താൾ:Ramarajabahadoor.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊടന്ത ആശാൻ സ്വകൗശലവിലാസത്തെ അഭിനന്ദിച്ചു ഗുരുനാഥന്റെ ഈർഷ്യാരോഷത്തെ ഒന്നു വർദ്ധിപ്പിക്കാൻ ഒരു പ്രയോഗം കൂടി അനുഷ്ഠിച്ചു. "എഴുന്നള്ളത്തു കഴിഞ്ഞു ഞാൻ കണ്ടപ്പോൾ വലിയ ഉത്സാഹത്തിലായിരുന്നു. കേശവപിള്ള യജമാനന്റെ പുത്തൻ സ്ഥാനപദത്തെ അന്വയിപ്പാൻ എന്നോട് ആവശ്യപ്പെട്ടു. 'ഇരട്ടസ്വർഗ്ഗം' എന്നു വ്യാഖ്യാനിച്ചപ്പോൾ പൊട്ടിച്ചിരിച്ചു. "ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും."

ഉണ്ണിത്താൻ: "ഇരട്ടസ്വർഗ്ഗമോ? അതെങ്ങനെയാടാ? ആർക്കാടാ?"

കൊടന്തആശാൻ: "'ദിവ' എന്നു മുറിച്ചു പിന്നെ 'വാൻ' എന്നും എടുക്കുമ്പോൾ, പിന്നെ എന്തുവാന്നാ?"

ഉണ്ണിത്താൻ കൊടന്തയാശാന്റെ മനോധർമ്മരചിതമായ പ്രബന്ധത്തെ ചതുർമ്മുഖകഥനമെന്നപോലെ ആദരിച്ചു മൂന്നാം ചോദ്യത്തെ മറന്നു. അദ്ദേഹത്തിന്റെ ഉള്ളിലെ കാലുഷ്യം ഒന്നുകൂടി വർദ്ധിച്ചു എങ്കിലും, സ്വാന്തസ്ഥിതി പുറത്തുവിടാതെ കൊടന്തയെ ഒന്നു മറിക്കാനായി സന്തോഷം നടിച്ചുകൊണ്ട് ഇങ്ങനെ ചോദിച്ചു: "അപ്പോൾ ഇപ്പോഴത്തെ ലേഹ്യം മീനാക്ഷിക്കു ഗുണം ചെയ്യുന്നുണ്ട്, അല്ലേ?"

കൊടന്തആശാൻ: "എന്തോ? ചെമ്പകശ്ശേരിയിലെ കുട്ടൻപിള്ളയും സാവിത്രിക്കുഞ്ഞും കുഞ്ഞമ്മയും കളി പറഞ്ഞു തകർക്കുന്നതു കേട്ടു." ഇങ്ങനെ പറഞ്ഞിട്ടു കൊടന്ത വലതുഗണ്ഡത്തിലുണ്ടായ ചൊറിച്ചിൽ പോക്കുകയും ഒരു ചുമ ആരംഭിച്ചതിനെ അമർത്താൻ മുഖംകൊണ്ട് അസ്വാരസ്യം നടിച്ച് ഉമിനീർ ഇറക്കുകയും ചെയ്തു.

ഉണ്ണിത്താൻ: "ചെമ്പകശ്ശേരിയിലെ ആ കുരുന്നന് ഇവിടെ എന്തു കാര്യം? നമ്മെ പിടിപ്പുകെട്ടവനാക്കാൻ ആ ദിവാൻജി വിട്ടിരിക്കയാണ്. മനസ്സിലായോ?"

കൊടന്തആശാൻ: "ആയേ! പക്ഷേൽ, ദിവാന്ന്യേമാൻ എന്തു പിഴച്ചു? കുഞ്ഞിന്റെ മനസ്സല്ലേ പ്രധാനമായി നോക്കേണ്ടത്? എന്നാലും 'ഉണ്ടെന്നും ഇല്ലെന്നും പറവാൻ അധികാരം ഇല്ലത്തെ മൂസ്സിന്.'"

ഈ ശസ്ത്രം എന്ത് ഊക്കോടും ലാക്കൊത്തും ഉണ്ണിത്താന്റെ ഹൃദയത്തിൽ തറച്ചു എന്നുള്ളത് അദ്ദേഹത്തിന്റെ അടുത്ത ക്രിയയിൽനിന്നു ഗ്രഹിക്കേണ്ടതാണ്. കൊടന്തയാശാനെയും ആ അറയ്ക്കുള്ളിൽനിന്ന് പായിച്ചതായ അത്യുഗ്രസ്വരത്തിൽ ഉണ്ണിത്താൻ സ്വഭാര്യയുടെ സാന്നിധ്യം ആവശ്യപ്പെട്ടു. അനാഥയുടെയും രോഗിണിയുടെയും ദീനതയോടെ ആ മഹതി സ്വഭർത്താവിന്റെ ശയ്യാഗൃഹവാതുക്കൽ എത്തി അദ്ദേഹത്തിന്റെ ആജ്ഞ കേൾപ്പാൻ കാത്തുനിന്നു. ഭർത്തൃവദനത്തിന്റെ സങ്കോചകാളിമ നേരെ കണ്ടപ്പോൾ, താൻ പേടിച്ചിരുന്ന നീഷ്കാസനവിധിയുടെ നിപാതമുഹൂർത്തം ആസന്നമായിരിക്കുന്നു എന്ന് അവർ തീർച്ചയാക്കി. യുവദശയിൽ സാന്ദ്രാനുരാഗപ്രതിജ്ഞകളോടെ മധുരങ്ങളായ ആശ്രയവചസ്സുകളെയും പ്രലപിച്ച ജീവനാഥനിൽനിന്ന് അതിക്രൂരമായ ആജ്ഞ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/36&oldid=168216" എന്ന താളിൽനിന്ന് ശേഖരിച്ചത്