താൾ:Kavipushpamala.djvu/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കവിപുഷ്പമാല


ലക്ഷ്യം കൂടാതെ ലങ്കാനഗരമതു തക-
 ർത്തക്ഷമം രൂക്ഷനാകും
രക്ഷോജാലാധിപത്യം തടവിന ദശക-
 ണ്ഠന്റെ കണ്ഠം മുറിപ്പാൻ
ലക്ഷ്യം വെച്ചങ്ങു ചീറി ദ്രുതമണയുമൊര-
 ത്യുഗ്രമാം രാമബാണം
രക്ഷിച്ചീടട്ടെ നിത്യം കലിമലമകലെ-
 പ്പോക്കി നന്നാക്കി നമ്മേ.[1]       1

ഇട്ടീരിമൂസ്സിനുടെ കയ്യിലയച്ച പദ്യം
കിട്ടീ വിധങ്ങൾ വിവരിച്ചു മനസ്സിലായി
ഞെട്ടീല തെല്ലമിതുകൊണ്ടഹമിന്നതല്ല
പൊട്ടീ നമുക്കു പരിചിൽ പരിഹാസഹാസം.       2

എനിക്കഹോ ദീനമതാണതിന്നാൽ
നിനയ്ക്കിലിപ്പോൾ സുഖമില്ല തെല്ലും
മനസ്സു മങ്ങുന്നു മദീയവൃത്തം
മനസ്സിലാവാതെ മറക്കയോ നീ?       3

ദണ്ഡമകന്നതിമാത്രം
ഖണ്ഡിച്ചങ്ങോട്ടിതിന്നു മറുപത്രം
തിണ്ണമയയ്ക്കാതിന്നെൻ
ദണ്ഡംകൊണ്ടിട്ടുഴന്നു കഴിയുന്നേൻ.       4

  1. ഇഷ്ടദേവതാസ്തുതിയോടെ കാവ്യമാരംഭിക്കുന്ന വെണ്മണി പ്രസ്ഥാനത്തിന്റെ പ്രത്യേകത.
"https://ml.wikisource.org/w/index.php?title=താൾ:Kavipushpamala.djvu/2&oldid=162029" എന്ന താളിൽനിന്ന് ശേഖരിച്ചത്