താൾ:Ramarajabahadoor.djvu/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നഷ്ടത്തെ പരിഹരിക്കുന്നു. പണ്ടത്തെ രസികചാമരമായുള്ള കുടുമ കാർഷ്ണ്യത്തിലും ദൈർഘ്യത്തിലും വിസ്തൃതിയിലും വർദ്ധിച്ചിട്ടേ ഉള്ളു. പ്രമാണികളുടെ കായപ്രൗഢിക്കു വൈരൂപ്യം ഉണ്ടാക്കുന്ന കുംഭോദരത്വം ഉണ്ണിത്താനെ ബാധിച്ചിട്ടില്ല. എന്നാൽ യുവപ്രായത്തിൽ രമ്യകോമളമായിരുന്ന മുഖത്തെ ലോകസുഖവിരക്തന്റെ അനാർദ്രത ഇക്കാലത്തു കവചംചെയ്യുന്നു. വൈരാഗ്യഗ്രസ്തമായുള്ള ഹൃദയത്തിന്റെ മന്ദപ്രവർത്തനം അദ്ദേഹത്തിന്റെ പാദചാരഗതിയെ സാവധാനമാക്കുന്നു. മുന്നകമ്പടിക്കാർ ഗൃഹത്തിനകത്തു കടന്ന് അല്പസമയം കഴിഞ്ഞു എങ്കിലും ഗൃഹനായകൻ പ്രതിപദം നിലകൊണ്ട്, ഭവനപ്രവേശം ദുസ്സഹമെന്ന ഭാവത്തിൽ ദ്വാരപ്രദേശത്തെ തരണം ചെയ്യുന്നു. മഹാരാജാവിന്റെ ഘോഷയാത്രാനന്തരം അവിടുത്തെ മുഖം കാണിച്ചു മടങ്ങുന്ന ഈ മഹാനുഭാവൻ നവമായ എന്തോ സംഭവത്താൽ പരിഭൂതനായപോലെ അപ്രജ്ഞാവാനായി ചിരിക്കുന്നു. കൈയിലിരിക്കുന്ന ഒരു കരിമ്പനയോലക്കഷണത്തെ ചിന്താകലാപത്തിന്റെ ബുദ്ധിശൂന്യതയ്ക്കിടയിൽ കശക്കി ഞെരിച്ചുപോകുന്നു. അദ്ദേഹത്തിന്റെ ഉദ്ധതകായം ഊർദ്ധ്വനിലവിട്ട് വക്രിച്ചും കണ്മണികൾ ദൃഢനിലവിട്ട് ചലിച്ചും തീർന്നിരിക്കുന്നു. ജയദ്രഥന്റെ കായോന്നതിയും ഭാർഗ്ഗവരാമന്റെ വിക്രമപ്രഭാവവും സാക്ഷാൽ സവ്യസാചിയുടെ സൗന്ദര്യപ്രഭാവിലാസങ്ങളുംകൊണ്ടും കേരളീയസൗഭാഗ്യത്തിന് ഉത്തരോത്തരം യശോവൃദ്ധി ഉണ്ടാക്കിവന്ന ഒരു വർഗ്ഗം മഹാപുരുഷന്മാർ ആ മണ്ഡലത്തിലെ ഭരണവും സംരക്ഷണയും നിർവ്വഹിച്ചുവന്നു. ഇപ്പോൾ നാമാവശേഷസ്ഥിതിയോടടുക്കുന്ന ഈ വർഗ്ഗത്തിൽ തൊടുകുറിയായിരുന്ന കേശവൻ ഉണ്ണിത്താന്റെ പ്രശാന്തധീരത്വം ഭഞ്ജിക്കപ്പെട്ടിരിക്കുന്നു എന്നു കാണുകയാൽ, വിക്രമകുമാരൻ ബന്ധുസുഹൃത്വം പ്രമാണിച്ച് പുറപ്പെടുവിപ്പാൻ ഭാവിച്ച ആദരസ്മേരങ്ങളെ അമർത്തിക്കൊണ്ട് മുറ്റത്തിറങ്ങി. ഗുരുജനാവകാശമായുള്ള വന്ദനോപചാരങ്ങൾ അനുഷ്ഠിച്ചു. വാത്സല്യപൂർവ്വം സത്കൃതനാകേണ്ട ഒരു യുവാവിന്റെ സാന്നിദ്ധ്യത്തെ കേശവനുണ്ണിത്താൻ ഗ്രഹിച്ചതായിപ്പോലും നടിച്ചില്ല. ചിന്താകലാപംകൊണ്ട് ഉഷ്ണിച്ച മൂർദ്ധാവിലെ പൂർവശിഖയ്ക്കിടയിൽ വിരലുകൾ ചേർത്ത് ആ പ്രദേശത്തെ തടവിക്കൊണ്ട് ഉണ്ണിത്താൻ പ്രവേശനത്തളംവഴിക്കു പടിഞ്ഞാറുള്ള ഗ്രന്ഥശാലയിൽ പ്രവേശിച്ചു. വടക്കേ വാതലിനുസമീപം കുഞ്ഞിപ്പെണ്ണിന്റെ ഛായാനിപാതം ഉണ്ടാവുകയാൽ കോപപ്രഭാഷണത്തിലെ ഗണപതിക്കു കുറിപ്പായി ചില മന്ത്രാക്ഷരങ്ങളെ അദ്ദേഹം അതിഖരഘോഷധ്വനികളിൽ ഉച്ചരിച്ചു. യജമാനന്റെ മുഖഭാവം എന്തെന്നറിഞ്ഞു സ്വനായികയെ ധരിപ്പിച്ചു സമ്മാനം വാങ്ങാൻ പുറപ്പെട്ടിരുന്ന കുഞ്ഞിപ്പെണ്ണ് ഗൃഹസാർവഭൗമനാൽ ഉച്ചൈസ്തരശബ്ദങ്ങൾ മാത്രംകൊണ്ടു ഭർത്സിക്കപ്പെട്ടപ്പോൾ, "ഇങ്ങെങ്ങാന്റെ ഒരു കിന്റി ഇരുന്നേ. അതു നോക്കി എടുത്തോന്റ് ഇതാ പോനെ" എന്നു സമാധാനസമർപ്പണം ചെയ്തു. പെണ്ണിന്റെ പ്രാകൃതഭാഷണവും അതിലധികം വികൃതമായ അവളുടെ വിറയലുകളും കോപപ്രകടനത്തിന് ഉചി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/33&oldid=168183" എന്ന താളിൽനിന്ന് ശേഖരിച്ചത്