പ്രാചീനമലയാളം 2/ഇളയതു്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പ്രാചീനമലയാളം 2
രചന:ചട്ടമ്പിസ്വാമികൾ
ഇളയതു്


[ 39 ]
ഇളയതു്


ഇനി ന്യൂന ജാതി രണ്ടു വകയുള്ളതിൽ ഇളയതിനെക്കുറിച്ചു്

‘കശ്ചിദ്വിജതുതത്രൈവ ശൂദ്രസ്യച ഭവനംയയൌ
ശ്രാദ്ധം ഭുക്തസമാഗത്യ ശ്രീമൂലസ്ഥാനമണ്ഡപെ
ബ്രാഹ്മണാനാന്തു മധ്യെ ച തസ്ഥൗചദ്വിജഭൂഷകഃ
യോഗാചാര്യസ്തുവീക്ഷ്യാഥ ബ്രാഹ്മണം വാക്യമബ്രവീൽ.
ഗച്ശത്വം പാപസംയുക്ത ശൂദ്ര ശ്രാദ്ധേതു ഭുക്തിനഃ
തച്ശ്രുത്വാതഞ്ച വിപ്രാസ്തു ബഹിഷ്കാരം കൃതാസ്തദാ
തല്ക്കാലെ ഭാർഗ്ഗവസ്തത്ര ബ്രാഹ്മണാന്ന്വാക്യമബ്രവീൽ
ശൂദ്രാണാം സതുനിത്യഞ്ചശ്രാദ്ധം ഭുക്തം ച തിഷ്ഠതു
അനുജ്ഞാപ്യദ്വിജാസ്തസ്മൈഗൃഹഞ്ചപ്രദദൌതദാ
പാതിവ്രത്യഗതാമാസ്തു തവഭാര്യാചപുത്രികാ
തവഭാര്യാചപുത്രാർത്ഥം ബ്രാഹ്മണാൻ നിത്യമെചവ
തൈസ്സാകുഞ്ചരതിംകൃത്വാതിഷ്ഠന്താമവനീതലെ‘


അർത്ഥം - അവിടെത്തന്നെ ഒരു ബ്രാഹ്മണൻ ശൂദ്രഭവനത്തിൽ പോയി ശ്രാദ്ധമുണ്ടു് ശ്രീമൂലസ്ഥാനത്തുവന്നു് ബ്രാഹ്മണരുടെ ഇടയിലിരുന്നു.


  യോഗാചാര്യൻ അയാളെനോക്കി ശൂദ്രച്ചാത്തമുണ്ടു് പാപമുള്ള താൻ പോയികൊൾക എന്നു പറഞ്ഞു. ഇതുകേട്ട ബ്രാഹ്മണർ ഇയാളെ പുറന്തള്ളി. അപ്പോൾ ഭാർഗ്ഗവൻ വന്നു് ഇയാൾ എന്നും ശൂദ്രചാത്തമുണ്ട്‌ പാർക്കട്ടെന്നു പറഞ്ഞു് ഒരു വീടും കൊടുത്തു. നിന്റെ ഭാര്യക്കു പാതിവ്രത്യമരുതെന്നും പുത്രാർത്ഥം ബ്രാഹ്മണരെ കൈക്കൊണ്ടവരോടു കൂടി രമിക്കട്ടേ എന്നും പറഞ്ഞു.


  ഇതിൽ മുൻപറഞ്ഞ പ്രകാരം ഒരു ബ്രാഹ്മണൻ ശൂദ്രചാത്തമുണ്ടതു എന്തു കാരണത്താലായിരിക്കാം? [ 40 ] ദാരിദ്ര്യവും വിശപ്പും അധികപ്പെട്ടതിനാലൊ ചിത്തഭ്രമം കൊണ്ടൊ ഊണു് അവർക്കു സർവസാധാരണമായിരുന്നതു കൊണ്ടോ ആയിരിക്കണം.

  ദാരിദ്ര്യവും വിശപ്പും കൊണ്ടാണെങ്കിൽ ഭാർഗ്ഗവൻ

’കുബേരസ്യ തു കോശാനുഗൃഹീത്വാവി ഭുരാഗതഃ
വൃഷമൂലെ തുനിക്ഷിപ്യ‘

(കേരള മഹാത്മ്യം)


അർത്ഥം - വൈശ്രവണന്റെ ഭണ്ഡാരം (ഖജനാവ്) കൊണ്ടുവന്നു വൃഷമൂലത്തിങ്കൽ (വാഹനച്ചുവട്ടിൽ) സ്ഥാപിച്ചു.

  പിന്നെ ചെന്നു് ഉത്തമകുലീനന്മാരും വൈദികവൃത്തിയിലിരിക്കുന്നവരുമായ ബ്രാഹ്മണരെക്കൊണ്ടു് വന്നിരുത്തി.

ഗൃഹെ ഗൃഹെ ചതിഷൂന്തികുബേരൈശ്ച സമന്വിതാ
അഷ്ടൈശ്വര്യം ദദൌതെഭ്യം.

(കേരള മഹാത്മ്യം - ൧൨അ)


അർത്ഥം: -

’തേഷാംഗ്രാമാണിനിർമ്മായ തെഭ്യസ്തെഭ്യൊ
ദദൌപ്രഭുഃ അഷ്ടൈശ്വര്യം‘ (൧൨ അ)


അർത്ഥം: -

’അനന്തരം ദദൌതേഭ്യ അഷ്ടൈശ്വര്യഞ്ച ശാശ്വതം‘.


അർത്ഥം: -

  ഇക്കാണിച്ച പ്രമാണങ്ങളാൽ ബ്രാഹ്മണർ വേണ്ടതായ സകല സർവസമ്പത്തും ഉണ്ടായിരുന്നെന്നു കാണാവുന്നതാണു്. [ 41 ]

‘സാമന്താനാം ദ്വിജാ തീനാം നായകഃപരിചാരകഃ’

(കേരള മഹാത്മ്യം)[1]

  ഇപ്രകാരം ശൂദ്രർ ബ്രാഹ്മണരെ അപേക്ഷിച്ചു് നികൃഷ്ടന്മാരും ദാസന്മാരും പരിചാരകന്മാരും ബ്രാഹ്മണർക്കു തൊട്ടുണ്ണാൻ പാടില്ലാത്തവരും ആകുന്നെന്നു കാണുന്നു. ഒരു ചാത്തത്തിനു കൂടിയാൽ ഒരു നേരത്തെ ഭക്ഷണവും ഒരു മുണ്ടും രണ്ടോ മൂന്നോ പണവും കുറെ പലകാരവും കിട്ടും. ഭാർഗവന്റെ ഏർപ്പാടും പുതിയ മേളവും സർവാദികാരവും തകർത്തുകൊണ്ടിരിക്കുന്ന അക്കാലത്തു് എല്ലാം കൊണ്ടും ഏഴയും (അഗതിയും) ദാസനും ആയിരിക്കുന്ന ശൂദ്രൻ എല്ലാം കൊണ്ടും വലിയവനായ ബ്രാഹ്മണനെ നടപ്പിനു വിരോധമായിട്ട്‌ ക്ഷണിക്കുമോ? അപ്പോൾ അവന്റെ നാക്കിനെ അറുക്കുകയില്ലയോ? നിസ്സാരമായ ആദായത്തിനുവേണ്ടി ആ കുലീനൻ ഇതിൽ പ്രവേശിച്ച്‌ ഭ്രഷ്ടനാവാൻ തുനിയുമൊ? ബ്രാഹ്മണരുടെ പ്രതാപവും ശക്തിയും കുറഞ്ഞിരിക്കുന്ന ഇക്കലാത്തു ഒരു നമ്പൂരിയെ ഒരു ശൂദ്രൻ ക്ഷണിക്കുമോ? ആ ഉല്കൃഷ്ടൻ നികൃഷ്ടന്റെ അവിടെ ഒരു മാതിര പുലകുളി ഊണികളെപ്പോലെ ചാടിക്കേറി ഇരുന്നുണ്ടുകളയുമൊ? ഇതു ശുദ്ധ ഭോഷ്കു തന്നെ. അതിനാൽ ദാരിദ്ര്യാദി നിമിത്തമെന്നു പറയാൻ പാടില്ല.

  ചിത്തഭ്രമം കൊണ്ടാണെങ്കിൽ, ചാത്തമൂണെന്നതു് ധർമ്മമെന്നമട്ടിൽ സാധാരണ ആർക്കും കൊടുക്കത്തക്കതും കിട്ടത്തക്കതുമല്ല. അതിലേക്കുള്ള ആൾ (പുരുഷൻ) ഇണങ്ങനും മര്യാദക്കാരനും ആയിരിക്കണം. മുൻകൂട്ടി ക്ഷണിക്കപ്പെടണം. ചാത്തമുണ്ണുന്ന ദിവസം അയാൾ വിധി പ്രകാരമുള്ള വ്രതനിയമത്തിലിരിക്കണം. ഇങ്ങനെയുള്ളവനെ മാത്രമെ ക്ഷണിക്കയും ഊട്ടുകയും ചെയ്കയൊള്ളൂ. സ്ഥിതിക്കു ചിത്ത ഭ്രമക്കാരനെ വിളിക്കയില്ല. അവൻ സ്വയമേവ വന്നാലും സ്വീകരിക്കയുമില്ല. ഇതിനാൽ ചിത്തഭ്രമം കൊണ്ടെന്നു പറയുന്നതിനും പാടില്ല.


8
 

[ 42 ]   സാധാരണമായിരുന്നതു കൊണ്ടുതന്നെയെന്നു സ്ഥിരപ്പെടുന്നു. അത്രയുമല്ല അഷ്ടൈശ്വര്യവാനും കുലീനനുമായിരുന്നിട്ടും നിർദ്ധനനും ദാസനുമായിരുന്നവന്റെ അടുക്കൽ പോയി ചാത്തമുണ്ടതിനെ കുറിച്ച് ഊഹിക്കുമ്പോൾ ആദായത്തെയൊന്നും കരുതിയല്ലെന്നും അവൻ ചാത്തത്തിനു ക്ഷണിച്ചാൽ ഉപേക്ഷിക്കാൻ പാടില്ല, നിശ്ചയമായിട്ടും പോയുണ്ണുകതന്നെ വേണം എന്നു സർവാത്മനാ നിർബന്ധവും ഉണ്ടായിരുന്നിരിക്കണമെന്നും സിദ്ധിക്കുന്നു.

  അല്ലെങ്കിൽ ആർത്തി തീരുമാറു കഞ്ഞിപോലും കിട്ടാതേയും പരമാർത്ഥ ഹൃദയന്മാരെ വിശ്വസിപ്പിക്കത്തക്കവണ്ണം സാധുക്കളുടെ വേഷത്തോടുകൂടിയും മലയാളത്തിൽ വന്നു ചേർന്നു് അലഞ്ഞു നടന്നവരെന്നും ശൂദ്രൻ കേമമായി വാണിരുന്നവനെന്നും നിത്യവും സദ്യ കഴിക്കുന്നവനെന്നും , ഇക്കൂട്ടർ സദ്യയുള്ളെടത്തു് അവിടവിടെ കേറി ഉണ്ടുവന്നവരാകുന്നു എന്നും ചാത്തത്തിനിരുന്നുന്നാൽ മുണ്ടും പണവും അത്താഴത്തേക്കു പലഹാരവും കിട്ടുമെന്നുള്ളതുകൊണ്ടു് അതിലേക്കു ശുപാർശ ചെയ്തിരിക്കുമെന്നും ഇവർ ബ്രാഹ്മണരും സദ്‌വൃത്തന്മാരുമായിരിക്കുമെന്നും അതിനാൽ ഇവരെ ചാത്തമൂട്ടുന്നതുകൊണ്ടു് ദോഷമില്ലെന്നും കരുതി അതിലേക്കനുവദിച്ചു് അപ്രകാരം നടന്നുവരവെ കാലക്രമംകൊണ്ടു് കാരണാന്തരത്താൽ ആ നടപടികൾക്കു ചിലടത്തു ചിലഭേദങ്ങൾ സംഭവിച്ചിട്ടുള്ളതായിരിക്കുമെന്നും ഊഹിക്കേണ്ടതാണ്‌. അപ്രകാരമൊന്നുമല്ല. ശൂദ്രചാത്തമൂണു മുതലായവയെ കുറിച്ചു നിഷേധവും,

‘നശൂദ്രസ്യ പൌരോഹിത്യമുപാശ്രയേൽ’
(ശാങ്കരസ്മൃതി ൮൨ അ)


അർത്ഥം: ‘ബ്രാഹ്മണന്‌ ശൂദ്രന്റെ ശ്രാദ്ധദക്ഷിണകളെ സ്വീകരിക്കാൻ പാടില്ല’ എന്നിപ്രകാരം പ്രമാണവുമിരിക്കുന്നൊണ്ടു് എങ്കിൽ,

  അരുതെന്നുള്ള നിഷേധം ചെയ്തുകൊണ്ടിരിക്കുന്ന സംഗതിയെ അല്ലാതെ ഒരിക്കലും ചെയ്തിട്ടില്ലാത്തതായ സംഗതിയും ചേരുകയില്ലാ. ശൂദ്ര പൌരോഹിത്യം (ചാത്തമൂണു്) അവർക്കു് മുമ്പിലുണ്ടായിരുന്നതിനാൽ തന്നെയായിരിക്കണം നിഷേധിച്ചതു്. എന്തെന്നാൽ മുമ്പ് ഉണ്ടായിട്ടില്ലാത്തതായ ഒരു പുലയന്റെ പൌരോഹിത്യ സ്വീകരണത്തെ നിഷേധിച്ചില്ലല്ലൊ. പുലയനും ബ്രാഹ്മണനും അന്യോന്യം അടുത്തു പെരുമാറ്റമി [ 43 ] ല്ലാത്തതിനാൽ ശങ്കക്കെ അവസരമില്ല. അതിനാലത്രെ നിഷേധിക്കാതിരുന്നതു്. അല്ലാതേയും ഒരു കൃത്യത്തെ നിഷേധിക്കുന്നതിന്നു് ഇപ്പറഞ്ഞ കാരണമല്ല വേറെയും കാരണമായിരിക്കും.


  ൧-ആമത് ഏതെങ്കിലും ഒരു കാര്യത്തെ മുമ്പിനാലെ ചെയ്തു കൊണ്ടുവരവെ എന്തെങ്കിലും കാരണത്താൽ അതിൽ വെറുപ്പുണ്ടാകുന്ന സമയം ഇനി ഇതിനെ ചെയ്യരുതു് എന്നുള്ളത്. രണ്ടാമതു് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു സംഗതിയെ മുമ്പിൽ ഒരിക്കലും ചെയ്തിട്ടില്ലെങ്കിലും വർത്തമാനത്തിലൊ ഭാവിയിലൊ വ്രീഹിനവഹന്തി എന്ന (നെല്ലുകുത്ത്) വിധി പക്ഷെ പ്രാപ്തമായ നഖവിദലനാദിയെ നിഷേധിക്കും പോലെ ഒരു പക്ഷേ ചെയ്യാനിടയാകുമെന്നു ശങ്കനേരിടുക. ഇവയിൽ മുമ്പൊരിക്കലും ചെയ്തിട്ടില്ലെങ്കിലും പ്രത്യേക നിഷേധം ഏർപ്പെടുത്താതിരുന്നാൽ പില്ക്കാലത്തെങ്കിലും അഥവാ പറ്റിപ്പോയേക്കാമെന്ന വിധത്തിൽ ബ്രാഹ്മണരും ശൂദ്രരും തങ്ങളിൽ അടുത്തുപെരുമാറ്റം ഉള്ളതുകൊണ്ടുമാത്രം ഏർപ്പെടുത്തിയതാകയാൽ ഇതിലേക്കു രണ്ടാമതു പറഞ്ഞതാകുന്നു കാരണം. ബ്രാഹ്മണാലയത്തിൽ ശുശ്രൂഷയ്ക്കു ശൂദ്രനും ശൂദ്രാലയത്തിൽ സംബന്ധത്തിനു ബ്രാഹ്മണനും ഇങ്ങനെ രണ്ടുപേരുടെ ഭവനത്തിലും രണ്ടുപേരും പോകും. ഇതാണു് അടുത്ത പെരുമാറ്റം. സ്ഥിതിക്കു ബ്രാഹ്മണൻ ശൂദ്രന്റെ ചാത്തമുണ്ടുപോകുമൊ എന്നു സംശയിച്ച് ഇപ്രകാരം നിഷേധം ഏർപ്പെടുത്തിയതുപോലെ ശൂദ്രൻ ബ്രാഹ്മണന്റെ ചാത്തമുണ്ടുപോകുമൊ എന്നു ശംകിച്ചു് അതിലേക്കും ഒരു നിഷേധം ഏർപ്പെടുത്തുന്നതിന്നു ന്യായമുണ്ടായിരുന്നു. അതു ചെയ്യാത്തതെന്തുകൊണ്ടു്? അക്കാര്യത്തിലേക്കു ബ്രാഹ്മണർ ഒരിക്കലും സമ്മതിക്കയില്ലെന്നുള്ളതു് നിശ്ചയമാകയാൽ നിഷേധിച്ചില്ലാ.


  എന്നാൽ അപ്പോൾ ശൂദ്രന്റെ ചാത്തം അവരുണ്ണരുതെന്നു് നിഷേധിക്കപ്പെട്ടതുകൊണ്ടു് അവർക്കു് അതിലേക്കു പൂർണ്ണമനസ്സുണ്ടെന്നുള്ളതു് നിശ്ചയം തന്നെ എന്നു വരുന്നു. അല്ലാതേയും സകല ആവശ്യങ്ങൾക്കും കൂട്ടേണ്ടവരായ സ്വജനത്തെ(ഇണങ്ങരെ)യൊഴിച്ച് സാധാരണ തൊട്ടുണ്ണണമെന്നുള്ള സ്വജാതിക്കാർ പോലും ചാത്തത്തിനു ക്ഷണിക്കപ്പെടുകയും ഭക്ഷിക്കയുമില്ല. ഇവർ അതു പോയിട്ടു് ചാത്തമൂട്ടിലുൾപ്പെട്ടു് പോയതു കൊണ്ടു് പണ്ടു് അവർ ഇവരെ സാധാരണയുള്ള സ്വജാതിക്കാരിലും കൂടുതലായിട്ടു് ഇണങ്ങരെപ്പോലെ തന്നെ, പന്തിഭോജനം, ശ്രാദ്ധഭോജനം മുതലായവയെ കൊടുത്തു് ചേർത്തു് നടത്തിയും ഇവർ അപ്രകാരം നടന്നും വന്നിരുന്നു എന്നു തെളിയുന്നു. [ 44 ] സമാധാനം:- അമേധ്യം ഭക്ഷിക്കാൻ പാടില്ലെന്നു നിശ്ചയിച്ചാൽ ആയതു പതിവായി ഭക്ഷിച്ചു വരുന്നതിനാലൊ പ്രതിദിനം അതിനോടുള്ള അടുപ്പം നിമിത്തം ഒരു വേള ഭക്ഷിപ്പാനിടയായേക്കുമോ എന്ന ശങ്ക ജനിച്ചിട്ടൊ ആയിരിക്കണമെന്നു വരികയില്ല. ഒരുവിധത്തിലും അരുതാത്തതാകകൊണ്ടു് തന്നെയെന്നെ നിരൂപിക്കേണ്ടതുള്ളു എങ്കിൽ ഈ സമാധാനം അന്നവും അമേധ്യവും തുല്യമാകുന്നു എന്നുള്ളടത്തെ സംഘടിക്കു. ഒരു ബ്രാഹ്മണന്റെ അന്നം മറ്റൊരു ബ്രാഹ്മണനും ശൂദ്രനും ഭക്ഷിക്കും. ഒരു ബ്രാഹ്മണന്റെ ചാത്തം വേറൊരു ബ്രാഹ്മണൻ ഭക്ഷിക്കും. അമേധ്യവിഷയത്തിലും ഇതുപോലെ ചെയ്യുമോ? ഇതു ശരിയായ ദൃഷ്ടാന്തവും പറയത്തക്കതും സ്വീകരിക്കത്തക്കതുമല്ല. എന്തുകൊണ്ടെന്നാൽ -

‘ജീവിതാത്യയമാപന്നൊരയാന്നമർത്തീയതസ്തതഃ
ആകാശമിവപങ്കേന ന സപാപേനലിപ്യതെ’
(മനുസ്മൃതി അ - ൧൦ - ശ്ലോ - ൧൦൪)

അർത്ഥം: ബ്രാഹ്മണൻ പ്രാണസന്ദേഹമാംവണ്ണം വലഞ്ഞു് പ്രതിലോമജാതി മുതലായ ഏതു നികൃഷ്ടന്റെ അന്നത്തെ ഭുജിച്ചാലും ആകാശത്തെ പങ്കസമ്പർക്കം പോലെ അവനിൽ പാപസ്പർശമുണ്ടാകുന്നതല്ലാ.

ഇതിന്നനുസരണമായി ബ്രഹ്മസൂത്രം - ‘സർവ്വാന്നാനുമതിശ്ച പ്രാണാത്യയെ തദ്ദർശനാൽ (അശനായാദിയാൽ) പ്രാണസംശയമായി വന്നാൽ സർവാന്ന ഭക്ഷണം വിഹിതമെന്നു് (പ്രമാണത്താൽ) സിദ്ധിക്കുന്നു. ഇതെല്ലാം കൊണ്ടും ചാത്തമൂണു് സാധാരണമായിരുന്നു എന്നൊള്ളതു് സ്പഷ്ടമാകുന്നുണ്ടു്. വിശ്വാമിത്ര മഹർഷി വിശന്നു വലയുമ്പോൾ പട്ടിയുടെ കുറങ്ങും കൊണ്ടു പോകുന്ന പറച്ചിയെ വളരെ ദൂരം പിന്തുടർന്നു കുടിലിൽ ചെന്നുകേറുകയും ഫലിക്കാതെ പോകയും ചെയ്തു എന്നു് (മനുസ്മൃതി). ഇനി നായന്മാരിൽ കുറഞ്ഞവരായാലും മതി ധാരാളം സമ്പാദ്യവും തങ്ങൾക്കധികം ആദായവുമുള്ള പ്രഭുക്കളുടേയും രാജാക്കന്മാരുടേയും ഭവനങ്ങളെയൊഴിച്ചു് [2]മറ്റുള്ള സ്ഥലങ്ങളിലെ ഊണെല്ലാം കാലക്രമേണ അ

[ 45 ] വർ ഉപേക്ഷിക്കുകയും അവരുണ്ടുവരുന്ന സ്ഥലങ്ങളിലുള്ളവരെ ബ്രാഹ്മണരെന്നു പറഞ്ഞാൽ അവരോടൊപ്പമായി പോകും. (അവരുടെ പലകാര്യസാദ്ധ്യത്തിനു് ആയതു് വിഘ്നമായിത്തീരും) അതിനാൽ ആയതു പാടില്ലെന്നും ശൂദ്രരെന്നു പറഞ്ഞാൽ അവർ ചാത്തമുണ്ണുന്നതുകൊണ്ടു് ആയതും കുറച്ചു പോരായ്മയാണെന്നും കരുതി ക്ഷത്രിയനെന്നൊ വൈശ്യനെന്നൊ ദ്രവ്യപുഷ്ടി, അധികാരം ഇതുകൾക്കു തക്കതുപോലെ താരതമ്യപ്പെടുത്തി പറഞ്ഞുകൊള്ളുകയും ചെയ്യുക പതിവാകുന്നു. ദൃഷ്ടാന്തത്തിനു വേണ്ടി ചിലതെല്ലാം കാണിക്കാം.

൧.

കൊല്ലങ്കോട്ടു നമ്പിടി, കവളപ്പാറ നായർ മുതലായവരുടെ ഭവനങ്ങളിലും അനേക രാജമന്ദിരങ്ങളിലും ഇപ്പോഴും നമ്പൂരിമാർ ചാത്തമുണ്ണുന്നുണ്ടു്. അവരുടെ ചാത്തമൂണിനേയും പന്തിഭോജനത്തെയും ജാതി മാറ്റലിനേയും കുറിച്ചു പലതും പറയാനുണ്ടു്. അതുകളെ യഥാവസരം ഇതിൽ തന്നെ അവിടവിടെ കാണിക്കും.

  ഇനിയും നമ്പൂരിമാർക്കു് ആവശ്യങ്ങൾക്കു് ഉപയോഗപ്പെടുകയൊ പിടിപ്പതു ആദായമുണ്ടാകയൊ ചെയ്യുമെങ്കിൽ ഈ ഇളയതന്മാരെത്തന്നെ അവരുടെ കൂട്ടത്തിൽ ചേർത്തു കൊള്ളുന്നതിലേയ്ക്കു് അവർക്കു് അല്പവും വിരോധമില്ല.

  കടുത്തുരുത്തി പ്രവൃത്തി തിരുവമ്പാടിൽ കാക്കാനപ്പള്ളി നമ്പൂരി ഇളയതായിരുന്നു. വെന്നങ്ങാട്ടു ഗ്രാമത്തിലുള്ള നമ്പൂരിമാർ ഏറ്റുമാനൂർ പട്ടത്താനം കഴിഞ്ഞുവരുന്ന സമയം വിശപ്പു് അധികമായതുകൊണ്ടു് ആ ഇളയതിന്റെ ഭവനത്തിൽ കേറി ഊണു കഴിച്ചു് ആ ഇളയതിനോടു് താൻ കൊച്ചു നമ്പൂരിയാണെന്നു പറഞ്ഞു. അയാളെ അന്നു മുതൽ കൊച്ചു നമ്പൂരിയെന്നാണു വിളിച്ചു വരുന്നതു്. ഇന്നുവരെയും ആ കുടുംബം ശരിയായി നമ്പൂരിക്കുടുംബമായിട്ടു തന്നെ നടന്നു വരുന്നു.

൨.

ഏറ്റുമാനൂർ അയർക്കുന്നം, മാങ്ങാനം, പാലക്കാട്ടു മല ഇവർ സാമന്ത്രന്മാരുടെ ഇളയന്മാരായിരുന്നു. മുറജപക്കാലത്തിൽ നമ്പൂരിമാരുടെ കൂട്ടത്തിൽ ആരുമറിയാതെ കേറിചാർത്തിച്ചു. ൯൭ ൽ നാടുനീങ്ങിയ തമ്പുരാൻ തിരുമനസ്സുകൊണ്ടു് ഉണ്ണിയായിട്ടറിയുമെന്നും, ചാർത്തിയതിരിക്കട്ടെ ഇനിമതിയെന്നും കല്പിച്ചു. അടു

[ 46 ] ത്ത മുറജപത്തിനു് അവർ ധാരാളം പണം കൊടുത്തു് അധ്യയനം ചെയ്തു് ഓത്തന്മാരായി.


൩.

“അയർക്കുന്നഞ്ചമാങ്ങാനം പാലക്കാട്ടുമലയും തഥാ വാർപ്പിലെക്കവർ വിപ്രന്മാർ സാമന്ത്രർക്കു പുരോഹിതർ” എന്നൊരു ശ്ലോകവും ഇതിനെപ്പറ്റി നടപ്പുണ്ടു്.


൪.

ഭരണങ്ങാനം (൧൦) ഭവനക്കാർ നമ്പൂരിമാർ ഇളയതന്മാരായിരുന്നു. അവരിൽ പാങ്ങം, കരുമക്കാട്ട്, മരത്തശ്ശേരി വലയ്ക്കാമറ്റം, കല്ലെലി, കുടുമം ഇവർക്കിത്ര പേർക്കും ഓത്തും മുറജപം തോറും ചാർത്തും പതിവുണ്ട്. അയ്യനക്കരെയും (൧൦) പത്തു ഭവനക്കാർ ഇളയതന്മാരായിരുന്നു. വലവൂർ നരമംഗലത്തു നമ്പൂരി ഇളയതായിരുന്നു. ഇലക്കാട്ടു പൊതി നമ്പൂരിയും കുറവലങ്ങാട്ടു പൊതി നമ്പൂരിയും സാമന്ത്രരിടെ ഇളയതായിരുന്നു എന്നുള്ളതു്, മുട്ടത്തു നമ്പൂരിയുടെ ഒരു കവിതയിലും പറഞ്ഞിട്ടുണ്ടു്.


  പുന്നത്തറകണ്ണശ്ശപണിക്കർ ചില നമ്പൂരിമാരെ യാത്രക്കളിക്കു് അഭ്യാസം പഠിപ്പിച്ചതിനാൽ അദ്ദേഹത്തെ കുമാരനല്ലൂര ക്ഷേത്രത്തിൽ വെച്ചു് നമ്പൂരിയാക്കിച്ചേർത്തു. ആ നമ്പൂരിയെ ഇന്നുവരെയ്ക്കും കണ്ണനാട്ടു പണിക്കാരനെന്നുംകൂടിവിളിക്കുന്നുണ്ടു്. ൧൦൧൨-ആമാണ്ടത്തെ കണക്കിൽ പണിക്കരെന്നു തന്നെയിരിക്കുന്നു.


  വൈക്കം ഗ്രാമക്കാർ വടക്കുംകൂർ രാജാവിന്റെ നൈച്ചിയാർക്കു കാൽ കഴുകിച്ചൂട്ടിന്നു് അയ്യൻ എന്ന മന്ത്രി മുക്കുവരെപിടിച്ചു നമ്പൂരിമാരാക്കി. പട പേടിച്ചു വടക്കൻ ദിക്കിൽ നിന്നും വന്നവരാനെന്നു പറഞ്ഞു് ശരിപ്പെടുത്തപ്പെട്ടവരാകുന്നു എന്നും വെച്ചൂർ പൂവലത്തു തച്ചു ശാസ്ത്രക്കാരനായ ഒരു മൂത്തതിനെ വൈക്കത്തുവച്ചു് നമ്പൂതിരിമാർ മൂത്താശാരി എങ്ങോട്ടാ? എന്ന് പരിഹാസമായി ചോദിച്ചതിനു വയ്ക്കം ഗ്രാമം മൂക്കൊപ്പരിഷ അഴിച്ച ഐംകൊപ്പരിഷയായി പണിയുവാൻ പോകുന്നു എന്നു് ഉത്തരം പറഞ്ഞതായും ജനശ്രുതി. വയ്ക്കത്തുനിന്നും കുന്നൂർ മുതലായ ചില നമ്പൂരിമാർ മീനച്ചൽ രാമപുരത്തു പോയി താമസിച്ചു. അവർകേൾക്കുമാറു് “രാമപുരത്തു ശേഷിച്ചു” എന്നവാക്കു പറയുന്നതു് അവർക്കു വളരെ വിരോധമാണു്. അല്ലാതേയും കാര്യസാദ്ധ്യത്തിനും ലാഭത്തിനും വേണ്ടി ഇവർ ശൂദ്രരോട് ആവശ്യമുള്ള വിദ്യപഠിക്കുന്നതിനും, ശൂദ്രരെ ഗുരുവാക്കി ഭക്ഷണം കൊടു [ 47 ] ക്ക, ശൂദ്രരോടു പന്തിഭോജനം കഴിക്ക, ശൂദ്രരെ അവരുടെ ജാതിയിൽ ചേർത്തു നമ്പൂരിയാക്കി നടത്തുക, ശൂദ്രഭവനങ്ങളിൽ അവർക്കു കിട്ടാത്ത ഗ്രന്ഥം വല്ലതുമുണ്ടായിരുന്നാൽ അവിടത്തെ പ്രധാനപുരുഷനെ ആശ്രയിച്ചു വിശ്വാസിയെപ്പോലെ കാണിച്ചു് സേവ പിടിച്ചു് പുരുഷൻ അവിടെയില്ലാത്തപ്പോൾ ചതിച്ച് സ്ത്രീകളോട് ആയതു തട്ടിച്ചുകൊണ്ടുപോക മുതലായ തൊഴിൽകളെല്ലാം ഈ നമ്പൂരിമാർക്കു പതിവായിരുന്നു. ഒന്നു രണ്ടു ദൃഷ്ടാന്തം കാണിക്കാം -


  മുളക്കുളത്തു് അമ്പലത്തിൽ മണിയാട്ടു തുപ്പൻനമ്പൂരി തൂകിയതിൽ പിഴച്ചതു കണ്ടിട്ടു തെറ്റുപറകയാൽ പറഞ്ഞ നായർക്കു് ൨ ചക്രം ദക്ഷിണ കൊടുത്തു് അയാളോടു ശരിയായി മനസ്സിലാക്കി. മുളക്കുളത്തു അവറുവാമങ്ങാടൻ എന്ന നായർ വീട്ടുകാർ മുമ്പിനാലെ സംസ്കൃത വിദ്വാന്മാരായിരുന്നു. (൧൦൦) സംവത്സരം മുമ്പു് ഇവരിൽ ഒരാൾ ഗുരുവായൂരിൽ വച്ച് ഒരു നമ്പൂരിയുമായി വാദിച്ചതിൽ നമ്പൂരി തോല്ക്കയാൽ അയാൾ നായർക്കു ദക്ഷിണ ചെയ്തു. ആ ദിക്കിലിള്ള നായന്മാർ ബഹുമാനപുരസ്സരം ഈ നായർക്കു മുണ്ടും പണവും കൊടത്തു.


  അരിപ്പാട്ടു ക്ഷേത്രത്തിൽ കലശത്തിന്നു് ബിംബം ഉറയ്ക്കായ്കയാൽ നമ്പൂരിമാരുടെ അപേക്ഷപ്രകാരം ഒരു പണിക്കർ വന്നു് മന്ത്രതന്ത്രാദികളിലുള്ള സംശയം തീർത്തു ശരിയാക്കി കൊടുത്തതിന്നു് പണിക്കർക്കു പന്തി ഭാജനത്തിനു് മുമ്പു സ്ഥാനം കൊടുത്തു നടന്നു വരുന്നു.


  തരണല്ലൂർ നമ്പൂരിപ്പാടു് അനുജൻ ജ്യേഷ്ഠനോടു പിണങ്ങി ചെങ്ങന്നൂർ വന്നു് ഒരു പോറ്റി സ്ത്രീയെ വേളികഴിച്ചു താമസിച്ചു. ഇദ്ദേഹം ഓരോ ദിക്കിൽ തന്ത്രത്തിനായി പോകുമ്പോഴെല്ലാം അകത്തിൽ എന്ന മാരാനോട് ചോദിച്ചു കൊണ്ടുപോകുന്ന പതിവാണു്. മാരാന്റെ പക്കലുള്ള തന്ത്രഗ്രന്ഥം അപഹരിക്കുന്നതിന്നു് ഉപായത്തിൽകൂടി അയാളുടെ മരുമകൾക്കു് സംബന്ധം ചെയ്ത് ഇരിക്കെ മാരാനില്ലാത്ത സമയം നോക്കി ആ പെണ്ണിനോടു ഗ്രന്ഥം കയ്ക്കലാക്കികൊണ്ടുപോയി. മാരാൻ വന്നപ്പോഴേയ്ക്കു് അത്രതന്നെ. ഗ്രന്ഥം തിരിയെ കൊടുത്തില്ലാ. ഇതാണു് താഴമൺ പോറ്റി. ഇതു് ൬൦ സംവത്സരം മുമ്പു്.


ഇനി
‘ശൂദ്രാണ സതുനിത്യ ഞ്ച ശ്രാദ്ധം ഭുക്താചതിഷുതു’ [ 48 ] അർത്ഥം:- ഇങ്ങനെ ഈ ഇളയതന്മാരെ ശൂദ്രരുടെ ചാത്തമൂണുകാരനായിട്ടു ഭാർഗ്ഗവൻ നിശ്ചയിച്ചപ്രകാരം കേരളത്തിൽ തെക്കൻ ദിക്കുകളിലെങ്ങും (തുളുനാട്ടിലും) കാണുന്നില്ല. അവിടെ പ്രദേശാചാരമായപ്പോൾ നിന്നുപോയെങ്കിൽ മലയാളാചാരമുള്ള കൊല്ലം ഡിവിഷൻ ഏതാനും ഭാഗം തുടങ്ങി കന്യാകുമാരിവരെയും ഇല്ല തിരുവനന്തപുരത്തിനു കിഴക്കു് ഇപ്രകാരം ചാത്തത്തിനു് അന്യജാതിക്കാരെക്കൂട്ടിത്തൊടുവിക്കുമെന്നുള്ള അറിവുപോലും വടക്കൻദിക്കിൽ സഞ്ചരിച്ചിട്ടുള്ളവരെയൊഴിച്ച ശേഷം മിക്ക ജനങ്ങൾക്കും ഒണ്ടായിരിക്കുമെന്നും തൊന്നുന്നില്ലാ. വടക്കൻ ദിക്കുകളിൽ നിന്നു തെക്കു തിരുവനന്തപുരം മുതലായ ദിക്കുകളിൽ പോയി താമസിക്കുന്ന ഉദ്യോഗസ്ഥന്മാരിൽ ചിലർ അവരുടെ പിതൃശ്രാദ്ധത്തിന്ന് ഇളയന്മാരെ വരുത്തി നടത്തുന്നതിനെ കണ്ടു് അവരുടെ സംബന്ധത്തിലുള്ള തെക്കരിൽ ചിലർ (വളരെ കുറച്ചുപേർ) അരിവയ്പ് പിണ്ഡം വയ്പിനു പറഞ്ഞുകൊടുക്കൽ മുതലായി ഇതുസംബന്ധമായ എല്ല ജോലികളും നടത്തിക്കൊള്ളും. നമുക്കു തൊന്തരവു് ഒന്നുമില്ലല്ലോ എന്നുകരുതി എളുപ്പത്തിനായിട്ടുമാത്രം ഇവരെക്കൊണ്ടു് അതും തല്ക്കാലത്തേക്കു് ഇങ്ങനെ കഴിപ്പിക്കുന്നെന്നേയുള്ളൂ. തെക്കൻ ദിക്കുകാർക്കു് ഇവരോടു പരിചയം തന്നെയില്ലാ. കർക്കടകമാസത്തിൽ കറുത്തവാവു മുതലായ പുണ്യദിവസങ്ങളിൽ തിരുവല്ല, ശംഖുംമുഖം മുതലായ പുണ്യസ്ഥലങ്ങളിൽ പിതൃതർപ്പണത്തിനു് അസംഖ്യം ജനക്കൂട്ടം വരും. ആ സന്ദർഭത്തിൽ ഈ ഇളയതന്മാരും കൂട്ടംകൂട്ടമായി വന്നു ചേരുകയും അതുകഴിഞ്ഞാൽ നാലഞ്ചു ദിവസത്തേക്കു ഭവനങ്ങൾ തോറും നടന്നു് വല്ലതും യാചിച്ചു കിട്ടുന്നതിനെക്കൊണ്ടു പോകയും ചെയ്യും. ഒണ്ടെങ്കിലും ഇതിനിടയ്ക്കുള്ള പരിചയമെ ഒള്ളു. കൊല്ലം ഇരവിപുരം മുതൽ തെക്കോട്ടുള്ള നല്ല ഇല്ലക്കാർ നായന്മാർ ഇളയതിനെ തൊട്ടുണ്ണുകയില്ല. അതിനു വടക്കുമൊക്കെ കാലക്രമത്തിൽ തൊട്ടു തുടങ്ങിപ്പോയതാണു്. ഇവർ നാൾക്കുനാൾ തെക്കോട്ടു തെക്കോട്ടു കടന്നു് ഈ വൃത്തികൊണ്ടു് ഉപജീവിച്ചു ജനങ്ങളുടെ സഹായം കൊണ്ടു് അവിടവിടെ കുടിപാർത്തുവരുന്നു എന്നല്ലാതെ ഇവർക്കീ ചാത്തമൂണു പതിവായതിന്നു് കാരണം ഭാർഗ്ഗവന്റെ വിധിയും എവരുടെ ഭ്രഷ്ടിനു കാരണം ഈ വക ചാത്തമൂണുമല്ലാ. ഇനി ഈ ഇളയന്മാരുടെ കൂട്ടത്തിലും മറ്റും മറ്റു ജാതികൾ ചേരുന്ന വിഷയത്തിൽ അവർക്കു് ആന്തരമായിട്ടു് യാതൊരു വിരോധവുമില്ല. [ 49 ] ദൃഷ്ടാന്തം -

തലവടിയിൽ പട്ടമന ഇളയതു് പണിക്കരായിരുന്നു. വിളങ്ങിപ്പേരു കണക്കിൽ പണിക്കരു് എന്നുതന്നെയാണു്

അമ്പലപ്പുഴ മംഗലശ്ശേരി ഇളയതും പണിക്കരായിരുന്നു.

ചെങ്ങന്നൂർ വെണ്മണിദേശം കുതിരവട്ടത്തു പണിക്കർ അടുത്തകാലത്തു് ഇളയതായി.

തിരുവല്ലാ കിഴക്കൻ ഓതറ മാമ്പറ്റ പണിക്കരും ചെങ്ങന്നൂർ വനവാതക്കര മാമ്പറ്റെ പണിക്കരും ഇളയതായി. ഇപ്രകാരം നോക്കിയാൽ അനവധികാണാം.

കുറിപ്പുകൾ[തിരുത്തുക]

  1. ഇതുകൂടാതെ ഇനിയും ശൂദ്രരെക്കുറിച്ചു് കേരളമാഹാത്മ്യം, ശങ്കരസ്മൃതി മുതലായവയിൽ പറഞ്ഞിട്ടുള്ളതിനെ ഇനിയൊരു സ്ഥലത്തു വിസ്താരമായികാണിക്കും
  2. മറ്റുള്ളവർ പ്രഭുക്കളേയും രാജാക്കളേയും പോലെ സമ്പന്നരല്ലായ്കയാൽ വേറെ ആദായത്തിന്നു മാർഗ്ഗമില്ലാ. ഉണ്ടാൽ ഒരു വയറ്റിൽ കൊള്ളുന്നതല്ലെ പാടുള്ളൂ. ഉണ്ണുകയില്ലെന്നു പറഞ്ഞാൽ അരിയും കോപ്പും കൊടുക്കും. അപ്പോൾ ഏതുവിധമായാലും രണ്ടു മൂന്നു് പേർക്കു മതിയാകും. ഇതു മുതലായ അനേക മാർഗ്ഗങ്ങളെകരുതിയാണു് അപ്പപ്പോൾ ഉള്ള അവരുടെ പുറപ്പാടുകൾ.
"https://ml.wikisource.org/w/index.php?title=പ്രാചീനമലയാളം_2/ഇളയതു്&oldid=32930" എന്ന താളിൽനിന്ന് ശേഖരിച്ചത്