Jump to content

ഭാസ്ക്കരമേനോൻ/ആറാമദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാസ്ക്കരമേനോൻ (നോവൽ)
രചന:രാമവർമ്മ അപ്പൻ തമ്പുരാൻ
ആറാമദ്ധ്യായം

[ 39 ]

ആറാമദ്ധ്യായം

ചിത്രേ നിവേശ്യ പരികൽപീസത്വയോഗാ

ത്രപോച്ചയേന വിധിന മനസാകൃതാനു
സ്ത്രീരത്നസൃഷ്ടിരപരാ പ്രതി ഭാതിസാമേ
ധാതുർവിഭത്വമനുചിന്ത്യ നപുശ്ച തസ്യാഃ

ശാകുന്തളം.


കഴിഞ്ഞ അദ്ധ്യായത്തിൽ വിവരിച്ച സംഗതികൾ നടന്നതിന്റെ രണ്ടാംദിവസം വൈകുന്നേരം സർവാനന്ദജനകമായ സന്ധ്യാരാഗം പഞ്ചമിച്ചന്ദ്രന്റെ അപൂർണ്ണരശ്മികളോടുകൂടിച്ചേർന്നു കളിയാടിക്കൊണ്ടിരിക്കുമ്പോൾ ചേരിപ്പറമ്പിന്റേയും പരിവട്ടത്തിന്റേയും മദ്ധ്യത്തിലുള്ള ശിവക്ഷേത്രത്തിൽനിന്നു സുമാറു നാലുവിളിപ്പാടു വടക്കു ഒരു കാട്ടിൽകൂടി നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്ന പെരുവല്ലം നദിയുടെ വക്കത്തു ഏകദേശം പതിനഞ്ചുവയസ്സു പ്രായംചെന്ന ഒരു യുവതി കൈകളുടെ മുട്ടുകൾ രണ്ടും തുടകളിൽ ഊന്നിയും, കവിൾത്തടങ്ങളെ കൈത്തലങ്ങളെക്കൊണ്ടു താങ്ങിയും പ്രവാഹത്തെ നോക്കിക്കൊണ്ടു ചിന്താമഗ്നയായിട്ടിരുന്നിരുന്നു. ആരെയോ കാത്തിരിക്കുന്നപോലെ ഇടക്കിടെ തലപൊക്കി ഇരുഭാഗത്തേക്കും തിരിഞ്ഞു, ജിതേന്ദ്രിയന്മാരായ യോഗികളെക്കൂടി വശീകരിക്കുവാൻ സാമർത്ഥ്യമുള്ള ദൃഷ്ടികളെ വൃക്ഷങ്ങളുടെ പഴുതുകളിൽകൂടി പായിക്കുന്നതും ഉണ്ടായിരുന്നു. ഇങ്ങനെ അല്പനേരം കഴിഞ്ഞപ്പോൾ സന്ധ്യാരാഗം തീരെ മങ്ങി; വൃക്ഷങ്ങളുടെ നിഴലുകൾ വർദ്ധിച്ചുതുടങ്ങി. യുവതിയുടെ ദൃഷ്ടികളോടുള്ള സ്പർദ്ധകൊണ്ടോ എന്നു തോന്നുമാറു് ബാലചന്ദ്രന്റെ മന്ദരശ്മികളും അങ്ങുമിങ്ങും വൃക്ഷങ്ങളുടെ എടകളിൽകൂടി കടന്നു കരയിലും വെള്ളത്തിലും വിളങ്ങിത്തുടങ്ങി. [ 40 ] മനസിന്റെ അസ്വാസ്ഥ്യത്തെ പ്രകാശിപ്പിക്കുന്ന ഒരു ദീർഘനിശ്വാസത്തോടുകൂടി യുവതീരത്നം പാറപ്പുറത്തെ ഉപേക്ഷിച്ചു, വാർദ്ധക്യാതിരേകത്താൽ ഏറെക്കുറെ നഗ്നങ്ങളായ കൊമ്പുകളുടേയും അതുകളിൽ അവിടവിടെയായി നിൽക്കുന്ന ഇലകളുടേയും നിഴലുകളും വെൺനിലാവും കൂടി അതിനമനോഹരമാകുംവണ്ണം ഇടകലർന്നു യോജിച്ചിട്ടുള്ളതിനാൽ ചിത്രീകൃതമായിരിക്കുന്ന ഒരു പേരാൽചുവടിനെ ആശ്രയിച്ചു. യൗവനത്തിലുണ്ടായിരുന്ന പരാക്രമമെല്ലാം അസ്തമിച്ചു പരലോകപ്രാപ്തിക്കൊരുങ്ങിക്കൊണ്ടിരിക്കുന്ന വയോധികൻ, നിജപ്രയത്നംകൊണ്ടു പോറ്റിവളർത്തപ്പെട്ട തന്റെ ഇഷ്ടസന്തതികളാൽ അവസാനകാലങ്ങളിൽ കാത്തു രക്ഷിക്കപ്പെടുന്നതുപോലെ ഈ വടവൃക്ഷം ഉറപ്പുള്ള അനേകം വള്ളികളാൽ ചുറ്റപ്പെട്ടിരുന്നു. ശാഖകളിൽ ചുറ്റിപ്പിണഞ്ഞു തൂങ്ങിക്കിടക്കുന്ന വള്ളികളിൽ നിലത്തുനിന്നും കുറച്ചു പൊങ്ങി ഉഴിഞ്ഞാലിന്റെ ആകൃതിയിലുള്ള ഒന്നിന്മേൽ ഇരുന്നു നമ്മുടെ സുന്ദരിയായ കന്യക നിലത്തു ചവിട്ടിക്കുതിച്ചു സാവധാനത്തിൽ ആടുവാൻ തുടങ്ങി.

വാസ്തവമായ രൂപലാവണ്യത്തിനു് അതിയായ ന്യൂനത സംഭവിക്കാതെ ഈ സ്ത്രീരത്നത്തെ പ്രത്യംഗമായി വർണ്ണിക്കുന്നതിൽ ഉള്ള പാടവത്തെപ്പറ്റി എനിക്കു ലേശംപോലും വിശ്വാസമില്ലാത്തതിനാൽ ഞാൻ ആയതിനു തുനിയുന്നില്ല. കാളിദാസമഹാകവി പറഞ്ഞിട്ടുള്ളതുപോലെ ശൃംഗാരജീവിതങ്ങളായ സകല വസ്തുക്കളുടേയും ഏകോപിച്ചുള്ള സഹായത്താൽ ധാതാവു തന്റെ സകല സൃഷ്ടികളിൽനിന്നും അപാരമായി അതിവിശിഷ്ടമായിരിക്കുന്ന [ 41 ] ഒരു സ്ത്രീരൂപത്തെ മനസ്സിൽ സങ്കല്പിച്ചു് ആയതിന്നു ജീവൻ കൊടുത്തതോ എന്നു തോന്നുമെന്നു പറഞ്ഞു ശേഷമുള്ളതു വായനക്കാർക്കു ഊഹിച്ചുകൊൾവാനായി വിട്ടുകൊടുത്താൽ വാസ്തവത്തിനു വളരെ കുറവുവരാതെ കഴിക്കാവുന്നതാണു്. ആഭരണങ്ങൾ അധികമൊന്നും ഉണ്ടായിരുന്നില്ല. തോട, ഞാത്തു, മൂക്കുത്തി, നൂലും പതക്കവും, കടകം, എടത്തു കയ്യിന്റെ ചെറുവിരലിന്മേൽ ഒരു ചെറിയ വൈരക്കല്ലുവച്ച മോതിരം ഇത്രമാത്രമേ ഉണ്ടായിരുന്നുള്ളു. തലമുടിയുടെ അഗ്രഭാഗംകൊണ്ടു ഏകദേശം ഒന്നരമുഴത്തോളം മടക്കിവച്ചു തുമ്പു പുറത്തേക്കായി കെട്ടിയിട്ടു ആ കെട്ടിന്മേൽ ചെറുതായ ഒരു പിച്ചകമാലയും തിരുകീട്ടുണ്ടു്. നെറ്റിയിന്മേൽ ഒരു ചാന്തുപൊട്ടും കുട്ടീട്ടുണ്ടു്. റൌക്ക ഇട്ടിട്ടില്ല. ഒരു ചെറിയ പാവുമുണ്ടുകൊണ്ടു മാറിടം മറച്ചു മുണ്ടിന്റെ രണ്ടുതുമ്പും കൂട്ടിക്കെട്ടി കെട്ടു പിന്നിലേക്കാക്കി തലമുടികൊണ്ടു മറച്ചിട്ടുണ്ടു്. അരയിൽ നേരിയ ഒരു മാതിരി ഈർക്കിൽക്കരയൻ പാവുമുണ്ടാണു മേൽമുണ്ടായിട്ടു ചുറ്റീട്ടുള്ളതു്. ആകെക്കൂടി അനാവശ്യമായ കൃത്രിമമോടികൊണ്ടു സ്ത്രീരത്നസൃഷ്ടിയുടെ അഭൂതപൂർവമായ ഈ മാതൃകയുടെ വിശിഷ്ടതയെ ദുഷിപ്പിക്കുവാൻ നമ്മുടെ സുകുമാരി ഒട്ടുംതന്നെ ഉദ്യമിച്ചിട്ടില്ലെന്നു പറഞ്ഞാൽ മതിയല്ലൊ.

ഈ സമയത്തു് ഇവൾ ഏകാകിനിയായി ഈ വിജനപ്രദേശത്തു വന്നിരിക്കുന്നതു സാധാരണ അബലകൾക്കു സഹജമല്ലാത്തതും പ്രത്യേകിച്ചു് ഇവളുടെ ആകൃതിക്കനുരൂപമല്ലാത്തതും ആയ മനോധൈര്യവും കൊണ്ടാണെന്നു വിചാരിക്കുവാൻ ഒട്ടുംതന്നെ പാടുള്ളതല്ല. അന്യചിന്തകളാൽ തരുണിയുടെ ഏകാന്തവാസത്തിലുള്ള ഭയാംശം അപഹരിക്കപ്പെട്ടിരിക്കുന്നതിനു പുറമേ ലോകത്തിന്റെ [ 42 ] അപ്പോഴത്തെ ശാന്തതയെ ഇവൾ സുഖമാകുംവണ്ണം അനുഭവിച്ചിരുന്നില്ലേ എന്നുകൂടി സംശയിക്കുന്നു. പ്രപഞ്ചത്തിന്റെ ഒരോരോ സമയത്തുള്ള ചേഷ്ടകളെ, മനുഷ്യർ അവരുടെ അതാതു സമയത്തുള്ള മനോവികാരത്തെ അനുസരിച്ചു, പലപ്രകാരത്തിൽ കാണുന്നതിനാൽ, ജനസഞ്ചാരം കുറഞ്ഞ ഒരു കാട്ടിൽ രാത്രിസമയത്തു തനിച്ചു ഊഞ്ഞാലാടിക്കൊണ്ടിരുന്ന ഈ സ്ത്രീ നിബിഡങ്ങളായ നിഴലുകളിൽ ഭയങ്കരങ്ങളായ രൂപങ്ങളെ നിർമ്മിച്ചു, വനമൃഗങ്ങളിൽ നിന്നും ചോരന്മാരിൽനിന്നും നേരിടാവുന്ന ആപത്തുകളെ ഓർത്തും, മറ്റനേകം വൈഷമ്യങ്ങളെ ആലോചിച്ചും മനസ്സിനെ ശല്യപ്പെടുത്തുന്നതിനു പകരം മൂളിപ്പാട്ടും പാടിക്കൊണ്ടു് നിലാവിന്റെ സരളതയേയും, പാറമേൽ തട്ടി ഒഴുകുന്ന നദിയുടെ ശാന്തമൃദുളമായ ശബ്ദത്തേയും സർവേശ്വരന്റെ ലോകവാത്സല്യത്തേയും അനുഭവിച്ചു രസിക്കുകയാണു് ചെയ്തിരുന്നതു്. ഈ സുഖവിചാരങ്ങളെ ഉണ്ടാക്കിത്തീർത്തവനും ആയവയ്ക്കു മുഖ്യവിഷയവുമായിരുന്ന ആ ഭാഗ്യവാനായ പുമാൻ പിന്നിൽക്കൂടി ഉപായത്തിൽ വന്നതും താഴെ വീണുകിടന്നിരുന്ന പിച്ചകപ്പൂവു് പെറുക്കിയെടുത്തു് വൃക്ഷത്തിന്റെ മറവിൽ ഒളിവായിനിന്നു ചെരിച്ചുനോക്കുന്നതും കുറച്ചുനേരത്തേക്കു യുവതി അറിയാതെ കഴിഞ്ഞു. ഒരിക്കൽ സമയംപോകുന്നതിന്റെ ജ്ഞാനമുണ്ടായി വള്ളിയുഴിഞ്ഞാലിന്മേൽ നിന്നു ഇറങ്ങിയപ്പോൾ ഒരു നിഴൽ മാറുന്നതുകണ്ടു ഭയപ്പെട്ടിട്ടെന്നപോലെ ഒരൊച്ച പുറപ്പെടുവിച്ചു. അപ്പോൾ വൃക്ഷത്തിന്റെ മറവിൽ നിന്നു ആ പുരുഷൻ-

'ഭയപ്പെടേണ്ട, ഞാൻതന്നെയാണു് എന്നു പറഞ്ഞു നേരിട്ടുചെന്നു. സൂര്യോദയത്തിൽ പത്മം വികസിക്കുന്നതുപോലെ ഹൃദയസ്ഥിതനായിരിക്കുന്ന സുന്ദരപുരുഷനെ [ 43 ] കണ്ണിനുനേരെ കണ്ട നിമിഷത്തിൽ യുവതിയുടെ മുഖം മന്ദസ്മിതംകൊണ്ടു പ്രകാശിച്ചുവശായി. വിലാസോല്ലാസികളായിരിക്കുന്ന നയനങ്ങളിൽനിന്നു പ്രണയാതിരേകത്തെ വഴിച്ചുംകൊണ്ടു്-

'എത്രനേരമായി ഞാനിവിടെ കാത്തിരിക്കുന്നു. ജോലിത്തിരക്കുകൊണ്ടു് എന്നെ മറന്നുപോയോ എന്നു കൂടി ശങ്കിച്ചു.' എന്നു യുവതി മുള്ളുവാക്കുപറഞ്ഞതു യുവാവിങ്കൽ കുസുമാസ്ത്രം പോലെയാണു് ആചരിച്ചതു്.

'ദേവകിക്കുട്ടിയുടെ ഈ ശങ്കയ്ക്കു ഞാൻ ലേശം പോലും അവകാശം കൊടുത്തിട്ടില്ല. എങ്കിലും, എന്റെ ജോലിയെ ഞാൻ മറന്നിരിക്കുമോ എന്നു ദേവകിക്കുട്ടി ശങ്കിച്ചതിൽ അത്ഭുതമുണ്ടാകുന്നില്ല. ദേവകിക്കുട്ടിയുടെ മനസ്സും കണ്ണും മറ്റൊരേടത്തു സഞ്ചരിക്കുന്നതിനു ഞാൻ ഉത്തരവാദിയാണൊ? ഞാൻ ഇവിടെ വന്നിട്ടു കുറച്ചു നേരമായി എന്നുള്ളതിനു ഈ പിച്ചകപ്പൂവു സാക്ഷിയുണ്ടു്.'

'നേരുമാർഗ്ഗംവിട്ടു് ഒളിച്ചുവരുന്ന കഥ ആരെങ്കിലും അറിഞ്ഞോ?'

'ശിവക്ഷേത്രത്തിലേയ്ക്കുള്ള വഴി ഈ കാട്ടിൽക്കൂടിത്തന്നെ ആയിരിക്കാം, അല്ലേ? തിങ്കളാഴ്ചതോറുമുള്ള ശിവദർശനത്തിനു അമ്മ പുറപ്പെടാത്തു അമ്മയുടെ ഭാഗ്യക്ഷയം തന്നെ. വന്നെങ്കിൽ ശ്രീപാർവതി പ്രത്യക്ഷരൂപിണിയായിട്ടു് ക്ഷേത്രത്തിൽനിന്നു കാട്ടിലേക്കു പോകുന്നതു കാണാമായിരുന്നു.'

'ശിവനെ ക്ഷേത്രത്തിൽ കാണാഞ്ഞിട്ടല്ലെ ശ്രീപാർവതിക്കു കാടുകേറേണ്ടിവരുന്നതു്?' എന്നു പറഞ്ഞു് രണ്ടുപേരുംകൂടി ചിരിക്കുവാൻ തുടങ്ങി.

'ആട്ടെ, ഇവിടെ വന്നിട്ടു കുറച്ചുനേരമായെങ്കിൽ എന്തിനാണു് വൃക്ഷത്തിന്റെ മറവിൽ ഒളിച്ചുനിന്നു [ 44 ] എന്നെ പേടിപ്പിച്ചതു്? നേരിട്ടു വരാമായിരുന്നില്ലെ? പുരുഷന്മാരുടെ ശൌര്യമൊക്കെ സ്ത്രീകളെ കളിയാക്കുന്നതിലാണൊ വേണ്ടതു്? പുരുഷന്മാരുടെ കളവു കണ്ടുപിടിക്കുവാൻ സ്ത്രീകൾക്കു ബുദ്ധിയും ദൈവം കല്പിച്ചുകൊടുത്തിട്ടില്ല. പിന്നെ മരപ്പാവകളെപ്പോലെ കളിപ്പിച്ചാൽ കളിക്കുകയല്ലേ തരമുള്ളു.'

'ആ പറഞ്ഞതു് അത്ര ശരിയായില്ല. പുരുഷന്മാരാണു മരപ്പാവകൾ. അവരുടെ ചരടു പിടിക്കുന്നതു സ്ത്രീകളും. ഞാൻ ദേവകിക്കുട്ടിയെ ഭയപ്പെടുത്തേണമെന്നു വിചാരിച്ചു ഒളിച്ചുനിന്നതല്ല. ഇവിടെ വന്നപ്പോൾ ദേവകിക്കുട്ടിയുടെ ഇരിപ്പു കണ്ടിട്ടുണ്ടായ ആനന്ദംകൊണ്ടു പെട്ടെന്നു നേരിട്ടുവന്നാൽ അതു അനുഭവിക്കുവാൻ കഴിഞ്ഞില്ലെങ്കിലോ എന്നു വിചാരിച്ചിട്ടു ഉപായത്തിൽ വന്നതാണു്.'

'മുഖസ്തുതിയും സ്ത്രീകളെ പകിട്ടുവാൻ പുരുഷന്മാർ ഉപയോഗിക്കുന്ന ജാലവിദ്യകളിൽ ഒന്നാണു്.'

'ശരി. ആ തർക്കം അവിടെ ഇരിക്കട്ടെ. കുറച്ചുനേരമായില്ലെ നമ്മൾ നിന്നു സംസാരിക്കുന്നു. ഇനിയുള്ളതു് ഇരുന്നിട്ടാവട്ടെ. ദേവകിക്കുട്ടി ആ വള്ളിയുഴിഞ്ഞാലിന്മേൽത്തന്നെ ഇരിക്കു. ഞാൻ ഇവിടെ ഇരിക്കാം' എന്നു പറഞ്ഞു കുമാരൻനായർ ഉഴിഞ്ഞാലിന്റെ ഒരു ഭാഗത്തായിട്ടു പീഠാകാരത്തിലുള്ള ഒരു കുറ്റിയിന്മേൽ ഇരുന്നു. എടത്തുകൈ മടിയിൽ തൂക്കിയിട്ടു വലത്തുകൈകൊണ്ടു മുൻഭാഗത്തുള്ള വള്ളിയിന്മേൽ ചാരി ദേവകിക്കുട്ടിയും കുമാരൻനായർക്കു് അഭിമുഖമായിട്ടു് ഒരു പുറത്തേയ്ക്കു തിരിഞ്ഞിരുന്നു.'

'തന്നെത്താനറിയാത്ത ചില വകക്കാർ അവരെപ്പോലെയാണഉ മറ്റുള്ളവരുമെന്നു വിചാരിച്ചു പറയുന്ന [ 45 ] വാക്കുകേട്ടിട്ടു് പുരുഷവർഗ്ഗത്തെ അടച്ചു ശകാരിക്കുന്നതു ഭംഗിയല്ല. അവനവനെ നല്ലവണ്ണം അറിയുന്നവർ മറ്റുള്ളവരേയും ശരിയായിട്ടു അറിയും. ആത്മജ്ഞാനമാണു് പുരോഗിതജ്ഞാനത്തിന്റെ മൂലകാരണം. മേനി പറയുന്നവർ മുഖസ്തുതി പറയുന്നതിലും കേൾക്കുന്നതിലും ഉൽസുകന്മാരായിരിക്കും. ദേവകിക്കുട്ടി ആരെ മനസ്സിൽ വച്ചുകൊണ്ടാണു് ഇപ്പോൾ ഈ വാക്കു പറഞ്ഞതെന്നു എനിക്കു നിശ്ചയമുള്ളതുകൊണ്ടു ദേവകിക്കുട്ടിക്കു പുരുഷന്മാരെക്കുറിച്ചു പൊതുവിലുള്ള അഭിപ്രായം അത്ര വിലയുള്ളതായി ഞാൻ വിചാരിക്കുന്നില്ല' എന്നു മുൻ പ്രസ്താവിച്ചിരുന്ന വിഷയത്തിലേക്കു കുമാരൻനായർ വീണ്ടും പ്രവേശിച്ചു.

'അതു ശരിയായിരിക്കാം. എന്റെ അല്പബുദ്ധിയിൽ മാറിത്തോന്നിയെന്നേ ഉള്ളു. അച്ഛനും ജ്യേഷ്ഠനും ഒരുപോലെ കണ്ണിലുണ്ണിയായിട്ടുള്ള ഒരാൾ പറയുന്നതിൽ ദോഷം കാണുവാൻ മക്കൾക്കു മനസ്സുവരായ്കയാൽ പുരുഷന്മാരുടെ സാമാന്യമായിട്ടുള്ള സ്വഭാവം ഇങ്ങനെയായിരിക്കുമെന്നു വിചാരിച്ചു സമാധാനപ്പെട്ടതാണു്.'

'സമാധാനം തരക്കേടില്ല' എന്നുമാത്രം, അശ്രദ്ധനെന്നപോലെ, പറഞ്ഞിട്ടു കുമാരൻനായർ ചന്ദ്രന്റെ നേരെ നോക്കിക്കൊണ്ടു മൌനത്തെ അവലംബിച്ചു.

'മുഖസ്തുതി പറഞ്ഞു എന്നെ മുഷിപ്പിക്കുക മാത്രമാണെങ്കിൽ ആവട്ടെ എന്നുണ്ടു്. ഇയ്യാൾ കാരണമായിട്ടു വീട്ടിലുള്ള ആളുകളൊക്കെ ബുദ്ധിമുട്ടുന്നതിലാണു് പരമസങ്കടം. ജ്യേഷ്ഠനു് ഇയ്യാൾ പറയുന്നതൊക്കെ വേദവാക്യമാണു്. ജ്യേഷ്ഠൻ കൊട്ടുന്ന താളത്തിനു അച്ഛൻ തുള്ളുകയും ചെയ്യും. നമ്മുടെ പക്ഷത്തിൽ അമ്മമാത്രമേയുള്ളു.'

ദേവകിക്കുട്ടിയുടെ ഈ വാക്കുകളെല്ലാം അരണ്യരോദനമായിട്ടാണു് കലാശിച്ചതു്. ഒരു വാക്കുപോലും കുമാരൻനായർ മനസ്സിരുത്തി കേട്ടിട്ടില്ല. ഇതിന്റെ ശേഷം [ 46 ] ദേവകിക്കുട്ടിയോടു ചോദിച്ച ചോദ്യം തീരെ അപ്രകൃതമായിട്ടുള്ളതാണു്.

'പുളിങ്ങോട്ടെ കേസ്സിൽ കാര്യസ്ഥനെ ജാമ്യത്തിൽ വിട്ടിരിക്കയാണെന്നു കേട്ടില്ലെ?' എന്നതു കുമാരൻനായരുടെ മനോരാജ്യത്തിന്റെ അവശേഷമായിരുന്നു. ഇതിന്നു ദേവകിക്കുട്ടി-

'ഇല്ല അച്ഛൻ മിനിയാന്നു വീട്ടിൽ വന്നതിൽ പിന്നെ ഇതേവരെ വന്നിട്ടില്ല. കേസ്സിന്റെ തുമ്പുണ്ടാക്കുവാൻ പോയിരിക്കയാണത്രെ' എന്നു മറുവടി പറഞ്ഞു.

'ഈ കേസ്സിന്റെ കലാശമെങ്ങിനെയാണെന്നു ദൈവത്തിനേ അറിഞ്ഞുകൂടു. കാര്യസ്ഥന്രെ കാര്യത്തിൽ ഇൻസ്പെക്ടരും സ്റ്റേഷൻ ആപ്സരും ഭിന്നാഭിപ്രായക്കാരാണത്രെ. ഇൻസ്പെക്ടരോടു പരിഭ്രിമിക്കുവാൻ വരട്ടെ എന്നു സ്റ്റേഷൻ ആപ്സർ പറഞ്ഞുവെന്നും, അതു ഇൻസ്പെക്ടർ കൈക്കൊണ്ടില്ലെന്നു ആളുകൾ പറയുന്നുണ്ടു്.'

സ്റ്റേഷൻ ആപ്സർ പിന്നെ ആരേയാണു സംശയിച്ചിട്ടുള്ളതു്? അച്ഛനും ഭാസ്ക്കരമേനവനും തമ്മിൽ അഭിപ്രായഭേദത്തിനുള്ള കാരണമെന്താണു്.

'സ്റ്റേഷൻ ആപ്സർ ആരേയാണു ശങ്കിച്ചിട്ടുള്ളതെന്നു് അറിഞ്ഞില്ല. സ്റ്റേഷൻ ആപ്സർ തടുത്തു പറഞ്ഞതുതന്നെ ഇൻസ്പെക്ടർക്കു രസിച്ചില്ലെന്നും, പിന്നെ അന്യോന്യം ഈ സംഗതിയെപ്പറ്റി ഒന്നും സംസാരിച്ചില്ലെന്നുമാണു ജനശ്രുതി.'

'അച്ഛനെപ്പറ്റി പറയുന്നതാകകൊണ്ടു തുറന്നു പറഞ്ഞാൽ എനിക്കു രസമായില്ലെങ്കിലോ എന്നു വിചാരിച്ചിട്ടായിരിക്കാം 'ജനശ്രുതി' എന്നു പറഞ്ഞതു്. ആട്ടെ [ 47 ] ഒരു ചോദ്യംകൊണ്ടു ഞാൻ ഇതു തീർച്ചയാക്കാം. എന്തു തെളിവിന്മേലാണു് അച്ഛൻ കാര്യസ്ഥനെ അപവാദത്തിനു പാത്രമാക്കിയതു്?'

'ഹോ! ഹോ! എന്നെ വിസ്തരിക്കുവാൻ അച്ഛൻ ദേവകിക്കുട്ടിയെ അധികാരപ്പെടുത്തീട്ടുണ്ടോ? സ്ത്രീകളെ പോലീസുവേലയിൽ ഏർപ്പെടുത്തിയാൽ കളവുകൾ എളുപ്പാത്തിൽ തെളിയുമായിരുന്നു.'

'ആട്ടെ, ഈ വക പിട്ടൊന്നും പറയാതെ കാര്യം പറയൂ.'

'ദേവകിക്കുട്ടിയെ ഞാൻ അറിയുന്നതുകൊണ്ടു കേട്ടതെല്ലാം തുറന്നു പറയുന്നതിൽ എനിക്കു ലേശം മടിയില്ല. കിട്ടുണ്ണിമേനവൻ മരിക്കുന്ന ദിവസം വൈകുന്നേരം കാര്യസ്ഥനെ വിളിച്ചു് എന്തോ കാര്യം നടത്തുവാൻ വേണ്ടി ദൂരദിക്കിലേക്കെങ്ങാണ്ടു പോയിവരുവാൻ പറഞ്ഞുവെന്നും, കാര്യസ്ഥൻ അന്നു രാത്രി സ്വന്തം വീട്ടിൽ താമസിച്ചതേ ഉള്ളുവെന്നുമാണു് ആദ്യത്തെ സംഗതി. രണ്ടാമത്തേതു്, ആ രാത്രിതന്നെ കാര്യസ്ഥന്റെ ഒരു ശിഷ്യൻ പുളിങ്ങോട്ടു ബങ്കളാവിൽ കിടന്നിരുന്നുവെന്നും, അയാൾ കാര്യസ്ഥനെ ബന്തോവസ്തിൽ ആക്കിയെന്നു കേട്ടപ്പോൾ ചാടിപ്പോയി എന്നുമാണു്. മൂന്നാമത്തേതു്, ആ ദിവസംതന്നെ അർദ്ധരാത്രിക്കു പുളിങ്ങോട്ടുനിന്നുള്ള വഴിയിൽകൂടി രണ്ടുപേർ സംസാരിച്ചുകൊണ്ടു പോകുമ്പോൾ ഒരാൾ ദേഷ്യപ്പെട്ടു 'പുളിങ്ങോട്ടെ സ്വത്തു കൂനന്റെ വീട്ടിൽപോയാൽ എനിക്കെന്താണുഗുണം' എന്നു് ഉറക്കെ പറയുന്നതു തവണക്കാരൻ കാൺസ്റ്റബിൾ കേട്ടുവെന്നും, കാര്യസ്ഥനു കൂനുണ്ടെന്നുമാണു്. പിന്നത്തെ സംഗതി കിട്ടുണ്ണിമേനവന്റെ ശവം ആസ്പത്രിയിൽ കൊണ്ടുപോയി കീറുന്നതിൽ കാര്യസ്ഥൻ തടസ്ഥം പറഞ്ഞുവെന്നുമാണത്രെ. ഇങ്ങനെ [ 48 ] പിന്നെയും പല പ്രത്യക്ഷകാരണങ്ങളുള്ളതായിട്ടു കേട്ടുവെന്നു അമ്മാവൻ പറഞ്ഞു ഞാൻ അറിഞ്ഞതാണു്.

'കാര്യസ്ഥൻ ദുരാഗ്രഹിയാണെന്നും കിട്ടുണ്ണിമേനവന്റെ ശുദ്ധഗതികൊണ്ടു ഇയാൾ ചെയ്യുന്ന അഴിമതികളൊന്നും അദ്ദേഹം അറിയുന്നില്ലെന്നും, അദ്ദേഹം ഞങ്ങളുടെ തറവാട്ടിലേക്കു ഉപകാരം ചെയ്യുന്നതു കാര്യസ്ഥനു് ഒട്ടുംതന്നെ പിടിച്ചിട്ടില്ലെന്നും അമ്മ പലപ്പോഴും പറയുന്നതുഞാൻ എന്റെ ചെവികൊണ്ടു് കേട്ടിട്ടുണ്ടു്. എങ്കിലും അച്ഛൻ ഈ കടുംകൈ പ്രവർത്തിച്ചതു് ഒന്നുകൂടി ആലോചിച്ചിട്ടുവേണ്ടതായിരുന്നു. കാലവൈഭവംകൊണ്ടു സ്വന്തം കണ്ണും ചെവിയും കൂടി ചതിച്ചുവെന്നു വന്നേക്കാം. വലുതായ ഒരു കുറ്റം ഒരുവന്റെ പേരിൽ ചുമത്തുവാനല്ലെ പോകുന്നതു്? കേസു തെളിവാൻ കുറച്ചു അമാന്തം വന്നാലും നിരപരാധികളെ ഉപദ്രവിച്ചാലുള്ള മഹാപാപം എന്നും തീരാത്തതാണു്. മനശ്ശല്യത്തിനു പുറമെ സാധുവിനു ദേഹദണ്ഡംകൂടി അനുഭവിക്കേണ്ടിവന്നാലത്തെ കഥ വിചാരിച്ചുകൂടാ.'

'അതു വളരെ ശരിയാണു്. കളവുകളുടെ ഊടെടുക്കുന്നതിൽ ബുദ്ധിക്കു പ്രാധാന്യം കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാര്യസ്ഥൻ മര്യാദക്കാരനും നേരസ്ഥനും യജമാനനെക്കുറിച്ചു ഏറ്റവും സ്ഥായിയുള്ളവനും ഈശ്വരഭക്തനുമാണെന്നാണു ഞാൻ ധരിച്ചിട്ടുള്ളതു്.'

'അച്ഛനേയും അമ്മയേയും ജ്യേഷ്ഠൻ തെറ്റിദ്ധിരിപ്പിക്കുന്നുണ്ടോ എന്നു് എനിക്കു സംശയമുണ്ടു്. ജ്യേഷ്ഠൻ അവരായിട്ടു സംസാരിക്കുമ്പോൾ ഞാൻ അവിടെ ചെല്ലുന്നതു ജ്യേഷ്ഠനു് ഇഷ്ടമല്ല.'

'ശവം ആസ്പത്രിയിലേക്കു് എടുപ്പിക്കുവാൻ ദേവകിക്കുട്ടിയുടെ അമ്മാവനാണു പുളിങ്ങോട്ടേക്കു പോയിരുന്നതു് [ 49 ] അല്ലേ? കിണ്ടിയും മരുന്നും സ്റ്റേഷൻ ആപ്സർ ആവശ്യപ്പെട്ടപ്പോൾ ആദ്യം കൊടുത്തില്ലെന്നും പിന്നെ രസീതിപ്പടിയാണു കൊടുത്തതെന്നും കേട്ടുവല്ലോ'.

'അച്ഛൻ ജ്യേഷ്ഠനോടാണു പുളിങ്ങോട്ടേക്കു ചെല്ലുവാൻ പറഞ്ഞതു്. - ജ്യേഷ്ഠനു അവിടെചെന്നു സങ്കടമനുഭവിക്കുവാൻ പ്രയാസമാണെന്നു പറഞ്ഞപ്പോൾ അമ്മാവൻതന്നെ പുറപ്പെടേണ്ടിവന്നു. സാമാനമൊന്നും പുറത്തേയ്ക്കു കൊടുത്തയ്ക്കരുതെന്നും, കൂടെ നിന്നുതന്നെ അകങ്ങളൊക്കെ മുദ്രവയ്പിക്കണമെന്നും ജ്യേഷ്ഠൻ അമ്മാവനോടു പറഞ്ഞേല്പിച്ചിരുന്നു. അതായിരിക്കാം കിണ്ടിയും മറ്റും കൊടുക്കുവാൻ അമ്മാവൻ മടിച്ചതു്' എന്നു ദേവകിക്കുട്ടി പറഞ്ഞപ്പോൾ കുമാരൻ നായർ നെറ്റി ഒന്നു ചുളിച്ചു. എന്നിട്ടു്-

'നമുക്കു് ഇനി ഈ വർത്തമാനമൊക്കെ വിട്ടു വേറെ വല്ലതും സംസാരിക്കുക' എന്നു പറഞ്ഞു.

ഇതുവരെയും ദേവകിക്കുട്ടി നേരം പോയതു് അറിഞ്ഞില്ല. പ്രകൃതം മാറുവാൻ കുമാരൻനായർ അഭിപ്രായപ്പെട്ട ഘട്ടത്തിലാണു് അതോർമ്മവന്നതു്.

'അയ്യോ! ഇപ്പോൾതന്നെ അമ്പലത്തിൽ നിന്നു തിരിയെ വീട്ടിലെത്തേണ്ട നേരം കഴിഞ്ഞിരിക്കുന്നു.'

'എന്തു്? പുലക്കാലത്തു ആരെങ്കിലും അമ്പലത്തിൽ പോവാറുണ്ടോ?'

'ഒ! ആ കഥ തീരെ മറന്നു. വീട്ടിൽനിന്നു പുറപ്പെട്ടപ്പോൾ തിങ്കളാഴ്ചയാണെന്നുള്ള വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളു. ഭാഗ്യവശാൽ പുറത്തിറങ്ങിയപ്പോൾ സമയം കുറച്ചു വൈകിയതുകൊണ്ടു നേരിട്ടു് ഇങ്ങോട്ടേക്കുതന്നെയാണു പോന്നതു്. അമ്പലത്തിൽ കേറുവാൻ ഇടവന്നില്ല' എന്നു പറഞ്ഞുകൊണ്ടു ഉഴിഞ്ഞാലിന്മേൽ നിന്നു [ 50 ] താഴെ ഇറങ്ങി. ഉടനെതന്നെ അതിസൌഷ്ഠവത്തോടുകൂടി ഇടത്തു കൈകൊണ്ടു തലമുടിക്കെട്ടു പിടിച്ചു മുന്നോക്കം ഇട്ടിട്ടു പിച്ചകമാല എടുക്കുവാൻ തുടങ്ങി. അപ്പോൾ ചികുരഭാരത്തെ നോക്കിക്കടാക്ഷിച്ചിരുന്നതു വാത്സല്യാതിരേകംകൊണ്ടും വരാം. ഈ വട്ടമെല്ലാം കണ്ടിട്ടു കുമാരൻ നായർ പീഠത്തിന്മേൽ നിന്നു പെട്ടെന്നെഴുന്നേറ്റു് ദേവകിക്കുട്ടിയുടെ കൈക്കു കടന്നു പിടിച്ചുകൊണ്ടു ഇപ്രകാരം പറഞ്ഞു:-

'വരട്ടെ അതിനെ ഉപദ്രവിക്കുവാൻ വരട്ടെ. പിച്ചകമാലയും ചാന്തുപൊട്ടം അതുകൾക്കു് ഉചിതമായ സ്ഥാനങ്ങളിൽ ഇരിക്കുന്നതു കണ്ടാൽ അസഹ്യത നടിക്കുന്നവർ തൽക്കാലം ഇവിടെയാരുമില്ല. ഞാൻ പോകുന്നതുവരെ അവർക്കു സ്ഥാനഭ്രംശം വരുത്തുവാൻ ഞാൻ സമ്മതിക്കയില്ല. ദേവകിക്കുട്ടി ഇതു കേട്ടപ്പോൾ ചിരിച്ചുകൊണ്ടു തലമുടിക്കെട്ടു് പിന്നോക്കം തന്നെ ഇട്ടു. എന്നിട്ടു്-

'പോരേ? ഇനി വീട്ടിലെത്താറാവുമ്പോഴെ ഇതു കളയുന്നുള്ളു' എന്നു പറഞ്ഞു.

'ഏതെങ്കിലും ഇത്രനേരമായില്ലേ. ഇനി കുറച്ചുകൂടി കഴിഞ്ഞിട്ടു പോയാൽ പോരേ?'

'ഇനി അമാന്തിച്ചാൽ ജ്യേഷ്ഠൻ വ്യവഹാരമാക്കും. അച്ഛൻ ഇന്നു വരില്ല. അമ്മയോടു സത്യം പറവാനും വിരോധമില്ല. എന്നു്, 'കച്ചിട്ടിറക്കാനും വച്ചാ, മധുരിച്ചിട്ടു തുപ്പാനും വയ്യ' എന്ന വിധത്തിൽ, ദേവകിക്കുട്ടി മറുപടി പറഞ്ഞു.

'പുലയായതുകൊണ്ടു വരുന്ന തിങ്കളാഴ്ച ഇങ്ങനെയുള്ള കൂടിക്കാഴ്ചയ്ക്കു തരമാവുമോ എന്നറിഞ്ഞില്ല. [ 51 ] കാടു കഴിയുന്നതുവരെ ഞാനും കൂടെവരാം' എന്നു പറഞ്ഞു കുമാരൻനായർ ദേവകിക്കുട്ടിയുടെ കൈകോർത്തുപിടിച്ചു്, രണ്ടുപേരുംകൂടി സാവധാനത്തിൽ നടന്നുതുടങ്ങി.

കുമാരൻനായരായിട്ടു വായനക്കാർക്കു പരിചയത്തിനിടവന്നിട്ടില്ലാത്തതിനാൽ യുവാവായ ഇദ്ദേഹത്തിനെപ്പറ്റി അല്പമൊന്നു പറയേണ്ടിവന്നിരിക്കുന്നു. ഇദ്ദേഹം പരിവട്ടത്തു കുഞ്ഞിരാമൻനായരുടെ മരുമകനും മരിച്ചുപോയ പുളിങ്ങോട്ടു ദാമോദരമേനവന്റെ പുത്രനുമാണു്. വയസ്സിരുപത്തിനാലു കഴിഞ്ഞു. ആകൃതികൊണ്ടു കുമാരൻനായർ ദേവകിക്കുട്ടിക്കു് അനുരൂപനായ ഭർത്താവാകുവാൻ തക്ക യോഗ്യതയുള്ളവനാണെന്നു പറഞ്ഞാൽ മതിയാവുന്നതാണു്. പ്രകൃതിക്കു വിശേഷമുണ്ടു്. വിശേഷബുദ്ധി, വിനയം ക്ഷമ മുതലായ സൽഗുണങ്ങളെക്കൊണ്ടു കുമാരൻ നായർ അച്ഛന്റെ നേരുപകർപ്പാണെന്നു പലരും പറയാറുണ്ടു്. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ബി. ഏ. പരീക്ഷയിൽ ജയിച്ചു. ഉടനെതന്നെ പ്രതിദിനമുള്ള ഒരു വർത്തമാനപ്പത്രത്തിന്റെ സഹപത്രാധിപരായി മൂന്നുമാസം പ്രതിഫലം കൂടാതെ വേലയെടുത്തു. അതിന്റെ ശേഷം പത്രത്തിന്റെ ഉടമസ്ഥൻ സന്തോഷിച്ചു് അദ്ദേഹത്തിനു അറുപതുറുപ്പിക മാസപ്പടി നിശ്ചയിച്ചു. ഇപ്പോൾ രണ്ടു മാസമായിട്ടു അവധിയെടുത്തു ദേഹസുഖത്തിനായി നാട്ടിൽ വന്നു താമസിക്കുകയാണു്. ഈ കാലങ്ങളിലും ലേഖനമെഴുതീട്ടും പുസ്തകം വായിച്ചിട്ടും അല്ലാതെ ഒരു വിനാഴികപോലും മറ്റൊരുവിധത്തിൽ കഴയാറില്ല. കുമാരൻ നായരും ദേവകിക്കുട്ടിയും തമ്മിൽ ചെറുപ്പംമുതൽക്കുതന്നെ കൂട്ടുകെട്ടാണു്. എന്നാൽ ബാലികാബാലന്മാരുടെ സ്നേഹം കാലക്രമംകൊണ്ടു യുവതീയുവാക്കളുടെ അനുരാഗമായിട്ടു പരിണമിച്ചുവെന്നേ ഉള്ളു. [ 52 ] ഇവർ കാട്ടിൽനിന്നു പുറത്തേക്കു കടക്കാറായപ്പോൾ ഒരേ മനസ്സോടുകൂടി രണ്ടുപേരും സ്നേഹപാശത്താൽ ബന്ധിക്കപ്പെട്ടതുപോലെ പെട്ടെന്നു നിന്നു. കുമാരൻനായർ തന്റെ കൈ വേർപെടുത്തുവാൻ ഭാവിച്ചപ്പോൾ ദേവകിക്കുട്ടിയെ അധോമുഖിയായിക്കണ്ടിട്ടു കുറച്ചുനേരത്തേയ്ക്കു മിണ്ടുവാനാകട്ടെ കൈയെടുക്കുവാനാകട്ടെ ശക്തനായില്ല. അതിന്റെ ശേഷം പണിപ്പെട്ടു കുമാരൻനായർ ഇപ്രകാരം ചോദിച്ചു.

'ഇത്രനേരം എവിടെയായിരുന്നുവെന്നു ജ്യേഷ്ഠൻ ചോദിച്ചാൽ എന്താണു മറുപടി പറക?'

'ജ്യേഷ്ഠൻ കാണാതെകണ്ടു വീട്ടിൽ എത്തണം. എന്നാൽ പിന്നെയൊക്കെ അമ്മ സഹായിച്ചുകൊള്ളും' എന്നു തൊണ്ട എടറിക്കൊണ്ടാണു് ദേവകിക്കുട്ടി സമാധാനം പറഞ്ഞതു്. കുമാരൻനായർ സാവധാനത്തിൽ ദേവകിക്കുട്ടിയുടെ കൈവിട്ടു്-

'ഞാൻ വീട്ടിൽ വന്നു് കണ്ടുകൊള്ളാം' എന്നു പറഞ്ഞു പെട്ടെന്നു തിരിഞ്ഞു പരിവട്ടത്തേക്കുള്ള വഴിയിൽകൂടി നടന്നു തുടങ്ങി. ദേവകിക്കുട്ടി ആ മനോഹരമായ രൂപം ദൃഷ്ടിഗോചരമല്ലാതെയാവുന്നതുവരെ നിശ്ചഞ്ചലമായി നോക്കി നിന്നതിന്റെ ശേഷം, അനേകവിധത്തിലുള്ള ചിന്തകൾക്കൊരടിമയായിട്ടു് ചേരിപ്പറമ്പിലേക്കും തിരിച്ചു. ഈ വിചാരങ്ങൾ എന്തെല്ലാമായിരുന്നുവെന്നും, ഏതേതുവിധത്തിലുള്ളവയായിരുന്നുവെന്നും വിവരിച്ചു പറവാൻ എന്നാൽ സാധിക്കുന്നതല്ല. മേൽ പ്രസ്താവിച്ച പോലെയുള്ള സ്വൈരസല്ലാപസുഖത്തെ അനുഭവിച്ചറിഞ്ഞിട്ടുള്ള യുവതികൾ ദേവകിക്കുട്ടിയുടെ മനോവികാരങ്ങളേയും വിചാരങ്ങളേയും വായനക്കാർക്കു വെളിപ്പെടുത്തിത്തരുവാൻ ഉദ്യമിച്ചാൽപക്ഷെ, സാധിച്ചുവെന്നു വന്നേക്കാം. ഒന്നുമാത്രം എനിക്കറിയാം, ദേവകിക്കുട്ടി പിച്ചകപ്പൂവും ചൂടി പൊട്ടുംതൊട്ടു ജ്യേഷ്ഠനായ ബാലകൃഷ്ണമേനവന്റെ നേരെയാണു വീട്ടിൽ ചെന്നു കേറിയതു്.