പ്രാചീനമലയാളം/ശൂദ്രശബ്ദം
←നായന്മാരെപ്പറ്റിചരിത്രകാലത്തിൽ വിദേശീയന്മാർക്കുണ്ടായിട്ടുള്ള അഭിപ്രായങ്ങൾ | പ്രാചീനമലയാളം രചന: ശൂദ്രശബ്ദം |
ചാതുർവർണ്യം→ |
ശൂദ്രശബ്ദം
[തിരുത്തുക]മലയാളബ്രാഹ്മണശബ്ദവും മലയാളശൂദ്രശബ്ദവും ആണ് ഇവിടുള്ള കുഴപ്പങ്ങൾക്കു പ്രധാന ഹേതുക്കൾ. ഇവയിൽ ഒന്നാമത്തേതിനെ ഒഴിക്കേണ്ടതാണെന്നു ആറാമദ്ധ്യായത്തിൽ സകാരണം വിവരിച്ചു. ശേഷിച്ചിരിക്കുന്ന (മലയാള) ശുദ്രശബ്ദത്തെപ്പറ്റി ഇവിടെ ചിന്തിക്കാം.
ബ്രാഹ്മണർ മലയാളി നായന്മാരെ 'ശൂദ്രർ' എന്നു പറഞ്ഞു വരുന്നു. ഇത് വെറും വ്യവഹാരത്തിൽ മാത്രമല്ല. നായന്മാരെപ്പറ്റി അവർ എഴുതിയിട്ടുള്ള ഗ്രന്ഥങ്ങളിലും കാണുന്നുണ്ട്. ആഗമ വിസ്മൃതികൊണ്ടോ, അജ്ഞത്വംകൊണ്ടോ ഇവർ അതിനെ മനഃപൂർവ്വം സമ്മതിക്കുകയും ചെയ്യുന്നു. ഈ വ്യവഹാരം ഇങ്ങനെ വർദ്ധിച്ചുവർദ്ധിച്ച് സഹജമായി ഇപ്പോൾ നായന്മാർ തമ്മിലുള്ള സംഭാഷണങ്ങളിലും രേഖാപ്രമാണങ്ങളിലുംകൂടി ആവിധം പ്രയോഗിക്കുന്ന നടപ്പ് സ്ഥിരപ്രതിഷ്ഠതമായി തീർന്നിരിക്കുന്നു. ഈ അവസരത്തിൽ നായന്മാരുടെ ആഗമത്തെപ്പറ്റി 'കേരളമാഹാത്മ്യം', 'കേരളോൽപത്തി' മുതലായ പ്രമാണങ്ങളെ അനുസരിച്ചുള്ള ഒരു നിരൂപണം നിഷ്പ്രയോജനമായി ഭവിക്കയില്ലെന്ന് വിശ്വസിക്കുന്നു.
ഒന്നാമതായി നായന്മാർക്കു ഉണ്ടായിട്ടുള്ള ഈ ശൂദ്രശബ്ദം ആദ്യമേ ഉണ്ടായിരുന്നതോ ഇടക്കാലത്തു വന്നുകൂടിയതോ എന്നു നമക്കു ആലോചിച്ചുനോക്കാം. 'കേരളമാഹാത്മ്യ' ത്തിൽ ഇതിനെപ്പറ്റി ഇങ്ങനെ പറഞ്ഞിരിക്കുന്നു. 'ബ്രാഹ്മണർക്കു അനുഭവിപ്പാൻ ദേവസ്ര്തീകളെ തരണം' എന്നു ഭാർഗ്ഗവൻ സ്വർഗ്ഗത്തുചെന്ന് ദേവേന്ദ്രനോടു ചോദിച്ചു. അദ്ദേഹം ജയന്തന്റെ പുത്രി 'സുഭഗ'യേയും ഗന്ധർവ്വന്റെ പുത്രി 'ശുഭ'യേയും ഒരു രാക്ഷസസ്തീയേയും ആറാറു കന്യകമാരോടുകൂടി കൊടുത്തു. അനന്തരം അദ്ദേഹം ദാസികളേയും ദാസന്മാരേയും (വിദേശത്തു നിന്നും) കൊണ്ടുവന്നു.
ഈ സംഗതിയെ പ്രത്യേകം സംബന്ധിക്കുന്ന പ്രമാണങ്ങളെ അടിയിൽ വിവരിക്കുന്നു.
പ്രമാണം. | അർത്ഥം. | |
---|---|---|
1 | ദേവനാര്യശ്ച ദാതവ്യാഃ | ദേവസ്ത്രീകളെത്തരണം. |
2 | ജയന്തസ്യ സുതാം കാഞ്ചിൽ സുഭഗനാമ സുന്ദരീം ഷട്ക്കന്യാ സഹിതാം നാരീം |
ജയന്തന്റെ പുത്രി സുഭഗയെന്ന സ്ര്തീയേയും ആറു കന്യകമാരേയും (കൊടുത്തു). |
3 | ദേവനാര്യഃ കില | (ഇവർ) ദേവസ്ത്രീകളാകുന്നുപോലും. |
4 | പുനഃ കാഞ്ചിച്ച നാരീന്തു ഗന്ധർവസ്യ സുതാം ശുഭാം ഷട്ക്കന്യാസഹിതാം നാരീം |
പിന്നെ ഗന്ധർവന്റെ പുത്രി ശുഭയെന്ന സ്ര്തീയേയും ആറു കന്യകമാരേയും(കൊടുത്തു). |
5 | പുനശ്ച രാക്ഷസീം തന്വീം ഷട്ക്കന്യാസഹിതാം തദാ |
അനന്തരം (ഒരു) രാക്ഷസസ്ത്രീയേയും ആറുകന്യകമാരേയും (കൊടുത്തു). |
മേൽ കാണിച്ച പ്രമാണങ്ങളിൽ ഒന്നിലും തന്നെ ശൂദ്രസംജ്ഞ പ്രയോഗിച്ചുകാണുന്നില്ല. അതിനാൽ പരശുരാമൻ കൊണ്ടുവന്ന സ്ര്തീകൾക്കു മുമ്പിൽ ഈ നാമം ഇല്ലായിരുന്നു എന്നു തെളിയുന്നു. കേരളത്തിൽ കൊണ്ടുവന്ന് ഇരുത്തുന്ന സമയം ആ മൂന്നു വക സ്ര്തീകളെപ്പറ്റിയും മേൽപറഞ്ഞവിധം (ശൂദ്രശബ്ദം കൂടാതെ തന്നെ) ആവർത്തിച്ചു പറഞ്ഞിരിക്കുന്നതിനാൽ വഴിമദ്ധ്യേവച്ചും അവരിൽ ശൂദ്രശബ്ദം ചേർന്നില്ലെന്നുള്ളതും നിശ്ചയം തന്നെ. ഇനിയും.
- ദാസീദാസാൻ കുടുംബകാൻ'
- അർത്ഥം: ദാസികളേയും ദാസന്മാരേയും (വിദേശത്തിൽ നിന്നും) കൊണ്ടുവന്നു, എന്ന് 'കേരളമാഹാത്മ്യ'ത്തിലും 'ഭാർഗ്ഗവൻ പരദേശത്തുനിന്നു കാരയ്ക്കാട്ടു വെള്ളാളരെക്കൊണ്ടു വന്നു താമസിപ്പിച്ചു. അവരാണ് കിരിയത്തു നായന്മാർ' എന്നു 'കേരളോല്പത്തി'യിലും കാണുന്നു. ഇപ്രകാരമാണെങ്കിൽ കാരയ്ക്കാടു മുതൽ മലയാളംവരെ (ഉൽപ്പെടെ) യുള്ള ദേശങ്ങൾ തമിഴ്‌നാടാകയാൽ 'വെള്ളാംപിള്ള' മുതലായ തമിഴ് പേരുകളല്ലാതെ തമിഴിനോട് അത്തവും അടുപ്പമില്ലാത്തതും അന്യഭാഷയിലുള്ളതുമായ ശൂദ്രശബ്ദം അവിടെയാകട്ടേ ഇവിടെയാകട്ടെ തനതായിട്ടുണ്ടായിരിപ്പനിടയില്ല.
ഇനി ചിന്തിക്കേണ്ടതു ഈ നാമം ഇവിടെ വന്നശേഷം ഉടൻ തന്നെ ഉണ്ടായി പാരമ്പര്യമായി നടന്നുവരുന്നതോ അതല്ലാ അടുത്ത കാലങ്ങളിൽ ഉണ്ടായിട്ടുള്ളതോ എന്നാണ്. മലയാളദേശത്തുള്ള എഴുത്തുകുത്തുകളിലാകട്ടെ ആധാരപ്രമാണങ്ങളിലാകട്ടെ യാതൊന്നിലുംതന്നെ ഈ ശുദ്രസംജ്ഞ കാണുന്നില്ല. മലയാംപട്ടാളത്തിനെ 'നായർപട്ടാളം' എന്നല്ലാതെ 'ശൂദ്രപ്പട്ടാളം' എന്നു പറയുന്നില്ല. ഒരു സ്ര്തീയോട് നിന്റെ 'നായർ'എന്നല്ലതെ 'ശൂദ്രൻ' എന്നു പറയുന്നില്ല. 'പടനായർകുളങ്ങര' 'നായർകുളം' 'ഇരൈ നായർകുളം' (ഇരണാകുളം) 'നായർവകപ്പടി' ഇപ്രകാരം മലയാളത്തുള്ള പ്രദേശങ്ങൾ, വസ്തുക്കളുടെ ഇനം ഇതുകൽക്കെല്ലാം (ഉള്ളതിനൊക്കെ) നായർസംജ്ഞകളല്ലാതെ ശൂദ്രസംജ്ഞ ഒന്നിലും ഒരിടത്തും കാണുന്നില്ല. എന്നാൽ ഉദ്ദേശം 50 കൊല്ലങ്ങൾക്കകം നടപ്പായിട്ടുള്ള രജിസ്തർ ആധാരങ്ങളിൽ (അതും തിരുവിതാംകൂറിൽ മാത്രം) ഈ നാമം കാണുന്നുണ്ട്. അതിനാൽ ശൂദ്രശബ്ദം ഈ മലയാളത്തിൽ മുൻകാലങ്ങളിൽ ഇല്ലായിരുന്നു എന്നും അടുത്തകാലത്തു തുടങ്ങിയ താണെന്നും ഉള്ളതിനു സംശയമില. ഇവിടുത്തെ ഭാഷകൊണ്ടു നോക്കിയാലും ഈ നാമം ഇവിടെ ഉള്ളതല്ലെന്നു സ്പഷ്ടമാകുന്നു. [1] കിരിയം മുതൽ താഴോട്ടുള്ള വകക്കാരെ ശൂദ്രരെന്നു കുറെക്കാലത്തിനിപ്പുറം പറഞ്ഞുവരികയും അവർ സാധരണയായി അതിനെ വിസമ്മതിക്കതിരിക്കയും ചെയ്തുപോരുന്നതുകൊണ്ടുമാത്രം ഈ ശബ്ദം അവരുടെ സ്വന്തമാണെന്നു പറവാൻ പാടില്ല. (സ്വന്തമാണെന്നു വരുന്നതല്ല). ഒരു വർഗ്ഗക്കരെക്കുറിച്ച് മറ്റൊരു വർഗ്ഗക്കാർ സ്വേച്ഛാനുസരണം പലപേരും പറയുന്നതു നടപ്പില്ലാത്തതല്ല. ആയത് ഇപ്പോഴത്തെ നമ്പൂരിമാർ മുതലായവരെക്കുറിച്ചും ഇല്ലെന്നില്ല. അപ്രകാരമുള്ള എല്ല പേരുകളും വകയിൽ ചേർത്തു ഗണിക്കുന്നത് കേവലം ഭോഷത്വമെന്നേ പറവാനുള്ളു.
വിശേഷിച്ചും 'നമ്പൂരി ഇങ്ങോട്ടു വരൂ' 'പട്ടരേ വരൂ' 'പോറ്റി വരൂ' എന്നു പറയുന്നതുപോലെ 'ശ്രൂദ്രാ വാ' എന്നു ഒരു നായരെ നോക്കി പറയുന്നില്ല. പറയുന്നതായാലും നമ്പൂരി, പട്ടർ ഇത്യാദി ഉപനാമം [2] പോലെ ആ സ്ഥാനത്തെയ്ക്കു നായർ, പിള്ള, കർത്താ, കയ്മൾ, മേനവൻ മുതലായ സംജ്ഞകളെ മാത്രമേ ഉപയോഗിക്കുന്നുള്ളു. മുൻ വിവരിച്ച സംഗതികളുടെ സാരംശത്തെപ്പറ്റി അത്തംപോലും ചിന്തിക്കാതെ രജിസ്റ്റ്രാധാരത്തിൽ ഒരുവനെഴുതി, രണ്ടു പേരെഴുതി, മൂന്ന്, നാല്, പത്തു, നൂര്, എന്നിങ്ങനെ തെരുതെരെ അങ്ങോട്ട് 'ഗഡ്ഡലികപ്രവാഹന്യായം'[3] പോലെ ഇത് സംഭവിച്ചു എന്നേ ഉള്ളു.
“ | ഏകസ്യ കർമ്മ സംവീക്ഷ്യ കരോത്യന്യോപി ഗർഹിതം ഗതാനുഗതികോ ലോകോ ന ലോകഃ പാരമാർത്ഥികഃ |
” |
അർത്ഥം: 'ഒരുത്തന്റെ നിന്ദ്യമായ പ്രവൃത്തി കണ്ടിട്ട് അന്യനും അതുപോലെ ചെയ്തുപോകുന്നു. ഇതു മുൻപിൽ പോകുന്നവന്റെ പിന്നാലെ പലരും പോകുന്നതുപോലെയാണ്. ഒരുവനും പരമാർത്ഥമറിഞ്ഞു പ്രവർത്തിക്കുന്നില്ല.' ഇനി ശൂദ്രശബ്ദം, ഏതുഭാഷയിലുള്ളതാണെന്നു നോക്കാം:
“ | 'ബ്രഹ്മക്ഷത്രിയവിട്ശൂദ്രാശ്ചാതുർവർണ്യമിതി സ്മൃതം'[4] | ” |
അർത്ഥം: ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രൻ ചാതുർവർണ്യമാകുന്നു എന്നു സ്മരിക്കപ്പെട്ടു.
'ഹാ ഹാരേ ത്വാ ശൂദ്ര'[5]
അർത്ഥം: കഷ്ടം കഷ്ടം എടാ! ശൂദ്രാ നിന്റെ ..'
'ശൗദ്രം വർണ്ണമസൃജത'[6]
അർത്ഥം:'ശൂദ്രജാതിയെ സൃഷ്ടിച്ചു.'
'ഹാ രേ ത്വാ ശൂദ്ര' [7]
അർത്ഥം: കഷ്ടം! കഷ്ടം! കഷ്ടം: എടാ ശൂദ്രാ! നിന്റെ ...'
'ശൂദ്രാശ്ചാവരവർണ്ണാശ്ച വൃഷലാശ്ച ജഘന്യജാ'[8]
അർത്ഥം. 'ശൂദ്രൻ, അവരവർണ്ണൻ, വൃഷലൻ, ജഘന്യജൻ ഇവ ശൂദ്രശബ്ദത്തിന്റെ പര്യായങ്ങൾ (ആകുന്നു);
മേൾകാണിച്ച പ്രമാണങ്ങളും പര്യായങ്ങളും സംസ്‌കൃതഭാഷയിൽ കാണപ്പെടുന്നു. 'മലയാളം' തുടങ്ങി പന്ത്രണ്ടു പിരിവുകളുള്ള [9]'തമിഴു' ഭാഷയിലെ ഇലക്കണാദി ഗ്രന്ഥങ്ങളിൽ 'അവരവരുണൻ' 'വിരുഴലൻ' 'ചകന്നിയചൻ എന്നിങ്ങനെ തമിഴ്വാക്കുകളെല്ലന്നു കാണിച്ച് 'ചിതൈച്ചൊല്ലായിട്ട്' ഉപയോഗിച്ചിരിക്കുന്നതിനാൽ ശൂദ്രശബ്ദം സംസ്‌കൃതഭാഷയിലുള്ളതുതന്നെ എന്നു നിർണ്ണയിക്കാം.
(തമിഴ് ഭാഷയിൽ 'പെയർച്ചൊല്ല്' (നാമശബ്ദം)' 'വിനൈച്ചൊല്ല്) (ക്രിയശബ്ദം), 'ഇടൈച്ചൊല്ല്' (ഏകദേശം അവ്യയം), 'തിശൈച്ചൊല്ല്' (ദേശീയനാമം), 'വടൈച്ചൊല്ല്' (ഇതരദേശഭാഷ, അതായത് സംസ്‌കൃതം), 'ചിതൈച്ചൊല്ല് (ന്യുനനാമം) എന്നിങ്ങനെ പദങ്ങളെ പിരിച്ചിട്ടുണ്ട്. ഇതിൽ വടൈച്ചൊല്ലെന്നതു തമിഴക്ഷരങ്ങൾകൊണ്ട് സംസ്‌കൃതത്തിലിരുന്നതുപോലെതന്നെ എഴുതാവുന്ന കരം, മരം ഇത്യാദി പദങ്ങളും, ചിതൈച്ചൊല്ലെന്നത്, തമിഴക്ഷരങ്ങൾകൊണ്ടു ശരിയായിട്ടുച്ചരിക്കാൻ പാടില്ലാതെ 'ചിതച്ചു' (ന്യുനപ്പെടുത്തി) ഉച്ചരിക്കുന്ന ഉട്ടണം (ഉഷ്ണം) പിരുങ്കം (ഭൃംഗം) ഇത്യാദി പദങ്ങളുമാകുന്നു.
ശ്രൂദ്രാദിപദങ്ങൾ തമിഴ് ഭാഷയിൽ ചിതൈച്ചൊല്ലായിരിക്കുന്നതിനാൽ സംസ്‌കൃതഭാഷയിലുള്ളവതന്നെ എന്നു തെളിയുന്നു). ഇനി ശൂദ്രശബ്ദം ഏതു ഭാഷയിൽ എന്തിനായിട്ടുപയോഗിച്ചിരിക്കുന്നു എന്നു നോക്കുന്നപക്ഷം മുൻകാണിച്ചിരിക്കുന്നപ്രമാണംകൊണ്ട് അതു ചാതുർവർണ്ണ്യവ്യവസ്ഥയിൽ നാലാമത്തെ വർണ്ണത്തിനു സംജ്ഞയാണെന്നു തെളിയുന്നു. ഈ വർണ്ണത്തിന്റെ ലക്ഷണാദികളെ പ്രത്യേകം സ്പഷ്ടമാക്കികാണിക്കുന്നതിനു പൊതുവായ ചാതുർവർണ്ണ്യത്തിന്റെ ഒരു വിവരണം അത്യാവശ്യമായി തോന്നുകയാൽ അടുത്ത അദ്ധ്യായത്തിൽ അതിനൊരുമ്പെടുന്നു.
കുറിപ്പുകൾ
[തിരുത്തുക]- ↑ (വിവരണം വഴിയെ)
- ↑ (വർഗ്ഗപ്പേർ അല്ലെങ്കിൽ സ്ഥാനപ്പേർ)
- ↑ ഗഡ്ഡലിക (ഗഡ്ഡരിക) ആട്ടിൻനിര; ആടുകൾ ഒന്നിനു പുറകെ മറ്റൊന്നായി പുഴയിൽ ഒഴുകിപ്പോകുന്നതിനെ അടിസ്ഥാനമാക്കിയുള്ള ന്യായമാണ് ഗഡ്ഡലികാ പ്രവാഹന്യായം.(മൂഢന്മാരൊന്നിച്ചാൽ അവരിൽ മുൻഗാമിയെ പിൻഗാമികൾ കണ്ണുമടച്ച് അനുസരിക്കുന്നതിനെ ഇത് കുറിക്കുന്നു).
- ↑ (മനുസ്മൃതി)
- ↑ (ഛാന്ദോഗ്യോപനിഷത്ത്)
- ↑ (ബൃഹദാരണ്യോപനിഷത്ത്)
- ↑ (സൂത്രഭാഷ്യം)
- ↑ (അമരകോശം)
- ↑ തമിഴ്, മലയാളം, തെലുങ്ക്, കന്നടം, തുളു, കുർഗ്, തുദ, കോത, ഗോണ്ഡ്, കൊണ്ട്, രാജ്മഹൽ, ഒറാവൊൺ എന്നിവയാണിവ.