താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചിത്രപ്രദർശനത്തെ സംബന്ധിച്ച നിരൂപണത്തിന് അത്യാവശ്യമായി വേണ്ടത്, ചിത്രകലാപരിജ്ഞാനമാണ്. ഇതില്ലാതെ ഒരു ചിത്രത്തെ കണ്ട് വല്ല അഭിപ്രായവും എഴുതാൻ ആർക്കും കഴിയും. നാം എത്രയോ പുസ്തകങ്ങൾ ദിവസന്തോറും വായിക്കുന്നു; അവയിൽ ഇന്നതു നല്ലതു, ഇന്നതു ചീത്ത എന്നു ഉടനടി ഒരഭിപ്രായം പറവാൻ തയ്യാറല്ല. പറഞ്ഞാൽ കൂടിയും, അതിന്നു ആധാരമെന്തെന്നു പറവാൻ അറികവയ്യാ. ഇതിന്മണ്ണം പലേ ചിത്രങ്ങളും നാം മേടിക്കുന്നു; ഇവ എന്തു പ്രമാണമനുസരിച്ചാണ് തെരഞ്ഞെടുക്കുന്നത്? പ്രത്യേകിച്ചൊരു തോതും നാം കണ്ടിട്ടില്ല. വില്ക്കുന്നവൻ തരുന്നു, നാം മേടിക്കുന്നു; അത്രമാത്രം. പ്രമാണത്താൽ അധിഷ്ഠാനപ്പെടുത്താത്ത ഇത്തരം അഭിപ്രായങ്ങളല്ലാ ചിത്രനിരൂപകനായ ലേഖകൻ അറിയിക്കേണ്ടത്. എന്നാൽ, ചിത്രകലാ പ്രമാണങ്ങൾ അറിഞ്ഞ ആളുകൾക്കു ഒരു ചിത്രത്തെപ്പറ്റിയ ഗുണദോഷങ്ങൾ വാക്കുകളാൽ എഴുതി അറിയിപ്പാൻ ശക്തിയില്ല എന്നും വരും. പത്രലേഖന തൂവലും ചിത്രലേഖന തൂലികയും ഒരേപ്രകാരം നൈപുണ്യത്തോടെ പ്രയോഗിക്കുന്നതിനു കഴിവുള്ളവർ അവരവരുടെ സ്വന്തം പദ്ധതികളിൽ പക്ഷപാതികളായുമിരിക്കും. ഏതായാലും, ചിത്രങ്ങളെപ്പറ്റി ഗുണാഗുണനിരൂപണം ചെയ്യുന്ന ലേഖകന് സാധാരണമായി ഒരു ചിത്രകലാ നിപുണന് അവശ്യം വേണ്ടതായ കലാവിജ്ഞാനവും കലാപരിശീലനവും ഉണ്ടായിരിക്കണം; ഈ യോഗ്യത ഇല്ലത്തവർ നിരൂപണ പ്രവൃത്തിക്ക് പുറപ്പെടരുത്.

ഗുണദോഷനിരൂപണത്തിനു വിഷയമായ മറ്റൊരു വകുപ്പ് പുസ്തകങ്ങൾ ആകുന്നു; മറ്റൊരു എന്നല്ല, ഇപ്പോൾ എല്ലാ വകുപ്പുകളിലും മുഖ്യമായിട്ടുള്ളതും ഏറെ വലുപ്പമുള്ളതും ഇതാണെന്നു പറയാം. ലോകത്തിൽ സകലസംഗതികളും പുസ്തകങ്ങൾക്കു വിഷയമാകുന്ന സ്ഥിതിക്ക്, ഈ വകുപ്പ് ഇത്രയേറെ മഹത്തായിരിക്കുന്നത് യുക്തം തന്നെയാണ്. സാഹിത്യരസികന്മാർ ധാരാളമായും, പുസ്തകപ്രസിദ്ധീകർത്താക്കന്മാരും ഗ്രന്ഥകർത്താന്മാരും അതിന്നൊപ്പം എണ്ണത്തിൽ ഏറിയും വരുന്ന രാജ്യങ്ങളിൽ, നാൾക്കുനാൾ അനേകം പുതിയ പുസ്തകങ്ങൾ പുറപ്പെടുന്നതു സ്വാഭാവികം ആണല്ലോ. അത്തരം പ്രദേശങ്ങളിലെ പത്രങ്ങൾക്ക് അഭിപ്രായ പ്രകടനാർത്ഥം കിട്ടുന്ന പുസ്തകങ്ങളെപ്പറ്റി ഗുണാഗുണ നിരൂപണം