താൾ:ഭാസ്ക്കരമേനോൻ.djvu/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
41


ഒരു സ്ത്രീരൂപത്തെ മനസ്സിൽ സങ്കല്പിച്ചു് ആയതിന്നു ജീവൻ കൊടുത്തതോ എന്നു തോന്നുമെന്നു പറഞ്ഞു ശേഷമുള്ളതു വായനക്കാർക്കു ഊഹിച്ചുകൊൾവാനായി വിട്ടുകൊടുത്താൽ വാസ്തവത്തിനു വളരെ കുറവുവരാതെ കഴിക്കാവുന്നതാണു്. ആഭരണങ്ങൾ അധികമൊന്നും ഉണ്ടായിരുന്നില്ല. തോട, ഞാത്തു, മൂക്കുത്തി, നൂലും പതക്കവും, കടകം, എടത്തു കയ്യിന്റെ ചെറുവിരലിന്മേൽ ഒരു ചെറിയ വൈരക്കല്ലുവച്ച മോതിരം ഇത്രമാത്രമേ ഉണ്ടായിരുന്നുള്ളു. തലമുടിയുടെ അഗ്രഭാഗംകൊണ്ടു ഏകദേശം ഒന്നരമുഴത്തോളം മടക്കിവച്ചു തുമ്പു പുറത്തേക്കായി കെട്ടിയിട്ടു ആ കെട്ടിന്മേൽ ചെറുതായ ഒരു പിച്ചകമാലയും തിരുകീട്ടുണ്ടു്. നെറ്റിയിന്മേൽ ഒരു ചാന്തുപൊട്ടും കുട്ടീട്ടുണ്ടു്. റൌക്ക ഇട്ടിട്ടില്ല. ഒരു ചെറിയ പാവുമുണ്ടുകൊണ്ടു മാറിടം മറച്ചു മുണ്ടിന്റെ രണ്ടുതുമ്പും കൂട്ടിക്കെട്ടി കെട്ടു പിന്നിലേക്കാക്കി തലമുടികൊണ്ടു മറച്ചിട്ടുണ്ടു്. അരയിൽ നേരിയ ഒരു മാതിരി ഈർക്കിൽക്കരയൻ പാവുമുണ്ടാണു മേൽമുണ്ടായിട്ടു ചുറ്റീട്ടുള്ളതു്. ആകെക്കൂടി അനാവശ്യമായ കൃത്രിമമോടികൊണ്ടു സ്ത്രീരത്നസൃഷ്ടിയുടെ അഭൂതപൂർവമായ ഈ മാതൃകയുടെ വിശിഷ്ടതയെ ദുഷിപ്പിക്കുവാൻ നമ്മുടെ സുകുമാരി ഒട്ടുംതന്നെ ഉദ്യമിച്ചിട്ടില്ലെന്നു പറഞ്ഞാൽ മതിയല്ലൊ.

ഈ സമയത്തു് ഇവൾ ഏകാകിനിയായി ഈ വിജനപ്രദേശത്തു വന്നിരിക്കുന്നതു സാധാരണ അബലകൾക്കു സഹജമല്ലാത്തതും പ്രത്യേകിച്ചു് ഇവളുടെ ആകൃതിക്കനുരൂപമല്ലാത്തതും ആയ മനോധൈര്യവും കൊണ്ടാണെന്നു വിചാരിക്കുവാൻ ഒട്ടുംതന്നെ പാടുള്ളതല്ല. അന്യചിന്തകളാൽ തരുണിയുടെ ഏകാന്തവാസത്തിലുള്ള ഭയാംശം അപഹരിക്കപ്പെട്ടിരിക്കുന്നതിനു പുറമേ ലോകത്തിന്റെ

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/47&oldid=173957" എന്ന താളിൽനിന്ന് ശേഖരിച്ചത്