Jump to content

കവിപുഷ്പമാല

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(Kavipushpamaala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കവിപുഷ്പമാല

രചന:വെണ്മണി മഹൻ
ആധുനികമലയാളഭാഷയുടെ വളർച്ചയിൽ ഗണ്യമായ സ്വാധീനം ചെലുത്താൻ കഴിയുമാറു് അതിമനോഹരമായ ഒരു കാവ്യാന്തര ശൈലി രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞുവെന്നതാണു് വെണ്മണിമാരുടെ ഏറ്റവും വലിയ നേട്ടം. സാമുദായിക ഭാഷാ ശൈലികളുടെ ധാരാളിത്തം നിറഞ്ഞു നിൽക്കുന്ന ഈ കാവ്യ പ്രസ്ഥാനത്തിന്റെ കാലഘട്ടത്തിലാണു മലയാളകവിത അന്തഃപുരത്തിൽ നിന്നിറങ്ങി ശുദ്ധവായു ശ്വസിച്ചതു്. വിഷയസ്വീകരണത്തിൽ വിപ്ലവകരമായ പരിവർത്തനങ്ങൾ വരുത്തുന്നതിലും സർവ്വോപരി അയത്നലളിതമായ കാവ്യശൈലിക്കു രൂപം നൽകുന്നതിലും വെണ്മണി പ്രസ്ഥാനത്തിന്റെ അസ്തിവാരമുറപ്പിക്കാൻ സ്വന്തം പിതാവിനോടൊപ്പം അക്ഷീണം യത്നിച്ച കവിതയാണു് വെണ്മണി മഹൻ.അദ്ദേഹമെഴുതിയ 'കവിപുഷ്പമാല' എന്ന ഈ കൃതി മലയാള സാഹിത്യത്തിൽ ഒരു നവീന പ്രസ്ഥാനത്തിനു തന്നെ മാർഗ്ഗരേഖയൊരുക്കി.
[ 2 ]
കവിപുഷ്പമാല


ലക്ഷ്യം കൂടാതെ ലങ്കാനഗരമതു തക-
 ർത്തക്ഷമം രൂക്ഷനാകും
രക്ഷോജാലാധിപത്യം തടവിന ദശക-
 ണ്ഠന്റെ കണ്ഠം മുറിപ്പാൻ
ലക്ഷ്യം വെച്ചങ്ങു ചീറി ദ്രുതമണയുമൊര-
 ത്യുഗ്രമാം രാമബാണം
രക്ഷിച്ചീടട്ടെ നിത്യം കലിമലമകലെ-
 പ്പോക്കി നന്നാക്കി നമ്മേ.[1]       1

ഇട്ടീരിമൂസ്സിനുടെ കയ്യിലയച്ച പദ്യം
കിട്ടീ വിധങ്ങൾ വിവരിച്ചു മനസ്സിലായി
ഞെട്ടീല തെല്ലമിതുകൊണ്ടഹമിന്നതല്ല
പൊട്ടീ നമുക്കു പരിചിൽ പരിഹാസഹാസം.       2

എനിക്കഹോ ദീനമതാണതിന്നാൽ
നിനയ്ക്കിലിപ്പോൾ സുഖമില്ല തെല്ലും
മനസ്സു മങ്ങുന്നു മദീയവൃത്തം
മനസ്സിലാവാതെ മറക്കയോ നീ?       3

ദണ്ഡമകന്നതിമാത്രം
ഖണ്ഡിച്ചങ്ങോട്ടിതിന്നു മറുപത്രം
തിണ്ണമയയ്ക്കാതിന്നെൻ
ദണ്ഡംകൊണ്ടിട്ടുഴന്നു കഴിയുന്നേൻ.       4

[ 3 ]


ദീനം പിടിചു ദിവസപ്രതിയുള്ള ബുദ്ധി-
ക്കൂനംഭവിച്ചു മരുവീടുമൊരെന്നൊടിപ്പോൾ
മാനം നടിചു തവ വാക്കുകൾ നന്നു നന്നു
ഞാനെന്തുവെച്ചു കുറയാതുരിയാടിടുന്നു?       5

വാച്ചിടൂം പ്രാണദുർവ്വേദന ബഹുകഠിനം
 ചുണ്ടെലിക്കങ്ങു കണ്ടൻ-
പൂച്ചയ്ക്കുത്സാഹമുൾക്കൊണ്ടിളകിന വിളയാ-
 ട്ടങ്ങളിന്നെന്നപോലെ
തീർച്ചയ്ക്കിക്കാര്യമോതാമധികതരമെനി-
 ക്കഗ്നിമാന്ദ്യാദി ദീനം.
മൂർച്ഛിച്ചയ്യോ! കുഴങ്ങുന്നിതുപൊഴുതു നിന-
 ക്കുദ്യമം ഹൃദ്യമത്രേ.[2]       6

ശശാങ്കശോഭയ്ക്കെതിർകീർത്തിയുള്ള-
തശങ്കമയ്യോ! കളയുന്നതിന്നോ
ഭ്രശം സഹിക്കാവരുതാത്തൊരാത്മ-
പ്രശംസ നീ കൊണ്ടുപിടിച്ചിടുന്നു.       7

പത്മാലയയ്ക്കു പരിതാപമണച്ചിടുന്ന
പത്മാക്ഷിമാർകളൊടൊഴിഞ്ഞു മനുഷ്യരാരും
ആത്മപ്രശംസ പതിവില്ലറിയേണമിന്നെ-
ന്നാത്മപ്രമാണസുമതേ! മതി തേ വലിപ്പം.       8

ധവളമണിധരിത്രീ ദേവനാമെന്നൊടേറ്റം
ധവളതരയശസ്സും ധാടിയും തേടിയും നീ
അവികലകുതുകംപൂണ്ടേല്ക്കയാൽ മാനമുണ്ടോ
തവ കളികളിതെല്ലാമൊക്കുമോ നിൽക്കമോ ഞാൻ       9

അമരാടുകിലച്യുതാഖ്യ! സാക്ഷാ-
ലമരാധീശസമാനമാനിയാം നീ

[ 4 ]

അമരാ ദൃഢമെന്നെയങ്ങു നിന്ദി-
ച്ചമരാതിട്ടിഹയൊട്ടയാട്ടിടൊല്ലേ        10

ഓരൊന്നിങ്ങോട്ടുരയ്ക്കുന്നതിനു മറൂവച-
 സ്സോതിയില്ലെങ്കിൽ നിന്നെ-
പ്പാരം നിസ്സാരനെന്നോർത്തഹമിഹ നിതരാ-
 മിന്നു നിന്ദിക്കയെന്നേ
പാരാതെ പാർത്തിടൂ നീ പരമിതിനിടയാ-
 ക്കേണ്ട വേഴ്ചയ്ക്കിതേതും
പോരാതെ വന്നുപോമെന്നൊരു വഴി കരുതി-
 ത്തെല്ലുടൻ ചൊല്ലിടുന്നെൻ.        11

ശങ്കാഹീനം ശശാങ്കാമലതരയശസാ
 കേരളോല്പന്നഭാഷാ-
വങ്കാട്ടിൽ സഞ്ചരിക്കും സിതമണിധരണീ-
 ദേവഹര്യക്ഷവര്യൻ
ഹുങ്കാരാത്തോടെതിർക്കും കവികരിനിടിലം
 തച്ചുടയ്ക്കുമ്പോൾ നിന്ദാ-
ഹുങ്കാരംപൂണ്ട നിയ്യാമൊരു കുറുനരിയെ-
 ക്കുസുമൊ കുന്നിപൊലും?[3]        12

കാത്തുള്ളിലച്യുത! കവിത്വമതോ വല്ലാ-
തിത്തുള്ളൽ വേണ്ട വഴിയില്ലവതാളമാകും
ചേർത്തുള്ളിലായതു നിനച്ചൊരു മുക്കിൽ മങ്ങി-
പ്പാർത്തുള്ള കാലമൊരുമട്ടിലിരിക്ക നല്ലൂ.        13

തുഷ്ടിയോടു മതി പുഷ്ടിയുള്ളൊരു വി-
 ശിഷ്ടരാം കവിവരിഷ്ടർ കു-
മ്പിട്ടിടും തവ പകിട്ടുകൊണ്ടു ജയ-
 മൊട്ടുമോർക്കിലിഹ കിട്ടുമോ?

[ 5 ]

നാട്ടിൽ നല്ല പുകൾനട്ട നമ്മൊടതി-
 ധൃഷ്ടനായി നിലവിട്ട നീ
കഷ്ടമെന്തിനെതിരിട്ടിടുന്നു വഴി-
 മുട്ടിടും പൊറുതി കെട്ടിടും.        14

മിഴിച്ചിങ്ങിരുന്നാൽ കണക്കല്ല പാരം
പഴിചുള്ള ദുർവ്വാഗ്വിഷം മേ ഹൃദന്തേ
ഒഴിക്കുന്നഹോ! പിന്നെയും പിന്നെയും നീ-
യൊഴിക്കുന്നമട്ടല്ലിതൊട്ടല്ല കഷ്ട്ടം.        15

നിന്ദാലേശം നിനയ്ക്കാതിതിനു മറുപടി
 ശ്ലോകമെത്തിച്ചുകണ്ടി-
ല്ലെന്നാലേതെങ്കിലും തൻ പരിഭവമെഴുതാ-
 മെന്നുവെച്ചന്നു നീതാൻ
പിന്നാലേ വിട്ട പദ്യങ്ങളുമഴകിലുടൻ
 കണ്ടു മിണ്ടാതിനിത്തെ-
ല്ലെന്നാലും പിൻവലിച്ചിങ്ങനെ മരുവുകയ-
 ല്ലെന്നു ഞാനൊന്നുറച്ചു.        16
 
രണ്ടാംവട്ടമയച്ച പദ്യതതിയിൽ
 കാണിച്ചൊരാശങ്കകൾ-
ക്കണ്ടാം സമ്പ്രതി സാധുവാകിയ സമാ-
 ധാനങ്ങൾ ധാരാളമായ്
കൊണ്ടാടിബ്ബത! മുമ്പിൽ ഞാനവ പറ-
 ഞ്ഞീടുന്നു പിന്നെ ക്രമം-
കൊണ്ടാക്ഷേപവുമുണ്ടു പുഷ്പമിളിത-
 ശ്ലോകത്തിനാകെത്തുലോം.        17

ഒട്ടും തെറ്റില്ലിതിന്നെന്നൊരു പൊഴുകിലുമി-
 ങ്ങോർത്തുമല്ലെന്റെ കൈയിൽ
കിട്ടീടാഞ്ഞിട്ടുമല്ലെന്നറിയുക പറയാം
 ശങ്കവിട്ടെൻ കവിത്വം!

[ 6 ]

കെട്ടും പൊട്ടിച്ചുമല്ലിന്നയി! തവ വിടുവി‌-
 ഡ്ഡിത്വമൊന്നങ്ങു ചിന്തി‌-
ച്ചിട്ടാണാഹന്ത! മിണ്ടാതിവിടേ മരുവിടാൻ
 ബന്ധമെൻ ബന്ധുമൗലേ!        18

ഉൽകൃഷ്ടോജ്ജൃംഭിതാഭ്രാവലി കൊടിയ കൊടും-
 കാറ്റിനാൽക്കൂട്ടിമുട്ടി -
ദ്ദിക്കെട്ടും തട്ടി വെട്ടുന്നിടികളുടനുടൻ
 കേൾക്കുകിൽ കേസരീന്ദ്രൻ
മെക്കെട്ടൂക്കോടു ചാടീട്ടലറുമൊരു കുറു-
 ക്കൻ കുരച്ചീടുകിൽച്ചെ -
ന്നക്കൂട്ടത്തിൽ കുരയിക്കില്ലവനവമതി വ -
 ന്നേക്കുമെന്നോർക്കയാലേ.        19


ഭീമശ്രീകൃഷ്ണപാർത്ഥപ്രഭൃതികളെതിരി-
 ട്ടാലുമൊട്ടും മടക്കം
ഭീമശ്രീജാഹ്നവീനന്ദനനണയുകയി-
 ല്ലേവമാണാവിശിഷ്ടൻ
ശ്രീമൽ ബാണം ശിഖണ്ഡിക്കഭിമുഖവഴിപോ-
 കില്ല നാണിച്ചുവെന്നോ-
ർത്തോമൽചാപം നിലത്തിട്ടടലതിലുടന-
 ന്നെന്തഹോ പിന്തിരിച്ചു.[4]        20

ശ്രീരാമചന്ദ്രനുടെ പാണിതലേ വിളങ്ങും
ശ്രീരാമണീയഗുണപൂരിതഘോരബാണം
പാരിച്ച പാപമകലത്തു കളഞ്ഞെനിക്കു
പാരാതെ പാവനഗുണം പരമേകിടട്ടേ.        21

കൈനാറിപ്പൂവിനോടും കളതരകനക-
 ത്താമരപ്പൂവിനോടും
സാനന്ദം ജാതിയോടും സരസപരിമളോൽ-
 ഫുല്ലമാം മുല്ലയോടും

[ 7 ]

നാനാദിക്കും നിറഞ്ഞുള്ളൊരു നവയശസാ
 വാഴുമെന്നച്ഛനെച്ചെ-
റ്റൂനംകൂടാതെ ചേർക്കാമതിലൊരു സുമമായ്
 ചേർത്തതെന്തോർത്തതില്ലേ?       22

കോട്ടംതീർന്നു ഗുണംതികഞ്ഞ രസികൻ-
 കൊച്ചുണ്ണി ഭൂപാലക-
ശ്രേഷ്ഠൻ നല്ലൊരു യോഗ്യനോ കുസുമമീ
 മുന്നോട്ടു ചേർന്നീടുവാൻ
കേട്ടാൽ ഭംഗി ചുരുക്കമല്പരസമാ-
 ദ്ധാരാളമിത്യാദികൊ-
ണ്ടാട്ടേ നൽപവിഴാഖ്യമല്ലികയതാ-
 കട്ടേ പകിട്ടെന്നിയേ.       23

കൊണ്ടൽക്കാർവേണിമാലാമണികളണിമണി-
 ക്കൂന്തലിൽച്ചന്തമോടും
കൊണ്ടാടിച്ചേർത്തു പാർത്തും പരിമൃദുപനിനീർ-
 പ്പിച്ചകത്തിൻ മഹത്വം
ഉണ്ടോ പാർത്താലെനിക്കിന്നസുലഭതരമാ-
 ണെങ്കിലും ഹന്ത! വേണ്ടെ-
ന്നുണ്ടാമോ മെച്ചമാകുന്നതിനു കൊതി നര-
 ന്മാർക്കതെല്ലാർക്കുമില്ലേ?       24

തെല്ലേറെക്കീർത്തികേട്ടീടിന കളകവിയാം-
 വായ്ക്കരെത്തെല്ലുമുള്ളിൽ
കില്ലേറാതാശു നീതാനഹഹ വടിവിനോ-
 ടിമ്പമുള്ളാമ്പലെന്നും
നല്ലോരാച്ചമ്പകപ്പൂമലർവരകവി ഞാ-
 നെന്നുമിത്യാദിയാം നിൻ-
ചൊല്ലോരോന്നോർക്കിലത്യദ്ഭുതമിതു ചിലർ കേൾ-
 ക്കില്ലയോ കല്യമൗലേ!       25

[ 8 ]

കല്യന്മാരാം കവിപ്രൗഢകമകുടതടാ-
 ശ്ലിഷ്ടുസുസ്പഷ്ടവജ്ര
ക്കല്ലാകുന്നോരു നീതാൻ വലിയൊരു കവിയാ-
 ണെങ്കിലും ശങ്കയെന്ന്യേ
ചൊല്ലേറും വായ്ക്കരെക്കാൾ പരിചിലൊരിരുപ-
 ത്തഞ്ചുകല്ലിന്നു താഴ-
ത്തല്ലോ നിൽക്കുന്നു ചാടിക്കയറുകിലധുനാ
 വീണുടൻ കേണിടും നീ       26

ഒപ്പത്തോടൊപ്പമോരോ കവികളൊടെതിരി-
 ട്ടാശു നീ കൊമ്പുകുത്തി-
ശ്ശില്പത്തോടുള്ള മാനം വിരവൊടു വെറുതേ-
 വിറ്റുതിന്നാതെകണ്ട്
ഇപ്പോൾ തോഷത്തൊടല്പം രസമൊടു വളരെ-
 പ്പൂത്തിടും പൂത്തെലിഞ്ഞി-
പ്പുഷ്പത്തോടൊത്തിരുന്നോ തരമതു വരികിൽ
 ക്കേറ്റിടാമേറ്റിടാം ഞാൻ       27

വമ്പേറും വായ്ക്കരെക്ഷ്മാസുരനരിയഭിഷ-
 ഗ്വരനാര്യന്റെ കാര്യം
ചെമ്പാണെന്നോർത്തൊരാമ്പൽക്കുസുമമൊടു സമം
 ചേർത്തതും ചിത്രമത്രേ
ആമ്പൽപ്പൂവിന്നു സാരസ്യമതൊരുവിധമാ-
 ണിന്നതിൻ തന്മയത്വം
ജൃംഭിക്കും നല്ല കൈതപ്പുതുമണിമലരായ്-
 വായ്ക്കരെച്ചേർക്കണം നീ       28

ധന്യൻ ചേന്നാസ്സുനമ്പൂതിരിയതിമതിമാൻ
 കണ്ടകക്കൈതതൻ പൂ-
വിന്നോ ചേരുന്നതുണ്ടോ സുലഭതയഴകി-
 ത്യാദിയാത്താരിനോർത്താൽ?

[ 9 ]

മാന്യശ്രീമൽ ബുധേന്ദ്രൻ കവിമണി നിഗമ-
 ക്കാതലദ്ദേഹമേറ്റം
മിന്നും നൽച്ചമ്പകത്തിൻ നറുമണിമലരായ്
 തർക്കമില്ലൊക്കുമല്ലോ       29

ചൊവ്വോടിന്നൊന്നു ചൊല്ലാം പരിമളനവസാ-
 രോല്ലസൽച്ചക്കമുല്ല-
പ്പൂവ്വോടൊപ്പിച്ചു നാരായണനടവരനെ-
 ച്ചേർത്തതും ചേർച്ചയായോ?
ഗർവ്വോടോരോന്നും ഗർജ്ജിക്കരുതു കരിമുരു-
 ക്കെന്നു ചൊല്ലും മരത്തിൽ
പൂവ്വോടൊപ്പിക്കണം സത്തവനുമിതിനുമി-
 ല്ലൊട്ടുമേ തിട്ടമത്രേ[5]       30

ഒന്നിപ്പോളോതിടുന്നേനൊരു പരിമളമി-
 ല്ലെങ്കിലും കൊന്ന കാന്ത്യാ
പൊന്നായ്പോരാടിടുന്നുണ്ടതു കണിയതിനും
 മുഖ്യമാണായതൊന്നും
നിന്നുൾപ്പൂവോർത്തിടാതീ നടുവവസുമതീ-
 ദേവനെക്കഷ്ടമെന്തീ-
ക്കൊന്നപ്പൂവാക്കുവാനിന്നവനു ഗുണമതിൽ-
 ക്കൂട്ടുവാൻ കോഴതന്നോ?       31

മൂത്തേടത്താരണൻതാൻ പരമലറി മല-
 ർക്കൊക്കുമെന്നുൾക്കുരുന്നിൽ-
പ്പാർത്തീടാനും വിശങ്കം പറവതിനുമഹോ
 ബന്ധമെന്തന്ധനോ നീ?
ഓർത്തീടിൽ സത്തിനൂനം വളരെ വളരെയു-
 ണ്ടായതിന്നായതിന്നാൽ
ചേർത്തീടാൻ വയ്യ ചേരും മലരതു മനതാർ
 കക്കുമാച്ചക്കമുല്ല.       32

[ 10 ]

തുഷ്ട്യാ തുമ്പപ്രസൂനം തുഹിനകരകലാ-
 തൂംഗമാലിക്കു ചാർത്താൻ
പുഷ്ട്യാ പൂമാലയാക്കും ചിലർ,ചിലർ നറുനൈ-
 തന്നിൽ മൂപ്പിച്ചു കൂട്ടം
ഒട്ടും നിസ്സാരമല്ലീ മലർ കവിശിശുവാം-
 മാങ്കുഴിക്കൊക്കുമോ ഹാ
കഷ്ടം ചേരുന്നതോതാം വനമതിൽ വളരും
 കൂവതൻ പൂവതത്രേ        33

ഉള്ളിൽ ഭള്ളൊട്ടുമില്ലാതമരുമൊരു ഹരി-
 ശ്ചന്ദ്രരാജവു പുത്തൻ
കള്ളിപൂവെന്നു കല്പിച്ചതു ബത ശരിയാ-
 യില്ലതിന്നില്ല സാമ്യം
ഉള്ളിൽ പറ്റിലെനിക്കായതു വടിവിലഹോ!
 വാസനാഭാവമോർത്താൽ
കള്ളപ്പിട്ടെന്നിയേ ചേർക്കണമഴകൊടു മ-
 ന്താരമാം താരൊടേറ്റം.        34

പൂജിക്കാം ചെമ്പരത്തിപ്പുതുമലരതിനു-
 ണ്ടേറ്റമാഹാത്മ്യമൊട്ടും
യോജിക്കാ നിന്റെ പക്ഷം കുതുകമൊടു കറു-
 പ്പത്തു കൊച്ചുണ്ണിമേനോൻ
രാജിക്കാൻ നന്നു കച്ചേരിയിലഥ കവനം
 പാർക്കുകിൽ കൊങ്ങിണീപ്പു-
രാജിക്കാണൊട്ടു ചേരുന്നതു മഹിമയവ-
 ന്നില്ല പൂവിന്നുമില്ല        35

വായ്കം വാണീകടാക്ഷം വരഗുണമതിയാം
 നിങ്കലുണ്ടെന്നു ഞാനൊ-
ന്നോർക്കുന്നേൻ പൂക്കളോടിക്കവികൾ ചിലരെ നീ
 ചേർത്തതിൽ ചീർത്തമോദാൽ

[ 11 ]

പായ്ക്കാടൻ ചേർന്ന പദ്യം തിരുതകൃതിയതി-
 ന്നില്ലൊരാക്ഷേപവും നീ
കേൾക്കേണം പദ്യമെന്തെങ്കിലുമിവയിൽ മഹാ-
 സത്യമായൊത്തിതല്ലോ.        36

ത്വദാക്ഷേപം ഖണ്ഡിച്ചഹമിതു വിടുന്നേനിതിനുമേൽ
സദാക്ഷേപശ്ലോകം സരസമുളവാമെങ്കിലുടനേ
മുദാ നീ വിട്ടാലും തരമൊടു സമാധാനമതിനു-
ണ്ടിദാനീമുത്സാഹക്കുറവു വെറുതേ തെല്ലുമരുതേ.        37
  
പിഴയതു പിണയാതേ പദ്യജാലങ്ങൾ പുത്തൻ
മഴയൊടു സമമേറ്റം തൂകിടും തുംഗബുദ്ധേ!
അഴകിലൊരു തലയ്ക്കൽ ജീവനുണ്ടെങ്കിലിപ്പോ-
ളെഴുതുക മറുപത്രം സത്വരം നിസ്ത്രപം നീ.        38

ഉഗ്രൻ വാഴുന്നോരുർവ്വീധരമൊരു കരതാർ-
 കൊണ്ടു മേല്പോട്ടെറിഞ്ഞോ-
രുഗ്രാടോപൻ ദശഗ്രീവനെയഥ മഥനം-
 ചെയ്തൊരാബ്ബാലിതന്റെ
സുഗ്രീവാസ്ഥാനമത്യുൽക്കടതരമലറി-
 ച്ചെന്നു ഖണ്ഡിച്ചു പിന്നെ-
സ്സുഗ്രീവൻതന്നെ വാഴിച്ചൊരു ഹരിശരമെ-
 ന്നാർത്തിയെത്തീർത്തിടട്ടെ.        39

കുറിപ്പുകൾ

[തിരുത്തുക]
  1. ഇഷ്ടദേവതാസ്തുതിയോടെ കാവ്യമാരംഭിക്കുന്ന വെണ്മണി പ്രസ്ഥാനത്തിന്റെ പ്രത്യേകത.
  2. നാടൻശൈലികളും പ്രയോഗങ്ങളും വെണ്മണിക്കവിതകളിൽ സുലഭമാണ്.
  3. കവിപുഷ്പമാലയിലെ ഏറ്റവും പ്രസിദ്ധമായ ശ്ലോകം.
  4. കാത്തുള്ളിക്കു മറുപടി എഴുതുന്നതു് ശിഖണ്ഡിയോടു യുദ്ധം ചെയ്യുന്നതിനു തുല്യമാണെന്നു സൂചന.
  5. നാരായണൻ ആരെന്നു വ്യക്തമല്ല. അമ്പാടി നാരായണപ്പൊതുവാളാകാം
"https://ml.wikisource.org/w/index.php?title=കവിപുഷ്പമാല&oldid=70257" എന്ന താളിൽനിന്ന് ശേഖരിച്ചത്