താൾ:Ramarajabahadoor.djvu/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വച്ചു കഴിച്ചുകൊണ്ടു സുഖമായി ഇരിക്കരുതോ? വയസ്സ് അങ്ങോട്ടു ചെല്ലുകയല്ലേ ചെയ്യുന്നു? ഇനിയിപ്പോൾ എങ്ങോട്ടെങ്കിലും പോകുന്നെങ്കിൽ ദേവകി വല്ലാതെ വ്യസനിക്കും."

പെരിഞ്ചക്കോടൻ: "നോക്കെന്റെ ചെല്ലൂ! ആണുങ്ങൾക്കു ചെല മൊറകളുണ്ട്. അതു വിട്ടാൽ അവന്റെ കാര്യം ചീളുവം. അവൻ പല കോട്ടകളും പിടിപ്പാനും പൊടിപ്പാനും നിയ്ക്കും. അവന്റെ ഉള്ളം വെളിയിൽ വിട്ടാൽ പെണ്ണുങ്ങൾ താങ്ങൂല്ല. അവന്റെ അകത്തൊള്ള തീ എന്തെന്നു പെങ്കൊലത്തെ തെരുവിച്ചാൽ പിന്നെ കുടി പൊറുതികെട്ടു. ഞാൻ ഇന്നു പോയാൽ ഒടനേ വന്നൂടും, ചെലതു കണ്ടേച്ചു. പിന്നെ കാര്യങ്ങൾ നിന്റെ ചൊൽപടിക്കേ വിട്ടൂടാം. നീകേപ്പാൻ തുടങ്ങിയതു പറയാണ്ടു മനം പുണ്ണാക്കാതെ."

ഇദ്ദേഹം ഇടക്കാലത്ത് ആ സങ്കേതം വിട്ടുപിരിഞ്ഞിരുന്നതു ദേവകിക്ക് ഒരു ഭർത്താവുണ്ടാക്കാൻ ആണെന്ന് ലക്ഷ്മിഅമ്മ ഗ്രഹിച്ചിരുന്നു. ആ യത്നം ഫലിക്കാത്തതുകൊണ്ട് എന്തോ വിഷമസങ്കലിതമായുള്ള സാഹസത്തിനു വീണ്ടും ഉദ്യോഗിക്കുന്നു എന്നു ഭയപ്പെട്ടു പുത്രിക്ക് ഒരു കുബേരനെയോ കാമദേവനെയോ ഭർത്താവായി കിട്ടിയില്ലെങ്കിലും സ്വഭർത്താവിന്റെ ജീവിതഗതിയെ ഗൃഹവൃത്തിയിലോട്ടും കർഷകവൃത്തിയിലോട്ടും ബന്ധിപ്പിച്ച് ആപദ്വിഹീനമായുള്ള സ്വൈരവാസത്തിൽ അദ്ദേഹത്തെ അനുരുക്തനാക്കാനായി അവർ ശൃംഗാരചേഷ്ടകളോടെ അദ്ദേഹത്തെ പുണർന്നുകൊണ്ടു ക്ലേശഭാവത്തിലും മധുരസ്വരത്തിലും ഇങ്ങനെ ധരിപ്പിച്ചു: "ഇവിടെ തനിച്ചു താമസിച്ചു ഞങ്ങൾ വളരെ കഷ്ടപ്പെടുന്നു. അവിടുന്നു കണ്ടിടത്തുപോയി താമസിക്കുന്നതിനെക്കുറിച്ചു ദേവകി ഇന്നു കഴുത്തിൽ തൂങ്ങിക്കരയുവാൻ നിശ്ചയിച്ചിട്ടുണ്ട്. അങ്ങനെ ചെയ്യരുതെന്നു ഞാൻ ഗുണദോഷിച്ചു എങ്കിലും അവൾ ചാടിക്കൂടിയതു കണ്ടില്ലേ?"

പെരിഞ്ചക്കോടൻ സ്വഭാര്യയുടെ വാദത്തിലെ ഭാഷാ പരിഷ്കൃതിയാലും വാങ്മാധുര്യത്താലും ധന്യനാക്കപ്പെട്ടു. "തനിച്ചോ എശ്മി! കല്ലറക്കയാൻ കാവലൊണ്ടല്ലോ. എന്നാൽ ഞാൻ ചൊല്ലണതുവരെ അവനെ അധികം അടുപ്പിക്കാതെ. ഇന്നു നീ പുതുക്കൊഴഞ്ചിമല ആടുന്നേന്നു നിനക്ക് ഇതാ (ചുംബനം). ഇപ്പം ഒന്നുകൂടി പെയ്യേച്ചു വന്നിട്ടു പിന്നെ എല്ലാം നിന്റെ ചൊൽപ്പടി. നീ കേപ്പാൻ വന്നതെന്തോന്ന്?"

ഭർത്താവായ അതിവീരന്റെ വാക്കുകൾ അപ്പോൾ ആരംഭിക്കുന്ന വിവരം തന്റെ വൈധവ്യത്തിൽ അവസാനിച്ചേക്കും എന്നു ധ്വനിക്കുംവണ്ണമുള്ള കണ്ഠക്ഷോഭത്തോടുകൂടി ആയിരുന്നതിനാൽ സകലവും ഭഗവാൻ ശ്രീവൈകുണ്ഠവാസിയുടെ പ്രസാദഗതി അനുസരിച്ചു നടക്കട്ടെ എന്നു സമാധാനപ്പെട്ടുകൊണ്ടു തന്നെ പീഡിപ്പിച്ചുവന്ന സംശയത്തിനു നിവൃത്തിവരുത്തിക്കളവാൻ ആ സ്വാധി തീർച്ചയാക്കി. അക്ഷരങ്ങളെ ഉച്ചരിപ്പാൻ തുടങ്ങിയപ്പോൾ രസനേന്ദ്രിയം സ്തംഭിച്ചു. തന്റെ പരിതഃസ്ഥിതിയിൽ മോക്ഷകവാടം തീരെ പ്രതിബന്ധിച്ചുപോകാവുന്ന ഒരു മഹാപാ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/169&oldid=168004" എന്ന താളിൽനിന്ന് ശേഖരിച്ചത്