താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തന്നെ പുസ്തകനിരൂപണം ചെയ്യുക എന്ന നടപ്പ് ഏറെക്കുറെ ഇല്ലെന്നു പറയാം; ഗ്രന്ഥപരിശോധകന്മാരെന്നു കീർത്തിപ്പെട്ടിട്ടുള്ളവരെയോ, അതുതന്നെ തൊഴിലാക്കിയിരിക്കുന്ന ലേഖകന്മാരെയോ ഏല്പിച്ചിട്ടാണ് ഗുണദോഷനിരൂപണം ചെയ്യുന്നത്. ചില പത്രകാര്യാലയങ്ങളിൽ നിന്ന് ഓരോ ലേഖകന്മാർ ചുമടുചുമടായി പുസ്തകങ്ങൾ കെട്ടിപ്പേറി നടക്കാറുണ്ടെന്നു പറയുമ്പോൾ അതിശയോക്തമായി തോന്നിയേക്കാം; എന്നാൽ വാസ്തവോക്തമാണെന്നു ഉറപ്പു പറയുന്നു. പുസ്തകാഭിപ്രായം എഴുതാൻ പ്രയാസമില്ലെന്നാണ് ഇതുകൊണ്ടു തോന്നിപ്പോകുന്നത്; സാധാരണ പത്രങ്ങളിൽ കാണുന്നതായ അഭിപ്രായലേഖനങ്ങൾ വായിച്ചാൽ, അവ തീരെ പ്രയാസം കൂടാതെയെഴുതിയവയാണെന്നു മനസ്സിലാകും. അതാതു വിഷയങ്ങളിൽ പ്രത്യേകം പഠിപ്പുള്ളവരായ വിദഗ്ദൻമാർ എഴുതുന്ന നിരൂപണങ്ങൾക്കുള്ള വിശിഷ്ടത പ്രത്യേകം തന്നെയാണ്. ഏതൊന്നായാലും, പുസ്തകനിരൂപണം ചെയ്യുവാൻ പ്രത്യേകം സാമർത്ഥ്യം ഉണ്ടാകേണമെങ്കിൽ ഒരുവൻ, സാധാരണക്കാരെക്കാളെല്ലാം ഏത്രയോ ഏറെ ഗ്രന്ഥപാരായണം ചെയ്യുകയും, ലോകഗതികളെ പ്രേക്ഷിക്കയും ചെയ്തിരിക്കവേണം; ഈ ഗുണം ഉണ്ടായിരുന്നാലേ ഗ്രന്ഥകർത്താവിനോ വായനക്കാർക്കോ പ്രയോജനപ്പെടുന്ന ഒരു സഭിപ്രായം എഴുതുവാൻ കഴിയൂ. പുസ്തകശോധനത്തിന് പരിശോധകൻ പ്രത്യേകം ഒരു വിഷയത്തിൽ കഴിയുന്നത്ര വിദഗ്ദ്ധനായിരിക്കേണ്ടതാവശ്യമാണ്. അതിലേക്ക്, അവൻ സാമാന്യക്കാരേക്കാൾ അധികം സാഹിത്യപാരായണനായിരിക്കണം; അവരേക്കാൾ അധികം പഠിപ്പുള്ളവനായിരിക്കണം; വിശേഷിച്ചും, സാഹിത്യത്തിൽ, പ്രത്യേകം ഒരു ഭാഗം അവന്റെ മുഖ്യമായ പഠനവിഷയമാക്കിയിരിക്കയും വേണം. എല്ലാ വിഷയങ്ങളിലും പഠിപ്പു നേടീട്ടില്ലെങ്കിലും ഒരു വിഷയത്തിൽ ഏകാഗ്രചിത്തനായിരുന്നു പഠിച്ചിട്ടുണ്ടായിരുന്നാൽ ആ വിഷയത്തിൽ വരുന്ന ഏതു പുസ്തകത്തെപ്പറ്റിയും അഭിപ്രായം പറവാൻ അവന്ന് വിശേഷയോഗ്യതയുണ്ടെന്നു മറ്റുള്ളവർ സമ്മതിക്കും. ആ വിഷയത്തിൽ തന്നെയും, സാധാരണക്കാരായ പുസ്തകശോധകന്മാർ എഴുതുന്നതിലും മെച്ചമായ കാര്യങ്ങൾ പറവാൻ കഴികയില്ലെങ്കിൽ, പുസ്തക ശോധനപ്രവൃത്തിക്ക് പുറപ്പെടാതിരിക്കുകയാണ് ഉചിതം.