താൾ:Ramarajabahadoor.djvu/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധ്വനിച്ചുള്ള പ്രശ്നം ഒന്നു പുറപ്പെട്ടു. "ഇതാ! നിങ്ങൾക്കു ഞാൻ വേണോ, ചെമ്പകശ്ശേരിക്കാർ വേണോ?"

മീനാക്ഷിഅമ്മ രണ്ടു കരങ്ങളും കപോലത്തിൽ ചേർത്ത് നമ്രമുഖിയായി നിന്നുകൊണ്ട് തന്റെ നിശ്ചലപ്രതിജ്ഞയെ ആവർത്തിച്ച് ഇങ്ങനെ പറഞ്ഞു: "ഇങ്ങനെ ചോദിപ്പാൻ തോന്നിയതിനു സംഗതി എന്തോ - ദൈവത്തിനറിയാം. ഞാൻ അവിടുന്നു മന്ത്രക്കൂടത്തുവച്ചു വരിച്ച നിരാശ്രയ - മീനാക്ഷി. ഈശ്വരൻ അറിയട്ടെ - സാവിത്രി, സാധു, അവിടുത്തെ മകളുമാണ്. ഞങ്ങൾക്ക് ഇവിടുത്തെ പാദങ്ങളല്ലാതെ മറ്റെന്തു ശരണമുണ്ട്? ഞങ്ങളോടു ചോദിപ്പാനെന്ത്, ആലോചിപ്പാനെന്ത്? ഇവിടുത്തെ ഇഷ്ടമെന്തോ, അതു ഞങ്ങൾക്കു ചട്ടം."

ഉണ്ണിത്താൻ: (സ്വശയ്യയെ സംബോധനം ചെയ്യുന്ന ഭാവത്തിൽ) "ഓഹോ! അറിയാം. യോഗ്യതകളെല്ലാം ഒരുവിധം മറ്റുള്ളവരും അറിയും. ഏറെ പറയേണ്ട. പെണ്ണുങ്ങളുടെ നാക്കിൽനിന്നു നല്ല മധുരം, പഞ്ചാമൃതരസം അവർക്കു വേണ്ടപ്പോഴെല്ലാം ഊറും." (ഖിന്നന്റെ സ്വരക്ഷീണത്തോടെ) "മന്ത്രക്കൂടത്തെ മീനാക്ഷി പൊയ്പോയിട്ടു വ്യാഴവട്ടം ഒന്നരയിൽപ്പരം കഴിഞ്ഞു - എന്തു പറയുന്നു? തിരുവനന്തപുരം കണ്ട ആ വനകന്യക ഇപ്പോൾ" ഉണ്ണിത്താന്റെ നാവിൽ ഉദിച്ച 'ധൂളി' എന്ന പദം ദമ്പതിമാർ രണ്ടുപേരുടെയും പരമാർത്ഥത്തിനുള്ള പരമസാക്ഷിയുടെ അപരിജ്ഞേയമായ വ്യവധാനശക്തികൊണ്ടായിരിക്കാം, പുറത്തു പുറപ്പെട്ടില്ല. മീനാക്ഷിഅമ്മ ഭർത്താവിന്റെ ശുദ്ധഗതിയുടെ അതിരില്ലായ്മ ചിന്തിച്ച് അത്യാർത്തയായി നില്ക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ ദുസ്സഹമായ ക്ലേശകോപങ്ങൾ ഇങ്ങനെ വാർന്നു: "എല്ലാം വന്നുകൂടി. നഷ്ടവും അപമാനവും വരുന്നോ എന്നു ഭഗവാനറിയാം. നാരായണാ! ഈ വിധമൊക്കെ വരുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. ഗ്രഹപ്പിഴ ആയാലും അതിനൊരു അതിരു വേണ്ടയോ? വല്ലടത്തും പുറപ്പെട്ടു പൊയ്ക്കളയാം. ഈ ചെമ്പകശ്ശേരിയിലെ കൊച്ചുങ്ങൾക്ക് ഇതിനകത്ത് എന്ത് കാര്യം? നിങ്ങളുടെ ചാർച്ചകളിൽ എനിക്കൊരു ബന്ധവും ഇല്ല. പറഞ്ഞതു കേട്ടോ? അതു നല്ലവണ്ണം ഓർമ്മിച്ചുകൊള്ളണം. ആ ത്രിവിക്രമകുമാരൻ ഇതിനകത്ത് ഇനി കയറുന്ന അന്ന് കഥ ഇതൊന്നുമല്ല."

ഉണ്ണിത്താൻ നരകദർശിയായി തല്പത്തിന്മേൽ വീണ്ടും വീണു. മീനാക്ഷിഅമ്മ കണ്ണുനീർ വാർത്തുകൊണ്ടു തന്റെ ശയ്യയിലേക്കു മടങ്ങി. ഇതെല്ലാം കേട്ടുംകൊണ്ടു നിന്നിരുന്ന കൊടന്ത സന്തോഷംകൊണ്ടു ദേഹം ഒന്നു കുടഞ്ഞു നിവർന്ന് അനന്തരകൃത്യങ്ങൾക്കു സഹർഷം ബദ്ധപരികരനായി ഉണ്ണിത്താന്റെ ഉച്ചത്തിലുള്ള അവസാനപ്രതിജ്ഞ കേൾക്കയാൽ, ഭൂമി ഒന്നു കീഴ്മേൽ മറിഞ്ഞതുപോലെ ത്രിവിക്രമകുമാരനു തോന്നി. അന്ധകാരം വലയംചെയ്യുന്നതുപോലുള്ള ഒരു വ്യാമോഹം ആ യുവാവെ അന്ധനാക്കുകയാൽ അയാൾ നിന്നിരുന്ന നിലത്തു തറയ്ക്കപ്പെട്ടതുപോലെ അല്പനേരം നിലകൊണ്ടുപോയി. മൂർദ്ധാവുമുതൽ ഇളകിയ വിയർപ്പ് പാദങ്ങളുടെ ബഹിച്ഛായയെ നിലത്തു ലേഖനംചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/37&oldid=168227" എന്ന താളിൽനിന്ന് ശേഖരിച്ചത്