രാമരാജാബഹദൂർ/അദ്ധ്യായം പത്തൊൻപത്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
രാമരാജാബഹദൂർ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം പത്തൊൻപത്
[ 208 ]
രണ്ടാം ഭാഗംഅദ്ധ്യായം പത്തൊൻപത്

"പിഴച്ചുകാണുന്നു നിമിത്തങ്ങളെല്ലാം
കുഴപ്പമേതാനും വരുകകൊണ്ടത്രേ...
വിളങ്ങിടും ജ്യോതിർഗ്ഗണങ്ങളും മങ്ങി."


സഹ്യപർവ്വതനിരയുടെ പശ്ചിമകടകങ്ങൾ സാമാന്യേന അന്തിമോപത്യകകളോടെ അറുക്കുമ്പോൾ, കർഷകപരിലാളിതങ്ങളായുള്ള ചെറുകുന്നുകളായി പരിണമിക്കുന്നു. ഇങ്ങനെയുള്ള ഗോവർദ്ധനപോതങ്ങളുടെ പംക്തികൾ പൂർവ്വദക്ഷിണ പശ്ചിമഭാഗങ്ങളെയും തിരുവിതാംകൂറിലെ മഹാനദി ഉത്തരദിങ്മുഖത്തെയും വലയം ചെയ്തുള്ള ഒരു പ്രകൃതിദേവീതല്പത്തിൽ ബഹുധാ വിശ്രുതപ്പെട്ടിരുന്ന മാങ്കാവിൽ ഭവനം നിലകൊണ്ടിരുന്നു. ശ്രീശങ്കരമഹാചാര്യരുടെ അവതാരബാല്യാദ്ഭുതങ്ങൾ കാണ്മാനുള്ള കർമ്മപരിപാകത്താൽ അനുഗ്രഹീതമായിരുന്ന പരിസരപ്രദേശങ്ങളിലെ ഉപസമ്രാഡ്പദം കേരള വെൺക്കൊറ്റക്കുടക്കാരുടെ മധുരബന്ധജമായ പ്രസാദത്തോടുകൂടിത്തന്നെ മാംകാവിലെ സ്വസൃഹിതവർത്തികളായ കാരണവൻമാർ വഹിച്ചുവന്നിരുന്നു. ഈ ഭവനയശസ്സിന്റെ അപ്രതിരുദ്ധപ്രവാഹത്തെ അതിലെ മാധവീകാവ്, കല്യാണീകദംബങ്ങളുടെ ദേവവനിതാത്വം, സമകാലീനങ്ങളായ ധർമ്മപ്രബോധനങ്ങളുടെ ശ്ലഥഗതിനിമിത്തം ഓരോ പരമ്പരയോടും പ്രവൃദ്ധമാക്കി. രാജഭണ്ഡാരാംശങ്ങൾ, പ്രഭുസംഭാവ്യകൾ, ബ്രഹ്മകുലാഢ്യന്മാരുടെ പാരിതോഷകങ്ങൾ എന്നിവ സഞ്ചയിച്ച് ആ ഗൃഹത്തിലെ സമ്പൽഗരിമ മനുഷ്യമോഹത്തിന്റെ സീമയെ അതിലംഘിച്ചു പെരുമാക്കന്മാരുടെ കാലംമുതൽ, കേരളത്തിലെ പല മണ്ഡലാധിപന്മാരുടെ അന്തഃപുരങ്ങളെയും, 'നിഗ്രഹാനുഗ്രഹജിഹ്വ'ന്മാരുടെ അന്തഃകരണങ്ങളെയും വിരാജമാനമാക്കിപ്പോന്ന 'താരാകുന്തീ'പ്രഭൃതികളെ രംഗയോഗ്യകളാക്കി പുറപ്പെടുവിപ്പാനുള്ള സൗഭാഗ്യാംശങ്ങളുടെയും ആ അണിയറ കാലാന്തരത്തിൽ ധനദമന്ദിരമായിത്തീർന്നത് ഒരു വിചിത്രകഥയല്ലല്ലോ. അനന്തനിക്ഷേപങ്ങളെ ഗുഹനം [ 209 ] ചെയ്തുള്ള കുട്ടിമങ്ങളുടെയും മാംകാവിലെ ലാസ്യവേഷാവലംബിനികളുടെ പാദതലങ്ങളുടെയും പരസ്പരഘർഷണം അവരുടെ ഹൃത്കുസുമതയെ ശുഷ്കചർമ്മത്വമായും ഈക്ഷണപുടങ്ങളുടെ ആർദ്രതയെ അപരിച്ഛേദ്യവജ്രത്വമായും രൂപാന്തരീകരിച്ചു. ഏതദ്വിധമായുള്ള പരിവർത്തനങ്ങൾ, മദനധനദന്മാരാൽ, പരമാന്ധ്യത്തോടെ അനുഗ്രഹിക്കപ്പെട്ടിരുന്ന ആ മഹിളാലോകത്തിൽ, സാമാന്യലോകത്തിന് ദുഷ്പ്രാപമായുള്ള ഒരു ഗന്ധർവ്വലോകത്തിലെ ഈശ്വരികൾ എന്ന ദുരഹങ്കാരപതാകയെ പ്രതിഷ്ഠിച്ചു. ഇതിന്മണ്ണമുള്ള ഐശ്വര്യാഹങ്കാരങ്ങളുടെ സംയോഗത്തെ ശശ്വത്തായി അനുമതിക്കുന്ന പരമശക്തിയെ "ആരൊരുവൻ മേലിൽ സേവിക്കും?" എന്നുള്ള പ്രശ്നം ബഹുജനജിഹ്വകളിൽനിന്നു തരുപക്ഷിമൃഗജാലങ്ങളോടുപോലും ഉദീരണംചെയ്തുപോയുള്ള സമകൾ ശതംശതങ്ങളായിക്കഴിഞ്ഞു. ധർമ്മശക്തിയുടെ 'കാലേനചിരേണ'യുള്ള കോപദണ്ഡനിപാതത്തെ പ്രതീക്ഷിച്ചു തലമുറകൾ ഭഗവന്നീതിയിൽ വിച്ഛിന്നവിശ്വാസികളായി രുദ്രഭൂമികളിൽ ലയിച്ചു. മാംകാവിലെ ദുർഗ്ഗർവ്വം സ്വർലോകതരുവെന്നപോലെ തഴച്ചു. അവിടത്തെ ചേടികാത്വം അഹോരാത്രകൈകസീത്വത്തെത്തന്നെ ഉപാന്തവാസികളെക്കൊണ്ട് അനുസ്മരിപ്പിച്ചു. ധർമ്മഗതി, ഭഗവന്നീതി എന്നിത്യാദി ശബ്ദങ്ങൾ മാംകാവിലെ ഭരണച്ഛത്രമേഖലയ്ക്കുള്ളിൽ നിരർത്ഥവാചികങ്ങൾതന്നെ എന്നു ചിന്താക്ഷീണമായ സമീപലോകം വിധിച്ചടങ്ങുകയും ചെയ്തു.

ബ്രഹ്മാണ്ഡത്തിന്റെ പ്രവർത്തനരഹസ്യങ്ങൾ പ്രസിദ്ധങ്ങളായിത്തീർന്നാൽ പ്രപഞ്ചഗതി വിഘാതപ്പെടുമെന്നുള്ളതു നിസ്തർക്കമാണ്. അർത്ഥത്തിന്റെ അമിതസംഭരണം, ഇന്ദ്രിയങ്ങളുടെ അനിയന്ത്രിതമായുള്ള ഭോഗാനുഭൂതി, നിരോധഭയം കൂടാതെയുള്ള ദുരധികാരപ്രയോഗം എന്നിതുകൾ ജനതാമതമനുസരിച്ചു, വ്യവസ്ഥിതമായും അനുലക്ഷണലമായും ഐഹികനരകാനുഭൂതികളാൽ ശിക്ഷിക്കപ്പെടുന്നുവെങ്കിൽ, രാവണാദിചരിത്രങ്ങൾ നമ്മെ വിനോദിപ്പിക്കുകയോ, പരിഷ്കൃതലോകത്തിന്റെ അത്ഭുതഗതികൾ നമ്മെ വിസ്മയിപ്പിക്കുകയോ ചെയ്യുമായിരുന്നില്ല. എന്നാൽ വൃദ്ധജനനിമാരുടെ പാചകശാലോക്തിതന്നെയും നിശാവേളയെന്നു ധൈര്യപ്പെട്ടു ചൗര്യകർമ്മം യഥാസന്ദർഭം സമാപിതമാകാതെ തുടരപ്പെട്ടാൽ സൂര്യകരപ്രവേശത്താലുള്ള ബന്ധനം അസന്ദിഗ്ദ്ധമെന്നു നമ്മെ ഗ്രഹിപ്പിക്കുന്നില്ലേ?

ജനതാഭിമതം മുമ്പറഞ്ഞതിൻവണ്ണം ക്ഷീണിച്ചു ശിക്ഷാപീഠാധികാരം തദിഷ്ടമനുസരിച്ചു പ്രവർത്തിതമായിക്കൊള്ളട്ടെയെന്നു വിട്ടുകളഞ്ഞപ്പോൾ മാംകാവുഭവനത്തെക്കൊണ്ട് എണ്ണിയെണ്ണിക്കണക്കുപറയിച്ചു ക്ഷമായാചനം ചെയ്യിക്കാനെന്നവണ്ണം മഹാകാലമാകുന്ന കൗശികശക്തിയുടെ ആജ്ഞാകാരിയായി ഒരു കിംപുരുഷദ്വിജൻ ആ ഭവനരഥത്തിന്റെ സാരഥ്യത്തിൽ അധിരൂഢനായിത്തീർന്നു. മാംകാവായ കദംബതരുവിന്റെ നിരവധി രമണീയശാഖകൾ ദക്ഷിണപാർശ്വത്തിലുള്ള ഗോവർദ്ധനസാനുക്കളിൽ ചിതാരോഹംചെയ്ത് ഒരു സഹോദരീയുഗ്മംമാത്രം [ 210 ] ശേഷിച്ചപ്പോൾ, അവരുടെ ബാന്ധവക്കാരായ ഛന്ദസ്കൂടങ്ങൾ അമ്പരന്നു. ഗീർവാണകൈരളീവാണികളിൽ ഉക്തങ്ങളായുള്ള മന്ത്രങ്ങൾ ദൃശ്യമായുള്ള കർമ്മവിപാകജബാധകളുടെ ഉച്ചാടനത്തിനു മതിയല്ലെന്നു ഭട്ടതിരിവിധിയും പടിപ്പുരച്ചാർത്തും വാങ്ങി, ഉത്തരദേശസഞ്ചാരം ചെയ്തു ലാടനോ ഭാട്ടനോ ആയുള്ള ഒരു ഉപവീതധാരിയെ ശംഖപഞ്ചവാദ്യാദിസമേതം എഴുന്നെള്ളിച്ചു മാംകാവിലെ മഠക്കെട്ടിൽ ആശ്രമപീഠം സ്ഥാപിച്ചു പ്രതിഷ്ഠിച്ചു. മൗനദീക്ഷാപരനായുള്ള ഈ യുവമാന്ത്രികസിദ്ധന്റെ ഹോമകർമ്മങ്ങളിലെ 'സമ്പ്രീണയ'ധ്വനികൾക്കു ഗ്രഹകദംബവും ദേവകോടികളും പിണിയാളുകളുടെ പുരോഗാമികളായ പിതൃപരമ്പരകളും വഴങ്ങി മാംകാവിൽഭവനത്തിന്റെ യഥാവകാശസംരക്ഷണത്തിനു ബദ്ധപവിത്രന്മാരായി മഠത്തിലെ ഹോമഗർത്തത്തിനു ചുറ്റും ഋത്വിക്സ്ഥാനം വഹിച്ചു നിരന്നു. ശങ്കിക്കപ്പെട്ട വന്ധ്യാത്വം ഹോമാഗ്നിയിൽ ആഹുതീഭവിച്ച് ഒരു അത്ഭുതാവതാരത്തിന്റെ ഗർഭചിഹ്നങ്ങൾ ഒരു സഹോദരിയിൽ കണ്ടു തുടങ്ങി. മാന്ത്രികചാതുര്യത്തെ അഭിമാനിച്ചിട്ടു സാക്ഷാൽ ദർപ്പകദേവൻതന്നെ തന്റെ നിഷ്കായതയിൽനിന്ന് ഉത്ഥാനം ചെയ്ത് ആ ഭവനദർപ്പത്തിന്റെ പരിരക്ഷണാർത്ഥം കമനീരൂപത്തെ കൈക്കൊണ്ട് അവിടത്തെ സൂതികാഗൃഹത്തിൽ വിശ്വഭ്രാമകാവതാരം ചെയ്തു.

സ്വർവ്വനിതാഗാനത്തിന്റെ മധുരിമ ചേർന്നുള്ള ക്രന്ദനങ്ങളോടെ, പണ്ടു യശോദാഗർഭത്തിൽനിന്നുദിച്ച മായാംബിക എന്നപോലെ അഭൗമമായുള്ള ഒരു തേജഃപുഞ്ജം ആ ഗൃഹത്തിൽ സജാതമായപ്പോൾ, മാന്ത്രികൻ സാക്ഷാൽ പ്രാജാപത്യനിലയിൽത്തന്നെ മാംകാവിലെ സൗഭാഗ്യാനുഭോക്താക്കളായുള്ള സമുദായപരാശരന്മാരാൽ സംഭാവ്യമാനനായി. ആ ബാലാംബിക മാംകാവിലെ ഗൃഹാങ്കണങ്ങളിൽ വിഹാരസഞ്ചാരമാരംഭിച്ചു നിപാതക്രന്ദനങ്ങൾ തുടങ്ങിയപ്പോൾ ഭവനം ഇന്ദ്രന്റെ നൃത്തശാലയായിത്തീർന്നുവെന്നു ദാസികൾ ഉൽപ്രേക്ഷിച്ചു. അപരിജ്ഞേയമായുള്ള ഒരു നീലവജ്രദ്യുതി ആ ഹേമപ്രഭാവതിയെ ഒരു പരിവേഷമെന്നപോലെ നിതാന്തം ആവരണംചെയ്തു. ഈ കാന്തിപൂരത്തിന്റെ അപ്രമേയത കണ്ടു, സ്വസന്താനവല്ലിയുടെ സംഗതിയിൽ ഭഗവന്മതം എങ്ങനെ പരിണമിക്കുമോ എന്നു ചിന്തിച്ചു മാംകാവിലെ അപ്സരോയുഗ്മം ഇദംപ്രഥമമായി ഭഗവൽസത്വം എന്നുള്ള ശക്തിയെ സ്മരിച്ചു. അക്ഷരാഭ്യസമാരംഭിച്ചു കർണ്ണവേധം കഴിഞ്ഞപ്പോൾ, ആ ബാലികയിൽ പുഷ്ടശരീരതകൊണ്ട് ഒരു ലളിതകുമാരിയുടെ ധാടിയും വശീകരതയും ആകർഷണശക്തിയും സാന്ദ്രകാശത്തോടെ വിളങ്ങി. രാജരാജേശ്വരകുമാരി എന്നപോലെ സൗന്ദര്യാഹങ്കാരജന്യമായുള്ള സ്വതന്ത്രബുദ്ധ്യാ ദിഗംബരയായും ജഘനപര്യന്തം ആച്ഛാദിക്കുന്ന കബരീഭാരത്തെ ചിന്നിപ്പറത്തിയും പരിസരാകാശത്തിൽ കനകപ്രകാശം വിതറി ദേവദാസീനൃത്തം തുടർന്നു, കനകമൃഗത്വരയോടെ മണിയറകളെയും ഗൃഹാങ്കണങ്ങളെയും, നദീപ്രാന്തത്തെയും ഗോവർദ്ധനനിരകളെയും തകർക്കുന്നത് പേക്ഷകലോകത്തെ [ 211 ] സ്തബ്ധപ്രജ്ഞരാക്കി നിലകൊള്ളിച്ചിട്ടുണ്ട്. ബാലികയുടെ അകാലപുഷ്ടിയും അനർഘസൗന്ദര്യവും അവരെക്കൊണ്ടു വിദ്യുത്പ്രയോഗത്താലെന്നപോലെ സമാഗതദുരന്തത്തിന്റെ അനന്തതിമിരതയെ ദർശിപ്പിച്ചു.

മാധവിഅമ്മ മദ്ധ്യകേരളരീത്യാ ഒരു സന്ധ്യാതിഥിയുടെ നിശാകാലസൽക്കാരിണിയാകാനുള്ള വയഃപൂർത്തിയിലെത്തിയപ്പോൾ ഉറവാൾക്കാർ, മാടമ്പുകാർ, സർഗ്ഗപ്രധാനകുശലന്മാർ, ധനതല്പശായികൾ, കലാകുലേശന്മാർ എന്നിവർ ആ രതീസ്യമന്തകത്തെ ചതുരുപായപ്രയോഗംകൊണ്ടെങ്കിലും ഹസ്തഗതമാക്കാൻ ചിന്തിച്ചു, കാമുകക്കാപ്പു ധരിച്ച് അങ്കം, ചുങ്കം, മന്ത്രം, തന്ത്രം, കൃഷി, കവനം മുതലായ ലോകസുഖോപയുക്തങ്ങളായ കാര്യങ്ങളിൽ മനോരാജ്യതന്ദ്രിയെ ഭജിച്ചു. എങ്കിലും സ്ഥാനപതികൾ, പർണ്ണാദന്മാർ, ഹംസത്താന്മാർ, തെരുതെരെ മാംകാവിലെ അംബാദ്വന്ദ്വത്തെ സന്ദർശിച്ചു മാരസന്ദേശങ്ങൾ അഥവാ പരിണയാപേക്ഷകൾ സമർപ്പിച്ചു. മാധവിയുടെ മാതാവാകാൻ ഭാഗ്യവതിയായ മഹതിക്കുപോലും സ്വപുത്രിയുടെ ഇംഗിതമറിഞ്ഞ് ആ ദൂതസംഘത്തിൽ ഒരുത്തനെയെങ്കിലും സന്തോഷിപ്പിക്കാൻ ധൈര്യം തോന്നാഴികയാൽ, ആ വാർത്താവഹസംഘങ്ങൾ അന്നന്നത്തെ അർഘ്യാദ്യുപചാരങ്ങളംഗീകരിച്ചു പ്രേഷകപാദങ്ങളിൽ പതിച്ചു മനസ്സന്ധികർമ്മത്തിൽ പറ്റിയ പരാജയവാർത്തയെ സലജ്ജം സമർപ്പിച്ചു.

കാലം അതിത്വരയോടെ ഗമനം ചെയ്തു. മാധവിഅമ്മ മാംകാവിൽ ഭവനത്തിന്റെ അഘകേസരങ്ങൾ സമുച്ചയംചെയ്തുള്ള ഒരു സ്തബകം തന്നെയായിരുന്നു. സൗന്ദര്യാഹങ്കാരം ധനാഹങ്കാരത്തെക്കാൾ കുടിലതരപ്രയോഗങ്ങളെക്കൊണ്ടു ലോകത്തെ ദുരിതഗർത്തങ്ങളിലോട്ടു പായിക്കുന്നു. ധനാഹങ്കാരം പൂട്ടറഭൂതം എന്ന ദ്വാസ്ഥസ്ഥാനത്തെ വഹിച്ചു ലോകവ്യാപാരത്തിൽ ഒരു നിർജ്ജീവാംശമായിത്തീർന്നേക്കാം.സൗന്ദര്യാഹങ്കാരം ഭക്ഷ്യലബ്ധിയിൽ സംതൃപ്തിവരാതുള്ള ഒരു കടങ്കടമൂർത്തിയായി സമുദായധ്വംസനമാകുന്ന അനുസ്യൂതതാണ്ഡവത്തെ സാട്ടഹാസം നിർവ്വഹിക്കുന്നു. ഈ അഹങ്കാരത്തിന്റെ നിസ്സീമതനിമിത്തം മാംകാവിൽ ഭവനത്തിന്റെ അവസ്ഥ എന്ത് ഉന്മാദവൃത്തികളുടെ ബീഭത്സതയാൽ വിലക്ഷണീഭവിച്ചു എന്ന് ഇവിടെ വർണ്ണിക്കുന്നില്ല. ആ ഭവനത്തെ ആവേഷ്ടനം ചെയ്ത തിമിരനിരയിൽ സുപ്രഗല്ഭമായ പുരുഷനിയന്ത്രണംകൂടാതുള്ള അബലാചാപല്യത്തെക്കുറിച്ചു പ്രകൃതിക്കുള്ള കൃപാവീക്ഷണഫലമെന്നപോലെ പ്രഭാപ്രസൃതമായ ഒരു രജതബിംബച്ഛവി സംഘടിതമായി. ഗോവർദ്ധനസാനുക്കളിലെ വൃക്ഷങ്ങളെ പരിരംഭണംചെയ്തും മാധവിഅമ്മയുടെ സ്നാനവേളകളിൽ നദീതീരത്തെ അടി അളന്നും ക്ഷേത്രദർശനസന്ദർഭങ്ങളിൽ പ്രസാദദാനത്തിനുള്ള കുട്ടിപ്പട്ടസ്ഥാനത്തെ വഹിച്ചും അയൽസംസ്ഥാനവാസിയായ ഒരു യുവരസികാഢ്യൻ അവളുടെ ബാന്ധവസ്ഥാനത്തിൽ ചാടിക്കടന്നുകൂടി. സമീപലോകം ആശ്വാസസൂചകമായി ഒന്നു നിശ്വസിച്ചു, നാഗന്തളിമനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെ ബാന്ധവം ഏതു മഹാരാജ്ഞിക്കും [ 212 ] സമുചിതമാണല്ലോ എന്നു കൊണ്ടാടി. എങ്കിലും മാംകാവു മഠാധിപതിയായി വാഴ്ചകൊണ്ടിരിക്കുന്ന മാന്ത്രികന്റെ ഉപചാപങ്ങൾ യഥാക്രമം ഫലിക്കയാൽ ആ വധൂവരന്മാരുടെ ദാമ്പത്യം 'മാർജ്ജാരിണീമൂഷികം' എന്നുള്ള വിക്രീഡാരംഭങ്ങളായി കഴിഞ്ഞതേയുള്ളു.

വത്സരം ചിലതു പിന്നെയും കഴിഞ്ഞു. ഒരു സന്ധ്യാഗമനത്തിൽ സമാഗതമാകുന്ന പ്രകൃതിസംരംഭം യഥാശക്യം വിശ്വശുദ്ധീകരണം സാധിച്ചുകൊള്ളട്ടെ എന്നു ചിന്തിച്ച്, കാലപിതാവായ ഭഗവാൻ അസ്തമയാഭയം തേടി. പ്രചണ്ഡമാരുതൻ മഹാവൃക്ഷങ്ങളെ നിഷ്കൃപം തകർത്ത് ഭൂമുഖപ്രണാമം ചെയ്യിച്ചു. ഇന്ദ്രവാഹനനിചയത്തിന്റെ കടുരവപടലികൾ വിശ്വകടാഹത്തിൽ അത്യുഗ്രമായി പ്രതിധ്വനിച്ചു. ലോകാന്തപ്രളയത്തിന്റെ സാഹസം എന്നപോലെ പെരുമഴ കുംഭീന്ദ്രകോടികളുടെ ആരവകലാപത്തോടെ ഭൂമിയെ ജലതലമാക്കി. നദീഗതിയുടെ അതിഗംഭീരാരവം മാരിപ്രവാഹത്തിന്റെ ഭയാനകതയെ സന്ദർഭസാഹ്യമായി പ്രവൃദ്ധമാക്കി. അവസ്തുകസ്ഥിതിയിലെ ഏക മൂർത്തിയായുള്ള അഭേദ്യതിമിരം പ്രപഞ്ചഗ്രസനകർമ്മത്തെ അനുഷ്ഠിച്ചു. ആകാശഖഡ്ഗം അത്ഭുതഭ്രമണത്തോടെ അനുനിമിഷം ജ്വാലാഹാലസ്ഫുരണം ചെയ്തിട്ടു പൊലിഞ്ഞു.

ഇങ്ങനെയുള്ള വിശ്വക്ഷോഭത്തിനിടയിൽ, മാധവീകാന്തനായ സാധുദ്വിജൻ നദിയുടെ മറുകരയിൽ അകപ്പെട്ട് സ്വകളത്രത്തെ ഏകാകിനിയാക്കി. ഭവനത്തിലെ ഭൃത്യഗണം ശൈക്യംകൊണ്ടു ത്രസിക്കുന്ന ശരീരങ്ങളോടെ, തങ്ങൾ തങ്ങൾക്കു കിട്ടിയ അറകളിലും പാചകശാലയിലും ഒതുങ്ങി നിദ്രാകംബളത്തിൽ ആമഗ്നരായി. അവിടുത്തെ ജനനീയുഗ്മം ഗൃഹരക്ഷകൾ ചെയ്തിട്ടു ഭർത്തൃപാദങ്ങളുടെയും നിദ്രാപദവിയുടെയും സേവനം തുടങ്ങി. മഠവാസിയായ മാന്ത്രികൻ നിർമ്മന്ത്രകമായുള്ള ഹോമസമാരാധനം കഴിച്ച്, തന്റെ ഇംഗിതാനുകൂലമായ അവസരലബ്ധി ആ രാത്രിയിൽ സമാഗതമായിരിക്കുന്നു എങ്കിലും, ആസുരലോഭികളായ സ്ത്രീകളുടെ ഗോപനശക്തി നിമിത്തം ആ ഭവനത്തിലെ നിധിഗർത്തസ്ഥാനം ഗ്രഹിക്കാൻ സാധിപ്പിക്കാത്ത തന്റെ പോരാഴികയെക്കുറിച്ചു ക്ലേശിച്ചു ധൂമാശനം തുടങ്ങി.

അനവധി കാമുകസാധുക്കളെ ശൃംഖലാബന്ധനം ചെയ്തിട്ടുള്ള അവിടുത്തെ ആ ജരാസന്ധയോ, അന്നത്തെ പ്രകൃതികോപത്തിലും തന്റെ മണിയറയ്ക്കുള്ളിൽനിന്നു സ്വാംഗസൗഷ്ഠവത്തെക്കുറിച്ചു വിസ്മയിച്ച്, സ്വകാന്തവിരഹത്തെ പരിഹരിപ്പാൻ നിയമം കവിഞ്ഞുള്ള ഭൂഷണങ്ങൾ അണിഞ്ഞ്, മഞ്ചത്തിൽ ആരോഹണംചെയ്തു മദനമണ്ഡലത്തിന്റെ മഹാരാജ്ഞിത്വത്തിനുള്ള മഹിമയെ ചിന്തിച്ചു ചാഞ്ചാടുന്നതേയുള്ളു. ലോകഭാരം വഹിച്ചിട്ടില്ലാത്ത ആ ലളിതമനസ്വിനി പ്രകൃതിസംരംഭത്തെയും ജീവിതമഹാകാവ്യത്തിലെ ഒരു സരളസർഗ്ഗമായി പരിഗണിക്കുന്നതേയുള്ളു. പാവനത എന്നുള്ള ധർമ്മം ഭാഗ്യജീവിതത്തിൽ അനുവർത്തിക്കുവാൻ നിർബ്ബന്ധിതമല്ലെന്നും സ്വേച്ഛാപ്രമാണം ഒന്നു [ 213 ] മാത്രമാണു തന്റെ സ്മൃതിപുരാണേതിഹാസങ്ങൾ എന്നും ജന്മവാസനയാകുന്ന ഗുരുമുഖത്തിൽനിന്നുതന്നെ അഭ്യസിച്ചിട്ടുള്ള ആ സ്ത്രീ ആ ഭയങ്കരരാത്രിയെയും സ്വാത്മസന്തുഷ്ടിജമായുള്ള ഒരു ഉത്സവവേളയാക്കുന്നു. വാർദ്ധക്യം, രോഗം, മൃതി എന്നുള്ള അവസ്ഥാഭേദങ്ങളെക്കുറിച്ചുള്ള ചിന്തകൾക്കു പ്രവേശനം നല്കീട്ടില്ലാത്ത ആ അഹങ്കാരപ്രാകാരം സൗന്ദര്യകനകരത്നങ്ങളുടെ സമ്മേളനസൗഭാഗ്യത്തെത്തന്നെ വരിച്ചുപോകുന്നു. ആ രാത്രിയിലും ഏകാകിനിയായിരുന്നിട്ടും ദീപത്തെ സമീപത്തോടു ചേർത്ത്, ദർപ്പണസഹായത്താൽ തന്റെ സമലംകൃതഗാത്രവല്ലിയുടെ കാന്തികലാപത്തെ നിരീക്ഷണംചെയ്ത് അതിന്റെ ജഗജ്ജയിത്വത്തെപ്പറ്റി ചിന്തിച്ചു പരമാഹ്ലാദിക്കുന്നു. ബന്ധിക്കാതെ അടച്ചിട്ടുള്ള വാതിൽ ബലപ്രയോഗത്താൽ ഉൽഘാടിതമായി, അപരിചിതനും വനചരപ്രകൃതനുമായുള്ള ഒരു യുവഭീമാകാരനു പ്രവേശനം നല്കുന്നു. ദീപസമീപത്തു വിദ്യുദ്‌ദ്യുതിയെയും വെല്ലുന്നതായ ഒരു കനകബിംബത്തെ കാണുകയാൽ, മാംകാവിൽ മാധവിഅമ്മയെന്നു കേട്ടിട്ടുള്ള സർവാംഗദേവവനിതാത്വത്തെ സ്മരിച്ചും പരമാർത്ഥത്തിൽ തസ്കരനായ ആഗതൻ അബലാത്വത്തെയും സൗന്ദര്യശ്രീവിലാസത്തെയും ആദരിച്ചും പുറകോട്ടു വാങ്ങുന്നു. ആഗതന്റെ ആപാദകേശം കായപുഷ്ടിയെ ഒന്നു നിരീക്ഷണം ചെയ്തിട്ടു മൃദുമഞ്ജുസ്വരത്തിൽ മാധവിഅമ്മ, "ആരാണ്? എന്താ പോന്നത്?" എന്നു സ്വകർമ്മബന്ധപ്രേരണയാൽ പ്രശ്നം ചെയ്തു പോയി. ലോകവശ്യം സാധിക്കുന്ന മന്ത്രധ്വനിയിലുള്ള ആ പ്രശ്നത്തിന്റെ ശിഞ്ജിതഭ്രമണത്താൽ തസ്കരൻ ഹതപ്രജ്ഞനായി.


സൃഷ്ട്യുദ്ദിഷ്ടമായുള്ള ആ സംഹാരരാത്രിയും മാർത്താണ്ഡദേവന്റെ ഉദയതിരനോട്ടത്തിൽ ഭൂതകാലാവധിയിൽ ആമഗ്നമായി. ഭൂമി വീണ്ടും ശൈശവകോമളിമയെ അവലംബിച്ചു പ്രകാശിച്ചപ്പോൾ, വിയന്മണ്ഡലത്തിൽനിന്ന് അവഭ്രഷ്ടയായ ദക്ഷപുത്രീസംഘത്തിലെ ഒരു സഹോദരി എന്നപോലെ മാധവിഅമ്മ ആനഖകേശാന്തം വിറകൊണ്ടു തന്റെ മണിയറയിൽ നിലകൊണ്ടു. രാവണഗർവത്തെ കേവലം കുതപ്രപാതത്താൽ ശിക്ഷിപ്പാൻ ശക്തനായ ഒരു വനരാജൻ ഉണ്ടായി. സർവ്വലോകത്തെയും കീടവൽ സങ്കല്പിച്ചു സ്വേച്ഛാസാധികയായി വാണിരുന്ന മാധവിഅമ്മയുടെ അഭിമാനമഹിമ നീരസവൃകനായുള്ള ഒരു തസ്കരന്റെ സൗന്ദര്യവശ്യതയാൽ സമൂലം വിച്ഛേദിക്കപ്പെട്ടു. അവൾ തുറന്ന വാതിൽ അടച്ചു മണിയറയുടെ ഏകാന്തതതന്നെ ചിത്തക്ഷീണത്തിനു പരമബന്ധു എന്നു ചിന്തിച്ചു വീണ്ടും മഞ്ചസ്ഥയായി. തസ്കരപ്രവേശമാണു പരമാർത്ഥത്തിൽ സംഭവിച്ചതെങ്കിലും മാധവിഅമ്മ ധരിച്ചിരുന്ന ഭൂഷണജാലത്തിൽ ഒരു എൺമണിപ്രായം എങ്കിലും ആ ശരീരത്തിൽനിന്നു വേർപെട്ടു കാണുന്നില്ല. നിധിക്കല്ലറകളിലേക്കുള്ള ഗൂഢമാർഗ്ഗങ്ങളുടെ ഗ്രഹണത്തിനായി ആ തസ്കരൻ ഉദ്യുക്തനായതിന്റെ ലക്ഷ്യശകലവും [ 214 ] കാണ്മാനില്ല. മാധവിഅമ്മ ആ വിശിഷ്ടപുരുഷന്റെ ക്രിയാവൈചിത്ര്യത്തെ ഗാഢമായി വിചിന്തനം ചെയ്തു പുരുഷചിത്തഗതികളെക്കുറിച്ചു നവങ്ങളായ ചില രഹസ്യങ്ങളെ ഗ്രഹിച്ചു.

മാസം പത്തു തികയാറായപ്പോൾ നാഗന്തളിനമ്പൂരി മാധവിഅമ്മയിൽ ജാതനായ ഒരു പുത്രനെ 'പാടി' രാഗം ആലപിച്ചു താലോലിച്ചുതുടങ്ങി. കുലബാദരായണൻ ശിശുവിന്റെ ജാതകർമ്മങ്ങൾ യഥാക്രമം നിർവ്വഹിച്ചു പല മൂലമന്ത്രോപദേശത്താലും വാസനാനുസാരമായുള്ള അഭ്യാസദശയിലോട്ടു പ്രവേശിപ്പിക്കയും ചെയ്തു. മാധവിഅമ്മ പുത്രാഭ്യുദയാർത്ഥം സ്വദേഹദേഹികളെ സന്ധാനം ചെയ്തു ജീവഭാരത്തെ വ്രതപ്രശാന്തതയോടെ വഹിച്ചു.

കർക്കശമായ വിധിയുടെ ചപലമായ പരിഭ്രമണങ്ങൾ ആ സന്യാസനിഷ്ഠയെയും ഭംഗപ്പെടുത്തി. ഹൈദരുടെ ഉത്തരദേശാനുരോധം നാഗന്തളിയെ സ്വഗൃഹരക്ഷാർത്ഥം പ്രയാണം ചെയ്യിച്ചു. ആപന്നിപാതം ഏകസംഭവത്തോടെ കലാശിക്കുന്നില്ലെന്നുള്ള ലോകവാക്യം ഈ കഥാഗതിയിൽ ഒരു മർമ്മപർവ്വമായിത്തീരുന്നു. നാരായണദ്വിജന്റെ മേൽപടിസ്ഥാനക്കാർ പൊടുന്നനെ മൃത്യുവശരായി. പിതൃക്കളുടെ സ്വർഗ്ഗലബ്ധി പ്രമാണിച്ച് ആ ജരൽക്കാരു സ്വവർഗ്ഗജയായ ഒരു കന്യകയെ പരിഗ്രഹിക്കേണ്ടതായും വന്നു. സാക്ഷാൽ ശ്രീവേദവതി എന്ന പോലെ പരിപാവനാത്മികയും, ക്ഷീരാബ്ധിജാതയായ മലർമങ്കയെപ്പോലെ ആരാധനീയ സൗന്ദര്യവതിയുമായ ഒരു കന്യകയെ നാരായണൻ നമ്പൂതിരിപ്പാട് പാണിഗ്രഹണംചെയ്തു സ്വാശ്രമാഗ്നിയെ പ്രജ്വലിപ്പിച്ചു.

ഈ വൃത്താന്തത്തിന്റെ ശ്രവണത്തിൽ മാധവിഅമ്മ ബലഭദ്രസാഹസംതന്നെ പ്രകടിപ്പിച്ചു. തന്റെ പാദപരിചരണാനുഭൂതിയിൽ ആനന്ദജീവിതം നിർവ്വഹിച്ചിട്ടു 'പരനാരീ' സ്വീകാരംചെയ്യുന്ന കൃതഘ്നശലഭത്തിന്റെ എന്തു രക്ഷസ്സിനെ ഉത്ഭവിപ്പിച്ചാലും അന്തം വരുത്തീട്ടു പുത്രസംരക്ഷണവ്രതം എന്ന ആ ഘാതകി ശപഥം ചെയ്തു. ഗൃഹോപദേഷ്ടാവായ ബാദരായണസ്വാമികൾ തന്ത്രകുശലന്മാരുടെ കുടിലസാചിവ്യനൈപുണ്യത്തോടെ ആ ഭർത്തൃദ്രോഹപ്രതിജ്ഞയുടെ നിർവ്വഹണത്തിനായി ആലോചനയും പ്രവർത്തനവും തുടങ്ങി. നരകമഹാസമുദ്രങ്ങളുടെ സേതുകോടി തകർന്നു സാക്ഷാൽ അന്തകശക്തിതന്നെ നിരന്തരപ്രവാഹം ആരംഭിച്ചതുപോലെ, നിരപരാധിനിയും പരിശുദ്ധയുമായിരുന്ന നാഗന്തളിയിലെ നങ്ങയ്യ അന്തർജ്ജനത്തിന്റെ നേർക്കു വ്യഭിചാരാപരാധം ആരോപിക്കപ്പെട്ടു. ആ സാധ്വിയുടെ മൗനം കാപട്യം എന്നും കളേബരാണുക്കൾ ദുഷ്കർമ്മസങ്കീർണ്ണമെന്നുമുള്ള വദന്തി സ്മാർത്തവിചാരാധികാരികളെക്കൊണ്ടും 'അതുവ്വോ?' മൂളിച്ചു. മാംകാവിലെ കടകകാഞ്ചീഹാരകങ്കണങ്ങൾ അഹർന്നിശാഭേദങ്ങളെ കീഴ്മേൽമറിച്ചു, സത്യപ്രവാചകന്മാരെ അനൃതഭോക്താക്കളാക്കി. അന്തർജ്ജനം, ജനനംമുതൽ പഞ്ജരശുകിയായി വളർന്നു, പാതകാരോപണത്തിൽ നിശ്ചേതനജഡയായി, നാവില്ലാസത്യസ്വരൂപിണിയായി, സമുദായത്തിലും ഗൃഹത്തിലും നിന്നു [ 215 ] ബഹിഷ്കൃതയുമായി. മാധവിഅമ്മ സൗന്ദര്യധനങ്ങൾക്കുള്ള സൃഷ്ടിസ്ഥിതിസംഹാരശക്തിയെ സ്മരിച്ച് സന്തുഷ്ടി ആർന്നു സ്വാഭിലാഷസിദ്ധിയിൽ കൃതാർത്ഥയുമായി.

ചിന്താമാത്രത്താലും അപരാധംചെയ്യാതെ സമുദായാന്ധ്യത്താൽ ആത്മഗളശച്ഛേദം ചെയ്യപ്പെട്ട അന്തർജ്ജനത്തിന്റെ നാശകർത്താക്കന്മാരിൽ പലരും ഹൈദരുടെ ആസുരസുദർശനത്തിലും മാംകാവിലെ മാതൃജനം ഭഗവന്നിയുകതമായ കാലാഗ്നിയിലും ആഹുതീഭവിച്ചു. സ്വാർത്ഥമാത്രകി ആയുള്ള മാധവിഅമ്മ സ്വജനനികളുടെ നിര്യാണങ്ങളെ ഗൃഹഭാരവാഹകത്വത്തിൽ തന്റെ വൈദഗ്ദ്ധ്യത്തെ പ്രദർശിപ്പിക്കാനുള്ള അവസരങ്ങളായി പരിഗണിച്ചു. എന്നാൽ ഹൈദരുടെ അക്രമത്തിൽ ചില ദേശവാർത്താവിശേഷങ്ങൾ ആ പരാക്രമി അറിയുകയാൽ, എന്ത് അപ്രത്യക്ഷതന്തുവിന്റെ നിഗൂഢപ്രവർത്തനത്താലോ മൈസൂർസേനയുടെ അവസാനപംക്തികളുടെ പ്രത്യാഗമനത്തിൽ മാംകാവിലെ ബാദരായണസ്വാമികൾ സ്വാഭിചാരരംഗത്തിൽനിന്ന് അന്തർദ്ധാനംചെയ്യേണ്ടിവന്നു. ആ നിർഗ്ഗമനത്തെത്തുടർന്ന് മാധവിഅമ്മയുടെ ജീവസന്ധാരണചിന്താമണിയായിരുന്ന സന്താനവും വിശ്വവിസ്തൃതിയിൽ മറഞ്ഞു.