Jump to content

താൾ:Ramarajabahadoor.djvu/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തപദങ്ങൾ കിട്ടാതെ വലഞ്ഞുതുടങ്ങിയ ഉണ്ണിത്താനെ ആ കഷ്ടശ്രമത്തിൽനിന്നു വിരമിപ്പിച്ചു. സ്വാത്മസ്വരൂപണത്തിനു വിരുദ്ധമായുള്ള രൗദ്രതയുടെ ഇത്രത്തോളമുള്ള പ്രകടനം അദ്ദേഹത്തെ ക്ഷീണിപ്പിക്കയാൽ, അദ്ദേഹം തന്റെ വിശ്രമശാലയിലോട്ടു നീങ്ങി ശയ്യയിന്മേൽ വീഴുകതന്നെ ചെയ്തു. കുഞ്ഞിപ്പെണ്ണ് വിജയത്വരയോടെ മണ്ടി, "ഹയാ കൊച്ചമ്മേ! ഏമാനിന്നു കൊലവാളും ഊരിപ്പിടിച്ചോന്റ് വന്നിരിക്കുന്നു. ആരും മൂച്ചുവിടല്ലേ" എന്നു സ്വനായികയെ ധരിപ്പിച്ച്, അതിനുള്ള സമ്മാനമോ വേതനമോ ആയി രണ്ടു പ്രഹരം വാങ്ങി സന്തുഷ്ടയുമായി.

കിടക്കയിന്മേൽ വീണുപോയ ഉണ്ണിത്താൻ വല്ല ആഭിചാരവ്യാമോഹത്തിലും താൻ അകപ്പെട്ടുപോയിരിക്കുന്നുവോ എന്നുപോലും സംഭ്രമിച്ചു. കൈക്കുള്ളിലിരിക്കുന്ന പനയോലക്കഷണം അവസ്തുകമല്ലെന്ന് അദ്ദേഹത്തിന്റെ താർക്കികനേത്രം നിരീക്ഷണം ചെയ്കയാൽ, അതിലെ ലിഖിതത്തെ ഒന്നുകൂടി വായിക്കാൻ യത്നിച്ചു. ലേഖനത്തിലെ അക്ഷരങ്ങൾ അവയെ ചാർത്തിയ നാരാചത്തിന്റെ മുനപോലെ കണ്ണുകളിലല്ല, ഹൃദയത്തിൽത്തന്നെ തറച്ചു എങ്കിലും മനോവേദനയും ഏതാണ്ടൊരു സംഭ്രമവും വല്ലാതെയുള്ള കൃത്യഭംഗഭയവും സങ്കലനം ചെയ്തുണ്ടായ കഷായിപ്പോടെ ആ ലേഖനത്തെ വായിച്ചുതീർത്ത് അതിനെ തിലപ്രായത്തിൽ ചീന്തി അറയ്ക്കകത്തുണ്ടായിരുന്ന കോളാമ്പിയിൽ നിക്ഷേപിച്ചു. എഴുന്നള്ളത്തിന്റെ പുറപ്പാടിലുണ്ടായ ആൾത്തിരക്കിനിടയിൽ കൈയിലെത്തിച്ച ആ ലേഖനത്തെ ആരു കൊണ്ടുവന്നു, ആ ദൂതൻ എങ്ങനെ മറഞ്ഞു എന്നുള്ള മറിമായങ്ങളെക്കുറിച്ച് അദ്ദേഹം ചിന്തിച്ച്, മനഃപൂർവ്വവും അഗാധവുമായുള്ള ഒരു കൃത്രിമത്തിന്റെ ആരംഭം ഉണ്ടാകുന്നു എന്നു സമർത്ഥിച്ചു. ആ ലേഖനത്തിൽ അടങ്ങിയിട്ടുള്ള ഒരു സൂചന ഊർജ്ജിതപ്പെടുമ്പോൾ ചിലമ്പിനഴിയം വക ഭൂമികളും കൈമുതലും തന്റെ കൈവശത്തുനിന്നു പൊയ്പോകാവുന്നതു സഹ്യംതന്നെ. പെരിഞ്ചക്കോടൻ എന്നൊരു നാമധേയം എഴുത്തിൽ കാണുന്നത് ഏതു മാലിസുമാലിവർഗ്ഗത്തിൽ ചേർന്ന രക്ഷോനാഥൻ എന്ന് അദ്ദേഹത്തിന്റെ ബുദ്ധിപ്രശ്നം തുടങ്ങി. ടിപ്പുവിന്റെ അനുകൂലികൾ സമീപപ്രദേശത്ത് ഉപജാപപ്രകാരം ചെയ്യുന്നത് ഉടനെ രാജസമക്ഷം ധരിപ്പിക്കേണ്ടതല്ലേ? അങ്ങനെ ധരിപ്പിക്കുമ്പോൾ എഴുത്തിൽ അടങ്ങീട്ടുള്ളതും ദൈവഗതിയുടെ വൈചിത്ര്യത്താൽ തന്റെ മനസ്സിനെ അതിയായി സംരംഭപ്പെടുത്തി സമ്മോദിപ്പിക്കുന്നതുമായ ഒരു രഹസ്യത്തെക്കൂടി പ്രസിദ്ധമാക്കേണ്ടിവരില്ലേ? അപ്പോൾ, രാജശിക്ഷയുടെ നിപാതം ഉണ്ടാകുന്നത് എങ്ങോട്ട്, അത് തനിക്കുണ്ടായിട്ടുള്ള മഹോപകാരത്തിനു പ്രതികാരമായി നിർഘുണനായ താൻമൂലം സംഭവിപ്പിക്കുന്നതാവുകയും ചെയ്കയില്ലേ? അനുഷ്ഠേയപദ്ധതികളുടെ ഈ വിപരീതരീതികളിൽ അല്പനേരം വിഷമിച്ചിട്ടു തന്റെ യുവദശയിൽ ആചരിച്ചതുപോലെതന്നെ, തന്നെ വിശ്വസിച്ച ഗുരുജനത്തെ രക്ഷിപ്പാനും സംഭവഗതികൾ അനുസരിച്ചു മേലിൽ നടന്നുകൊള്ളുവാനും അദ്ദേഹം തീർച്ചയാക്കി.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/34&oldid=168194" എന്ന താളിൽനിന്ന് ശേഖരിച്ചത്