Jump to content

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ബാലകാണ്ഡം/കൗസല്യാസ്തുതി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(കൗസല്യാസ്തുതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (കിളിപ്പാട്ട്)
രചന:എഴുത്തച്ഛൻ
ബാലകാണ്ഡം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ബാലകാണ്ഡം

അയോദ്ധ്യാകാണ്ഡം


"നമസ്തേ ദേവദേവ! ശംഖചക്രാബ്‌ജധര!
നമസ്തേ വാസുദേവ! മധുസൂദന! ഹരേ!
നമസ്തേ നാരായണ! നമസ്തേ നരകാരേ!
സമസ്തേശ്വര! ശൌരേ! നമസ്തേ ജഗൽപതേ!
നിന്തിരുവടി മായാദേവിയെക്കൊണ്ടു വിശ്വം
സന്തതം സൃഷ്ടിച്ചു രക്ഷിച്ചു സംഹരിക്കുന്നു.
സത്വാദിഗുണത്രയമാശ്രയിച്ചെന്തിന്നിതെ-
ന്നുത്തമന്മാർക്കുപോലുമറിവാൻ വേലയത്രേ. 620
പരമൻ പരാപരൻ പരബ്രഹ്‌മാഖ്യൻ പരൻ
പരമാത്മാവു പരൻപുരുഷൻ പരിപൂർണ്ണൻ
അച്യുതനന്തനവ്യക്തനവ്യയനേകൻ
നിശ്ചലൻ നിരുപമൻ നിർവാണപ്രദൻ നിത്യൻ
നിർമ്മലൻ നിരാമയൻ നിർവികാരാത്മാ ദേവൻ
നിർമ്മമൻ നിരാകുലൻ നിരഹങ്കാരമൂർത്തി
നിഷ്‌കളൻ നിരഞ്ജനൻ നീതിമാൻ നിഷ്‌കൽമഷൻ
നിർഗ്ഗുണൻ നിഗമാന്തവാക്യാർത്ഥവേദ്യൻ നാഥൻ
നിഷ്‌ക്രിയൻ നിരാകാരൻ നിർജ്ജരനിഷേവിതൻ
നിഷ്‌കാമൻ നിയമിനാം ഹൃദയനിലയനൻ 630
അദ്വയനജനമൃതാനന്ദൻ നാരായണൻ
വിദ്വന്മാനസപത്മമധുപൻ മധുവൈരി
സത്യജ്ഞാനാത്നാ സമസ്തേശ്വരൻ സനാതനൻ
സത്വസഞ്ചയജീവൻ സനകാദിഭിസ്സേവ്യൻ
തത്വാർത്ഥബോധരൂപൻ സകലജഗന്മയൻ
സത്താമാത്രകനല്ലോ നിന്തിരുവടി നൂനം.
നിന്തിരുവടിയുടെ ജഠരത്തിങ്കൽ നിത്യ-
മന്തമില്ലാതോളം ബ്രഹ്‌മാണ്ഡങ്ങൾ കിടക്കുന്നു.
അങ്ങനെയുളള ഭവാനെന്നുടെ ജഠരത്തി-
ലിങ്ങനെ വസിപ്പതിനെന്തു കാരണം പോറ്റീ! 640
ഭക്തന്മാർവിഷയമായുളെളാരു പാരവശ്യം
വ്യക്തമായ്‌ക്കാണായ്‌വന്നു മുഗ്‌ദ്ധയാമെനിക്കിപ്പോൾ.
ഭർത്തൃപുത്രാർത്ഥാകുലസംസാരദുഃഖാംബുധൌ
നിത്യവും നിമഗ്നയായത്യർത്ഥം ഭ്രമിക്കുന്നേൻ.
നിന്നുടെ മഹാമായതന്നുടെ ബലത്തിനാ-
ലിന്നു നിൻ പാദാംഭോജം കാണ്മാനും യോഗം വന്നു.
ത്വൽക്കാരുണ്യത്താൽ നിത്യമുൾക്കാമ്പിൽ വസിക്കേണ-
മിക്കാണാകിയ രൂപം ദുഷ്‌കൃതമൊടുങ്ങുവാൻ.
വിശ്വമോഹിനിയായ നിന്നുടെ മഹാമായ
വിശ്വേശ! മോഹിപ്പിച്ചീടായ്‌ക മാം ലക്ഷ്മീപതേ! 650
കേവലമലൌകികം വൈഷ്ണവമായ രൂപം
ദേവേശ! മറയ്‌ക്കേണം മറ്റുളേളാർ കാണുംമുമ്പേ.
ലാളനാശ്ലേഷാദ്യനുരൂപമായിരിപ്പോരു
ബാലഭാവത്തെ മമ കാട്ടേണം ദയാനിധേ!
പുത്രവാത്സല്യവ്യാജമായൊരു പരിചര-
ണത്താലേ കടക്കേണം ദുഃഖസംസാരാർണ്ണവം."
ഭക്തിപൂണ്ടിത്ഥം വീണുവണങ്ങിസ്തുതിച്ചപ്പോൾ
ഭക്തവത്സലൻ പുരുഷോത്തമനരുൾചെയ്തുഃ


"മാതാവേ! ഭവതിക്കെന്തിഷ്ടമാകുന്നതെന്നാ-
ലേതുമന്തരമില്ല ചിന്തിച്ചവണ്ണം വരും. 660
ദുർമ്മദം വളർന്നോരു രാവണൻതന്നെക്കൊന്നു
സമ്മോദം ലോകങ്ങൾക്കു വരുത്തിക്കൊൾവാൻ മുന്നം
ബ്രഹ്‌മശങ്കരപ്രമുഖാമരപ്രവരന്മാർ
നിർമ്മലപദങ്ങളാൽ സ്തുതിച്ചു സേവിക്കയാൽ
മാനവവംശത്തിങ്കൽ നിങ്ങൾക്കു തനയനായ്‌
മാനുഷവേഷം പൂണ്ടു ഭൂമിയിൽ പിറന്നു ഞാൻ.
പുത്രനായ്‌ പിറക്കണം ഞാൻതന്നെ നിങ്ങൾക്കെന്നു
ചിത്തത്തിൽ നിരൂപിച്ചു സേവിച്ചു ചിരകാലം
പൂർവജന്മനി പുനരതുകാരണമിപ്പോ-
ളേവംഭൂതകമായ വേഷത്തെക്കാട്ടിത്തന്നു. 670
ദുർല്ലഭം മദ്ദർശനം മോക്ഷത്തിനായിട്ടുളേളാ,-
ന്നില്ലല്ലോ പിന്നെയൊരു ജന്മസംസാരദുഃഖം.
എന്നുടെ രൂപമിദം നിത്യവും ധ്യാനിച്ചുകൊൾ-
കെന്നാൽ വന്നീടും മോക്ഷ,മില്ല സംശയമേതും.
യാതൊരു മർത്ത്യനിഹ നമ്മിലേ സംവാദമി-
താദരാൽ പഠിക്കതാൻ കേൾക്കതാൻ ചെയ്യുന്നതും
സാധിക്കുമവനു സാരൂപ്യമെന്നറിഞ്ഞാലും;
ചേതസി മരിക്കുമ്പോൾ മൽസ്മരണയുമുണ്ടാം."


ഇത്തരമരുൾചെയ്തു ബാലഭാവത്തെപ്പൂണ്ടു
സത്വരം കാലും കൈയും കുടഞ്ഞു കരയുന്നോൻ 680
ഇന്ദ്രനീലാഭപൂണ്ട സുന്ദരരൂപനര-
വിന്ദലോചനൻ മുകുന്ദൻ പരമാനന്ദാത്മാ
ചന്ദ്രചൂഡാരവിന്ദമന്ദിരവൃന്ദാരക-
വൃന്ദവന്ദിതൻ ഭൂവി വന്നവതാരംചെയ്താൻ.
നന്ദനനുണ്ടായിതെന്നാശു കേട്ടൊരു പങ്‌ക്തി-
സ്യന്ദനനഥ പരമാനന്ദാകുലനായാൻ
പുത്രജന്മത്തെച്ചൊന്ന ഭൃത്യവർഗ്ഗത്തിനെല്ലാം
വസ്‌ത്രഭൂഷണാദ്യഖിലാർത്ഥദാനങ്ങൾചെയ്താൻ.
പുത്രവക്ത്രാബ്‌ജം കണ്ടു തുഷ്ടനായ്‌ പുറപ്പെട്ടു
ശുദ്ധനായ്‌ സ്നാനംചെയ്തു ഗുരുവിൻ നിയോഗത്താൽ 690
ജാതകകർമ്മവുംചെയ്തു ദാനവുംചെയ്തു; പിന്നെ-
ജ്ജാതനായിതു കൈകേയീസുതൻ പിറ്റേന്നാളും.
സുമിത്രാപുത്രന്മാരായുണ്ടായിതിരുവരു-
മമിത്രാന്തകൻ ദശരഥനും യഥാവിധി
ചെയ്തിതു ജാതകർമ്മം ബാലന്മാർക്കെല്ലാവർക്കും
പെയ്തിതു സന്തോഷംകൊണ്ടശ്രുക്കൾ ജനങ്ങൾക്കും.
സ്വർണ്ണരത്നൌഘവസ്‌ത്രഗ്രാമാദിപദാർത്ഥങ്ങ-
ളെണ്ണമില്ലാതോളം ദാനംചെയ്തു ഭൂദേവാനാം
വിണ്ണവർനാട്ടിലുമുണ്ടായിതു മഹോത്സവം
കണ്ണുകളായിരവും തെളിഞ്ഞു മഹേന്ദ്രനും. 700
സമസ്തലോകങ്ങളുമാത്മാവാമിവങ്കലേ
രമിച്ചീടുന്നു നിത്യമെന്നോർത്തു വസിഷ്‌ഠനും
ശ്യാമളനിറംപൂണ്ട കോമളകുമാരനു
രാമനെന്നൊരു തിരുനാമവുമിട്ടാനല്ലോ;
ഭരണനിപുണനാം കൈകേയീതനയനു
ഭരതനെന്നു നാമമരുളിച്ചെയ്തു മുനി;
ലക്ഷണാന്വിതനായ സുമിത്രാതനയനു
ലക്ഷ്മണനെന്നുതന്നെ നാമവുമരുൾചെയ്തു;
ശത്രുവൃന്ദത്തെ ഹനിച്ചീടുകനിമിത്തമായ്‌
ശത്രുഘ്നനെന്നു സുമിത്രാത്മജാവരജനും. 710
നാമധേയവും നാലുപുത്രർക്കും വിധിച്ചേവം
ഭൂമിപാലനും ഭാര്യമാരുമായാനന്ദിച്ചാൻ.


സാമോദം ബാലക്രീഡാതൽപരന്മാരാംകാലം
രാമലക്ഷ്മണന്മാരും തമ്മിലൊന്നിച്ചു വാഴും
ഭരതശത്രുഘ്നന്മാരൊരുമിച്ചെല്ലാനാളും
മരുവീടുന്നു പായസാംശാനുസാരവശാൽ
കോമളന്മാരായൊരു സോദരന്മാരുമായി
ശ്യാമണനിറംപൂണ്ട ലോകാഭിരാമദേവൻ
കാരുണ്യാമൃതപൂർണ്ണാപാംഗവീക്ഷണം കൊണ്ടും
സാരസ്യാവ്യക്തവർണ്ണാലാപപീയൂഷം കൊണ്ടും 720
വിശ്വമോഹനമായ രൂപസൌന്ദര്യംകൊണ്ടും
നിശ്ശേഷാനന്ദപ്രദദേഹമാർദ്ദവംകൊണ്ടും
ബന്ധൂകദന്താംബരചുംബനരസംകൊണ്ടും
ബന്ധുരദന്താങ്കുരസ്പഷ്ടഹാസാഭകൊണ്ടും
ഭൂതലസ്ഥിതപാദാബ്‌ജദ്വയയാനംകൊണ്ടും
ചേതോമോഹനങ്ങളാം ചേഷ്ടിതങ്ങളെക്കൊണ്ടും
താതനുമമ്മമാർക്കും നഗരവാസികൾക്കും
പ്രീതി നല്‌കിനാൻ സമസ്തേന്ദൃയങ്ങൾക്കുമെല്ലാം.
ഫാലദേശാന്തേ സ്വർണ്ണാശ്വത്ഥപർണ്ണാകാരമായ്‌
മാലേയമണിഞ്ഞതിൽ പേറ്റെടും കരളവും 730
അഞ്ജനമണിഞ്ഞതിമഞ്ജുളതരമായ
കഞ്ജനേത്രവും കടാക്ഷാവലോകനങ്ങളും
കർണ്ണാലങ്കാരമണികുണ്ഡലം മിന്നീടുന്ന
സ്വർണ്ണദർപ്പണസമഗണ്ഡമണ്ഡങ്ങളും
ശാർദ്ദൂലനഖങ്ങളും വിദ്രുമമണികളും
ചേർത്തുടൻ കാർത്തസ്വരമണികൾ മദ്ധേമദ്ധ്യേ
കോർത്തു ചാർത്തീടുന്നൊരു കാണ്‌ഠകണ്ഡോദ്യോതവും
മുത്തുമാലകൾ വനമാലകളോടുംപൂണ്ട
വിസ്‌തൃതോരസി ചാർത്തും തുളസീമാല്യങ്ങളും
നിസ്തൂലപ്രഭവത്സലാഞ്ഞ്‌ഛനവിലാസവും 740
അംഗദങ്ങളും വലയങ്ങൾ കങ്കണങ്ങളും
അംഗുലീയങ്ങൾകൊണ്ടു ശോഭിച്ച കരങ്ങളും
കാഞ്ചനസദൃശപീതാംബരോപരി ചാർത്തും
കാഞ്ചികൾ നൂപുരങ്ങളെന്നിവ പലതരം
അലങ്കാരങ്ങൾപൂണ്ടു സോദരന്മാരോടുമൊ-
രലങ്കാരത്തെച്ചേർത്താൻ ഭൂമിദേവിക്കു നാഥൻ.
ഭർത്താവിന്നധിവാസമുണ്ടായോരയോദ്ധ്യയിൽ
പൊൽത്താർമാനിനിതാനും കളിച്ചുവിളങ്ങിനാൾ.
ഭൂതലത്തിങ്കലെല്ലാമന്നുതൊട്ടനുദിനം
ഭൂതിയും വർദ്ധിച്ചിതു ലോകവുമാനന്ദിച്ചു. 750