രാമരാജാബഹദൂർ/അദ്ധ്യായം പതിനഞ്ച്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
രാമരാജാബഹദൂർ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം പതിനഞ്ച്
[ 162 ]
അദ്ധ്യായം പതിനഞ്ച്

"ഇങ്ങനെ ചൊല്ലിക്കരഞ്ഞു കാലുംപിടി-
ച്ചങ്ങനെ താര നമസ്കരിക്കുംവിധൗ
വ്യാകുലഹീനം പുണർന്നു പുണർന്നനു-
രാഗവശേന പറഞ്ഞിതു ബാലിയും
സ്ത്രീ സ്വഭാവംകൊണ്ടു പേടിയായ്കേതുമേ"


ഐശ്വര്യപ്രചുരിമകൊണ്ടു സമുജ്ജ്വലമായിരുന്ന കേരളഭൂലക്ഷ്മിയുടെ ദിവ്യമായുള്ള അംഗസൗഷ്ഠവത്തെ പാശ്ചാത്യവെൺകളിപ്പൂച്ചുകൊണ്ടു പരിഷ്കരിച്ചപ്പോൾ ആ പ്രതിഷ്ഠയുടെ സാക്ഷാലുള്ള ഹോമദ്യുതി പാണ്ഡുരപ്രഭയായി. ആന്ധ്യകാലം എന്നു സങ്കല്പിക്കപ്പെടുന്ന ആ പ്രാചീനദശകളിൽ ജനിച്ച സമുദായാംഗങ്ങൾ ഗാത്രവൈപുല്യത്തിൽ ജയദ്രഥന്മാരും ആത്മാഭിമാനമഹത്ത്വത്തിന്റെ സംരക്ഷണത്തിൽ അർജ്ജുനന്മാരും രക്തച്ഛിദ്രകർമ്മത്തിൽ ജാമദഗ്ന്യന്മാരും പരിശ്രമസാഹസങ്ങളിൽ ഭഗീരഥന്മാരും ആയിരുന്നു. ഭൂതകാലനിരയുടെ അവസാനശിഖരത്തെ തരണംചെയ്തു ജീവിക്കുന്ന നിഷ്പക്ഷവാദികൾ അതീതകാലത്തിന്റെ ഈ ഹൃദയംഗമതയെ സമ്മതിക്കുമായിരിക്കാം. പെരിഞ്ചക്കോടൻ ഖലനും തസ്കരനും പക്ഷേ, നരമേധിയും ആയിരുന്നു എങ്കിലും അയാൾ ആ നികൃഷ്ടമായുള്ള അഗാധതയിൽ നിപാതംചയ്തുപോയതു സന്ദർഭവൈരുദ്ധ്യങ്ങളുടെ നിർബ്ബന്ധഭാരത്താൽ ആയിരിക്കാം. മത്സരം മനുഷ്യരെ ഉത്തമമായ ഉന്നതമാർഗ്ഗങ്ങളിലോട്ടും അഘപൂർണ്ണമായുള്ള ഗർത്തപ്രദേശങ്ങളിലോട്ടും ചരിപ്പിക്കുകയോ വ്യതിചലിപ്പിക്കുകയോ ചെയ്യുന്നു. ദാരിദ്രജമായ തൃഷ്ണയും മത്സരത്തിനു തുല്യംതന്നെ, ജീവിതപദ്ധതിയുടെ സ്വീകാരവിഷയത്തിൽ മനുഷ്യപാദങ്ങളെ നിയന്ത്രണം ചെയ്യുന്നു. സ്വീകൃതമായ പന്ഥാക്കളുടെ അനുകരണംകൊണ്ടു വിപരീതഗതികന്മാരായ രണ്ടു വർഗ്ഗക്കാർ വിവിധങ്ങളായ യശസ്സുകളെ സംഭരിച്ചു. പെരിഞ്ചക്കോടൻ ദുഷ്പഥപ്രവേശംകൊണ്ടു ദുര്യശസ്സിനെ, കേശവപിള്ള സുയശസ്സിനെ എന്നപോലെതന്നെ സമ്പാദിച്ചിട്ടുള്ള ഒരു [ 163 ] ദൃഢപാദൻ ആയിരുന്നു. തന്റെ ചാരപ്രധാനനായ കുഞ്ചൈക്കുട്ടിപ്പിള്ളയുടെ ദൃഷ്ടിമാർഗ്ഗേണ പാണ്ടയുടെ തിരുവനന്തപുരത്തുള്ള സങ്കേതം കണ്ടുപിടിച്ച് അവിടത്തെ ഭടസംഘത്തെ നിഗ്രഹിച്ചും ഓടിച്ചും അമർത്തിയത് മന്ത്രിയുടെ ഒരു സാമർത്ഥ്യംതന്നെ ആയിരുന്നു. എന്നാൽ ആ ക്രിയയ്ക്ക് അനുമതി നല്കിയ ബുദ്ധി പെരിഞ്ചക്കോടന്റെ ചിത്തസ്വരൂപത്തെ സൂക്ഷ്മഗ്രഹണം ചെയ്തതായി അനന്തരസംഭവങ്ങൾ തെളിയിക്കുമോ എന്നു സംശയിക്കേണ്ടതായിരിക്കുന്നു. രക്ഷാശിക്ഷാദികൾ സാധിക്കുവാൻ നരജന്മം എടുക്കുന്ന ഈശ്വരന്മാരും ജളപ്രക്ഷേപണംകൊണ്ടു മാത്രം അവരവരുടെ അവതാരോദ്ദേശ്യങ്ങളെ നിറവേറ്റുന്നില്ല. അവരവരുടെ പരിശ്രമപർവ്വങ്ങൾതന്നെ അപൂർണ്ണദർശനം എന്നുള്ള ക്ഷീണം ഭൂജീവിതസഹജമെന്നു തെളിയിക്കുന്നതുകൊണ്ട് കേശവപിള്ളയിൽ വല്ല ബുദ്ധിന്യൂനതയും കാണുന്നുണ്ടെങ്കിൽ അതു ക്ഷന്തവ്യമാണ്.

പറപാണ്ടയുടെ പാളയനഷ്ടം കണ്ടു ക്ഷീണിച്ച പെരിഞ്ചക്കോടൻ ഒട്ടുകഴിഞ്ഞപ്പോൾ ഉൽക്കൂലമായ കോപാഹങ്കാരത്തോടെ "അവന്റെ കണ്ണിൽ നിന്നു തീച്ചോര" എന്ന് ഒരു ഘോരപ്രതിജ്ഞയെ മന്ത്രിച്ചു. ചാകാതെ ശേഷിച്ച ഭടജനത്തെ വരുത്തി ഏതുവിധവും പെരിഞ്ചക്കോട്ടുകാവിൽ എത്തിക്കൊള്ളുന്നതിന് ആജ്ഞയും കൊടുത്തു ഗൃഹത്തിലേക്കു മടങ്ങാൻ താനും പുറപ്പെട്ടു കരമനനദിയുടെ മറുകരയിൽ എത്തിയപ്പോൾ രാജ്യാധികാരികളുടെ പ്രതിനിധികൾ ദക്ഷിണദിക്കിലേക്കുള്ള അയാളുടെ യാത്രയെ പ്രതിരോധിച്ചു. ആ ഭീമകായം പുറകിലുള്ള നദീജലത്തിൽ ആശിരസ്നാനംചെയ്തു. അവിടെ മുങ്ങിയ ആ ഭീമശരീരത്തെ വീണ്ടും കാണാഴികയാൽ രാജ്യകാര്യനിർവ്വാഹകന്മാരിൽ താണപടിക്കാരായ പ്രതിരോധികൾ താടിക്കു കൈകൊടുത്ത് ആശ്ചര്യപ്പെട്ടും നിലാവുവെളിച്ചം നോക്കി ആനന്ദിച്ചും നിലകൊണ്ടു. രാജശാസന അല്ലെങ്കിൽ മന്ത്രിശാസനയുടെ പ്രയോഗശക്തി പെരിഞ്ചക്കോടന്റെ സംഗതിയിൽ തല്ക്കാലം അവിടെ അവസാനിച്ചു.

ഒന്നുരണ്ടു സംവത്സരങ്ങൾക്കു മുമ്പ്, പെരിഞ്ചക്കോടന്റെ ഘണ്ടാകർണ്ണബഹുലം അദ്ദേഹത്തിന്റെ സങ്കേതത്തെ വലയം ചെയ്തിരിക്കെത്തന്നെ പ്രാണഭയം ഇല്ലാത്ത അഴകൻപിള്ളയ്ക്ക് ആ ധേനുകവനത്തിനകത്തുള്ള പ്രതിഷ്ഠയെ ഒന്നു കാണണമെന്നു മോഹം ഉണ്ടായി. അയാൾ അവിടത്തെ കണ്ടകപ്രകാരങ്ങളെയും മതിൽക്കോട്ടയെയും തരണംചെയ്തു രണ്ടൂ വനയക്ഷികളെ കണ്ടു. ആ ഓമൽകൗതൂഹലത്തെ ആസ്വദിപ്പാൻ യജമാനനെയും ആകുഞ്ജസദനത്തിൽ അഴകൻപിള്ള പ്രവേശിപ്പിച്ചു. ഇങ്ങനെ ദേവകിയും കല്ലറയ്ക്കൽപിള്ളയും അഴകുശ്ശാരുടെ ചിത്രലേഖാകർമ്മങ്ങളാൽ ഉഷാനിരുദ്ധന്മാരായി സംഘടിക്കപ്പെട്ടു. എന്നിട്ടും, അച്ഛനായ ബാണപ്രഭുവെക്കുറിച്ചുള്ള സ്നേഹത്താൽ, ഈ ഉഷഃപുരാണത്തിലെ ഉഷയെപ്പോലെ 'കന്യാഗൃഹത്തിൽ പുരുഷവസനങ്ങൾ കാണ്മാനും മറ്റും സംഗതി ആക്കിയിട്ടില്ല. തടസ്സങ്ങൾ [ 164 ] വർദ്ധിക്കുമ്പോൾ അതുകളെ ഭഞ്ജിപ്പാൻ പുരുഷവീര്യമുള്ളവർ ദേഹത്യാഗത്തിനും സന്നദ്ധരാകും. കല്ലറയ്ക്കൽപിള്ള തന്റെ ഗൃഹത്തിൽനിന്ന് അല്പം ദൂരത്തായി 'ദേവികോട്' എന്ന ഭവനം സ്ഥാപിച്ചിട്ടുള്ള ദിവാൻജിയായ സർവ്വശക്തന്റെ അടുത്തെത്തി സ്വാഭിലാഷം ധരിപ്പിച്ചു. "യുദ്ധം കഴിയട്ടെ" എന്നു മാത്രം ആ മഹാനുഭാവനിൽനിന്ന് ഉണ്ടായ അനുഗ്രഹത്തെ പുരസ്കരിച്ച് അദ്ദേഹം അടങ്ങിപ്പോന്നു. എന്നാൽ, താമസംകൂടാതെതന്നെ പെരിഞ്ചക്കോട്ടെ വനദേവികൾ കല്ലറയ്ക്കൽപിള്ളയുടെ അധീനത്തിൽ, മന്ത്രിയുടെ ആജ്ഞാനുസാരം സംസ്ഥിതകൾ ആക്കപ്പെട്ടപ്പോൾ ആ കാമദേവാനുഗൃഹീതൻ പെരിഞ്ചക്കോടനായ കാലദേവന്റെ ദണ്ഡനിപാതത്തെ പേടിച്ചു. യുദ്ധം നിമിത്തം രാജ്യത്തിലെ പ്രധാന സേനാപംക്തികളുടെ സഹായം കിട്ടുവാൻ തരമില്ലാത്ത ആ സന്ദർഭത്തിൽ മൂലബലസഹിതം പെരിഞ്ചക്കോടൻ മടങ്ങി എത്തിയാൽ തന്റെ മൂന്നാം സ്ഥാനാധികാരം ഉപേക്ഷിച്ചിട്ടു രക്ഷയ്ക്കായി വല്ല പാതാളവും തേടേണ്ടിവരും എന്നു ഭയപ്പെട്ടു തന്റെ പ്രിയദർശനത്തിന് ഉഴറാൻപോലും ഒരുങ്ങാതെ കാര്യാന്വേഷണഭാഗങ്ങൾ മാത്രം നിർവ്വഹിച്ചു നടന്നു. ആ തക്കത്തിൽ 'ഉഷാനിരുദ്ധം' നിറവേറ്റാതെ, മദനേശ്വരദ്വേഷികളായി വർത്തിക്കുന്നവരെ ശാസിച്ച് അഴകൻപിള്ള ലക്ഷ്മിഅമ്മയോടും തന്റെ യജമാനനോടും തോറ്റിട്ട് ഒരു നിശാരംഭത്തിലെ സ്വൈരാവസരം നോക്കി ദേവകിയോട് ഇടഞ്ഞു. "അങ്ങ് കല്ലറയ്ക്കപ്പോണു പാത്തൂടാണ്ട് ഈ ആളുകളെ ഇട്ടു ചെമ്മച്ചനി പിടിപ്പിക്കണതെന്തിനപ്പീ?" എന്ന് അയാളിൽനിന്നുണ്ടായ ചോദ്യത്തിന് ദേവകി ഇങ്ങനെ മറുപടി പറഞ്ഞു: "ഇന്ന് അങ്ങോട്ടു ചാടിപ്പോന്നാൽ നാളെ മറ്റൊരേടത്തേക്കും ചാടിപ്പോവും എന്ന് അദ്ദേഹം വിചാരിക്കും."

അഴകൻപിള്ള: "എന്നാപ്പിന്നെ അതേതു പെണ്ണുങ്ങക്കു വയ്യാത്ത്; എന്നുവച്ചു പെണ്ണുകൊള്ളയും പൊറുപ്പിക്ക്യയും ചെയ്യണാരില്യോ?"

ലക്ഷ്മിഅമ്മ: "ഞെരുക്കണ്ട അഴകൻപിള്ളേ. എലങ്കം പോയതിനെക്കുറിച്ചു വലിയ ശണ്ഠകൂട്ടിക്കൊണ്ടു തിരിച്ചെത്തും. അപ്പോഴത്തെ ദേഷ്യം ഒന്നു ശമിച്ചിട്ട് എല്ലാം ആലോചിക്കാം."

അഴകൻപിള്ള: "അതുവരെ അപ്പൊ, ഈ വെരുവിലിട്ട കൂടെപ്പോലെ- ഹ്ഹ്- കൂട്ടിലിട്ട വെരുവെപ്പോലെ കിടപ്പാനോ?"

ലക്ഷ്മിഅമ്മ: "ചിലതൊക്കെപ്പറഞ്ഞുതീർത്തിട്ടേ വല്ലതും ഏർപ്പാടിന് ഒരുക്കാവൂ."

അഴകൻപിള്ള: "അഴകൂനും അറിയാം. പറഞ്ഞുതീർപ്പാനുംമറ്റും ഒന്നും ഇല്ല. കൊലവാസംചെയ്തു കഴുവേറ്റാൻ വിതിച്ചൂട്ടാലും, അഴകു പെയ് ഒരു കൈപാക്കുമ്പോ എഴുത്തും കിഴുത്തുമൊക്കെ അങ്ങു മറഞ്ഞു പോവാര്. അടിക്കടി ആളു വരുന്നാ? മൂന്നു പതിനഞ്ചെത്ര അമ്മച്ചീ, അത്രയും നന്നെലം അഴകനു കരമൊഴി ചാർത്തി അല്യോ കല്പിച്ചുതന്നൂട്ടാര്? ഇന്നു ചെന്ന് ഒന്നറവിച്ചൂട്ടാ തടുക്കാൻ ഏതു മന്നൻ? ഏതു മന്തിരി? തേവു അപ്പിക്കുവേണ്ടി അഴകനിതാ ചെന്ന് ഒരു വരം കേട്ടോണ്ടു വന്നൂടുണേ." [ 165 ]

ലക്ഷ്മിഅമ്മയുടെ മുഖം ചിന്താവേഗത്താൽ ചലിച്ചു എങ്കിലും അഴകുശ്ശാർക്കു മഹാരാജാവിനോടുള്ള സേവാബന്ധം എന്തെന്നു വിസ്തരിച്ചറിവാൻ അവർ ആഗ്രഹിച്ചു. സമയം കാത്തുനിന്നപ്പോൾ തിരുമുമ്പിൽ ചെല്ലുന്നതിനു കല്പന ആയി എന്നും കണ്ഠീരവരായരെ തന്നോടു സമരത്തിനു വിടണം എന്ന് അപേക്ഷിച്ചപ്പോൾ മഹാരാജാവ് ആലിലപോലെ വിറച്ചു എന്നും താൻ ആ രാജമന്ദിരം കിടുക്കി ഘോഷിച്ച പോർവിളി കേട്ട് കണ്ഠീരവൻ പുറത്തുചാടിയെന്നും ഉദയംമുതൽ അസ്തമയംവരെ പോരാടി അയാളുടെ അസ്ഥികൾ ആറായിരവും തകർത്ത് അയാളുടെ ഉത്തരീയത്തിൽ കെട്ടി അയച്ചു എന്നും തന്റെ പാടവങ്ങൾ കണ്ടുനിന്നിരുന്ന മഹാരാജാവ് ഉടനെതന്നെ "കൊണ്ടരട്ടെ ഉടവാൾ" എന്നു കല്പിച്ചു എന്നും അവിടുത്തെ തിരുവുള്ളംകൊണ്ടു ദത്തമായ ആ ഖഡ്ഗത്തെ തന്റെ യജമാനൻ പിടിച്ചുമേടിച്ചു കല്ലറയ്ക്കൽ ഭവനത്തിലെ കല്ലറയിൽ സൂക്ഷിച്ചിരിക്കുന്നു എന്നും മൂന്നു തടിക്കണ്ടം "എന്തരോധാരമേ തന്തതിപ്രബേശ്യമേ" അനുഭവിച്ചുകൊൾവാൻ കല്പിച്ചു നീട്ടെഴുതിവിട്ടു താൻ ഇപ്പോൾ യജമാനന്റെ "ഇത്തിരിയൊക്കെ അടുത്ത പന്തിയിൽ" നില്ക്കാനുള്ള ഗൃഹസ്ഥൻ ആയിരിക്കുന്നെന്നും മൂഴക്കു പൊളിയും ഒരു മണി പരമാർത്ഥവും ചേർത്ത് അഴകുശ്ശാർ വർണ്ണിച്ചു.

നാട്ടിൻപുറത്തെ പാർപ്പുകാർ അതതു ദേശത്തെ പ്രമാണികളെ ചക്രവർത്തികളായി ഗണിക്കുന്നു. കേവലം അജ്ഞതകൊണ്ട് രാജാധികാരത്തെപ്പോലും അവർ രണ്ടാം തരത്തിലാക്കി ചിലപ്പോൾ അനാദരിച്ചും കളയുന്നു. ഈ ഘട്ടത്തിൽ ലക്ഷ്മിഅമ്മയുടെ ആശയങ്ങളെ നിയമനം ചെയ്ത് പ്രമാണം സമുദായവിപുലതയെക്കുറിച്ച് അജ്ഞയായുള്ള ഒരു സ്ത്രീയുടേതെന്നു മാത്രമല്ല, ജനനത്താൽ ഒരു വിശിഷ്ടമായ പ്രാധാന്യത്തെ അവകാശപ്പെടുന്നവളുടേതും ആയിരുന്നു. അതിനാൽ അവരുടെ ചിത്തമാനത്തിൽ സ്വപുത്രിയുടെ വിവാഹത്തിനു രാജസഹായത്തെ പ്രാർത്ഥിക്കുന്നതു കേവലം ഒരു നിഷാദകർമ്മം ആണെന്നു തോന്നി. ഭർത്താവായ വിശ്വംഭരന് എതിരായുള്ള ഒരു ശക്തിയെ സങ്കല്പിക്കുകയും അവരുടെ ബുദ്ധിക്ക് അശക്യമായിരുന്നു. അഴകുശ്ശാരുടെ വർണ്ണനയിലെ രസമർമ്മം എന്തെന്നുപോലും ഗ്രഹിപ്പാൻ നിസ്സർഗ്ഗരൂഢമായ അവരുടെ കൂപമണ്ഡൂകതയാൽ അവർക്കു കഴിവുണ്ടായില്ല. തന്നിമിത്തം അഴകുശ്ശാരുടെ മാദ്ധ്യസ്ഥ്യം അനർത്ഥകരമായല്ലാതെ, ശുഭോദർക്കമായി പര്യവസാനിക്കുക ഇല്ലെന്ന് അവർക്കു തോന്നി, അതിനെ അവർ നിരാകരിച്ചു.

അഴകൻപിള്ള: "ഒന്നും വരമാട്ടാരമ്മച്ചീ!"

ഒരു കോണിലെങ്ങാണ്ടോ, (ത്രിവിക്രമന്റെ സ്വാതന്ത്ര്യപ്രയോഗത്തിനു വിരുദ്ധമായി) ഭാവിമാതുലിയുടെ മുമ്പിൽ പ്രവേശിക്കാതെ മറഞ്ഞുനിന്നിരുന്ന കല്ലറയ്ക്കൽപിള്ള സ്വഭൃത്യന്റെ ഭരമേൾപ്പിനെ ശാസിച്ചു: "നിനക്കു പൈത്യം പിടിച്ചുപോയി. പെരിഞ്ചക്കോട്ടണ്ണൻ എപ്പോൾ [ 166 ] കേറിവരുമെന്നറിഞ്ഞുകൂടാ. നീ തെന്തനം വഴിക്കു നടപ്പാൻ പോയാൽ വല്ല ചൂനുകളും വന്നു തലയിൽ കേറും."

അഴകൻപിള്ള: (ദേഷ്യത്തോടെ) "ഒന്നീ അഴകു ചൊല്ലുമ്പോലെ അങ്ങുന്നു കേക്കണം. അല്ലേങ്കി അങ്ങുന്നു നടക്കുണതു അഴകു ചൊല്ലുമ്പടി. അല്ലാണ്ട് ഈ നാലും മൂന്നും നെനച്ചോണ്ടിരുന്നാ, നന്മ വഹുക്കമാട്ടാര്. അങ്ങുന്നു ചെന്നൺ ആ എലങ്കത്തിടിലില് ശെവനേന്നിരിക്കണം. അഴകു ചെന്ന് എന്തരിനെല്ലാം നീട്ടും ശിട്ടിയും പിടിച്ചോണ്ടുവരുണെന്നു പാത്തോളണം."

ലക്ഷ്മിഅമ്മ: "എന്റെ അഴകുശ്ശാരേ! താനിത്ര അടങ്ങി ഇരിക്കു. എവടെ അച്ഛന്റെ മനസ്സ് എങ്ങനെ എന്നറിഞ്ഞ്."

അഴകൻപിള്ള: "ചെക്കെന്നു ചൊല്ലുമ്പം കൊക്കെന്നു കേട്ടോ ണ്ടാ... ഹല്യോ? ആ മനം വരുത്താനല്യോ അഴകു പോണത്. അമ്മച്ചീ ഈ കല്പനാന്നു ചൊല്ലുണില്യോ പൊന്നുതമ്പുരാന്റെ കല്പന, അതു കല്ലേപ്പിളപ്പാര്."

ഈ വാക്കുകൾ കേട്ട് ലക്ഷ്മിഅമ്മ അല്പനേരം ചിന്തയോടിരുന്നു. രാജകല്പനയോ? സമുദായകല്പന, അല്ല സംഘകല്പന. ഈ മൂന്നാമത്തേത് എന്തെന്നു തനിക്കു രൂപം ഉണ്ട്. അതു കല്ലുകളെയല്ല, എല്ലുകളെയുമല്ല, ആത്മാവുകളെ തകർക്കുന്നു. ജന്മജന്മാന്തരമോക്ഷത്തെ നഷ്ടം ആക്കുന്നു. കല്പന എന്നുള്ള ശിലാഭേദകശക്തിയെ വഹിക്കുന്ന മഹൽകേന്ദ്രം അതിനിസ്സാരങ്ങളായ സംഘകേന്ദ്രങ്ങൾ മുക്തങ്ങളാക്കുന്ന അശ്മശലാകകളാൽ സംഭവിക്കപ്പെടുന്ന ദുരിതസമുച്ചയങ്ങളെ പ്രതിബന്ധിപ്പാൻ ശക്തി വഹിക്കുന്നുവോ? ഇല്ലെങ്കിൽ അതിന്റെ മാഹാത്മ്യം എന്ത്? ഈ ചിന്തകളൂടെ അവസാനത്തിൽ ഇങ്ങനെ ഒരു ക്ലേശോച്ചാരണവും അവരുടെ ഹൃദയനാളത്തിൽനിന്നു മുക്തമായി. "അതേ അഴകുശ്ശാരെ, ചിലരുടെ നെഞ്ചിനകത്തുള്ള കല്ലിനെ അതു തകർക്കുമോ എന്നു സംശയമുണ്ട്."

തനിക്കു ദൈവകൃപയാൽ ശരിയായ രക്ഷ കിട്ടിയിരിക്കെ ഈ ക്ലേശം അവിഹിതം അല്ലേ എന്ന് ലക്ഷ്മിഅമ്മ സ്വയം ശാസിക്കുന്നതിനിടയിൽ അവരുടെ അഭിപ്രായത്തെ പ്രത്യാദേശിച്ചു പുത്രിയും അഴകുശ്ശാരും നിൽക്കുന്നതിനെ പരിഗണിക്കാത്ത ഒരു ദീർഘഹസ്തം അവരെ ആവരണം ചെയ്തു.

അഴകുശ്ശാർ മുറ്റത്തോട്ടു ചാടി ചാഞ്ഞുനിന്നിരുന്ന വൃക്ഷശാഖവഴി ചന്ദ്രബിംബം ചേർന്ന് അഭയം പ്രാപിക്കാൻ എന്നപോലെ അംബരം എത്തി. അഭിലഷിച്ചുകൊണ്ടിരുന്ന ദർശനത്തിന്റെ ലബ്ധിയിൽ ഉദിതമായ ആനന്ദത്താൽ അരുണിതമായ മുഖത്തോടെ ദേവകി അച്ഛന്റെ ദക്ഷിണഹസ്തത്തെപ്പിടിച്ചു തന്റെ ദേഹത്തെ വലയം ചെയ്യിച്ചു. ഖലനും അസുരനും നാരകീയനും ആയ ആ ഹിമവൽകായന്റെ ഉന്നതനിരകളിലുള്ള ജലസുരഭികൾ രണ്ടിലും നിന്നു ദ്വിവിധമായുള്ള അമൃതധാരകൾ പ്രവഹിച്ച് ആ അവലംബിനീയുഗ്മത്തെ അഭിഷേകം ചെയ്തു. കിഴക്കേ [ 167 ] നന്തിയത്തു വിവാഹകർമ്മത്തിനായി ഒരുക്കപ്പെട്ട ദീപശിഖകൾ എന്നപോലതന്നെ ആ ചെറുമന്ദിരമായുള്ള ആരാമവേദിയിൽ വിളങ്ങിയിരുന്ന ദീപവും മുഹൂർത്തത്തിന്റെ ഐക്യത്താൽ ഇടം ചുറ്റി വീശിയതു രംഗസ്ഥിതജനങ്ങൾ കാണുകയോ ആ ലക്ഷണത്താൽ ജല്പിതമായ ശുഭാശുഭത്തെ ഗ്രഹിക്കുകയോ ചെയ്തില്ല.

പെരിഞ്ചക്കോടൻ അയാളുടെ ഭീമഹസ്തങ്ങൾ വലയംചെയ്തുനില്ക്കുന്ന സ്ത്രീകൾ-ഇവരുടെ ഹൃദയത്രയത്തിന്റെ സംയോജ്യാവസ്ഥ ഗ്രന്ഥകാരന്മാരുടെയോ ഗ്രന്ഥോപഭോക്താക്കളുടെയോ വീക്ഷണത്തിനു വിഷയീഭവിച്ചുകൂടാത്തതായ പാവനമാഹാത്മ്യത്തോടുകൂടിയതായിരുന്നു. ആര്യധർമ്മത്തിന്റെ പ്രചാരാബ്ധിയിൽ ബഹുകോടി സതികൾ ഭർത്തൃശരീരങ്ങളോടൊന്നിച്ചു ചിതാരോഹണം ചെയ്തിട്ടുണ്ട്. പ്രണയകഥകൾ ലോകവിശ്രുതിയെ സമ്പാദിക്കുമാറുള്ള സാഹിത്യരൂപങ്ങളിൽ പ്രഖ്യാപിതങ്ങളും ആയിട്ടുണ്ട്. എന്നാൽ, ഭർത്താവിന്റെ ശിവപൂജാസമാപനത്തിലുള്ള ഭസ്മം ഉണ്ടാക്കാൻ സ്വദേഹത്തെ ദഹിപ്പിച്ച ഒരു പുളിന്ദിയുടെ ത്യാഗകർമ്മം അനുകരിച്ച ഒരു ഹരിശ്ചന്ദ്രനോടോ രുഗ്മാംഗദനോടോ പുരാണകഥകൾ മാർഗ്ഗേണ ലോകം പരിചയപ്പെടുന്നില്ല. 'പുളിന്ദ'ന്മാരുടെ അഭാവം പ്രത്യക്ഷമാക്കുന്ന ധർമ്മങ്ങളുടെ അനുയായികൾ പെരിഞ്ചക്കോടന്റെ പ്രണയപ്രകടനം കേവലം മൃഗീയമെന്നു വിവക്ഷിച്ചേക്കാം.

പെരിഞ്ചക്കോടനിലെ അഘാംശങ്ങളുടെ പരിമിതി എന്തുതന്നെ ആയിരുന്നാലും അയാളുടെ വാത്സല്യപ്രണയങ്ങളുടെ പ്രചുരിമ ബഹുവിശ്വങ്ങളെ സ്വർഗ്ഗമണ്ഡലങ്ങൾ ആക്കാൻപോരുന്നതായിരുന്നു. നിശബ്ദവും നിശ്ചേഷ്ടവും ആയി, കേവലം ആത്മീയനാഡികൾ മാർഗ്ഗമായി സ്വാനുരാഗസ്നേഹങ്ങളെ പ്രസ്രവിപ്പിച്ച് ആ ജനനീപുത്രിമാരെ ശാന്തധീരകൾ ആക്കിനിന്ന പെരിഞ്ചക്കോടൻ അനിശ്ചിതമായുള്ള ഭാവ്യവസ്ഥകളെ അന്തഃചക്ഷുസ്സുകളാൽ ദർശിക്കുന്നു. ആ ജീവാനന്ദസന്ദായിനികൾക്കുവേണ്ടിയും തന്റെ പുരുഷനിശ്ചയത്തെ ഉപേക്ഷിക്കുക എന്നുള്ള ചാപല്യം അയാളുടെ ആത്മഘടനയ്ക്കു വിരുദ്ധമായിരുന്നു. താൻ സംവരിപ്പാൻ ബദ്ധസൂത്രനാകുന്ന വിപത്തുകൾ പക്ഷേ, തന്റെ ജീവഹതിയിൽ പരിണമിച്ചേക്കാമെന്നു ഭയപ്പെട്ട് അങ്ങനെ സംഭവിക്കുന്നെങ്കിൽ താൻ കേശവപിള്ളയോടു വീരവാദംചെയ്തതുപോലെ ആ നിരാലംബകൾക്കു സുഖജീവിതം നിർവ്വഹിപ്പാൻ വേണ്ട വ്യവസ്ഥകൾ ചെയ്യുന്നതിനു മാത്രം അയാൾ പോന്നിട്ടുള്ളതായിരുന്നു. പുത്രിയെ വേർപെടുത്തിയിട്ടു ഭാര്യയോട് ഏകാന്തസംഭാഷണം ചെയ്യുന്നതിന് ആഗ്രഹിക്കുകയാൽ, അയാൾ "തേവൂ! അച്ഛൻ പെരുവഴി നടന്നു തളർന്നുവന്നിരിക്കുന്നു. എന്റെ പൊന്നുകുട്ടിതന്നെ പോയി ഒരു കിണ്ണി വെള്ളം അനത്തി ചുടുചുടേന്നു കൊണ്ടന്നൂട്" എന്ന് ആജ്ഞാപിച്ചു. വൈമനസ്യത്തോടെങ്കിലും, ആജ്ഞാനിർവ്വഹണത്തിനു കന്യക പുറപ്പെട്ടപ്പോൾ പെരിഞ്ചക്കോടൻ ഭാര്യയുടെ മുഖത്തെ ഹസ്തങ്ങളിൽ ചേർത്ത് അഭിമുഖനായി [ 168 ] നിന്ന് ഇങ്ങനെ ചോദിച്ചു: "എലങ്കവും വീടും പൊയ്പോയപ്പോൾ, എശ്മിയുടെ മനമിടിഞ്ഞുപോയോ? ശ്ശീ, ചടയാതെ (മടിയിൽനിന്ന് ഒരു താക്കോൽ എടുത്തു നീട്ടി) ഇന്നാ പിടിച്ചോ ഇത്. ആ കല്ലറയ്ക്കലെ അവനെങ്ങ്?"

ലക്ഷ്മിഅമ്മ: "ഇവിടെ എങ്ങോണ്ടോ ഉണ്ട്. പേടിച്ചു പതുങ്ങി നില്ക്കയാണ്."

പെരിഞ്ചക്കോടൻ: "പേടിപ്പാനും കിടുകിടുപ്പാനും എന്തോന്ന് അവൻ പെഴച്ചോ? ചെങ്കോലുണ്ടെന്നുവച്ചു കൊള്ള ഇട്ടോണ്ടു പെയ്യങ്കിൽ പെരിഞ്ചക്കോടൻ അവരെ കരുവലക്കല്ലും എളക്കീല്ലെങ്കിൽ ആൺപിറന്നവനോ? കല്ലറക്കയാൻ നേരും നിറിയുമുള്ള പിള്ള. എന്നാലും ഞാൻ തിരുമ്പിവന്നേ പെണ്ണേക്കൊടുക്കണ കാര്യം തീർച്ചയാക്കാവൂ. വന്നില്ലെങ്കിൽ കൊടുത്തോ."

ലക്ഷ്മിഅമ്മ: (വിശ്വാവസാനം കണ്ടു തളർന്നുതുടങ്ങിയ നാവാൽ) "ഇങ്ങനെ ഒന്നും പറയരുത്. തിരിച്ചുവരാതെ എവിടെപ്പോകുന്നു? ഇവിടുന്ന് എങ്ങും പോകണ്ടാ. അങ്ങേക്കൂറ്റിലുള്ളവരെയും ഞങ്ങളെയും അനാഥകളാക്കരുത്."

പെരിഞ്ചക്കോടൻ: (ഭാര്യയുടെ വാക്കുകൾക്ക് ഉത്തരം പറയാതെ തിരിഞ്ഞുനിന്ന്) "എലങ്കത്തറയുടെ നടയ്ക്കു തോണ്ടി രണ്ടാൾ ചെല്ലുമ്പോൾ-ഈ താക്കോല് അയ്യിനപ്പിള്ളേടെ കയ്യിക്കൊട്. നിങ്ങടെ പൊറുതിക്കു മേന്മയിൽ കഴിവാൻ അവിടെക്കരുതീട്ടൊണ്ട്." കൂടുതൽ ഉപദേശങ്ങളോ ആജ്ഞകളോ കൊടുപ്പാൻ നില്ക്കാതെ പെരിഞ്ചക്കോടൻ ഭാര്യയെ അവസാനപരിരംഭണം എന്ന വിചാരത്തോടെ മുറുകെത്തഴുകി. ഭർത്താവിനുചേർന്ന പ്രാഗല്ഭവീര്യം സംഭരിച്ചിരുന്ന ആ സതി മറ്റൊന്നും പറവാൻ ഒരുങ്ങിയില്ലെങ്കിലും അവരുടെ കണ്ഠത്തിൽനിന്ന് എന്തോ വാസനാപ്രേരണയാൽ ഒരു ചോദ്യം മാത്രം പുറപ്പെട്ടു. "പിന്നെ?"

പെരിഞ്ചക്കോടൻ: "ചുമ്മാ ചൊല്ല്. എന്റടുത്തല്ലാണ്ട് എന്റമ്മ പിന്നെ ആരെ അടുത്തു ചൊല്ലുണു?"

ലക്ഷ്മിഅമ്മ മുഖം താഴ്ത്തി ഭയാതുര എന്ന ഭാവത്തിൽ ഭർത്തൃവക്ഷസ്സോടു ചേർന്നു നിലകൊണ്ടു.

പെരിഞ്ചക്കോടൻ: "ഛേ! ചുമ്മാ ചൊല്ലൂട്. അടക്കിവച്ചു മനം വേവിക്കാതെ. തേവൂനെ കനകംപോലെ സൂക്ഷിച്ചു ഞാൻ തിരുമ്പിവരുമ്പോൾ ഇന്ന് എന്റെ തോളിൽ ചേർന്ന കൊഴന്തക്കന്യാവായിത്തന്നെ ഏൾപ്പിച്ചൂട്."

ലക്ഷ്മിഅമ്മ: (ഭർത്താവിനോടു ചോദിച്ചറിയണമെന്നു മോഹിച്ച സംഗതിയുടെ വാസ്തവം എങ്ങനെയെങ്കിലും ആകട്ടെ എന്നു ചിന്തിച്ചുകൊണ്ട് പൊടുന്നനെ വന്ന് ഝടിതിയിൽ യാത്രയാകുന്ന ഭർത്താവിനെ തടയുവാനായി) "ഇപ്പഴിനി എങ്ങോട്ടു പോണു? ഈ താക്കോൽ ഇരിക്കുന്ന സ്ഥതിക്കു വെറുതെ കഷ്ടപ്പെടാൻ ചുറ്റുന്നതെന്തിന്? ഉള്ളതു [ 169 ] വച്ചു കഴിച്ചുകൊണ്ടു സുഖമായി ഇരിക്കരുതോ? വയസ്സ് അങ്ങോട്ടു ചെല്ലുകയല്ലേ ചെയ്യുന്നു? ഇനിയിപ്പോൾ എങ്ങോട്ടെങ്കിലും പോകുന്നെങ്കിൽ ദേവകി വല്ലാതെ വ്യസനിക്കും."

പെരിഞ്ചക്കോടൻ: "നോക്കെന്റെ ചെല്ലൂ! ആണുങ്ങൾക്കു ചെല മൊറകളുണ്ട്. അതു വിട്ടാൽ അവന്റെ കാര്യം ചീളുവം. അവൻ പല കോട്ടകളും പിടിപ്പാനും പൊടിപ്പാനും നിയ്ക്കും. അവന്റെ ഉള്ളം വെളിയിൽ വിട്ടാൽ പെണ്ണുങ്ങൾ താങ്ങൂല്ല. അവന്റെ അകത്തൊള്ള തീ എന്തെന്നു പെങ്കൊലത്തെ തെരുവിച്ചാൽ പിന്നെ കുടി പൊറുതികെട്ടു. ഞാൻ ഇന്നു പോയാൽ ഒടനേ വന്നൂടും, ചെലതു കണ്ടേച്ചു. പിന്നെ കാര്യങ്ങൾ നിന്റെ ചൊൽപടിക്കേ വിട്ടൂടാം. നീകേപ്പാൻ തുടങ്ങിയതു പറയാണ്ടു മനം പുണ്ണാക്കാതെ."

ഇദ്ദേഹം ഇടക്കാലത്ത് ആ സങ്കേതം വിട്ടുപിരിഞ്ഞിരുന്നതു ദേവകിക്ക് ഒരു ഭർത്താവുണ്ടാക്കാൻ ആണെന്ന് ലക്ഷ്മിഅമ്മ ഗ്രഹിച്ചിരുന്നു. ആ യത്നം ഫലിക്കാത്തതുകൊണ്ട് എന്തോ വിഷമസങ്കലിതമായുള്ള സാഹസത്തിനു വീണ്ടും ഉദ്യോഗിക്കുന്നു എന്നു ഭയപ്പെട്ടു പുത്രിക്ക് ഒരു കുബേരനെയോ കാമദേവനെയോ ഭർത്താവായി കിട്ടിയില്ലെങ്കിലും സ്വഭർത്താവിന്റെ ജീവിതഗതിയെ ഗൃഹവൃത്തിയിലോട്ടും കർഷകവൃത്തിയിലോട്ടും ബന്ധിപ്പിച്ച് ആപദ്വിഹീനമായുള്ള സ്വൈരവാസത്തിൽ അദ്ദേഹത്തെ അനുരുക്തനാക്കാനായി അവർ ശൃംഗാരചേഷ്ടകളോടെ അദ്ദേഹത്തെ പുണർന്നുകൊണ്ടു ക്ലേശഭാവത്തിലും മധുരസ്വരത്തിലും ഇങ്ങനെ ധരിപ്പിച്ചു: "ഇവിടെ തനിച്ചു താമസിച്ചു ഞങ്ങൾ വളരെ കഷ്ടപ്പെടുന്നു. അവിടുന്നു കണ്ടിടത്തുപോയി താമസിക്കുന്നതിനെക്കുറിച്ചു ദേവകി ഇന്നു കഴുത്തിൽ തൂങ്ങിക്കരയുവാൻ നിശ്ചയിച്ചിട്ടുണ്ട്. അങ്ങനെ ചെയ്യരുതെന്നു ഞാൻ ഗുണദോഷിച്ചു എങ്കിലും അവൾ ചാടിക്കൂടിയതു കണ്ടില്ലേ?"

പെരിഞ്ചക്കോടൻ സ്വഭാര്യയുടെ വാദത്തിലെ ഭാഷാ പരിഷ്കൃതിയാലും വാങ്മാധുര്യത്താലും ധന്യനാക്കപ്പെട്ടു. "തനിച്ചോ എശ്മി! കല്ലറക്കയാൻ കാവലൊണ്ടല്ലോ. എന്നാൽ ഞാൻ ചൊല്ലണതുവരെ അവനെ അധികം അടുപ്പിക്കാതെ. ഇന്നു നീ പുതുക്കൊഴഞ്ചിമല ആടുന്നേന്നു നിനക്ക് ഇതാ (ചുംബനം). ഇപ്പം ഒന്നുകൂടി പെയ്യേച്ചു വന്നിട്ടു പിന്നെ എല്ലാം നിന്റെ ചൊൽപ്പടി. നീ കേപ്പാൻ വന്നതെന്തോന്ന്?"

ഭർത്താവായ അതിവീരന്റെ വാക്കുകൾ അപ്പോൾ ആരംഭിക്കുന്ന വിവരം തന്റെ വൈധവ്യത്തിൽ അവസാനിച്ചേക്കും എന്നു ധ്വനിക്കുംവണ്ണമുള്ള കണ്ഠക്ഷോഭത്തോടുകൂടി ആയിരുന്നതിനാൽ സകലവും ഭഗവാൻ ശ്രീവൈകുണ്ഠവാസിയുടെ പ്രസാദഗതി അനുസരിച്ചു നടക്കട്ടെ എന്നു സമാധാനപ്പെട്ടുകൊണ്ടു തന്നെ പീഡിപ്പിച്ചുവന്ന സംശയത്തിനു നിവൃത്തിവരുത്തിക്കളവാൻ ആ സ്വാധി തീർച്ചയാക്കി. അക്ഷരങ്ങളെ ഉച്ചരിപ്പാൻ തുടങ്ങിയപ്പോൾ രസനേന്ദ്രിയം സ്തംഭിച്ചു. തന്റെ പരിതഃസ്ഥിതിയിൽ മോക്ഷകവാടം തീരെ പ്രതിബന്ധിച്ചുപോകാവുന്ന ഒരു [ 170 ] മഹാപാതകം തന്നിലും ചുമലുന്നോ എന്ന് അറിയേണ്ടത് അനന്തരബഹുജന്മങ്ങളെ സംബന്ധിക്കുന്നതാവുകയാൽ ധൈര്യം അവലംബിച്ചുകൊണ്ട് അവർ ചോദിച്ചു: "ഇവിടുന്നു-നാരായണ! ക്ഷമിക്കണേ! മറ്റൊന്നും വിചാരിക്കരുത്-അവിടുത്തെ ഇഷ്ടം എങ്ങനെയോ, അതു ചോദിപ്പാൻ ഇവൾക്കവകാശം ഇല്ല. എങ്കിലും-"

പെരിഞ്ചക്കോടൻ വീണ്ടും ഭാര്യയെ മുറുകെ പുൽകിക്കൊണ്ട്: "അയ്യോ! ഇതെന്തര് അലോഖ്യം. നേരം പോ‌‌‌ണു. കാര്യം ചൊല്ലൂട്."

ലക്ഷ്മിഅമ്മ: "സാരമില്ല. അവിടുന്ന്- ഇവിടെ എങ്ങാണ്ടോ ചിലരൊക്കെ, എന്തോ ചെയ്യുമെന്ന് കേട്ടിട്ടുണ്ട്. ഓഃ നരകം!" ഭർത്തൃശരീരത്തോടു ചേർന്നു നിന്ന സ്ത്രീ കിതച്ചു ചാഞ്ചാടിത്തുടങ്ങി.

പെരിഞ്ചക്കോടൻ: (അക്ഷമനായി) "എന്തോന്ന്? എന്തു ചെയ്യുണു എന്നു പറ. പോരായ്മയ്ക്കു വല്ലവരും ഏശിയെങ്കിൽ-" ഉജ്ജലിച്ചുതുടങ്ങിയ ഭർത്തൃകോപം ശമിപ്പിക്കുവാനായി തന്റെ ചോദ്യത്തെ വ്യക്തമാക്കാൻ "ഗോമാംസം" എന്നൊരു പദത്തെ ലക്ഷ്മിഅമ്മ ഉച്ചരിച്ചു.

പെരിഞ്ചക്കോടൻ: "എന്തര്?" സ്ത്രീ നെറ്റിത്തടത്തിൽ കൈചേർത്തു നിന്നു വിവർണ്ണയായി വിറകൊണ്ടു. ചോദ്യത്തിന്റെ സാരവും അതിന്റെ അതിദൂരംവരെ എത്തുന്ന വ്യാപ്തിയും പെരിഞ്ചക്കോടനു മനസ്സിലായി. "ഇല്ലില്ല," എന്ന് ഉച്ചത്തിൽ പറഞ്ഞുകൊണ്ട് അയാൾ പാചകശാലയിൽ എത്തി. പുത്രിയെ രണ്ടു കൈകൾകൊണ്ടും ഉയർത്തി കണ്ണുകളോടു വീണ്ടുംവീണ്ടും അണച്ചു നിലത്തു നിറുത്തിയിട്ട് "പോകരുതേ അച്ഛാ!" എന്നുള്ള വിളികളെ ഗണ്യമാക്കാതെ വീണ്ടും ആസുരാത്മകനായി വൃക്ഷക്കൂട്ടങ്ങളുടെ ഇടയിൽ മറഞ്ഞു.


കഴക്കൂട്ടത്തുനിന്നും മടങ്ങിയെത്തി മദ്ധ്യാഹ്നാനന്തരം മഹാരാജാവിനെ സന്ദർശിച്ച് മീനാക്ഷിഅമ്മയുടെ സമ്മതത്തെയും മറ്റു വസ്തുതകളെയും ഉണർത്തിച്ചിട്ട് ദിവാൻജി തന്റെ മന്ദിരത്തിലേക്കു യാത്രയായി. രാജഭണ്ഡാരത്തിലേക്ക് അടങ്ങിയ ആ ഭൂരിസമ്പത്തിനെ തൃണവൽഗണിച്ച് ഉപേക്ഷിച്ച മഹതിയുടെ ഔദാര്യത്തെയും രാജഭക്തിയെയുംപറ്റി ചിന്തിച്ച് ഉണ്ണിത്താന്റെ ദുശ്ശങ്കകളെ നീക്കി ആ ദമ്പതിമാരെ പുനസ്സംഘടിപ്പിക്കുന്ന ഭാരം താൻതന്നെ വഹിക്കുന്നുണ്ടെന്നു പ്രതിജ്ഞചെയ്തുകൊണ്ടു മഹാരാജാവു സ്വമഞ്ചത്തിൽ ഇരിക്കെ, പള്ളിയറക്കാരൻ പ്രവേശിച്ച് "രായരെ തോല്പിച്ചവൻ വന്നു മുഖംകാണിപ്പാൻ നില്ക്കുന്നു" എന്ന് അറിയിച്ചു. മഹാരാജാവിന്റെ മുഖം സന്തോഷത്താൽ വികസിച്ചു. "വേഗം വരാൻ പറ. അല്ലെങ്കിൽ അവൻ പക്ഷേ, കലഹിച്ചു പറന്നുകളയും" എന്നു കല്പിച്ചു. പള്ളിയറക്കാരൻ പിൻവാങ്ങി. ഒട്ടുനേരം കഴിഞ്ഞിട്ടും അഴകുശ്ശാരുടെ പുറപ്പാടുണ്ടാകുന്നില്ല. വസ്തുത എന്തെന്നറിവാൻ മഹാരാജാവ് മാളികയിലെ ജാലകത്തിൽക്കൂടെ തെക്കോട്ടു [ 171 ] നോക്കിയപ്പോൾ, മുറ്റവെളിയിലുള്ള അശ്വത്ഥവൃക്ഷത്തെ അഴകൻപിള്ള ഭക്തനായി പ്രദക്ഷിണംവയ്ക്കുന്നതും പള്ളിയറക്കാരൻ ഞെരുക്കി മാളികയിലോട്ടു ക്ഷണിക്കുന്നതും കണ്ടു. ഈ പ്രദക്ഷിണക്രിയ പാദങ്ങൾകൊണ്ടു മാത്രമായിരുന്നതിനാലും നേത്രങ്ങൾ രാജമന്ദിരത്തിലെ ജാലകങ്ങളുടെ നേർക്കു പ്രവർത്തിതങ്ങളായിരുന്നതുകൊണ്ടും തന്റെ ഭക്തികൊണ്ടു പുഞ്ചിരികൊള്ളുന്ന മഹാരാജാവിന്റെ മുഖം അഴകുശ്ശാർക്കു കാണുവാൻ കഴിഞ്ഞു. പള്ളിയറക്കാരന്റെ ക്ഷണങ്ങളെ അതുവരെ നിരാകരിച്ചു നിന്നിരുന്ന അഴകൻപിള്ള മഹാരാജാവിന്റെ മുഖം കണ്ടതുമുതല്ക്കുതന്നെ തന്റെ ദേശാചാരപ്രകാരം മുഖംകാണിച്ചുതുടങ്ങി. രാജദൃഷ്ടിയിൽനിന്നു നീങ്ങിയിട്ടും മഹാരാജാവ് ഇരിക്കുന്ന പള്ളിയറയിൽ എത്തുന്നതുവരെ ആ ക്രിയയ്ക്കു മുടക്കം വരാതെ തുടർന്ന് മന്ദിരകൂടങ്ങളെയും തൂണുകളെയും വാതിലുകളെയും വന്ദിച്ചു രാജപ്രസാദത്തെ വഴിയാംവണ്ണം സമ്പാദിച്ചു എന്നു സന്തുഷ്ടനായി അയാൾ പള്ളിയറയുടെ വാതില്ക്കൽ ഒതുങ്ങി മുഖം കാട്ടിത്തന്നെ നിലകൊണ്ടു. ചിരികൊണ്ട് അരുളപ്പാടുകൾക്ക് ഉണ്ടായ ഇടറലുകളോടെ മഹാരാജാവ്, "അല്ലാ അമ്മാവന് വലിയ സന്തോഷമായി അനന്തിരവനെക്കണ്ടിട്ട്. ഇങ്ങോട്ടു നീങ്ങിനില്ക്ക്. പേടിക്കേണ്ടാ" എന്നു ക്ഷണിച്ചു. അഴകുശ്ശാർ തല പുറകോട്ടു വലിച്ച് ആദ്യ സന്ദർശനദിവസത്തിൽ തന്നെക്കൊണ്ട് അബദ്ധങ്ങൾ പ്രവർത്തിപ്പിച്ച ആ നെഞ്ചിന്മേൽ അഞ്ചെട്ടു താഡനം തന്നത്താൻ പ്രയോഗിച്ചുകൊണ്ട് പിന്നെയും മുമ്പോട്ടു നീങ്ങി. "വേണ്ട, വേണ്ട. കാലിലൊക്കെ പൊടിയും ചാണോം."

മഹാരാജാവ്: "കരമൊഴിവായിത്തന്നെ നിലങ്ങളുടെ പ്രമാണം അഴകുവിനു കിട്ടിയില്ലേ?"

അഴകൻപിള്ള: "അതൊന്നും അഴകൂന്റെ കൈയിലല്ല. തള്ള-" (അടുത്തുനില്ക്കുന്ന പള്ളിയറക്കാരനോട്, "ചരിതന്നെയോ അണ്ണാ?" പള്ളിയറക്കാരൻ "പഴവത്തി" എന്നു സൂചിപ്പിക്കയാൽ) "പഴവി എന്തരോ ഒക്കെ വാങ്ങിച്ചു ദൂക്ഷിച്ചുവെച്ചാര്. തിരുവട്ടിയുടെ തിരുമുമ്പി, ഒരു ഥം കടം കല്പിക്കാൻ വന്നേ." (പള്ളിയറക്കാരൻ 'വിടകൊണ്ടു' എന്നു സൂചിപ്പിക്കയാൽ) "അതുതന്നെ... കൊണ്ടേ."

മഹാരാജാവ്: "നോക്ക്. നിന്റെ ഇഷ്ടംപോലെ സംസാരിക്കാം. ആരാ അത്, നീങ്ങിനില്ക്കട്ടെ." (പള്ളിയറക്കാരൻ ദൂരത്തുവാങ്ങി) "എന്താ പറവാനുള്ളത്?"

അഴകൻപിള്ള: "അഴകു അന്നു ചൊല്ലിയാരില്യോ കല്ലറയ്ക്കൽപ്പിള്ളാന്ന്."

മഹാരാജാവ്: "ദിവാൻജിയെ കാണ്മാൻ ചെന്നിരുന്ന ആൾ?"

അഴകൻപിള്ള: "അപ്പോ തിരുവടിയുടെ പഴമനസ്തി അല്ല തിരുമനസ്തിൽ, അദ്ധ്യത്തിന് പൊന്നുതമ്പുരാൻ ലക്ഷിച്ച് ഒരു പെണ്ണെക്കൊടുത്തൂട്ടാ" മഹാരാജാവു കുഴങ്ങി. ഏതൊരു കന്യകയെ അഴകു [ 172 ] കല്ലറയ്ക്കൽപിള്ളയ്ക്കായി അപേക്ഷിക്കുന്നു എന്നറിയാതെ വല്ലതും വാഗ്ദത്തം ചെയ്തിട്ടു പിന്നീടു വിഷമമുണ്ടെന്നു കണ്ട് സത്യലംഘനം വരുത്തിക്കൂടാ എന്നും ആ ഭക്തനെ ഇച്ഛാഭംഗപ്പെടുത്തരുതെന്നും ചിന്തിച്ച് ഇങ്ങനെ കല്പിച്ചു: "നീ വല്ല പെണ്ണിനെയും കണ്ടിട്ടുണ്ടോ?"

അഴകൻപിള്ള: (സ്വഗതം) അഴകു ചൊല്ലിയപ്പം എക്ഷിയമ്മച്ചി കൊല്ലാൻവന്നാരില്യോ? (ഉറക്കെ) "ഇപ്പമോ?"

മഹാരാജാവ്: (ചോദ്യം മനസ്സിലാകാതെ) "ആകട്ടെ, ഇപ്പോൾ? എന്താ, എന്താ പറഞ്ഞേക്ക്."

അഴകൻപിള്ള: "അറിവിച്ചാരില്യോ അടിയൻ? ആ പെരിഞ്ചക്കോട്ടെ അങ്ങേരൊണ്ടല്ലോ. അങ്ങേലെ-"

മഹാരാജാവിനു വസ്തുത മനസ്സിലായി. രാജദ്രോഹകക്ഷിയിലെ ഒരു പ്രധാനാംഗമായി ദിവാൻജിയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഒരു അക്രമിയുടെ പുത്രിയോടു രാജഭക്തനായുള്ള ഒരു ഗൃഹസ്ഥനെ ചേർപ്പാൻ ഈ പരമഭക്തൻ ആഗ്രഹിക്കുന്ന സ്ഥിതിയിൽ എന്താണു ചെയ്യേണ്ടതെന്നു ചിന്തിച്ചു തിരുമനസ്സുകൊണ്ടു കുഴങ്ങിനിന്നിട്ട് ഇങ്ങനെ കല്പിച്ചു: "അതൊക്കെ നിന്റെ ഇഷ്ടംപോലെ സാധിച്ചുതരാൻ ദിവാൻജിയുണ്ടല്ലോ. അദ്ദേഹം പടയ്ക്കു പോയി വരട്ടെ. അപ്പോൾ എല്ലാം ശരിയാകും."

അഴകൻപിള്ള: "മതി മതി പൊന്നുടയതേ. കൊച്ചിനെ ഒന്നു തിരുവടിക്കു പാക്കണ്ടയോ? അപ്പപ്പിന്നെ പെരിഞ്ചക്കോട്ടെ അങ്ങേര് മാടൻതടിയുമെടുത്തോണ്ടു നിന്നാലോ?"

മഹാരാജാവ്: "പറഞ്ഞില്ലേ? നീ ദിവാൻജിയെ സന്തോഷിപ്പിക്ക്. അപ്പോൾ പെരിഞ്ചക്കോടൻ എല്ലാത്തിനും ഉൾപ്പെട്ടു വരും." തന്റെ യാത്രോദ്ദേശ്യം നിവർത്തിതമാകയാൽ അഴകുശ്ശാർ പള്ളിയറയിലെ മനോഹരമായ അലങ്കാരധോരണിയെ നോക്കി ഒരു ആനന്ദവൈവശ്യവും അല്പം ഒരു ആകാക്ഷാഭാവവും പ്രകടിപ്പിച്ചു വിടവാങ്ങാൻ തൊഴുതു.

മഹാരാജാവ്: "നില്ക്ക്, നില്ക്ക്, " എന്നു കല്പിച്ചുകൊണ്ടു പള്ളിയറയ്ക്കുള്ളിൽ ഇരുന്നിരുന്ന വെള്ളികെട്ടിയ ഒരു വേൽ എടുത്ത് അഴകൻപിള്ളയ്ക്കു സമ്മാനിച്ചിട്ടു, "നീ അന്നു കണ്ടില്ലേ സാർവാധികാര്യക്കാരെ? അയാളെ ഇന്നും കണ്ടിട്ടു വേണം പോവാൻ!" എന്ന് ആജ്ഞാപിച്ചു.

ശ്രീരാമാംഗുലീയത്തെ ഹനുമാൻ വാങ്ങിയതുപോലെ നിലംപറ്റിത്താണു തൊഴുത് ആ ആയുധം വാങ്ങിയ അഴകുശ്ശാർ തിരുമുമ്പിൽവച്ചുതന്നെ, അതിന്റെ അഗ്രഭാഗത്തെ ഒന്നു ത്രസിപ്പിച്ചുകൊണ്ട് "അപ്പോ അടിയനു വെട കിട്ടിയിരിക്കണതു ദിവാൻശി അങ്ങത്തെക്കൂടി പടയ്ക്കു പോവാനല്യോ?" എന്നുകൂടി ചോദിച്ചു. രാജസിംഹന്മാരുടെ ഹൃദയങ്ങളും ശുദ്ധമനസ്ക്കന്മാരുടെ ഭക്തിപ്രകടനത്തിൽ വ്യാകുലങ്ങളായിത്തീരും. തന്റെ പരമാർത്ഥമായ അന്തർഗ്ഗതത്തെ ഗ്രഹിച്ച, [ 173 ] ജന്മവാസനയാൽത്തന്നെ രാജഭക്തനായുള്ള, ആ അജ്ഞന്റെ ഗ്രഹണശക്തിയെ മഹാരാജാവ് അഭിനന്ദിച്ചു. "ദിവാൻജിയെ കാത്തുനിന്നു സേവിച്ചു ജയിച്ചു വാ," എന്നു കല്പിച്ചപ്പോൾ അഴകൻപിള്ള തന്റെ യജമാനനെയും യാത്രാസംബന്ധമായുള്ള മറ്റ് ആളുകളെയും എല്ലാം മറന്ന് ഒന്നുകൂടി ശൂലാന്തങ്ങളെ പല സ്ഥലങ്ങളിലും സംഘട്ടനംചെയ്യിച്ചു തൊഴുതു വിടവാങ്ങി. വിശ്വേശ്വരധ്യാനത്തിൽ സർവ്വദാ വികസിച്ചു ഭക്തിമധുവേ നിതാന്തം വർഷിച്ചുകൊണ്ടിരുന്ന ആ രാജർഷിയുടെ ഹൃദയത്തിൽനിന്നു ഉൽഗളിതങ്ങളായ ആശിസ്സുകൾ ആ ശൂലധാരിക്കു സഹസ്രകവചങ്ങളായി. അഴകൻപിള്ള രാജമന്ദിരത്തിൽനിന്നു പുറത്താകുന്നതിനു മുമ്പുതന്നെ, സർവ്വാധികാര്യക്കാരാൽ രണ്ടാമതും സൽകൃതനും യുദ്ധരംഗത്തിലേക്കുള്ള യാത്രയ്ക്കു വേണ്ട ഇതരസാമഗ്രികളാലും ദിവാൻജിയുടെ അംഗരക്ഷകസ്ഥാനം ദത്തംചെയ്തുള്ള ഒരു ശാസനത്താലും സമ്മാനിതനും ആയി.