Jump to content

താൾ:Ramarajabahadoor.djvu/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രണ്ടാം ഭാഗം



അദ്ധ്യായം പത്തൊൻപത്

"പിഴച്ചുകാണുന്നു നിമിത്തങ്ങളെല്ലാം
കുഴപ്പമേതാനും വരുകകൊണ്ടത്രേ...
വിളങ്ങിടും ജ്യോതിർഗ്ഗണങ്ങളും മങ്ങി."


സഹ്യപർവ്വതനിരയുടെ പശ്ചിമകടകങ്ങൾ സാമാന്യേന അന്തിമോപത്യകകളോടെ അറുക്കുമ്പോൾ, കർഷകപരിലാളിതങ്ങളായുള്ള ചെറുകുന്നുകളായി പരിണമിക്കുന്നു. ഇങ്ങനെയുള്ള ഗോവർദ്ധനപോതങ്ങളുടെ പംക്തികൾ പൂർവ്വദക്ഷിണ പശ്ചിമഭാഗങ്ങളെയും തിരുവിതാംകൂറിലെ മഹാനദി ഉത്തരദിങ്മുഖത്തെയും വലയം ചെയ്തുള്ള ഒരു പ്രകൃതിദേവീതല്പത്തിൽ ബഹുധാ വിശ്രുതപ്പെട്ടിരുന്ന മാങ്കാവിൽ ഭവനം നിലകൊണ്ടിരുന്നു. ശ്രീശങ്കരമഹാചാര്യരുടെ അവതാരബാല്യാദ്ഭുതങ്ങൾ കാണ്മാനുള്ള കർമ്മപരിപാകത്താൽ അനുഗ്രഹീതമായിരുന്ന പരിസരപ്രദേശങ്ങളിലെ ഉപസമ്രാഡ്പദം കേരള വെൺക്കൊറ്റക്കുടക്കാരുടെ മധുരബന്ധജമായ പ്രസാദത്തോടുകൂടിത്തന്നെ മാംകാവിലെ സ്വസൃഹിതവർത്തികളായ കാരണവൻമാർ വഹിച്ചുവന്നിരുന്നു. ഈ ഭവനയശസ്സിന്റെ അപ്രതിരുദ്ധപ്രവാഹത്തെ അതിലെ മാധവീകാവ്, കല്യാണീകദംബങ്ങളുടെ ദേവവനിതാത്വം, സമകാലീനങ്ങളായ ധർമ്മപ്രബോധനങ്ങളുടെ ശ്ലഥഗതിനിമിത്തം ഓരോ പരമ്പരയോടും പ്രവൃദ്ധമാക്കി. രാജഭണ്ഡാരാംശങ്ങൾ, പ്രഭുസംഭാവ്യകൾ, ബ്രഹ്മകുലാഢ്യന്മാരുടെ പാരിതോഷകങ്ങൾ എന്നിവ സഞ്ചയിച്ച് ആ ഗൃഹത്തിലെ സമ്പൽഗരിമ മനുഷ്യമോഹത്തിന്റെ സീമയെ അതിലംഘിച്ചു പെരുമാക്കന്മാരുടെ കാലംമുതൽ, കേരളത്തിലെ പല മണ്ഡലാധിപന്മാരുടെ അന്തഃപുരങ്ങളെയും, 'നിഗ്രഹാനുഗ്രഹജിഹ്വ'ന്മാരുടെ അന്തഃകരണങ്ങളെയും വിരാജമാനമാക്കിപ്പോന്ന 'താരാകുന്തീ'പ്രഭൃതികളെ രംഗയോഗ്യകളാക്കി പുറപ്പെടുവിപ്പാനുള്ള സൗഭാഗ്യാംശങ്ങളുടെയും ആ അണിയറ കാലാന്തരത്തിൽ ധനദമന്ദിരമായിത്തീർന്നത് ഒരു വിചിത്രകഥയല്ലല്ലോ. അനന്തനിക്ഷേപങ്ങളെ ഗുഹനം

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/208&oldid=168048" എന്ന താളിൽനിന്ന് ശേഖരിച്ചത്