താൾ:Ramarajabahadoor.djvu/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇങ്ങനെ ഒരുവിധമായ സ്വൈര്യം മനസ്സിനുണ്ടാക്കി സ്ഥിതിചെയ്യുന്നതിനിടയിൽ കിഴക്കെ നന്തിയത്തുവക സ്വത്തുക്കൾക്കുമാത്രം കാരണവരായി താൻ ശേഷിക്കുന്നു എന്നുള്ള വാസ്തവത്തെക്കുറിച്ച് അനുസ്മരണം ചെയ്തുപോയി. ഉണ്ണിത്താൻ തന്റെ ഗ്രന്ഥശാലയ്ക്കുള്ളിൽ വിഭ്രാന്തനായി അല്പനേരം ചുറ്റിനടന്നിട്ടു വല്ല താർക്കികദർശനത്താലും പ്രേരിതനായിട്ടായിരിക്കാം, അടുത്തകാലത്തെങ്ങും അനുഷ്ഠിച്ചിട്ടില്ലാത്ത ഒരു ഭർത്തൃകൃത്യത്തെ ആചരിച്ചു. സ്വകളത്രത്തെ വരുത്തി ഗൃഹകാര്യങ്ങൾ പറഞ്ഞ്, ചിലത് ഒതുക്കിവയ്ക്കാനെന്ന ഭാവത്തിൽ "മീനാക്ഷീ" എന്നു വിളിച്ചപ്പോൾ, ആ മുറിക്കകത്ത് എത്തിയത് അദ്ദേഹത്തിന്റെ അന്തേവാസിയായുള്ള കൊടന്ത ആശാനായിരുന്നു. ആവശ്യപ്പെടാത്ത ഘട്ടങ്ങളിൽ കടന്നുകൂടാൻ ഈ വർഗ്ഗക്കാർക്കുള്ള വാസനയും വൈദഗ്ദ്ധ്യവും ലോകസ്ഥിതികളിലെ രസാവഹമായുള്ള ഒരു അംശമാണ്. ഭക്തനും വിശ്വസ്തനും സത്യപരനും എന്നു ഗണിക്കപ്പെട്ടിരുന്ന ആശ്രിതന്റെ അവലംബം കിട്ടിയപ്പോൾ, ഉണ്ണിത്താന്റെ മനസ്സു സമനിലയെയും ഭാര്യാദർശനത്തിനുള്ള കാംക്ഷ വിരക്തിനിലയെയും പുനരവലംബിച്ചു. "ആരാടാ ഈ പെരിഞ്ചക്കോടൻ?" എന്നുള്ള ചോദ്യം നയവിചിന്തനം കൂടാതെ ഉണ്ണിത്താന്റെ ചലിച്ചിരുന്ന ബുദ്ധിയിൽനിന്നു പുറപ്പെട്ടു. കൊടന്തശ്രീനാരദർ തന്റെ ശിരസ്സിന്മേൽ ദശകണ്ഠന്റെ മുഷ്ടിവിംശതിയുടെ നിപാതമുണ്ടാകുന്നതുപോലെ പേടിച്ചു വിറച്ചു. ആ പേർ പാതാളവാസിയായ ഹിരണ്യാക്ഷൻ ദേവലോകവിഭ്രമണം ചെയ്തിരുന്ന കാലത്തെ വിക്രമദൗഷ്ട്യങ്ങൾ ദക്ഷിണതിരുവിതാംകൂറിൽ ആവർത്തിക്കുന്ന ഒരു ദേശസാമ്രാട്ടിന്റേതായി ആശാൻ ആ ഇടയിലെ ബന്ധുലബ്ധിസംഭവങ്ങൾ സംബന്ധിച്ചു കേട്ടിരുന്നു. ആ പരമാർത്ഥങ്ങളെ ഗ്രഹിച്ചു തന്നെ ശിക്ഷിപ്പാൻ ഈ ചോദ്യം പുറപ്പെട്ടതാണെന്നുള്ള ഭയംകൊണ്ട് ആ പാണ്ഡുരപ്രഭൻ ഒന്നുകൂടി വിളറി. ഉണ്ണിത്താൻ തന്റെ കോപപ്രകടനത്തിൽ ആ ശിഷ്യയാചകൻ പൗരുഷശൂന്യനാകുന്നു എന്നു വിചാരിച്ചു ശാന്തനായി. "സാരമില്ല, സാരമില്ല, ആരാണെന്നറിയാമെങ്കിൽ പറഞ്ഞേക്കൂ" എന്നുള്ള മൃദുപദങ്ങൾകൊണ്ട് അവനെ ആശ്വസിപ്പിച്ചു. കൊടന്ത ആശാൻ ഒറ്റക്കണ്ണടച്ചുകൊണ്ടു ഗാഢചിന്തക്കാരനായി. വിഷമശ്രമംകൊണ്ടു സ്മൃതിതളിമത്തിൽനിന്ന് ഒരു യാദൃച്ഛാശ്രുതവൃത്താന്തത്തെ ആവിർഭവിപ്പിക്കുന്നതുപോലെ നടിച്ചും നശിക്കുന്നെങ്കിൽ കൂട്ടുണ്ടായിരിക്കട്ടെ എന്നു കരുതിയും ഒരു ഉത്തരം പൊട്ടിച്ചു. "കുഞ്ഞമ്മയോടു ചോദിച്ചാൽ അറിയാമായിരിക്കാം. ദിവ്യാന്ന്യേമാന്റെ ആരോ, എന്തോ ആണെന്നു കെട്ടിനകത്തുവെച്ചു പറഞ്ഞുകേട്ടിട്ടുണ്ടെന്നു തോന്നുന്നപോലെ ഒരോർമ്മ. ഇന്നു നല്ല സുഖമുണ്ട്. എണീറ്റുലാത്തുന്നു. 'മൂക്കിൽ തൊടാൻ കഴുത്തു ചുറ്റേണ്ടല്ലോ'. വിളിച്ചു ചോദിച്ചാൽ വസ്തുത മുഴുവൻ അറിയാം."

ഉണ്ണിത്താന്റെ ശ്വാസനാളം ഒന്ന് അടഞ്ഞതുപോലെ തോന്നി. അദ്ദേഹം സ്വദന്തങ്ങളെ മുറുക്കിച്ചേർത്തുകൊണ്ട് "എന്താടാ നീ പറയുന്നത്?" എന്നു കയർത്തു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/35&oldid=168205" എന്ന താളിൽനിന്ന് ശേഖരിച്ചത്