താൾ:Ramarajabahadoor.djvu/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിന്ന് ഇങ്ങനെ ചോദിച്ചു: "എലങ്കവും വീടും പൊയ്പോയപ്പോൾ, എശ്മിയുടെ മനമിടിഞ്ഞുപോയോ? ശ്ശീ, ചടയാതെ (മടിയിൽനിന്ന് ഒരു താക്കോൽ എടുത്തു നീട്ടി) ഇന്നാ പിടിച്ചോ ഇത്. ആ കല്ലറയ്ക്കലെ അവനെങ്ങ്?"

ലക്ഷ്മിഅമ്മ: "ഇവിടെ എങ്ങോണ്ടോ ഉണ്ട്. പേടിച്ചു പതുങ്ങി നില്ക്കയാണ്."

പെരിഞ്ചക്കോടൻ: "പേടിപ്പാനും കിടുകിടുപ്പാനും എന്തോന്ന് അവൻ പെഴച്ചോ? ചെങ്കോലുണ്ടെന്നുവച്ചു കൊള്ള ഇട്ടോണ്ടു പെയ്യങ്കിൽ പെരിഞ്ചക്കോടൻ അവരെ കരുവലക്കല്ലും എളക്കീല്ലെങ്കിൽ ആൺപിറന്നവനോ? കല്ലറക്കയാൻ നേരും നിറിയുമുള്ള പിള്ള. എന്നാലും ഞാൻ തിരുമ്പിവന്നേ പെണ്ണേക്കൊടുക്കണ കാര്യം തീർച്ചയാക്കാവൂ. വന്നില്ലെങ്കിൽ കൊടുത്തോ."

ലക്ഷ്മിഅമ്മ: (വിശ്വാവസാനം കണ്ടു തളർന്നുതുടങ്ങിയ നാവാൽ) "ഇങ്ങനെ ഒന്നും പറയരുത്. തിരിച്ചുവരാതെ എവിടെപ്പോകുന്നു? ഇവിടുന്ന് എങ്ങും പോകണ്ടാ. അങ്ങേക്കൂറ്റിലുള്ളവരെയും ഞങ്ങളെയും അനാഥകളാക്കരുത്."

പെരിഞ്ചക്കോടൻ: (ഭാര്യയുടെ വാക്കുകൾക്ക് ഉത്തരം പറയാതെ തിരിഞ്ഞുനിന്ന്) "എലങ്കത്തറയുടെ നടയ്ക്കു തോണ്ടി രണ്ടാൾ ചെല്ലുമ്പോൾ-ഈ താക്കോല് അയ്യിനപ്പിള്ളേടെ കയ്യിക്കൊട്. നിങ്ങടെ പൊറുതിക്കു മേന്മയിൽ കഴിവാൻ അവിടെക്കരുതീട്ടൊണ്ട്." കൂടുതൽ ഉപദേശങ്ങളോ ആജ്ഞകളോ കൊടുപ്പാൻ നില്ക്കാതെ പെരിഞ്ചക്കോടൻ ഭാര്യയെ അവസാനപരിരംഭണം എന്ന വിചാരത്തോടെ മുറുകെത്തഴുകി. ഭർത്താവിനുചേർന്ന പ്രാഗല്ഭവീര്യം സംഭരിച്ചിരുന്ന ആ സതി മറ്റൊന്നും പറവാൻ ഒരുങ്ങിയില്ലെങ്കിലും അവരുടെ കണ്ഠത്തിൽനിന്ന് എന്തോ വാസനാപ്രേരണയാൽ ഒരു ചോദ്യം മാത്രം പുറപ്പെട്ടു. "പിന്നെ?"

പെരിഞ്ചക്കോടൻ: "ചുമ്മാ ചൊല്ല്. എന്റടുത്തല്ലാണ്ട് എന്റമ്മ പിന്നെ ആരെ അടുത്തു ചൊല്ലുണു?"

ലക്ഷ്മിഅമ്മ മുഖം താഴ്ത്തി ഭയാതുര എന്ന ഭാവത്തിൽ ഭർത്തൃവക്ഷസ്സോടു ചേർന്നു നിലകൊണ്ടു.

പെരിഞ്ചക്കോടൻ: "ഛേ! ചുമ്മാ ചൊല്ലൂട്. അടക്കിവച്ചു മനം വേവിക്കാതെ. തേവൂനെ കനകംപോലെ സൂക്ഷിച്ചു ഞാൻ തിരുമ്പിവരുമ്പോൾ ഇന്ന് എന്റെ തോളിൽ ചേർന്ന കൊഴന്തക്കന്യാവായിത്തന്നെ ഏൾപ്പിച്ചൂട്."

ലക്ഷ്മിഅമ്മ: (ഭർത്താവിനോടു ചോദിച്ചറിയണമെന്നു മോഹിച്ച സംഗതിയുടെ വാസ്തവം എങ്ങനെയെങ്കിലും ആകട്ടെ എന്നു ചിന്തിച്ചുകൊണ്ട് പൊടുന്നനെ വന്ന് ഝടിതിയിൽ യാത്രയാകുന്ന ഭർത്താവിനെ തടയുവാനായി) "ഇപ്പഴിനി എങ്ങോട്ടു പോണു? ഈ താക്കോൽ ഇരിക്കുന്ന സ്ഥതിക്കു വെറുതെ കഷ്ടപ്പെടാൻ ചുറ്റുന്നതെന്തിന്? ഉള്ളതു

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/168&oldid=168003" എന്ന താളിൽനിന്ന് ശേഖരിച്ചത്