താൾ:ഭാസ്ക്കരമേനോൻ.djvu/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
52


ഇവർ കാട്ടിൽനിന്നു പുറത്തേക്കു കടക്കാറായപ്പോൾ ഒരേ മനസ്സോടുകൂടി രണ്ടുപേരും സ്നേഹപാശത്താൽ ബന്ധിക്കപ്പെട്ടതുപോലെ പെട്ടെന്നു നിന്നു. കുമാരൻനായർ തന്റെ കൈ വേർപെടുത്തുവാൻ ഭാവിച്ചപ്പോൾ ദേവകിക്കുട്ടിയെ അധോമുഖിയായിക്കണ്ടിട്ടു കുറച്ചുനേരത്തേയ്ക്കു മിണ്ടുവാനാകട്ടെ കൈയെടുക്കുവാനാകട്ടെ ശക്തനായില്ല. അതിന്റെ ശേഷം പണിപ്പെട്ടു കുമാരൻനായർ ഇപ്രകാരം ചോദിച്ചു.

'ഇത്രനേരം എവിടെയായിരുന്നുവെന്നു ജ്യേഷ്ഠൻ ചോദിച്ചാൽ എന്താണു മറുപടി പറക?'

'ജ്യേഷ്ഠൻ കാണാതെകണ്ടു വീട്ടിൽ എത്തണം. എന്നാൽ പിന്നെയൊക്കെ അമ്മ സഹായിച്ചുകൊള്ളും' എന്നു തൊണ്ട എടറിക്കൊണ്ടാണു് ദേവകിക്കുട്ടി സമാധാനം പറഞ്ഞതു്. കുമാരൻനായർ സാവധാനത്തിൽ ദേവകിക്കുട്ടിയുടെ കൈവിട്ടു്-

'ഞാൻ വീട്ടിൽ വന്നു് കണ്ടുകൊള്ളാം' എന്നു പറഞ്ഞു പെട്ടെന്നു തിരിഞ്ഞു പരിവട്ടത്തേക്കുള്ള വഴിയിൽകൂടി നടന്നു തുടങ്ങി. ദേവകിക്കുട്ടി ആ മനോഹരമായ രൂപം ദൃഷ്ടിഗോചരമല്ലാതെയാവുന്നതുവരെ നിശ്ചഞ്ചലമായി നോക്കി നിന്നതിന്റെ ശേഷം, അനേകവിധത്തിലുള്ള ചിന്തകൾക്കൊരടിമയായിട്ടു് ചേരിപ്പറമ്പിലേക്കും തിരിച്ചു. ഈ വിചാരങ്ങൾ എന്തെല്ലാമായിരുന്നുവെന്നും, ഏതേതുവിധത്തിലുള്ളവയായിരുന്നുവെന്നും വിവരിച്ചു പറവാൻ എന്നാൽ സാധിക്കുന്നതല്ല. മേൽ പ്രസ്താവിച്ച പോലെയുള്ള സ്വൈരസല്ലാപസുഖത്തെ അനുഭവിച്ചറിഞ്ഞിട്ടുള്ള യുവതികൾ ദേവകിക്കുട്ടിയുടെ മനോവികാരങ്ങളേയും വിചാരങ്ങളേയും വായനക്കാർക്കു വെളിപ്പെടുത്തിത്തരുവാൻ ഉദ്യമിച്ചാൽപക്ഷെ, സാധിച്ചുവെന്നു വന്നേക്കാം.

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/58&oldid=173969" എന്ന താളിൽനിന്ന് ശേഖരിച്ചത്