യ്ക്കൽപിള്ളയ്ക്കായി അപേക്ഷിക്കുന്നു എന്നറിയാതെ വല്ലതും വാഗ്ദത്തം ചെയ്തിട്ടു പിന്നീടു വിഷമമുണ്ടെന്നു കണ്ട് സത്യലംഘനം വരുത്തിക്കൂടാ എന്നും ആ ഭക്തനെ ഇച്ഛാഭംഗപ്പെടുത്തരുതെന്നും ചിന്തിച്ച് ഇങ്ങനെ കല്പിച്ചു: "നീ വല്ല പെണ്ണിനെയും കണ്ടിട്ടുണ്ടോ?"
അഴകൻപിള്ള: (സ്വഗതം) അഴകു ചൊല്ലിയപ്പം എക്ഷിയമ്മച്ചി കൊല്ലാൻവന്നാരില്യോ? (ഉറക്കെ) "ഇപ്പമോ?"
മഹാരാജാവ്: (ചോദ്യം മനസ്സിലാകാതെ) "ആകട്ടെ, ഇപ്പോൾ? എന്താ, എന്താ പറഞ്ഞേക്ക്."
അഴകൻപിള്ള: "അറിവിച്ചാരില്യോ അടിയൻ? ആ പെരിഞ്ചക്കോട്ടെ അങ്ങേരൊണ്ടല്ലോ. അങ്ങേലെ-"
മഹാരാജാവിനു വസ്തുത മനസ്സിലായി. രാജദ്രോഹകക്ഷിയിലെ ഒരു പ്രധാനാംഗമായി ദിവാൻജിയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഒരു അക്രമിയുടെ പുത്രിയോടു രാജഭക്തനായുള്ള ഒരു ഗൃഹസ്ഥനെ ചേർപ്പാൻ ഈ പരമഭക്തൻ ആഗ്രഹിക്കുന്ന സ്ഥിതിയിൽ എന്താണു ചെയ്യേണ്ടതെന്നു ചിന്തിച്ചു തിരുമനസ്സുകൊണ്ടു കുഴങ്ങിനിന്നിട്ട് ഇങ്ങനെ കല്പിച്ചു: "അതൊക്കെ നിന്റെ ഇഷ്ടംപോലെ സാധിച്ചുതരാൻ ദിവാൻജിയുണ്ടല്ലോ. അദ്ദേഹം പടയ്ക്കു പോയി വരട്ടെ. അപ്പോൾ എല്ലാം ശരിയാകും."
അഴകൻപിള്ള: "മതി മതി പൊന്നുടയതേ. കൊച്ചിനെ ഒന്നു തിരുവടിക്കു പാക്കണ്ടയോ? അപ്പപ്പിന്നെ പെരിഞ്ചക്കോട്ടെ അങ്ങേര് മാടൻതടിയുമെടുത്തോണ്ടു നിന്നാലോ?"
മഹാരാജാവ്: "പറഞ്ഞില്ലേ? നീ ദിവാൻജിയെ സന്തോഷിപ്പിക്ക്. അപ്പോൾ പെരിഞ്ചക്കോടൻ എല്ലാത്തിനും ഉൾപ്പെട്ടു വരും." തന്റെ യാത്രോദ്ദേശ്യം നിവർത്തിതമാകയാൽ അഴകുശ്ശാർ പള്ളിയറയിലെ മനോഹരമായ അലങ്കാരധോരണിയെ നോക്കി ഒരു ആനന്ദവൈവശ്യവും അല്പം ഒരു ആകാക്ഷാഭാവവും പ്രകടിപ്പിച്ചു വിടവാങ്ങാൻ തൊഴുതു.
മഹാരാജാവ്: "നില്ക്ക്, നില്ക്ക്, " എന്നു കല്പിച്ചുകൊണ്ടു പള്ളിയറയ്ക്കുള്ളിൽ ഇരുന്നിരുന്ന വെള്ളികെട്ടിയ ഒരു വേൽ എടുത്ത് അഴകൻപിള്ളയ്ക്കു സമ്മാനിച്ചിട്ടു, "നീ അന്നു കണ്ടില്ലേ സാർവാധികാര്യക്കാരെ? അയാളെ ഇന്നും കണ്ടിട്ടു വേണം പോവാൻ!" എന്ന് ആജ്ഞാപിച്ചു.
ശ്രീരാമാംഗുലീയത്തെ ഹനുമാൻ വാങ്ങിയതുപോലെ നിലംപറ്റിത്താണു തൊഴുത് ആ ആയുധം വാങ്ങിയ അഴകുശ്ശാർ തിരുമുമ്പിൽവച്ചുതന്നെ, അതിന്റെ അഗ്രഭാഗത്തെ ഒന്നു ത്രസിപ്പിച്ചുകൊണ്ട് "അപ്പോ അടിയനു വെട കിട്ടിയിരിക്കണതു ദിവാൻശി അങ്ങത്തെക്കൂടി പടയ്ക്കു പോവാനല്യോ?" എന്നുകൂടി ചോദിച്ചു. രാജസിംഹന്മാരുടെ ഹൃദയങ്ങളും ശുദ്ധമനസ്ക്കന്മാരുടെ ഭക്തിപ്രകടനത്തിൽ വ്യാകുലങ്ങളായിത്തീരും. തന്റെ പരമാർത്ഥമായ അന്തർഗ്ഗതത്തെ ഗ്രഹിച്ച, ജന്മവാസനയാൽ