Jump to content

താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെയ്യാൻ ഒരു കടമകൂടെ ഉണ്ടെന്നു പത്രപ്രവർത്തകന്മാർ അറിയണം. പുസ്തകങ്ങൾ പൊതുവിൽ ജനങ്ങൾ വായിപ്പാൻ ഉദ്ദേശിക്കപ്പെട്ടവയും, അവർ വായിച്ചു പോകാവുന്നവയും ആകകൊണ്ട്, അവയുടെ സൽക്കാരത്തിനായോ നിരാകരണത്തിനായോ ജനങ്ങളുടെ മനസ്സിനെ സജ്ജമാക്കിക്കൊൾവാൻ പത്രക്കാരൻ ഒരുമ്പെട്ടിട്ടില്ലെങ്കിൽ, ചിലപ്പോൾ ക്ഷുദ്രകൃതികൾ പൊതുജന മധ്യത്തിൽ പരന്ന് ദോഷബീജങ്ങളെ പരത്തിയെന്നു വന്നേക്കും. പുസ്തകനിരൂപണം രണ്ടു മാർഗ്ഗത്തിൽ ഉണ്ടാകാം: ഒന്ന്, പുസ്തകങ്ങളുടെ സ്വരൂപകർത്താക്കന്മാരോ പ്രസിദ്ധീകർത്താക്കന്മാരോ അവയുടെ ഗുണദോഷചിന്തനത്തിനായി പ്രത്യേകം ആവശ്യപ്പെട്ട് അവയെ പത്രക്കാരന് അയച്ചുകൊടുക്കുക വഴിയായിട്ടും; മറ്റൊന്ന്, അവർ ആവശ്യപ്പെടാതെ തന്നെ അന്യന്മാർ സ്വയമേ അവയെ നിരൂപണം ചെയ്തിട്ടോ ചെയ്യാനായിട്ടോ അയക്കുക വഴിയായിട്ടും, രണ്ടുപ്രകാരത്തിൽ വന്നേക്കാം. ഏതു പ്രകാരത്തിലായാലും ഒരു പുസ്തകമെന്നത് ഒരുവന്റെ പ്രവൃത്തിയാകകൊണ്ട് ആ പ്രവൃത്തിയെ എപ്പോൾ പൊതുജനങ്ങളറിവാൻ വേണ്ടി പുറമെ കാട്ടുന്നുവോ അപ്പോൾ തുടങ്ങി അതിനെപ്പറ്റി ഗുണദോഷങ്ങൾ ചിന്തിച്ച് അഭിപ്രായം പറവാൻ പൊതുജനങ്ങളിലാർക്കും അവകാശമുള്ളതിനാൽ, അതിന്റെ നിരൂപണം അന്യായകർമ്മം ആയി ഗണിക്കപ്പെട്ടുകൂടാ. സാധാരണമായി, പുസ്തകകർത്താക്കന്മാരോ തൽപ്രസിദ്ധീകർത്താക്കന്മാരോ, നേരിട്ടുതന്നെ, പത്രങ്ങളിൽ അഭിപ്രകടനാർത്ഥം പുസ്തകങ്ങൾ അയച്ചുകൊടുക്കുന്നത് അവരുടെ തൊഴിലുകളെപ്പറ്റി അധികം ജനങ്ങൾ അറിയുന്നതിനുകൂടെ ഒരു വഴിയായിത്തീരുന്നതാണ്. ഇങ്ങനെ കിട്ടുന്ന പുസ്തകങ്ങൾ നോക്കി ഗുണാഗുണങ്ങൾ വിവേചിച്ച് അഭിപ്രായം പറയേണ്ട ചുമതല പത്രക്കാരനുള്ളതാണെന്നിരുന്നാലും, പുസ്തകം ഒന്നോ രണ്ടോ എണ്ണമായിരുന്നാൽക്കൂടിയും, അനേകം കൃത്യങ്ങളിൽപെട്ടുഴലുന്ന പത്രാധിപർ ഉടനടി അവയെപ്പറ്റി ഗുണദോഷനിരൂപണം ചെയ്യാൻ ശക്തനായി എന്നു വരികയില്ല. പിന്നെ, ദിനേ ദിനേ അനേകം പുസ്തകങ്ങൾ പുറപ്പെടുവിക്കുന്ന വലിയ നഗരങ്ങളിൽ പത്രങ്ങൾക്ക് എത്രയോ ഏറെ പുസ്തകങ്ങൾ കിട്ടുമ്പോൾ ഇവയൊക്കെ എങ്ങനെയാണ് ഒരാൾ പരിശോധിക്കുക? ലണ്ടൻ മുതലായ നഗരങ്ങളിൽ പത്രാധിപന്മാർ