പ്രാചീനമലയാളം 2/ശാപഗ്രസ്തൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പ്രാചീനമലയാളം 2
രചന:ചട്ടമ്പിസ്വാമികൾ
ശാപഗ്രസ്തൻ


[ 32 ]
ശാപഗ്രസ്തൻ
‘ചിരകാലം ഗതെതസ്മിം
ഛ്രീമൂലസ്ഥാന മണ്ഡപെ
ചതുഷ്ഷഷ്ടിതമാഗ്രാമാ
ബ്രാഹ്മണാനാമധിശ്ചരാഃ
സമാഗത്യസ്ഥിതാസ്സർവെ
ഭർഗ്ഗവാഗമനം പ്രതി
യത്നം ചക്രു ദ്വിജാസ്സർവെ
ശ്രീമൂലസ്ഥാനമണ്ഡപെ
ധ്യായന്തം പരശുരാമന്തം
പരീക്ഷാർത്ഥം ദ്വിജോത്തമാഃ.’
(കേരള മഹാത്മ്യം)
തേഷാം ചിന്തനകാലെച പരശുപാണിസ്സമാഗതഃ
കിമർത്ഥം ചിന്തിതായുയം മമാഗമനകാരണം
യുഷ്മാകഞ്ചതു കിംബാധാ തൽബാധാനാശയാമ്യഹം
തൽകാലെ ബ്രാഹ്മണാസ്സർവെ ത്രപായുക്താസ്ഥിതാസ്തദാ
അഥരാമസ്തുകൊപെന ശശാപദ്വിജസത്തമാൻ
മാംവിനാസവ്വകാർയ്യ്യാണി കുരുദ്ധ്‌വം ചദ്വിജോത്തമാഃ
കദാപിബ്രാഹ്മണാസ്സർവെ ശ്രീമൂലസ്ഥാനമണ്ഡപെ
ചതുഷ്ഷഷ്ടിതമാഗ്രാമാഃഭവിഷ്യന്തി നസംശയഃ
യുയം നചസമാഗത്യ സ്ഥിതാശ്ചര്യകദാസ്ത്വസി
പ്രഥമഞ്ചസമാഹൂയ തസ്മാച്ശാപം ദദാമ്യഹം
ആചാരാം ശ്ചമയാ ദത്താൻ ഗ്രാമിണാഞ്ചദ്വിജോത്തമാൻ
ചതുഷ്ഷഷ്ടി തമാദീനാം ബ്രാഹ്മണാനാഞ്ച ശാശ്വതാൻ
ശംഭും രവാപതീർയ്യാഥ ഭവിഷ്യതികലൌയുഗെ
ചതുഷഷ്ടിതമാദീനാ മനാചാരാംശ്ച ദാസ്യതി [ 33 ]
ആചാരം ശ്ചനിരാകൃത്യ അനാചാരാ ഭവന്തുവഃ
ഏവമുക്താദ്വിജാസ്സർവെ ബ്രാഹ്മണാനാമധീശ്വരാഃ
അബ്രുവൻ ഭാർഗ്ഗവന്തത്ര തപ്യന്തഃ ഖിന്നമാനസാഃ
തൽക്കാലെ ഭാർഗ്ഗവൊരാമസ്തേഷാമഭയജംപരം
ശ്രാവണെ സംസ്ഥിതെഭാനെന മാസേശ്രവസ്ത്വിഹ
ആഗമിഷ്യാമിതൽ ഭൂമൌ കേരളേസ്മിൻ സുവാർഷികെ
വൃഷാദ്രീപുരമാഗത്യ ശ്രീമൂലസ്ഥാന മണ്ഡപെ
ആഗച്ശാമ ദ്വിജാസ്സർവ്വെ തിഷ്ഠന്താം സുഖകേരളെ
ഇത്യുക്താന്തർദ്ദധെരാമൊ ഭാർഗ്ഗവഃ പ്രയയൌതദാ
തസ്മിൻ ഹിമവതഃപാർശ്വെതപസ്തപ്ത്വാസുഖാസ്ഥിതഃ

ഇങ്ങനെ എല്ലാപേരും കൂടി നിശ്ചയിച്ചു പരീക്ഷിച്ച സ്ഥിതിയ്ക്കു് എല്ലാവർക്കും ശാപം പറ്റെണ്ടതായിരിക്കുന്നു. ഇവിടെ അങ്ങനെയല്ലാ. ചിലർ മാത്രം ശാപഗ്രസ്തന്മാരായി എന്നു കാണുന്നു. ആയതു തീരെ ശരിയല്ലാ.

ഏതാനും പേർ മാത്രമെ അതിലുൾപ്പെട്ടുള്ളു അവരാണു് ശാപഗ്രസ്തന്മാരായതു് എന്നാണെങ്കിൽ

ചിരകാലം ഗതെതിസ്മിം ഛ്രീമൂലസ്ഥാന മണ്ഡപെ
ചതുഷഷ്ടിതമാഗ്രാമാ ബ്രാഹ്മണാനാമധിശ്വരാ
സമാഗത്യസ്ഥിതാസ്സർവെ ഭർഗ്ഗവാഗമനം പ്രതി
യത്നം ചക്രു ദ്വിജാസ്സർവെ ധ്യായന്തഃ പരശുരാമന്തം
പരീക്ഷാർത്ഥം ദ്വിജോത്തമാഃ

ഇപ്രകാരം എല്ലാപേരും ചേർന്നതായികാണുന്നതിനാൽ ഇപ്പറഞ്ഞതു ശരിയല്ല. ഇതു നിരൂപിക്കുംതോറും അസംബന്ധവും അടിയുറപ്പില്ലെന്നു കാണാവുന്നതുമാണു്.

ഇനി പാപിയെക്കുറിച്ചു് കേരളാവകാശക്രമമെന്ന പുസ്തകത്തിൽ താഴെപറയും പ്രകാരം കാണുന്നു.

‘പണ്ടു് ചില ബ്രാഹ്മണരുടെ പ്രീതിക്കായി ഒരു ബ്രാഹ്മണൻ ഒരു പെരുമാളിനെ ഹിംസിക്ക നിമിത്തം പാപം സംഭവിക്കുമെന്നുള്ള നമ്പിനു് (വിശ്വാസത്തിനു്) ഇടിവു് വന്നു് നിഗ്രഹിക്ക നിമിത്തം വീരഹത്യാപാപം കൊണ്ടു് ഭ്രഷ്ടനായ നമ്പിടിക്കു ദേശവും സ്ഥാനവും കൊടുത്തിരുത്തി’. [ 34 ]   ഇതിൽ ഇവർ പറയും പ്രകാരം വീരഹത്യാപാപത്തിനു ഭ്രഷ്ടുണ്ടായിരുന്നെങ്കിൽ വീരഹത്യാ ദൊഷാവശിഷ്ടമൊ മുഴുവനുമൊ ഈ മലയാള ബ്രാഹ്മണരിൽ ചിലർ ഏറ്റുവാങ്ങുന്നതുവരെ അതിന്റെ ഇരിപ്പിടമായിരുന്ന ഭാർഗ്ഗവനും ഈ ഭ്രഷ്ട് ഇരുന്നിരിക്കേണ്ടതായിരുന്നു. അപ്രകാരമില്ലാത്തതുകൊണ്ടു വീരഹത്യാ നിമിത്തം ഭ്രഷ്ടുണ്ടായി എന്നുള്ളതു് അസംബന്ധം തന്നെ.

   ഇനി പാച്ചുമൂത്തതിന്റെയും വേറെയും കേരളോല്പത്തികളിൽ ഈ വിധം കാണുന്നു. പിന്നെ പാണ്ടിയിൽ നിന്നു് ഭൂതരായപ്പെരുമാൾ എന്ന ബ്രാഹ്മണൻ താനെ വന്നു. അദ്ദേഹം ഭൂതങ്ങളേയും ദുർദ്ദേവതമാരേയും ഉപാസിച്ചു് അവരുടെ ശക്തികൊണ്ടു് ചിലരെ സ്വാധീനപ്പെടുത്തി മലയാളത്തിൽ കുറെ അക്രമിച്ചു. അദ്ദേഹത്തിനെ ഉത്തമ ബ്രാഹ്മണരും ആയുധപാണികളായിട്ടുള്ള ബ്രാഹ്മണരും കൂടി ഭൂമിദാനം വാങ്ങിയതിൽ രണ്ടു ബ്രാഹ്മണരെക്കൊണ്ടു ചതിവിൽ വധിപ്പിച്ചു. അങ്ങിനെ വധിച്ചവർ ബ്രാഹ്മണസഭയിൽ വന്നപ്പോൾ സന്തോഷിച്ചു് ബ്രാഹ്മണർ കൂട്ടത്തിലിരിക്കാൻ പറഞ്ഞു. അപ്പോൾ മഹാത്മാവിനെ വധിച്ചിട്ടുള്ള പാപം കൊണ്ടു് വേറെ ഇരിക്കാനായി ‘നാം പടിയിൽ’ എന്നു പറഞ്ഞു് വേറെ ഇരുന്നു. അന്നു മുതൽ അവരെ ‘നാമ്പടി’ എന്നു പേരു പറഞ്ഞു. ഹിംസാ ദോഷം കൊണ്ടു് ബ്രാഹ്മണ്യം പോയതിനാൽ അവരുടെ കുടുംബം ക്ഷത്രിയ മര്യാദയും മരുമക്കൾ വഴിയുമായി അവർക്കു വേണ്ടതൊക്കെയും ബ്രാഹ്മണാചാരമായി ബ്രാഹ്മണർ തന്നെ കഴിപ്പിച്ചുകൊടുക്കുക എന്നു നിശ്ചയിച്ചു. വളരെ ഭൂപ്രദേശങ്ങളൊക്കെയും കൊടുത്തു. അതിനാൽ അന്നുമുതൽ രണ്ടു നമ്പിടി രാജാക്കന്മാർ ഉണ്ടായി വന്നു. അതിൽ അന്നു വധിക്കാൻ കൂടിയിരുന്നവരിൽ ചിലർ ഭൂമിദാനം വാങ്ങിയവരും ചിലർ ബ്രാഹ്മണരിൽ താണവരും ഉണ്ടു്. അതിനാൽ ‘നാംപടി’യിലും രണ്ടു ജാതിയായിതീർന്നു. അവർക്കു നിത്യനൈമിത്തികാദി കർമ്മങ്ങൾ മിക്കതും ബ്രാഹ്മണാചാരം തന്നെ. ഇവരുടെ സ്ത്രീകൾക്കു കണ്ഠാഭരണം ചെറുതാലിക്കൂട്ടം ആകുന്നു. ഇവർക്കു സന്താനം ബ്രാഹ്മണരിൽ നിന്നു ലഭിക്കുന്നു.

  നമ്പിന്നു ഇടിവു വന്നതുകൊണ്ടു് ‘നമ്പിടി’ എന്നും ‘നാംപടി’ മേൽ എന്നതുകൊണ്ടു് ‘നാമ്പടി’ എന്നും രണ്ടു വിധം. അതിരിക്കട്ടെ.

  ഇപ്പറഞ്ഞ പ്രകാരം നമ്പടി ബ്രഹ്മഹത്തിയൊ വീരഹത്തിയൊ ചെയ്തിരുന്നുവെങ്കിൽ അവിടെത്തന്നെ ഒരു ബ്രാഹ്മണൻ ശൂദ്രഭവനത്തിൽ [ 35 ] പോയി ചാത്തം ഊണും കഴിഞ്ഞു് ശ്രീമൂലസ്ഥാനത്തുവന്നു് ബ്രാഹ്മണരുടെ ഇടയിൽ ഇരുന്നു. യോഗാചാര്യൻ അയാളെ നോക്കി

ഗഛത്വം പാപസംയുക്ത
ശൂദ്രശ്രാദ്ധേതു ഭുക്തിതഃ
ത ച്ശ്രുത്വാതഞ്ചവിപ്രാസ്തു
ബഹിഷ്കാരം കൃതാസ്തദാ

(ശൂദ്രചാത്തമുണ്ട പാപമുള്ള താൻ പോയികൊള്ളുക എന്നു പറഞ്ഞു. ഇതുകേട്ട ബ്രാഹമണർ ഈയാളെ പുറത്തുതള്ളി)

കേരള മാഹാത്മ്യം - ൪ - അ

  ആദിയിൽ വൃദ്ധനും മൂർഖനുമായ ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു. അയാൾ യോഗക്കാരുടെ അടുത്തുചെന്ന് സ്വഭാര്യ വ്യഭിചാരിണി എന്നു പറയുകയും അയാൾ മരിച്ചു നരകത്തിൽ പോകയും ചെയ്തു. അനന്തരം ബ്രാഹ്മണരോടാലോചിച്ച് ഭട്ടതിരി വന്നു വിചാരം നടത്തി.

'കന്യകായസ്തു ദോഷശ്ച
ഭാന്തിനോനചഭാർഗ്ഗവ
തഥാപിവിപ്രവാക്യേന
കിഞ്ചിദ്ദോഷൊ ഭവിഷ്യതി'

  കന്യകക്കു വ്യഭിചാരദോഷം അറിയുന്നില്ല. ഇല്ലാതാനും എങ്കിലും വിപ്രവാക്യ പ്രകാരം കുറെ ദോഷമിരിക്കണമെന്നു വിധിച്ചു് പുറത്താക്കി. കേരള മഹാത്മ്യം - ൪൭. അ.

  അവിടെ ബ്രാഹ്മണവേഷക്കാരനായ ഒരു ശിവ ദ്വിജൻ ഒരു ബ്രാഹ്മണപുത്രിയെ വിവാഹം ചെയ്‌വാനിശ്ചിച്ച് ബ്രഹ്മചര്യം ധരിച്ചു് അയാളുടെ ഭവനത്തിൽ ചെന്നു് കന്യകയെ കൊടുക്കണമെന്നു് അപേക്ഷിച്ചപ്പോൾ പരമാർത്ഥം ഗ്രഹിക്കാതെ കൊടുക്കയും അയാൾ വിവാഹം ചെയ്ത് പാർക്കയും ചെയ്തു. എന്നിട്ടു് എല്ലാപേരും കൂടി

തല്ക്കാലെകല്പായാമാസ
കന്യാകാഞ്ചശിവദ്വിജഃ [ 36 ]
ആലയസ്യ തുസോപാന
പ്രക്ഷാളനവിധാവഥ
ഉത്സവെബിംബവാഹായ
ഗൃഹം തസ്മൈപൃഥഗ്ദദൌ.

  ആ ശിവദ്വിജനെയും കന്യകയെയും ക്ഷേത്രസോപാനം (നട) കഴുകുന്നതിനും ഉത്സവത്തിനു് തിടമ്പു് എഴുന്നള്ളിക്കുന്നതിനും നിയമിച്ചു് വെവ്വേറു ഗൃഹം കൊടുത്തു പാർപ്പിച്ചു. (കേരള മഹാത്മ്യം - ൪൮ - അ) ഇങ്ങനെ വളരെ ഉണ്ട്. ഇപ്രകാരം ഇല്ലാത്ത സംഗതികളായാലും ശരി എങ്ങാനും വല്ലവനും തുമ്മിപോയെങ്കിൽ ഭ്രഷ്ടുകല്പിച്ചു തള്ളുന്നതിനു് ബദ്ധകംകണരായ കൂട്ടർ അവർ (നമ്പിടികൾ) ബ്രാഹ്മഹത്തിചെയ്തിരുന്നു എങ്കിൽ അവരെ സമൂഹത്തിലിരിക്കാൻ ഒരിക്കലും ക്ഷണിക്കയില്ലായിരുന്നു. വിധികർത്താക്കന്മാരായ ഇവർ ക്ഷണിച്ചിരുന്നു എങ്കിൽ അവരായിട്ടു തനിയെ ഭ്രഷ്ടരായിക്കൊള്ളുകയും ഇരിക്കാതെ മാറിക്കളകയും ചെയ്കയില്ലായിരുന്നു. ആയതിനാലിതൊന്നും സംഭവിച്ചിട്ടുള്ളതല്ല.

  എന്നാൽ ബ്രാഹ്മണരുടെ അഭിപ്രായവും ഈ ഹന്താക്കളെ കൂട്ടത്തിലിരുത്തികൂടാ എന്നുതന്നെ ആയിരുന്നു; അവരിരുത്തുകയുമില്ല. ക്ഷണിച്ചാലും അവരിരിക്കുകയില്ലെന്നുള്ളതു് ബ്രാഹ്മണർ സ്വമഹിമകൊണ്ടു മുൻകൂട്ടി അറിഞ്ഞിരുന്നതിനാലും ഉപകാരം ചെയ്ത അവർക്കു പെട്ടെന്നു മനസ്താപമുണ്ടാകാതിരിക്കുന്നതിനു മാത്രവുമാണു് ക്ഷണിച്ചതു് എങ്കിൽ; മനസ്താപം വരരുതെന്നു കൂടി ഉണ്ടായിരുന്നു. എന്നുവരികിൽ അതിലേക്കിങ്ങനെയല്ല വേണ്ടതു്. ഉപകാരം ചെയ്ത നിമിത്തം അവർക്കുണ്ടായ ദോഷത്തെ വിധിപ്രകാരം മാറ്റി കൂട്ടത്തിൽ ചേർത്തു കൊള്ളേണ്ടതു ഇവരുടെ കടമയാകയാൽ തൽക്ഷണം അപ്രകാരം ചെയ്യേണ്ടതായിരുന്നു. അങ്ങനെ ചെയ്യാതിരുന്നതിനെ നോക്കുമ്പോൾ അവരുടെ മനസ്താപത്തെപ്പറ്റി ഇവർക്കു കരുണയുണ്ടായിരുന്നു എന്നു പറയുന്നതായാൽ ആയതു ശുദ്ധമേ കള്ളം തന്നെയാണു്.

  ഇനി ഈ ബ്രാഹ്മണർ പറയുന്ന പ്രകാരം അവർ (നമ്പിടിമാർ) ബ്രഹ്മഹത്തി ചെയ്തു. ചെയ്തേച്ചു വന്നപ്പോൾ ഇരിപ്പാനിവർ സൽക്കരിച്ചു. അവരിരിക്കാതെ നാം പടിമേലെന്നു പറഞ്ഞു. അല്ലെങ്കിൽ നമ്പിന്നു ഇടിവു വന്നു് ഭ്രഷ്ടു ഭവിച്ചു. ഇതുകൾ വാസ്തവത്തിൽ നടത്തിയിട്ടുള്ളവതന്നെയെന്നു് വകവച്ചു നോക്കുന്നതായാൽ, ഈ സംഗതിയിൽ പ്രധാന [ 37 ] ഭ്രഷ്ടരും ദുഷ്ടരും ഈ ബ്രാഹ്മണർ തന്നെയെന്നും നമ്പിടിമാർക്കു് ഇവരേക്കാൾ വളരെ കുറച്ചേ ഭ്രഷ്ടുള്ളൂ എന്നും അതുകൊണ്ടു നമ്പിടിമാർക്കു് ഭ്രഷ്ടു കല്പിക്കുന്നതിനു് ഇവർ യോഗ്യരല്ലെന്നും വിധിക്കുന്നതായാൽ തന്നെ ഒന്നാമതായിട്ട് ബ്രാഹ്മണർക്കു്, രണ്ടാമതു നമ്പിടിമാർക്കു് ഇപ്രകാരം രണ്ടു വകക്കാർക്കും ഭ്രഷ്ടു കല്പ്പിക്കേണ്ടതാണെന്നും അതിലേക്കു ഭ്രഷ്ടനല്ലാത്ത യോഗ്യനായ മൂന്നാമതൊരുവൻ വേണ്ടതാണെന്നും വരാം. എങ്ങനെയെന്നാൽ, ഇവർക്കു് ഉപകാരം ചെയ്തതിനാലുണ്ടായ ദോഷത്തെ പരിഹരിച്ചു് ശുദ്ധിവരുത്തി ചേർത്തുകൊള്ളേണ്ടതായിരുന്നു. എന്നിട്ടും അപ്രകാരം ചെയ്യാതിരുന്നതു് ദ്രോഹവും കൃതഘ്നതയും ചതിവും തന്നെയാണു്. ശുദ്ധന്മാരായി ഇവരോടു ചേരുന്നതിന്ന് മനസ്സില്ലാഞ്ഞിട്ടായിരുന്നു എന്നാണു സമാധാനം എങ്കിൽ, അവരുടെ വംശത്തിനെങ്കിലും ദോഷം ഭവിക്കാതിരിക്കട്ടെ എന്നു കരുതി ആ ദോഷപ്പെട്ടവരെ മാത്രം ബഹിഷ്ക്കരിച്ചാൽ പോരായിരുന്നൊ? അതുപോയിട്ടു് എല്ലാം കൂടി ചേർത്തു് വംശം മുഴുവൻ ഭ്രഷ്ടുണ്ടാക്കിയല്ലൊ.


  എന്നാൽ ആ വംശക്കാർക്കു് അപ്രകാരം ഭ്രഷ്ടരോടു ചേർന്നിരിക്കുന്നതു് സമ്മതമായിരുന്നു എങ്കിൽ, ഇവർ ആയവരെ പറഞ്ഞു സമാധാനപ്പെടുത്തിക്കൊള്ളേണ്ടതായിരുന്നു. അതു ചെയ്തില്ലല്ലൊ.


  എന്നാൽ അവർ (ആ വംശക്കാർ) ഇവർ പറഞ്ഞുവിലക്കിയിട്ടും അനുസരിക്കാതെ ആയിക്കളഞ്ഞതാണെങ്കിൽ ദുഷ്ടബുദ്ധികളായ അവരെ തൽക്ഷണം തന്നെ അതിദൂരെ ത്യജിക്കയും അവരോടുള്ള സംസർഗ്ഗത്തെ ‘ശ്വവാന്ത്യശ’ നാദിപോലെ ഏറ്റവും വർജ്ജിച്ചിരിക്കയും ചെയ്യേണ്ടതായിരുന്നു. ഇവർ അതിനു പകരം ആ വംശത്തെ ദുഷിച്ച ആസ്ഥിതിയിൽ തന്നെ ഉത്തരോത്തരം വർദ്ധിക്കുമാറു അതിലെ സ്ത്രീ ജനത്തിനു വേറെയാരും ഭർത്താവാകാൻ പാടില്ലെന്നുള്ള നിയമസഹിതം അക്കാര്യത്തിലേക്കു് ഈ ബ്രാഹ്മണർ തെന്നെ കുത്തകയേറ്റു. ഇതൊന്നുമല്ല വിശേഷം, അവരുടെ കുടുംബത്തിൽ ഉണ്ടായി വരുന്ന ദോഷം ഭവിച്ച പിതൃക്കളുടെ ചാത്തം മുതലായ സകലക്രിയകളും നടത്തുന്നതിന്നും ചാത്തമുണ്ണുന്നതിന്നും കൂടി കുത്തകയേറ്റു. ഇക്കലത്തിപ്രകാരം ഭ്രഷ്ടു ഭവിച്ച ബ്രാഹ്മണകുലത്തിലെ സ്ത്രീകളോടു രമിക്കയും അവരുടെ ചാത്തമുണ്ണുകയും ചെയ്യുന്നതിന്നിവർ തയ്യാറാകുമോ? [ 38 ] മനുസംഹിത ൧൧ അ

‘ബ്രഹ്മഹത്യാസുരാപാനം സ്തേയം ഗുർവംഗതാഗമഃ
മഹാന്തിപാതകാന്യാഹുസ്സംസർഗ്ഗാശ്ഛാപിതൈസ്സഹ
സ്വർണ്ണസ്തെയീസുരാപായീ ബ്രഹ്മഹാഗുരുതല്പഗഃ
മഹാപാതകിനസ്തെവൈതത്സംസർഗ്ഗീച പഞ്ചമഃ’


  ഈ പ്രമാണപ്രകാരവും വീരഹത്തിയാകട്ടെ അല്ലെങ്കിൽ ബ്രഹ്മഹത്തിയാകട്ടേ ഉള്ളവരായ പാതകരോടുള്ള ഏറ്റവും അടുത്ത സംസർഗ്ഗം നിമിത്തം ഇവരും (ബ്രാഹ്മണരും) പാതകികൾ തന്നെയെന്നു ന്യായം കൊണ്ടു സിദ്ധിക്കുന്നു. അത്രയുമല്ല, കുലയ്ക്ക് ഉത്സാഹിപ്പിക്കുക, സഹായിക്കുക, കുലഭ്രഷ്ടുവരുത്തുക, ഇതുകൾ നിമിത്തം മഹാദുഷ്ടരെന്നും കൂടി സിദ്ധിക്കുന്നു. കാരയിതാവിനു ദോഷമുഭയ ലോക പ്രസിദ്ധമാണല്ലൊ.


  ഇനിയും ബ്രാഹ്മണന്നു് വീരഹത്യ അല്ലെങ്കിൽ ബ്രഹ്മഹത്യാദോഷം സംഭവിച്ചാൽ ആയതു (ആ ബ്രഹ്മഹത്യാ ദോഷത്തിനു്) അവന്നും അവന്റെ കുലത്തിനും ക്ഷത്രിയ മര്യാദയും മരുമക്കത്തായവുമായിട്ടും അവരോടു പല പ്രകാരത്തിൽ ചേരുന്നവരും ഏതദ്ദോഷകാരയിതാക്കന്മാരും ആയ ബ്രാഹ്മണരെ സ്പർശിക്കാത്ത വിധത്തിലും പരിണമിക്കുമെന്നുള്ളതു് ആശ്ചര്യകരമാകാതിരിക്കയില്ല.


  ഇനിയും ഇപ്രകാരം ദോഷപ്പെട്ടവർ (നമ്പിടിമാർ) മറ്റവരോടു നിർബന്ധിച്ചു ശരിയാക്കിച്ചു കൊള്ളാതെ ഇങ്ങനെ അടങ്ങിപാർക്കുന്നതു കൊണ്ടും ഈ സംഗതി നടന്നതല്ലെന്നു നിശ്ചയിക്കേണ്ടിയിരിക്കുന്നു.

  എന്നാൽ നിർബന്ധിച്ചാലും ബ്രാഹ്മണരിവരെ ശരിയാക്കി ചേർത്തുകൊള്ളുകയില്ലായെന്നുള്ളതുകൊണ്ടാണെങ്കിൽ, അപ്രകാരമുള്ള ദുഷ്ടന്മാരുടെ സംസർഗ്ഗം ഇനിയും അധികമധികം ദോഷവർദ്ധനയ്ക്കു കാരണമെന്നറിഞ്ഞാൽ പിന്നെയും ഇവരെ സ്വവംശ വർദ്ധകന്മാരാക്കുന്നതിനു് അനുവദിക്കാനിടയില്ല.


  ഇതെല്ലാം കൊണ്ടും ഇവർ പറയുന്ന പ്രകാരം ഒന്നുമല്ലെന്നും ഈ ബ്രാഹ്മണർക്കു് വെളിയിൽ പറയാൻ പാടില്ലാത്ത വിധത്തിലുള്ള തകരാറുകളിതിലുമുണ്ടെന്നും നിശ്ചയിക്കേണ്ടിയിരിക്കുന്നു.

കുറിപ്പുകൾ[തിരുത്തുക]