പ്പോൾ, അവരുടെ ബാന്ധവക്കാരായ ഛന്ദസ്കൂടങ്ങൾ അമ്പരന്നു. ഗീർവാണകൈരളീവാണികളിൽ ഉക്തങ്ങളായുള്ള മന്ത്രങ്ങൾ ദൃശ്യമായുള്ള കർമ്മവിപാകജബാധകളുടെ ഉച്ചാടനത്തിനു മതിയല്ലെന്നു ഭട്ടതിരിവിധിയും പടിപ്പുരച്ചാർത്തും വാങ്ങി, ഉത്തരദേശസഞ്ചാരം ചെയ്തു ലാടനോ ഭാട്ടനോ ആയുള്ള ഒരു ഉപവീതധാരിയെ ശംഖപഞ്ചവാദ്യാദിസമേതം എഴുന്നെള്ളിച്ചു മാംകാവിലെ മഠക്കെട്ടിൽ ആശ്രമപീഠം സ്ഥാപിച്ചു പ്രതിഷ്ഠിച്ചു. മൗനദീക്ഷാപരനായുള്ള ഈ യുവമാന്ത്രികസിദ്ധന്റെ ഹോമകർമ്മങ്ങളിലെ 'സമ്പ്രീണയ'ധ്വനികൾക്കു ഗ്രഹകദംബവും ദേവകോടികളും പിണിയാളുകളുടെ പുരോഗാമികളായ പിതൃപരമ്പരകളും വഴങ്ങി മാംകാവിൽഭവനത്തിന്റെ യഥാവകാശസംരക്ഷണത്തിനു ബദ്ധപവിത്രന്മാരായി മഠത്തിലെ ഹോമഗർത്തത്തിനു ചുറ്റും ഋത്വിക്സ്ഥാനം വഹിച്ചു നിരന്നു. ശങ്കിക്കപ്പെട്ട വന്ധ്യാത്വം ഹോമാഗ്നിയിൽ ആഹുതീഭവിച്ച് ഒരു അത്ഭുതാവതാരത്തിന്റെ ഗർഭചിഹ്നങ്ങൾ ഒരു സഹോദരിയിൽ കണ്ടു തുടങ്ങി. മാന്ത്രികചാതുര്യത്തെ അഭിമാനിച്ചിട്ടു സാക്ഷാൽ ദർപ്പകദേവൻതന്നെ തന്റെ നിഷ്കായതയിൽനിന്ന് ഉത്ഥാനം ചെയ്ത് ആ ഭവനദർപ്പത്തിന്റെ പരിരക്ഷണാർത്ഥം കമനീരൂപത്തെ കൈക്കൊണ്ട് അവിടത്തെ സൂതികാഗൃഹത്തിൽ വിശ്വഭ്രാമകാവതാരം ചെയ്തു.
സ്വർവ്വനിതാഗാനത്തിന്റെ മധുരിമ ചേർന്നുള്ള ക്രന്ദനങ്ങളോടെ, പണ്ടു യശോദാഗർഭത്തിൽനിന്നുദിച്ച മായാംബിക എന്നപോലെ അഭൗമമായുള്ള ഒരു തേജഃപുഞ്ജം ആ ഗൃഹത്തിൽ സജാതമായപ്പോൾ, മാന്ത്രികൻ സാക്ഷാൽ പ്രാജാപത്യനിലയിൽത്തന്നെ മാംകാവിലെ സൗഭാഗ്യാനുഭോക്താക്കളായുള്ള സമുദായപരാശരന്മാരാൽ സംഭാവ്യമാനനായി. ആ ബാലാംബിക മാംകാവിലെ ഗൃഹാങ്കണങ്ങളിൽ വിഹാരസഞ്ചാരമാരംഭിച്ചു നിപാതക്രന്ദനങ്ങൾ തുടങ്ങിയപ്പോൾ ഭവനം ഇന്ദ്രന്റെ നൃത്തശാലയായിത്തീർന്നുവെന്നു ദാസികൾ ഉൽപ്രേക്ഷിച്ചു. അപരിജ്ഞേയമായുള്ള ഒരു നീലവജ്രദ്യുതി ആ ഹേമപ്രഭാവതിയെ ഒരു പരിവേഷമെന്നപോലെ നിതാന്തം ആവരണംചെയ്തു. ഈ കാന്തിപൂരത്തിന്റെ അപ്രമേയത കണ്ടു, സ്വസന്താനവല്ലിയുടെ സംഗതിയിൽ ഭഗവന്മതം എങ്ങനെ പരിണമിക്കുമോ എന്നു ചിന്തിച്ചു മാംകാവിലെ അപ്സരോയുഗ്മം ഇദംപ്രഥമമായി ഭഗവൽസത്വം എന്നുള്ള ശക്തിയെ സ്മരിച്ചു. അക്ഷരാഭ്യസമാരംഭിച്ചു കർണ്ണവേധം കഴിഞ്ഞപ്പോൾ, ആ ബാലികയിൽ പുഷ്ടശരീരതകൊണ്ട് ഒരു ലളിതകുമാരിയുടെ ധാടിയും വശീകരതയും ആകർഷണശക്തിയും സാന്ദ്രകാശത്തോടെ വിളങ്ങി. രാജരാജേശ്വരകുമാരി എന്നപോലെ സൗന്ദര്യാഹങ്കാരജന്യമായുള്ള സ്വതന്ത്രബുദ്ധ്യാ ദിഗംബരയായും ജഘനപര്യന്തം ആച്ഛാദിക്കുന്ന കബരീഭാരത്തെ ചിന്നിപ്പറത്തിയും പരിസരാകാശത്തിൽ കനകപ്രകാശം വിതറി ദേവദാസീനൃത്തം തുടർന്നു, കനകമൃഗത്വരയോടെ മണിയറകളെയും ഗൃഹാങ്കണങ്ങളെയും, നദീപ്രാന്തത്തെയും ഗോവർദ്ധനനിരകളെയും തകർക്കുന്നത് പേക്ഷകലോകത്തെ സ്തബ്ധപ്രജ്ഞ