Jump to content

താൾ:Ramarajabahadoor.djvu/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാണു തന്റെ സ്മൃതിപുരാണേതിഹാസങ്ങൾ എന്നും ജന്മവാസനയാകുന്ന ഗുരുമുഖത്തിൽനിന്നുതന്നെ അഭ്യസിച്ചിട്ടുള്ള ആ സ്ത്രീ ആ ഭയങ്കരരാത്രിയെയും സ്വാത്മസന്തുഷ്ടിജമായുള്ള ഒരു ഉത്സവവേളയാക്കുന്നു. വാർദ്ധക്യം, രോഗം, മൃതി എന്നുള്ള അവസ്ഥാഭേദങ്ങളെക്കുറിച്ചുള്ള ചിന്തകൾക്കു പ്രവേശനം നല്കീട്ടില്ലാത്ത ആ അഹങ്കാരപ്രാകാരം സൗന്ദര്യകനകരത്നങ്ങളുടെ സമ്മേളനസൗഭാഗ്യത്തെത്തന്നെ വരിച്ചുപോകുന്നു. ആ രാത്രിയിലും ഏകാകിനിയായിരുന്നിട്ടും ദീപത്തെ സമീപത്തോടു ചേർത്ത്, ദർപ്പണസഹായത്താൽ തന്റെ സമലംകൃതഗാത്രവല്ലിയുടെ കാന്തികലാപത്തെ നിരീക്ഷണംചെയ്ത് അതിന്റെ ജഗജ്ജയിത്വത്തെപ്പറ്റി ചിന്തിച്ചു പരമാഹ്ലാദിക്കുന്നു. ബന്ധിക്കാതെ അടച്ചിട്ടുള്ള വാതിൽ ബലപ്രയോഗത്താൽ ഉൽഘാടിതമായി, അപരിചിതനും വനചരപ്രകൃതനുമായുള്ള ഒരു യുവഭീമാകാരനു പ്രവേശനം നല്കുന്നു. ദീപസമീപത്തു വിദ്യുദ്‌ദ്യുതിയെയും വെല്ലുന്നതായ ഒരു കനകബിംബത്തെ കാണുകയാൽ, മാംകാവിൽ മാധവിഅമ്മയെന്നു കേട്ടിട്ടുള്ള സർവാംഗദേവവനിതാത്വത്തെ സ്മരിച്ചും പരമാർത്ഥത്തിൽ തസ്കരനായ ആഗതൻ അബലാത്വത്തെയും സൗന്ദര്യശ്രീവിലാസത്തെയും ആദരിച്ചും പുറകോട്ടു വാങ്ങുന്നു. ആഗതന്റെ ആപാദകേശം കായപുഷ്ടിയെ ഒന്നു നിരീക്ഷണം ചെയ്തിട്ടു മൃദുമഞ്ജുസ്വരത്തിൽ മാധവിഅമ്മ, "ആരാണ്? എന്താ പോന്നത്?" എന്നു സ്വകർമ്മബന്ധപ്രേരണയാൽ പ്രശ്നം ചെയ്തു പോയി. ലോകവശ്യം സാധിക്കുന്ന മന്ത്രധ്വനിയിലുള്ള ആ പ്രശ്നത്തിന്റെ ശിഞ്ജിതഭ്രമണത്താൽ തസ്കരൻ ഹതപ്രജ്ഞനായി.


സൃഷ്ട്യുദ്ദിഷ്ടമായുള്ള ആ സംഹാരരാത്രിയും മാർത്താണ്ഡദേവന്റെ ഉദയതിരനോട്ടത്തിൽ ഭൂതകാലാവധിയിൽ ആമഗ്നമായി. ഭൂമി വീണ്ടും ശൈശവകോമളിമയെ അവലംബിച്ചു പ്രകാശിച്ചപ്പോൾ, വിയന്മണ്ഡലത്തിൽനിന്ന് അവഭ്രഷ്ടയായ ദക്ഷപുത്രീസംഘത്തിലെ ഒരു സഹോദരി എന്നപോലെ മാധവിഅമ്മ ആനഖകേശാന്തം വിറകൊണ്ടു തന്റെ മണിയറയിൽ നിലകൊണ്ടു. രാവണഗർവത്തെ കേവലം കുതപ്രപാതത്താൽ ശിക്ഷിപ്പാൻ ശക്തനായ ഒരു വനരാജൻ ഉണ്ടായി. സർവ്വലോകത്തെയും കീടവൽ സങ്കല്പിച്ചു സ്വേച്ഛാസാധികയായി വാണിരുന്ന മാധവിഅമ്മയുടെ അഭിമാനമഹിമ നീരസവൃകനായുള്ള ഒരു തസ്കരന്റെ സൗന്ദര്യവശ്യതയാൽ സമൂലം വിച്ഛേദിക്കപ്പെട്ടു. അവൾ തുറന്ന വാതിൽ അടച്ചു മണിയറയുടെ ഏകാന്തതതന്നെ ചിത്തക്ഷീണത്തിനു പരമബന്ധു എന്നു ചിന്തിച്ചു വീണ്ടും മഞ്ചസ്ഥയായി. തസ്കരപ്രവേശമാണു പരമാർത്ഥത്തിൽ സംഭവിച്ചതെങ്കിലും മാധവിഅമ്മ ധരിച്ചിരുന്ന ഭൂഷണജാലത്തിൽ ഒരു എൺമണിപ്രായം എങ്കിലും ആ ശരീരത്തിൽനിന്നു വേർപെട്ടു കാണുന്നില്ല. നിധിക്കല്ലറകളിലേക്കുള്ള ഗൂഢമാർഗ്ഗങ്ങളുടെ ഗ്രഹണത്തിനായി ആ തസ്കരൻ ഉദ്യുക്തനായതിന്റെ ലക്ഷ്യശകലവും

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/213&oldid=168054" എന്ന താളിൽനിന്ന് ശേഖരിച്ചത്