Jump to content

താൾ:Ramarajabahadoor.djvu/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മ്മിണിയമ്മയുടെയും പ്രഥമപുത്രനായുള്ള ഈ യുവാവ് അമ്മയുടെ പൊക്കത്തിനും സൗന്ദര്യപുഷ്ടിക്കും അച്ഛന്റെ കായബലിഷ്ഠതയ്ക്കും സൗജന്യസൗശീല്യങ്ങൾക്കും ഒരു പ്രതിച്ഛായയായിരുന്നു. കാമദേവകൃതാന്തന്മാർ തങ്ങളുടെ ശിവദ്രോഹപാപത്തെ പരിഹരിപ്പാൻ ഏകശരീരം കൈക്കൊണ്ടു മനുഷ്യജന്മം അവലംബിച്ചതുപോലയുള്ള ആ ശരീരം പുരാണകഥാനായകന്മാരുടെ വീര്യപ്രഭാവങ്ങൾ കലികാലജീവികൾക്കു പ്രത്യക്ഷമായി കാണുമാറാക്കുന്നു. കുട്ടിക്കാലത്തുതന്നെ മാതാമഹനായ പടത്തലവനാൽപ്പോലും 'കുഞ്ചുഭീമൻ' എന്നു കളിയാക്കപ്പെട്ടുവന്ന ഈ യുവാവിന്റെ ചേഷ്ടകളിൽ ഒരു 'വലിയുണ്ണി'ത്തംകൂടി സങ്കലനം ചെയ്തിരുന്നത് ആ യുവാവിനെ പരിചയചക്രത്തിന്റെ ഹാർദ്ദമായ സ്നേഹാദരങ്ങൾക്കു പാത്രമാക്കി. സംഹാരശക്തി അതിനെ ബന്ധനം ചെയ്തുള്ള സുവർണ്ണപ്രാകാരത്തെ തകർത്തു പുറത്തുചാടാൻ യത്നിച്ച് ആ ശ്രമം ഫലപ്പെടാതെ ഉള്ളിൽക്കിടന്നു തിക്കിത്തിരക്കി പ്രസരിക്കുംപോലെ ആ ശരീരത്തിൽ കാണുന്ന ജീവച്ഛക്തി ഒരു ചെറുപടയോട് അനന്യസഹായമായി നേരിട്ടു വിജയിക്കാൻ പോരുന്നതായിരുന്നു. കുടുംബപ്രാധാന്യംകൊണ്ടും പടക്കളരിയിലെ അഭ്യസനത്തിൽ പ്രകടിപ്പിച്ച കാർത്തികേയത്വംകൊണ്ടും ഈ ഇരുപതാം വയസ്സിൽത്തന്നെ വേണാട്ടുസേനയുടെ അശ്വപംക്തിയിൽ ഉള്ള ഉപനായകസ്ഥാനം സമ്പാദിച്ചിരിക്കുന്ന ത്രിവിക്രമകുമാരൻ പരേതനായ പടത്തലവന്റെ ചരമാജ്ഞ അനുസരിച്ച് ദിവാൻ കേശവപിള്ളയുടെ അംഗരക്ഷകസ്ഥാനം വഹിച്ചു വരുന്നു.

ഉദയത്തിലെ നിത്യകർമ്മങ്ങൾക്കെന്ന ഭാവത്തിൽ പുറപ്പെട്ട മീനാക്ഷിഅമ്മ ഗൃഹച്ഛിദ്രഭയത്താൽ അത്യാതുരയായി, തന്റെ ശയ്യയിലേക്കു മടങ്ങിയിരുന്നു. സൃഷ്ടിയാൽത്തന്നെ പരസ്പരാവലംബത്തിന് ഉദ്ദിഷ്ടമെന്നു തോന്നിപ്പിക്കുന്ന ആ കോമളവിഗ്രഹയുഗ്മത്തിന്റെ മത്സരകലാപങ്ങൾ ഒന്നും കൂടാതുള്ള പുറപ്പാടു കണ്ടപ്പോൾ അവരുടെ സംഘടനയെ അല്പം മുമ്പു പ്രതിരോധിച്ച മീനാക്ഷിഅമ്മയുടെ കണ്ണുകളിൽ ആനന്ദാശ്രു പെരുകി. ആ കാമുകവേഷക്കാരന്റെയും സഹോദരീഭാവക്കാരിയുടെയും ചേഷ്ടാവ്യത്യാസങ്ങൾ ആ മഹതിയുടെ മുഖത്ത് ഒരു പുഞ്ചിരി ഉദിപ്പിക്കുകയും ചെയ്തു. മാതാവിന്റെ ഈ പരിവർത്തനം തന്റെ ഇഷ്ടാനുസാരം സ്വബന്ധുവിനെ പൂർവ്വവൽ കളിയാക്കുവാൻ സാവിത്രിക്കുട്ടിയെ ധൈര്യപ്പെടുത്തി. മാതാവിന്റെ അടുത്തു ചേർന്നുനിന്നുകൊണ്ട് വിക്രമകുമാരനെ ചൂണ്ടിക്കാട്ടീട്ട് ഇങ്ങനെ തന്റെ സൽക്കാരത്തെ പുറത്തു ചാടിച്ചു: "കണ്ടില്ലയോ അമ്മാ? ഇപ്പോൾ ആരെപ്പോലെ ഇരിക്കുന്നു? ആർക്കാട്ടുനവാബോ ഇങ്ങോട്ട് ആക്രമിക്കാൻ പോകുന്ന സുൽത്താനോ?"

ത്രിവിക്രമകുമാരൻ മീനാക്ഷിഅമ്മയെ തൊഴുതുകൊണ്ട് ഭാഷണസംഗ്രാമത്തിൽ സാവിത്രിയോട് ഇടയുവാൻ രസനായുധം വീശി അടുത്തു: "അമ്മച്ചീ! ഇവിടത്തെ സാവിത്രിക്കുട്ടി, ഞാൻ കൊച്ചിലേ എഴു

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/30&oldid=168150" എന്ന താളിൽനിന്ന് ശേഖരിച്ചത്