Jump to content

കേരളോല്‌പത്തിയും മറ്റും/നസ്രാണികളുടെ പഴമ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കേരളോല്‌പത്തിയും മറ്റും
രചന:ഹെർമ്മൻ ഗുണ്ടർട്ട്
നസ്രാണികളുടെ പഴമ


[ 407 ] നസ്രാണികളുടെ പഴമ [ 408 ] കേരളത്തിലെ പ്രാചീന ക്രൈസ്തവ സമൂഹമായ
നസ്രാണികളെക്കുറിച്ചു മൗലികരേഖകൾ ആധാരമാക്കി
ഹെർമൻ ഗുണ്ടർട്ട് എഴുതിയ പ്രബന്ധത്തിന്റെ ഒന്നാം
ഖണ്ഡം ഇതാദ്യമായി അച്ചടിയിലെത്തുന്നു. ട്യൂബിങ്ങൻ
സർവകലാശാലയിലെ കൈയെഴുത്തുഗ്രന്ഥമാണ് ആധാരം.
മറ്റു ഖണ്ഡങ്ങൾ കണ്ടെത്തിയിട്ടില്ല.

എഡിറ്റർ [ 409 ] നസ്രാണികളുടെ പഴമ

1. ഖണ്ഡം

കലിയുഗം എകദെശം 3100 യെശു എന്ന രക്ഷിതാവ യഹൂദ
രാജവംശത്തിൽ ജനിച്ചു. 33 സംവത്സരം ഭൂമിയിൽ പാൎത്തു. പൂൎണ്ണ
സ്നെഹത്താലെ ദെവകല്പനകളെ ഒക്കയും ആചരിച്ചു നടന്നു. പാ
പികളുടെ ദ്വെഷ്യത്താൽ വളരെ ഹിംസകൾ അനുഭവിച്ചു ലൊക
ത്തിന്റെ ജീവനായി പ്രാണനെ ഉപെക്ഷിച്ചതിന്റെ ശെഷം ദൈവ
മായ പിതാവ അവനെ മരിച്ചവരിൽ നിന്നുയിർത്തെഴുനീല്പിച്ചു,
ഇവൻ സാക്ഷാൽ എന്റെ പുത്രൻ എന്ന എല്ലാവരെയും കാണിച്ചു,
അവനെ സകല ജാതികൾക്കും രാജാവും പ്രകാശകാരണനും ആക്കി
വെക്കുകയും ചെയ്തു.

ആകയാൽ അവന്റെ ആത്മാവു നിറഞ്ഞ ചില ശിഷ്യന്മാർ
ലൊകവിരൊധം ഒട്ടും കൂട്ടാക്കാതെ യഹൂദയിലും പരദെശങ്ങളിലും
പൊയി രക്ഷക്കായി കല്പിച്ചിട്ടുള്ള ഈ എകനാമത്തെ പ്രസിദ്ധ
മാക്കി തുടങ്ങി. അവർ മിക്കവാറും പടിഞ്ഞാറെ ദിക്കുകളിൽ പൊ
യി പണി ചെയ്യുമ്പൊൾ തൊമ എന്നവൻ പാർസി രാജ്യത്തിലും
ബൎത്തൊല്മായി ഹിന്തുരാജ്യത്തിലും വന്നു യെശുവിന്റെ സുവിശേ
ഷം അറിയിച്ചിരിക്കുന്നു എന്നു പുരാണസഭക്കാരുടെ സമ്മതം . അ
ങ്ങിനെ അല്ല, തൊമാ തന്നെ 52 ക്രിസ്താബ്ദത്തിൽ മലയാളത്തിൽ
വന്നു കൊടുങ്ങല്ലൂരിൽ ഇറങ്ങി എറിയ ആളുകളെ വിശ്വസിപ്പിച്ചു ശ
ങ്കരപുരി (ചങ്കൂറി), പകലൊമ്മറ്റം ഇങ്ങിനെ രണ്ടു ഇല്ലക്കാരിൽ പട്ടം
കല്പിച്ചു പള്ളിയും വെപ്പിച്ചാറെ ചൊഴമണ്ഡലത്തിൽ ചെന്നു ബ്രാ
ഹ്മണരുടെ ഈർഷ്യ കൊണ്ടു മയിലാപ്പൂരിൽ രക്തസാക്ഷിയായി
അന്തരിച്ചു എന്നിങ്ങനെ പിന്നെ ഉണ്ടായ പാരമ്പര്യ വൎത്തമാനം,
മാർതൊമാവിനെ ഒരു കച്ചവടക്കാരന്റെ കൈക്കൽ 20 പൊൻ പണ
ത്തിന്നു അടിമയാക്കി വിറ്റുകളഞ്ഞ പ്രകാരവും അവൻ ഒരു രാജാ
വിനെ സെവിച്ചു കമ്മാളരുടെ ഗുരുവായി വിചിത്ര കൊയിലകം
തീൎത്തിട്ടു രാജാവിനെ മാർഗ്ഗത്തിൽ ചെർത്തപ്രകാരവും സ്ത്രീസക്തി
ഏറിയ ജാതികളിൽ പാതിവ്രത്യശുദ്ധിയെ വരുത്തി മറ വസ്ത്രങ്ങ
ളെയും അധികം ധരിപ്പിച്ച പ്രകാരവും നസ്രാണിനമസ്കാരങ്ങളിൽ
സ്തുതിച്ചു വരുന്നുണ്ട്. അതിന്റെ പരമാൎത്ഥം ദൈവത്തിനറിയാം.

3

ക്രിസ്തനാമസുഗന്ധം പുരാണകാലങ്ങളിൽ ഈ രാജ്യത്തൊളം
പറന്നു വന്നു എന്ന നിശ്ചയിപ്പാൻ കുറ്റിയുണ്ടുതാനും. രൊമരും യവ [ 410 ] നരും മിസ്രരാജ്യത്തിൽനിന്നു കപ്പൽ കയറി നിത്യം ഈ രാജ്യ
ത്തിൽ വന്നവാറും കച്ചവടം നടത്തി പാൎത്തവാറും പല ഇടത്തും അ
റിയിച്ചിട്ടുണ്ടു. മഹാരൊമചക്രവൎത്തിയുടെ പ്രജകൾ എന്ന പ്രസിദ്ധ
മാകക്കൊണ്ടും കച്ചവടത്താൽ വൎദ്ധിച്ചുണ്ടാകുന്ന ദ്രവ്യാഗ്രഹം കൊ
ണ്ടും കൊയ്മയും നാടുവാഴികളും ഈ വന്നു പോകുന്നവർക്ക വിരൊധം
കാട്ടാതവണ്ണം ശങ്കിച്ചിരുന്നു. അപ്പൊൾ ബ്രാഹ്മണർക്കല്ല ശ്രമണർ
എന്ന ബൌദ്ധന്മാരുടെ മതഭെദത്തിന്നും ഈ കെരളത്തിൽ ആധിക്യം
ഉണ്ടു എന്നു തൊന്നുന്നു. ഇപ്പൊഴത്തെ ആചാരവും അനാചാരവും അ
ന്ന ഇല്ല. ആയതുകൊണ്ടു യഹൂദരും വ്യാപാരം ചെയ്ത സിംഹളം എ
ന്ന ഈഴത്തിൽ കൂടി ഇരുന്നു കൊടുങ്ങല്ലൂരിൽ കൂടവന്ന ചിലകാലം
പാൎത്തപ്പൊൾ ഭാസ്കരരവിവർമ്മാവു എന്ന പെരുമാൾ വളരെ പ്രസാ
ദിച്ചു അവരിൽ ശ്രെഷ്ഠനായ യുസ്സുഫ ഇറവ്വാനുക്കും അവൻ സന്തതി
ക്കും അഞ്ചുവണ്ണം എന്ന ദെശവും നാടുവാഴി സ്ഥാനവും കൊടുത്തു.
വെണാടു, വെണാവലിനാടു. എറനാടു വള്ളുവനാടു നെടുമ്പൂറയൂർനാടു
ഇവറ്റിൽ കത്താക്കന്മാരായ തമ്പ്രാക്കന്മാരെയും മറ്റും സാക്ഷികളാ
ക്കി മുയിരിക്കൊട്ടു ഇരുന്നരുളിചെപ്പുപത്രം എഴുതിക്കയും ചെയ്തു
(200-300 ക്രിസ്താബ്ദം). ആ യഹൂദന്മാൎക്ക ക്രിസ്തസുവിശെഷം
എബ്രയഭാഷയിൽ എഴുതിയ ഒരു പുസ്തകം ഉണ്ടായിരുന്നു എന്നു തോ
ന്നുന്നു. മിസ്രയിലെ ശാസ്ത്രിയായ പന്തൈനൻ (190 ക്രി.) പുറപ്പെട്ടു
കിഴക്കെ രാജ്യങ്ങളിൽ സുവിശെഷം അറിയിച്ചു. ഈ ഖണ്ഡ
ത്തൊളം വന്നപ്പൊൾ എബ്രയ സുവിശെഷവും ക്രിസ്തുമാർഗ്ഗത്തിന്റെ
അടയാളങ്ങൾ ചിലതും ഇവിടെ കണ്ടിരിക്കുന്നു.

4

അപ്പൊൾ ഈ നാട്ടുകാർ കപ്പൽവഴിയായി പൊയി അന്യ
രാജ്യങ്ങളെ കണ്ടു വിശെഷങ്ങളെ അറിഞ്ഞു മടങ്ങി വരുവാറായി
രുന്നു. വടക്ക കൊലനാട്ടിൽ ഒരു തമ്പ്രാട്ടി മിസ്രരാജ്യത്തെക്ക പൊ
യി മടങ്ങി വന്നു യാത്രയിൽ രക്ഷിച്ച ദെവനു സ്തുതിക്കായി കപ്പൽ
അണഞ്ഞ എഴിമലയിൽ ഒരു കരിങ്കല്ലെഴുത്തു തീൎത്തിരിക്കുന്നു. ആ
എഴിമലയിൽ തന്നെ അന്യമതക്കാർ വന്നു കിഴിഞ്ഞു കൊലത്തി
രിയെ മാൎഗ്ഗത്തിൽ കൂട്ടിയപ്പൊൾ അവൻ മാടായി നഗരത്തിലും മറ്റും
പള്ളികളെ എടുപ്പിച്ചു മതക്കാൎക്ക അങ്ങാടികളെയും തീൎത്തു. ബ്രാ
ഹ്മണൎക്കു വളരെ ദയ കാണിച്ചു എങ്കിലും പരശുരാമന്റെ ദ്വെഷ്യം
ജ്വലിച്ചു മാർഗ്ഗക്കാൎക്ക സംഹാരവും രാജാവിന്നു നീക്കവും വരുത്തി
യശെഷം അവൻ കുറയ തെക്കെ പൊയി വളർഭട്ടത്തപള്ളിയെയും
പട്ടണത്തെയും തീൎത്തു പാൎക്കയും എന്നു കെരളമാഹാത്മ്യത്തിൽ
(അദ്ധ്യ. 54) പറയുന്നു. ഈ വന്നവർ സത്യക്രിസ്തിയാനികളൊ സു
വിശെഷപ്പൊന്നിന്റെ മാറ്റു കുറെച്ചു വെച്ചവല്ല സമയക്കാരൊ എന്നു
നിശ്ചയിപ്പാൻ പാടില്ല. വെദം നിമിത്തം അഹമ്മതിയാൽ തൎക്കം
പറയുന്നവർ എപ്പൊഴും ഉണ്ടായിരുന്നു. അപ്രകാരം പാർസിക്കാരനായ [ 411 ] മനി (മണി) സ്വദെശത്തിൽ നടപ്പായി കണ്ട ദ്വന്ദ്വജ്ഞാന
ത്തെ വിടാതെ ക്രിസ്തുവചനത്തൊട കലക്കി സത്യത്തിന്റെ ഛായ
യും കരെറ്റിയാറെ ഇക്കരെക്കും മറ്റും ശിഷ്യരെ ചേൎത്തുകൊള്ളു
ന്ന ദൂതരെ അയച്ചു (270 കി). ആയവർ മലയാളത്തിൽ വൎദ്ധിച്ചു
മണിഗ്രാമം ഊരിനെ ഉണ്ടാക്കി എന്ന ചിലരുടെ പക്ഷം. അതിൽ
പിന്നെ അരീയൻ എന്ന ഒരു മിസ്രക്കാരൻ ദൈവപുത്രൻ സ്രഷ്ടാവ
ല്ല, സൃഷ്ടികളിൽ ആദിമസൃഷ്ടി അത്രെ എന്നു പറയുമ്പൊൾ സഭ
യിൽ എങ്ങും ഛിദ്രം ഉണ്ടായി (320). ആ വിവാദം തീൎത്തു ഐ
കമത്യം വരുത്തുവാൻ സഭാവാഴികളുടെ സംഘം വെണം എന്ന മാർ
ഗ്ഗത്തെ അംഗീകരിച്ചുകൊണ്ട കൊൻസൂന്തിൻ ചക്രവൎത്തിക്കു തൊ
ന്നിയാറെ മെത്രാന്മാർ നാലു ദിക്കിൽ നിന്നും വന്നു നിരൂപിച്ച കൂട്ട
ത്തിൽ പാർസി, ഹിന്തു ഈ രണ്ടു ഖണ്ഡത്തിന്നും മെത്രനായ യൊ
ഹനാൻ എന്ന ഒരുത്തൻ ചെരുകയും ചെയ്തു. അവർ ദൈവപുത്രൻ
സൃഷ്ടി അല്ല പിതാവൊട സമജീവനുള്ളവൻ എന്നു വെദൊക്തങ്ങളെ
ക്കൊണ്ടു നിശ്ചയിച്ചു എങ്കിലും വിവാദം അമൎന്നില്ല. ഇങ്ങിനെ
രണ്ടുമൂന്നു പക്ഷക്കാർ ഉണ്ടായ സമയത്തിൽ (330) ദെവപ്രിയൻ
എന്ന ഒരു ദ്വീപുകാരൻ സ്വരാജാവിൻ കല്പനയാലെ റൊമ മണ്ഡ
ലത്തിൽ പൊയി പാൎക്കമ്പൊൾ അവിടെ നടക്കുന്ന അറിവു പൊ
രുൾ ഒക്ക ഗ്രഹിച്ചു. അറീയപുളിപ്പു ചിലതു വെദത്തൊട കലരി
ന്നു എങ്കിലും ഹിന്തുഖണ്ഡത്തിലെക്കു മടങ്ങിയാറെ ക്രിസ്തീയ കച്ച
വടക്കാരൊടും നാട്ടുകാരൊടും ക്രിസ്തന്റെ വചനങ്ങളെ തന്റെ അറി
വു പ്രകാരം ഉപദെശിച്ചു കൊണ്ടുവന്നു (350). മറ്റും പല പ്രകാര
ത്തിൽ സത്യസൂര്യന്റെ രശ്മികൾ ചിലതും ഈ നാട്ടിൽ പറ്റി
യിട്ടുണ്ടായിരിക്കും.

5

അനന്തരം യെശുവിന്റെ അമ്മ ദെവമാതാവല്ല മനുഷ്യപുത്ര
ന്നു മാതാവത്രെ എന്നു സുറിയാണി നെസ്തൊര്യൻ വെദപ്രകാരം ഉപ
ദെശിക്കുമ്പൊൾ (430) സഭകൾക്കു പിന്നെയും വാഗ്വാദം ഉണ്ടായ
തിനാൽ സുറിയാണികൾ മിക്കവാറും നിരൂപിച്ചാറെ യെശുവെ
ക്കാളും അമ്മയെ എറ്റം ബഹുമാനിക്കുന്ന യവനസഭയെ വിട്ടുപിരി
ഞ്ഞു നെസ്തൊര്യന്റെ ഉപദെശം കൈക്കൊണ്ടു; പാർസി സഭക്കാരും
അവരുടെ പക്ഷം നിന്നു. പടിഞ്ഞാറെ സഹൊദരന്മാർ ഞങ്ങളെ
ചെൎത്തുകൊള്ളുന്നില്ലല്ലൊ കിഴക്കെ പുറജാതികളെ പൊയി കണ്ടു സ
ഹൊദരരാക്കി സമ്പാദിക്കണം എന്നുവെച്ചു മലയും കടലും കടന്നു അ
റിവില്ലാത്ത ജാതികൾക്ക ദെവബൊധം വരുത്തുവാൻ തുടങ്ങി. ഇ
പ്രകാരം നെസ്തൊര്യൻ കിഴക്കെ ദിക്കുകളിൽ പരന്നു വൎദ്ധിക്കും കാ
ലം അവരിൽ കൂടിയ കൊസ്മാ എന്ന സന്യാസി കപ്പൽ വഴിയാ
യി (580) സിംഹളദ്വീപിൽ ചെന്നപ്പോൾ പാർസി ക്രിസ്ത്യാനിക
ളെ വളരെ കണ്ടു. അവരിൽ ധനവാന്മാർ എടുപ്പിച്ച പള്ളിയിലും
പ്രവെശിച്ചാറെ സഭക്കാൎക്ക ഉപദെശിച്ചു വരുന്ന മൂപ്പൻ പാർസി [ 412 ] യിൽ നിന്ന അയച്ചുവന്നവൻ എന്നും ദ്വീപിന്റെ മലഭാഗത്തിലെ
ഗൌതമമതക്കാരും വടക്കെ ചൊഴതമിഴരും വാണു നിത്യം തമ്മിൽ
പടകൂടുന്നു എങ്കിലും പാർസിയൊടും മിസ്രയൊടും കച്ചവടവും കപ്പ
ലൊട്ടവും നന്നായി നടക്കുന്നുണ്ട എന്നും കെൾക്കയും ചെയ്തു. അന
ന്തരം മുളകുണ്ടാകുന്ന ഈ മലനാട്ടിൽ വന്നു അനെകം പള്ളികളെയും
മൂപ്പരെയും കണ്ടു പുറപ്പെട്ടു തുളുനാട്ടിൽ കല്യാണപുരിയിൽ എത്തു
മ്പൊൾ പാർസിയിൽ നിന്ന അയച്ച ഒരു മെത്രാൻ അവിടെ ഉണ്ട
എന്നറിഞ്ഞ പ്രകാരം സ്വദെശക്കാർക്ക എഴുതി ബൊധിപ്പിക്കയും
ചെയ്തു. ഈ കച്ചവടക്കാർ സുറിയനാട്ടിൽ നിന്നുണ്ടാകകൊണ്ടു സു
റിയാണികൾ എന്ന പേർ നടപ്പായി വന്നു. നസ്രത്ത ഊരിൽ നിന്നു
പുറപ്പെട്ടു പൊന്ന യെശുവിനെ സെവിക്കയാൽ നസ്രാണികൾ എ
ന്നി പേർ പറവാനും കാരണം.

ഈ നെസ്തൊര്യർ അല്ലാതെ അവർക്ക ശത്രുക്കളായ വകക്കാരും
മലയാളത്തിൽ വന്നു. അവർ ക്രിസ്തനു മനുഷത്വവും ദൈവത്വവും
ഉണ്ടെന്നല്ല, ദൈവം മനുഷ്യനായവതരിച്ച നാൾ മുതൽ അവൻ ശരീ
രവും ആത്മാവും സകലവും ദൈവമയം എന്നു വെച്ചു. എകസ്വരൂപ
ക്കാർ എന്ന പെർ എടുത്തു വൎദ്ധിച്ച ശെഷം യാകൊബ എന്ന സന്യാ
സി (550) അവരുടെ പള്ളികളെ നൊക്കി വിചാരിച്ചു അന്ത്യൊഖ്യ
യിൽ ഒരു പത്രീയൎക്കാവിനെ സ്ഥാപിച്ചതിനാൽ ആ മതദെദത്തി
ന്നു യാകൊബ്യർ എന്ന നാമം വരികയും ചെയ്തു. അവരും മലയാള
ത്തിൽ വന്നു പാൎത്തു. അന്ത്യൊഖ്യയിൽ നിന്നും മിസ്രയിൽ നിന്നും
ഉപദെഷ്ടാക്കന്മാർ കൂടകൂട വന്നു അവരുടെ സഭകളെ നടത്തും. അവർ
വടക്കു പാർസി മുതൽ തെക്ക് ഈഴത്തൊളം കച്ചവടം നടത്തി കാല
ക്രമത്തിൽ സമ്പത്തു എറ വൎദ്ധിച്ചു. വിശ്വാസികളുടെ എണ്ണം വളരു
കയും ചെയ്തു.

ഇങ്ങിനെ ചെങ്കടൽ പാർസിക്കടൽ ഈ രണ്ടു വഴിയായി നട
ക്കുന്ന കച്ചവടത്തിന്നും പടിഞ്ഞാറെ രാജ്യങ്ങളിലുള്ള ക്രിസ്തിയാനി
കളൊട കെട്ടികൊള്ളുന്ന സംബന്ധത്തിന്നും വെഗത്തിൽ മുട്ടുവന്നു
പൊയി. അതെങ്ങിനെ എന്നാൽ യെശുക്രിസ്തനും അവന്റെ ആദി
ശിഷ്യരും അറിയിച്ച പരമാൎത്ഥത്തിന്നും സഭ എന്ന ശരീരത്തെ കെ
ട്ടിചെർത്തു വരുന്ന സ്നെഹത്തിന്നും എല്ലാടവും സുവിശേഷത്തെ സൗ
ജന്യമായി ഉപദെശിച്ചു കൊള്ളുന്ന ഉത്സാഹ മാഹാത്മ്യത്തിന്നും മത
തൎക്കങ്ങളെ കൊണ്ടും ലൌകിക മൊഹകൌശലങ്ങളെ കൊണ്ടും ക്രമ
ത്താലെ താഴ്ച വന്നപ്പൊൾ നിസ്സാരമായി പൊയതിന്നു നാശവും ശെ
ഷിച്ചതിന്നു കൊടിയപരീക്ഷയും വെണ്ടി വന്നു. മുഹമ്മത്ത എന്ന
ക്രിസ്തു ശത്രു അറവിയിൽ ഉദിച്ചു ജയിക്കയും ചെയ്തു (622). അന്നു
തുടങ്ങി യവന, പാർസി മുതലായ രാജ്യങ്ങളിലും സഭയും കച്ചവട
വും വാടി മുടങ്ങി ചില ദിക്കിൽ വെരറ്റു പൊകയും ചെയ്തു. യുരൊ
പ ഖണ്ഡത്തിലെ ക്രിസ്തിയാനികൾ മറ്റവരെ വിചാരിക്കാതെ
താന്താങ്ങളുടെ രക്ഷെക്കായി പൊരുതുന്നതെ ഉള്ളു. മലയാളത്തിലും [ 413 ] സഭകൾ ഉണ്ട എന്നു ലൊകത്തിൽ എകദെശം ഓൎമ്മ വിട്ടുപൊയി.
മുഹമ്മത്ത പാർസി രാജ്യത്തിന്റെ ആപത്തിന്നു വട്ടം കൂമ്പൊൾ
തന്നെ യെശുവാബ പത്രിയൎക്ക (630) ചില മെത്രാന്മാരെയും മൂപ്പരെ
യും മലയാളത്തിലും മഹാചീനത്തിലും അയച്ചതിന്റെ ശെഷം പാർ
സി രാജ്യത്തിന്നു ക്ഷയം വന്നു. അപ്പൊൾ അറവിക്കാർ എങ്ങും ജയി
ച്ചു വിചാരിച്ചാറെ സുറിയാണി മതക്കാൎക്ക ബിംബങ്ങളും അജ്ഞാ
ന ചടങ്ങുകളും ഇല്ല എന്നു കണ്ടു വൈരം കുറയ അടങ്ങി ക്ഷണത്തിൽ
ഹിംസിപ്പാൻ വന്നില്ല എങ്കിലും സുറിയാണികൾക്ക ഭയം എറി
ഉത്സാഹം കുറഞ്ഞുപോകയും ചെയ്തു. ആയതുകൊണ്ടു ശിമ്യൊൻ പത്രി
യൎക്ക ഹിന്തുസഭകൾക്കായി വെണ്ടുന്ന ഉപദെഷ്ടാക്കന്മാരെ അയക്കു
ന്നില്ല എന്നു (650) സത്തുക്കൾ സങ്കടം പറവാൻ ഇട ഉണ്ടായി.
അക്കാലം മലയാളം തമിഴ് മുതലായ നാടുകളിലും ബുദ്ധമതത്തിന്നു
താഴ്ചവന്നു ശൈവന്മാർ ഡംഭം എറി പരമാർഗ്ഗവും പുറനാട്ടുകാരെയും
ഒട്ടും സഹിയാഞ്ഞു രാജാക്കന്മാരെ തങ്ങടെ ഇഷ്ടം പോലെ നടത്തി.
കൊടുങ്ങല്ലൂരിൽ വാഴുന്ന പെരുമാൾ താന്തന്നെ ഒന്നും വ്യാപരിക്കരുത
എന്നു വെച്ചു കൊയിലകത്തിന്നരികിൽ നാലു തളിയും തീർത്തു.
അതിൽ ഇരുന്ന ബ്രാഹ്മണശ്രെഷ്ഠർ ആയ തളിയാതിരിമാർ പെരുമാ
ളൊട ഒന്നിച്ചു ശിക്ഷാരക്ഷ ചെയ്യണം എന്ന വ്യവസ്ഥ വരുത്തി നട
ന്നുകൊണ്ടിരുന്നു. അപ്പൊൾ വെദവാദങ്ങളും കൊടിയഹിംസകളും
പല ദിക്കിലും ഉണ്ടായി. ശൈവരിൽ വിശ്രുതനായ സമ്പനൂർ മൂൎത്തി
ചിദംബരത്തിൽ നിന്നു മധുരയിൽ വന്നു 7000 ശ്രമണരെ മുടിച്ച ക
ളഞ്ഞു. വിവാദത്തിൽ തൊറ്റവരെ കഴുമെലിട്ടു. ചക്കാട്ടിയും നാ
വറുത്തും ഇപ്രകാരം അഭൂതപൂൎവ്വശിക്ഷകളെ ചെയ്തു വന്നതിനാൽ
അന്യമതക്കാർ അനെകം പെർ നാടുവിട്ടു ഈഴത്തിൽ പൊയി. ആ
സംഗതിക്കായിട്ടിരിക്കും ഐങ്കമ്മാളരും കൊയ്മയൊടിടഞ്ഞു ഈഴ
ത്തിൽ വാങ്ങി നിന്നതും. ശിവഭക്തിയും ഉപായവും കൊണ്ടു തമി
ഴരിൽ കീൎത്തിതനായ മാണിക്കുവാചകർ എന്ന പാണ്ഡ്യമന്ത്രി എ
ങ്ങും ബ്രാഹ്മണ്യത്തെ ഉറപ്പിച്ചു വരുമ്പൊൾ മലയാളത്തിലും വന്നു
സുറിയാണികൾ ബൌദ്ധദെഭം എന്ന ഊഹിച്ചു നാനാവിധമായി
ഉപദ്രവിച്ചു ചിലരെ വിശ്വാസത്തിൽ നിന്നു തെറ്റിച്ചിരിക്കുന്നു
എന്നു തൊന്നുന്നു. അതിന്നു പ്രമാണം ഇതിന്നു താഴെ പറയുന്നുണ്ടു.
ബ്രാഹ്മണരും തമ്പ്രാക്കന്മാരും ഈ നസ്രാണികൾക്ക പടിഞ്ഞാറു
ള്ളവർ ഇനി മെലാൽ തുണ അല്ല എന്നു കണ്ടു ഈ മാർഗ്ഗം മുടിപ്പാനും
സ്വരൂപിച്ചു വെച്ചധനത്തെ കൈക്കൽ ആക്കുവാനും ഇതത്രെ സമയം
എന്നു കല്പിച്ചു അസൂയയും വമ്പും കാട്ടി എറിയ ഹിംസകളെ ചെയ്തു
നിഗ്രഹിച്ചു കളവാൻ അടുക്കും സമയം-സാധുക്കൾ ചുരത്തിൽ ക
യറി കാട്ടിൽ ഒളിച്ചും സഞ്ചരിച്ചും നടക്കുംപൊഴെക്ക മയിലാപ്പൂർ
മുതലായ ദെശങ്ങളിൽ നിന്നു പുറത്താക്കിയ കൂട്ടരെ എത്തി കണ്ടു,
അന്യൊന്യം കൈപിടിച്ചു യെശുനാമത്തെ ഉറപ്പൊടെ ആശ്രയിച്ചു
വിശ്വാസ വളൎച്ച നിമിത്തം ധനനാശം വിചാരിക്കാതെ അല്പസന്തു [ 414 ] ഷ്ടരായി ദിവസം കഴിച്ചു. അപ്രകാരം നടക്കുമ്പൊൾ ആ ഒളം കൂടെ
അമൎന്നു ദെവാനുഗ്രഹത്താൽ സ്വാസ്ഥ്യം ഉണ്ടായി ചില എടുത്തും
കച്ചവടം ചെയവാന്തക്കവണ്ണം നാടുവാഴികളും കൂടകൂട അവൎക്ക അനു
കൂലരായി വരികയും ചെയ്തു. അവർ സിംഹളത്തിൽ പൊയ കമ്മാ
ളരെയും ആയവരൊട കൂട ഈഴവർ എന്ന ചെകവരെയും കപ്പലിൽ
കരെറ്റി കടത്തി കെരളത്തിൽ കൂടി ഇരുത്തുകയും ചെയ്തു എന്ന
ചില നാട്ടിൽ ചൊല്ലുന്ന പഴമ അപ്പൊൾ സംഭവിച്ച പ്രകാരം
തൊന്നുന്നു.

7

അതിന്റെ ശെഷം കനാനിലെ തൊമാ എന്ന വ്യാപാരി സു
റിയയിൽ നിന്നു വന്നു പെരുമാൾക്ക ഇഷ്ടനായി ചമഞ്ഞതിനാൽ
കൊടുങ്ങല്ലൂർ, അങ്കമാലി മുതലായ ദെശങ്ങളിൽ പാൎക്കുന്ന സഹൊദര
ന്മാൎക്ക ലൌകികത്തിങ്കൽ ഉപകാരിയായി ഭവിച്ചു. കാലത്തിന്നു ത
ൎക്കം ഉണ്ടു. തെക്കർ പറയുന്ന വൃത്താന്തം ആവതു_പണ്ടെ ക്രിസ്തിയാനി
കൾ ഇടയന്മാരില്ലാത്ത സമയത്തിൽ നന്നായി കുഴഞ്ഞു നാട്ടുകാരൊ
ട ഇടകലൎന്നു ശാസ്ത്രപുരാണങ്ങളെ കെട്ടു ക്ഷെത്രങ്ങളിൽ വഴിപാ
ടും നെൎച്ചകളും കഴിച്ചു നമശ്ശിവായ എന്ന പഞ്ചാക്ഷരം വശമാക്കി
തിരുനീറും പൂശി മാണിക്കവാചകരുടെ കൌശലം കൊണ്ടു 76 വീ
ടുകാർ പഞ്ചഗവ്യം സെവിപ്പാനും സമ്മതിച്ചു. ഇങ്ങനെ ശിവപു
ജക്ക യൊഗ്യത വരുത്തി മണിഗ്രാമക്കാർ എന്ന പെർ ധരിക്കയും
ചെയ്തു. ഹിംസിച്ചു വരുന്ന കാലങ്ങളിൽ ഇളകാതെ വിശ്വസിച്ചു
പൊന്നവർ 64 വീടുകാരിൽ ഉപദ്രവം മാറിയപ്പൊൾ ശെഷിച്ച-കു
ടിക്കാൎക്ക തരിശകൾ എന്നു ബഹുമാനനാമം ഉണ്ടായി. അപ്പൊൾ
(345 ക്രി) യരുശലെമിൽ നിന്നു അയച്ചിട്ടുള്ള കനായക്കാരൻ തൊമാ
മാർ യൊസെഫ മുതലായ ഉപദെഷ്ടാക്കന്മാരൊടും കൂട വന്നിറങ്ങി
മലയാളത്തിൽ കുടി ഇരുന്നപ്പൊൾ വാഴുന്ന ചെരക്കൊൻ പെരുമാ
ളെ കണ്ടു തിരുമുൽകാഴ്ചവെച്ചു ആദിത്യചന്ദ്രാദികളുള്ള നാളൊളം
ഭെദം വരാതിരിപ്പാൻ തക്കവണ്ണം ചെപ്പെടും എഴുതി വാങ്ങിച്ചു.
കൊടുങ്ങല്ലൂരിൽ നിന്നു മലയാളത്തിലുള്ള നസ്രാണികളെ ശിക്ഷാര
ക്ഷചെയ്ത നടത്തി അവനും സന്തതിയും 480 സംവത്സരം ഭരിച്ചു വ
രുമ്പൊൾ (825 ക്രി. കൊല്ലം ഒന്ന്) മാർ ചാവൊറും മാർ അപ്രൊ
ത്തും ഇങ്ങിനെ രണ്ടു മൂപ്പരും തവരിശു എന്ന കച്ചവടക്കാരന്റെ കൂട
വന്നു എന്നുള്ളത തെക്കെകൂറ്റുക്കാരുടെ പഴമ . തൊമ അന്നല്ല എകദെ
ശം 780 ക്രി. വന്നു എന്ന മറ്റു പലരും പറയുന്നതു പ്രമാണിപ്പാൻ
സങ്ങതി അധികം ഉണ്ടു. അന്നു കൊടുത്ത ചെപ്പെട്ടിൽ കാലപ്രമാ
ണം ഇല്ല. തൊമ എന്ന പെരും കാണ്മാനില്ല. മെൽപറഞ്ഞ മണിഗ്രാ
മം എന്ന അതിൽ എഴുതീട്ടുണ്ടു. കൊടുങ്ങല്ലൂരരികിൽ 244 ആന
ക്കൊൽ അളവിൽ കനായക്കാരന്നു കൊടുത്തദെശം തന്നെ എന്നു തൊ
ന്നുന്നു. ചെപ്പെടിന്റെ സാരം എങ്ങിനെ എന്നാൽ [ 415 ] ശ്രീ വീരകെരള ചക്രവൎത്തി ആദിയായി മുറ മുറയെ ചെങ്കൊൽ
നടത്തുന്ന ശ്രീവീരരാഘവചക്രവൎത്തി (മകരത്തുൾ വ്യാഴം മീനം
ഞായറു 21 ശനി രൊഹണി നാൾ) പെരുങ്കൊയിലകത്തിരുന്നു മ
ഹാദെവർ പട്ടണത്തു ഇരവി കൊർത്തന്നും അവൻ മക്കൾ മക്കൾക്കും
മണിഗ്രാമം എന്ന ദെശവും പല രാജചിഹ്നങ്ങളും ചെരമാൻ ലൊക
പ്പെരുഞ്ചെട്ടിയാൻ എന്ന നാമധെയവും നാലു ചെരിക്കും തനിച്ചെട്ടും
എപ്പെർപ്പെട്ട ചരക്കിന്നും കൊടുങ്കൂലൂർ അഴിവിയൊടു ഗൊപുരത്തൊ
ടു വിശെഷാൽ ബ്രാഹ്മണരുടെ നാലു തളിയൊടും ഇടയിൽ തരകും
അടുത്ത ചുങ്കവും നീർ മുതലായി കൊടുത്തു വാണിയരെയും ഐങ്ക
മ്മാളരെയും അടിമയാക്കി എല്പിക്കയും ചെയ്തു. ഈ ചെപ്പെടു പന്നി
യൂർ ഈ രണ്ടു ബ്രാഹ്മണ കൂറും തെക്ക വെണാട്ടും ഓടുനാടും വടക്കു
എറനാടും വള്ളവനാടും ഇങ്ങനെ 4 സ്വരൂപവും അറികെ കൊടുത്തി
രിക്കുന്നതു.

ഈ അവസ്ഥ നൊക്കുമ്പൊൾ കെരളത്തിലെ ബ്രാഹ്മണരും
രാജാക്കന്മാരും കച്ചവടലാഭങ്ങളെ വിചാരിച്ചു സുറിയാണികളെ വ
ളരെ ബഹുമാനിച്ചു അവരുടെ തലവനായ രവി കെൎത്തന്നു രാജത്വവും
ദെശാനുഭവവും പരദെശവ്യാപാരികളിൽ ശ്രെഷ്ഠതയും സമ്മതിച്ചു
കൊടുത്തിരിക്കുന്നു എന്നുള്ളതിന്നു സംശയം ഇല്ല. ലൌകികഭാഗ്യം
കൊണ്ടു യെശുവിന്റെ കുരിശിന്നു മഹത്വം എറിവന്നു എന്നു ആൎക്കും
പറഞ്ഞുകൂടാ. നസ്രാണികളുടെ തലവൻ ചെരമാന്നാട്ടിൽ പെരുഞ്ചെ
ട്ടിയായി വന്നതിനാൽ അജ്ഞാനത്തെ ഉറപ്പിക്കുന്ന രാജാക്കന്മാരൊ
ടും കപടംകൊണ്ടുപജീവനം കഴിക്കുന്ന ബ്രാഹ്മണരൊടും വിവാദം
അരുതാതെ പൊയി അവരെ രസിപ്പിക്കെണ്ടി വന്നു. അതുകൊണ്ടു
നാനാജാതിക്കാരെ ക്രിസ്തൻ എന്ന ഒരു രാജാവിന്ന അധീനരാകു
വാൻ വിളിച്ചു ചെൎക്കെണ്ടതിന്നും യെശു മെടിച്ച എല്ലാ ആത്മാക്ക
ളെയും ഭെദം കൂടാതെ നൊക്കി നടന്നു സെവിക്കെണ്ടതിന്നും ധൈര്യം
ഇല്ലാതെ പൊയി. സകലവും വിറ്റു വിലയെറിയ ഒരു മൂത്തിനെ
മാത്രം അന്വെഷിക്കുന്ന കച്ചവടക്കാരനൊടുള്ള സാദൃശ്യം ഇതിൽ കാ
ണ്മാനില്ല. നസ്രാണികൾക്ക നായന്മാരൊട സമഭാവം വന്നതിനാൽ
രാജസെവയും ലൊകരുടെ മമതയും ആയുധാഭ്യാസവും കല്യാണങ്ങൾ
മുതലായതിൽ പ്രപഞ്ച മഹത്വവും വെണ്ടി വന്നു. ലൊകസ്നെഹം
ദെവവിരൊധം എന്നും ധനവാന്മാൎക്ക സ്വൎഗ്ഗരാജ്യം പൂകുവാൻ മഹാ
വിഷമം എന്നും ദെവാത്മാവ നുറുങ്ങിയ ഹൃദയങ്ങളിലത്രെ പാൎക്കുന്നു
എന്നും മറ്റും വെദത്തിന്റെ സാരാർത്ഥം അന്നു തുടങ്ങി മറന്നു പൊ
യതെ ഉള്ളു.

നമ്മുടെ കർത്താവും ശിഷ്യരും സംസാരിച്ച സുറിയാണി വാ
ക്കു ശ്രെഷ്ഠമാകയാൽ ഇതത്രെ പള്ളിക്ക കൊള്ളാം എന്ന കനായക്കാ
രൻ നസ്രാണികളൊട ബൊധിപ്പിച്ചതിനാൽ മലയായ്മയിൽ ക്രി
സ്ത രഹസ്യങ്ങളെ പറവാനും കേൾപാനും ഇട വന്നില്ല. കൎത്തനാർ [ 416 ] ആകുന്ന മൂപ്പന്മാർക്ക വെദവും ശെഷിച്ചവർക്ക കണക്കും രാമായണം
മുതലായ കാവ്യവും വശമായാൽ മതി എന്ന ഞായം ഉണ്ടായി.

നായന്മാർക്കൊത്ത അഭിമാനം കൂട വൎദ്ധിച്ചതിനാൽ ജാതിഭെ
ദം സംഭവിച്ചു ക്രിസ്ത ശരീരത്തിന്നു അംഗഛിദ്രവും ജീവഹാനി
യും വന്നു പോയി. അത എങ്ങിനെ എന്നാൽ കനായക്കാരൻ രണ്ടു
ഭാര്യമാരെ കെട്ടി. അതിൽ ഒരുത്തി ശൂദ്രസ്ത്രീ, മറ്റെയവൾ പുലയി.
ഇവരുടെ മക്കൾ തമ്മിൽ ഇടഞ്ഞു ശൂദ്രവംശക്കാർ തെക്കു പാൎത്തു കയ
റിയവരായി എന്നും പുലയി സന്തതി വടക്കു കുടി ഇരുന്നു താണതു
എന്നും നസ്രാണികൾ പറയുന്നു. ഇതു കാവ്യരുടെ ഉല്പത്തി കഥകൾക്ക
അടുത്ത വാക്കാക കൊണ്ടു വിശ്വസിപ്പാൻ പാടില്ല. നസ്രാണിക
ളിൽ വടക്കെ ഭാഗക്കാർക്കും തെക്കുൎക്കും തമ്മിൽ കൊള്ളകൊടുക്ക
അററുപോയി എന്നതു സത്യം . ചിലർ നാട്ടുകാരുടെ സ്ത്രീകളെ എടുക്ക
കൊണ്ടും മണിഗ്രാമം എന്ന ശ്രെഷ്ഠവംശത്തൊട ചെർച്ചവെണം
എന്നു മൊഹം ഉണ്ടാക കൊണ്ടും കുലജനനം പ്രധാനമായി വന്നു. ദെ
വാത്മാവിനാൽ പിറക്കുന്ന പുതുജന്മമഹത്വം ആൎക്കും അറിഞ്ഞു കൂടാ
തെ ആകയും ചെയ്തു. കൊല്ലം ഒന്നു (ക്രി. 825) ശബൊർ, അബ്രൊസ്സ
ഇങ്ങിനെ രണ്ടു മൂപ്പന്മാരും തവരിശു എന്ന കച്ചവടക്കാരന്റെ കൂട
വന്നു എന്നു നസ്രാണികൾ ചൊല്ലന്ന പാരമ്പര്യം. ഇവർ അന്നു നെ
സ്തൊര്യ സഭകൾക്ക അച്ചനായി വാഴുന്ന തിമൊതയൻ (ക്രി 770—
820) പല ദിക്കിലും സുവിശെഷം അറിയിപ്പാൻ അയച്ചവരുടെ കൂട്ട
ത്തിൽ ഉള്ളവരായിരിക്കും . ഇതിന്നും കാലനിർണ്ണയം ഇല്ല. അവർ
വന്ന സമയം ചിലർ മെൽപറഞ്ഞ കൊല്ലത്തിൽ 100 സംവത്സരം
ചെർത്തു പറയുന്നു. ഇരുവരും വന്നിറങ്ങി കൊല്ലത്തു രാജാവിനെ
കണ്ടു അവന്റെ സമ്മതം വരുത്തി ആകുന്നെടത്തൊളം വിശ്വാസി
കൾക്ക ഉറപ്പു വരുത്തി പള്ളികളെ എടുപ്പിച്ചു. ഉദയമ്പെരൂർ മുതലായ
നാടുകളിൽ നായന്മാരെ മറ്റും സഭയിൽ ചെർത്തു കൊള്ളുകയും ചെ
യ്തു. വെണാട്ടിൽ ഒക്കയും സത്യവെദം അറിയിപ്പാനും മനസ്സുള്ളവരെ
സ്നാനം ചെയ്യിപ്പാനും അവർക്ക രാജകല്പനയായ പ്രകാരം പറയുന്നു.
അവർ മരിച്ചു പൊയതിന്റെ ശെഷം ചെയ്ത ഉപകാരങ്ങൾ മറക്കാ
തെ ഇരിപ്പാൻ പള്ളികൾക്ക ഇരുവരുടെ നാമവും ഇട്ടു. അവർക്ക ദ്രവ്യ
ബഹുമാനങ്ങളെ കല്പിച്ചിരിക്കുന്നു എങ്കിലും ശെഷമുള്ളവർ അവരുടെ
വിശ്വാസത്തെയും സ്നെഹത്തെയും പിന്തുടൎന്ന പ്രകാരം ഒന്നും കെൾ
പാറില്ല. അവരൊട കൂട വന്ന തവരിശു (സപീരീശൊ) വിന്റെ
പെർ ഒരു ചെപ്പെട്ടിൽ കാൺക കൊണ്ടു ആ എഴുത്തിന്റെ വിവരം
പറയുന്നു. അതാവിതു:

ഗൊസ്ഥാണു രവിഗുപ്തൻ എന്ന പെരുമാൾ മറുതല ജയിച്ചു വാ
ഴുന്ന—ആണ്ടിൽ വെണാട്ടു വാഴുന്ന അയ്യനടികളും മെല്പടി പെരു
മാളുടെ കൊയിലധികാരിയും ഇരുന്നരുളി പുന്നത്തല, പൂളക്കുടി ഈ
രണ്ടു അയൽപതിയും മറ്റും ഉൾ പടവെച്ച കുരക്കെണി കൊല്ലത്തു
ഈശൊ ദാനവിരായി ചെയ്യിച്ച തരിസാപ്പള്ളിക്ക കൊടുത്ത അട്ടി [ 417 ] പെറാവതുനഗരത്തിന്റെ ഉടയക്കാരൻ മരുവാൻ സപീരീശോ കടൽ
പുറത്ത ഒരു ദെശവും നാങ്കുടി ഈഴവർ, ഈഴഭാസർ എണ്മരുമായി ഒരു
കൂടി തച്ചർ, നാങ്കുടി വെള്ളാളർ, ഒരു കുടി വണ്ണാർ മറ്റും അതിൽ
പാൎക്കുന്ന കുടിയാന്മാരെയും തരിസ്സാപ്പള്ളിക്ക കൊടുത്തിരിക്കുന്നു.
ഭൂമിയുടെ അതിർ കിഴക്ക വയൽകാടും കായിലും ഉൾപട തെങ്കിഴ
ക്ക ചിറുവാതിൽക്കാൽ മതിലും പടിഞ്ഞാറു കടലും വടക്കു തൊരണ
ത്തൊട്ടവും വടക്കിഴക്കു പുന്നത്തല അണ്ടിലൻ തൊട്ടവും ഇന്നാലതി
രിൽ അകപ്പെട്ട ഭൂമിയുടെ അനുഭവവും എപ്പെർപ്പെട്ട ഇറയും ആന
മെൽനീർ മുതലായ 72 ജന്മിഭൊഗങ്ങളൊടും കൂട പള്ളിയാൎക്ക കൊ
ടുത്തിരിക്കുന്നു. യഹൂദവാഴി അഞ്ചുവണ്ണവും നസ്രാണിവാഴി മണി
ഗ്രാമവും ഇരുവരും കാരാളരുടെ സ്ഥാനത്തിലായി ഭൂമിയെയും കുടി
കളെയും രക്ഷിക്കെണ്ടു. ഇവൎക്ക അന്യായം ഉണ്ടായിൽ കൊയില്ക്ക
കൊടുക്കുന്ന പാതാരം തടുത്തു തങ്ങൾ തന്നെ അന്യായം തീൎക്കെണം.
തങ്ങൾ ചെയും പിഴ ഉണ്ടാകിൽ തങ്ങളെ കൊണ്ടെ ആരാഞ്ഞു കൊ
ള്ളെണം . ഈഴവർ മുതലായവർ പിഴ ചെയ്കിലും പള്ളിയാർ ത
ന്നെ ആരാഞ്ഞുകൊള്ളണം. പള്ളിയാർ കുടിയാന്മാരെ ദെശാചാര
പ്രകാരം ശിക്ഷിച്ചു തലവില, മുലവില മുതലായ പിഴ അഴിവും
വാങ്ങിക്കൊളെള്ളണം എന്നും അവൎക്കു സമ്മതിച്ചു കൊടുത്തിരിക്കുന്നു.

നസ്രാണികൾ അപ്പൊൾ നാട്ടാചാരത്തിന്നു നീക്കം വരുത്തു
വാനും കള്ള ദെവകളെ മുടിച്ചു മെശിഹയെ മാത്രം ഉയൎത്തുവാനും ഒട്ടും
മനസ്സില്ലാഞ്ഞു സത്യവെദത്തിന്നും ബ്രാഹ്മണവ്യാജത്തിന്നും അ
ന്യൊന്യം പൊരില്ലാതെ ആക്കി വെച്ചു. യഹൂദരൊടും ബ്രാഹ്മണ
രൊടും ഐക്യം പ്രാപിച്ചു എല്ലാവരും ഒരുപൊലെ ലൊകസൌഖ്യ
ത്തിന്നായി പ്രയത്നം കഴിച്ചു വസിക്കയും ചെയ്തു.

9

ഇപ്രകാരം യഹൂദരും നസ്രാണികളും വൎദ്ധിച്ചു. പെരുമാക്ക
ന്മാരുടെ കാലത്തിൽ ഐശ്വര്യവും വളരെ ഉണ്ടായി. അവരുടെ കച്ച
വടം കെരളം, ദ്രാവിഡം, കൎണ്ണാടകം തുടങ്ങി നിർമ്മദ പുഴയൊളം ഉള്ള
ദക്ഷിണ ഖണ്ഡത്തിലും പടിഞ്ഞാറെ കടലിലും മാത്രം അല്ല മഹാ
ചീനം മുതലായ കിഴക്കെ ദ്വീപുകളിലും പരന്നു. നെസ്തൊര്യ സുവി
ശെഷകർ ചീന രാജ്യത്തിൽ വന്നു (636 ക്രി). കൊയ്മയുടെ അനു
വാദത്തൊടുകൂട സുവിശെഷം അറിയിച്ചു. അനെകം സഭകളെ ചെ
ൎത്തു പാൎത്തശെഷം ക്യൻസും മഹാരാജാവിന്റെ വാഴ്ചയിൽ (780—
805 ക്രി) ഉശു എന്ന ഒരു ഉപദെഷ്ടാവ മലയാളത്തിൽ നിന്നു വന്നു
വെദം ഉണൎത്തിച്ചപ്പൊൾ മഹാരാജാവ അവനെ വളരെ ബഹുമാനി
ച്ചു മന്ത്രി ആക്കുകയും ചെയ്തു. നസ്രാണികൾ ചീനത്തു പൊകുന്നതു
മല്ലാതെ അവിടെ വെച്ച മെത്രാനായ ദാവീദ (ഏകദെശം 800 ക്രി)
മെൽ പറഞ്ഞ തിമൊതയൻ അച്ചന്റെ അനുജ്ഞയൊടും കൂട തൊമാ [ 418 ] മുതലായ പട്ടക്കാരെ ഈ മലനാട്ടിലെക്കും അയച്ചിരിക്കുന്നു. ചീന
ക്കാരുടെ കപ്പൽ പണ്ടെ മലങ്കരയിൽ കൊല്ലം തുടങ്ങി എഴിമലയോ
ളം അണഞ്ഞപ്രകാരം പല യാത്രക്കാർ അറിയിച്ചിരിക്കുന്നു.
പരദെശത്തിൽ നിന്നു വന്ന കച്ചവടക്കാരുടെ പെർ കെരള ഉല്പ
ത്തിയിൽ പറയുന്ന ദിക്കിൽ ചീനർ എന്ന നാമവും ഉണ്ടു.
ഇങ്ങിനെ കൊല്ലം, കൊടുങ്ങല്ലൂർ, വളർഭട്ടണത്തു കണ്ണനൂർ മു
തലായ നഗരങ്ങളിലും വസിച്ചു പെരുഞ്ചെട്ടികളായി വർദ്ധിക്കയും
ചെയ്തു. വിശെഷിച്ച കൊടുങ്ങല്ലൂരിൽ തിരുവഞ്ചിക്കുളത്ത അഴിമുഖം
കെരളത്തിൽ ഉണ്ടായ 18 അഴിമുഖങ്ങളിൽ അപ്പൊൾ മുഖ്യമായതു
കൊണ്ടു വളരെ കപ്പൽ അവിടെ വന്നു പൊകുവാറുണ്ടു. ചൊനകരും
മിസ്ര മുതലായ രാജ്യങ്ങളെ അടക്കി ജയിച്ചതിന്റെ ശെഷം കപ്പ
ലൊട്ടം ചെയ്തു തുടങ്ങുമ്പൊൾ കൊടുങ്ങല്ലൂരിലും മറ്റും വന്നിറങ്ങി ഒ
ടുക്കത്തെ പെരുമാളെ കണ്ടു മുഹമ്മത്തിന്റെ വചനങ്ങളെ പറഞ്ഞു അ
റവിക്കാരുടെ ദിഗ്ജയം അറിയിച്ചതിനാൽ ബൌദ്ധമാർഗ്ഗം വിശ്വ
സിപ്പിച്ചു മക്കത്തിന്നു എഴുന്നള്ളിക്കയും ചെയ്ത എന്നു കൊഴിക്കൊ
ട്ടു ബൌദ്ധന്മാർ പറയുന്നു. മുസല്മാനരിൽ ചരിത്രശാസ്ത്രികളായ
വർ അങ്ങിനെ അല്ല, വസിപ്പാൻ അത്രെ കെരളരാജാക്കന്മാർ ഈ
വന്നവൎക്ക അനുവാദം കൊടുത്തിരിക്കുന്നു എന്ന എഴുതി ഇരിക്കുന്നു.
ആ വിവരം സത്യം എന്നു പ്രമാണിപ്പാൻ സാക്ഷി നിശ്ചയം പൊ
രാ. കാലത്തിന്നും തർക്കം നന്നെ ഉണ്ടു. ചൊനകർ വന്ന വർദ്ധിച്ചു
യഹൂദരൊടും നസ്രാണികളൊടും വൈരം ഭാവിച്ചു നടന്നു എന്നതു നി
ശ്ചയം.

ആയതു എങ്ങിനെ എങ്കിലും ആകട്ടെ. ക്രി. 1000 കൊല്ലം
200 കഴിഞ്ഞു ശെഷം പെരുമാക്കന്മാരുടെ വാഴ്ച ഒടുങ്ങി. ഈ തെക്കെ
രാജ്യങ്ങൾക്ക ഒക്കയും വളരെ കാലം ഇളക്കവും കലക്കവും പറ്റുകയും
ചെയ്തു. കൎണ്ണാടകത്തിങ്കൽ വാണ ചാളുക്യർ കൊങ്കണകെരള രാജ്യ
ങ്ങളെയും ചിലപ്പൊൾ ജയിച്ചതും അല്ലാതെ അവരുടെ അധികാരം
(1190 ക്രി.) താണു പൊയ ശെഷം മയിസൂരിലെ ബെള്ളാള രാജാ
ക്കന്മാർ കൎണ്ണാടകത്തിന്റെ തെക്കെ ഖണ്ഡം വശത്താക്കി തുളുനാടട
ക്കി ചൊഴപ്പെരുമാക്കന്മാരൊട ഇണങ്ങിയപ്പൊൾ ചൊഴനൊട എ
തിർക്കുന്ന പാണ്ഡി കെരളപെരുമാക്കന്മാരെ പിഴുക്കി ഇരിക്കുന്നു എ
ന്നു തൊന്നുന്നു. അവരിൽ വിരബെള്ളാളൻ എന്ന രാജാവ (1192—
1212) തെക്കെ നാട്ടിലെ കപ്പലുകളെ തകർത്തു എന്നും അവന്റെ മ
കൻ നരസിംഹൻ ഇടിപ്പിണരായി പാണ്ഡി മലയത്തിൽ വീണു മ
കരരായരുടെ രാജ്യം മുടിച്ചു ചൊഴനെ ഉറപ്പിച്ചിരിക്കുന്നു എന്നും ശി
ലാശാസനത്തിൽ ഉണ്ടു. അതിന്റെ വിവരം സ്പഷ്ടമായറിവാൻ പാ
ടില്ല. എങ്കിലും പാണ്ടിയിലും കെരളത്തിലും കൊയ്മ മുടിഞ്ഞു പൊ
യതു എകദെശം ഒരു കാലത്തിലും ഒരു കാരണത്താൽ തന്നെ സംഭ
വിച്ചു എന്നു തൊന്നുന്നു. എകദെശം 1300 ക്രി. ബെള്ളാളരുടെ അധി
കാരം കുറഞ്ഞുപൊയി. അവർ കെരളത്തിലെക്ക അയച്ചൊരു സൈ [ 419 ] ന്യവും തൊറ്റു മുടിഞ്ഞു എന്നു വന്നാറെ തുംഗഭദ്രാതീരത്തിൽ ആനഗു
ന്തിരായമ്മാർ വർദ്ധിച്ചു വടക്ക പട്ടാണി മുകിളരെ തടുത്തു നിന്നതും
അല്ലാതെ ചുരത്തിന്നു കിഴക്കും പടിഞ്ഞാറും കീഴിൽ താണപ്രദെശ
ങ്ങളിലും ഇറങ്ങി അതത ദെശങ്ങളെ യഥെഷ്ടം അടക്കി ചിലകാലം
നടത്തിക്കയും ചെയ്തു.

ആകയാൽ കെരളത്തിൽ മുമ്പിൽ ഉണ്ടായ രാജ്യക്രമത്തിന്നു
എങ്ങും ഇളക്കം വന്നു പൊയി. ഒരൊ നാടുവാഴികൾ കൊയ്മ എന്നു
ചൊല്ലി പലപ്രകാരവും തങ്ങളിൽ ഇടഞ്ഞു തുടങ്ങിയപ്പൊൾ ശക്ത
ന്മാരായ തമ്പ്രാക്കന്മാർ മുന്നം കൊയ്മയെ മാത്രം അനുസരിച്ച നായ
കർ, നമ്പിമാർ, തലവർ മുതലായ ചെറുപ്രഭുക്കന്മാരെ സ്വാധീനം ആ
ക്കി ചെൎക്കയും ചെയ്തു. അപ്രകാരം വടക്ക കൊലത്തിരിയും എറനാ
ട്ടുതാമൂതിരിയും തെക്ക പെരുമാളുടെ അവകാശിയായ പെരിമ്പടപ്പും
തിരുവിതാങ്കൊട്ടു വെണാടും ഇങ്ങിനെ 4 സ്വരൂപങ്ങളും ഉയർന്നു
ഒരൊരൊ പ്രഭുക്കന്മാരെയും ചെൎത്തും മുടിച്ചും വർദ്ധിച്ചു കൊണ്ടിരു
ന്നു. ആയതുകൊണ്ടു അഞ്ചുവണ്ണം, മണിഗ്രാമം എന്ന രണ്ടു വാഴ്ചയും
ഒടുങ്ങി ഓരൊരൊ നാട്ടിലുള്ള യഹൂദന്മാരും നസ്രാണികളും പെരി
മ്പടപ്പു, ഉദയമ്പെരൂർ, വെണാടു, പുറകാടു മുതലായ തമ്പ്രാക്കന്മാ
രെ ആശ്രയിച്ചു നടക്കെണ്ടി വന്നു. ജാതി തലവന്മാൎക്ക താന്താൻ
പാർക്കുന്ന നാട്ടിൽ അത്രെ മെന്മ ഉള്ളു. അന്യരാജ്യത്തിൽ പാർക്കു
ന്ന സ്വജാതിക്കാരെ നടത്തുവാനും ന്യായം വിസ്തരിപ്പാനും അധി
കാരം അവസാനിച്ചു പൊയി.

11

അറവിക്കാർ വന്നു കൂടി ഇരുന്നതിനാലും നസ്രാണികളുടെ
കച്ചവടത്തിന്നും ഏറ്റവും താഴ്ച വന്നു. അതെപ്രകാരം എന്നാൽ-താ
മൂതിരിക്ക അല്പ ദെശമാകകൊണ്ടു പെരുമാളുടെ വാളും ചത്തും കൊന്നും
അടക്കികൊൾക എന്ന അനുഗ്രഹവും എന്റെ പക്കൽ ഉണ്ടല്ലൊ
എന്നു കല്പിച്ചു ചതിച്ചു പൊലനാടടക്കിയപ്പൊൾ കെരളത്തിലെ ക
ച്ചവടലാഭങ്ങൾ കൊടുങ്ങല്ലൂരിൽ അല്ല തനിക്ക വൎദ്ധിക്കെണം എന്നു
വെച്ചു അനെകം ചൊനകരെ വരുത്തി പല സ്ഥാനമാനങ്ങളെയും
കൊടുത്തു പാർപ്പിച്ചു കൊഴിക്കൊട്ടുപട്ടണം ഉണ്ടാക്കിച്ചു (എകദെശം
1800-കൊല്ലം 575). കൊഴിക്കൊട്ടു കൊശകൊണ്ടു വ്യാപാരം ചെ
യ്യിച്ചു. ദ്രവ്യം വളരെ ഉണ്ടായപ്പൊൾ കപ്പൽ വഴിയായി പൊയി
യുദ്ധം ചെയ്തു വള്ളുവനാടും പിടിച്ചു പൊന്നാനി നഗരം തീൎത്തു
മാപ്പിളമാരിൽ എല്പിച്ചു. പെരിമ്പടപ്പതിരൊളം ആക്രമിച്ചതിന്റെ
ശെഷം രണ്ടു സ്വരൂപക്കാരിലും അടങ്ങാത്ത വൈരം ഉണ്ടായി വന്നു.
ചൊനകരും നസ്രാണികളും രണ്ടു പക്ഷമായി നിന്നു കച്ചവടത്തിന്റെ
ആധിക്യം വരെണം എന്ന വിരുതു ഭാവിച്ചു അന്യൊന്യം പൊരുതു
കയും ചെയ്തു. അപ്പൊൾ വില്ലാളികളായ നസ്രാണികൾ 5000 പെർ [ 420 ] പാല്യത്തച്ചന്റെ കല്പനയാൽ പെരിമ്പടപ്പിൽ ചെകവരായി യുദ്ധം
ചെയ്ത എന്നു കെട്ടിരിക്കുന്നു. ഒരു മഴക്കാലത്തിൽ കൊടുങ്ങല്ലൂർ അഴി
മുഖം പൂഴി വന്നു മൂടി പ്രവെശത്തിന്നു പാടില്ലാതെ വരികകൊണ്ടും
അറവി, മിസ്ര മുതലായ രാജ്യക്കാൎക്ക് ചൊനകരുമായി ചെൎച്ച ഉണ്ടാ
കകൊണ്ടും ചൊനകർ കിഴക്ക ദ്വീപുകളിൽ പൊയി ഇസ്ലാം മാൎഗ്ഗം
നടത്തിക്ക കൊണ്ടും ചീനം തുടങ്ങി ആപ്രികയൊളം നടക്കുന്ന ക
ച്ചവടത്തിന്നു ഒക്കെക്കും കൊഴിക്കൊട്ടു നഗരം പ്രധാനമായി വന്നു.
നഗരത്തിൽ കുടി ഇരിപ്പാൻ താമൂതിരി നസ്രാണികളൊട സമ്മ
തിച്ചതും ഇല്ല.

12

അന്നു മുതൽ നസ്രാണികൾക്ക കപ്പൽ ഒട്ടും ഇല്ലാതെ വന്നു ക
ച്ചവടവും ക്ഷയിച്ചു. കരവഴിയായി പരദെശത്തു ചെന്നു പല ചന്ത
കളിലും നഗരങ്ങളിലും ചരക്കുകളെ ക്രയവിക്രയങ്ങളെ ചെയ്തു വ
രുവാനും മുസല്മാന്മാരും രായരുമായി ഉണ്ടായ യുദ്ധങ്ങൾ നിമിത്തം
മുടക്കം വന്നു. ആയതുകൊണ്ടു നസ്രാണികൾ മിക്കവാറും കൃഷി മുത
ലായ തൊഴിലുകൾ എടുത്തു തുടങ്ങി. പണ്ടുള്ള മഹത്വവും അറിവും
അഞ്ചുവണ്ണം, മണിഗ്രാമം എന്നുള്ള പെരും മറന്നു അതതു പ്രഭുക്ക
ന്മാരെ അനുസരിച്ചു ദിവസം കഴിച്ചു. ഇപ്രകാരം അഞ്ഞുറു അറുനൂറു
സംവത്സരങ്ങളിൽ ഉണ്ടായ വൎത്തമാനങ്ങളും സുറിയാണികൾ അറി
യുന്നില്ല. 7 മെത്രാന്മാർ വന്നു എന്നു മാത്രം പറഞ്ഞു കെൾക്കുന്നു.
അവരുടെ അവസ്ഥ ഒന്നും അറിയായ്കയാൽ പെർ മാത്രം എഴുതുന്നു.

ക്രി. 905 (കൊല്ലം 80) മാർ ദഹനാ
, , 988 (കൊല്ലം 163) യൊഹനാൻ മെത്രാപൊലിത്ത
, , 1056 (, , 231) തൊമാ മെത്രാൻ
, , 1122 (, , 297) യാക്കൊബ
, , 1221 (, , 396) യൊസെഫ
, , 1285 (, , 460) ദാവീദ മെത്രാപൊലിത്ത
, , 1407 (, , 582) യാപാലൊഹാ

നസ്രാണികൾ ക്രിസ്തങ്കലെ വിശ്വാസം വളരാതെ ജാതിമര്യാ
ദകളെയും വീട്ടുലക്ഷണം, ശകുനം, ഒടി, ആഭിചാരം മുതലായ വി
ദ്യകളെയും അഭ്യസിച്ചു അജ്ഞാനികൾ എന്ന പൊലെ (ശ്രാദ്ധം)
ചാത്തം ആചരിച്ചു നെയ്യിൽ വിരൽ മുക്കുക, മുതലപ്പുഴ നീന്തി കട
ക്ക, മഴു ചുട്ടെടുക്ക, ഓണദിവസം പടകളിക്ക, അങ്കം കുറെച്ചു മരിക്ക
ഇങ്ങിനെ ഉള്ള ആചാരങ്ങളെയും ആശ്രയിച്ചു നാട്ടുകാരൊടിണങ്ങി
നടന്നു വന്നു എന്നു പറങ്കികൾ മലയാളത്തിൽ വന്നു പാർത്തതി
ന്റെ ശെഷം എഴുതിവെച്ച ചരിത്രപുസ്തകങ്ങളെ കൊണ്ടറിയാം . ആ
പറങ്കികൾ വന്നു നസ്രാണികൾക്ക ദൈവം കല്പിച്ച ശിക്ഷയെ
നടത്തിയ പ്രകാരം രണ്ടാം ഖണ്ഡത്തിൽ എഴുതും.