Jump to content

താൾ:Ramarajabahadoor.djvu/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാണ്മാനില്ല. മാധവിഅമ്മ ആ വിശിഷ്ടപുരുഷന്റെ ക്രിയാവൈചിത്ര്യത്തെ ഗാഢമായി വിചിന്തനം ചെയ്തു പുരുഷചിത്തഗതികളെക്കുറിച്ചു നവങ്ങളായ ചില രഹസ്യങ്ങളെ ഗ്രഹിച്ചു.

മാസം പത്തു തികയാറായപ്പോൾ നാഗന്തളിനമ്പൂരി മാധവിഅമ്മയിൽ ജാതനായ ഒരു പുത്രനെ 'പാടി' രാഗം ആലപിച്ചു താലോലിച്ചുതുടങ്ങി. കുലബാദരായണൻ ശിശുവിന്റെ ജാതകർമ്മങ്ങൾ യഥാക്രമം നിർവ്വഹിച്ചു പല മൂലമന്ത്രോപദേശത്താലും വാസനാനുസാരമായുള്ള അഭ്യാസദശയിലോട്ടു പ്രവേശിപ്പിക്കയും ചെയ്തു. മാധവിഅമ്മ പുത്രാഭ്യുദയാർത്ഥം സ്വദേഹദേഹികളെ സന്ധാനം ചെയ്തു ജീവഭാരത്തെ വ്രതപ്രശാന്തതയോടെ വഹിച്ചു.

കർക്കശമായ വിധിയുടെ ചപലമായ പരിഭ്രമണങ്ങൾ ആ സന്യാസനിഷ്ഠയെയും ഭംഗപ്പെടുത്തി. ഹൈദരുടെ ഉത്തരദേശാനുരോധം നാഗന്തളിയെ സ്വഗൃഹരക്ഷാർത്ഥം പ്രയാണം ചെയ്യിച്ചു. ആപന്നിപാതം ഏകസംഭവത്തോടെ കലാശിക്കുന്നില്ലെന്നുള്ള ലോകവാക്യം ഈ കഥാഗതിയിൽ ഒരു മർമ്മപർവ്വമായിത്തീരുന്നു. നാരായണദ്വിജന്റെ മേൽപടിസ്ഥാനക്കാർ പൊടുന്നനെ മൃത്യുവശരായി. പിതൃക്കളുടെ സ്വർഗ്ഗലബ്ധി പ്രമാണിച്ച് ആ ജരൽക്കാരു സ്വവർഗ്ഗജയായ ഒരു കന്യകയെ പരിഗ്രഹിക്കേണ്ടതായും വന്നു. സാക്ഷാൽ ശ്രീവേദവതി എന്ന പോലെ പരിപാവനാത്മികയും, ക്ഷീരാബ്ധിജാതയായ മലർമങ്കയെപ്പോലെ ആരാധനീയ സൗന്ദര്യവതിയുമായ ഒരു കന്യകയെ നാരായണൻ നമ്പൂതിരിപ്പാട് പാണിഗ്രഹണംചെയ്തു സ്വാശ്രമാഗ്നിയെ പ്രജ്വലിപ്പിച്ചു.

ഈ വൃത്താന്തത്തിന്റെ ശ്രവണത്തിൽ മാധവിഅമ്മ ബലഭദ്രസാഹസംതന്നെ പ്രകടിപ്പിച്ചു. തന്റെ പാദപരിചരണാനുഭൂതിയിൽ ആനന്ദജീവിതം നിർവ്വഹിച്ചിട്ടു 'പരനാരീ' സ്വീകാരംചെയ്യുന്ന കൃതഘ്നശലഭത്തിന്റെ എന്തു രക്ഷസ്സിനെ ഉത്ഭവിപ്പിച്ചാലും അന്തം വരുത്തീട്ടു പുത്രസംരക്ഷണവ്രതം എന്ന ആ ഘാതകി ശപഥം ചെയ്തു. ഗൃഹോപദേഷ്ടാവായ ബാദരായണസ്വാമികൾ തന്ത്രകുശലന്മാരുടെ കുടിലസാചിവ്യനൈപുണ്യത്തോടെ ആ ഭർത്തൃദ്രോഹപ്രതിജ്ഞയുടെ നിർവ്വഹണത്തിനായി ആലോചനയും പ്രവർത്തനവും തുടങ്ങി. നരകമഹാസമുദ്രങ്ങളുടെ സേതുകോടി തകർന്നു സാക്ഷാൽ അന്തകശക്തിതന്നെ നിരന്തരപ്രവാഹം ആരംഭിച്ചതുപോലെ, നിരപരാധിനിയും പരിശുദ്ധയുമായിരുന്ന നാഗന്തളിയിലെ നങ്ങയ്യ അന്തർജ്ജനത്തിന്റെ നേർക്കു വ്യഭിചാരാപരാധം ആരോപിക്കപ്പെട്ടു. ആ സാധ്വിയുടെ മൗനം കാപട്യം എന്നും കളേബരാണുക്കൾ ദുഷ്കർമ്മസങ്കീർണ്ണമെന്നുമുള്ള വദന്തി സ്മാർത്തവിചാരാധികാരികളെക്കൊണ്ടും 'അതുവ്വോ?' മൂളിച്ചു. മാംകാവിലെ കടകകാഞ്ചീഹാരകങ്കണങ്ങൾ അഹർന്നിശാഭേദങ്ങളെ കീഴ്മേൽമറിച്ചു, സത്യപ്രവാചകന്മാരെ അനൃതഭോക്താക്കളാക്കി. അന്തർജ്ജനം, ജനനംമുതൽ പഞ്ജരശുകിയായി വളർന്നു, പാതകാരോപണത്തിൽ നിശ്ചേതനജഡയായി, നാവില്ലാസത്യസ്വരൂപിണിയായി, സമുദായത്തിലും ഗൃഹത്തിലും നിന്നു ബഹിഷ്കൃ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/214&oldid=168055" എന്ന താളിൽനിന്ന് ശേഖരിച്ചത്