താൾ:Ramarajabahadoor.djvu/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മ്പോൾ അതുകളെ ഭഞ്ജിപ്പാൻ പുരുഷവീര്യമുള്ളവർ ദേഹത്യാഗത്തിനും സന്നദ്ധരാകും. കല്ലറയ്ക്കൽപിള്ള തന്റെ ഗൃഹത്തിൽനിന്ന് അല്പം ദൂരത്തായി 'ദേവികോട്' എന്ന ഭവനം സ്ഥാപിച്ചിട്ടുള്ള ദിവാൻജിയായ സർവ്വശക്തന്റെ അടുത്തെത്തി സ്വാഭിലാഷം ധരിപ്പിച്ചു. "യുദ്ധം കഴിയട്ടെ" എന്നു മാത്രം ആ മഹാനുഭാവനിൽനിന്ന് ഉണ്ടായ അനുഗ്രഹത്തെ പുരസ്കരിച്ച് അദ്ദേഹം അടങ്ങിപ്പോന്നു. എന്നാൽ, താമസംകൂടാതെതന്നെ പെരിഞ്ചക്കോട്ടെ വനദേവികൾ കല്ലറയ്ക്കൽപിള്ളയുടെ അധീനത്തിൽ, മന്ത്രിയുടെ ആജ്ഞാനുസാരം സംസ്ഥിതകൾ ആക്കപ്പെട്ടപ്പോൾ ആ കാമദേവാനുഗൃഹീതൻ പെരിഞ്ചക്കോടനായ കാലദേവന്റെ ദണ്ഡനിപാതത്തെ പേടിച്ചു. യുദ്ധം നിമിത്തം രാജ്യത്തിലെ പ്രധാന സേനാപംക്തികളുടെ സഹായം കിട്ടുവാൻ തരമില്ലാത്ത ആ സന്ദർഭത്തിൽ മൂലബലസഹിതം പെരിഞ്ചക്കോടൻ മടങ്ങി എത്തിയാൽ തന്റെ മൂന്നാം സ്ഥാനാധികാരം ഉപേക്ഷിച്ചിട്ടു രക്ഷയ്ക്കായി വല്ല പാതാളവും തേടേണ്ടിവരും എന്നു ഭയപ്പെട്ടു തന്റെ പ്രിയദർശനത്തിന് ഉഴറാൻപോലും ഒരുങ്ങാതെ കാര്യാന്വേഷണഭാഗങ്ങൾ മാത്രം നിർവ്വഹിച്ചു നടന്നു. ആ തക്കത്തിൽ 'ഉഷാനിരുദ്ധം' നിറവേറ്റാതെ, മദനേശ്വരദ്വേഷികളായി വർത്തിക്കുന്നവരെ ശാസിച്ച് അഴകൻപിള്ള ലക്ഷ്മിഅമ്മയോടും തന്റെ യജമാനനോടും തോറ്റിട്ട് ഒരു നിശാരംഭത്തിലെ സ്വൈരാവസരം നോക്കി ദേവകിയോട് ഇടഞ്ഞു. "അങ്ങ് കല്ലറയ്ക്കപ്പോണു പാത്തൂടാണ്ട് ഈ ആളുകളെ ഇട്ടു ചെമ്മച്ചനി പിടിപ്പിക്കണതെന്തിനപ്പീ?" എന്ന് അയാളിൽനിന്നുണ്ടായ ചോദ്യത്തിന് ദേവകി ഇങ്ങനെ മറുപടി പറഞ്ഞു: "ഇന്ന് അങ്ങോട്ടു ചാടിപ്പോന്നാൽ നാളെ മറ്റൊരേടത്തേക്കും ചാടിപ്പോവും എന്ന് അദ്ദേഹം വിചാരിക്കും."

അഴകൻപിള്ള: "എന്നാപ്പിന്നെ അതേതു പെണ്ണുങ്ങക്കു വയ്യാത്ത്; എന്നുവച്ചു പെണ്ണുകൊള്ളയും പൊറുപ്പിക്ക്യയും ചെയ്യണാരില്യോ?"

ലക്ഷ്മിഅമ്മ: "ഞെരുക്കണ്ട അഴകൻപിള്ളേ. എലങ്കം പോയതിനെക്കുറിച്ചു വലിയ ശണ്ഠകൂട്ടിക്കൊണ്ടു തിരിച്ചെത്തും. അപ്പോഴത്തെ ദേഷ്യം ഒന്നു ശമിച്ചിട്ട് എല്ലാം ആലോചിക്കാം."

അഴകൻപിള്ള: "അതുവരെ അപ്പൊ, ഈ വെരുവിലിട്ട കൂടെപ്പോലെ- ഹ്ഹ്- കൂട്ടിലിട്ട വെരുവെപ്പോലെ കിടപ്പാനോ?"

ലക്ഷ്മിഅമ്മ: "ചിലതൊക്കെപ്പറഞ്ഞുതീർത്തിട്ടേ വല്ലതും ഏർപ്പാടിന് ഒരുക്കാവൂ."

അഴകൻപിള്ള: "അഴകൂനും അറിയാം. പറഞ്ഞുതീർപ്പാനുംമറ്റും ഒന്നും ഇല്ല. കൊലവാസംചെയ്തു കഴുവേറ്റാൻ വിതിച്ചൂട്ടാലും, അഴകു പെയ് ഒരു കൈപാക്കുമ്പോ എഴുത്തും കിഴുത്തുമൊക്കെ അങ്ങു മറഞ്ഞു പോവാര്. അടിക്കടി ആളു വരുന്നാ? മൂന്നു പതിനഞ്ചെത്ര അമ്മച്ചീ, അത്രയും നന്നെലം അഴകനു കരമൊഴി ചാർത്തി അല്യോ കല്പിച്ചുതന്നൂട്ടാര്? ഇന്നു ചെന്ന് ഒന്നറവിച്ചൂട്ടാ തടുക്കാൻ ഏതു മന്നൻ? ഏതു മന്തിരി? തേവു അപ്പിക്കുവേണ്ടി അഴകനിതാ ചെന്ന് ഒരു വരം കേട്ടോണ്ടു വന്നൂടുണേ."

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/164&oldid=167999" എന്ന താളിൽനിന്ന് ശേഖരിച്ചത്