പ്രാചീനമലയാളം/നായന്മാരുടെ സ്ഥാനമാനദാതാക്കൾ ഭാർഗ്ഗവനോ ബ്രാഹ്മണരോ അല്ല

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പ്രാചീനമലയാളം
രചന:ചട്ടമ്പിസ്വാമികൾ
നായന്മാരുടെ സ്ഥാനമാനദാതാക്കൾ ഭാർഗ്ഗവനോ ബ്രാഹ്മണരോ അല്ല
പ്രാചീനമലയാളം

നായന്മാരുടെ സ്ഥാനമാനദാതാക്കൾ ഭാർഗ്ഗവനോ ബ്രാഹ്മണരോ അല്ല
[തിരുത്തുക]


ഇനി കഴിഞ്ഞ അദ്ധ്യായത്തിൽ കാണിച്ചവിധം ഭാർഗ്ഗവനോ ബ്രാഹ്മണരോ ആണ് നായന്മാരുടെ സ്ഥാനമാനദാതാക്കന്മാരെന്നുള്ള കേരളമാഹാത്മ്യാദി സിദ്ധാന്തത്തെപ്പറ്റി ആലോചിക്കാം. കയ്മൾ, കർത്താ, പണിക്കർ, മേനോൻ, ഇല്ലം, സ്വരൂപം, പള്ളിച്ചാൻ തുടങ്ങിയുള്ള എല്ലാ നായന്മാരെയും പൊതുവെ ശൂദ്രരാക്കി ഗണിച്ച് അവരിൽ ഓരോരുത്തർക്കുള്ള സ്ഥാനമാനങ്ങളെ ഭാർഗ്ഗവൻ അല്ലെങ്കിൽ ബ്രാഹ്മണർ കൊടുത്തതായിട്ടാണ് പറയുന്നത്. അതോടുചേർന്ന്,


‘സാമന്താനാം ദ്വിജാദീനാം നായകഃ പരിചാരകഃ’ [1]


അർത്ഥം: ‘നായർവർഗ്ഗം സാമന്തന്മാർക്കും ദ്വിജന്മാർക്കും പരിചാരകന്മാരാകുന്നു’ എന്നു നിയമവും ഉണ്ട്. സ്വാമിമാരായ പ്രഭുക്കൾ അടിമകളായ ദാസന്മാരിൽ ചിലർക്കോ പലർക്കുമോ ആകട്ടെ പെരുമയും സ്ഥാനമാനങ്ങളും കൊടുക്കുന്നതായിരുന്നാൽ ആയത് എന്തിനായിരിക്കും? ആ ദാസന്മാർ ആ പ്രഭുക്കന്മാരേക്കാൾ താഴ്ന്ന സ്ഥിതിയിൽ ഇരിക്കുന്നതിനോ അവരോടു തുല്യന്മാരാകുന്നതിനോ അവരെക്കാൾ വളരെ ഉന്നതസ്ഥിതിയിൽ ആകുന്നതിനോ?


താഴ്ന്ന സ്ഥിതിയിൽത്തന്നെ ഇരിക്കാനാണെങ്കിൽ ആദ്യം തുടങ്ങി അപ്രകാരംതന്നെ ഇരുന്നുവരുന്നതിനാൽ അതിലേയ്ക്കായിട്ടു വിശേഷിച്ചൊന്നും പ്രവർത്തിക്കണമെന്നില്ല.


തുല്യാവസ്ഥയിലിരിക്കാനാണെങ്കിൽ അപ്രകാരമിരുന്നിട്ടു യാതൊരു പ്രയോജനവും ഉണ്ടാവാനില്ല. അല്ലാതെയും അതിന്മണ്ണം ചെയ്യുന്നത് ആ ദാസന്മാർ അപേക്ഷിച്ചിട്ടോ അപ്രകാരം ചെയ്തുകൊടുക്കാമെന്ന് പ്രഭുക്കന്മാരുടെ ഉള്ളിൽതന്നെ തനിയെ തോന്നിയിട്ടോ? ഏതുവിധമായാലും അത് ലോകസാധാരണമല്ല. ഇങ്ങനെ സ്ഥാനമാനങ്ങളെ ദാസന്മാർ ബലാൽക്കാരമായിട്ട് എടുത്തുകൊണ്ടതാണെന്നു നിരൂപിക്കുന്നപക്ഷം ആയത് ശരിയാകയില്ലെന്നു മുന്നദ്ധ്യായത്തിൽ കാണിച്ചിട്ടുണ്ട്.


സമാധാനം: ഓരോ മഹാജനം താഴ്ന്നനിലയിലുള്ള അനേകംപേർക്ക് സ്ഥാനമാനങ്ങൾ കൊടുത്തിട്ടുള്ളതായി കേൾവിയും അങ്ങനെ പുരാതനകാലം തുടങ്ങി നടപ്പും ഉണ്ട്.


നിഷേധം: 1. സ്ഥാനമാനസംഭാവനയും പ്രാപ്തിയും തൽസംബന്ധമായ ഒരുക്കങ്ങളും പ്രവൃത്തികളും പലപ്രകാരത്തിലുമുണ്ട്. ഒരു രാജകുടുംബത്തിലേക്ക് ആ കുടുംബത്തിലുള്ളതോ അല്ലാത്തപക്ഷം വേറെ ഒരു കുടുംബത്തിലുള്ളതോ ആയ ഒരാളിനെ പട്ടംകെട്ടേണ്ടതായും മറ്റും വരുമ്പോൾ ആയതിലേക്കു വേണ്ടുന്നവയെല്ലാം പ്രവർത്തിച്ചു കാര്യം നിറവേറ്റുന്നതിന് ഏർപ്പെടുത്തപ്പെട്ട് ആദായം പറ്റി പാരമ്പര്യമായി വാണുവരുന്ന പുരോഹിതർ, ജനപ്രധാനികൾ മുതലായവർ ഒന്നുചേർന്ന് ആവക ക്രിയകൾ ക്രമപ്രകാരം നടത്തുക. അതാതു പ്രഭുക്കന്മാരുടേയും അവരവരുടെ സ്ഥാനത്തിന്റെയും നാമം, ആചാരം ഇത്യാദികൊണ്ട് ആ ആൾ ഇന്ന വർഗ്ഗക്കാരനെന്ന് അറിയുക.


2. ഒരു രാജ്യത്തിൽത്തന്നെ വൈദികവിഷയത്തിലേക്കുള്ള ക്ഷേത്രത്തിൽ നിദാനകൃത്യങ്ങളായ പൂജാദികളും വിശേഷകൃത്യങ്ങളായ ഉത്സവാദികളും നടക്കുമ്പോൾ അവിടത്തെ കാര്യവിചാരത്തിനായി നിയമിക്കപ്പെട്ട് പതിവുള്ള ആദായം സ്വീകരിച്ചുകൊണ്ടിരിക്കുന്ന ഊരാണ്മക്കാർ മുതലായവരും, അപ്രകാരംതന്നെ ലൗകികവിഷയസംബന്ധമായി നിയമിക്കപ്പെട്ട കച്ചേരിമുതലായ സ്ഥലങ്ങളിലുള്ള ഉദ്യോഗസ്ഥന്മാരും, ആ രാജ്യത്തിലെ പ്രധാനിയായ പ്രഭുവിനും അപ്രധാനികളായ തങ്ങൾക്കും തമ്മിലുള്ള അവസ്ഥാതാരതമ്യം നിമിത്തം നടന്നുവരുന്നതും സേവ്യസേവകഭാവത്തെ സൂചിപ്പിക്കുന്നതും ആയ പല പ്രകാരത്തിലുള്ള കൃത്യങ്ങളെ വേണ്ടതായ സന്ദർഭങ്ങളിൽ നടത്തുകയും പ്രഭു സ്വീകരിക്കുകയും ചെയ്യുക.


3. പ്രഭുവായുള്ളവൻ യോഗ്യതയ്ക്കും സർവ്വീസിനും തക്കവണ്ണം ജനങ്ങളിൽ ചിലർക്കും ഉദ്യോഗസ്ഥന്മാർക്കും സ്ഥാനമാനങ്ങൾ കൊടുക്കുക. ഇതുകളിൽ ഒന്നും രണ്ടും സേവ്യസ്ഥാനത്തിലുള്ളവർക്ക് അവരുടെ അധീനത്തിലും രക്ഷയിലും ഇരിക്കുന്ന സേവകസ്ഥാനത്തിലുള്ളവർ ചെയ്തുവരുന്ന കടമകളും മൂന്നാമതു പറയപ്പെട്ടത് സേവ്യന്മാർ സേവകർക്കു കൊടുക്കുന്ന സ്ഥാനമാനവും ആകുന്നു; എങ്കിലും മുൻപറഞ്ഞപ്രകാരം സ്ഥാനമാനം വാങ്ങുന്നവർ സാധാരണ ഉള്ളവരിൽനിന്ന് മേലായ ഒരു വിശേഷസ്ഥാനത്തിലായി എന്നല്ലാതെ സ്ഥാനമാനം കൊടുത്ത ആളിനെക്കാൾ മേലായ പദവിയിൽ ഒരിക്കലും ആകുന്നില്ല.


ഇനി ഈ മലയാളത്തിൽ ഭാർഗ്ഗവനല്ലെങ്കിൽ ബ്രാഹ്മണർ കൊടുത്തതായി പറയപ്പെടുന്നവയും നായന്മാർക്കുള്ളവയുമായ ചില സ്ഥാനമാനങ്ങളെത്തന്നെ ഇവിടെ ചിന്തിച്ചുനോക്കാം.


ക്ഷേത്രങ്ങളിൽ ഉത്സവാദി അടിയന്തിരങ്ങൾക്ക് ആ സ്ഥലത്തെ നായർപ്രഭുവിനെ ബ്രാഹ്മണർ, കൂട്ടംകൂടി നിൽക്കുമ്പോൾ തണ്ടിലെടുത്തുകൊണ്ടുവരികയും ആ പ്രഭു ആ ബ്രാഹ്മണസദസ്സിലെ പ്രധാന അഗ്രാസനത്തിലിരിക്കയും ആഢ്യർ, വൈദികർ മുതലായവരോട് യഥാക്രമമിരുന്നുകൊള്ളുവാൻ ആജ്ഞാപിക്കയും അപ്രകാരമവരനുഷ്ഠിച്ചുകൊള്ളുകയും ചെയ്യുക.


ക്ഷേത്രങ്ങളിൽ കൊടിയേറുന്ന ദിവസം നായർസ്ഥാനി വാഹനാരൂഢനായിവന്നു മാന്യസ്ഥാനത്തിലിരുന്നാൽ അനന്തരം ബ്രാഹ്മണർ നിന്നുംകൊണ്ട് പ്രഭുവിനോട് അനുവാദത്തിനപേക്ഷിക്കുകയും അനുവാദം ലഭിച്ചശേഷം ഇരിക്കുകയും ചെയ്യുക.


ക്ഷേത്രത്തിൽ ഉത്സവത്തിന് ബ്രാഹ്മണർ സാധാരണ ജനങ്ങളുടെ ശേഖരത്തിൽ നിൽക്കവെ നായർപ്രഭു തണ്ടിൽ കയറി അവരുടെ മദ്ധ്യേകൂടി ക്ഷേത്രത്തിനകത്തു വന്നിറങ്ങുകയും ആദ്യം താൻ സോപാനത്തിൽ കയറി തൊഴുകയും അപ്പോൾ അകത്തുനിൽക്കുന്ന നമ്പി, ദേവന്റെ പീഠത്തിൽ മുൻകൂട്ടി വച്ചിരിക്കുന്ന വെറ്റില പാക്ക് പണം ഇതുകളെ എടുത്തു ദക്ഷിണപോലെ കൊടുക്കുകയും പ്രഭു ആയതിനെ വാങ്ങിക്കൊണ്ട് ഇനി ബ്രാഹ്മണർ മുതലായി എല്ലാപേരും തൊഴുതുകൊള്ളട്ടെ എന്ന് ആജ്ഞാപിക്കുകയും അനന്തരം എല്ലാപേരും തൊഴുകയും ചെയ്യുക.


ബ്രാഹ്മണരുടെ വിവാഹം മുതലായ അടിയന്തിരങ്ങൾക്ക് ആ സ്ഥലത്തെ നായർസ്ഥാനിയുടെ ഭവനത്തിൽ അടിയന്തിരക്കാരൻ ബ്രാഹ്മണൻ വെറ്റിലക്കെട്ടു കൊണ്ടു വച്ച് ‘അടിയന്തിരസ്ഥലത്തുവന്ന് എല്ലാം ശട്ടംകെട്ടി നടത്തുന്നതിനു പിടാകക്കാർക്കും നടന്നുകൊള്ളുന്നതിന് ഞങ്ങൾക്കും അനുവാദമുണ്ടാകണം’ എന്ന് അപേക്ഷിക്കുകയും അപ്രകാരം ചെയ്തതിനുശേഷം മാത്രം കാര്യം നടത്തുകയും ചെയ്യുക.


ക്ഷേത്രത്തിൽ കൊടിയേറ്റുസമയത്ത് അവിടത്തെ നായർസ്ഥാനി വല്ല കാരണത്താലും വന്നെത്താതിരുന്നുപോയാൽ ‘ഇവിടത്തെ നാഥൻ വന്നുചേർന്നോ? എന്ന് മറ്റുള്ള ക്ഷേത്രാധികാരികൾ ആദരവോടുകൂടി ഉച്ചത്തിൽ വിളിച്ചുചോദിക്കുകയും വന്നതായറിഞ്ഞതിനുമേൽ മാത്രം കൊടിയേറ്റുകയും ചെയ്യുക.


ബ്രാഹ്മണർ വേദം അഭ്യസിച്ചു പരീക്ഷകൊടുക്കാനായിട്ട് ഹാജരായാൽ ക്ഷേത്രഉടമസ്ഥനായ നായർപ്രഭു പരീക്ഷകനായിരുന്നുകൊണ്ട് പരീക്ഷിക്കുകയും ജയിക്കുന്നപക്ഷം ആണ്ടുതോറും ആയിരപ്പറ നെല്ലും മറ്റ് ആദായങ്ങളും കൊടുത്ത് അയാളെ ആ ക്ഷേത്രത്തിലെ ഒരു ഊരാണ്മസ്ഥാനത്തിലാക്കുകയും തോറ്റുപോകുന്നെങ്കിൽ അപമാനിച്ച് ആറ്റിനക്കരെകടത്തി ഓടിക്കുകയും ചെയ്യുക.


ഈ ഉദാഹരണങ്ങളിൽ ബഹുമാനിക്കപ്പെടുന്നവരെല്ലാം അതാതു ദേശങ്ങളിലെ പ്രഥമസ്ഥാനികളായ നായർ പ്രഭുക്കന്മാരും ബഹുമാനിക്കുന്നവരെല്ലാം അതാതു സ്ഥലങ്ങളിലെ മുൻപറയപ്പെട്ട പ്രഥമസ്ഥാനികളുടെ അധീനത്തിലിരിക്കുന്നവരായ മറ്റുള്ള പ്രഭുക്കന്മാരും ഊരാണ്മക്കാരായ ബ്രാഹ്മണരുമാകുന്നു.


ഇപ്രകാരം നായർ ഇടപ്രഭുക്കന്മാരുടെ സ്വന്തമായും അവരുടെ രക്ഷയിലും ഇരുന്നിരുന്ന ഈ മലയാളനാട്ടിൽ ഓരോ ദേശങ്ങളിലും മേൽക്കാണിച്ചപ്രകാരം സേവ്യസേവകഭാവത്തെ അറിയിക്കുന്നവയായ ഏർപ്പാടുകളും നടപടികളും സ്വല്പഭേദഗതികളോടുകൂടിയവയായിട്ടുണ്ട്. മേല്പറഞ്ഞ ഉദാഹരണങ്ങൾ ഏറെക്കുറെ സുപ്രസിദ്ധങ്ങളാകുന്നു. ഇങ്ങനെ ഇനിയും ഒട്ടുവളരെ പറവാനുണ്ട്; അവയെ അടുത്ത പുസ്തകത്തിൽ വിവരിച്ചുകൊള്ളാം.കുറിപ്പുകൾ[തിരുത്തുക]


  1. (കേ. മാ.)