താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പിൻതിരിപ്പിക്കയോ ചെയ്യുന്നത് പത്രങ്ങളിൽ ആ നാടകശാലകളിലെ അഭിനയത്തെപ്പറ്റി പറഞ്ഞുകാണുന്ന ലേഖനങ്ങൾ മുഖേനയാണെന്നു പറയാവുന്നതാകുന്നു. ഈ സ്ഥിതിക്ക് ജനങ്ങൾ പത്രങ്ങളിൽ നാടകാഭിനയ വിവരങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നതും അവരുടെ കൗതുകത്തെ സാധിപ്പാൻ പത്രക്കാർ നാടകശാലയിലേക്കു ലേഖകന്മാരെ അയക്കുന്നതും അഭിനയവർണ്ണനം പ്രസിദ്ധീകരിക്കുന്നതും, എല്ലാ, സ്വാഭാവികം തന്നെയാണ്. എന്നാൽ നാടകാഭിനയനിരൂപണം ചെയ്യുന്നവൻ തന്റെ പണിയിൽ നിപുണനല്ലെങ്കിൽ, പത്രത്തിന് ഇടിച്ചലും, നാടകക്കാർക്ക് ആശാഭംഗവും, ജനങ്ങൾക്കു മുഷിച്ചലുമുണ്ടായേക്കും. അവൻ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്? ഒരു നാടക ശാലയിൽ അഭിനയിക്കുന്ന നാടകത്തെപ്പറ്റി 'ഉള്ളതൊക്കെ' അറിവാൻ ബഹുജനങ്ങൾക്കു കൗതുകമുണ്ടെന്നു ലേഖകൻ ആദ്യമേ ഓർമ്മവെയ്ക്കണം. ലോകർക്കറിയേണ്ട സംഗതികൾ: (1) നാടകം കാണ്മാൻ കൊള്ളാവുന്നതാണോ? (2) അതു കാണ്മാൻ പോകുന്നതിനുതക്കവണ്ണം അതിന്റെ യോഗ്യതകൾക്കു അധിഷ്ഠാനമെന്ത്? (3) എന്തുമാതിരി സംഗതിയാണ് അതിലുള്ളത്? (4) കേളികേട്ട നടന്മാരുണ്ടോ? കേളി കെട്ടവരുമുണ്ടോ? (5) നാടകകഥതന്നെയെന്താണ്? ഇങ്ങനെയൊക്കെയാകുന്നു. ഈ ഒടുവിൽ പറഞ്ഞ സംഗതിയിലാണ് ലേഖകന്മാർ കുഴങ്ങുന്നത്? നാടകകഥ എങ്ങനെയെഴുതിയാലാണ് വായനക്കാർ രസിക്കുക? എങ്ങനെയെഴുതിയാലാണ് മുഷിയുക? ഇതു തിരിച്ചറിവാൻ കുറെ പണിയുണ്ട്. ഒരു നാടകത്തിൽ പറയുന്ന സംഗതികൾ വാസ്തവത്തിൽ നടന്ന സംഭവങ്ങൾ അല്ലെന്നു ഒന്നാമതായി ഓർക്കണം. അവ വാസ്തവത്തിൽ നടന്നവയായിരുന്നാൽ അവയെ വർണ്ണിച്ചെഴുതുന്ന ലേഖനം വായനക്കാർക്കു രുചിച്ചു എന്നു വരും. വെറും ഭാവനാസൃഷ്ടമായ കഥയെ മുഴുവൻ വിവരിച്ച് ലേഖനമുഖേന കാണ്മാൻ വായനക്കാർക്കു ക്ഷമയുണ്ടാകയില്ല. നാടകശാലയിൽ നടന്നതെന്താണ്? ഏതാനും ആളുകൾ ഒന്നായിച്ചേർന്നു, നാടകകർത്താവായും, നടനായും, രംഗവിധാന കർത്താവായും, ഗായകനായും, മറ്റും അവരവരുടെ കലാവിദ്യകളെ പ്രയോഗിച്ച്, സദസ്യർക്കു രസിക്കത്തക്കവണ്ണം, അല്ലെങ്കിൽ മുഷിവുണ്ടാകത്തക്കവണ്ണം, സന്തോഷം, ഉല്ലാസം, ആശ, സന്താപം ഇത്യാദി മനോവികാരങ്ങളെ രംഗത്തിൽ പ്രകടിപ്പിച്ചു;