താൾ:ഭാസ്ക്കരമേനോൻ.djvu/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
40


മനസിന്റെ അസ്വാസ്ഥ്യത്തെ പ്രകാശിപ്പിക്കുന്ന ഒരു ദീർഘനിശ്വാസത്തോടുകൂടി യുവതീരത്നം പാറപ്പുറത്തെ ഉപേക്ഷിച്ചു, വാർദ്ധക്യാതിരേകത്താൽ ഏറെക്കുറെ നഗ്നങ്ങളായ കൊമ്പുകളുടേയും അതുകളിൽ അവിടവിടെയായി നിൽക്കുന്ന ഇലകളുടേയും നിഴലുകളും വെൺനിലാവും കൂടി അതിനമനോഹരമാകുംവണ്ണം ഇടകലർന്നു യോജിച്ചിട്ടുള്ളതിനാൽ ചിത്രീകൃതമായിരിക്കുന്ന ഒരു പേരാൽചുവടിനെ ആശ്രയിച്ചു. യൗവനത്തിലുണ്ടായിരുന്ന പരാക്രമമെല്ലാം അസ്തമിച്ചു പരലോകപ്രാപ്തിക്കൊരുങ്ങിക്കൊണ്ടിരിക്കുന്ന വയോധികൻ, നിജപ്രയത്നംകൊണ്ടു പോറ്റിവളർത്തപ്പെട്ട തന്റെ ഇഷ്ടസന്തതികളാൽ അവസാനകാലങ്ങളിൽ കാത്തു രക്ഷിക്കപ്പെടുന്നതുപോലെ ഈ വടവൃക്ഷം ഉറപ്പുള്ള അനേകം വള്ളികളാൽ ചുറ്റപ്പെട്ടിരുന്നു. ശാഖകളിൽ ചുറ്റിപ്പിണഞ്ഞു തൂങ്ങിക്കിടക്കുന്ന വള്ളികളിൽ നിലത്തുനിന്നും കുറച്ചു പൊങ്ങി ഉഴിഞ്ഞാലിന്റെ ആകൃതിയിലുള്ള ഒന്നിന്മേൽ ഇരുന്നു നമ്മുടെ സുന്ദരിയായ കന്യക നിലത്തു ചവിട്ടിക്കുതിച്ചു സാവധാനത്തിൽ ആടുവാൻ തുടങ്ങി.

വാസ്തവമായ രൂപലാവണ്യത്തിനു് അതിയായ ന്യൂനത സംഭവിക്കാതെ ഈ സ്ത്രീരത്നത്തെ പ്രത്യംഗമായി വർണ്ണിക്കുന്നതിൽ ഉള്ള പാടവത്തെപ്പറ്റി എനിക്കു ലേശംപോലും വിശ്വാസമില്ലാത്തതിനാൽ ഞാൻ ആയതിനു തുനിയുന്നില്ല. കാളിദാസമഹാകവി പറഞ്ഞിട്ടുള്ളതുപോലെ ശൃംഗാരജീവിതങ്ങളായ സകല വസ്തുക്കളുടേയും ഏകോപിച്ചുള്ള സഹായത്താൽ ധാതാവു തന്റെ സകല സൃഷ്ടികളിൽനിന്നും അപാരമായി അതിവിശിഷ്ടമായിരിക്കുന്ന

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/46&oldid=173956" എന്ന താളിൽനിന്ന് ശേഖരിച്ചത്