Jump to content

പ്രാചീനമലയാളം/ചാതുർവർണ്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പ്രാചീനമലയാളം
രചന:ചട്ടമ്പിസ്വാമികൾ
ചാതുർവർണ്യം
പ്രാചീനമലയാളം

ചാതുർവർണ്യം

[തിരുത്തുക]

'ചാതുർവർണ്യം എന്നതു മുൻപറഞ്ഞ ബ്രാഹ്മണാദി നാലു ശബ്ദങ്ങൾക്കും ഒന്നായിട്ടുള്ള പേരാകുന്നു. ചതുർവർണ്ണം എന്നതു തന്നെ ചാതുർവർണ്യം 'സ്വാർത്ഥികഷ്യഞ്'14 (വർണ്ണം എന്ന പദത്തിനോട് സ്വാർത്ഥത്തെക്കുറിക്കുന്ന 'ഷ്യഞ്' എന്ന പ്രത്യയം ചേരുമ്പോഴാണ് 'ചാതുർവർണ്യ'ത്തിലെ വർണ്ണ്യം എന്ന പദം ഉണ്ടാകുന്നത്.) എന്നുള്ള പ്രത്യയം കൊണ്ട് രൂപഭേദം സിദ്ധിച്ചതല്ലാതെ അതിനു വിശേഷിച്ച് അർത്ഥഭേദം ഇല്ല. ചാതുർവർണ്യത്തിനെ രണ്ടായി പിരിക്കാം. അവയിൽ ഒന്ന് ഗുണകർമ്മങ്ങളെ അടിസ്ഥാനപ്പെടുത്തിയും മറ്റേതു കുക്ഷി പൂരണമതത്തെ അടിസ്ഥാനപ്പെടുത്തിയും ഇരിക്കുന്നു. എന്നാൽ യഥാർത്ഥമായ വർണ്ണവിഭാഗം ശരിയില്ലാത്തതാണെന്നോ അതിൻപ്രകാരം ഇഹപരസുഖങ്ങൾ സാധിക്കയില്ലെന്നോ യാതൊരു വർഗ്ഗത്തിനൂ ഇതുമാതിരിയുള്ള ഏർപ്പാടിൽ പ്രതിബിംബഭാവത്തിൽ എങ്കിലും അകപ്പെടാതെ ലോകത്തു ജീവിപ്പാൻ കഴിയുമെന്നോ പറവാൻ പാടില്ല; പറയുന്നുമില്ല. ഇപ്പോൾ ഇവിടെ നടപ്പിലിരിക്കുന്ന ചാതുർവർണ്യനിയമം. ഒന്നാമതായി പറഞ്ഞ ഗുണകർമ്മവിഭാഗപ്രധാനമായ നിയമത്തിലുള്ളതല്ല. വിധിപ്രകാരമുള്ള ബ്രാഹ്മണക്ഷത്രിയാദി നാമങ്ങളെ മാത്രം വച്ചുംകൊണ്ട് ആ നിയമത്തിന്റെ ഉദ്ദേശത്തിനു വിപരീതമായും അതിന്റെ ശരിയായ സ്വരൂപത്തിന് മറവായും നാശകരമായും ഉള്ള രണ്ടാമത്തെ പിരിവിനെയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഇത് ഒരിക്കലും ആദ്യം മഹാന്മാരാൽ അനുഷ്ഠിക്കപ്പെട്ട ചാതുർവർണ്യനിയമമല്ല എന്നു നിശ്ചയംതന്നെ. ഇതിനെ പാഷണ്ഡമതലോകായതമതമിശ്രമായ ദുർവ്യവസ്ഥ യെന്നോ കഷ്ടിപിഷ്ടി ചാതുർവർണ്യാഭാസമെന്നോ മറ്റോ വേണം പറവാൻ. പൂർവ്വനിയമം അമൃതം; ഇതു വിഷം. അതിനെ ആചരി ക്കുന്നത് മാതാവിന്റെ മുലയിൽ നിന്നും പാലുകുടിക്കുന്നതു പോലെ. ഇതിനെ ആചരിക്കുന്നത് മുല ഛേദിച്ച് രക്തപാനം ചെയ്യുന്നതുപോലെ. ഈ വാസ്തവത്തെക്കുറിച്ചുള്ള അജ്ഞത്വം നിമിത്തം ഇതു മഹാന്മാരുടെ നിയമമാകയാൽ ത്യാജ്യ മല്ലെന്നുള്ള അന്ധവിശ്വാസജാഡ്യത്തിൽ നമ്മുടെ ആളുകൾ അകപ്പെട്ടിരിക്കയാണ്. ഈ ചതുർവിധ വിഭാഗത്തെ അടിസ്ഥാനമാക്കിക്കൊണ്ടാണ് മലയാളിനായർ വർഗ്ഗത്തിൽ ശൂദ്രശബ്ദാരോപണം ചെയ്തിട്ടു ള്ളത്. ഈ ആരോപണം അവർക്കു വലുതായ നാശത്തെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഇതു കാരണം ജനസമൂഹത്തിന് അതിമൂഢത, ധനനാശം, അലസത, ദാരിദ്ര്യം, മിത്രദ്രോഹം, കുടുംബകലഹം, സ്വജനദ്വേഷം, അപമര്യാദ, ദുരാചാരം, ഭൃത്യ വൃത്തി, ധർമ്മഭൃംശം, കർമ്മലോപം, അനാസ്തിക്യം ഇതുകൾ വർദ്ധിച്ചു നിലനിന്ന് ആകപ്പാടെ ഇവർ ദുരിതരൂപികളായി പരജനപരിഹാസത്തിനും ഇഹലോകപരലോകങ്ങളിൽ നരകാനു ഭൂതിക്കും പാത്രീഭവിച്ചുകൊണ്ടിരിക്കുന്നു. ഈ ആപത്തിൽ ഇന്നും രക്ഷപ്പെടണമെങ്കിൽ ഉന്നാമതായിട്ടു സകലദോഷങ്ങ ൾക്കും ബീജമായ ഈ ദുർവ്യവസ്ഥയിൽ ഇന്ന് ഒഴിയണം. അപ്രകാരം ഒഴിയണമെങ്കിൽ ജനസമൂഹത്തിൽ വളരെക്കാല മായി വേരുറച്ചുകിടക്കുന്ന തെറ്റിദ്ധാരണ നിശ്ശേഷം നശിക്കണം. അങ്ങനെ നശിക്കണമെങ്കിൽ ഋഷീശ്വരന്മാരാൽ സ്മൃതിമൂലം ഏർപ്പെടുത്തപ്പെട്ട ശരിയായ ചാതുർവർണ്ണ്യനിയമരീതികളേയും കെടുതലിനെ വർദ്ധിപ്പിച്ചു മയക്കിക്കൊണ്ടിരിക്കുന്ന ദുർവ്യവ സ്ഥാരീതികളേയും തൽക്കർത്താക്കന്മാരുടെ യോഗ്യതകളേയും ശരിയായിത്തന്നെ മുഴുവനും അറിയണം. ആയതു കഴിച്ചെങ്കിലേ മറ്റുള്ള ഔഷധങ്ങൾ ഫലിക്കൂ. അതുകൊണ്ട് മുൻപറഞ്ഞ രണ്ടുവക വ്യവസ്ഥകളേയും സംബന്ധിച്ച വേണ്ട വിവരങ്ങൾ പ്രമാണയുക്ത്യനുഭവസഹിതം കാണിക്കാൻ തുടങ്ങുന്നു. ആദ്യമായി ഗുണകർമ്മവിഭാഗപ്രധാനമായ മതത്തെ പറയാം. അതിലേയ്ക്ക് അനുക്രമമായി താഴെ പറയുന്ന സംഗതികളെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു. 1. അതിന്റെ സാമാന്യനാമം 2. അതിന്റെ പ്രത്യേകനാമം 3. അതിന്റെ കർത്താവ് 4. അതിന്റെ ജനനകാലം 5. അതിന്റെ പ്രയോജനം 6. അതിന്റെ അടിസ്ഥാനം 7. അതിന്റെ അധികാരി 8. അതിന്റെ നടപ്പുമുറ 9. അതിന്റെ താരതമ്യം 10. അതിന്റെ വ്യാപ്തി

1. സാമാന്യനാമം

സന്തതിഗോത്രജനനകുലാന്യഭിജനാന്വയൗ വംശോന്വവായസ്സന്താനോവർണ്ണാഃ സ്യുർബ്രാഹ്മണാദയഃ അമരകോശം അർത്ഥം: 'സന്തതി, ഗോത്രം, ജനനം, കുലം, അഭിജനം, അന്വയം, വംശം, അന്വവായം, സന്താനം ഈ ഒമ്പതു ശബ്ദ ങ്ങളും ബ്രാഹ്മണക്ഷത്രിയാദി വർണ്ണങ്ങൾക്ക് സർവ്വ സാധാരണ മായിട്ടുള്ള നാമങ്ങളാകുന്നു. ഇതുകളിൽ വർണ്ണമെന്ന ശബ്ദം ബ്രാഹ്മണക്ഷത്രിയ വൈശ്യ ശൂദ്രജാതികൾക്ക് പൊതുവായിട്ടു ള്ളതാകുന്നു. വർണ്ണസ്തുതൗ (വർണ്ണ എന്ന ധാതു സ്തുതി എന്ന അർത്ഥത്തിൽ വരും).

വർണ്ണ്യന്തേ 'കപിലാരുണപീതകൃഷ്ണവർണ്ണൈഃ നിരൂപ്യന്ത ഇതി'

അർത്ഥം: കപിലനിറം (ഗോരോചനയുടെ നിറം പോലെ യുള്ള നിറം) അരുണം (പ്രകാശമില്ലാത്ത ചുവപ്പുനിറം) പീതം (മഞ്ഞൾ നിറം) കൃഷ്ണം (കറുപ്പുനിറം) ഈ വർണ്ണങ്ങൾ കൊണ്ട് സ്‌തോത്രം ചെയ്യപ്പെടുന്നത്.

'കപിലാശ്ചാരുണാഃ പീതാഃ കൃഷ്ണാശ്ചേതി പൃൗകെ് പൃൗകെ് ബ്രാഹ്മണാഃ ക്ഷത്രിയാ വൈശ്യാ ശൂദ്രാശ്ചേതി വിവക്ഷിതാഃ (വിഷ്ണുപുരാണം)

കപിലാഃ ബ്രാഹ്മണൻ; അരുണാഃ ക്ഷത്രിയൻ; പീതാഃ വൈശ്യർ; കൃഷ്ണാഃ ശൂദ്രർ.

കപിലാരുണപീതകൃഷ്ണവർണ്ണങ്ങൾക്ക് പ്രത്യേകം പ്രത്യേകം ബ്രാഹ്മണൻ, വൈശ്യൻ, ശൂദ്രൻ എന്നു പറയ പ്പെടുന്നു.

2. പ്രത്യേകനാമം

'ബ്രഹ്മക്ഷത്രിയവിട്ശൂദ്രാ' സ്മൃതി അർത്ഥം: ബ്രാഹ്മണക്ഷത്രിയ വൈശ്യശൂദ്രർ 'ബ്രാഹ്മണം ക്ഷത്രിയം വൈശ്യം ശൂദ്രഞ്ച' സ്മൃതി അർത്ഥം: ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും. 'ബ്രഹ്മവാ ഇദമഗ്ര ആസീത്' ബൃഹ. ഉപനിഷത്ത് അർത്ഥം: ആദ്യം ബ്രഹ്മമെന്ന ഒരു ജാതി തന്നെ ഭവിച്ചു. 'അസൃജത ക്ഷത്രം' ബൃഹ. ഉപനിഷത്ത് അർത്ഥം: ക്ഷത്രത്തെ (ക്ഷത്രിയനെ സൃഷ്ടിച്ചു). 'വിശമസൃജത്' ബൃഹ. ഉപനിഷത്ത് അർത്ഥം: വൈശനെ സൃഷ്ടിച്ചു. ശൗദ്രം വർണ്ണമസൃജത് ബൃഹ. ഉപനിഷത്ത് അർത്ഥം: ശൂദ്രജാതിയെ സൃഷ്ടിച്ചു. ഈ പ്രമാണങ്ങളെക്കൊണ്ട് ഇതിലടങ്ങിയ പ്രത്യേക നാമങ്ങൾ ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നതുകളാകുന്നു എന്നു സിദ്ധിക്കുന്നു.


3. ജന്മഭൂമി

'സരസ്വതീദൃഷദ്വത്യോർദ്ദേവനദ്യോര്യദന്തരം തം ദേവനിർമ്മിതം ദേശം ബ്രഹ്മാവർത്തം പ്രവക്ഷ്യതേ.' മനുസ്മൃതി അർത്ഥം: സരസ്വതിയെന്നും, ദൃഷദ്വതിയെന്നും പറയപ്പെടു ന്ന ദേവനദികളുടെ മദ്ധ്യദേശം ദേവന്മാരാലേർപ്പെടുത്തപ്പെട്ട ബ്രഹ്മാവർത്തമെന്നു പറയപ്പെടുന്നു. 'തസ്മിൻ ദേശേ യ ആചാരഃ പാരമ്പര്യക്രമാഗതഃ വർണ്ണാനാം സാന്തരാത്മാനാം സ സദാചാരഃ ഉച്യതേ' മനുസ്മൃതി അർത്ഥം: ആ ദേശത്തിൽ എപ്പോഴും മഹാന്മാർ വസിക്കു ന്നതിനാൽ ബ്രാഹ്മണാദിവർണ്ണങ്ങൾക്കും സങ്കരജാതികൾക്കും ശിഷ്ടാചാരം അനാദിയായി അവിടത്തിൽ നിന്നും ഉണ്ടാകുന്നു. ഈ പ്രമാണം കൊണ്ട് ചാതുർവർണ്ണ്യം ഉണ്ടായത് ബ്രഹ്മാവർത്തത്തിൽ നിന്നാണെന്ന് സിദ്ധിച്ചു.

4. കർത്താവ്

'കൃതവാൻ പ്രഭുഃ' ഗായത്രിതന്ത്രം അർത്ഥം: പ്രഭുവിനാൽ ചെയ്യപ്പെട്ടു. 'ചാതുർവർണ്യം മയാ സൃഷ്ടം' ഭഗവൽ ഗീത അർത്ഥം: ചാതുർവർണ്ണ്യം എന്നാൽ സൃഷ്ടിക്കപ്പെട്ടു. ഇതുകൾ കൊണ്ട് ചാതുർവർണ്യനിയമത്തെ സൃഷ്ടിച്ചത് സച്ചിദാത്മാവായ ഭഗവാനാണെന്ന് സിദ്ധമായി.

5. ജനനകാലം

'വർണ്ണശ്രമവിഭാഗശ്ച ത്രേതായാം കൃതവാൻ' ഗായത്രിതന്ത്രം അർത്ഥം: വർണ്ണശ്രമവിഭാഗത്തെ ത്രേതായുഗത്തിൽ ചെയ്തു എന്നതുകൊണ്ട് ഇതിന്റെ ജനനകാലം ത്രേതായുഗത്തില ാണെന്നു സിദ്ധിച്ചു.

6. പ്രയോജനം

'ലോകാനാന്തു വിവൃദ്ധ്യർത്ഥം' മനുസ്മൃതി അർത്ഥം: ലോകങ്ങളുടെ വർദ്ധനയ്ക്കുവേണ്ടി, എന്നതുകൊണ്ട് ഇതിന്റെ പ്രയോജനം ലോകവർദ്ധന(രക്ഷ)യാണെന്നു തെളി യുന്നു. ഹിന്ദുമതാനുസാരികൾക്ക് ആദരണീയങ്ങളെന്നു സമ്മത മുള്ള പ്രമാണങ്ങളിൽ കാണുന്നവിധം മേല്പറഞ്ഞ മൂന്നു മുതൽ ആറ് വരെ കാര്യങ്ങളിൽനിന്നു പ്രഭുവായിരുന്ന ഭഗവാൻ ഈ വർണ്ണാശ്രമവിഭാഗത്തെ ബ്രഹ്മാവർത്തത്തിൽവച്ചു ലോകങ്ങളുടെ വർദ്ധനയ്ക്കുവേണ്ടി ഉണ്ടാക്കി എന്നു സ്പഷ്ടമായി. ഈ നിയമം ലോകവർദ്ധനയ്ക്കായിട്ടിരിക്കുന്ന സ്ഥിതിക്ക് ത്രേതായുഗത്തിനുമുമ്പ് കൃതയുഗത്തിലും ഈ വർദ്ധന അവശ്യം വേണ്ടതായിരിക്കാനേ തരമുള്ളൂ. 'ആദൗ കൃതയുഗേ വർണ്ണോ നൃണാം ഹംസ ഇതി സ്മൃതഃ' ഭാഗവതം അർത്ഥം: ആദിയിൽ കൃതയുഗത്ത് മനുഷ്യർ എല്ലാവരും ഹംസന്മാർ എന്നു പറയപ്പെടുന്ന ഒരു വർണ്ണം മാത്രമായിരുന്നു. 'ന വിശേഷോപ്പസ്തി വർണ്ണാനാം സർവ്വം ബ്രഹ്മമിദം ജഗദ്' ഭാരതം അർത്ഥം: ഹേ യുധിഷ്ഠിര! പണ്ടു ലോകം വർണ്ണഭേദം കൂടാതെ ഒരേ ജാതിയായിരുന്നു. 'ഏകവർണ്ണമിദം പൂർവ്വം വിശ്വമാസീദ്യുധിഷ്ഠിര' ഭാരതം അർത്ഥം: ഹേ യുധിഷ്ഠിര! പണ്ടു ലോകം വർണ്ണഭേദം കൂടാതെ ഒരേ ജാതിയായിരുന്നു. 'ബ്രഹ്മ വാ ഇദമഗ്ര ആസീദേകമേവ' ബൃഹ. ഉപനിഷത്ത് ഈ പ്രമാണങ്ങളെല്ലാം 'ത്രേതായം കൃതവാൻ പ്രഭുഃ' എന്നതിനാലും കൃതയുഗത്തിൽ ഈ വിഭാഗം ഉണ്ടായിരുന്നി ല്ലെന്നു കാണുന്നു. കൃതയുഗത്തിലും ലോകവൃത്തി ആവശ്യ മുള്ളതായിരുന്നിട്ടും ആ കാലത്ത് ഏർപ്പെടുത്താതിരിപ്പാനും ത്രേതവരെ താമസിപ്പാനും കാരണമെന്ത്? 'കൃതകൃത്യാഃ പ്രജാ ജാത്യാ തസ്മാൽ കൃതയുഗം വിദുഃ' ഭാഗവതം അർത്ഥം: പ്രജകൾ ജനനാൽ തന്നെ കൃതകൃത്യന്മാരായിരി ക്കയാൽ കൃതയുഗമെന്നു പറയപ്പെട്ടു. 'ചതുഷ്പാത്സകലോ ധർമ്മഃ സത്യം ചൈവ കൃതേ യുഗേ നാധർമ്മേണാഗമഃ കശ്ചിന്മനുഷ്യാൻ പ്രതിവർത്തതേ.' മനുസ്മൃതി അർത്ഥം: കൃതയുഗത്തിൽ ധർമ്മവും സത്യവും നാലു പാദമായിരുന്നു. അതിൽ മനുഷ്യരെ അധർമ്മത്തിനാലുണ്ടാകുന്ന ദുഃഖം പീഡിപ്പിക്കുന്നില്ല. ഈ പ്രമാണങ്ങളാൽ കൃതയുഗത്തിൽ ധർമ്മം തികഞ്ഞു സംപൂർണ്ണമാകുംവണ്ണമുണ്ടായിരുന്നെന്നും, അതിനാൽ ജനങ്ങൾ വർണ്ണഭേദം കൂടാതെ ഒരേ ജാതിയിൽ നിഷ്‌കളങ്കഹൃദയരും ഉപാസകരും ധർമ്മിഷ്ഠരുമായിരുന്നെന്നും, അതിനാൽ അവർക്ക് യാതൊരൂപദ്രവങ്ങളും നേരിട്ടിട്ടില്ലായിരുന്നു എന്നും, വേണ്ടുന്ന കാര്യങ്ങളെ അവരവർതന്നെ നിർബാധ്മായി പ്രയത്‌നം ചെയ്തു നിവർത്തിച്ചുപോന്നു എന്നും, ആയതുകൊണ്ട് അക്കാലത്ത് ഈ വിഭാഗം ആവശ്യപ്പെട്ടിരുന്നില്ലെന്നും വെളിവാക്കുന്നു. എന്നാൽ. 'ത്രേതായുഗേ ഭിന്നധിയോ' ഭാഗവതം അർത്ഥം: ത്രേതായുഗത്തിൽ (മനുഷ്യർ) വിപരീതബുദ്ധിക ളായി ഭവിച്ചു. ഇതരേഷ്വാഗമാദ്ധർമ്മഃ പാദശസ്ത്വവരോപിതഃ ചൗരികാനൃതമായാഭിർദ്ധർമ്മശ്ചാപൈതി പാദശഃ മനുസ്മൃതി അ 1 അർത്ഥം: മറ്റു യുഗങ്ങളിൽ (ത്രേതായുഗം മുതലായ) മോഷണം, അസത്യം, വഞ്ചന ഈ കൃത്യങ്ങളെക്കൊണ്ട് ധനം, വിദ്യ മുതലായവ സമ്പാദിക്കനിമിത്തം ധർമ്മം, സത്യം ഇവ ഓരോ പാദമായി കുറയുന്നു. ഈ പ്രമാണങ്ങളാൽ ത്രേതായുഗം മുതൽക്ക് ധർമ്മം ക്രമേണ കുറഞ്ഞും അധർമ്മം വർദ്ധിച്ചും വന്നിരുന്നു എന്നും, ജനങ്ങളും അധർമ്മിഷ്ഠരായി ഭവിച്ചു എന്നും കാണുന്നു. അതുകൊണ്ട് ആ കാലം (ത്രേതായുഗം) മുതൽക്ക് ഈ വിഭാഗം ആവശ്യപ്പെട്ടുവന്നു. ഇതാകുന്നു കൃതയുഗത്തിലേർപ്പെടാതിരി പ്പാനും ത്രേതവരെ താമസിപ്പാനും കാരണം. 7. അടിസ്ഥാനം 'ചാതുർവർണ്യം മയാ സൃഷ്ടം ഗുണകർമ്മ വിഭാഗശഃ' ഭഗവൽഗീത അർത്ഥം: ഗുണകർമ്മവിഭാഗത്തെ അടിസ്ഥാനപ്പെടുത്തി ചാതുർവർണ്യം എന്നാൽ സൃഷ്ടിക്കപ്പെട്ടു. 'ബ്രഹ്മണാ പൂർവ്വസൃഷ്ടം ഹി കർമ്മഭിർവർണ്ണതാം ഗതം' ഭാരതം അർത്ഥം: ബ്രഹ്മാവിനാൽ പണ്ട് (എല്ലാ മനുഷ്യരും) സൃഷ്ടി ക്കപ്പെട്ടു. കർമ്മം കൊണ്ട് (പല) വർണ്ണങ്ങളെ പ്രാപിച്ചു. 'കർമ്മക്രിയാവിശേഷേണ ചാതുർവർണ്യം പ്രതിഷ്ഠിതം' ഗായത്രീതന്ത്രം അർത്ഥം: കർമ്മങ്ങളുടെ ഭേദഗതികൊണ്ട് ചാതുർവർണ്യം പ്രതിഷ്ഠിക്കപ്പെട്ടു. ഇതിൽനിന്നു ചാതുർവർണ്യത്തിന്റെ അടിസ്ഥാനം വൃത്തിഭേദത്തെ ആശ്രയിച്ചാണെന്ന് വ്യക്തമാകുന്നു. 8. ഇന്നിന്ന ഗുണകർമ്മങ്ങളുള്ളവനെ ഇന്ന വിഭാഗത്തിൽവച്ചു എന്ന് ബ്രഹ്മ വാ ഇദമഗ്ര ആസീദേകമേവ തദേകം സന്നപ്യഭവത ്‌ശ്രേയോ രൂപമത്യസൃജത ക്ഷത്രം യാന്യേതാനി ദേവക്ഷത്രാ ണീന്ദ്രോവരുണഃ സോമോ രുദ്രഃ പർജ്ജന്യോ യമോ മൃത്യുരീ ശാന ഇതി. തസ്മാൽ ക്ഷത്രാൽ പരം നാസ്തി തസ്മാൽ ബ്രാഹ്മണഃ ക്ഷത്രിയമധസ്താദുപാസ്‌തേ രാജസൂയേ ക്ഷത്ര ഏവ തദ്യശോ ദധാതി സൈഷാ ക്ഷത്രസ്യ യോനിര്യദ് ബ്രഹ്മ തസ്മാദ്യദ്യപി രാജാ പരമതാം ഗച്ഛതി ബ്രഹ്മൈവാന്തത ഉപനിശ്രയതി സ്വാം യോനിം യ ഉ ഏനം ഹിനസ്തി സ്വാം സ യോനിമൃച്ഛതി സ പാപീയാൻ ഭവതി യഥാ ശ്രേയാംസം ഹിംസിത്വാ. (ബൃഹദാരണ്യകോപനിഷത്ത്) അർത്ഥം: 'ആത്മൈവേദമഗ്ര ആസീൽ' എന്നുള്ളെടത്ത് ആത്മശബ്ദം കൊണ്ട് വിവക്ഷിതമായിരിക്കുന്ന സ്രഷ്ടൃബ്രഹ്മം യാതൊന്നോ (അഗ്നിയെ സൃഷ്ടിച്ചു) ബ്രാഹ്മണജാത്യഭിമാനമുള്ള ആദ്ധ്യാത്മകമായിരിക്കുന്ന അത് ഏകമാത്രമായിരുന്നു. പരിപാല നാദി ചെയ്യുന്നതിനുള്ള 'ക്ഷേത്ര'ത്തോടുകൂടാതെ കർമ്മത്തി നായിക്കൊണ്ടു മതിയായില്ല. അതുകൊണ്ട് ആ ബ്രഹ്മകർത്തൃത്വ വിഭൂതിക്കായിട്ട് പ്രശസ്തരൂപമൊന്നു വിശേഷമായി സൃഷ്ടിച്ചു. അതായത് 'ക്ഷത്രം' ഇന്ദ്രൻ, വരുണൻ, യമൻ, മൃത്യുരീശാനനെ ന്നിങ്ങനെ യാവചിലരുണ്ടോ അവർ ദേവ(ന്മാരിൽ) ക്ഷത്രിയ ന്മാർ.


'സ നൈവപ്യഭവത്സവിശമസൃജതിയാന്യേതാനി ദേവജാതാ നി ഗണശഃ ആഖ്യായന്തേ വസവോ രുദ്രാ ആദിത്യാവിശ്വേദേവാ മരുത ഇതി.' (ബൃഹദാരണ്യകോപനിഷത്ത്) അർത്ഥം: ബ്രാഹ്മണജാത്യഭിമാനമുള്ള ആ അഗ്നിപുരുഷൻ (മുൻപോൽ) ദ്രവ്യസമ്പാദ്യക്കാരനോടുകൂടാതെ കർമ്മത്തിനായി ക്കൊണ്ട് മതിയാകാതെ (പോയി) വൈശ്യജാതിയെ സൃഷ്ടിച്ചു. ആ ദേവവൈശ്യന്മാർ ഏവരെന്നാൽ വസുക്കൾ, രുദ്രന്മാർ, ആദിത്യന്മാർ, വിശ്വേദേവന്മാർ, മരുത്തുക്കൾ എന്നിങ്ങനെ വർഗ്ഗം വർഗ്ഗമായി പറയപ്പെടുന്നവർ തന്നെ. 'സ നൈവപ്യഭവത്സശൗദ്രം വർണ്ണമസൃജത. പുഷണമിയം വൈ പുഷേയം ഹീദം സർവ്വം പുഷ്യതി യദിദം കിഞ്ച' ബൃഹദാരണ്യകോപനിഷത്ത് അർത്ഥം: പിന്നീട് ഇവൻ (ആ അഗ്നിപുരുഷൻ) പരിചാരക നില്ലായ്കയാൽ കർമ്മത്തിന് ആകാതിരുന്ന് ശൂദ്രവർണ്ണം (ജാതി) സൃഷ്ടിച്ചു. പൂഷാവ് ഈ ശൂദ്രവർണ്ണത്തിൽ ചേർന്നവനാകുന്നു. ഈ പൃൗിെവിയാകട്ടെ പൂഷാവായിട്ടു ഭവിക്കുന്നു. എന്തെന്നാൽ ഈയുള്ള (ഭൂതജാലം) എല്ലാം പോഷിപ്പിക്കുന്നു. 'കാമഭോഗപ്രിയാസ്തീക്ഷ്ണാഃ ക്രോധനാഃ പ്രിയസാഹസാഃ ത്യക്തസ്വധർമ്മരക്താംഗാഃ തേ ദ്വിജാഃ ക്ഷത്രതാം ഗതാഃ' അർത്ഥം: വിഷയസുഖത്തിൽ ഇച്ഛയോടുകൂടിയവരും സാഹസത്തിൽ പ്രിയമുള്ളവരും കോപിഷ്ഠന്മാരും ആയി സ്വധർമ്മങ്ങളെ വിട്ടു രജോഗുണത്തോടിരുന്ന ബ്രാഹ്മണർ ക്ഷത്രിയന്മാരായി ഭവിച്ചു. ഗോഷു വൃത്തിം സമാധായ പീതാഃ കൃഷ്യുപജീവിനഃ സ്വധർമ്മാന്നനുതിഷ്ഠന്തി തേ ദ്വിജാ വൈശ്യതാം ഗതാഃ അർത്ഥം: പശുപാലനവും ഉഴവും തന്റെ വൃത്തിയായിട്ടു വച്ചുകൊണ്ടു രജോഗുണവും തമോഗുണവും ഉള്ളവരായി സ്വധർമ്മത്തെ ത്യജിച്ചവരായ ബ്രാഹ്മണർ വൈശ്യരായി ഭവിച്ചു. ഹിംസാനൃത പ്രിയാ ലുബ്ധാഃ സർവ്വകർമോപജീവിനഃ കൃഷ്ണാഃ ശൗചപരിഭ്രഷ്ടാസ്‌തേ ദ്വിജാഃ ശൂദ്രതാം ഗതാഃ അർത്ഥം: കൊലയും കളവും പ്രവർത്തിക്കുന്നവരും ലോഭികളും ഉപജീവനത്തിന് എന്ത് കർമ്മത്തേയും അനുഷ്ഠി ക്കുവാൻ മടിയില്ലാത്തവരും തമോഗുണശീലരും ശൗചമില്ലാത്ത വരും പരിഭ്രഷ്ടന്മാരുമായ ബ്രാഹ്മണർ ശൂദ്രരായി ഭവിച്ചു. 9. നടപ്പുമുറ ന വിശേഷോ?സ്തി വർണ്ണാനാം സർവ്വം ബ്രഹ്മമിദം ജഗത് ബ്രഹ്മണാ പൂർവ്വസൃഷ്ടം ഹി കർമ്മണാ വർണ്ണതാം ഗതം ഭാരതം അർത്ഥം: വർണ്ണഭേദമില്ല. ലോകം മുഴുവനും ബ്രഹ്മ സംബന്ധമായത് ആകുന്നു. ബ്രഹ്മാവിനാൽ പൂർവ്വം സൃഷ്ടിക്ക പ്പെട്ടു. അവനവന്റെ കർമ്മം നിമിത്തം വർണ്ണങ്ങളെ സമ്പാദിച്ചു. ശൂദ്രോ ബ്രാഹ്മണതാമേതി ബ്രാഹ്മണശ്ചൈതി ശൂദ്രതാം ക്ഷത്രിയാജ്ജാതമേവന്തു വിദ്യാദൈ്വശ്യാത്തൗൈവെ ച മനുസ്മൃതി അർത്ഥം: ശൂദ്രരും ബ്രാഹ്മണരാകുന്നു. ബ്രാഹ്മണരും ശൂദ്രരാകുന്നു. ക്ഷത്രിയരും വൈശ്യപുത്രരും ഇപ്രകാരം തന്നെ ആകുന്നു എന്ന് അറിയണം. ഈ വിഷയം ഭാരതത്തിലെ അനുശാസനപർവ്വത്തിൽ വിസ്താരമായി കാണിച്ചിരിക്കുന്നു: ഏഭിസ്തു കർമ്മഭിർദ്ദേവി ശുഭൈരാചരിതൈസ്തഥാ ശൂദ്രോ ബ്രാഹ്മണതാം യാതി വൈശ്യഃ ക്ഷത്രിയതാം വ്രജേൽ അർത്ഥം:അല്ലയോ ദേവി! ഈ (മുൻചൊന്ന) കർമ്മങ്ങളാലും സദാചാരത്തിനാലും ശൂദ്രൻ ബ്രാഹ്മണനാകുന്നു. വൈശ്യൻ ശൂദ്രനാകുന്നു. ഏതൈഃ കർമ്മഫലൈർദ്ദേവി ന്യൂനജാതികുലോത്ഭവഃ ശൂദ്രോപ്യാഗമസമ്പന്നോ ദ്വിജോ ഭവതി സംസ്‌കൃതഃ അർത്ഥം: അല്ലയോ ദേവി! താഴ്ന്ന ജാതിയിൽ താഴ്ന്ന കുലത്തിൽ ജനിച്ച ശൂദ്രനെന്നുവരികിലും അവൻ ഈ കർമ്മങ്ങളുടെ ഫലത്തിനാൽ ശാസ്ര്തജ്ഞാനമുണ്ടായി പരിശുദ്ധനായി ദ്വിജനായി ഭവിക്കുന്നു. ബ്രാഹ്മണോ വാപ്യസദ്‌വൃത്തിസ്സർവ്വസങ്കരഭോജനഃ ബ്രാഹ്മണ്യം സമനുൽസൃജ്യ ശൂദ്രോ ഭവതി താദൃശഃ അർത്ഥം: അപ്രകാരം ബ്രാഹ്മണനായിരുന്നാലും ദുർമാർഗ്ഗിയായും സങ്കരഭോജിയായും ആകുന്നു എങ്കിൽ ബ്രാഹ്മണത്വത്തോടു വേർപ്പെട്ട് ശൂദ്രനയി ഭവിക്കുന്നു. കർമ്മഭിഃ ശുചിഭിർദ്ദേവി! ശുദ്ധാത്മാ വിജിതേന്ദ്രിയഃ ശൂദ്രോപ്പപി ദ്വിജവൽസേവ്യഃ ഇതി ബ്രഹ്മാനുശാസനം അർത്ഥം: അല്ലയോ ദേവി! കർമ്മത്തിനാലും പരിശുദ്ധത യാലും പരിശുദ്ധാത്മാവായി ഇന്ദ്രിയങ്ങളെ ജയിച്ചവൻ ശൂദ്രനാ യിരുന്നാലും ദ്വിജനെന്നപോലെ സേവിക്കപ്പെടത്തക്കവനാകുന്നു എന്ന് ദൈവനിയമം. സ്വഭാവം കർമ്മ ച ശുഭം യത്ര ശൂദ്രോപി തിഷ്ഠതി വിശിഷ്ടഃ സ ദ്വിജാതേർ വൈ വിജ്ഞേയ ഇതി മേ മതിഃ അർത്ഥം: യാതൊരു ശൂദ്രന്റെ സ്വഭാവവും പ്രവൃത്തിയും പരിശുദ്ധങ്ങളായിരിക്കുന്നു. ആ ശൂദ്രൻ ദ്വിജനേക്കാളും ഉത്തമൻ (വിശേഷവാൻ); ഇത് എന്റെ അഭിപ്രായമാകുന്നു. ന യോനിർന്നാപി സംസ്‌കാരോ ന ശ്രുതം ന ച സന്തതിഃ കാരണാനി ദ്വിജത്വസ്യ വൃത്തമേവ തു കാരണം അർത്ഥം: ജനനം, മതാനുഷ്ഠാനം, ശാസ്ര്തപ്രയത്‌നം, കുലം ഇവ ദ്വിജത്വം സിദ്ധിക്കുന്നതിനു കാരണമാകയില്ല. അതിലേയ്ക്ക് ആചാരമേ കാരണം. സർവേഷാം ബ്രാഹ്മണോ ലോകേ വൃത്തേന ച വിധീയതേ വൃത്തേ സ്ഥിതസ്തു ശൂദ്രോപി ബ്രാഹ്മണത്വം നിയച്ഛതി അർത്ഥം: ലോകവാസികളായ എല്ലാവരും ആചാരം കൊണ്ടു തന്നെ ബ്രാഹ്മണരാകാം. സദ്‌വൃത്തിയിലിരിക്കുന്ന ശൂദ്രനും ബ്രാഹ്മണത്വം സിദ്ധിക്കുന്നു. ബ്രഹ്മസ്വാഭാവഃ കല്യാണി! സമഃ സർവ്വത്ര മേ മതിഃ നിർഗുണം നിർമ്മലം ബ്രഹ്മ യത്ര തിഷ്ഠതി സ ദ്വിജഃ അർത്ഥം: അല്ലയോ കല്യാണി! ബ്രഹ്മത്തിന്റെ സ്വഭാവം എല്ലായിടത്തും ഒന്നുപോലെതന്നെ ഇരിക്കുന്നു. നിർഗ്ഗുണവും നിർമ്മലവുമായ ബ്രഹ്മം ഏവനിലുണ്ടോ അവനേ ബ്രാഹ്മണൻ. ഏതത്തേ ഗുഹ്യമാഖ്യാതം യഥാ ശൂദ്രോ ഭവേദ്വിജഃ ബ്രാഹ്മണോ വാ ച്യുതോ ധർമ്മാൽ യഥാ ശൂദ്രത്വമാപ്നുതേ അർത്ഥം: ശൂദ്രന് എപ്രകാരം ബ്രാഹ്മണനാകാൻ കഴിയുമോ, ബ്രാഹ്മണൻ ധർമ്മനാശംകൊണ്ട് എപ്രകാരം ശൂദ്രനാകുന്നോ അതിന്റെ രഹസ്യവിഷയങ്ങൾ നിനക്കായി പറയപ്പെട്ടു. ഇതുപോലെ ഭാരത്തിൽ ഇനിയും പല സ്ഥലങ്ങളിലും കാണാവുന്നതാണ്. സത്യം ദാനം ക്ഷമാശീലം അനൃശംസ്യം തപോ ഘൃണാ ദൃശ്യതേ യത്ര നാഗേന്ദ്ര! സ ബ്രാഹ്മണ ഇതി സ്മൃതഃ അർത്ഥം: സത്യം, ദാനം, ക്ഷമ, സദാചാരം, ശാന്തത, തപസ്സ്, കരുണ ഇതുകൾ ആരിലിരിക്കുന്നോ അല്ലയോ നാഗേന്ദ്ര! അവൻ തന്നെ ബ്രാഹ്മണൻ. ജിതേന്ദ്രിയോ ധർമ്മപരഃ സ്വാധ്യായനിരതഃ ശുചിഃ കാമക്രോധൗ വശേ യസ്യ തം ദേവാ ബ്രാഹ്മണം വിദുഃ അർത്ഥം: ഏവൻ ഇന്ദ്രിയങ്ങളെ ജയിച്ചവനോ, ധർമ്മങ്ങളെ അനുഷ്ഠിക്കുന്നുവോ, വേദാധ്യയനത്തിൽ ഇച്ഛയുള്ളവനോ, പരിശുദ്ധനോ, ഏവന് കാമക്രോധങ്ങൾ വശത്തായിരിക്കു ന്നുവോ അവനെത്തന്നെ ദേവതകൾ ബ്രാഹ്മണനെന്ന് അറിയുന്നു. യസ്യ ചാത്മസമോ ലോകോ ധർമ്മജ്ഞസ്യ സമന്വിതഃ സർവ്വധർമ്മേഷു ചരതസ്തം ദേവാ ബ്രാഹ്മണോ വിദുഃ അർത്ഥം: ഏവൻ ലോകരെ തന്നെപ്പോലെ നിരൂപിക്കുന്നോ, ധർമ്മത്തിൽ ജ്ഞാനവും പ്രശസ്തചിത്തവും ഉള്ളവനോ, മേലും ഏവൻ ധർമ്മാനുഷ്ഠാനങ്ങളിൽ ഇച്ഛയുള്ളവനായിരിക്കുന്നുവോ അവനെത്തന്നെ ദേവതകൾ ബ്രാഹ്മണനെന്ന് അറിയുന്നു. ഭാരതം ആരണ്യകപർവ്വം യക്ഷയുധിഷ്ഠിരസംവാദം എന്ന ഘട്ടത്തിൽ ഇനിയും ഈ കാര്യത്തെപ്പറ്റി പറഞ്ഞിരിക്കുന്നു. യക്ഷ ഉവാച രാജൻ! കുലേന വൃത്തേന സ്വാധ്യായന ശ്രുതേന വാ ബ്രാഹ്മണ്യം കേന ഭവതി പ്രബ്രൂഹ്യേതൽ സുനിശ്ചിതം അർത്ഥം: അല്ലയോ രാജാവേ! ബ്രാഹ്മണത്വം, കുലത്തി നാലോ, നടത്തയാലോ, വേദശാസ്ര്തപഠനത്തിനലോ ഏതിനാൽ ഉണ്ടാകുന്നു? ഈ നിശ്ചയത്തെ നല്ലപോലെ പറഞ്ഞാലും. യുധിഷ്ഠിര ഉവാച ശൃണു യക്ഷ! കുലം താത! ന സ്വാധ്യായോ ന ച ശ്രുതം കാരണം ഹി ദ്വിജത്വേ ച വൃത്തമേവ ന സംശയഃ അർത്ഥം: അല്ലയോ യക്ഷ! അങ്ങു കേട്ടാലും, ബ്രാഹ്മണ്യ ത്തിനു കുലം വേദശാസ്ര്തപഠനം ഇതുകൾ കാരണങ്ങളാകയില്ല. സദാചാരം തന്നെയാകുന്നു ദ്വിജത്വകാരണം സംശയമില്ല. ഇതുവരെ എടുത്തുകാണിച്ച പദ്യങ്ങളാൽ ഒരു പ്രവൃത്തി ചെയ്യുന്ന പിതാമാതൃക്കളിൽ ജനിച്ച ഒരുവനാകട്ടെ തന്നത്താനെ ഒരു പ്രവൃത്തി ചെയ്യുന്നവനാകട്ടെ മറ്റൊരു പ്രവൃത്തിയാൽ വേറെ ജാതിയിലാകാമെന്നും ഇതിനാൽ താഴ്ന്ന ജാതിക്കാരൻ ഉയർന്ന ജാതിയിലും ഉയർന്നവൻ താഴ്ന്ന ജാതിയിലും വരുമെ ന്നുള്ളതുകൊണ്ട് ഇന്ന ജാതി എന്നു നിശ്ചയിക്കുന്നതിലേയ്ക്കു പ്രവൃത്തിയും ഗുണവും തന്നെ മുഖ്യങ്ങളെന്നു തെളിയുന്നു. 10. താരതമ്യം (സ്ഥാനം) അതായത് ഉല്പത്തി '..................,മുഖബാഹൂരൂപാദതഃ' മനുസ്മൃതി അർത്ഥം: മുഖം, കൈ, തുട, പാദം ഈ സ്ഥാനങ്ങളിൽ നിന്ന്. ബ്രാഹ്മണോസ്യ മുഖമാസീൽ. ബാഹു രാജന്യഃ കൃതഃ. ഊരൂ തദസ്യ യദൈ്വശ്യഃ. പദ്ഭ്യാം ശൂദ്രോ അജായത പുരുഷസൂക്തം അർത്ഥം: ബ്രാഹ്മണൻ ഇവന്റെ മുഖമാകുന്നു. രാജാവ് കൈ ആകുന്നു. വൈശ്യൻ തുടയാകുന്നു. പാദങ്ങളിൽ നിന്നു ശൂദ്രൻ ജനിച്ചു. ഈ പ്രമാണങ്ങൾ കൊണ്ട് ഒരു ശരീരത്തിൽ മുഖബാഹൂരൂ പാദങ്ങളുടെ മുഖ്യാമുഖ്യതകൾ പോലെ ബ്രാഹ്മണക്ഷത്രിയ വൈശ്യശൂദ്രരായ നാലു വർണ്ണങ്ങൾക്കും ഏറ്റക്കുറച്ചിൽ ഉണ്ടെ ന്നു സിദ്ധിക്കുന്നു. സർവ്വവർണ്ണേഷു തുല്യാസു പത്‌നീഷ്വക്ഷതയോനിഷു ആനുലോമ്യേന സംഭൂതാ ജാത്യാ ജ്ഞെയാസ്തയൈവ തേ മനു. 10.5 അർത്ഥം:നാലു വർണ്ണങ്ങളിലും തന്റെ ജാതികളായും വ്യഭിചാരദോഷമില്ലാത്തവളായും ഇരിക്കുന്ന ധർമ്മപത്‌നിയെ വിവാഹം ചെയ്ത വരന്റെ ബീജംകൊണ്ട് ആ ധർമ്മപത്‌നി പ്രസവിക്കുന്ന പുത്രന്മാർ അനുലോമ്യമായി അതാതു ജാതികളെന്ന് അറിയേണ്ടതാകുന്നു. അനാര്യമാര്യകർമ്മാണമാര്യഞ്ചാനാര്യകർമ്മിണം ന പ്രധാര്യാബ്രവീദ്ധാതാ ന സമൗ നാസമാവിതി മനു 10.72 അർത്ഥം: ബ്രാഹ്മണന്റെ തൊഴിലിനെ ചെയ്താലും ശൂദ്രൻ ബ്രാഹ്മണജാതിയായി ഭവിക്കുന്നതല്ല. എന്തെന്നാൽ അവനു ബ്രാഹ്മണജാതി തൊഴിലിൽ അധികാരമില്ലല്ലോ. ശൂദ്രകൃത്യത്തെ ചെയ്താലും ബ്രാഹ്മണൻ ശൂദ്രനായി ഭവിക്കയില്ല. എന്തെന്നാൽ അവൻ ഹീനകർമ്മത്തെ ചെയ്താലും അവന്റെ ജാതി ഉയർന്നത ല്ലയോ. ഇപ്രകാരംതന്നെ ഈ വിഷയങ്ങളെ ബ്രഹ്മാവും നിശ്ചയം ചെയ്തിരിക്കുന്നു. ഇത്യാദി പ്രമാണങ്ങളാല് ഈ ബ്രാഹ്മാണാദി നാലു ശബ്ദങ്ങളും രൂഢങ്ങളാണെന്നും ഗുണകർമ്മങ്ങൾ ആർക്ക് എങ്ങനെയിരുന്നാലും ബ്രാഹ്മണത്വാദികൾക്ക് അതുകൾ സംബന്ധമായി യാതൊരു ന്യൂനതയും വരികയില്ലെന്നും ആണ് ഇദാനീന്തനന്മാരുടെ (ബ്രാഹ്മണരുടെ) വാദം. എന്നാൽ ഇവരുടെ ഈ വാദത്തിന് ഈ രൂഢമെന്നത് അടിസ്ഥാനമാകയാൽ ഈ രൂഢത്തെയും ഇതിനടുത്തവയും അത്യാവശ്യങ്ങളും ആയ യോഗരൂഢാദികളെയും പറ്റി ഒരു വിവരണം ഇവിടെ കാണിക്കാതിരുന്നാൽ ഇതിലുള്ള സംഗതി മുഴുവനും എല്ലാവർക്കും ധരിക്കുന്നതിന് എളുപ്പമില്ലാത്തതിനാൽ അതിലേ ക്കൊരുങ്ങുന്നു. സംസ്‌കൃതഭാഷയിൽ വാക്കുകൾ, നാമം, ആഖ്യാതം, ഉപ സർഗ്ഗം, നിപാതം എന്നിങ്ങനെ നാലു പ്രകാരത്തിലുണ്ട്. ഇവ യിൽ നാമം എന്നതു ജാതിശബ്ദം, ഗുണശബ്ദം, ക്രിയാശബ്ദം, സംജ്ഞാശബ്ദം എന്നു നാലു പ്രകാരമുണ്ട്. ഇതുകൂടാതെ ശക്തം, ലക്ഷകം, വ്യഞ്ജകം എന്നു വേറെ മൂന്നു വിധത്തിലുണ്ട്. ഇതുകളിൽ ശക്തമെന്നതിനെ വിവരിച്ചു കാണിക്കുന്നതിനു വേണ്ടി ശബ്ദശക്തിയുടെ ലക്ഷണത്തെ താഴെ കാണിക്കുന്നു. അസ്മാച്ഛബ്ദാദയമർത്ഥോ ബോദ്ധവ്യ ഇതീശ്വരസങ്കേതശ്ശക്തിഃ അർത്ഥം: 'ഇന്ന ശബ്ദത്തിൽ നിന്ന് ഇന്ന അർത്ഥത്തെ ബോധിക്കേണ്ടതാകുന്നു എന്ന ഈശ്വരസങ്കേതം (നിയമം) ആകുന്നു ശക്തി' എന്നു ചിലരും അർത്ഥസ്മൃത്യനുകൂലപദപദാർത്ഥസംബന്ധശ്ശക്തിഃ അർത്ഥം: 'ഒരു ശബ്ദത്തെ കേൾക്കുമ്പോൾ അതിനുള്ള അർത്ഥം ഓർമ്മയിൽ വരുന്നതിനുകാരണമായ പദപദാർത്ഥ ങ്ങളുടെ തമ്മിലുള്ള സംബന്ധമാകുന്നു ശക്തി' എന്നു വേറെ ചിലരും പറയുന്നു. ഈ ശക്തിയാകട്ടെ സമുദായശക്തിയെന്നും അവയവശക്തി യെന്നും രണ്ടുവിധം പറയപ്പെടുന്നു. ഇതുകളിൽ സമുദായ ശക്തിയെ രൂഢി എന്നും അവയവശക്തിയെ യോഗം എന്നും പറയുന്നു. ഇങ്ങനെ ഏതെങ്കിലും അർത്ഥത്തെ ബോധിപ്പിക്കു ന്നതിനുള്ള ശക്തിയെ വഹിച്ച ശബ്ദവിശേഷമാകുന്നു മുൻ പറഞ്ഞ ശക്തം. ഈ ശക്തമാകട്ടെ രൂഢം, യോഗരൂഢം, യൗഗികം, യൗഗികരൂഢം എന്നിങ്ങനെ നാലു വിധം. രൂഢ്യൈ അർത്ഥബോധകഃ രൂഢഃ അർത്ഥം: രൂഢികൊണ്ട് അർത്ഥത്തെ ബോധിപ്പിക്കുന്നതു രൂഢം. രൂഢലക്ഷണം: അവയവശക്തിനൈരപേക്ഷ്യേണ സമുദായ ശക്തിമാത്രേണ ബുദ്ധ്യതേ തദ്രൂഢം. അർത്ഥം: യാതൊന്നിൽ അവയവശക്തിയെ അപേക്ഷി ക്കാതെ സമുദായശക്തിയെ മാത്രം ബോധിപ്പിക്കുന്നുവോ ആ പദം രൂഢം. ഉദാഹരണം: പൃഥിവീ, ജലം മുതലായവ. യോഗരൂഢലക്ഷണം: യത്ര തു അവയവശക്തി വിഷയേ സമുദായശക്തിരപ്യസ്തി തദ്യോഗരൂഢം അർത്ഥം: യാതൊരു ശബ്ദത്തിൽ അവയവശക്തിക്കു വിഷയമായ പൊരുളിൽ സമുദായശക്തിയുമിരിക്കുന്നുവോ അതു യോഗരൂഢം. ഉദാഹരണം 1. പങ്കജം എന്ന പദം. പങ്കത്തിൽ (ചേറിൽ) നിന്നു ജനിച്ചതെന്നുള്ള അവയവശക്തിക്കു വിഷയമായ അർത്ഥത്തെ സമുദായശക്തികൊണ്ട് 'താമരപ്പൂ' എന്നു ബോധിപ്പിക്കുന്നു. 2. ഷട്പദം എന്ന പദം. ഷട് ആറ്, പദം പാദങ്ങൾ. ആറുകാലുള്ളത് എന്ന് അവയവാർത്ഥം. വണ്ട് എന്ന് സമുദായാർത്ഥം. യൗഗികലക്ഷണം: യത്ര അവയവാർത്ഥ ഏവ ബുദ്ധ്യതേ തദ്യൗഗികം. അർത്ഥം: യാതൊരു ശബ്ദത്തിൽ നിന്ന് അവയവാർത്ഥം മാത്രം അറിയപ്പെടുന്നുവോ അതു യൗഗികം. ഉദാഹരണം: പാചകഃ എന്ന പദം തനത് ഒരു അവയവമായ പച് എന്ന ധാതുവിന്റെ അർത്ഥമായ പാകം ചെയ്കൽ എന്നതിനേയും അക് എന്ന പ്രത്യയത്തിന്റെ അർത്ഥമായ കർത്താവിനേയും ചേർത്തു പാകംചെയ്യുന്നവൻ എന്ന അർത്ഥത്തെ ബോധിപ്പിക്കുന്നത ല്ലാതെ ഈ പദം മറ്റു യാതൊരു അർത്ഥത്തേയും ബോധിപ്പി ക്കുന്നില്ല. യൗഗികരൂഢലക്ഷണം: യത്ര തു യൗഗികാർത്ഥരൂഢ്യർത്ഥയോസ്സ്വാതന്ത്ര്യബോധകസ്തദ്യൗഗികരൂഢം. അർത്ഥം: യാതൊന്നിൽ യൗഗികാർത്ഥത്തിനും രൂഢ്യർത്ഥത്തിനും പരസ്പരസ്വാതന്ത്ര്യം (ഒന്നിനൊന്നു സഹായം കൂടാതെ) ബോധിപ്പിക്കുന്നുവോ അതു യൗഗികരൂഢം. ഉദാഹരണം: ഉത്ഭിദ് എന്ന പദം. ഉത്ഭേദിച്ചു (പിളർന്നു) കൊണ്ട് മേല്‌പോട്ട് പുറപ്പെട്ടുവരുന്ന വൃക്ഷലതാദികളേയും അതിന്റെ സഹായം കൂടാതെ ഒരു യാഗത്തിനേയും ബോധിപ്പിക്കുന്നു. ഇതാണ് രൂഢ്യാദിവിവരണം. ബ്രാഹ്മണക്ഷത്രിയാദി ശബ്ദങ്ങൾ ഒന്നാമതായി പറയപ്പെട്ട രൂഢവകുപ്പിൽ ചേർന്നവയാകുന്നു എന്നും അവയവാർത്ഥം ചിന്തിച്ചിട്ടു കാര്യമില്ലെന്നും ഗജതുരഗാദിശബ്ദങ്ങൾ പലവിധ മൃഗജാതികളെ ബോധിപ്പിക്കുന്ന നാമങ്ങളാകുന്നതുപോലെ ബ്രാഹ്മണാദി ശബ്ദങ്ങളും പലവിധ മനുഷ്യജാതികളെ ബോധി പ്പിക്കുന്ന നാമങ്ങളാകുന്നു എന്നും ഈ മനുഷ്യജാതിയിലുള്ള വകഭേദങ്ങളെ സ്രഷ്ടാവായ ഈശ്വരനും പരോക്ഷജ്ഞാന ശക്തരായ മഹർഷികൾക്കും മാത്രമേ അറിവാൻ കഴിയൂ എന്നും അതിനാൽ ഉത്തമഗുണങ്ങളെ ലഭിച്ചതുകൊണ്ട് അധമവകുപ്പു കാർ ഉത്തമവകുപ്പിലും, അധമഗുണങ്ങൾ ഹേതുവായിട്ട് ഉത്തമ വകുപ്പുകാർ അധമവകുപ്പിലും ആകയില്ലെന്നും, അതാതു ജാതി യിലുള്ളവരുടെ പുത്രപൗത്രപരമ്പരകൾ മാത്രമേ അതാതു ജാതി യാകയുള്ളൂ എന്നും ആണ് ഇദാനീന്തനബ്രാഹ്മണരുടെ വാദം. ഇവരുടെ ഈ സിദ്ധാന്തവും ഇതിന്നനുകൂലമായ സകലപ്രമാണങ്ങളും സർവ്വാബദ്ധമെന്ന് താഴെ കാണിക്കുന്നു. പതഞ്ജലിയുടെ മഹാഭാഷ്യം രണ്ടാം ആഹ്നികത്തിൽ നവീനങ്ങളായേർപ്പെടുത്തുന്ന ശബ്ദങ്ങളെ ന്യായാനുസരണം കത്തിക്കണമെന്നു പറയുന്നു. മാഹേശ്വരസൂത്രം രണ്ടാം നിരുക്ത ത്തിലും ശാകടായനവ്യാകരണത്തിലും 'നാമങ്ങളെല്ലാം ധാതുക്ക ളിൽ നിന്നുണ്ടായവ'യെന്നു പറഞ്ഞിരിക്കുന്നു. അല്ലാതെയും, ധാതു, പ്രത്യയം ഇതുകളെക്കൊണ്ടു നാമങ്ങളെ ഉണ്ടാക്കുന്ന ആൾ, ആ ധാതുവിന്റെയും പ്രത്യയത്തിന്റെയും അർത്ഥത്തെ ത്യജിച്ചിട്ട് ശബ്ദമാത്രം കൊണ്ട് യാതൊരു കാരണവും കൂടാതെ നാമങ്ങളെ ഏർപ്പെടുത്തി എന്നു പറയുന്നത് അസംബന്ധമാ കുന്നു. ഇക്കാലത്തും നിഘണ്ട്വാദികളുടെ വ്യാഖ്യാതാക്കന്മാരായ ഭാനുദീക്ഷിതർ മുതലായവർ ഒരു ശബ്ദത്തെ എങ്കിലും അവയവാ ർത്ഥം കൂടാതെ വിട്ടുകളയുന്നില്ല. അതിനാൽ അസ്പഷ്ടകാരണക ങ്ങൾ അല്ലെങ്കിൽ അജ്ഞാതകാരണകങ്ങൾ ആയ നാമങ്ങളെ രൂഢങ്ങളെന്നും ജ്ഞാതകാരണകങ്ങളെ യോഗരൂഢങ്ങളെന്നും പറയുന്നതു തന്നെ യുക്തമായിരിക്കും. ആയതിനാൽ അവയ വാർത്ഥമില്ലാതെ യാതൊരു ശബ്ദവുമില്ല. കാലാധിക്യം ഹേതുവാ യിട്ട് ചില ശബ്ദങ്ങളുടെ കാരണം അറിയാതെവന്നതിനാൽ അവയവാർത്ഥം സ്പഷ്ടമാകാതെ ഇരുന്നതുകൊണ്ടു മാത്രം അതു കളെ രൂഢങ്ങളെന്നു പറയുന്നു. അങ്ങനെ രൂഢങ്ങൾ അജ്ഞാത കാരണകങ്ങൾ എന്നല്ലാതെ അഭാവകാരണകങ്ങൽ (അവയ വാർത്ഥമില്ലാത്തവ) ആണെന്ന് ഒരിക്കലും സിദ്ധിക്കുന്നില്ല. ഇനി ഈ ബ്രാഹ്മണരുടെ സിദ്ധാന്തപ്രകാരം ബ്രാഹ്മണാദി ശബ്ദങ്ങൾ രൂഢവകുപ്പിൽ ചേർന്നവയല്ലെന്നു കാണിക്കുന്നു. ബ്രാഹ്മണൻ: ബ്രഹ്മാവിന്റെ ഉത്തമാംഗത്തിൽനിന്നും ജനി ച്ചതുകൊണ്ടും ആദ്യമായുണ്ടായതുകൊണ്ടും ബ്രഹ്മത്തെ (വേദത്തെ) ധരിച്ചതുകൊണ്ടും 'ബ്രാഹ്മണൻ' മനുസ്മൃതി. ബ്രഹ്മാവിന്റെ പുത്രനായതുകൊണ്ടും ബ്രഹ്മത്തെ (വേദത്തെ) പഠിക്കുന്നവനല്ലെങ്കിൽ അറിയുന്നവനാകകൊണ്ടും ബ്രാഹ്മണൻ' പാണിനീസൂത്രം 6.4.171. ക്ഷത്രിയൻ: ക്ഷത്രത്തിങ്കൽ (ആപത്തിങ്കൽ, മുറിവിൽ) നിന്നും ത്രാണനം ചെയ്യുന്നവൻ (രക്ഷിക്കുന്നവൻ) 'ക്ഷത്രം'. ക്ഷത്രത്തിന്റെ സന്തതി 'ക്ഷത്രിയൻ' പാണിനീസൂത്രം 41238. ഇനിയും ക്ഷത്രം എന്ന വാക്കിന്റെ പര്യായനാമമായ രാജ എന്ന വാക്കിന് ദുഷ്ടന്മാരുടെ ഉപദ്രവത്തിൽനിന്നു നീക്കി രഞ്ജിപ്പിക്കു ന്നവൻ എന്നു മഹാഭാരതത്തിൽ അർത്ഥം കാണുന്നു. ഇതു കൂടാതെയും രാജസൻ, രാജപുത്രൻ, ക്ഷത്രിയൻ, ക്ഷത്രപുത്രൻ ഈ നാമങ്ങൾ സർവ്വാർത്ഥനാമങ്ങളായിട്ടുതന്നെയിരിക്കുന്നു. അതിനാൽ ക്ഷത്രശബ്ദം സ്പഷ്ടകാരണകം തന്നെയെന്നും രൂഢ വകുപ്പിൽ ചേർന്നതല്ലെന്നും സിദ്ധിക്കുന്നു. വൈശ്യൻ: വൈശ്യൻ എന്ന വാക്ക് 'വിശ്' എന്ന ധാതുവിൽ നിന്ന് ഉണ്ടായതും തൊഴിലുകളിൽ പ്രവേശിച്ചവൻ എന്ന് അർത്ഥമുള്ളതായ 'വിശ' എന്നൊരു നാമം (രൂപം) കൂടിയു ള്ളതും ആകുന്നു. നിഘണ്ടുവ്യാഖ്യാനം: പിന്നെയും ഇതിന്റെ പര്യായങ്ങൾ എല്ലാം ധനികൻ എന്നോ കച്ചവടക്കാരൻ എന്നോ ഉള്ള അർത്ഥത്തെ ബോധിപ്പിക്കുന്നതുകൊണ്ട് ഇവയും സ്പഷ്ടകാരണ കങ്ങൾതന്നെയെന്നു തെളിയുന്നു. ശൂദ്രൻ: ഈ പദം 'ശുച് ശോകേ' എന്ന ധാതുവിൽ ഇന്നു ണ്ടായതും ശോകിക്കുന്ന(ദുഃഖിക്കുന്ന)വൻ എന്നർത്ഥമുള്ളതും ആകുന്നു. (വ്യാസരുടെ വേദാന്തസൂത്രം). ഇതിനെ ശങ്കരാചാര്യ രുടെ ടി സൂത്രഭാഷ്യവും നിഘണ്ടുവ്യാഖ്യാനവും താങ്ങിപ്പറ യുന്നു. ഇതിൽനിന്നും ശൂദ്രൻ മറ്റു മൂന്നുവകുപ്പുകാരുടെ (ബ്രാഹ്മണക്ഷത്രിയവൈശ്യരുടെ) ക്രിയകളെ ചെയ്യുന്നതിനുള്ള ബുദ്ധിയെ ലഭിക്കാത്തതുകൊണ്ടുശോകിക്കുന്നവൻ അല്ലെങ്കിൽ ശോകിക്കുന്നവിധമുള്ള താഴ്മയോടുകൂടിയവൻ ആണെന്നു കാരണം കൊണ്ടുവന്നതിനാൽ ഈ ശബ്ദവും സ്പഷ്ടകാരണകം തന്നെ. അതുകൊണ്ട് ഈ ശബ്ദങ്ങൾ ഒന്നും തന്നെ അവയവാർത്ഥം ഇല്ലാതുള്ളവയല്ലെന്നും തന്നിമിത്തം രൂഢങ്ങള ല്ലെന്നും സിദ്ധിക്കുന്നു. 11. ഈ നിയമത്തിൽപ്പെട്ട ഭൂമികൾ സരസ്വതീദൃഷദ്വത്യോർദ്ദേവനദ്യോര്യദന്തരം തം ദേവനിർമ്മിതം ദേശം ബ്രഹ്മാവർത്തം പ്രചക്ഷതേ മനുസ്മൃതി 2.17 അർത്ഥം: സരസ്വതിയെന്നും ദൃഷദ്വതിയെന്നും പറയപ്പെടുന്ന ദേവനദികളുടെ മദ്ധ്യപ്രദേശം ദേവന്മാരാൽ ഏർപ്പെടുത്തപ്പെട്ട ബ്രഹ്മാവർത്തമെന്നു പറയപ്പെടുന്നു. കുരുക്ഷേത്രഞ്ച മത്സ്യാശ്ച പാഞ്ചാലാഃ ശൂരസേനകാഃ ഏഷ ബ്രഹ്മർഷിദേശോ വൈ ബ്രഹ്മാവർത്താദനന്തരം മനുസ്മൃതി 2.19 അർത്ഥം: കുരുക്ഷേത്രം, മത്സ്യദേശം, പാഞ്ചാലദേശം, ഉത്തരമധുര ഈ ദേശങ്ങൾ ബ്രഹ്മർഷികൾ വസിക്കുന്ന ദേശങ്ങളാകുന്നു. ഈ സ്ഥലങ്ങൾ ബ്രഹ്മാവർത്തദേശങ്ങളോളം ശ്ലാഘ്യങ്ങളല്ല. ഹിമവദ്വിന്ധ്യയോർമ്മദ്ധ്യം യൽ പ്രാഗ്വിനശനാദപി പ്രത്യഗേവ പ്രയോഗാച്ച മധ്യദേശഃ പ്രകീർത്തിതഃ മനുസ്മൃതി 2.21 അർത്ഥം: ഹിമവാൻ പർവ്വതത്തിനും വിന്ധ്യപർവ്വതത്തിനും മധ്യമായി സരസ്വതി മറഞ്ഞ വിജനദേശത്തിനു കിഴക്കായും പ്രയാഗയ്ക്കു പടിഞ്ഞാറായും ഇരിക്കുന്ന പ്രദേശം മധ്യദേശമെന്നു പറയപ്പെടുന്നു. ആസമുദ്രാത്തു വൈ പൂർവ്വാദാസമുദ്രാത്തു പശ്ചിമാൽ തയോരേവാന്തരം ഗിര്യോരാര്യവർത്തം വിദുർബുധാഃ മനുസ്മൃതി 2.22 അർത്ഥം: കിഴക്കേ സമുദ്രം തുടങ്ങി പടിഞ്ഞാറേ സമുദ്രം വരെയുള്ള മുൻപറഞ്ഞ പർവ്വതങ്ങളുടെ മധ്യപ്രദേശം മഹാന്മാർ അധിവസിക്കുന്ന ആര്യാവർത്തമെന്നു പറയപ്പെടുന്നു. കൃഷ്ണസാരസ്തു ചരതി മൃഗോ യത്ര സ്വഭാവതഃ സജ്ഞേയോ യജ്ഞിയോ ദേശോ മ്ലേച്ഛദേശസ്തതഃ പരഃ മനു. 2.23 അർത്ഥം: കൃഷ്ണസാരമെന്ന മാനാകട്ടെ ഏതു സ്ഥലത്തിൽ സ്വാഭാവികമായി സഞ്ചരിക്കുന്നോ ആ ദേശംതന്നെയാണ് യാഗം ചെയ്യുന്നതിനു യോഗ്യമായത് മറ്റു ദേശങ്ങൾ അശുദ്ധങ്ങളായ മ്ലേച്ഛദേശങ്ങളെന്നു പറയപ്പെടുന്നു. ഈ പ്രമാണങ്ങളാൽ ചാതുർവർണ്ണ്യവ്യവസ്ഥയുടെ ജനന ഭൂമിയായ ബ്രഹ്മാവർത്തത്തിൽ ജനങ്ങളുടെ അഭിവൃദ്ധി നിമിത്തം അവിടം തപോനുഷ്ഠാനങ്ങൾക്കു മതിയാകായ്കയാൽ ആ ഋഷികൾ അടുത്തുള്ള വിജനപ്രദേശങ്ങളിൽ വന്നു ഹിതമാകുംവണ്ണം താമസിച്ചു. അതുകൊണ്ട് ആ പ്രദേശത്തിനു ബ്രഹ്മർഷിദേശമെന്ന സംജ്ഞ സിദ്ധിച്ചു. ഈ സ്ഥലം ബ്രഹ്മാ വർത്തത്തിന്റെ അടുത്തു തെക്കുകിഴക്കായിട്ടാകുന്നു. ഇതിന്റെ വടക്കേഅറ്റം ബ്രഹ്മാവർത്തത്തിന്റെ അടുത്ത പൂർവ്വദക്ഷിണഭാഗ ത്തുള്ള ഹസ്തിനപുരം മുതലായതിനെ ഒരു കാലത്ത് അന്തർഭവി പ്പിച്ചുകൊണ്ടിരുന്ന കുരുക്ഷേത്രവും മധ്യത്തിൽ പാഞ്ചാലദേശ വും ശൂരസേനകവും (അതായതു മധുര അല്ലെങ്കിൽ മുട്രായും) ദക്ഷിണത്തിൽ മത്സ്യദേശവും ആകുന്നു. ദാർലാപ്പൂരിന്റെ പടിഞ്ഞാറും ജെയിപ്പൂരിന് 40 മൈൽ വടക്കുമുള്ള വിരാടം (ബൈരട്) എന്ന പ്രദേശം ഒരു കാലത്ത് ഇതിന്റെ പ്രധാനസ്ഥാനമായിരുന്നു. ഈ സ്ഥലവും ജനനിബിഡമായ പ്പോൾ ഋഷികൾ കോസലം മുതലായ മധ്യദേശങ്ങളിൽ വന്നു താമസിച്ചു. ഏകദേശം മധ്യകാലത്തുണ്ടായതുകൊണ്ടും പൂർവ ്ര പശ്ചിമസമുദ്രങ്ങളുടെ ഇടയിലുള്ള ഭൂമിയുടെ ഏകദേശം മധ്യാന്തരത്തിലാകകൊണ്ടും അടുത്തു പറയപ്പെട്ട ബ്രഹ്മർഷി ദേശം ഉൾപ്പെടെ കോസലം മുതലായവയ്ക്കു മധ്യദേശം എന്നു സംജ്ഞ ലഭിച്ചിരിക്കണം. ഇതിന്റെ പശ്ചിമാവധി (58) കുരുക്ഷേത്രവും, പൂർവ്വാവധി പ്രയാഗയും, ദക്ഷിണോത്തരാവധി കൾ വിന്ധ്യാഹിമാലയ പർവ്വതങ്ങളുമാകുന്നു. ഇവിടെയും ഗംഗാനദിയുടെ ഉത്തരതീരത്തിൽ ആദ്യം ഋഷികൾ വന്നു താമസിച്ചതിന്റെ ശേഷമാണ് മറ്റുള്ളവരും അവിടെവന്നു നിറഞ്ഞതെന്നും അതിനാൽ ഋഷികൾ ഗംഗയുടെ ദക്ഷിണതീരത്തിൽ വസിപ്പാനാരംഭിച്ചു എന്നും, ഋഷികൾ താന്താങ്ങൾതന്നെ ധ്യാനാദികൾക്കു വിജനപ്രദേശങ്ങളെ അന്വേഷിക്കുന്നവരാകകൊണ്ടും വാല്മീകിരാമായണത്തിൽ (ബാലകാണ്ഡം) വിശ്വാമിത്രൻ മുതലായ ഋഷികളുടെ ആശ്രമങ്ങൾ ദക്ഷിണതീരത്തിലും അയോദ്ധ്യ മുതലായ സ്ഥലങ്ങൾ ഉത്തരതീരത്തിലും വർണ്ണിക്കപ്പെട്ടതുകൊണ്ടും ഊഹിക്കാവുന്നതാണ്. ഇങ്ങനെ കാലക്രമേണ പൂർവ്വപശ്ചിമ സമുദ്രങ്ങളുടേയും ഹിമാലയവിന്ധ്യപർവ്വതങ്ങളുടെയും അന്ത രാളഭൂമി ആസകലം ജനങ്ങളുടെ വാസസ്ഥലമായിട്ടു ഭവിച്ചു. ഈ സ്ഥലത്തു മുഴുവനും വർണ്ണാശ്രമധർമ്മങ്ങൾ ഉണ്ടായിരുന്നു. വർണ്ണാശ്രമധർമ്മങ്ങളുടെ അവധിലുൾപ്പെട്ടവർക്ക് ആര്യന്മാരെ ന്നും മറ്റുള്ളവർക്ക് മ്ലേച്ഛന്മാരെന്നും പേരിട്ടു വ്യവഹരിച്ചുവരുന്നു. ആര്യൻ എന്ന വാക്കിന് (ഋഗതൗ ഗത്യർത്ഥാനാം ജ്ഞാനാ ർത്ഥാനാം) അറിവുള്ളവൻ എന്നും മ്ലേച്ഛശബ്ദത്തിന് (മ്ലേച്ഛ് അപശബ്ദേ) നല്ലവണ്ണം സംഭാഷണം ചെയ്‌വാനറിയാത്തവൻ എന്നും അർത്ഥമാകുന്നു. ആര്യന്മാർ വർത്തിച്ചതുകൊണ്ട് ഈ സ്ഥലത്തിന് ആര്യാവർത്തമെന്നും മറ്റുള്ള സ്ഥലങ്ങൾക്ക് മ്ലേച്ഛദേശങ്ങൾ എന്നും പേർ കിട്ടി. ഇതിൽ നിന്നു ചാതുർവർണ്ണ്യനിയമത്തിന്റെ അവധിയിലുൾ പ്പെട്ട ഭൂമികൾ, പൂർവ്വപശ്ചിമസമുദ്രങ്ങൾക്കും വിന്ധ്യഹിമാലയ പർവ്വതങ്ങൾക്കും അന്തരാളഭൂമിയായ ആര്യാവർത്തമാണെന്നു സിദ്ധിച്ചു. മേൽപറഞ്ഞ പ്രമാണങ്ങളാൽ ജഗന്നിയന്താവായിരിക്കുന്ന ഭഗവാൻ ബ്രഹ്മാവർത്തത്തിലിരുന്നു ത്രേതായുഗത്തിൽ ലോക ത്തിന്റെ വർദ്ധനയ്ക്കായിട്ട് ഗുണകർമ്മവിഭാഗങ്ങളെ അടിസ്ഥാന പ്പെടുത്തി ഒരു ശരീരത്തിൽ മുഖം, ബാഹു, ഊരു, പാദം ഇതുകളുടെ താരതമ്യക്രമത്തിനു വർണ്ണമെന്നു സാമാന്യനാമ ത്തോടും ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രരെന്ന പ്രത്യേകനാമ ത്തോടുംകൂടിയ ചാതുർവർണ്ണ്യവ്യവസ്ഥാപനയെ ബ്രഹ്മാവർത്തം തുടങ്ങി ആര്യാവർത്തം മുഴുവനിലേയ്ക്കുമുള്ള നിയമമായിട്ട് ഏർപ്പെടുത്തി എന്നു വ്യക്തമായി. ഈ മലയാളദേശമാകട്ടെ ബ്രഹ്മാവർത്തത്തിന്റെയും ആര്യാ വർത്തത്തിന്റെയും അതിർത്തിയിലുൾപ്പെട്ടതല്ലെന്നും അതിനാൽ ഇവിടെ ചാതുർവർണ്ണ്യനിയമം ആ കാലങ്ങളിൽ നടപ്പിലായിരു ന്നില്ലെന്നും ഇതിൽനിന്നും വ്യക്തമാകുന്നു. മേല്പറഞ്ഞ അതിർത്തിക്കുപുറമേയുള്ള എല്ലാ സ്ഥലങ്ങളേയും മ്ലേച്ഛദേശ ങ്ങളെന്നും എല്ലാ ആളുകളെയും മ്ലേച്ഛന്മാരെന്നും ഒരുപോലെ കരുതിപ്പോന്നിരുന്ന ആര്യന്മാർ തങ്ങളുടെ ചില ഗ്രന്ഥങ്ങളിൽ മലയാളിനായന്മാരെ മ്ലേച്ഛസ്ഥാനത്തിലുപരിയായി കത്തിച്ചിരിക്കു ന്നതുതന്നെ അക്കാലത്തെ നായന്മാരുടെ ബഹുമാന്യതയ്ക്ക് ഒരു മതിയായ തെളിവാകുന്നു. ഇങ്ങനെയിരിക്കവേ ഈ മലയാളി നായന്മാരിൽ ശൂദ്രശബ്ദാരോപണം ചെയ്‌വാൻ, പ്രമാണ യുക്ത്യനുഭവങ്ങളാൽ ത്യാജ്യമായി തള്ളിയ പരമ്പരാവകാശം കൊണ്ടുപോലും ആർക്കും അർഹതയില്ലെന്നു തെളിഞ്ഞി രിക്കുന്നു. ഇനിയും വർണ്ണവ്യത്യാസം പ്രകൃത്യനുസരണമായിരിക്കുന്ന തിനാൽ യാതൊരു സമുദായത്തിനും മറ്റൊന്നിന്റെ മേൽ ജാതിശ്രേഷ്ഠത ഭാഅവിക്കുവാൻ അർഹതയില്ലെന്നുള്ളതിനു മേൽകാണിച്ചവ കൂടാതെ താഴെപ്പറയുന്ന സംഗതികളും ഗണനീയങ്ങളാകുന്നു. 'ഋഗ്‌ഭ്യോ ജാതം വൈശ്യവർണ്ണതാമാഹുഃ, യജുർവ്വേദം ക്ഷത്രിയസ്യാഹുർ യോനിം; സാമവേദോ ബ്രാഹ്മണാനാം പ്രസൂതിഃ' തൈത്തിരീയബ്രാഹ്മണം അർത്ഥം: ബ്രാഹ്മണന്റെ ജന്മം സാമവേദത്തിൽ നിന്നും, ക്ഷത്രിയന്റെ ജന്മം യജുർവ്വേദത്തിൽനിന്നും, വൈശ്യന്റെ ജന്മം ഋഗ്വേദത്തിൽ നിന്നും ആകുന്നു. ശൈവശാസ്ത്രത്തിൽ ശിവനെ അവയവങ്ങളിൽനിന്നും ചാതുർവർണ്യമുണ്ടായി എന്നും വൈഷ്ണവശാസ്ര്തത്തിൽ വിഷ്ണുവിന്റെ അവയവങ്ങളിൽ നിന്നാ ണെന്നും ശാക്തേയത്തിൽ ശക്തി(ദേവി)യുടെ അവയവങ്ങളിൽ നിന്നാണെന്നും കാണുന്നു; ആകപ്പാടെ നോക്കിയാൽ വർണ്ണ വ്യത്യാസത്തിനുള്ള കാരണം ലോകവൃദ്ധി മാത്രമാകുന്നു. അതനുസരിച്ച് എല്ലായിടത്തും എക്കാലത്തും പലമാതിരി സ്ഥിതിഭേദങ്ങൾ ഉണ്ടായിക്കൊണ്ടിരിക്ക്കുന്നു. (ബൃഹദാരണ്യ കോപനിഷത്തിൽനിന്നും മുമ്പിൽ ചേർത്തിരിക്കുന്ന ഭാഗം നോക്കുക). പുരോഹിതപ്പെരുമയുടെ ദോഷഫലങ്ങളെ ഒഴിച്ചു നോക്കുകയാണെങ്കിൽ നമ്മുടെ കർമ്മഭൂമിയിൽത്തന്നെയും പുരാതനകാലം മുതല്‌ക്കേ ഇതിന്റെ പരമാർത്ഥം ശരിയായി അറിയപ്പെട്ടിരുന്നു എന്നു വെളിവാകുന്നതാണ്. ഉദാഹരണമായി താഴെപ്പറയുന്ന ബ്രാഹ്മണലക്ഷണം നോക്കുക. 'അഗ്നിഹോത്രവ്രതപരാൻ സ്വാധ്യായനിരതാൻ ശുചീൻ ഉപവാസരതാൻ ദാന്താംസ്താൻ ദേവാ ബ്രാഹ്മണാൻ വിദുഃ ക്ഷാന്തം ദാന്തം മിതക്രോധം ജിതാത്മാനം ജിതേന്ദ്രിയം തമേവ ബ്രാഹ്മണം മന്യേ ശേഷാ ശൂദ്രാ ഇതി സ്മൃതാഃ ......................................... ന ജാതിഃ പൂജ്യതെ രാജൻ ഗുണാഃ കല്യാണകാരകാഃ ചണ്ഡാലമപി വൃത്തസ്ഥം തം ദേവാ ബ്രാഹ്മണം വിദുഃ ഗൗതമസംഹിത ഇനിയും, ബ്രാഹ്മണവർണ്ണം മനുഷ്യരിൽ മാത്രമല്ലാ ദേവന്മാരിലും ഉണ്ടെന്നുള്ളതിനു മുൻകാണിച്ച ബൃഹദാരണ്യ കോപനിഷദ് ഭാഷ്യം തെളിവായിരിക്കുന്നു എന്നുതന്നെയുമല്ല, ഓരോ ജന്തുക്കളേയും സാധനങ്ങളേയും പറ്റി പറയുന്നിട ത്തൊക്കെ ഈ മാതിരി വർണ്ണവ്യത്യാസം പണ്ടുപണ്ടേ വ്യവസ്ഥാപിതവും ആകുന്നു. ഉദാഹരണമായി ആന, സർപ്പം മുതലായ ജന്തുക്കളിലും, രാഗം, സ്വരം മുതലായവയിലും ചാതുർവർണ്യം യോജിപ്പിച്ചുകാണുന്നുണ്ട്. ഗ്രന്ഥവിസ്തരഭയ ത്താലും ഈവക സംഗതികൾ വായനക്കാർക്ക് ദുഷ്പ്രാപ മല്ലായ്കയാലും ഇവിടെ പ്രത്യേകം വിവരിക്കുന്നില്ല. ഇപ്രകാരം ചാതുർവർണ്യത്തിന്റെ നിലനിൽപ്പിന് അതിന്റെ അടിസ്ഥാനമായ ഗുണകർമ്മവിഭാഗം കാരണമാകയാൽ അതിലിരിക്കുന്നതിന് അതാതുവർണ്ണങ്ങളിലേയ്ക്ക് നിശ്ചയിക്ക പ്പെട്ടിട്ടുള്ള ഗുണകർമ്മങ്ങളുള്ളവൻ മാത്രമേ യോഗ്യനാവൂ എന്നും അല്ലാത്തവൻ വർണ്ണത്തിലെ പിതൃമാതൃക്കളിൽനിന്ന് ജനിച്ചവനായാലും ആ വർണ്ണങ്ങളിലിരിക്കാൻ യോഗ്യനാക യില്ലെന്നും ഏതെങ്കിലും ഒരു വർണ്ണത്തിൽ ജനിച്ചവനിൽ ആ വർണ്ണത്തിലേയ്ക്കു വേണ്ടതായ ഗുണകർമ്മങ്ങളില്ലാതിരിക്കയും മറ്റുവർണ്ണങ്ങളിലേയ്ക്കു തക്കതായ ഗുണകർമ്മങ്ങളുണ്ടായിരി ക്കയും ചെയ്താൽ യഥായോഗ്യം മാറ്റിവയ്ക്കാമെന്നും അപ്രകാരം ഇന്നുവരെ ചെയ്തുവരുന്നുണ്ടെന്നും ഇങ്ങനെ ഗുണകർമ്മങ്ങളെ ആശ്രയിച്ചല്ലാതെ മറ്റേതുവിധമായാലും ഈ നിയമത്തിന് അടിസ്ഥാനമില്ലാതായിപ്പോകുമെന്നതുകൊണ്ട് കാലാന്തരത്തിൽ മുൻപറഞ്ഞ സകല ഏർപ്പാടുകളും നശിച്ചു വർണ്ണസാംകര്യം സംഭവിച്ചുപോകുമെന്നും ചാതുർവർണ്യനിയമത്തിനുമുമ്പ് എങ്ങനെ ഇരുന്നുവോ അപ്രകാരം തന്നെ (കാലഭേദമൊഴിച്ച്) ആയിത്തീരുമെന്നും സിദ്ധിക്കുന്നു. എന്നാൽ ഇപ്പോഴത്തെ നടപ്പുമുറ ഇതിന് അനുകൂലമാ യിട്ടാകുന്നു. അതിനെയാകുന്നു (മുമ്പിൽ പറയപ്പെട്ട) രണ്ടാ മത്തെ പിരിവായ കുക്ഷിപൂരണമതമെന്നു പറയുന്നത്. അതിന്റെ സ്വഭാവാദികളെ അടുത്ത അദ്ധ്യായത്തിൽ വിവരിക്കുന്നു.



കുറിപ്പുകൾ

[തിരുത്തുക]