“ | ചിത്രേ നിവേശ്യ പരികൽപീസത്വയോഗാ ത്രപോച്ചയേന വിധിന മനസാകൃതാനു |
” |
കഴിഞ്ഞ അദ്ധ്യായത്തിൽ വിവരിച്ച സംഗതികൾ നടന്നതിന്റെ രണ്ടാംദിവസം വൈകുന്നേരം സർവാനന്ദജനകമായ സന്ധ്യാരാഗം പഞ്ചമിച്ചന്ദ്രന്റെ അപൂർണ്ണരശ്മികളോടുകൂടിച്ചേർന്നു കളിയാടിക്കൊണ്ടിരിക്കുമ്പോൾ ചേരിപ്പറമ്പിന്റേയും പരിവട്ടത്തിന്റേയും മദ്ധ്യത്തിലുള്ള ശിവക്ഷേത്രത്തിൽനിന്നു സുമാറു നാലുവിളിപ്പാടു വടക്കു ഒരു കാട്ടിൽകൂടി നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്ന പെരുവല്ലം നദിയുടെ വക്കത്തു ഏകദേശം പതിനഞ്ചുവയസ്സു പ്രായംചെന്ന ഒരു യുവതി കൈകളുടെ മുട്ടുകൾ രണ്ടും തുടകളിൽ ഊന്നിയും, കവിൾത്തടങ്ങളെ കൈത്തലങ്ങളെക്കൊണ്ടു താങ്ങിയും പ്രവാഹത്തെ നോക്കിക്കൊണ്ടു ചിന്താമഗ്നയായിട്ടിരുന്നിരുന്നു. ആരെയോ കാത്തിരിക്കുന്നപോലെ ഇടക്കിടെ തലപൊക്കി ഇരുഭാഗത്തേക്കും തിരിഞ്ഞു, ജിതേന്ദ്രിയന്മാരായ യോഗികളെക്കൂടി വശീകരിക്കുവാൻ സാമർത്ഥ്യമുള്ള ദൃഷ്ടികളെ വൃക്ഷങ്ങളുടെ പഴുതുകളിൽകൂടി പായിക്കുന്നതും ഉണ്ടായിരുന്നു. ഇങ്ങനെ അല്പനേരം കഴിഞ്ഞപ്പോൾ സന്ധ്യാരാഗം തീരെ മങ്ങി; വൃക്ഷങ്ങളുടെ നിഴലുകൾ വർദ്ധിച്ചുതുടങ്ങി. യുവതിയുടെ ദൃഷ്ടികളോടുള്ള സ്പർദ്ധകൊണ്ടോ എന്നു തോന്നുമാറു് ബാലചന്ദ്രന്റെ മന്ദരശ്മികളും അങ്ങുമിങ്ങും വൃക്ഷങ്ങളുടെ എടകളിൽകൂടി കടന്നു കരയിലും വെള്ളത്തിലും വിളങ്ങിത്തുടങ്ങി.