Jump to content

താൾ:Ramarajabahadoor.djvu/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മീനാക്ഷിഅമ്മ: "അതെല്ലാം വിടിൻ കുഞ്ഞുങ്ങളേ. കുട്ടാ! പടകേറിയാൽ ഈ പടുത്തടിക്കാർ എന്തു ചെയ്യും? ഇപ്പോൾത്തന്നെ എല്ലായിടത്തും കവർച്ചയും കൊലപാതകവും കിടക്കപ്പൊറുതിയില്ലാതാക്കുന്നു.

സാവിത്രിക്കുട്ടി: "രാമവർമ്മത്തുവീട് കൊള്ളയിടുമെന്നു പേടിക്കേണ്ടമ്മാ. ദിവാൻജി അമ്മാവന്റെ കണ്ണൂചെല്ലാത്ത കാര്യം രാജ്യത്തിൽ എന്തോന്നുണ്ട്?"

ത്രിവിക്രമകുമാരൻ: "ദിവാൻജി അമ്മാവന്റെ സൂക്ഷിപ്പുകാരി സാവിത്രിപ്പിള്ള ഉള്ളപ്പോൾ പടയെയും പേടിക്കേണ്ടല്ലോ."

സാവിത്രിക്കുട്ടി: "എന്നെ സാവിത്രിപ്പിള്ള എന്നു വിളിക്കരുത്."

ത്രിവിക്രമകുമാരൻ: "ഓഹോ! തെറ്റി. കൊച്ചുകുഞ്ഞമ്മ എന്നാണല്ലോ ഇനി വിളിക്കേണ്ടത്. ടിപ്പുവിന്റെ പീരങ്കിമേളം ഒന്നു കേൾപ്പാൻ രസമുണ്ടോ?"

സാവിത്രിക്കുട്ടി: "ചിലരെപ്പോലെ കിടുങ്ങാതെ കേൾക്കാം. ചേട്ടാ കൂട്ടിക്കൊണ്ടുപോകണം. കിളരമില്ലെങ്കിലും ഒരിടനിറയ്ക്കാൻ ചതയുണ്ട്."

മീനാക്ഷിഅമ്മ: "ഭ്രാന്തു പറയാതെ."

സാവിത്രിക്കുട്ടി: "ഭ്രാന്തോ അമ്മേ? കൊച്ചാശാൻ ചൊല്ലിക്കേട്ടിട്ടില്ലേ, 'തള്ളയ്ക്കിട്ടൊരു തല്ലുവരുമ്പോൾ പിള്ളയെടുത്തു തടുക്കേയുള്ളു' എന്ന്? വേണ്ടി വന്നാൽ, ചേട്ടാ അമ്മ പറയുന്നതു വകവയ്ക്കേണ്ട. എന്നായാലും ഒരിക്കൽ ചാകണ്ടയോ? രാജ്യവും പെറ്റമ്മയും ഒന്നുപോലെ."

ത്രിവിക്രമകുമാരൻ: "അതാ അങ്ങനെ വരട്ടെ. എന്തായാലും കളരിയും കുറുപ്പും ഒന്നല്ലയോ?"

മീനാക്ഷിഅമ്മ: "വിക്രമാ! കുരങ്ങിനെ കള്ളുകുടിപ്പിക്കകൂടി ചെയ്യാതെ."

സാവിത്രിക്കുട്ടി: "കർമ്മം ഇഴുത്താൽ പോകാണ്ട് എന്തു ചെയ്യും?"

സൂക്ഷ്മഗ്രാഹിയായ ഒരു ഗൗളിയുടെ ശബ്ദം ആകാശവാണിപോലെ ധ്വനിച്ചു. മീനാക്ഷിഅമ്മയുടെ മുഖം വിവർണ്ണവും അവരുടെ കൈകൾ ദുശ്ശകുനപരിഹാരാർത്ഥമുള്ള പ്രാർത്ഥനയിൽ മുകുളീകൃതവും ആയി. തിരുവനന്തപുരത്ത് എത്തിയതിന്റെശേഷം തന്റെ ബാല്യസഖി ഒരു ശിശുപാലനു ദത്തയായിരിക്കുന്നു എന്നു കേട്ട ജനപ്രവാദം ഭോഷ്ക്കുതന്നെ എന്നു ബോദ്ധ്യപ്പെട്ട്, വിക്രമകുമാരൻ ഗൗളിയെ ശുഭധ്വനികർത്താവായി അഭിമാനിച്ചു. ഗൗളിയുടെ ശബ്ദത്താൽ ഖണ്ഡിക്കപ്പെട്ട സംഭാഷണം വീണ്ടും ആവർത്തിക്കാൻ സംഗതിവരുന്നതിനുമുമ്പിൽ, കുഞ്ഞിപ്പെണ്ണ് ആ രംഗത്തു ഝടിതി പ്രവേശിച്ച്. "വലിയങ്ങുന്ന്" എന്നു പറഞ്ഞ്, അദ്ദേഹം മടങ്ങിയെത്തുന്ന വിവരത്തെ ധരിപ്പിച്ചു. ആ അഭിവന്ദ്യനെ കണ്ടു തൊഴാനായി ത്രിവിക്രമകുമാരൻ താൻ വീണ്ടും മടങ്ങി എത്തുമെന്നുള്ള ആംഗ്യപ്രതിജ്ഞയാൽ സാവിത്രിയോട് അനുമതി വാങ്ങിക്കൊണ്ട് നാലുകെട്ടിന്റെ കിഴക്കേവശത്തിലേക്കു തിരിച്ചു.

കേശവനുണ്ണിത്താൻ പൊക്കത്തിലും പ്രൗഢിയിലും വളർന്ന് അച്ഛന്റെ ചരമഗതികൊണ്ട് സമുദായനേത്രത്തിനുണ്ടായിട്ടുള്ള

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/32&oldid=168172" എന്ന താളിൽനിന്ന് ശേഖരിച്ചത്