രാമരാജാബഹദൂർ/അദ്ധ്യായം പതിനെട്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
രാമരാജാബഹദൂർ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം പതിനെട്ട്
[ 194 ]
അദ്ധ്യായം പതിനെട്ട്

"അരുളിച്ചെയ്തയയ്ക്കണം അടിയനെ വിരവോടെ
അരികളെക്കൊലച്ചെയ്‌വാൻ അതിനതികുതൂഹലം"
"ലക്ഷ്മണാ! നീ സേനയോടും പോക...
രാക്ഷസനെക്കൊന്നു വേഗാൽ ഇങ്ങു വരിക."


പാണ്ഡ്യദേശങ്ങളിലെ പാളയത്തലവന്മാർ, മുകിലപ്രമാണികൾ എന്നിവരുടെ ആക്രമണങ്ങൾ ധനേച്ഛുക്കളായ തസ്കരന്മാരുടെ ഉപരോധങ്ങളും ഭവനഭേദനസാഹസങ്ങളും രാജ്യവിസ്തൃതിയെ വർദ്ധിപ്പിച്ച സമരങ്ങൾ കേവലം കളരിപ്രയോഗങ്ങൾ, പടനിലക്കളികൾ എന്നു തുടങ്ങിയുള്ള ചൊല്ലിയാട്ടങ്ങളുടെ രംഗപ്രകടനങ്ങളും മാത്രം ആയിരുന്നു. ഹൈദരുടെ ആക്രമണാരംഭം സർപ്പിയുടെ ഗ്രഹണസംഭവംപോലെ അല്പകാലത്തേക്ക് ഒരു വിഷദ്യുതിയെ രാജ്യത്തിൽ വ്യാപരിപ്പിച്ചു എങ്കിലും ചില മടലടികളും ആചാര്യന്മാരാൽ ഉപദേശിക്കപ്പെട്ട ദോഷപരിഹാരകർമ്മങ്ങളുംകൊണ്ട് ആപന്മോചനം പര്യാപ്തമായി. ഈ കഥാകാലത്തു കേരളമണ്ഡലാധിപന്മാർ സന്ദർശിച്ചതും അനുഭവിച്ചതും ബഹുസഹസ്രം ജ്വാലാമുഖികളാൽ പരിവൃതനായ ഒരു മഹാവിന്ധ്യൻ പരശുരാമക്ഷേത്രദഹനാർത്ഥം അനുവർത്തിച്ച ഒരു ഭയാനകപ്രസ്ഥാനം ആയിരുന്നു. ഉത്തരകേരളത്തിലെ പ്രതിവിന്ധ്യനിരകൾ തകർന്നു ധൂളിയും ദഹിച്ചു ഭസ്മവും ആയി വഞ്ചിരാജ്യത്തിലെ അമൃതമഹേന്ദ്രാദിഗിരിനിരകളുടെ മൂർദ്ധാവുകളെ സമീക്ഷണംചെയ്തപ്പോൾ, വിന്ധ്യനിരയുടെ മദോൽക്കടത പൂർവാവകഥാസ്മൃതികളാൽ ജഡീഭവിച്ചു.

എതിർക്കേണ്ടതായിവരുന്ന ശത്രു വിന്ധ്യനോടൊപ്പംതന്നെ ഭഞ്ജകശക്തി വഹിക്കുന്നതാണെങ്കിലും വഞ്ചിരാജ്യസൈന്യം ആ ബ്രഹ്മാണ്ഡാകൃതിയിലുള്ള ശിലാപ്രപാതത്തെ പ്രതിരോധിപ്പാൻതന്നെ ഉദ്യോഗിച്ചു. കർണ്ണാട്ടിക്ക് പട്ടാളം പംക്തി ആറുക്ക് പടവും പത്തും പടവൊന്നിൽ നൂറ്റിപ്പതിന്നാലും വീതം ആകെ പാദാതി പേർ ആറായിരത്തി എണ്ണൂറ്റിനാല്പതും, ഉത്തരമേഖലയുടെ പശ്ചിമഖണ്ഡത്തെയും [ 195 ] അവിടത്തെ സമുദ്രപ്രാന്തങ്ങളിൽ ഉറപ്പിച്ചിട്ടുള്ള കോട്ടകളെയും രക്ഷിപ്പാൻ നിരന്നു. ഇതു കൂടാതെ, പുള്ളി ഒന്നുക്കു പേർ ഇരുന്നൂറ്. ആക, പീരങ്കി, കുതിരപ്പട ഉൾപ്പെടെ പുള്ളി എഴുപത്തിരണ്ടിൽ; പേർ പതിനായാരത്തിനാനൂറിൽ രാജമന്ദിരാദി പല കേന്ദ്രങ്ങളിലെ രക്ഷയ്ക്കായി നീക്കുപേർ നാലായിരത്തി നാനൂറും പോക ശേഷംപേർ പതിനായിരവും; മുന്നില വരുത്തി ഉൾപ്പെട്ട ചെരുമാനം വക പേർ പന്തീരായിരവും, ഉത്തരദേശങ്ങളിലെ ഓരോ രാജാക്കന്മാർ, പ്രഭുക്കന്മാർ എന്നിവരുടെ അകമ്പടിയായി എത്തിയിട്ടുള്ള യോദ്ധാക്കളും പടത്തലവന്റെയും യജമാനന്മാരുടെയും വരുതികളിലായി നെടുംകോട്ടയും അതുകളോടു ചേർന്നുള്ള കിടങ്ങുകളും രക്ഷിപ്പാൻ ഓരോരോ കൊത്തളസ്ഥാനങ്ങളിൽ പളയങ്ങൾ ഉറപ്പിച്ചു. ഓരോ മണ്ടപത്തുംവാതുക്കലും പടവെട്ടി ചേതപ്പെടുന്നവർക്കു പകരം അണിതികപ്പാൻ വേണ്ടുന്ന ആളുകളെ കളരികൾ ഏർപ്പെടുത്തി പയറ്റുവിദ്യകൾ അഭ്യസിപ്പിച്ചു തുടങ്ങി. സ്ഥലസന്ദർഭങ്ങളെ ആശ്രയിച്ചല്ലാതെ പരമ്പരാരൂഢവും പരമപാവനവുമായുള്ള രാജപ്രജാബന്ധത്തിന്റെ മഹത്ത്വത്താൽ കന്യാകുമാരി മുതൽ പറവൂർ, ആലുവാ, കാലടി, തൊടുപുഴ എന്നീ സ്ഥലങ്ങൾവരെയുള്ള ദിക്കുകളിൽനിന്നും പ്രതിനിമിഷം യുദ്ധപ്പാളയങ്ങളിലേക്കു പ്രവഹിച്ചുകൊണ്ടിരുന്ന സംഭാരസമൃദ്ധി, ആ സേനാപംക്തികൾക്കിടയിലും ഗൂഢസഞ്ചാരം വിദഗ്ദ്ധമായി സാധിച്ചിരുന്ന ചാരന്മാർമുഖേന ധരിച്ച ടിപ്പുവിൽ ഉജ്ജ്വലിച്ചുകൊണ്ടിരുന്ന വിജയാശാകരങ്ങളെ ബിംബസഹിതം വിച്ഛിന്നങ്ങളാക്കി.

തിരുവനന്തപുരം ഗൃഹങ്ങളിൽ മാതൃനേത്രങ്ങൾ, സഹോദരീനേത്രങ്ങൾ, പ്രണയിനീനേത്രങ്ങൾ എന്നീ ജലദമണികൾ അശ്രുജലംകൊണ്ടുള്ള സരസ്സുകളെ സൃഷ്ടിക്കുന്നു. കുടുംബരക്ഷാർത്ഥം പ്രയത്നിക്കേണ്ടവരായ പുരുഷന്മാരുടെ അഭാവത്തിൽ അവലംബശൂന്യരായ ദരിദ്രകുടുംബങ്ങൾ രാജാധികാരത്തിന്റെ രക്ഷാനയത്തെത്തുടരുന്ന ധനികഭവനങ്ങളിൽ അഭയസ്ഥരാകുന്നു. എങ്കിലും കാളിമയോ ശോണിമയോ എന്നു നിർണ്ണയിപ്പാൻ കഴിവില്ലാത്തതായ ഒരു വൈവർണ്ണ്യം നഗരത്തെ ആവരണം ചെയ്യുന്നു. പഥികന്മാർ വർത്തമാനജീവിതത്തോടു കലഹം ദീക്ഷിച്ചെന്നപോലെ, സമീപഭാവിയെ മാത്രം വിഷയമായി സംഭാഷണം ചെയ്യുന്നു. ഗൃഹവർത്തനം സാമാന്യേന രാജ്യസൈന്യത്തിന്റെ വിജയത്തിനായുള്ള ഭഗവൽസേവനം എന്നുള്ള ക്രിയ മാത്രമായി ശേഷിച്ചിരിക്കുന്നു. ശിശുക്കൾ, ബാലന്മാർ എന്നിവർ അച്ഛനമ്മമാർ മുതലായ സമീപവർത്തികൾ അവലംബിക്കുന്ന മുഖക്ലമങ്ങളെ പ്രതിബിംബിക്കുന്ന ദർപ്പണങ്ങളായി വർത്തിക്കുന്നു. വിദ്യാലയങ്ങളിലെ എഴുത്തച്ഛന്മാർ ഷോഡശഖണ്ഡങ്ങളെ ചതുഷ്കോണരൂപത്തിലും കമലബന്ധമായും ലേഖനംചെയ്തു കവടിസ്സഞ്ചിയുമായി കുനിഞ്ഞിരുന്നു സംഖ്യകളെ അംശകിച്ചു പരീക്ഷിച്ചിട്ടും യുദ്ധഫലം സൂക്ഷ്മമായി കിട്ടാതെ ക്ലേശിക്കുന്നു. ഗുരുനാഥന്മാരുടെ ഈ ശ്രമങ്ങൾക്കിടയിൽ അലസതയ്ക്കും ചാപല്യപ്രകടനങ്ങൾക്കും അവസരം കിട്ടുന്ന വിദ്യാർത്ഥികൾ ഏടുകൾ [ 196 ] പെരുകിക്കാൻ സംഗതിവരാത്തതിനാൽ ക്ലേശിച്ച് ആ നിരാശയ്ക്കു കാരണഭൂതനായ വ്യാഘ്രീസന്താനത്തെ ശപിക്കുന്നു. സ്ത്രീകളുടെ കണ്ണെഴുത്തുകൾ വസ്ത്രാന്തത്താലും കുറിപിടിപ്പുകൾ ഉള്ളംകൈകൾകൊണ്ടും ആയിത്തീർത്തതിനാൽ രസികകദംബങ്ങളും ജീവിതത്തിൽ അനാസ്ഥന്മാരായി. വയസ്സും വ്യാപാരവിശേഷണങ്ങളും അബലത്വവും കൊണ്ടു യുദ്ധാങ്കണത്തിൽ എത്തേണ്ടവരല്ലാതെ സകല ജനങ്ങളും രാജസേനയെ വാജീകരിപ്പാനുള്ള ക്ഷണങ്ങളെ പ്രാർത്ഥിച്ചു പാർക്കുന്നു. രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ഉറപ്പിക്കപ്പെട്ടിട്ടുള്ള 'അന്നക്കോട്ട'കളിലെ ദാനകലാപങ്ങൾ മാത്രം അഭംഗുരമഹോത്സവങ്ങളായി ഘോഷിക്കപ്പെടുന്നു. അടുത്തദിവസം ഉദയത്തിൽ ദിവാൻജി യുദ്ധരംഗത്തിലേക്കു പുറപ്പെടുമ്പോൾ അദ്ദേഹത്തെ എട്ടുപത്തു നാഴികവരെ അനുയാത്രചെയ്തു തങ്ങളുടെ ഹൃദയാശിസ്സുകൾ നല്കി, പ്രജാത്മാവിനെ ആ ദേഹത്തിൽ ആധാനംചെയ്തു പ്രവൃദ്ധവീര്യൻ ആക്കുന്നതിന് ഓരോ കരക്കാരും സംഘങ്ങൾകൂടി നിശ്ചയിച്ചു.

ദിവാൻജിയുടെ യുദ്ധയാത്രയ്ക്കു കുതിരപ്പുള്ളി, തോക്കുപുള്ളി, ഭംലാപ്പുള്ളി എന്നിവയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട വിദഗ്ദ്ധപംക്തികൾ കൊടിപടഹകാഹളങ്ങളോടെ മന്ത്രിമന്ദിരത്തിന്റെ പുറഭാഗത്തു പാളയം ഉറപ്പിച്ചുകഴിഞ്ഞു. ദിവാൻജിയുടെയും ഈ അംഗരക്ഷകസംഘത്തിന്റെയും ഉപയോഗത്തിനുള്ള യുദ്ധഭക്ഷണോദി സാമഗ്രികളും സംഭാരങ്ങളും അതുകളെ കൊടുങ്ങല്ലൂർ ഇറക്കുന്നതിനായി വലിയതുറ എത്തി നങ്കൂരം താഴ്ത്തിനില്ക്കുന്ന പോക്കുമൂസ്സാമരയ്ക്കാരുടെ പത്തേമാരികളിലേക്ക് അയച്ചുംകഴിഞ്ഞു. മന്ത്രിപ്രധാനന്റെ യുദ്ധയാത്രാമുഹൂർത്തത്തിൽ സ്നേഹപുരസ്സരവും രാജ്യാഭിമാനപുരസ്സരവും ആശിസ്സുകൾ നല്കുവാനായി എത്തിയിരിക്കുന്ന പോക്കുമൂസ്സാമരയ്ക്കാർ, പല ദിക്കിലെയും പ്രഭുക്കന്മാർ എന്നിവർ രായസംപിള്ളമാർക്കുള്ള ശാലകളിൽ പാർക്കുന്നു. പ്രസ്ഥാനത്തിനുള്ള ഒരുക്കങ്ങളുടെ മേൽനോട്ടക്കാരനായ കുഞ്ചൈക്കുട്ടിപ്പിള്ളയുടെ സാമർത്ഥ്യത്താൽ സകല സംഭാരങ്ങളും ദിവാൻജിക്കു സന്തോഷകരമായി ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. പുതിയ അംഗരക്ഷകനായ അഴകൻപിള്ളയെ ശൂലം, വാൾ എന്നീ ആയുധങ്ങൾ ഒരുവിധം പ്രയോഗിപ്പാൻപോലും അദ്ദേഹം അഭ്യസിപ്പിച്ചിരിക്കുന്നു. തോക്കിന്റെ കൈകാര്യംകൂടി പഠിപ്പിക്കാൻ പരീക്ഷിച്ചതിൽ നിറച്ചുകഴിയുമ്പോൾ അന്തഃസ്ഥിതി അറിവാൻ അഴകൻപിള്ളയ്ക്കുണ്ടാകുന്ന വാനരകൗതുകത്തെ എന്തു ശാസനകൊണ്ടും നീക്കാൻ കഴിയാത്തതിനാൽ മാവാരതം പാട്ടിൽ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലാത്ത ആ ആയുധവും താനും തമ്മിലുള്ള ബന്ധം ദൂരത്തിരിക്കട്ടേ എന്ന് അയാൾ ഉപേക്ഷിച്ചതുകൊണ്ട്, അതിനെ കളരിത്തലവനായ കുഞ്ചൈക്കുട്ടിപ്പിള്ള അനുവദിച്ചു.

ഉപമന്ത്രിമാർ, താഴ്ന്നതരം ഉദ്യോഗസ്ഥന്മാർ, പൗരപ്രധാനന്മാർ തുടങ്ങിയുള്ള സേവാർത്ഥികൾ ദിവാൻജിക്ക് ഒരു ദിവസത്തെ സ്വൈര്യം അനുവദിച്ചു. അമൃതേത്തു കഴിഞ്ഞ് ഉണ്ടായ മുഖം കാണിപ്പിനു ശേഷം, [ 197 ] അന്വേഷണങ്ങൾ, അഭിപ്രായങ്ങൾ, കൗശലോപദേശങ്ങൾ, ആജ്ഞകൾ എന്നിതുകൾകൊണ്ടു മഹാരാജാവും സുഭൃത്യോത്തമനെ അസഹ്യപ്പെടുത്തേണ്ട എന്ന് അടങ്ങിക്കളഞ്ഞു.

ജിതക്ലമനും പ്രാപ്തനും ഭാരസഹിഷ്ണുവും ആയുള്ള പരിശ്രമിക്കു സ്വൈര്യമെന്നതു കണിക്കപോലും കിട്ടുന്നതല്ല. രാത്രിയിലെ ഊണും കഴിഞ്ഞു സല്ക്കാരശാലയിൽ ദിവാൻജി അല്പം ഒന്നു വിശ്രമിക്കുമ്പോൾ ഒറ്റക്കാഷായവസ്ത്രം ഉടുത്തു, കേശവും മീശയും വിടുർത്തിയിട്ട് ഒരു കാട്ടുകമ്പും ഊന്നി, കുഞ്ചൈക്കുട്ടിപ്പിള്ള കാര്യക്കാർ അക്ഷരം കണ്ടിട്ടില്ലാത്ത യാചകസന്യാസിയെപ്പോലെ അദ്ദേഹത്തിന്റെ മുമ്പിൽ പ്രവേശിച്ചു. ആ വേഷത്തിൽ തന്റെ അന്നത്തെ നിദ്രയെ ലംഘിപ്പാൻതന്നെ വന്നതുകൊണ്ട് എന്തോ സാരമായുള്ള കർമ്മം ആരംഭിപ്പാനോ സംഭവം ധരിപ്പിപ്പാനോ ഉദ്ദേശിക്കുന്നു എന്നു ദിവാൻജിക്കു മനസ്സിലായി. വീരന്മാർ ചാകുന്നതു ചിരിച്ചുകൊണ്ടു വേണമെന്നുള്ള സാമാന്യോക്തിയെ സ്മരിച്ചു, ദിവാൻജിയും ആ രാത്രിയിൽ വിനോദഭാഷണത്തിന് ഒരുങ്ങി. "എന്താ കാര്യക്കാരെ! വല്ല സദ്യയ്ക്കും ക്ഷണിക്കാൻ ഭാവമുണ്ടോ? ചട്ടുകം വച്ചിട്ടു ക്ഷണവടിയും എടുത്തു പുറപ്പെട്ടതാണെന്നു തോന്നുന്നല്ലോ."

കുഞ്ചൈക്കുട്ടിപ്പിള്ള: "ഉത്തരവ്. നാലുപേർക്കു മാത്രമേ ഒരുക്കിയിട്ടുള്ളു കുമാരൻതമ്പി, നമ്മുടെ ഭീമൻകുട്ടി. അഴകൻപിള്ള എന്റെ പുത്തൻശിഷ്യന്റെ അരങ്ങേറ്റം ഇന്നാണ്."

ദിവാൻജി: "ഹേ! മൂന്നല്ലേ ആയുള്ളു പേര്?"

കുഞ്ചൈക്കുട്ടിപ്പിള്ള: "നാലാമത്തവൻ ഞാൻ തന്നെ."

ദിവാൻജി: "പോവൂ കാര്യക്കാരെ! അവർ ഇപ്പോൾത്തന്നെ ഊണുകഴിഞ്ഞു."

കുഞ്ചൈക്കുട്ടിപ്പിള്ള: "അതു കരുതിത്തന്നെ സദ്യ വട്ടംകൂട്ടിയിരിക്കുന്നു. പ്രഥമൻ മാത്രമേ തയ്യാറാക്കിയിട്ടുള്ളു. അതും വക ഒന്നുമാത്രം."

ദിവാൻജി: (അല്പം ചിന്തയോടെ ഇരുന്നിട്ട്) "ശകുനംനോക്കി അവസാനം എന്താണെന്ന് ഒന്നു പറവാൻ പാടില്ലേ? ഭൂമിസ്വർഗ്ഗപാതാളങ്ങളിലെ എല്ലാ രഹസ്യങ്ങളും അറിഞ്ഞിട്ടുള്ള ആളാണല്ലോ."

കുഞ്ചൈക്കുട്ടിപ്പിള്ള: "ശകുനം ആഗന്തുകമായി കിട്ടണം. അല്ലാണ്ട് നാം പോയി കടഞ്ഞുതുടങ്ങുമ്പോൾ ഏട്ഠാദേവി മുന്നോട്ടു ചാടിക്കടന്നേക്കാം."

ദിവാൻജി സംഭാഷണം നിറുത്തി. കാര്യക്കാർ താൻ ഉദ്ദേശിച്ച അതിഥികളെയും പിടികൂടി. ആയുധങ്ങളും ധരിപ്പിച്ച് നടകൊണ്ടു.

ആധുനികനയജ്ഞന്മാർ ധർമ്മവിരുദ്ധമായ വിജയമാർഗ്ഗങ്ങളെയും ദൃഢഫലദങ്ങളും സുഗമവും ആണെങ്കിൽ അംഗീകരിക്കുന്നു. ടിപ്പുസുൽത്താൻ കാളിപ്രഭാവഭട്ടനിൽനിന്നു കിട്ടിയ അറിവിനെ ദാദാഖാൻ, ബാപ്പുറാവു മുതലായ ചാരന്മാർ മുഖേന പരിശോധനചെയ്തു. രാമാരാജാബഹദൂറുടെ സംസ്ഥാനത്തിന്റെ ഉത്തരഭാഗങ്ങൾ, [ 198 ] ദക്ഷിണഇന്ത്യയിലെ മറ്റു പ്രദേശങ്ങൾപോലെ തന്റെ കുതിരപ്പടയ്ക്കും പീരങ്കിപ്പടവുകൾക്കും സുസ്തരമല്ലെന്ന് അദ്ദേഹം അറിഞ്ഞു. അതുകൊണ്ടു പാണ്ടിരാജ്യം വഴിക്കു തിരുവിതാംകൂറിന്റെ തെക്കെ അതിർത്തിമുതൽ ആക്രമിക്കുന്നതിനു തന്റെ സൈന്യങ്ങളെ ഇടയ്ക്കുള്ള രാജ്യങ്ങളിൽക്കൂടി യാത്രചെയ്യിക്കുവാൻ അനുവദിക്കണമെന്ന് ഓരോ നാടുവാഴികളോടും മറ്റും അപേക്ഷിച്ചതിൽ ഇംഗ്ലീഷുകാരുടെ രക്ഷയെ അവലംബിച്ചിരുന്ന ആ പ്രമാണികൾ നിഷേധാർത്ഥത്തിൽ തല ആട്ടിക്കളഞ്ഞു. ഈ സ്ഥിതിയിൽ തന്റെ തന്ത്രവലകളിൽ കുടുങ്ങിത്തീർന്നിട്ടുള്ള പെരുമ്പടപ്പിനെ സേനാപന്ഥാവാക്കി, തിരുവിതാംകൂറിന്റെ ഉത്തരപ്രാകാരങ്ങളെ നിരോധിപ്പാൻ ടിപ്പുസുൽത്താൻ ഭേരീകാഹളങ്ങൾ മുഴക്കി. എന്നാൽ പുഴകളും കായലുകളും തരണം ചെയ്യുന്നതിൽ നേരിട്ടേക്കാവുന്ന വിഷമങ്ങളെയും ജീവനഷ്ടങ്ങളെയും പേടിച്ച്, ഉപദേഷ്ടാക്കളാൽ പര്യാപ്തമാകുന്ന വിജയങ്ങളും എന്തെന്തെന്നു ഗ്രഹിച്ചു പ്രവർത്തിപ്പാനായി, മുന്നോട്ടുള്ള നീക്കത്തെ സാവധാനഗതിയിലാക്കി. ഈ മാന്ദ്യാവലംബനത്തിന്റെ രഹസ്യോദ്ദേശ്യം വഞ്ചിക്ഷേത്ര ഘടനയുടെ ആണിക്കല്ലായുള്ള മഹാരാജാവ് എന്നുള്ള പ്രതിഷ്ഠ ധ്വംസിക്കപ്പെട്ടാൽ ആ മന്ദിരത്തിന്റെ നിഷ്പ്രാപത നഷ്ടപ്രായമായിത്തീരും എന്നുള്ള വിശ്വാസം ആയിരുന്നു. ആ രണ്ടുപേരിൽ മഹാരാജാവ് അല്ലെങ്കിൽ മന്ത്രി, ധ്വംസിക്കപ്പെട്ടാൽ ജനതയുടെ നിരോധനവും മന്ത്രിനിധനം സാധിച്ചാൽ സേനാനിരയുടെ സന്ധാനതാശക്തിയും അവസാനിക്കുന്നതാണെന്നും രണ്ടുംകൂടി സാധിച്ചാൽ ആന്ദോളാരൂഢനായി തലസ്ഥാനത്തെ രാജമന്ദിരത്തിലേക്കു സ്വൈരമായുള്ള ഒരു പള്ളിയാത്ര ചെയ്തുകൊണ്ടാൽ മാത്രം മതിയെന്നും ആ രാജദുർമ്മോഹി ആശിച്ചിരുന്നു. ഗൗണ്ഡൻ, അജിതസിംഹൻ, കണ്ഠീരവരായർ എന്നിവരുടെ പ്രണിധീത്വം മുഖ്യമായി ഈ കർമ്മങ്ങളുടെ നിർവ്വഹണത്തിനായിരുന്നു എന്നുള്ള വസ്തുത നാം ഗ്രഹിച്ചിട്ടുള്ളതാണല്ലോ.

തെക്കേത്തെരുവോടു ചേർന്ന് ഇക്കാലത്തു നിൽക്കുന്ന ദേവീക്ഷേത്രത്തിന്റെ വടക്കരുകോട് അടുത്തു കിഴക്കുവശത്തായി രാജമന്ദിരംവകയായുള്ള ചില മുറികൾ ഇന്നും കാണ്മാനുണ്ട്. ഇവയിലൊന്ന് കുഞ്ചൈക്കുട്ടിപ്പിള്ളയുടെ ഇഷ്ടംപോലുള്ള സമയങ്ങളിലെ പാർപ്പിനായി അനുവദിക്കപ്പെട്ടിരുന്നു. തന്റെ അതിഥികൾ മൂന്നുപേരെയും ഈ മുറിക്കകത്തു പ്രവേശിപ്പിച്ചിട്ട് ആ സല്ക്കാരകൻ അവരോടു കായതോഷകമായുള്ള പ്രഥമന്റെ മധുരഭുക്തിക്കു പകരം ആത്മമോക്ഷദമായുള്ള ഭഗവന്നാമങ്ങളെ യഥേഷ്ടം ജപിച്ചുകൊള്ളുവാൻ ആജ്ഞാപിച്ചു. ഭീമസേനന്റെ പ്രസിദ്ധമായുള്ള വൃകോദരത്വത്തെ പ്രകടിപ്പിച്ചു ത്രിവിക്രമൻ വല്ല പലഹാരമെങ്കിലും കിട്ടണം എന്നു ശഠിച്ചുതുടങ്ങി. കാര്യക്കാർ മുറിയുടെ തെക്കോട്ടുള്ള വാതൽ അല്പം തുറന്നു, "ഇതേ, ആ തെക്കു കാണുന്ന മഠത്തിലെ ബ്രാഹ്മണി നല്ല പൂരി, ജിലേബി എന്നീ വകകൾ ഉണ്ടാക്കുന്നവരാണ്. അങ്ങോട്ടു നോക്കൂ. ശബ്ദം ഉണ്ടാക്കരുത്. പോളിക്കുള്ള മാവ് [ 199 ] വലിച്ചുനീട്ടുന്നതല്ലേ ആ കയറുപോലെ കാണുന്നത്? ഇവനു കാഴ്ച കുറഞ്ഞുപോയി. സൂക്ഷിച്ചുനോക്കൂ. വാതിൽ അധികം തുറക്കരുത്" എന്നു പറഞ്ഞു. ത്രിവിക്രമന് കുഞ്ചൈക്കുട്ടിപ്പിള്ളയുടെ അന്തർഗ്ഗതം മനസ്സിലാവുകയാൽ, രഥവീഥിയുടെ തെക്കേ ഭാഗത്തുള്ള ബ്രാഹ്മണാഗാരത്തിലോട്ടു കണ്ണുകൾ സങ്കോചിപ്പിച്ചു നോക്കിത്തുടങ്ങി. ആ മഠത്തിൽ ഒരു കങ്കിൽ മാത്രമായി എരിയുന്ന ദീപത്തിന്റെ അടുത്തിരുന്നു പാശം മുറുക്കുന്ന പണിയിൽ ദത്തമുഖനായുള്ള ഒരു വിഗ്രഹം കണ്ടു. മുക്കുടുമയെ നീക്കി പുറംകുടുമ ആക്കിയിട്ടുണ്ടെങ്കിലും മീശകളെ പോക്കി മുഖക്രൗര്യത്തെ ക്ഷയിപ്പിച്ചിട്ടുണ്ടെങ്കിലും ആ കണ്ണുകളുടെ രൂക്ഷതയും ശരീരത്തിന്റെ വരാഹതയും അന്ധകാരത്തോട് ഏറ്റവും അടുത്തുള്ള ആ അല്പപ്രഭയ്ക്കിടയിലും ത്രിവിക്രമന്റെ ദൃഷ്ടികളെ സവിശേഷം ആകർഷിച്ചു. "അമ്മാവാ! ആരെന്നറിഞ്ഞോ ഇത്? കണ്ഠീരവൻ."

കുഞ്ചൈക്കുട്ടിപ്പിള്ള: "എന്താ? ഗാണ്ഡീവധരനോ? അതൊന്നും എനിക്കു രൂപമില്ല. അവിടൊരു പീടികയിൽനിന്നു ചണമ്പുനാർ വാങ്ങുന്ന ഒരു പൂണുനൂൽക്കാരനെ ഞാൻ കണ്ടു. ചാരത്വം എന്ന വർഗ്ഗസംബന്ധംകൊണ്ടു ഞാൻ അയാളെ തുടർന്ന് ഈ കൊപ്പത്തിൽ ആക്കിയിരിക്കുകയാണ്."

ത്രിവിക്രമൻ: "പിന്നെയും വന്നിരിക്കുന്നതു ചാകാൻതന്നെ. ആൾ അതുതന്നെയോ എന്ന് അഴകൻപിള്ളയും നോക്കട്ടെ." ആ വിക്രമനും ജാലകം തുറന്നുള്ള ചെറുവിടവിൽക്കൂടി കുറച്ചുനേരം നോക്കിയിട്ടു ചില ആശ്ചര്യോൽഘോഷങ്ങൾക്കു വട്ടംകൂട്ടി. ആ ഫൽഗുനന്റെ ദ്രോണാചാര്യർ കടന്നു വക്ത്രത്തെ അമർത്തിപ്പിടിച്ചിട്ട്, "ശബ്ദം തീരെ അരുത്. നാം സൂക്ഷിക്കുന്നു എന്നുള്ളതു പുറത്തു വന്നുകൂടാ. ദിവാൻജിയജമാനനു ശകുനം എന്തെന്നറിവാൻ വലിയ ആഗ്രഹമുണ്ട്. ശ്രീപത്മനാഭന്റെ കൃപകൊണ്ട് അതിതാ കിട്ടുന്നു. മിണ്ടാതിരിക്കൂ" എന്നു തടുത്തു. കുഞ്ചൈക്കുട്ടിപ്പിള്ളയുടെ ദിവ്യമായ പ്രതീതിവിശേഷത്താൽ കണ്ഠീരവന്റെ ചടങ്ങുകൾ എല്ലാം കാലേകൂട്ടിത്തന്നെ അദ്ദേഹം നിർണ്ണയിച്ചിരുന്നു.

ക്ഷണത്തിൽ അദ്ദേഹം ആ മുറിയിലുണ്ടായിരുന്ന ഒരു ഖഡ്ഗവും ധരിച്ചു വടക്കുഭാഗത്തുള്ള തോപ്പിൽ ചാടി. മറ്റുള്ളവർക്കു നിയോഗം ഒന്നും വേണ്ടിയിരുന്നില്ല. അവരും ആ സംഹാരസന്നദ്ധനെ തുടർന്നു. "പ്രഥമനില്ല കുഞ്ഞുങ്ങളേ! പച്ചമാംസസദ്യയ്ക്കേ തരംകിട്ടുന്നുള്ളു. അതും നിങ്ങൾക്കു ഗോപി! ശ്രീമൽകാളിക്കു നിറഞ്ഞിട്ടു പ്രസാദം ശേഷിക്കുന്നെങ്കിൽ നിങ്ങൾക്ക്" എന്നും മറ്റും ചിലതു പറയുന്നതിനിടയിൽ കുഞ്ചൈക്കുട്ടിപ്പിള്ള മഹാരാജാവിന്റെ പള്ളിയറയുടെ പൂർവ്വഭാഗത്തുള്ള ആൽത്തറയിൽ എത്തി. കുമാരൻതമ്പിയെ പള്ളിയറവാതുക്കലും അഴകൻപിള്ളയെ കോണിച്ചുവട്ടിലും വിക്രമനെ മുമ്പിൽ അഴകൻപിള്ള തരണംചെയ്തു വാതുക്കലും പ്രതിഷ്ഠിച്ചു. സൂക്ഷ്മദർശിയായുള്ള കുഞ്ചൈക്കുട്ടിപ്പിള്ള രാജമന്ദിരത്തിലെ കാവൽക്കാരോട് ഉദാസീനരായിരിക്കുവാൻ ആംഗ്യങ്ങളാൽ ആജ്ഞാപിച്ചിട്ട് അതിലഘുകർമ്മമായി അശ്വത്ഥത്തിന്റെ ഒരു [ 200 ] അഗ്രശാഖയിൽ എത്തി ഒരു ചകോരകൂജനത്തെ പുറപ്പെടുവിച്ചുകൊണ്ടു സ്വൈരസ്ഥിതി അവലംബിച്ചു. സമയം അർദ്ധരാത്രിയോടടുത്തു. ചന്ദ്രൻ ടിപ്പുവിന്റെ ഹിതം അനുസരിച്ചെന്നപോലെ അദ്ദേഹത്തിന്റെ ആരാശ്ശാർക്കു നല്ലപോലെ വഴി കാണുവാൻ ദീപസഹായം ചെയ്തു. തന്റെ ദ്രോഹകർമ്മത്തിന്റെ ഒരുക്കങ്ങൾക്കു തരം സമ്പാദിച്ച കണ്ഠീരവൻ പാശവും കൈത്തോക്കും ഏന്തി പുറപ്പെട്ടു. ആ ഗുസ്തിവിദഗ്ദ്ധനു രാജമന്ദിരാരാമത്തെ വലയം ചെയ്യുന്ന പ്രാകാരത്തിന്റെ തരണം അതിക്ഷിപ്രവും അപ്രയാസവും സാദ്ധ്യമായി. രാജമന്ദിരരക്ഷികൾ കുഞ്ചൈക്കുട്ടിപ്പിള്ളയുടെ ആജ്ഞ അനുസരിച്ചു കണ്ണുകൾ ചിമ്മിച്ചുകളഞ്ഞതിനാൽ കണ്ഠീരവൻ അകത്തെ പ്രാകാരത്തെയും പ്രതിബന്ധം ഒന്നും കൂടാതെ ഒരു കുതികൊണ്ടു കടന്നു, രണ്ടാമത്തെ കുതിപ്പിൽ അശ്വത്ഥമൂലത്തിൽ എത്തി. അങ്ങോട്ടും ഇങ്ങോട്ടും നോക്കി, തന്റെയോ ടിപ്പുവിന്റെയോ ഭാഗ്യത്താൽ രാജപരിചാരകന്മാർ നിദ്രാധീനന്മാരായിത്തീർന്നിരിക്കുന്നെന്നു സന്തോഷിച്ചു. അരക്കച്ചയെ മുറുക്കിയും ആയുധങ്ങളെ അരയിൽ ഉറപ്പായിത്തിരുകിയും പാശത്തെ സ്കന്ധത്തിൽ ആക്കിക്കൊണ്ടും കണ്ഠീരവൻ കരടിയെപ്പോലെ മേല്പോട്ടു കയറി. ഈ വൃക്ഷത്തിന്റെ ഒരു പീനശാഖ രാജസൗധത്തിന്റെ രണ്ടാം നിലയിലെ ഒരു ജാലകത്തിൽനിന്ന് ഒരു ദണ്ഡ് അകലത്തോളവും എത്തുംവണ്ണം നീണ്ടും മന്ദിരകൂടത്തിന്റെ മുകൾഭാഗത്തോളവും പൊങ്ങിച്ചാഞ്ഞും നിലകൊണ്ടിരുന്നു. കണ്ഠീരവൻ ആ കൊമ്പിൽകൂടി വടക്കോട്ടു നീങ്ങി, പാശത്തെ അതിന്മേൽ ദൃഢമായി ബന്ധിച്ചു. ഓരോ കോണുകളിൽ അശ്രദ്ധ നടിച്ചു പതുങ്ങിനിന്നിരുന്ന പരിജനങ്ങൾ ആശ്ചര്യപരതന്ത്രന്മാരായി, അവരുടെ ശ്വാസോച്ച്വാസങ്ങളെയും ബന്ധിച്ചു. ഈ പാശംവഴി രണ്ടുമൂന്നു കോൽ കീഴ്പോട്ടുതാണ്, കണ്ഠീരവൻ കമ്പക്കൂത്താടിയുടെ ഊഞ്ഞോലാട്ടം തുടങ്ങി. തെക്കോട്ടും വടക്കോട്ടും ദ്രുതതരമായി ആഞ്ഞുതുടങ്ങിയപ്പോൾ തുറന്നുകിടന്നിരുന്ന ജനൽപ്പടിയിൽ ആ ഗുസ്തിക്കാരന്റെ ദേഹം തടയുമാറായി. ഏകഹസ്തത്തെ ജാലകത്തിന്റെ നേർക്കു നീട്ടിക്കൊണ്ട്, ആ മഹാഭ്യാസി ആയം പെരുക്കിയും ദൃഢപ്പെടുത്തിയും ആഞ്ഞു തുടങ്ങി. ജാലകത്തിന്റെ നടുപ്പടിയിന്മേൽ പിടികിട്ടി എന്നുള്ള സന്തുഷ്ടിയോടെ ആ ഊഞ്ഞോലാട്ടത്തെ നിയന്ത്രണം ചെയ്തു തന്റെ ശരീരത്തെ പാശത്തിൽനിന്നു മുക്തമാക്കി ജന്നൽപ്പടിയിന്മേൽ സ്ഥാപിപ്പാൻ മുതിർന്നും ശ്വാസനിയമനം ചെയ്തുകൊണ്ട് ആഞ്ഞപ്പോൾ, ശരീരം ഒന്നു വട്ടംകറങ്ങി. ഉത്തരക്ഷണം ആ ശരീരത്തെ വഹിച്ചുകൊണ്ടു പാശം ഋജുസ്ഥിതിയിൽ ലംബമായി നിലകൊണ്ടു.

തന്റെ പ്രയത്നം ഈ പ്രക്രമഘട്ടത്തിൽ പ്രതിബന്ധിക്കപ്പെട്ടപ്പോൾ പാർശസഹായം അപേക്ഷിച്ചുള്ള സാഹസത്തിൽ യമപാശംതന്നെ താൻ സന്ദർശിക്കുന്നു എന്ന് കണ്ഠീരവൻ തീർച്ചയാക്കി. പാശമാർഗത്തൂടെത്തന്നെ താഴത്തു ചാടിക്കൊള്ളണമെന്ന ഹിന്ദുസ്ഥാനിയിൽ ഒരു ആജ്ഞ അശരീരിവാക്കെന്നപോലെ വൃക്ഷമൂർദ്ധാവിൽനിന്നു പുറപ്പെട്ടു. [ 201 ] കണ്ഠീരവൻ ഒരു അനുസരണീയനേതാവിന്റെ ആജ്ഞാപ്രഭാവത്തെ ആ നിയോഗവാക്കുകളിൽ ശ്രവിച്ചു താഴത്തു ചാടി. ത്രിവിക്രമകുമാരൻ തെക്കു പടിഞ്ഞാറുനിന്നു മുന്നോട്ടു നീങ്ങിയതു കണ്ടപ്പോൾ കണ്ഠീരവൻ ദംഷ്ട്രങ്ങളെ കീറിച്ചു തന്റെ പൂർവ്വയുദ്ധത്തിലെ പ്രതിയോഗിയെ സല്ക്കരിച്ചു. അത്ഭുതമേ! രാജവീക്ഷണങ്ങളുടെ ദിവ്യചാതുരി അവർണ്ണനീയം! തന്റെ ശരീരത്തെ എടുത്തു പന്താടിയ അന്തകനും ഇതാ തന്നെ ബന്ധനവാസത്തിലേക്കു സല്ക്കരിപ്പാൻ എന്നപോലെ അടുക്കുന്നു! രാജമന്ദിരത്തിനകത്തുനിന്നു ഖഡ്ഗധാരിയായുള്ള ഒരു തൃതീയപാത്രവും രംഗപ്രവേശംചെയ്യുന്നു! കണ്ഠീരവന്റെ ഖഡ്ഗം ഉറയിൽനിന്നു പുറത്തായി. അഴകുശ്ശാർ, വിക്രമൻ, കുമാരൻതമ്പി എന്നിവർ ഇതു കണ്ടു പുറകോട്ടു വാങ്ങിയതേ ഉള്ളു. അവരുടെ ഭീരുതയെ അപഹസിച്ച് കണ്ഠീരവൻ ഒന്നു പൊട്ടിച്ചിരിച്ചു. സമീപത്തുണ്ടായ ശബ്ദങ്ങൾ കേട്ടു സ്വസൗധത്തിന്റെ ജാലകത്തിൽ എത്തിയ രാജർഷി ഒരു ഭാഗത്തോട്ടു നീങ്ങി, അനന്തരക്രിയകളുടെ സാക്ഷിയായി മാത്രം നിലകൊണ്ടു. രാജഭടന്മാർ ആരുംതന്നെ അവരവരുടെ സ്ഥാനങ്ങൾ വിട്ട് ആ മുറ്റവെളിയിലോട്ടു പ്രവേശിപ്പാൻ നമ്മുടെ മാന്ത്രികരുദ്രനെ പേടിച്ചു ധൈര്യപ്പെട്ടില്ല. കണ്ഠീരവൻ ആദ്യമായി കുമാരൻതമ്പിയെ ലക്ഷ്യമാക്കി ഖഡ്ഗം വീശി മുന്നോട്ട് അടുത്തു. പാശത്തിന്റെ സഹായത്താൽ നിലത്തെത്തിയിരുന്ന ഒരു കാഷായവസ്ത്രക്കുത്തിയുടുപ്പുകാരൻ തന്റെ കേശമീശകളെ സിംഹസടകൾ എന്നപോലെ ജൃംഭിപ്പിച്ചും, ഖഡ്ഗധാരയെ ചന്ദ്രപ്രകാശത്തിൽ ത്രസിപ്പിച്ചു തിളങ്ങിച്ചും കണ്ഠീരവന്റെ മുമ്പിൽ കടന്നു. ഖഡ്ഗങ്ങൾ രണ്ടും തമ്മിൽ ഇടഞ്ഞു. തീപ്പൊരികൾ ആകാശവീഥിയെ പ്രകാശിപ്പിച്ചു. യോദ്ധാക്കൾ രണ്ടും അംബരദേശത്തോട്ടുതന്നെ ഉയർന്നു. ജടായുദ്വന്ദ്വത്തിന്റെ പക്ഷപുടപ്രതാപം എന്നപോലെ മുഴങ്ങിത്തുടങ്ങിയ ഖഡ്ഗസംഘട്ടനങ്ങൾ കാണികളായ യുദ്ധചതുരന്മാരെയും സ്തബ്ധവൃത്തികൾ ആക്കി. വസ്ത്രശകലങ്ങൾ, മാംസഖണ്ഡങ്ങൾ എന്നിവ ദേഹത്തിൽനിന്നു വിച്ഛേദിക്കപ്പെട്ടു നിലത്തു പതിച്ചു. ഓങ്ങിയും താങ്ങിയും ചാഞ്ഞും ചെരിഞ്ഞും നിവർന്നും ജീവേഷ്ടിക്കു തക്കം നോക്കുന്ന ആ മായാവികളിൽ ഒരുവന്റെ ദേഹത്തിൽനിന്നു രക്തപ്രവാഹം ആരംഭിച്ചു. പോരാളികളുടെ പാദങ്ങൾ ചുകന്നു. രാമശരത്തിന്റെ പ്രയോഗവേഗത്തിൽ തെരുതെരെ ഉണ്ടാകുന്ന ലോഹസംഘട്ടനങ്ങൾ അഗ്നികണങ്ങളെ വർഷിക്കതന്നെ ചെയ്തു. കോപതാപശബ്ദങ്ങൾ ഒന്നും ആ പ്രതിയോഗികളിൽനിന്നു പുറപ്പെട്ടില്ല. പൂർണ്ണമുഖനായി പ്രശോഭിച്ച ചന്ദ്രന്റെ കിരണങ്ങൾ ഖഡ്ഗധാരകളിൽ പ്രതിബിംബിച്ചു ബഹുവലയാകൃതികളിൽ ആ സംഗരതലത്തിൽ പ്രകാശിച്ചു. ആ കുലിശരേഖകൾ താഴ്ന്നും ഉയർന്നും വൃത്തങ്ങൾ, ഋജുരേഖകൾ, നിരവധി കോണങ്ങൾ എന്നിവയെ പല നിരകളിലും തിളങ്ങിച്ചുകഴിയവേ, ഒരു ശരീരം ദൈർഘ്യം കുറഞ്ഞ ലോഹസ്ഥൂണംപോലെ പ്രതിയോഗിയുടെ ഖഡ്ഗത്തെയും സമാകർഷിച്ചുകൊണ്ടു ഭൂമുഖം അളന്നു. രക്തസ്നാതമായുള്ള ആ ശരീരത്തെ [ 202 ] പ്രഥമനൂട്ടിനായി ക്ഷണിച്ച മാന്ത്രികനും അദേഹത്തിന്റെ അതിഥികളും ആയി വഹിച്ചുകൊണ്ടു അക്ഷണത്തിൽ ആ രംഗത്തുനിന്നു നിഷ്ക്രാന്തന്മാരായി. രാജഭടന്മാരിൽ ചിലർ മുന്നോട്ടു നീങ്ങി, തുല്യശീഘ്രതയോടെ വിദഗ്ദ്ധമായ മാർജ്ജനകർമ്മംകൊണ്ടു രക്തപ്രസവത്തിന്റെ ലക്ഷ്യങ്ങൾ എല്ലാം നീക്കി. ബ്രഹ്മഹത്യ എന്ന അപരാധഭാരത്തെ മനസ്സിൽ വഹിച്ചുകൊണ്ടു മഹാരാജാവ് സ്വമഞ്ചത്തിൽ പതിച്ചു.

മന്ത്രാഭ്യസനംകൊണ്ടും ബൗദ്ധരാജ്യങ്ങളിലെ സഞ്ചാരങ്ങൾ നിമിത്തവും രൂക്ഷമാനസനായിത്തീർന്നിട്ടുള്ള കുഞ്ചൈക്കുട്ടിപ്പിള്ള കാര്യക്കാരെ വീട്ടിൽ ഇരുത്തിക്കളവാനും ആ തിരുവുള്ളം ചിന്തിച്ചു. നാഴിക മൂന്നുനാലു കഴിഞ്ഞു, കണ്ഠീരവരായരെ കൊന്നതിനുള്ള പരിഹാരകർമ്മങ്ങൾ മന്ത്രിയുടെ യാത്രാരംഭത്തിനു മുമ്പുതന്നെ നിർവ്വഹിക്കണമെന്നു കരുതി, മഹാരാജാവ് സ്വകുലവസിഷ്ഠരെ വരുത്തുന്നതിനു കല്പനകൾ കൊടുക്കുവാൻ തീർച്ചയാക്കി. രാജമന്ദിരത്തിലെ ഒരു പരിചാരകൻ പ്രവേശിച്ച് കുഞ്ചൈക്കുട്ടിപ്പിള്ള കാര്യക്കാരുടെ കൈയിൽ കിട്ടിയ ഒരു കടലാസ് എന്ന് അറിയിച്ചുകൊണ്ട് ഒരു ലേഖനത്തെ തിരുമുമ്പിൽ സമർപ്പിച്ചു. ഹിന്ദുസ്ഥാനിയിൽ, "സകല പ്രാബല്യങ്ങളുടെയും പ്രതിഷ്ഠാസ്ഥാനമായുള്ള സുൽത്താൻ ബഹദൂർ മഹാരാജകേസരി"യുടെ സന്നിധാനത്തിൽനിന്നു പുറപ്പെട്ടതായ ആ കല്പന വായിച്ചുതീർന്നിട്ട്, മഹാരാജാവ് ശ്രീപത്മനാഭന്റെ കൃപാധോരണിയെ സ്മരിച്ചും കുഞ്ചൈക്കുട്ടിപ്പിള്ള കാര്യക്കാരുടെ നേർക്കു തന്റെ കോപജ്യാവിന്മേൽ സന്ധാനംചെയ്തു ബാണങ്ങളെ ഉപസംഹരിച്ചും വീണ്ടും പള്ളിനിദ്രയ്ക്ക് ആരംഭിച്ചു.

യുദ്ധാങ്കണത്തിൽനിന്നു നീക്കപ്പെട്ട 'ശകുന'സാധനം ആ ദർശനലബ്ധി വാഞ്ഛിച്ച ദിവാൻജിയുടെ മുമ്പിൽ അരനാഴികയ്ക്കകം സമർപ്പിക്കപ്പെട്ടു. വഷസ്സിനെ സുരംഗീകരിച്ചു മുതുകിനെയും ഛേദിച്ചു സ്ഥിതിചെയ്യുന്ന ഖഡ്ഗത്തോടുകൂടിയ കണ്ഠീരവന്റെ ശരീരത്തെ കണ്ടപ്പോൾ ദിവാൻജി ചഞ്ചലമനസ്കനായി. ആ മല്ലന്റെ വസ്ത്രത്തിനിടയിൽനിന്നു കണ്ടുപിടിച്ചതായ ഒരു ലേഖനത്തെ മന്ത്രിയുടെ ഹസ്തത്തിൽ കുഞ്ചൈക്കുട്ടിപ്പിള്ളതന്നെ ഇട്ടുകൊടുത്തു. ദിവാൻജി തന്റെ സല്കാരശാലയിലേക്ക് നീങ്ങി അതിനെ വായിച്ചിട്ട്, "എന്ത് ആശ്ചര്യങ്ങളാണ് കുഞ്ചൈക്കുട്ടിപ്പിള്ളേ?" എന്നു ചോദിച്ചു.

കുഞ്ചൈക്കുട്ടിപ്പിള്ള: "ആശ്ചര്യമോ യജമാനേ? വഞ്ചിരാജധർമ്മവും യവനധർമ്മവും തമ്മിലുള്ള ഭേദം ആണ് ഈ കാണുന്നത്. രാജ്യങ്ങൾ അടക്കാനും ഭരിക്കാനും മോഹിക്കുന്നവർ 'രാമ കൃണ്ണ ഗോവിന്ദ' ജപിച്ചോണ്ടുനടന്നാൽ‌ കാര്യം ഊർദ്ധ്വം എന്നു ടിപ്പുവിൽനിന്നും പഠിക്കുക. വെറുതെയല്ല മൈസൂർ വ്യാഘ്രം എന്ന പേർ അദ്ദേഹത്തിനു കിട്ടിയിരിക്കുന്നത്. ഇ കണ്ഠീരവൻ ശ്രീരംഗം പട്ടണത്തിലെ പ്രസിദ്ധനായ ഒരു മൽപിടിക്കാരൻ ആണ്. ഞാൻ കണ്ടിരുന്നുവെങ്കിൽ ഇവനെ സല്ക്കരിപ്പാനും മറ്റും സമ്മതിക്ക ഇല്ലായിരുന്നു. ജാതി എന്തോ വടുകനോ വള്ളുവനോ ആണ്. അതുകൊണ്ടു മറ്റു പേടിയാൽ മനസ്സു കലങ്ങണ്ടാ! ശകുനം അത്യുത്തമം, [ 203 ] അതിശുഭം, അങ്ങോട്ടു മണ്ടിയ ഇവനെ ഈ തീട്ടൂരമാണ് നമ്മുടെ ഇന്നത്തെ സദ്യഊട്ടിനുള്ള പ്രഥമനായി ഇങ്ങോട്ടു തള്ളിവിട്ടത്."

ദിവാൻജി: "എല്ലാം ഭംഗിയായി കാര്യക്കാരേ! ഈ എഴുത്തിനെ അങ്ങോട്ടയച്ചേക്കാം. പള്ളിയുണർന്നാൽ സമയം കണ്ടു കാര്യക്കാർതന്നെ വസ്തുതകൾ തിരുമനസ്സിലറിയിക്കുക. ഈ ശവം എടുത്തുമറവുചെയ്തുകളയട്ടെ. നിങ്ങൾ ആ പത്മതീർത്ഥത്തിൽ ഒന്നു ചാടിയേച്ചു വേഗം വന്നേക്കിൻ. നേരം വെളിച്ചയാകാറാകുന്നു."

കുഞ്ചൈക്കുട്ടിപ്പിള്ള മൃതശരീരത്തിൽനിന്നും ഖഡ്ഗത്തെ വലിച്ചൂരി, അതിലെ രക്തത്തെ സ്വാംഗുലികളാൽ വടിച്ച്, ഏതോ മഹാകാളിയെ സങ്കല്പിച്ചുകൊണ്ട് ഒരു മന്ത്രവും ചൊല്ലി ദിവാൻജിയുടെ മുമ്പിൽത്തന്നെ പ്രോക്ഷിച്ചു. ഭരണധുരന്ധരന്മാർ രക്തദർശനസഹിഷ്ണുതയെ പരിശീലിക്കേണ്ടതിനെയും മറ്റുംപറ്റി അനന്തപത്മനാഭൻ പടത്തലവൻ പ്രസംഗിച്ചിട്ടുള്ളതിനെ ദിവാൻജി സ്മരിച്ചു.


പുലർച്ചയ്ക്ക് ഏഴെട്ടു നാഴികയേ ഉള്ളു എന്നു കണ്ടു ദിവാൻജി അതിഥിശാലയിലെ ദണ്ഡുചാവട്ടയിന്മേൽത്തന്നെ അർദ്ധനിദ്ര ആരംഭിച്ചു. സ്വപ്നങ്ങൾ എന്നുള്ള ബാധ പ്രവേശിച്ചുകൂടാത്തതായ ഒരു ക്ഷുദ്രയന്ത്രം അദ്ദേഹം ജന്മനാതന്നെ ബുദ്ധിയിൽ ധരിച്ചിരുന്നു എങ്കിലും, ദേഹമാത്രത്തിനുള്ള വിശ്രമോപായമായി ആ നിദ്ര അനുഷ്ഠിക്കപ്പെട്ടു. നാഴിക രണ്ടുമൂന്നു ചെന്നപ്പോൾ അതും വിഘ്നപ്പെട്ടു.

"പാലയ മധുമഥന പാവനപുണ്യശീലാ!" എന്നു സങ്കീർത്തനമട്ടിൽ പ്രയോഗിക്കപ്പെട്ട ഗാനം സമാഗതനെ സ്നേഹാദരപൂർവ്വം തന്നെ സല്ക്കരിപ്പാൻ ദിവാൻജിയെ എഴുന്നേല്പിച്ചു. ഒറ്റ ബ്രാഹ്മണനായി പ്രവേശിച്ചുകൂടെന്നുള്ള ബോധത്തോടെ പുത്രസഹിതനായി പുറപ്പെട്ടിരിക്കുന്ന മാമന്റെ ഈ ഗാനം കേട്ടു മറ്റൊരു ശുഭശകുനവും തനിക്കു കിട്ടി എന്നുള്ള സന്തുഷ്ടിയോടെ ദിവാൻജി നിലകൊണ്ടു. മാമൻ പരിസേവിജനങ്ങൾ കാൺകെതന്നെ, മന്ത്രിയുടെ ശിരസ്സിന്മേൽ ഹസ്തങ്ങൾ അർപ്പിച്ചുകൊണ്ട്, "അപ്പനേ! ഈ അവസ്ഥകൾ പത്മനാഭൻ കടാക്ഷിച്ചു തന്നിരിക്കുന്നു. മാമന്റെ പ്രാർത്ഥനകൾകൊണ്ടാണ് അപ്പന്റെ പ്രാഗത്ഭ്യം, അതു വേറൊന്ന്. തിരുമനസ്സിലെ കൃപാകടാക്ഷം, അതു മുഖ്യമായൊന്ന്. പോയി പാണ്ഡവരാട്ടം ജയിച്ചുവരിക, അതു കാണാനും അന്ന് കഥകളിയിൽ തിരുമനസ്സുകൊണ്ട് തല്ലാൻ വന്നാലും ചേങ്ങല ഏൾപ്പാനും മാമൻ ശേഷിക്കും. (സ്വരം താഴ്ത്തി) എന്നാൽ നാളത്തെ യാത്രയ്ക്കുള്ള വഴി ഒന്നു മാറ്റിയാൽ എന്തെന്നുണ്ട്."

ദിവാൻജി: "വഴിമാറ്റുകയോ? അതെല്ലാം കല്പിച്ച് അനുവദിച്ചുപോയതല്ലേ?"

ദിവാൻജിയെ കൂട്ടിച്ചുംകൊണ്ട് മാമൻ നിദ്രാശാലയിലേക്കു നീങ്ങി. അവിടെ എത്തിയപ്പോൾ മാമൻ വഹിച്ചിരുന്ന ദൗത്യത്തിന്റെ [ 204 ] രഹസ്യസ്വഭാവം ഒന്നുകൂടി വർദ്ധിച്ചു. സ്നേഹസ്വാതന്ത്ര്യത്തോടെ തന്റെ വത്സലനായ പുരുഷകേസരിയെ ഹസ്തത്താൽ ആവരണം ചെയ്തുകൊണ്ടു, കർണ്ണത്തിൽ ഒരു വസ്തുത ധരിപ്പിച്ചു. ദിവാൻജി അല്പനേരം പുളകിതശരീരനായി മിണ്ടാതെ നിന്നിട്ട്, "എന്താണ് മാമാ, ഇതിന്റെ സാരം?" എന്നു ചോദിച്ചു.

മാമൻ "എന്തോ?" എന്നു യുവകാലത്തെന്നതുപോലെ അഭിനയിച്ചു. തന്റെ ഉപകർത്രിണിയുടെ നാമത്തെ ഒന്നുകൂടി കേൾപ്പാനുണ്ടായ മോഹത്തോടെ കൃതജ്ഞതയെയോ സ്നേഹബഹുമാനങ്ങളെയോ ജലദ്രവങ്ങളാൽ കണ്ണുകളിൽ പ്രകാശിപ്പിച്ചുകൊണ്ട് "ആരു പറഞ്ഞയച്ചു?" എന്നു ദിവാൻജി വീണ്ടും ചോദിച്ചു.

മാമൻ: "അന്ത രാജരാജേശ്വരിതാൻ അപ്പാ! മാമൻ അവരുടെ കുട്ടിപ്പട്ടർ, ഈ കിഴട്ടു വാണാൽ വഴിയാക ധരിപ്പിച്ചതിന്റെ ബുദ്ധിക്കും വിലവയ്ക്കുക. എന്തു മഹത്ത്വം! ഭർത്താവായ തുംഗപ്രഭു, ഹരിയോഹരിസ്സാംബർ, ഇതു വല്ലയിളവും അറിയുന്നോ?"

ദിവാൻജി: "എന്താ ഇങ്ങനെ പറഞ്ഞയപ്പാൻ? എന്തെങ്കിലും ആകട്ടെ. മാമൻതന്നെ പോയി വസ്തുത തിരുമനസ്സറിയിച്ചു കല്പന വാങ്ങണം. അലക്ഷ്യമാക്കിക്കൂടാ."

മാമൻ: "ആ ശ്രീമതിയുടെ കല്പനയല്ലേ? മറുത്തുകൂടാ. സങ്കീർത്തനക്കാർ അവരുടെ ശ്വാനോളികൾ നിറുത്തുമ്പോൾ കൊട്ടാരത്തിലെ കല്പന മാമൻ കൊണ്ടന്നേക്കാം. മറിച്ചു കല്പിച്ചാൽ നിങ്ങൾ രണ്ടുപേരെക്കൊണ്ടും ആ ഭണ്ഡാരം-ഇങ്ങോട്ടു സ്വന്തനേട്ടംപോലെ കൊണ്ടുപോന്നില്ലേ... അതിനെ അങ്ങോട്ടു വയ്പിക്കുകയില്ലേ മാമൻ? വിടുവനാ?"

മാമൻ അവിടന്നു പുത്രനോടൊന്നിച്ചു യാത്രയായി. രണ്ടുനാഴിക കഴിഞ്ഞപ്പോൾ അനുകൂലകല്പന വഹിച്ചും ഗാനങ്ങളാൽ ആകാശത്തെ പൊടിപെടുത്തിയുംകൊണ്ടു മടങ്ങി എത്തി. താനും സമുദ്രമാർഗ്ഗമായിത്തന്നെ യുദ്ധരംഗത്തിൽ എത്തുവാൻ നിശചയിച്ചിരിക്കുന്നു എന്നു പത്തേമാരികളുടെ ഉടമസ്ഥനായ തന്റെ ബന്ധുവെ വരുത്തി പറഞ്ഞിട്ട്, ദിവാൻജി യാത്രാരംഭത്തിനുമുമ്പ് അനുഷ്ഠിക്കേണ്ടതായ ഉഷഃകർമ്മങ്ങൾക്കായി തിരിച്ചു.

ശത്രുപക്ഷത്തിലെ ഒരു സാരണതുല്യപ്രധാനന്റെ ജീവഹതി ആയുള്ള നരബലി കഴിഞ്ഞു ദിവാൻജിയുടെ യുദ്ധയാത്ര ആരംഭിക്കുന്നു എന്ന വസ്തുത മഹാരാജാവിന്റെയും ദിവാൻജിയുടെയും പാർശ്വസേവികൾ മാത്രം ഗ്രഹിച്ചു. എങ്കിലും മന്ത്രിയുടെ യാത്രാദിവസം ഉദയത്തിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിലെ പൗരപ്രധാനന്മാരായ അയ്യായിരത്തിൽപ്പരം ജനങ്ങൾ അദ്ദേഹത്തോടൊന്നിച്ച് അപ്പോൾ ആരംഭിക്കുന്ന കുരുക്ഷേത്രരംഗത്തിൽ പ്രവേശനം ചെയ്‌വാൻ, ദ്വാരകാവാസിയാൽ നിയുക്തമായുള്ള യാദവസേന എന്നപോലെതന്നെ, സഞ്ചയിച്ചു. അവർക്കു സ്വാഗതം പറഞ്ഞുകൂടിയ തലസ്ഥാനത്തെ പൗരതതിയും അവരും ഒന്നിച്ചു നഗരപ്രദക്ഷിണം തുടങ്ങിയപ്പോൾ [ 205 ] ശ്രീരാമവർമ്മമഹാരാജാവിന്റെ അമരാരാധിതപുരി ഒന്നു പാടേ ഇളകി. ദിവാൻജി പ്രാതഃസ്നാനാദികളും സമാപിച്ചു, ഭസ്മലേപനത്താൽ ഭാസ്വത്തായ ലലാടവക്ഷസ്കന്ധങ്ങളോടെ, രാജദത്തമായുള്ള മുദ്രാഖഡ്ഗധാരിയായി ശ്രീപത്മനാഭക്ഷേത്രപ്രാകാരത്തെ തരണംചെയ്തപ്പോൾ ലക്ഷദീപസംഘമെന്നപോലെ മുമ്പറഞ്ഞ ജനബാഹുല്യം ശീവേലിമണ്ഡപങ്ങളിലും മുറ്റവെളികളിലും നിറഞ്ഞു, ക്ഷേത്രവളപ്പിനകത്തായപ്പോൾ ഖഡ്ഗത്തെ അനുചരങ്കൽ ഏൽപിപ്പിച്ചിട്ടു ദിവാൻജി കിഴക്കെ ശീവേലിമണ്ഡപത്തിന്റെ മദ്ധ്യത്തിൽ ഗരുഡവിഗ്രഹാങ്കിതമായ സ്വർണ്ണധ്വജത്തിന് അഭിമുഖനായി മുകുളീകൃതപാണിയായി നിലകൊണ്ടു, സ്വഹൃദയത്തെ പ്രതിഷ്ഠാവേദിയിലോട്ടു സമാരാധിച്ച സമയം വിജയാനുഗ്രഹത്തിനുള്ള പ്രാർത്ഥന ബഹുസഹസ്രം കണ്ഠങ്ങളിൽനിന്നു വിഷ്ണുപദത്തിലേക്ക് ഉയർന്നു. മന്ത്രിയാൽ നീതമാകുന്ന രാജസൈന്യത്തിന്റെ വിജയാപ്തിക്കായുണ്ടായ വിശേഷാൽ പൂജകളിലെ ശംഖനാദങ്ങൾ പാഞ്ചജന്യത്രയത്തിന്റെ ഉഗ്രോങ്കാരധ്വനിയിൽ മുഴങ്ങി രാജമന്ദിരവാസിയായ മഹാരാജേന്ദ്രനെയും രോമാഞ്ചകവചിതനാക്കി. ഒറ്റക്കല്ലുമണ്ഡപത്തിൽ പ്രവേശിച്ച് അവിടത്തെ സജീവപ്രതിഷ്ഠയുടെ സാന്നിദ്ധ്യത്തിൽ ധ്യാനസ്ഥനായി നിലകൊണ്ടു, ആ രാജയോഗാഭ്യസ്തൻ ബഹിരിന്ദ്രിയങ്ങളെ ഹനിച്ചു, സുഷുമ്നാന്തസ്ഥമായ പുരുഷാത്മാവെ പ്രവർത്തനം ചെയ്യിച്ചപ്പോൾ ആ ബ്രഹ്മവിദ്യാപ്രയോഗം സാക്ഷാൽ പരംപുരുഷശക്തിയെ സ്വാത്മവേദിയിലേക്കു സ്വസ്വാമികാര്യാർത്ഥം ആവാഹിച്ചു. കത്തിജ്വലിക്കുന്ന കർപ്പൂരദീപശിഖയിന്മേൽ കൈയണച്ച് അതിന്റെ ആതപശക്തിക്കു സുപ്രജ്ഞമല്ലാതെ നില്ക്കുന്ന തൃപ്പാദാർപ്പിതമായുള്ള ആ ദേഹിയുടെ ആവാസക്ഷേത്രം, അതു വഹിക്കുന്ന ജീവദേഹികളെ ആ പുണ്യസങ്കേതത്തിനു വിഘാതം ഉണ്ടാകാതിരിപ്പാൻ ബലിചെയ്തുകൊള്ളുന്നു എന്നു കനകധൂപക്കുറ്റിയെയും അതിൽ കത്തിജ്വലിക്കുന്ന ശിഖയെയും കനകാഗ്നികളായും, പുരോഭാഗത്തുള്ള രത്നോജ്വലപ്രതിഷ്ഠയെ സർവസാക്ഷിയായും സങ്കല്പിച്ചു പ്രതിജ്ഞചെയ്തു. മഹാരാജാവിന്റെ ആജ്ഞാകരപ്രധാനന് ഉചിതമായുള്ള വിധത്തിൽ നല്കപ്പെട്ട പ്രസാദവും വാങ്ങിക്കൊണ്ടു. ആ ദിവ്യസങ്കേതത്തിലെ മറ്റു സന്നിധാനങ്ങളിലും തൊഴുതു പ്രദക്ഷിണങ്ങളും വെച്ചു, ബഹുജനപരിവൃതനായി അദ്ദേഹം രാജമന്ദിരത്തിൽ എത്തി.

ഉദയത്തിനു മുമ്പുതന്നെ കോവിലിലെഴുന്നുള്ളത്തുകഴിച്ചു പള്ളിയറയിൽ എഴുന്നള്ളി വിജയപ്രാർത്ഥനകൾക്കു മാത്രം ദത്തമായ ഹൃദയത്തോടെ നിന്നിരുന്ന നിസ്സീമമഹിമാവാനായ സ്വാമിയുടെയും അവിടുത്തെ രക്ഷാകേന്ദ്രത്തിലെ ശാർങ്ഗശക്തിയെത്തന്നെ ആവാഹിച്ചുകൊണ്ടുപോന്ന ഭൃത്യോത്തമന്റെയും അന്നത്തെ സന്ദർശനം സുപരീക്ഷിതമായുള്ള ഒരു നാരായണനരബന്ധത്തിന്റെ അചഞ്ചലപ്രശാന്തമായുള്ള സമുദ്യോതനം ആയിരുന്നു. മഹാരാജാവിന്റെ തൃക്കൈകളാൽ സ്വമന്ത്രിപ്രധാനനായ ഭക്താഢ്യനു നല്കപ്പെട്ട അങ്കികൾ, ഉഷ്ണീഷം എന്നിത്യാദികൾ അവയെ അലങ്കരിച്ചിരുന്ന കനകമണികൾക്കിടയിൽ [ 206 ] ചില അശ്രുമണികളും ഭാസ്വത്തരമായി തിളങ്ങിച്ച്, ആ ദാനങ്ങളാൽ സമ്മാനിതനായ മഹാധീമാനെ അസ്തപൗരുഷനാക്കി.

മഹാരാജാവിനാകട്ടെ, അവിടുത്തെ ഭൃത്യപ്രധാനനാകട്ടെ, വല്ലതും കല്പിക്കുന്നതിനോ ഉണർത്തിക്കുന്നതിനോ നാവുകൾ സ്വാധീനങ്ങൾ ആകുന്നില്ല. "കേശവാ!" "അടിയൻ!" എന്നീ രണ്ടു പദങ്ങൾകൊണ്ട്, ആജ്ഞാദാനവും അംഗീകരണബോധനവും സമാപിക്കപ്പെടുന്നു. കരുണാവൃദ്ധനായ രാജർഷിയുടെ തരളാംഗ്യങ്ങൾ നിരർഗ്ഗളഭക്തനായ ഭൃത്യനെ സർവ്വാംഗം തളർത്തി, അവിടുത്തെ തൃപ്പാദങ്ങളിൽ പ്രണാമവാനാക്കി വീഴ്ത്തുന്നു. രാജഹസ്തങ്ങൾ ത്രസിച്ചു, പൈത്രമായ വാത്സല്യപൗഷ്കല്യത്തോടെ ഭൃത്യനെ എഴുന്നേല്പിക്കുന്നു. പ്രജാഹൃദയവേദിയിൽ ചിരഞ്ജീവവാസത്തെ സമാർജ്ജിച്ച ആ പുണ്യാബ്ധിശശാങ്കൻ, ശ്രീപത്മനാഭന്റെ തിരുനാമമാകുന്ന ദിവ്യമന്ത്രത്തിന്റെ ഉച്ചാരണത്തോടെ തന്നാൽ പ്രതിഷ്ഠിതനായുള്ള ആ സചിവകേസരിയുടെ ശിരസ്സിൽ തൃക്കൈകൾ രണ്ടും അനുഭാവസമുത്കർഷത്തോടെ അണച്ചു, തന്റെ ഓജസ്സിനെ വിജയസിദ്ധ്യാർത്ഥം അങ്ങോട്ടു പകർന്ന്, ആശിസ്സുകൾ നല്കി വിട അരുളുന്നു.

നാലഞ്ചു നാഴിക കഴിഞ്ഞപ്പോൾ മന്ത്രിഭവനത്തിൽനിന്നു തിരുവിതാംകൂർ രാജ്യത്തിന് അതിനുമുമ്പ് ലഭ്യമായിട്ടില്ലാത്തതും പിമ്പു കാണാൻ കഴിയാത്തതും ആയ ഒരു ഘോഷയാത്രയുടെ ആരംഭം ഉണ്ടായി. മഹാരാജാവിൽ ദത്തമായുള്ള അങ്കികളും രത്നാഞ്ചിതമായുള്ള മകുടവും മണിഹാരങ്ങളും കഠാരിയും പരിചയും ഖഡ്ഗവും ധരിച്ചു, ശ്രീപത്മനാഭക്ഷേത്രവും രാജമന്ദിരവും നോക്കി തൊഴുത്, വാഹനത്തെ അഭിവാദ്യവുംചെയ്ത്, വലതുകൈയിൽ ഖഡ്ഗവും ഇടതുകൈയിൽ കടിഞ്ഞാണും അമർത്തി രാജസ്വമായുള്ള ഉച്ചൈശ്രവസ്സിന്മേൽ ആ സുമന്ത്രസേനാനി ആരോഹണം ചെയ്തപ്പോൾ, ജന്മഭൂമി എന്നുള്ള അഭിമാനത്തിന്റെ പ്രതിഷ്ഠാദേഹങ്ങളായ പൗരനിവഹം തങ്ങളുടെ രാജ്യത്തെ ബാധിച്ചിരിക്കുന്ന മഹാവിപത്തിൽനിന്ന് അതിനെയും തങ്ങളെയും രക്ഷിക്കുവാനായി മഹാരാജാജ്ഞയാൽ പുറപ്പെടുന്ന ആ സേനാനായകനും അദ്ദേഹത്താൽ നയിക്കപ്പെടുന്ന സേനയ്ക്കും പരിപൂർണ്ണ വിജയത്തെ ഹാർദ്ദമായി ആശംസിച്ചു. ഇന്ദ്രരഥവീഥിയോളം ഉയർന്ന ഈ ഘോഷം ക്ഷേത്രഗോപുരത്തിലും രാജസൗധത്തിലും നഗരചത്വരങ്ങളിലും സംഘട്ടനംചെയ്തു ദൂരസ്ഥിതജനതയിലും ഒരു അദൃശസ്പന്ദനത്തെ സംജാതമാക്കി. നഗരലക്ഷ്മിയും സവിശേഷം പ്രസാദിച്ചു നൃത്തംചെയ്തു രാജരാജ്യങ്ങളുടെ വിജയത്തിനും ശ്രേയസ്സിനും അനുഗ്രഹഹസ്തങ്ങളെ വീശി, ആകാശവീഥിയിൽ ഒരു ദിവ്യദ്യുതിയെ പ്രചരിപ്പിക്കുന്നു എന്നുള്ള ബോധപ്രമോദം ആശീർവ്വാദികളെയും യാത്രക്കാരെയും ഒരുപോലെ നിശ്ചിതവിജയന്മാരാക്കി. രാജയോഗ്യമായുള്ള വാദ്യഘോഷങ്ങളും ബഹുസഹസ്രകണ്ഠങ്ങൾ ചേർന്നുള്ള അത്യുച്ചാരവങ്ങളും, കുഞ്ചൈക്കുട്ടിപ്പിള്ളക്കാര്യക്കാരുടെ ദന്തദ്യുതിയും മാമന്റെ ശിരസ്ത്രസനങ്ങളും [ 207 ] ആഡംബരവേഷങ്ങളിൽ നിരന്ന അകമ്പടിക്കാരായ ഭടജനങ്ങളുടെ സൈനികപ്രഭാവങ്ങളും സമരാങ്കണമുഖന്മാരായി പ്രസ്ഥാനം ആരംഭിക്കുന്ന നേതൃസംഘത്തെ സമഗ്രവീര്യന്മാരാക്കി. രാജ്യത്തിന്റെയും സ്വസ്വാമിയുടെയും സകല ആശയും മോഹവും തന്നിൽ നിക്ഷിപ്തമായിരിക്കുന്ന ബാദ്ധ്യതയെ താൻ ഗ്രഹിക്കുന്നു എന്നുള്ള ഗൗരവത്തെ മുഖത്തു പ്രകാശിപ്പിച്ചും ആശംസകളെയും ആശിസ്സുകളെയും അശ്വകണ്ഠത്തോളവും താഴ്ന്നുള്ള ശിരഃകമ്പനങ്ങളാൽ അംഗീകരിച്ചുകൊണ്ടും ടിപ്പുസുൽത്താനായ ഡിംഭസമഗ്രന്റെ പദാതിനിരയായ വ്യാഘ്രസഹസ്രങ്ങളെ അമർത്താൻ, യശശ്ചന്ദ്രഹാരത്താൽ പരിവേഷ്ടിതനായ ആ നായകകുലമഹാരത്നം രശ്മിസൂത്രത്തെ ഇളക്കി.