Jump to content

താൾ:Ramarajabahadoor.djvu/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാക്കി നിലകൊള്ളിച്ചിട്ടുണ്ട്. ബാലികയുടെ അകാലപുഷ്ടിയും അനർഘസൗന്ദര്യവും അവരെക്കൊണ്ടു വിദ്യുത്പ്രയോഗത്താലെന്നപോലെ സമാഗതദുരന്തത്തിന്റെ അനന്തതിമിരതയെ ദർശിപ്പിച്ചു.

മാധവിഅമ്മ മദ്ധ്യകേരളരീത്യാ ഒരു സന്ധ്യാതിഥിയുടെ നിശാകാലസൽക്കാരിണിയാകാനുള്ള വയഃപൂർത്തിയിലെത്തിയപ്പോൾ ഉറവാൾക്കാർ, മാടമ്പുകാർ, സർഗ്ഗപ്രധാനകുശലന്മാർ, ധനതല്പശായികൾ, കലാകുലേശന്മാർ എന്നിവർ ആ രതീസ്യമന്തകത്തെ ചതുരുപായപ്രയോഗംകൊണ്ടെങ്കിലും ഹസ്തഗതമാക്കാൻ ചിന്തിച്ചു, കാമുകക്കാപ്പു ധരിച്ച് അങ്കം, ചുങ്കം, മന്ത്രം, തന്ത്രം, കൃഷി, കവനം മുതലായ ലോകസുഖോപയുക്തങ്ങളായ കാര്യങ്ങളിൽ മനോരാജ്യതന്ദ്രിയെ ഭജിച്ചു. എങ്കിലും സ്ഥാനപതികൾ, പർണ്ണാദന്മാർ, ഹംസത്താന്മാർ, തെരുതെരെ മാംകാവിലെ അംബാദ്വന്ദ്വത്തെ സന്ദർശിച്ചു മാരസന്ദേശങ്ങൾ അഥവാ പരിണയാപേക്ഷകൾ സമർപ്പിച്ചു. മാധവിയുടെ മാതാവാകാൻ ഭാഗ്യവതിയായ മഹതിക്കുപോലും സ്വപുത്രിയുടെ ഇംഗിതമറിഞ്ഞ് ആ ദൂതസംഘത്തിൽ ഒരുത്തനെയെങ്കിലും സന്തോഷിപ്പിക്കാൻ ധൈര്യം തോന്നാഴികയാൽ, ആ വാർത്താവഹസംഘങ്ങൾ അന്നന്നത്തെ അർഘ്യാദ്യുപചാരങ്ങളംഗീകരിച്ചു പ്രേഷകപാദങ്ങളിൽ പതിച്ചു മനസ്സന്ധികർമ്മത്തിൽ പറ്റിയ പരാജയവാർത്തയെ സലജ്ജം സമർപ്പിച്ചു.

കാലം അതിത്വരയോടെ ഗമനം ചെയ്തു. മാധവിഅമ്മ മാംകാവിൽ ഭവനത്തിന്റെ അഘകേസരങ്ങൾ സമുച്ചയംചെയ്തുള്ള ഒരു സ്തബകം തന്നെയായിരുന്നു. സൗന്ദര്യാഹങ്കാരം ധനാഹങ്കാരത്തെക്കാൾ കുടിലതരപ്രയോഗങ്ങളെക്കൊണ്ടു ലോകത്തെ ദുരിതഗർത്തങ്ങളിലോട്ടു പായിക്കുന്നു. ധനാഹങ്കാരം പൂട്ടറഭൂതം എന്ന ദ്വാസ്ഥസ്ഥാനത്തെ വഹിച്ചു ലോകവ്യാപാരത്തിൽ ഒരു നിർജ്ജീവാംശമായിത്തീർന്നേക്കാം.സൗന്ദര്യാഹങ്കാരം ഭക്ഷ്യലബ്ധിയിൽ സംതൃപ്തിവരാതുള്ള ഒരു കടങ്കടമൂർത്തിയായി സമുദായധ്വംസനമാകുന്ന അനുസ്യൂതതാണ്ഡവത്തെ സാട്ടഹാസം നിർവ്വഹിക്കുന്നു. ഈ അഹങ്കാരത്തിന്റെ നിസ്സീമതനിമിത്തം മാംകാവിൽ ഭവനത്തിന്റെ അവസ്ഥ എന്ത് ഉന്മാദവൃത്തികളുടെ ബീഭത്സതയാൽ വിലക്ഷണീഭവിച്ചു എന്ന് ഇവിടെ വർണ്ണിക്കുന്നില്ല. ആ ഭവനത്തെ ആവേഷ്ടനം ചെയ്ത തിമിരനിരയിൽ സുപ്രഗല്ഭമായ പുരുഷനിയന്ത്രണംകൂടാതുള്ള അബലാചാപല്യത്തെക്കുറിച്ചു പ്രകൃതിക്കുള്ള കൃപാവീക്ഷണഫലമെന്നപോലെ പ്രഭാപ്രസൃതമായ ഒരു രജതബിംബച്ഛവി സംഘടിതമായി. ഗോവർദ്ധനസാനുക്കളിലെ വൃക്ഷങ്ങളെ പരിരംഭണംചെയ്തും മാധവിഅമ്മയുടെ സ്നാനവേളകളിൽ നദീതീരത്തെ അടി അളന്നും ക്ഷേത്രദർശനസന്ദർഭങ്ങളിൽ പ്രസാദദാനത്തിനുള്ള കുട്ടിപ്പട്ടസ്ഥാനത്തെ വഹിച്ചും അയൽസംസ്ഥാനവാസിയായ ഒരു യുവരസികാഢ്യൻ അവളുടെ ബാന്ധവസ്ഥാനത്തിൽ ചാടിക്കടന്നുകൂടി. സമീപലോകം ആശ്വാസസൂചകമായി ഒന്നു നിശ്വസിച്ചു, നാഗന്തളിമനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെ ബാന്ധവം ഏതു മഹാരാജ്ഞിക്കും സമുചിത

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/211&oldid=168052" എന്ന താളിൽനിന്ന് ശേഖരിച്ചത്