Jump to content

രാമരാജാബഹദൂർ/അദ്ധ്യായം മൂന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
രാമരാജാബഹദൂർ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം മൂന്ന്

[ 27 ]

അദ്ധ്യായം മൂന്ന്
"വരുന്നു സന്താപമിനിയും മേല്ക്കുമേൽ
വരുമത്രേയതും സഹിച്ചിരിക്ക നീ"


മാതാവിൽനിന്നു പുറപ്പെട്ട ആജ്ഞ, തന്റെ അന്തശിശുത്വം നീങ്ങുകയും സ്വീകാര്യനായ ഒരു വരന്റെ അർത്ഥനയുണ്ടാവുകയും ചെയ്യുന്നതിനു മുമ്പിൽ തന്നെ വിവാഹം നിമിത്തമുള്ള പ്രാരബ്ധത്തോടു ശൃംഖലപ്പെടുത്താൻ പണിപ്പെടുന്ന അച്ഛന്റെ അത്യനിഷ്ടത്തെ പ്രതിധ്വനിപ്പിക്കുന്നു എന്ന്, സ്വച്ഛന്ദവൃത്തിക്കു പരിശീലിപ്പിക്കപ്പെട്ട സാവിത്രിയുടെ ബുദ്ധി നിരീക്ഷിച്ചു. തന്റെ ഇച്ഛയ്ക്കു വിരുദ്ധമായുള്ള ഗൃഹണീത്വത്തിൽനിന്ന് ഒഴിവുണ്ടാക്കാൻ അമ്മയോടു ചോദിച്ച് ചില വൃത്താന്തശകലങ്ങൾ സംഭരിച്ചു തന്റെ സർവ്വാപദ്ബന്ധുവായുള്ള മന്ത്രീന്ദ്രൻ യുദ്ധരംഗത്തിലേക്കു പുറപ്പെടും മുമ്പ് അദ്ദേഹത്തിന്റെ സമക്ഷം അവയെ സമർപ്പിച്ച് അഭീഷ്ടസിദ്ധിവരുത്തണമെന്നുള്ള നിശ്ചയത്തോടെ അവൾ മാതൃസന്നിധിയിലേക്കു പുറപ്പെട്ടതായിരുന്നു. ഗൃഹകാര്യങ്ങളെയും, തന്റെ രോഗകാരണങ്ങളെയും കുറിച്ചു പുത്രിയിൽനിന്നു ചോദ്യങ്ങൾ ഉണ്ടാകുമെന്ന് മീനാക്ഷിഅമ്മ ക്ഷണംപ്രതി പേടിച്ചുമിരുന്നു. അസുഖകരങ്ങളായുള്ള അവസ്ഥകളെ കഴിയുന്നത്ര മാറ്റിവയ്ക്കാനും മൈത്രീസ്ഥിതിയിൽ കഴിയുന്ന ബന്ധങ്ങൾ പരസ്പരമർമ്മരഹസ്യങ്ങളെ ഗ്രഹിക്കുന്നതിനോ വീഴ്ചകളെ ശാസിക്കുന്നതിനോ ഉദ്യമിച്ചു ഭംഗപ്പെടുത്താനും ഉള്ള വൈമനസ്യം ലോകസാമാന്യത്തിൽ നാം കണ്ടുവരുന്നത് ആ ജനനീപുത്രിമാരെയും ബാധിച്ചിരുന്നു. എന്നാൽ അനിവാര്യസ്ഥിതിയിൽ എത്തുകയാൽ, സാവിത്രി മാതാവിനെ അസഹ്യപ്പെടുത്തുന്നതിനുതന്നെ ഉറച്ചു പുറപ്പെട്ടപ്പോൾ, തന്റെ സംഭാഷണത്തെ അവസാനവിധിപോലുള്ള ഒരു നിയോഗംകൊണ്ടു പൊടുന്നനെ പ്രതിരോധിക്കയാൽ, കന്യക അന്യദുഃഖത്തോടുള്ള അനുകമ്പയ്ക്കു നമ്യമാകാത്തതായ താരുണ്യാശ്മതയോടെ സ്വാധികാരസങ്കേതത്തിലേക്കു മടങ്ങി. സ്വാന്തത്തിൽ അച്ഛന്റെ നേർക്കുണ്ടായ അനാദരപ്രവാഹത്തെ സ്വൈരചിന്താമാർഗ്ഗേണ [ 28 ] സമനിലയിൽ ആക്കുന്നതിനായി, രോഗിണിയായ മാതാവിനെ അനുഗമിക്കാതെ നടന്നുകളഞ്ഞതായിരുന്നു.

സ്വൈര്യചിന്തയ്ക്കു സഹകാരിയായുള്ള വിജനത ക്ഷണത്തിൽ വിഘാതപ്പെട്ടു. ചീകി മേല്പോട്ടു പിടിച്ചു മുറുകെക്കെട്ടീട്ടുള്ള കുന്തളകന്ദുകത്തെ സ്വസ്വാമിനി ഉപയോഗിച്ചു വാടിയ മല്ലികാമാല്യംകൊണ്ട് അലങ്കരിച്ച്, "എന്നിലഴകിയ പെണ്ണുണ്ടോ?" എന്നു ചോദ്യംചെയ്യുന്ന ലജ്ജാലസതയാൽ സന്നതാംഗിയായി ഒരു ഭൃംഗസ്വരൂപിണി പറന്നുകിതച്ചു സാവിത്രിയുടെ മുമ്പിൽ എത്തി. ഉണ്ടത്തലയിലെ വട്ടക്കണ്ണിണയെ ശൃംഗാരാർത്ഥത്തിൽ ചലിപ്പിച്ചും അനംഗസന്ദേശത്തെ വഹിക്കുന്ന തരളതയാൽ മഞ്ഞപ്പല്ലുകളും തിമിർത്ത താടിയും ഏക ഹസ്തത്താൽ ആച്ഛാദിച്ചും ആ നീരദാംഗി മൃദുവായുള്ള ഝംകാരസ്വരങ്ങളിൽ സ്വാമിനിക്കു ഹിതമായുള്ള വാർത്തയെ മുരണ്ടു. ഈ കുഞ്ഞിപ്പെണ്ണ് എന്നു പേരായ കൃഷ്ണ സാവിത്രിയുടെ കോപപരീക്ഷകളിലെ സപ്തസാലമായിരുന്നു. എന്നാൽ, അവളുടെ വെണ്മാടവക്ഷസ്സിലും പൃഥുലമായ വക്രമുതുകിലും ഏല്ക്കുന്ന ഹസ്തനിപാതങ്ങളും നഖക്ഷതങ്ങളും നോവിക്കുന്നതു സ്വാമിനിയുടെ അന്നവസ്ത്രങ്ങളെത്തന്നെയെന്ന് അപരിഷ്കൃതമായുള്ള കാലത്തെ ഭക്തിബന്ധവൈശിഷ്ട്യത്താൽ ആ സരസ സമാധാനപ്പെട്ടുവന്നു. ഇവളുടെ ശൃംഗാരലാസ്യങ്ങൾ കണ്ടപ്പോൾ, ആ അനവസരത്തിലെ ഗോഷ്ടികൾക്കു ദത്തമാകേണ്ട സമ്മാനം എന്തെന്ന് സാവിത്രി ചിന്തിച്ചു. കുഞ്ഞിപ്പെണ്ണു താൻ വഹിക്കുന്ന വൃത്താന്തത്തെ അമ്പത്താറ് അക്ഷരാവലിയിൽ ചിലതിനെ പ്രയോഗിച്ച് ഇങ്ങനെ കഥിച്ചു. "വയനം. ഞ്ഞമ്മെ അപ്പയത്തു വയനം. അവട..." സരസ്വതീബ്രഹ്മദേവന്മാരുടെ സംഘടനംമുതൽ സംഭവിക്കുന്ന ഒരു ഹൃത്സംയോജനത്തെ സംബന്ധിച്ചു തോന്നിയ വ്രീളാഭാരത്താൽ, കുഞ്ഞിപ്പെണ്ണു ശേഷം വാക്കുകൾക്കു പകരം ചില ഭ്രൂഭംഗങ്ങളും മൂഷികസ്വനങ്ങളും പ്രയോഗിച്ചു.

സാവിത്രി: "എന്തൊന്നെടി നീ തേവിടിശ്ശീ ആടുന്നത്?"

കുഞ്ഞിപ്പെണ്ണ്: (ദന്തനിര മുഴുവൻ കാട്ടിക്കൊണ്ട്) "വൊ അയല്ലയൊ പറയണത്. അപ്പയത്ത് ഒന്ന് ഓടിച്ചെല്വാനക്കൊണ്ടു. പയ്മ്മനാപസാമി എഴിച്ച് വന്നൂട്ടപോലെ ഇരിക്കുന്നു. നോക്കുവാനെക്കൊണ്ടെന്തോന്ന്? നമ്മുടെ ചെമ്പകശ്ശേലീലെ ഹഹഹാ! ഞ്ഞമ്മോ! ഞ്ഞമ്മോ!"

ഈ സന്തോഷപ്രകടനത്തിനു കിട്ടുമായിരുന്ന സംഭാവന അന്നത്തെ സന്ദർഭവിശേഷത്താലും വൃത്താന്തത്തിന്റെ കർണ്ണസുധാരസത്താലും കുഞ്ഞിപ്പെണ്ണിനെക്കൊണ്ടു പ്രഹരനിരോധനാർത്ഥമുള്ള നൃത്തങ്ങൾ തുള്ളിച്ചില്ല. ചെമ്പകശ്ശേരിയിലെ 'കുട്ടിച്ചേട്ടൻ' ആയ ത്രിവിക്രമകുമാരന്റെ സമാഗമത്തെ ദാസി ധരിപ്പിക്കുന്നു എന്ന് അറിഞ്ഞപ്പോൾ, സാവിത്രിയുടെ അപ്രസന്നമായിരുന്ന മുഖം സൗഹാർദ്ദചന്ദ്രികയെ സ്പർശിച്ച പുഷ്ടകുമുദംപോലെ വികസിച്ചു. ലോകവൈകല്യങ്ങളും ലോകാഭിപ്രായങ്ങളുടെ വക്രഗതികളും കഥകൾ മാർഗ്ഗമായി ഗ്രഹിച്ചിട്ടുണ്ടെങ്കിലും സ്വാത്മപ്രഭുത്വത്തിലും ഗാംഭീര്യത്തിലും ഉള്ള വിശ്വാസത്തോടെ ആ കന്യക [ 29 ] ചാടി എഴുന്നേറ്റ് തന്റെ സഹവിഹാരിക്കു സ്വാഗതം പറവാൻ അച്ഛന്റെ ഗ്രന്ഥശാലയെയും അതിക്രമിച്ച്, കിഴക്കേവശത്തുള്ള സത്കാരത്തളത്തിൽ എത്തി. അവിടെ കണ്ടത് ഒന്നരക്കൊല്ലത്തിനുമുമ്പു യാത്രപറഞ്ഞു പിരിഞ്ഞ കോമളമുഖനായ കുമാരയോദ്ധാവല്ലായിരുന്നു. മുറ്റത്തുനിന്നു സൂര്യകിരണങ്ങളെ സുവർണ്ണപ്രഭമാക്കുന്ന മഹാവക്ഷസ്കന്റെ സന്തോഷച്ചാഞ്ചാട്ടങ്ങളും മഹമ്മദീയരീതിയിൽ ധരിച്ചുള്ള കേശോഷ്ണീഷത്താൽ കവചം ചെയ്തിരിക്കുന്ന ശശാങ്കബിംബത്തിൽനിന്നു പുറപ്പെടുന്ന സുസ്മിതക്കുളിർനിലാവും സാവിത്രിയുടെ അകക്കാമ്പിനെ നവരൂപത്തിലുള്ള ഒരു ചിത്താനന്ദത്തോട് ഇദംപ്രഥമമായി പരിചയപ്പെടുത്തി. ആശ്ചര്യപാരവശ്യത്താൽ സാവിത്രിയുടെ കണ്ണുകൾ പരമാർത്ഥഗ്രഹണത്തിനുള്ള ഭ്രമണങ്ങൾ തുടങ്ങി എങ്കിലും ഹൃദയതളിമത്തിൽ ഹിമജലത്തിന്റെ സേചനാനുഭൂതി ഉണ്ടായി. മുഖപത്മം ആനന്ദസ്തോഭത്താൽ ഉൽഫുല്ലമായി ക്ഷോഭിച്ച് ആഗതന്റെ ഹൃദയത്തിന് അമൃതം കൊണ്ടുള്ള അർഘ്യപൂജയെ നിറവേറ്റി. താൻ കാലേകൂട്ടി സംഭരിച്ചിരുന്ന വിനോദോക്തികളെ ഭൂകമ്പനം ചെയ്‌വാൻ സന്നദ്ധനായി നില്ക്കുന്ന ശ്മശ്രുധാരിയോടു പ്രയോഗിപ്പാൻ ധൈര്യം വരാതെ, സാവിത്രി നിലകൊണ്ടുപോയി. സർവ്വാഭരണഭൂഷിതയായി സ്വനേത്രങ്ങളെ വിഭ്രമിപ്പിക്കുന്ന ദേവകന്യക, തന്നെ സൽക്കരിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന അനവരതോപദ്രവിയായ ബാലികാബിംബം അല്ലെന്നു കാണുകയാലും ആ സൗന്ദര്യപുഞ്ജത്തെ ഉപചരിക്കുന്നതിന് ഇതരസമുചിതവചനം കിട്ടായ്കയാലും ആഗതൻ "അച്ഛനില്ലേ?" എന്നു മാത്രമുള്ള നിശ്ചൈതന്യപ്രശ്നത്തെ ഗൃഹോന്മുഖമായി വിസർജ്ജിച്ചു. സ്നേഹാർദ്രമായുള്ള വിനോദഭാഷണംകൊണ്ട് ആ പുനസ്സംഗമം ആരംഭിക്കുമെന്നു വിചാരിച്ചിരുന്ന സാവിത്രിയെ സാമാന്യലൗകികക്രമത്തിനു ചേർന്നുള്ള ഈ ചോദ്യം കലഹിപ്പിച്ചു. തന്റെ ഹൃദയത്തിൽനിന്നു പ്രസ്രവിപ്പാൻ സഞ്ചയിക്കുന്ന പ്രമോദത്തെ താനും പ്രതിബന്ധിച്ച് ഉള്ളംവിടാതെ പ്രതിസൽക്കാരം ചെയ്‌വാൻ നിശ്ചയിച്ചുകൊണ്ട്, സാവിത്രി "ഇല്ല" എന്നു മാത്രം മറുപടി പറഞ്ഞു. എന്നാൽ ആ സ്ത്രീചിത്തം താരുണ്യത്താലോ പക്ഷേ, കാരുണ്യത്താലോ പ്രേഷ്യമാണമായി. "ഇപ്പോൾ വരും" എന്നൊരു അനുബന്ധത്തെക്കൂടി ആദ്യത്തെ അരുളപ്പാടോടു ചേർത്ത്, തന്റെ ഗൗരവത്തിനു വിലോപം വരുത്തി എന്നുള്ള ബുദ്ധിക്ഷയത്തോടെ നിലകൊണ്ടു. "മന്നവാ ഹോമദ്രവ്യമിവിടെ ഉണ്ടായ്‌വരും" എന്നു ദുഷ്ഷന്തന്റെ അഭീഷ്ടസിദ്ധിക്കുള്ള മാർഗ്ഗത്തെക്കൂടി ചൂണ്ടിക്കൊടുത്ത ശകുന്തളയുടെ കൃത്യത്തെ ഈ സന്ദർഭത്തിൽ സ്മരിച്ച ആഗതൻ മുക്തസന്ദേഹനായി തളത്തിലേക്കു കയറിയപ്പോൾ സാവിത്രിയുടെ ഉള്ളിൽ പുതിയൊരു വികാരമായി ശങ്കയോ ഭയമോ ഭക്തിയോ തള്ളിക്കേറുകയാൽ വഴിയിൽനിന്നു വാങ്ങിനിന്നു, "അമ്മ കിടപ്പുതന്നെ ചേട്ടാ, അങ്ങോട്ടു ചെല്ലണം" എന്നു ക്ഷണിച്ചു വഴികാട്ടിക്കൊടുത്തിട്ടുതന്നെ പുറകേ നടന്നു. മാർത്താണ്ഡൻ വലിയപടവീട്ടിൽ വേലായുധൻതമ്പിയുടെയും ചെമ്പകശ്ശേരിയിൽ [ 30 ] കൊച്ചമ്മിണിയമ്മയുടെയും പ്രഥമപുത്രനായുള്ള ഈ യുവാവ് അമ്മയുടെ പൊക്കത്തിനും സൗന്ദര്യപുഷ്ടിക്കും അച്ഛന്റെ കായബലിഷ്ഠതയ്ക്കും സൗജന്യസൗശീല്യങ്ങൾക്കും ഒരു പ്രതിച്ഛായയായിരുന്നു. കാമദേവകൃതാന്തന്മാർ തങ്ങളുടെ ശിവദ്രോഹപാപത്തെ പരിഹരിപ്പാൻ ഏകശരീരം കൈക്കൊണ്ടു മനുഷ്യജന്മം അവലംബിച്ചതുപോലയുള്ള ആ ശരീരം പുരാണകഥാനായകന്മാരുടെ വീര്യപ്രഭാവങ്ങൾ കലികാലജീവികൾക്കു പ്രത്യക്ഷമായി കാണുമാറാക്കുന്നു. കുട്ടിക്കാലത്തുതന്നെ മാതാമഹനായ പടത്തലവനാൽപ്പോലും 'കുഞ്ചുഭീമൻ' എന്നു കളിയാക്കപ്പെട്ടുവന്ന ഈ യുവാവിന്റെ ചേഷ്ടകളിൽ ഒരു 'വലിയുണ്ണി'ത്തംകൂടി സങ്കലനം ചെയ്തിരുന്നത് ആ യുവാവിനെ പരിചയചക്രത്തിന്റെ ഹാർദ്ദമായ സ്നേഹാദരങ്ങൾക്കു പാത്രമാക്കി. സംഹാരശക്തി അതിനെ ബന്ധനം ചെയ്തുള്ള സുവർണ്ണപ്രാകാരത്തെ തകർത്തു പുറത്തുചാടാൻ യത്നിച്ച് ആ ശ്രമം ഫലപ്പെടാതെ ഉള്ളിൽക്കിടന്നു തിക്കിത്തിരക്കി പ്രസരിക്കുംപോലെ ആ ശരീരത്തിൽ കാണുന്ന ജീവച്ഛക്തി ഒരു ചെറുപടയോട് അനന്യസഹായമായി നേരിട്ടു വിജയിക്കാൻ പോരുന്നതായിരുന്നു. കുടുംബപ്രാധാന്യംകൊണ്ടും പടക്കളരിയിലെ അഭ്യസനത്തിൽ പ്രകടിപ്പിച്ച കാർത്തികേയത്വംകൊണ്ടും ഈ ഇരുപതാം വയസ്സിൽത്തന്നെ വേണാട്ടുസേനയുടെ അശ്വപംക്തിയിൽ ഉള്ള ഉപനായകസ്ഥാനം സമ്പാദിച്ചിരിക്കുന്ന ത്രിവിക്രമകുമാരൻ പരേതനായ പടത്തലവന്റെ ചരമാജ്ഞ അനുസരിച്ച് ദിവാൻ കേശവപിള്ളയുടെ അംഗരക്ഷകസ്ഥാനം വഹിച്ചു വരുന്നു.

ഉദയത്തിലെ നിത്യകർമ്മങ്ങൾക്കെന്ന ഭാവത്തിൽ പുറപ്പെട്ട മീനാക്ഷിഅമ്മ ഗൃഹച്ഛിദ്രഭയത്താൽ അത്യാതുരയായി, തന്റെ ശയ്യയിലേക്കു മടങ്ങിയിരുന്നു. സൃഷ്ടിയാൽത്തന്നെ പരസ്പരാവലംബത്തിന് ഉദ്ദിഷ്ടമെന്നു തോന്നിപ്പിക്കുന്ന ആ കോമളവിഗ്രഹയുഗ്മത്തിന്റെ മത്സരകലാപങ്ങൾ ഒന്നും കൂടാതുള്ള പുറപ്പാടു കണ്ടപ്പോൾ അവരുടെ സംഘടനയെ അല്പം മുമ്പു പ്രതിരോധിച്ച മീനാക്ഷിഅമ്മയുടെ കണ്ണുകളിൽ ആനന്ദാശ്രു പെരുകി. ആ കാമുകവേഷക്കാരന്റെയും സഹോദരീഭാവക്കാരിയുടെയും ചേഷ്ടാവ്യത്യാസങ്ങൾ ആ മഹതിയുടെ മുഖത്ത് ഒരു പുഞ്ചിരി ഉദിപ്പിക്കുകയും ചെയ്തു. മാതാവിന്റെ ഈ പരിവർത്തനം തന്റെ ഇഷ്ടാനുസാരം സ്വബന്ധുവിനെ പൂർവ്വവൽ കളിയാക്കുവാൻ സാവിത്രിക്കുട്ടിയെ ധൈര്യപ്പെടുത്തി. മാതാവിന്റെ അടുത്തു ചേർന്നുനിന്നുകൊണ്ട് വിക്രമകുമാരനെ ചൂണ്ടിക്കാട്ടീട്ട് ഇങ്ങനെ തന്റെ സൽക്കാരത്തെ പുറത്തു ചാടിച്ചു: "കണ്ടില്ലയോ അമ്മാ? ഇപ്പോൾ ആരെപ്പോലെ ഇരിക്കുന്നു? ആർക്കാട്ടുനവാബോ ഇങ്ങോട്ട് ആക്രമിക്കാൻ പോകുന്ന സുൽത്താനോ?"

ത്രിവിക്രമകുമാരൻ മീനാക്ഷിഅമ്മയെ തൊഴുതുകൊണ്ട് ഭാഷണസംഗ്രാമത്തിൽ സാവിത്രിയോട് ഇടയുവാൻ രസനായുധം വീശി അടുത്തു: "അമ്മച്ചീ! ഇവിടത്തെ സാവിത്രിക്കുട്ടി, ഞാൻ കൊച്ചിലേ [ 31 ] എഴുന്നള്ളിച്ചുകൊണ്ടു നടന്നിരുന്ന കുണ്ടാമണ്ടിക്കുടുക്ക, എങ്ങോട്ട് ഉരുണ്ടുപോയി?”

സാവിത്രിക്കുട്ടി: “ഒരാളിനു മൂക്കിന്റെ താഴെ പുരികം കുരുത്തപ്പോൾ, കണ്ണ് വായ്ക്കകത്തായിപ്പോയി”

ത്രിവിക്രമകുമാരൻ: “ദേവസ്ത്രീകളെ കണ്ടാൽ നമ്മുടെ കണ്ണ് അഞ്ചിപ്പോവൂല്ലയോ അമ്മച്ചീ?”

മീനാക്ഷിയമ്മ: “നിങ്ങൾ കുഞ്ഞുകളിക്കാൻ തുടങ്ങിയാൽ ഞാനെന്തു പറയും. സാവിത്രീ! മിണ്ടാതിരിക്ക്. വിക്രമാ, ടിപ്പുവിന്റെ പട ഇങ്ങോട്ടു കേറുമെന്നു തീർച്ചയാണോ?”

ത്രിവിക്രമകുമാരൻ: “സംശയമോ? ഏതു വഴി എന്നുമാത്രം തീർച്ചയാവാനുണ്ട്. ഇപ്പോൾ പട്ടാളങ്ങളെ തെക്കും വടക്കും വീതിച്ചിട്ടിരിക്കുന്നു. പട വരുന്ന വഴിയിൽ എല്ലാം ചേരുമ്പോൾ പിന്നത്തെ കളി ഒന്നു കാണേണ്ടതാണ്.”

സാവിത്രിക്കുട്ടി: "കളി കാണിക്കുന്ന വീരന്മാർ ഈ കാണുന്നവരൊക്കെ തന്നല്ലോ. ഒരൊറ്റ ആളല്ലയോ ആ രായർമല്ലൻ? അയാൾക്ക് ഒരു കടികൊടുപ്പാനെങ്കിലും ഒരു വീരനെ കണ്ടില്ലല്ലോ?"

ത്രിവിക്രമകുമാരൻ: "അടുക്കളയിൽ കിടന്നോണ്ട് വല്ലതും പറയരുത്. ചമഞ്ഞുനില്‌ക്കുമ്പോൾ, പെൺമൂപ്പുകാർക്ക് എന്തും പറയാം."

സാവിത്രിക്കുട്ടി: "അതതെ. പക്ഷേ, തിണ്ണമിടുക്ക് ആണുങ്ങൾക്കു ചേരുന്നതല്ല. പണ്ടത്തെ മാടമ്പുവീര്യങ്ങളും മറ്റും പമ്പകടന്നു എന്നു സമ്മതിച്ചേക്കണം."

ത്രിവിക്രമകുമാരൻ: "ഹൊ! പല്ലുകാട്ടാമങ്ക സാവിത്രിക്കുഞ്ഞമ്മ ഇന്നു ദംഷ്ട്രം കടിക്കുന്നല്ലോ. കേൾക്കണേ കുഞ്ഞമ്മേ, അയാളുടെ പെരുമ്പറയ്ക്ക് എതിർ പറ ഞാൻ കൊട്ടി. പോരിൽ ഏറ്റു ചാകാൻ അത്ര ധൃതിയാണെങ്കിൽ ഒരു പുള്ളിക്കാരിയുടെ ചീട്ടു വാങ്ങിക്കൊണ്ടുചെല്ലാൻ ദിവാൻജിഅമ്മാവൻ ഉത്തരവായി."

'പുള്ളിക്കാരി' എന്നു ദിവാൻജി സൂചിപ്പിച്ചത് തന്നെയാണെന്നു മനസ്സിലായി സാവിത്രി ആന്തരാൽ വിജയിനി എന്നു നടിച്ചു എങ്കിലും തന്റെ വിവാഹക്കാര്യത്തിൽ തന്നോട് ആലോചിക്കാതെ ഒരു വ്യവസ്ഥചെയ്ത അപരാധത്തിന് അദ്ദേഹത്തോടു പരിഭവിച്ചു എന്ന നാട്യത്തിൽ മുഖംകറുപ്പിച്ച്, ഇങ്ങനെ ഒരു ചോദ്യം പുറപ്പെടുവിച്ചു. "അതേതെ, വല്ലോരുടെയും ചീട്ടുവേണമെങ്കിൽ പടയ്ക്കു പോവാനും അതു വേണ്ടയോ? ഇങ്ങനെ നിന്ന് വമ്പു പറയരുത്. രായരുടെ തലപൊളിപ്പാൻ വല്ലവരോടും ചോദിക്കണമോ? വീടു കാക്കുന്ന പട്ടി പിടികൂടിയിട്ടു വേണമോ കള്ളൻ കേറുമ്പോൾ കുരയ്ക്കാൻ? മേന്മകൾ ഞാനും കുറേശ്ശെ അറിയും."

ത്രിവിക്രമകുമാരൻ: "എന്നാൽ യജമാനന്റെ ചെല്ലപ്പിള്ളയ്ക്ക് അങ്ങോട്ടു ചെന്ന് ഒരുത്തരവു വാങ്ങിത്തരരുതോ? അല്ലെങ്കിൽ സത്യഭാമമാർക്കും പടയ്ക്ക് ഇറങ്ങാമല്ലോ." [ 32 ]

മീനാക്ഷിഅമ്മ: "അതെല്ലാം വിടിൻ കുഞ്ഞുങ്ങളേ. കുട്ടാ! പടകേറിയാൽ ഈ പടുത്തടിക്കാർ എന്തു ചെയ്യും? ഇപ്പോൾത്തന്നെ എല്ലായിടത്തും കവർച്ചയും കൊലപാതകവും കിടക്കപ്പൊറുതിയില്ലാതാക്കുന്നു.

സാവിത്രിക്കുട്ടി: "രാമവർമ്മത്തുവീട് കൊള്ളയിടുമെന്നു പേടിക്കേണ്ടമ്മാ. ദിവാൻജി അമ്മാവന്റെ കണ്ണൂചെല്ലാത്ത കാര്യം രാജ്യത്തിൽ എന്തോന്നുണ്ട്?"

ത്രിവിക്രമകുമാരൻ: "ദിവാൻജി അമ്മാവന്റെ സൂക്ഷിപ്പുകാരി സാവിത്രിപ്പിള്ള ഉള്ളപ്പോൾ പടയെയും പേടിക്കേണ്ടല്ലോ."

സാവിത്രിക്കുട്ടി: "എന്നെ സാവിത്രിപ്പിള്ള എന്നു വിളിക്കരുത്."

ത്രിവിക്രമകുമാരൻ: "ഓഹോ! തെറ്റി. കൊച്ചുകുഞ്ഞമ്മ എന്നാണല്ലോ ഇനി വിളിക്കേണ്ടത്. ടിപ്പുവിന്റെ പീരങ്കിമേളം ഒന്നു കേൾപ്പാൻ രസമുണ്ടോ?"

സാവിത്രിക്കുട്ടി: "ചിലരെപ്പോലെ കിടുങ്ങാതെ കേൾക്കാം. ചേട്ടാ കൂട്ടിക്കൊണ്ടുപോകണം. കിളരമില്ലെങ്കിലും ഒരിടനിറയ്ക്കാൻ ചതയുണ്ട്."

മീനാക്ഷിഅമ്മ: "ഭ്രാന്തു പറയാതെ."

സാവിത്രിക്കുട്ടി: "ഭ്രാന്തോ അമ്മേ? കൊച്ചാശാൻ ചൊല്ലിക്കേട്ടിട്ടില്ലേ, 'തള്ളയ്ക്കിട്ടൊരു തല്ലുവരുമ്പോൾ പിള്ളയെടുത്തു തടുക്കേയുള്ളു' എന്ന്? വേണ്ടി വന്നാൽ, ചേട്ടാ അമ്മ പറയുന്നതു വകവയ്ക്കേണ്ട. എന്നായാലും ഒരിക്കൽ ചാകണ്ടയോ? രാജ്യവും പെറ്റമ്മയും ഒന്നുപോലെ."

ത്രിവിക്രമകുമാരൻ: "അതാ അങ്ങനെ വരട്ടെ. എന്തായാലും കളരിയും കുറുപ്പും ഒന്നല്ലയോ?"

മീനാക്ഷിഅമ്മ: "വിക്രമാ! കുരങ്ങിനെ കള്ളുകുടിപ്പിക്കകൂടി ചെയ്യാതെ."

സാവിത്രിക്കുട്ടി: "കർമ്മം ഇഴുത്താൽ പോകാണ്ട് എന്തു ചെയ്യും?"

സൂക്ഷ്മഗ്രാഹിയായ ഒരു ഗൗളിയുടെ ശബ്ദം ആകാശവാണിപോലെ ധ്വനിച്ചു. മീനാക്ഷിഅമ്മയുടെ മുഖം വിവർണ്ണവും അവരുടെ കൈകൾ ദുശ്ശകുനപരിഹാരാർത്ഥമുള്ള പ്രാർത്ഥനയിൽ മുകുളീകൃതവും ആയി. തിരുവനന്തപുരത്ത് എത്തിയതിന്റെശേഷം തന്റെ ബാല്യസഖി ഒരു ശിശുപാലനു ദത്തയായിരിക്കുന്നു എന്നു കേട്ട ജനപ്രവാദം ഭോഷ്ക്കുതന്നെ എന്നു ബോദ്ധ്യപ്പെട്ട്, വിക്രമകുമാരൻ ഗൗളിയെ ശുഭധ്വനികർത്താവായി അഭിമാനിച്ചു. ഗൗളിയുടെ ശബ്ദത്താൽ ഖണ്ഡിക്കപ്പെട്ട സംഭാഷണം വീണ്ടും ആവർത്തിക്കാൻ സംഗതിവരുന്നതിനുമുമ്പിൽ, കുഞ്ഞിപ്പെണ്ണ് ആ രംഗത്തു ഝടിതി പ്രവേശിച്ച്. "വലിയങ്ങുന്ന്" എന്നു പറഞ്ഞ്, അദ്ദേഹം മടങ്ങിയെത്തുന്ന വിവരത്തെ ധരിപ്പിച്ചു. ആ അഭിവന്ദ്യനെ കണ്ടു തൊഴാനായി ത്രിവിക്രമകുമാരൻ താൻ വീണ്ടും മടങ്ങി എത്തുമെന്നുള്ള ആംഗ്യപ്രതിജ്ഞയാൽ സാവിത്രിയോട് അനുമതി വാങ്ങിക്കൊണ്ട് നാലുകെട്ടിന്റെ കിഴക്കേവശത്തിലേക്കു തിരിച്ചു.

കേശവനുണ്ണിത്താൻ പൊക്കത്തിലും പ്രൗഢിയിലും വളർന്ന് അച്ഛന്റെ ചരമഗതികൊണ്ട് സമുദായനേത്രത്തിനുണ്ടായിട്ടുള്ള [ 33 ] നഷ്ടത്തെ പരിഹരിക്കുന്നു. പണ്ടത്തെ രസികചാമരമായുള്ള കുടുമ കാർഷ്ണ്യത്തിലും ദൈർഘ്യത്തിലും വിസ്തൃതിയിലും വർദ്ധിച്ചിട്ടേ ഉള്ളു. പ്രമാണികളുടെ കായപ്രൗഢിക്കു വൈരൂപ്യം ഉണ്ടാക്കുന്ന കുംഭോദരത്വം ഉണ്ണിത്താനെ ബാധിച്ചിട്ടില്ല. എന്നാൽ യുവപ്രായത്തിൽ രമ്യകോമളമായിരുന്ന മുഖത്തെ ലോകസുഖവിരക്തന്റെ അനാർദ്രത ഇക്കാലത്തു കവചംചെയ്യുന്നു. വൈരാഗ്യഗ്രസ്തമായുള്ള ഹൃദയത്തിന്റെ മന്ദപ്രവർത്തനം അദ്ദേഹത്തിന്റെ പാദചാരഗതിയെ സാവധാനമാക്കുന്നു. മുന്നകമ്പടിക്കാർ ഗൃഹത്തിനകത്തു കടന്ന് അല്പസമയം കഴിഞ്ഞു എങ്കിലും ഗൃഹനായകൻ പ്രതിപദം നിലകൊണ്ട്, ഭവനപ്രവേശം ദുസ്സഹമെന്ന ഭാവത്തിൽ ദ്വാരപ്രദേശത്തെ തരണം ചെയ്യുന്നു. മഹാരാജാവിന്റെ ഘോഷയാത്രാനന്തരം അവിടുത്തെ മുഖം കാണിച്ചു മടങ്ങുന്ന ഈ മഹാനുഭാവൻ നവമായ എന്തോ സംഭവത്താൽ പരിഭൂതനായപോലെ അപ്രജ്ഞാവാനായി ചിരിക്കുന്നു. കൈയിലിരിക്കുന്ന ഒരു കരിമ്പനയോലക്കഷണത്തെ ചിന്താകലാപത്തിന്റെ ബുദ്ധിശൂന്യതയ്ക്കിടയിൽ കശക്കി ഞെരിച്ചുപോകുന്നു. അദ്ദേഹത്തിന്റെ ഉദ്ധതകായം ഊർദ്ധ്വനിലവിട്ട് വക്രിച്ചും കണ്മണികൾ ദൃഢനിലവിട്ട് ചലിച്ചും തീർന്നിരിക്കുന്നു. ജയദ്രഥന്റെ കായോന്നതിയും ഭാർഗ്ഗവരാമന്റെ വിക്രമപ്രഭാവവും സാക്ഷാൽ സവ്യസാചിയുടെ സൗന്ദര്യപ്രഭാവിലാസങ്ങളുംകൊണ്ടും കേരളീയസൗഭാഗ്യത്തിന് ഉത്തരോത്തരം യശോവൃദ്ധി ഉണ്ടാക്കിവന്ന ഒരു വർഗ്ഗം മഹാപുരുഷന്മാർ ആ മണ്ഡലത്തിലെ ഭരണവും സംരക്ഷണയും നിർവ്വഹിച്ചുവന്നു. ഇപ്പോൾ നാമാവശേഷസ്ഥിതിയോടടുക്കുന്ന ഈ വർഗ്ഗത്തിൽ തൊടുകുറിയായിരുന്ന കേശവൻ ഉണ്ണിത്താന്റെ പ്രശാന്തധീരത്വം ഭഞ്ജിക്കപ്പെട്ടിരിക്കുന്നു എന്നു കാണുകയാൽ, വിക്രമകുമാരൻ ബന്ധുസുഹൃത്വം പ്രമാണിച്ച് പുറപ്പെടുവിപ്പാൻ ഭാവിച്ച ആദരസ്മേരങ്ങളെ അമർത്തിക്കൊണ്ട് മുറ്റത്തിറങ്ങി. ഗുരുജനാവകാശമായുള്ള വന്ദനോപചാരങ്ങൾ അനുഷ്ഠിച്ചു. വാത്സല്യപൂർവ്വം സത്കൃതനാകേണ്ട ഒരു യുവാവിന്റെ സാന്നിദ്ധ്യത്തെ കേശവനുണ്ണിത്താൻ ഗ്രഹിച്ചതായിപ്പോലും നടിച്ചില്ല. ചിന്താകലാപംകൊണ്ട് ഉഷ്ണിച്ച മൂർദ്ധാവിലെ പൂർവശിഖയ്ക്കിടയിൽ വിരലുകൾ ചേർത്ത് ആ പ്രദേശത്തെ തടവിക്കൊണ്ട് ഉണ്ണിത്താൻ പ്രവേശനത്തളംവഴിക്കു പടിഞ്ഞാറുള്ള ഗ്രന്ഥശാലയിൽ പ്രവേശിച്ചു. വടക്കേ വാതലിനുസമീപം കുഞ്ഞിപ്പെണ്ണിന്റെ ഛായാനിപാതം ഉണ്ടാവുകയാൽ കോപപ്രഭാഷണത്തിലെ ഗണപതിക്കു കുറിപ്പായി ചില മന്ത്രാക്ഷരങ്ങളെ അദ്ദേഹം അതിഖരഘോഷധ്വനികളിൽ ഉച്ചരിച്ചു. യജമാനന്റെ മുഖഭാവം എന്തെന്നറിഞ്ഞു സ്വനായികയെ ധരിപ്പിച്ചു സമ്മാനം വാങ്ങാൻ പുറപ്പെട്ടിരുന്ന കുഞ്ഞിപ്പെണ്ണ് ഗൃഹസാർവഭൗമനാൽ ഉച്ചൈസ്തരശബ്ദങ്ങൾ മാത്രംകൊണ്ടു ഭർത്സിക്കപ്പെട്ടപ്പോൾ, "ഇങ്ങെങ്ങാന്റെ ഒരു കിന്റി ഇരുന്നേ. അതു നോക്കി എടുത്തോന്റ് ഇതാ പോനെ" എന്നു സമാധാനസമർപ്പണം ചെയ്തു. പെണ്ണിന്റെ പ്രാകൃതഭാഷണവും അതിലധികം വികൃതമായ അവളുടെ വിറയലുകളും കോപപ്രകടനത്തിന് [ 34 ] ഉചിതപദങ്ങൾ കിട്ടാതെ വലഞ്ഞുതുടങ്ങിയ ഉണ്ണിത്താനെ ആ കഷ്ടശ്രമത്തിൽനിന്നു വിരമിപ്പിച്ചു. സ്വാത്മസ്വരൂപണത്തിനു വിരുദ്ധമായുള്ള രൗദ്രതയുടെ ഇത്രത്തോളമുള്ള പ്രകടനം അദ്ദേഹത്തെ ക്ഷീണിപ്പിക്കയാൽ, അദ്ദേഹം തന്റെ വിശ്രമശാലയിലോട്ടു നീങ്ങി ശയ്യയിന്മേൽ വീഴുകതന്നെ ചെയ്തു. കുഞ്ഞിപ്പെണ്ണ് വിജയത്വരയോടെ മണ്ടി, "ഹയാ കൊച്ചമ്മേ! ഏമാനിന്നു കൊലവാളും ഊരിപ്പിടിച്ചോന്റ് വന്നിരിക്കുന്നു. ആരും മൂച്ചുവിടല്ലേ" എന്നു സ്വനായികയെ ധരിപ്പിച്ച്, അതിനുള്ള സമ്മാനമോ വേതനമോ ആയി രണ്ടു പ്രഹരം വാങ്ങി സന്തുഷ്ടയുമായി.

കിടക്കയിന്മേൽ വീണുപോയ ഉണ്ണിത്താൻ വല്ല ആഭിചാരവ്യാമോഹത്തിലും താൻ അകപ്പെട്ടുപോയിരിക്കുന്നുവോ എന്നുപോലും സംഭ്രമിച്ചു. കൈക്കുള്ളിലിരിക്കുന്ന പനയോലക്കഷണം അവസ്തുകമല്ലെന്ന് അദ്ദേഹത്തിന്റെ താർക്കികനേത്രം നിരീക്ഷണം ചെയ്കയാൽ, അതിലെ ലിഖിതത്തെ ഒന്നുകൂടി വായിക്കാൻ യത്നിച്ചു. ലേഖനത്തിലെ അക്ഷരങ്ങൾ അവയെ ചാർത്തിയ നാരാചത്തിന്റെ മുനപോലെ കണ്ണുകളിലല്ല, ഹൃദയത്തിൽത്തന്നെ തറച്ചു എങ്കിലും മനോവേദനയും ഏതാണ്ടൊരു സംഭ്രമവും വല്ലാതെയുള്ള കൃത്യഭംഗഭയവും സങ്കലനം ചെയ്തുണ്ടായ കഷായിപ്പോടെ ആ ലേഖനത്തെ വായിച്ചുതീർത്ത് അതിനെ തിലപ്രായത്തിൽ ചീന്തി അറയ്ക്കകത്തുണ്ടായിരുന്ന കോളാമ്പിയിൽ നിക്ഷേപിച്ചു. എഴുന്നള്ളത്തിന്റെ പുറപ്പാടിലുണ്ടായ ആൾത്തിരക്കിനിടയിൽ കൈയിലെത്തിച്ച ആ ലേഖനത്തെ ആരു കൊണ്ടുവന്നു, ആ ദൂതൻ എങ്ങനെ മറഞ്ഞു എന്നുള്ള മറിമായങ്ങളെക്കുറിച്ച് അദ്ദേഹം ചിന്തിച്ച്, മനഃപൂർവ്വവും അഗാധവുമായുള്ള ഒരു കൃത്രിമത്തിന്റെ ആരംഭം ഉണ്ടാകുന്നു എന്നു സമർത്ഥിച്ചു. ആ ലേഖനത്തിൽ അടങ്ങിയിട്ടുള്ള ഒരു സൂചന ഊർജ്ജിതപ്പെടുമ്പോൾ ചിലമ്പിനഴിയം വക ഭൂമികളും കൈമുതലും തന്റെ കൈവശത്തുനിന്നു പൊയ്പോകാവുന്നതു സഹ്യംതന്നെ. പെരിഞ്ചക്കോടൻ എന്നൊരു നാമധേയം എഴുത്തിൽ കാണുന്നത് ഏതു മാലിസുമാലിവർഗ്ഗത്തിൽ ചേർന്ന രക്ഷോനാഥൻ എന്ന് അദ്ദേഹത്തിന്റെ ബുദ്ധിപ്രശ്നം തുടങ്ങി. ടിപ്പുവിന്റെ അനുകൂലികൾ സമീപപ്രദേശത്ത് ഉപജാപപ്രകാരം ചെയ്യുന്നത് ഉടനെ രാജസമക്ഷം ധരിപ്പിക്കേണ്ടതല്ലേ? അങ്ങനെ ധരിപ്പിക്കുമ്പോൾ എഴുത്തിൽ അടങ്ങീട്ടുള്ളതും ദൈവഗതിയുടെ വൈചിത്ര്യത്താൽ തന്റെ മനസ്സിനെ അതിയായി സംരംഭപ്പെടുത്തി സമ്മോദിപ്പിക്കുന്നതുമായ ഒരു രഹസ്യത്തെക്കൂടി പ്രസിദ്ധമാക്കേണ്ടിവരില്ലേ? അപ്പോൾ, രാജശിക്ഷയുടെ നിപാതം ഉണ്ടാകുന്നത് എങ്ങോട്ട്, അത് തനിക്കുണ്ടായിട്ടുള്ള മഹോപകാരത്തിനു പ്രതികാരമായി നിർഘുണനായ താൻമൂലം സംഭവിപ്പിക്കുന്നതാവുകയും ചെയ്കയില്ലേ? അനുഷ്ഠേയപദ്ധതികളുടെ ഈ വിപരീതരീതികളിൽ അല്പനേരം വിഷമിച്ചിട്ടു തന്റെ യുവദശയിൽ ആചരിച്ചതുപോലെതന്നെ, തന്നെ വിശ്വസിച്ച ഗുരുജനത്തെ രക്ഷിപ്പാനും സംഭവഗതികൾ അനുസരിച്ചു മേലിൽ നടന്നുകൊള്ളുവാനും അദ്ദേഹം തീർച്ചയാക്കി. [ 35 ]

ഇങ്ങനെ ഒരുവിധമായ സ്വൈര്യം മനസ്സിനുണ്ടാക്കി സ്ഥിതിചെയ്യുന്നതിനിടയിൽ കിഴക്കെ നന്തിയത്തുവക സ്വത്തുക്കൾക്കുമാത്രം കാരണവരായി താൻ ശേഷിക്കുന്നു എന്നുള്ള വാസ്തവത്തെക്കുറിച്ച് അനുസ്മരണം ചെയ്തുപോയി. ഉണ്ണിത്താൻ തന്റെ ഗ്രന്ഥശാലയ്ക്കുള്ളിൽ വിഭ്രാന്തനായി അല്പനേരം ചുറ്റിനടന്നിട്ടു വല്ല താർക്കികദർശനത്താലും പ്രേരിതനായിട്ടായിരിക്കാം, അടുത്തകാലത്തെങ്ങും അനുഷ്ഠിച്ചിട്ടില്ലാത്ത ഒരു ഭർത്തൃകൃത്യത്തെ ആചരിച്ചു. സ്വകളത്രത്തെ വരുത്തി ഗൃഹകാര്യങ്ങൾ പറഞ്ഞ്, ചിലത് ഒതുക്കിവയ്ക്കാനെന്ന ഭാവത്തിൽ "മീനാക്ഷീ" എന്നു വിളിച്ചപ്പോൾ, ആ മുറിക്കകത്ത് എത്തിയത് അദ്ദേഹത്തിന്റെ അന്തേവാസിയായുള്ള കൊടന്ത ആശാനായിരുന്നു. ആവശ്യപ്പെടാത്ത ഘട്ടങ്ങളിൽ കടന്നുകൂടാൻ ഈ വർഗ്ഗക്കാർക്കുള്ള വാസനയും വൈദഗ്ദ്ധ്യവും ലോകസ്ഥിതികളിലെ രസാവഹമായുള്ള ഒരു അംശമാണ്. ഭക്തനും വിശ്വസ്തനും സത്യപരനും എന്നു ഗണിക്കപ്പെട്ടിരുന്ന ആശ്രിതന്റെ അവലംബം കിട്ടിയപ്പോൾ, ഉണ്ണിത്താന്റെ മനസ്സു സമനിലയെയും ഭാര്യാദർശനത്തിനുള്ള കാംക്ഷ വിരക്തിനിലയെയും പുനരവലംബിച്ചു. "ആരാടാ ഈ പെരിഞ്ചക്കോടൻ?" എന്നുള്ള ചോദ്യം നയവിചിന്തനം കൂടാതെ ഉണ്ണിത്താന്റെ ചലിച്ചിരുന്ന ബുദ്ധിയിൽനിന്നു പുറപ്പെട്ടു. കൊടന്തശ്രീനാരദർ തന്റെ ശിരസ്സിന്മേൽ ദശകണ്ഠന്റെ മുഷ്ടിവിംശതിയുടെ നിപാതമുണ്ടാകുന്നതുപോലെ പേടിച്ചു വിറച്ചു. ആ പേർ പാതാളവാസിയായ ഹിരണ്യാക്ഷൻ ദേവലോകവിഭ്രമണം ചെയ്തിരുന്ന കാലത്തെ വിക്രമദൗഷ്ട്യങ്ങൾ ദക്ഷിണതിരുവിതാംകൂറിൽ ആവർത്തിക്കുന്ന ഒരു ദേശസാമ്രാട്ടിന്റേതായി ആശാൻ ആ ഇടയിലെ ബന്ധുലബ്ധിസംഭവങ്ങൾ സംബന്ധിച്ചു കേട്ടിരുന്നു. ആ പരമാർത്ഥങ്ങളെ ഗ്രഹിച്ചു തന്നെ ശിക്ഷിപ്പാൻ ഈ ചോദ്യം പുറപ്പെട്ടതാണെന്നുള്ള ഭയംകൊണ്ട് ആ പാണ്ഡുരപ്രഭൻ ഒന്നുകൂടി വിളറി. ഉണ്ണിത്താൻ തന്റെ കോപപ്രകടനത്തിൽ ആ ശിഷ്യയാചകൻ പൗരുഷശൂന്യനാകുന്നു എന്നു വിചാരിച്ചു ശാന്തനായി. "സാരമില്ല, സാരമില്ല, ആരാണെന്നറിയാമെങ്കിൽ പറഞ്ഞേക്കൂ" എന്നുള്ള മൃദുപദങ്ങൾകൊണ്ട് അവനെ ആശ്വസിപ്പിച്ചു. കൊടന്ത ആശാൻ ഒറ്റക്കണ്ണടച്ചുകൊണ്ടു ഗാഢചിന്തക്കാരനായി. വിഷമശ്രമംകൊണ്ടു സ്മൃതിതളിമത്തിൽനിന്ന് ഒരു യാദൃച്ഛാശ്രുതവൃത്താന്തത്തെ ആവിർഭവിപ്പിക്കുന്നതുപോലെ നടിച്ചും നശിക്കുന്നെങ്കിൽ കൂട്ടുണ്ടായിരിക്കട്ടെ എന്നു കരുതിയും ഒരു ഉത്തരം പൊട്ടിച്ചു. "കുഞ്ഞമ്മയോടു ചോദിച്ചാൽ അറിയാമായിരിക്കാം. ദിവ്യാന്ന്യേമാന്റെ ആരോ, എന്തോ ആണെന്നു കെട്ടിനകത്തുവെച്ചു പറഞ്ഞുകേട്ടിട്ടുണ്ടെന്നു തോന്നുന്നപോലെ ഒരോർമ്മ. ഇന്നു നല്ല സുഖമുണ്ട്. എണീറ്റുലാത്തുന്നു. 'മൂക്കിൽ തൊടാൻ കഴുത്തു ചുറ്റേണ്ടല്ലോ'. വിളിച്ചു ചോദിച്ചാൽ വസ്തുത മുഴുവൻ അറിയാം."

ഉണ്ണിത്താന്റെ ശ്വാസനാളം ഒന്ന് അടഞ്ഞതുപോലെ തോന്നി. അദ്ദേഹം സ്വദന്തങ്ങളെ മുറുക്കിച്ചേർത്തുകൊണ്ട് "എന്താടാ നീ പറയുന്നത്?" എന്നു കയർത്തു. [ 36 ]

കൊടന്ത ആശാൻ സ്വകൗശലവിലാസത്തെ അഭിനന്ദിച്ചു ഗുരുനാഥന്റെ ഈർഷ്യാരോഷത്തെ ഒന്നു വർദ്ധിപ്പിക്കാൻ ഒരു പ്രയോഗം കൂടി അനുഷ്ഠിച്ചു. "എഴുന്നള്ളത്തു കഴിഞ്ഞു ഞാൻ കണ്ടപ്പോൾ വലിയ ഉത്സാഹത്തിലായിരുന്നു. കേശവപിള്ള യജമാനന്റെ പുത്തൻ സ്ഥാനപദത്തെ അന്വയിപ്പാൻ എന്നോട് ആവശ്യപ്പെട്ടു. 'ഇരട്ടസ്വർഗ്ഗം' എന്നു വ്യാഖ്യാനിച്ചപ്പോൾ പൊട്ടിച്ചിരിച്ചു. "ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും."

ഉണ്ണിത്താൻ: "ഇരട്ടസ്വർഗ്ഗമോ? അതെങ്ങനെയാടാ? ആർക്കാടാ?"

കൊടന്തആശാൻ: "'ദിവ' എന്നു മുറിച്ചു പിന്നെ 'വാൻ' എന്നും എടുക്കുമ്പോൾ, പിന്നെ എന്തുവാന്നാ?"

ഉണ്ണിത്താൻ കൊടന്തയാശാന്റെ മനോധർമ്മരചിതമായ പ്രബന്ധത്തെ ചതുർമ്മുഖകഥനമെന്നപോലെ ആദരിച്ചു മൂന്നാം ചോദ്യത്തെ മറന്നു. അദ്ദേഹത്തിന്റെ ഉള്ളിലെ കാലുഷ്യം ഒന്നുകൂടി വർദ്ധിച്ചു എങ്കിലും, സ്വാന്തസ്ഥിതി പുറത്തുവിടാതെ കൊടന്തയെ ഒന്നു മറിക്കാനായി സന്തോഷം നടിച്ചുകൊണ്ട് ഇങ്ങനെ ചോദിച്ചു: "അപ്പോൾ ഇപ്പോഴത്തെ ലേഹ്യം മീനാക്ഷിക്കു ഗുണം ചെയ്യുന്നുണ്ട്, അല്ലേ?"

കൊടന്തആശാൻ: "എന്തോ? ചെമ്പകശ്ശേരിയിലെ കുട്ടൻപിള്ളയും സാവിത്രിക്കുഞ്ഞും കുഞ്ഞമ്മയും കളി പറഞ്ഞു തകർക്കുന്നതു കേട്ടു." ഇങ്ങനെ പറഞ്ഞിട്ടു കൊടന്ത വലതുഗണ്ഡത്തിലുണ്ടായ ചൊറിച്ചിൽ പോക്കുകയും ഒരു ചുമ ആരംഭിച്ചതിനെ അമർത്താൻ മുഖംകൊണ്ട് അസ്വാരസ്യം നടിച്ച് ഉമിനീർ ഇറക്കുകയും ചെയ്തു.

ഉണ്ണിത്താൻ: "ചെമ്പകശ്ശേരിയിലെ ആ കുരുന്നന് ഇവിടെ എന്തു കാര്യം? നമ്മെ പിടിപ്പുകെട്ടവനാക്കാൻ ആ ദിവാൻജി വിട്ടിരിക്കയാണ്. മനസ്സിലായോ?"

കൊടന്തആശാൻ: "ആയേ! പക്ഷേൽ, ദിവാന്ന്യേമാൻ എന്തു പിഴച്ചു? കുഞ്ഞിന്റെ മനസ്സല്ലേ പ്രധാനമായി നോക്കേണ്ടത്? എന്നാലും 'ഉണ്ടെന്നും ഇല്ലെന്നും പറവാൻ അധികാരം ഇല്ലത്തെ മൂസ്സിന്.'"

ഈ ശസ്ത്രം എന്ത് ഊക്കോടും ലാക്കൊത്തും ഉണ്ണിത്താന്റെ ഹൃദയത്തിൽ തറച്ചു എന്നുള്ളത് അദ്ദേഹത്തിന്റെ അടുത്ത ക്രിയയിൽനിന്നു ഗ്രഹിക്കേണ്ടതാണ്. കൊടന്തയാശാനെയും ആ അറയ്ക്കുള്ളിൽനിന്ന് പായിച്ചതായ അത്യുഗ്രസ്വരത്തിൽ ഉണ്ണിത്താൻ സ്വഭാര്യയുടെ സാന്നിധ്യം ആവശ്യപ്പെട്ടു. അനാഥയുടെയും രോഗിണിയുടെയും ദീനതയോടെ ആ മഹതി സ്വഭർത്താവിന്റെ ശയ്യാഗൃഹവാതുക്കൽ എത്തി അദ്ദേഹത്തിന്റെ ആജ്ഞ കേൾപ്പാൻ കാത്തുനിന്നു. ഭർത്തൃവദനത്തിന്റെ സങ്കോചകാളിമ നേരെ കണ്ടപ്പോൾ, താൻ പേടിച്ചിരുന്ന നീഷ്കാസനവിധിയുടെ നിപാതമുഹൂർത്തം ആസന്നമായിരിക്കുന്നു എന്ന് അവർ തീർച്ചയാക്കി. യുവദശയിൽ സാന്ദ്രാനുരാഗപ്രതിജ്ഞകളോടെ മധുരങ്ങളായ ആശ്രയവചസ്സുകളെയും പ്രലപിച്ച ജീവനാഥനിൽനിന്ന് അതിക്രൂരമായ ആജ്ഞ [ 37 ] ധ്വനിച്ചുള്ള പ്രശ്നം ഒന്നു പുറപ്പെട്ടു. "ഇതാ! നിങ്ങൾക്കു ഞാൻ വേണോ, ചെമ്പകശ്ശേരിക്കാർ വേണോ?"

മീനാക്ഷിഅമ്മ രണ്ടു കരങ്ങളും കപോലത്തിൽ ചേർത്ത് നമ്രമുഖിയായി നിന്നുകൊണ്ട് തന്റെ നിശ്ചലപ്രതിജ്ഞയെ ആവർത്തിച്ച് ഇങ്ങനെ പറഞ്ഞു: "ഇങ്ങനെ ചോദിപ്പാൻ തോന്നിയതിനു സംഗതി എന്തോ - ദൈവത്തിനറിയാം. ഞാൻ അവിടുന്നു മന്ത്രക്കൂടത്തുവച്ചു വരിച്ച നിരാശ്രയ - മീനാക്ഷി. ഈശ്വരൻ അറിയട്ടെ - സാവിത്രി, സാധു, അവിടുത്തെ മകളുമാണ്. ഞങ്ങൾക്ക് ഇവിടുത്തെ പാദങ്ങളല്ലാതെ മറ്റെന്തു ശരണമുണ്ട്? ഞങ്ങളോടു ചോദിപ്പാനെന്ത്, ആലോചിപ്പാനെന്ത്? ഇവിടുത്തെ ഇഷ്ടമെന്തോ, അതു ഞങ്ങൾക്കു ചട്ടം."

ഉണ്ണിത്താൻ: (സ്വശയ്യയെ സംബോധനം ചെയ്യുന്ന ഭാവത്തിൽ) "ഓഹോ! അറിയാം. യോഗ്യതകളെല്ലാം ഒരുവിധം മറ്റുള്ളവരും അറിയും. ഏറെ പറയേണ്ട. പെണ്ണുങ്ങളുടെ നാക്കിൽനിന്നു നല്ല മധുരം, പഞ്ചാമൃതരസം അവർക്കു വേണ്ടപ്പോഴെല്ലാം ഊറും." (ഖിന്നന്റെ സ്വരക്ഷീണത്തോടെ) "മന്ത്രക്കൂടത്തെ മീനാക്ഷി പൊയ്പോയിട്ടു വ്യാഴവട്ടം ഒന്നരയിൽപ്പരം കഴിഞ്ഞു - എന്തു പറയുന്നു? തിരുവനന്തപുരം കണ്ട ആ വനകന്യക ഇപ്പോൾ" ഉണ്ണിത്താന്റെ നാവിൽ ഉദിച്ച 'ധൂളി' എന്ന പദം ദമ്പതിമാർ രണ്ടുപേരുടെയും പരമാർത്ഥത്തിനുള്ള പരമസാക്ഷിയുടെ അപരിജ്ഞേയമായ വ്യവധാനശക്തികൊണ്ടായിരിക്കാം, പുറത്തു പുറപ്പെട്ടില്ല. മീനാക്ഷിഅമ്മ ഭർത്താവിന്റെ ശുദ്ധഗതിയുടെ അതിരില്ലായ്മ ചിന്തിച്ച് അത്യാർത്തയായി നില്ക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ ദുസ്സഹമായ ക്ലേശകോപങ്ങൾ ഇങ്ങനെ വാർന്നു: "എല്ലാം വന്നുകൂടി. നഷ്ടവും അപമാനവും വരുന്നോ എന്നു ഭഗവാനറിയാം. നാരായണാ! ഈ വിധമൊക്കെ വരുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. ഗ്രഹപ്പിഴ ആയാലും അതിനൊരു അതിരു വേണ്ടയോ? വല്ലടത്തും പുറപ്പെട്ടു പൊയ്ക്കളയാം. ഈ ചെമ്പകശ്ശേരിയിലെ കൊച്ചുങ്ങൾക്ക് ഇതിനകത്ത് എന്ത് കാര്യം? നിങ്ങളുടെ ചാർച്ചകളിൽ എനിക്കൊരു ബന്ധവും ഇല്ല. പറഞ്ഞതു കേട്ടോ? അതു നല്ലവണ്ണം ഓർമ്മിച്ചുകൊള്ളണം. ആ ത്രിവിക്രമകുമാരൻ ഇതിനകത്ത് ഇനി കയറുന്ന അന്ന് കഥ ഇതൊന്നുമല്ല."

ഉണ്ണിത്താൻ നരകദർശിയായി തല്പത്തിന്മേൽ വീണ്ടും വീണു. മീനാക്ഷിഅമ്മ കണ്ണുനീർ വാർത്തുകൊണ്ടു തന്റെ ശയ്യയിലേക്കു മടങ്ങി. ഇതെല്ലാം കേട്ടുംകൊണ്ടു നിന്നിരുന്ന കൊടന്ത സന്തോഷംകൊണ്ടു ദേഹം ഒന്നു കുടഞ്ഞു നിവർന്ന് അനന്തരകൃത്യങ്ങൾക്കു സഹർഷം ബദ്ധപരികരനായി ഉണ്ണിത്താന്റെ ഉച്ചത്തിലുള്ള അവസാനപ്രതിജ്ഞ കേൾക്കയാൽ, ഭൂമി ഒന്നു കീഴ്മേൽ മറിഞ്ഞതുപോലെ ത്രിവിക്രമകുമാരനു തോന്നി. അന്ധകാരം വലയംചെയ്യുന്നതുപോലുള്ള ഒരു വ്യാമോഹം ആ യുവാവെ അന്ധനാക്കുകയാൽ അയാൾ നിന്നിരുന്ന നിലത്തു തറയ്ക്കപ്പെട്ടതുപോലെ അല്പനേരം നിലകൊണ്ടുപോയി. മൂർദ്ധാവുമുതൽ ഇളകിയ വിയർപ്പ് പാദങ്ങളുടെ ബഹിച്ഛായയെ നിലത്തു ലേഖനംചെയ്തു. [ 38 ] സകല കാര്യങ്ങളിലും വിജയിയായി ജീവിതം നിവർത്തിച്ച തന്റെ മാതാമഹന്റെ നിര്യാണത്താൽ തനിക്കു നേരിടുന്ന ജീവിതാഗ്രഹഭംഗത്തെ സ്മരിച്ച്, ആ വീരയുവാവിന്റെ പൗരുഷപ്രകാശമായുള്ള നേത്രങ്ങളിൽ ചില ജലകണങ്ങൾ തിളങ്ങി. ഇതുകളെ ഉത്തരക്ഷണത്തിൽ തുടച്ചിട്ട്, "വരട്ടെ, രാജ്യം രക്ഷിക്കുന്നവർ എന്നെയും രക്ഷിക്കും" എന്നു സമാശ്വസിച്ചുകൊണ്ട്, മൈസൂർവ്യാഘ്രത്തെ ഹരിപ്പാനുള്ള സമരാങ്കണത്തിലോട്ടെന്നപോലെ സേനാനായകപ്രഭാവത്തോടെ അയാൾ നടകൊണ്ടു.