നാറില്ല. ശ്ലോകങ്ങളെഴുതുമ്പോൾ, നാലാംപാദം ആദ്യമേ വിചാരിച്ചുവെച്ചുങ്കൊണ്ട് സംസ്യാപൂരണമെന്നവിധം മറ്റു പാദങ്ങൾ നിർമ്മിക്കുകയാണ് ചില മലയാള കവികൾ ചെയ്യാറുള്ള സമ്പ്രദായം. ഇതിന്മണ്ണം തന്നെയാകുന്നു ഈ കഥയെഴുത്തുകാരും ചെയ്യുന്നത്. അവർ കഥയുടെ ഉത്തരോത്തരമായ ഉൽകർഷത്തെ ഏതുമാർഗ്ഗത്തിൽ സാധിക്കാമെന്നു ആദ്യമേ ചിന്തിച്ചുറയ്ക്കുന്നു; പിന്നീടു അതിനൊത്തു എഴുതി ഫലിപ്പിക്കുന്നു. ഒരു ശ്ലോകത്തിന്റെ അന്ത്യപാദം മെച്ചമായിരുന്നാൽ, ശ്ലോകത്തിന്റെ ഓജസ്സിനു ആക്ഷേപം പറവാൻ വകയുണ്ടാവില്ല എന്നു കരുതിക്കൊണ്ടാണു മുൻപറഞ്ഞ പ്രസിദ്ധകവികൾ, നാലാംപാദം നിർമ്മിച്ചുങ്കൊണ്ട് ബാക്കി പാദങ്ങളെ പൂരിപ്പിക്കുന്നതു; ഇതിനു പകരം, തനിക്കു പറവാനുള്ളതു ആദ്യത്തെ രണ്ടുമൂന്നു പാദങ്ങൾകൊണ്ടു കഴിച്ചിട്ടു പാദപൂരണത്തിനായി നാലാംപാദത്തിൽ ഏതാനും വാക്കുകൾ കൂട്ടിപ്പിടിപ്പിച്ചാൽ, ശ്ലോകം മുഴുവൻ വിരൂപമായിപ്പോകുമെന്നതു നിശ്ചയമല്ലോ. ഇതിന്മണ്ണം, കഥയുടെ പരമകാഷ്ഠയിലെത്തേണ്ട ഉപായം ഇന്നപ്രകാരമായിരിക്കണമെന്നു മുൻകൂട്ടി ചിന്തിച്ചുറപ്പിക്കാതെ, 'വായിൽ തോന്നിയതു കോതയ്ക്കു പാട്ട്' എന്ന മട്ടിൽ കഥയെഴുതിയാൽ, അതിന്റെ അവസാനം തീരെ ശിഥിലബന്ധമായിപ്പോയേക്കും എന്നു എഴുത്തുകാരൻ ഓർത്തിരിക്കണം. ഇങ്ങനെ വരുമ്പോൾ കഥയ്ക്കു ഫലിതമെന്ന ഗുണം കുറയുമെന്നും അറിയേണ്ടതാകുന്നു. ഒരു ചെറിയ കല്പിതകഥ വായിച്ചു കഴിയുമ്പോൾ വായനക്കാരന്റെ ഉള്ളിലുണ്ടാകേണ്ട ധാരണ ആ കഥയിൽ യാതൊരു കുറവും വന്നിട്ടില്ലെന്നായിരിക്കണം; പറയേണ്ടതൊക്കെ പറഞ്ഞുകഴിഞ്ഞിരിക്കുന്നു എന്ന ഒരു ബോധം താനറിയാത്തവിധത്തിൽ വായനക്കാരന്റെ ഉള്ളിൽ കുടികൊള്ളണം. എഴുതിക്കഴിഞ്ഞിരിക്കുന്ന കഥയിൽ ഏതാനും വാക്കുകൾ
താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/128
ദൃശ്യരൂപം