Jump to content

താൾ:Ramarajabahadoor.djvu/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നന്തിയത്തു വിവാഹകർമ്മത്തിനായി ഒരുക്കപ്പെട്ട ദീപശിഖകൾ എന്നപോലതന്നെ ആ ചെറുമന്ദിരമായുള്ള ആരാമവേദിയിൽ വിളങ്ങിയിരുന്ന ദീപവും മുഹൂർത്തത്തിന്റെ ഐക്യത്താൽ ഇടം ചുറ്റി വീശിയതു രംഗസ്ഥിതജനങ്ങൾ കാണുകയോ ആ ലക്ഷണത്താൽ ജല്പിതമായ ശുഭാശുഭത്തെ ഗ്രഹിക്കുകയോ ചെയ്തില്ല.

പെരിഞ്ചക്കോടൻ അയാളുടെ ഭീമഹസ്തങ്ങൾ വലയംചെയ്തുനില്ക്കുന്ന സ്ത്രീകൾ-ഇവരുടെ ഹൃദയത്രയത്തിന്റെ സംയോജ്യാവസ്ഥ ഗ്രന്ഥകാരന്മാരുടെയോ ഗ്രന്ഥോപഭോക്താക്കളുടെയോ വീക്ഷണത്തിനു വിഷയീഭവിച്ചുകൂടാത്തതായ പാവനമാഹാത്മ്യത്തോടുകൂടിയതായിരുന്നു. ആര്യധർമ്മത്തിന്റെ പ്രചാരാബ്ധിയിൽ ബഹുകോടി സതികൾ ഭർത്തൃശരീരങ്ങളോടൊന്നിച്ചു ചിതാരോഹണം ചെയ്തിട്ടുണ്ട്. പ്രണയകഥകൾ ലോകവിശ്രുതിയെ സമ്പാദിക്കുമാറുള്ള സാഹിത്യരൂപങ്ങളിൽ പ്രഖ്യാപിതങ്ങളും ആയിട്ടുണ്ട്. എന്നാൽ, ഭർത്താവിന്റെ ശിവപൂജാസമാപനത്തിലുള്ള ഭസ്മം ഉണ്ടാക്കാൻ സ്വദേഹത്തെ ദഹിപ്പിച്ച ഒരു പുളിന്ദിയുടെ ത്യാഗകർമ്മം അനുകരിച്ച ഒരു ഹരിശ്ചന്ദ്രനോടോ രുഗ്മാംഗദനോടോ പുരാണകഥകൾ മാർഗ്ഗേണ ലോകം പരിചയപ്പെടുന്നില്ല. 'പുളിന്ദ'ന്മാരുടെ അഭാവം പ്രത്യക്ഷമാക്കുന്ന ധർമ്മങ്ങളുടെ അനുയായികൾ പെരിഞ്ചക്കോടന്റെ പ്രണയപ്രകടനം കേവലം മൃഗീയമെന്നു വിവക്ഷിച്ചേക്കാം.

പെരിഞ്ചക്കോടനിലെ അഘാംശങ്ങളുടെ പരിമിതി എന്തുതന്നെ ആയിരുന്നാലും അയാളുടെ വാത്സല്യപ്രണയങ്ങളുടെ പ്രചുരിമ ബഹുവിശ്വങ്ങളെ സ്വർഗ്ഗമണ്ഡലങ്ങൾ ആക്കാൻപോരുന്നതായിരുന്നു. നിശബ്ദവും നിശ്ചേഷ്ടവും ആയി, കേവലം ആത്മീയനാഡികൾ മാർഗ്ഗമായി സ്വാനുരാഗസ്നേഹങ്ങളെ പ്രസ്രവിപ്പിച്ച് ആ ജനനീപുത്രിമാരെ ശാന്തധീരകൾ ആക്കിനിന്ന പെരിഞ്ചക്കോടൻ അനിശ്ചിതമായുള്ള ഭാവ്യവസ്ഥകളെ അന്തഃചക്ഷുസ്സുകളാൽ ദർശിക്കുന്നു. ആ ജീവാനന്ദസന്ദായിനികൾക്കുവേണ്ടിയും തന്റെ പുരുഷനിശ്ചയത്തെ ഉപേക്ഷിക്കുക എന്നുള്ള ചാപല്യം അയാളുടെ ആത്മഘടനയ്ക്കു വിരുദ്ധമായിരുന്നു. താൻ സംവരിപ്പാൻ ബദ്ധസൂത്രനാകുന്ന വിപത്തുകൾ പക്ഷേ, തന്റെ ജീവഹതിയിൽ പരിണമിച്ചേക്കാമെന്നു ഭയപ്പെട്ട് അങ്ങനെ സംഭവിക്കുന്നെങ്കിൽ താൻ കേശവപിള്ളയോടു വീരവാദംചെയ്തതുപോലെ ആ നിരാലംബകൾക്കു സുഖജീവിതം നിർവ്വഹിപ്പാൻ വേണ്ട വ്യവസ്ഥകൾ ചെയ്യുന്നതിനു മാത്രം അയാൾ പോന്നിട്ടുള്ളതായിരുന്നു. പുത്രിയെ വേർപെടുത്തിയിട്ടു ഭാര്യയോട് ഏകാന്തസംഭാഷണം ചെയ്യുന്നതിന് ആഗ്രഹിക്കുകയാൽ, അയാൾ "തേവൂ! അച്ഛൻ പെരുവഴി നടന്നു തളർന്നുവന്നിരിക്കുന്നു. എന്റെ പൊന്നുകുട്ടിതന്നെ പോയി ഒരു കിണ്ണി വെള്ളം അനത്തി ചുടുചുടേന്നു കൊണ്ടന്നൂട്" എന്ന് ആജ്ഞാപിച്ചു. വൈമനസ്യത്തോടെങ്കിലും, ആജ്ഞാനിർവ്വഹണത്തിനു കന്യക പുറപ്പെട്ടപ്പോൾ പെരിഞ്ചക്കോടൻ ഭാര്യയുടെ മുഖത്തെ ഹസ്തങ്ങളിൽ ചേർത്ത് അഭിമുഖനായി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/167&oldid=168002" എന്ന താളിൽനിന്ന് ശേഖരിച്ചത്