താൾ:ഭാസ്ക്കരമേനോൻ.djvu/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
51


കാടു കഴിയുന്നതുവരെ ഞാനും കൂടെവരാം' എന്നു പറഞ്ഞു കുമാരൻനായർ ദേവകിക്കുട്ടിയുടെ കൈകോർത്തുപിടിച്ചു്, രണ്ടുപേരുംകൂടി സാവധാനത്തിൽ നടന്നുതുടങ്ങി.

കുമാരൻനായരായിട്ടു വായനക്കാർക്കു പരിചയത്തിനിടവന്നിട്ടില്ലാത്തതിനാൽ യുവാവായ ഇദ്ദേഹത്തിനെപ്പറ്റി അല്പമൊന്നു പറയേണ്ടിവന്നിരിക്കുന്നു. ഇദ്ദേഹം പരിവട്ടത്തു കുഞ്ഞിരാമൻനായരുടെ മരുമകനും മരിച്ചുപോയ പുളിങ്ങോട്ടു ദാമോദരമേനവന്റെ പുത്രനുമാണു്. വയസ്സിരുപത്തിനാലു കഴിഞ്ഞു. ആകൃതികൊണ്ടു കുമാരൻനായർ ദേവകിക്കുട്ടിക്കു് അനുരൂപനായ ഭർത്താവാകുവാൻ തക്ക യോഗ്യതയുള്ളവനാണെന്നു പറഞ്ഞാൽ മതിയാവുന്നതാണു്. പ്രകൃതിക്കു വിശേഷമുണ്ടു്. വിശേഷബുദ്ധി, വിനയം ക്ഷമ മുതലായ സൽഗുണങ്ങളെക്കൊണ്ടു കുമാരൻ നായർ അച്ഛന്റെ നേരുപകർപ്പാണെന്നു പലരും പറയാറുണ്ടു്. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ബി. ഏ. പരീക്ഷയിൽ ജയിച്ചു. ഉടനെതന്നെ പ്രതിദിനമുള്ള ഒരു വർത്തമാനപ്പത്രത്തിന്റെ സഹപത്രാധിപരായി മൂന്നുമാസം പ്രതിഫലം കൂടാതെ വേലയെടുത്തു. അതിന്റെ ശേഷം പത്രത്തിന്റെ ഉടമസ്ഥൻ സന്തോഷിച്ചു് അദ്ദേഹത്തിനു അറുപതുറുപ്പിക മാസപ്പടി നിശ്ചയിച്ചു. ഇപ്പോൾ രണ്ടു മാസമായിട്ടു അവധിയെടുത്തു ദേഹസുഖത്തിനായി നാട്ടിൽ വന്നു താമസിക്കുകയാണു്. ഈ കാലങ്ങളിലും ലേഖനമെഴുതീട്ടും പുസ്തകം വായിച്ചിട്ടും അല്ലാതെ ഒരു വിനാഴികപോലും മറ്റൊരുവിധത്തിൽ കഴയാറില്ല. കുമാരൻ നായരും ദേവകിക്കുട്ടിയും തമ്മിൽ ചെറുപ്പംമുതൽക്കുതന്നെ കൂട്ടുകെട്ടാണു്. എന്നാൽ ബാലികാബാലന്മാരുടെ സ്നേഹം കാലക്രമംകൊണ്ടു യുവതീയുവാക്കളുടെ അനുരാഗമായിട്ടു പരിണമിച്ചുവെന്നേ ഉള്ളു.

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/57&oldid=173968" എന്ന താളിൽനിന്ന് ശേഖരിച്ചത്