പ്രാചീനമലയാളം/അവതാരിക

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പ്രാചീനമലയാളം
രചന:ചട്ടമ്പിസ്വാമികൾ
അവതാരിക
പ്രാചീനമലയാളം

അവതാരിക
[തിരുത്തുക]


ഈ മലയാളഭൂമിയിൽ ജന്മികൾ അധികവും മലയാള ബ്രാഹ്മണരാകുന്നു. അവർക്കു കൂടുതൽ കുലശ്രേഷ്ഠതയും മറ്റുള്ളവരുടെ മേൽഗുരുസ്ഥാനവും ഉണ്ടെന്നു പലരും സമ്മതിച്ചു വരുന്നു. ഈ അവകാശങ്ങൾക്ക് അടിസ്ഥാനമായി അവർപറയുന്നതു രണ്ടു സംഗതികളെയാകുന്നു.

1. പരശുരാമൻ സമുദ്രനിഷ്‌കാസനം കൊണ്ടു മലയാളഭൂമിയെ വീണ്ടെടുത്തു വിദേശത്തുനിന്നും ബ്രാഹ്മണരെ വരുത്തി അവർക്കു അതിനെ ദാനം ചെയ്തു എന്നുള്ളത്.
2. ജാതിവിഭാഗത്തിൽ ഒന്നാമത്തെ സ്ഥാനവും അങ്ങനെ ഹിന്ദുമതാനുസാരികളായ മറ്റുള്ളവരുടെ ഗുരൂപുരോഹിതസ്ഥാനത്തെയും അവർ അർഹിക്കുന്നു എന്നുള്ളത്.


പഴയ പ്രമാണങ്ങൾ, പാരമ്പര്യങ്ങൾ, നടപടികൾ ഇവയിൽനിന്നും സർവസമ്മതമായ യുക്തിവാദങ്ങളിൽ നിന്നും മേത്തറഞ്ഞ രണ്ടു സംഗതികളും അടിസ്ഥാനമില്ലാത്തവയാണെന്നും ഈ ഭൂമി വാസ്തവ ത്തിൽ മലയാളിനായന്മാരുടെ വകയാണെന്നും, നായന്മാർ ഉൽകൃഷ്ടകുലജാതന്മാരും നാടുവാഴികളുമായ ദ്രാവിഡന്മാരാണെന്നും, അവർ തങ്ങളുടെ ആർജ്ജവശീലവും ധർമതത്പരതയും കൊണ്ടു സ്വദേശബഹിഷ്‌കൃതന്മാരും പാഷണ്ഡമതഗാമികളും ആയ ഒരു കൂട്ടം ആര്യബ്രാഹ്മണരുടെ വലയിൽ അകപെട്ടു കാലാന്തരത്തിൽ കക്ഷിപിരിഞ്ഞ് ഇങ്ങനെ അകത്തും പുറത്തുമായി താഴ്മയിൽ കഴിഞ്ഞുപോരികയാണെന്നും ആണ് ഈ പുസ്തകം സ്ഥാപിക്കാൻ ഉദ്യമിക്കുന്നത്.


ഇതിലേയ്ക്ക്, ഒന്നാമതായി, മലയാളബ്രാഹ്മണർ എന്നു പറയുന്നവർക്ക് ഇവിടെ[1] ജന്മാവകാശമില്ലെന്നും, രണ്ടാമതായി അവർക്ക് യാതൊരു മേന്മയ്ക്കും അർഹതയില്ലെന്നും, മൂന്നാമതായി മേത്തറഞ്ഞ രണ്ടുവക അവകാശങ്ങളുംനായന്മാരിൽ ചേർന്നവയാണെന്നും ഇവിടെ കാണിക്കുന്നു. ഇവയിൽ ഒന്നാമത്തേതു മുഴുവനും സഹ്യാദ്രി ഖണ്ഡം, കേരളമാഹണ്ഡത്മ്യം, കേരളോത്തത്തികൾ, കേരളാവകാശക്രമംഎന്നീ ബ്രാഹ്മണപരങ്ങളായ ഗ്രന്ഥങ്ങളെ ആശ്രയിച്ചിരിക്കുന്നതി നാൽ അതിന്റെ ഖണ്ഡനം ഈ ഗ്രന്ഥങ്ങളുടെ ഖണ്ഡനം കൊണ്ടും, മറ്റു രണ്ടിന്റെയും ഖണ്ഡനങ്ങൾ, അനുഭവങ്ങൾ, യുക്തിവാദങ്ങൾ മുതലയവയെ കൊണ്ടും സാധിക്കും. മലയാള ബ്രാഹ്മണർക്ക് ഇവിടെ ജന്മാവകാശമില്ലെന്നു സാമാന്യമായും വിശേഷമായും ഖണ്ഡനരീത്യാ രണ്ടു വിധത്തിൽ നിർണയിക്കാം. പ്രകൃതസംഗതികളെ മുൻകാണിച്ച ഗ്രന്ഥങ്ങളിൽ പൂർവ്വാപരവിരുദ്ധമായും പരസ്പരവിരുദ്ധമായും പ്രതിപാദിച്ചിരിക്കുന്ന തിനെ വെളിപെടുത്തി പ്രമാണഗ്രന്ഥങ്ങളുടെ അവിശ്വാസ്യതയെ കാണിക്കുന്ന സാമാന്യഖണ്ഡനം ഈ അവതാരികയിലും, അവയെ പ്രത്യേകം പ്രത്യേകം വ്യവഹരിച്ചു മറ്റു പ്രമാണങ്ങൾക്കും യുക്തിക്കും ന്യായത്തിനും അവ വിപരീതങ്ങളാ ണെന്നു കാണിക്കുന്ന വിശേഷഖണ്ഡനം ഒന്നുമുതൽനാലുവരെ (ഉൾപ്പെടെ)യുള്ള അദ്ധ്യായത്തിലും സാധിച്ചിരിക്കുന്നു

സാമാന്യഖണ്ഡനം[തിരുത്തുക]


സ്‌കന്ദപുരാണത്തിൽ ഉൾപ്പെട്ട സഹ്യാദ്രിഖണ്ഡത്തിന്റെ ഉത്തരാർദ്ധം ഒന്നാം അദ്ധ്യായത്തിൽ താഴെ പറയുന്നവിധം കാണുന്നു. പരശുരാമൻ 21 വട്ടം ക്ഷത്രിയരെ കൊന്നു വിധി പോലെ ഭൂമിയെ ബ്രാഹ്മണർക്കു ദാനംചെയ്തു. അനന്തരം വേറൊരു ഭൂമിയെ സൃഷ്ടിച്ചു. ഈ ഭൂമി വൈതരണി 1[2] നദിക്കുതെക്ക് സുബ്രഹ്മണ്യത്തിനു2[3]വടക്ക് സഹ്യപർവ്വതം മുതൽ കടൽവരെ ശൂർപാകാരം4 ആയി 100 യോജന നീളത്തിൽ 3 യോജന വീതിയിൽ കിടക്കുന്നു. അവിടെ ഒരു മലയിൽ പരശുരാമൻ താമസിച്ചു. ശ്രാദ്ധമൂട്ട്, യാഗം എന്നിവയ്ക്കായി ബ്രാഹ്മണരെ ക്ഷണിച്ചിട്ട് അവരാരും വരായ്കായാൽ കോപിച്ച് ബ്രാഹ്മണരെക്കൂടി പുതുതായി ഉണ്ടാക്കുവാൻഅദ്ദേഹം നിശ്ചയിച്ചു. രാവിലെ സമുദ്രസ്‌നാനത്തിനു ചെന്നപ്പോൾ ചിതാസ്ഥാനത്ത് വന്നുനിന്ന ചില മുക്കുവരെ കണ്ടു തൃപ്തനായി അവരുടെ ചൂണ്ട മുറിച്ച് അതിന്റെ കയറുകൊണ്ട് പൂനൂലുണ്ടാക്കി അവർക്കിടുകയും വിശുദ്ധരാക്കി അവർക്ക് ബ്രാഹ്മണ്യം കൊടുക്കുകയും ചെയ്തു. 14 ഗോത്രവും കുലവും കത്തിച്ച് ചതുരംഗം എന്ന സ്ഥാനത്ത് അവരെ പാർപിച്ചു. അവർവിചാരിക്കുമ്പോൾ താൻ ചെന്നുകൊള്ളാമെന്നു വാഗ്ദാനം ചെയ്ത് പരശുരാമൻപോയി. കുറേനാൾ കഴിഞ്ഞു പരീക്ഷിപ്പാനായിട്ടുമാത്രം അവർ അദ്ദേഹത്തിനെ സ്മരിക്കുകയും അദ്ദേഹം താൻ പറഞ്ഞിരുന്നതുപോലെ തന്നെ അവിടെ ചെല്ലുകയും ചെയ്തു. അപ്പോൾ പ്രയോജനം കൂടാതെ വരുത്തിയതാണെന്നറിഞ്ഞ് ഭാർഗ്ഗവൻ കോപിച്ച് ദുർവൈദ്യന്മാരും നിന്ദ്യന്മാരും കുത്സിതന്മാരും ദരിദ്രന്മാരും സേവാപരന്മാരും ആയിപ്പോകട്ടേ എന്നു അവരെശപിച്ചു.ടി സഹ്യാദ്രിഖണ്ഡത്തിന്റെ ഉത്തരാർദ്ധം ആറാം അദ്ധ്യായത്തിൽ പരശുരാമന്റെ ഭൂമി നിർമാണത്തിനെപ്പറ്റി ഇങ്ങനെ പറഞ്ഞിരിക്കുന്നു. മഹാവിഷ്ണു[4] ബലിയോടു ലോകം വീണ്ടും രജസ്വലാദിദത്തമന്നം[5]


നിനക്കുഭവിക്കട്ടെ' എന്നു കത്തിക്കുകയും ഭൂമി മുഴുവൻ കശ്യപനായിക്കൊണ്ടു ദാനം ചെയ്കയും ചെയ്തു. കശ്യപൻ ഗൌഡർക്കും ദ്രാവിഡർക്കും ആര്യാവർത്തത്തിലുള്ള പണ്ഡിതന്മാർക്കുംകർമ്മികൾക്കുംകൂടി അതിനെ കൊടുത്തു. അനന്തരം ത്രേതായുഗത്തിൽ കാർത്തവീര്യാദി രാജാക്കന്മാർ ഭൂമിയെ അപഹരിച്ച് രക്ഷിച്ചു. പിന്നെ കശ്യപാദി ബ്രാഹ്മണരുടെ പ്രാർത്ഥനപ്രകാരം വിഷ്ണുഭഗവാൻ ജമദഗ്നിപുത്രനായിട്ടു രേണുകയിൽ അവതരിക്കുകയും തപസ്സുചെയ്തു ശിവനെ പ്രസാദിപ്പിച്ച് വെണ്മഴു വാങ്ങി 21 വട്ടം ക്ഷത്രിയരെ വധിച്ച് വസിഷ്ഠകശ്യപാദി മുനിമാർക്ക് ഭൂമിയെ വീണ്ടും ദാനം ചെയ്യുകയും ചെയ്തു. പിന്നീട് ഭാർഗ്ഗവൻ സഹ്യാദ്രിയുടെ മുകളിൽകയറി സമുദ്രം കണ്ടു വിചാരം തുടങ്ങി. അപ്പോൾ നാരദൻ വന്നു വിചാരകാരണം ചോദിച്ചു. ഭൂമി മുഴുവൻ ദാനം ചെയ്തു പോയതിനാൽതനിക്ക് ഇരിക്കാൻഇടമില്ലെന്ന് ഉത്തരം പറഞ്ഞു. അപ്പോൾ സമുദ്ര ത്തിനെ അകറ്റുവാൻ നാരദൻ ഉപദേശിച്ചു. പരശുരാമൻ ഉടനെ സഹ്യാദ്രിമേൽ നിന്നുകൊണ്ട് സായകമയച്ചു സമുദ്രത്തെ നീക്കി സ്ഥലമുണ്ടാക്കി. ആ സ്ഥലം രാമക്ഷേത്രം എന്നു പ്രസിദ്ധ മായിത്തീർന്നു. ബാണം വീണ ദിക്കിൽ 'ബാണവല്ലി' എന്ന ഒരുപുണ്യപുരവും ഉണ്ടായി.


ഇപ്രകാരം സമുദ്രനിഷ്‌കാസനം ചെയ്തുണ്ടാക്കിയ ഭൂമിയിൽ സപ്തകൊങ്കണൾ അടങ്ങിയിരുന്നു അതാവിത് (1)കേരളം (2) തുലംഗം (3) സൗരാഷ്ട്രം (4) കൊങ്കണം (5) കരഹാടം (6) കർണാടം (7) ബർബരം. ഈ ഭൂമിയുടെ ആകെ വിസ്തീർണം 100 യോജന നീളവും 5 യോജന വീതിയും ആകുന്നു. ഗോകർണമെന്ന സ്ഥലത്ത് ശിവൻ അധിവസിച്ചിരുന്നു. അവിടെ ശിവന് മഹാബലൻ എന്നുപേർ. അവിടെനിന്നും 10 യോജന വടക്ക് സപ്തകോടീശ്വരം എന്ന സ്ഥലത്ത് രാമൻ ഇരുന്നുകൊണ്ട് നാനാഭാഗങ്ങളിൽനിന്നും ബ്രാഹ്മണരെ വരുത്തി നിർഭയമായി പാർപ്പാൻ ആജ്ഞാപിച്ചു. അവർ സ്മരിക്കുമ്പോൾ താൻ ചെന്നുകൊള്ളാമെന്നു പറഞ്ഞു രാമൻപോയി. ഒരിക്കൽ പൂതരായി ഗർവ്വിഷ്ഠരായിത്തീർന്ന ബ്രാഹ്മണരും (ചിത്പാവന) ഇവരും ഒത്തുകൂടി പരശുരാമനെ പരീക്ഷിച്ചപ്പോൾ (മുൻപറഞ്ഞവിധം) പരശുരാമൻ അവിടെ ചെല്ലുകയും കാരണമില്ലാതെ സ്മരിച്ചതിനായിട്ടു അവരെ ശപിക്കുകയും ചെയ്തു. ശാപവാക്കുകൾ (മുൻപറഞ്ഞവ കൂടാതെ) താഴെ പറയുന്നവിധം ആയിരുന്നു. 'വിദ്യകളിൽ ഗർവ്വിഷ്ഠരും പരസ്പരം ഈർഷ്യയുള്ളവരും, മര്യാദയെ ലംഘിച്ചു കാലം കഴിക്കുന്നവരും, യാചകൻമാരും, ശൂദ്രരോടിരന്നു മേടിക്കുന്നവരും ക്ഷത്രിയർക്കും മറ്റും ഭൃത്യ പ്രായരും അത്തജ്ഞന്മാരും, നികൃഷ്ടമായ പൂജകഴിക്കുന്നവരും,ദരിദ്രരെങ്കിൽ ബഹുപുത്രരും, സമ്പന്നരെങ്കിൽ സന്താനഹീനരും, കന്യാവിത്തം ഗ്രഹിക്കുന്നവരും ആകട്ടെ' ശാപമോക്ഷം താഴെപ്പറയുന്ന വിധമായിരുന്നു.


'ജനങ്ങൾ ധർമം വെടിഞ്ഞു നടക്കുന്നതായി ഘോരമായിരിക്കുന്ന കലിയുഗമാകുമ്പോൾ ശാപം ഫലിക്കാത്തെപോകട്ടെ'


ടി അദ്ധ്യായത്തിൽപണ്ട് പരശുരാമൻഅശ്വമേധം ചെയുകയും അവഭ്യതസ്‌നാനാനന്തരം അതിൽഗുരുവായിരുന്ന കശ്യപന്സാഗരാന്തയായ ഭൂമിയെ ദാനം ചെയുകയും ചെയ്തു. അതിന്റെ ശേഷം ഋത്വിക്കുകളെല്ലാരും കൂടി രാമനോട് അദ്ദേഹത്തിനാൽ ദത്തയായ ഭൂമിയിൽ ഇരിക്കരുതെന്നു പറഞ്ഞു. അതു സമ്മതിച്ച് നടന്നുപോവുകയും സഹ്യപർവതം കണ്ട് അതിന്മേൽ കയറി വരുണനോട് കാര്യം പറയുകയും വരുണന്റെ അപേക്ഷ പ്രകാരം പരശു എറിഞ്ഞു രാജ്യമുണ്ടാക്കുകയും ചെയ്തു. അതിന്റെ അതിർത്തി സഹ്യപർവ്വതം തുടങ്ങി 3 യോജന വീതിയിൽ കന്യാകുമാരി മുതൽ 'നാസികാത്ര്യംബകം' വരെയാകുന്നു. അതു നൂറു യോജന നീളമുള്ളതും (മുൻപറഞ്ഞവിധം) ഏഴുഭാഗങ്ങളോട് കൂടിയതും ആകുന്നു. ബ്രാഹ്മണരില്ലാതിരുന്ന ആ ദേശത്ത് പരശുരാമൻ ചില കൈവർത്തകന്മാരെക്കണ്ട് അവരുടെ ചൂണ്ടൽമുറിച്ചു കളഞ്ഞശേഷം അതിന്റെ ചരടിനെ പൂണൂലുണ്ടാക്കി കഴുത്തിലിട്ടു അവരെ ബ്രാഹ്മണരാക്കി വാഴിക്കുകയും ക്ഷാമം വരികയില്ലെന്നു വരം കൊടുത്തു വിചാരിക്കുമ്പോൾ വരാമെന്ന് പറഞ്ഞു പോവുകയും ചെയ്തു. അനന്തരം മുൻപറഞ്ഞ വിധം തന്നെ അവരെ ശപിച്ചു. ശാപത്തിലുള്ള വിശേഷവാക്യം താഴെ പറയുന്നു.; 'കുത്സിതാന്നഭക്ഷകന്മാരും ചൈലഖണ്ഡം (മുറിമുണ്ട്) ഉടുക്കുന്നവരും ആയിട്ട് അസിപ്രസ്ഥാവനീസ്ഥാനത്തു ശ്ലാഘ്യരായിട്ടുഭവിക്കട്ടെ'പരശുരാമൻപോവുകയും ആ ബ്രാഹ്മണർ ശാപപീഡിതരായിത്തീരുകയും ചെയ്തു. കുറേനാൾകഴിഞ്ഞ് മയൂരവർമ്മനെന്ന ആര്യകുലരാജാവ്ആ ദേശം പരിപാലിച്ചു. ശൂദ്രപ്രായരായതന്നാട്ടിലെ ബ്രാഹ്മണരെ കണ്ടിട്ട് മയൂരവർമ്മൻ അഹിച്ഛത്രത്തിൽ പോയി അവിടെനിന്നും ബ്രാഹ്മണരെ കൊണ്ടുവന്നു അവർക്കായിട്ടു 32 ഗ്രാമങ്ങളാക്കിച്ചമച്ചു ബ്രാഹ്മണരെ മേൽപ്രകാരം താമസിപ്പിച്ചു. പിന്നെ മയൂരവർമ്മൻകലിയുടെആക്രമണം കണ്ട് മന്ത്രിമാരെ രാജ്യം ഏൾപ്പിച്ചുംവെച്ച് കാട്ടിൽതപസ്സിനു പോയി. രാജകുമാരനായ ചന്ദ്രാഗതനും മന്ത്രിമാരും രക്ഷയ്ക്ക്‌പോരെന്നു വിചാരിച്ചു ബ്രാഹ്മണരെല്ലാരുംകൂടി തിരിച്ചു പോയ്ക്കളഞ്ഞു[6] അവിടെയുള്ളവർ ഈ ചെന്നവരെ കൂട്ടിനടത്തിയില്ല. ഇവർ പ്രത്യേകം പുറത്തു ഭാഗത്തായി താമസിച്ചു. വളരെനാൾകഴിഞ്ഞ് ചന്ദ്രാഗതൻ പ്രാപ്തിയായപ്പോൾ ആ ബ്രാഹ്മണരെ അന്വേഷിച്ചു അഹിച്ഛത്രത്തിൽചെന്ന് അവരെ പിടിച്ചുകൊണ്ടുവന്നു പഴയ പോലെ 32ഗ്രാമങ്ങളിൽ ഗൃഹഭേദങ്ങൾ ചെയ്തു പിരിവുകൾ ഏർപ്പെടുത്തിമുൻപിൽ കുടുമയടയാളവും നിശ്ചയിച്ചു പാർപ്പിച്ചു.[7]


ഇരൂപത്തൊന്നു തവണ ക്ഷത്രിയ രാജാക്കന്മാരെ നിഗ്രഹിച്ചു പാപശാന്തിക്ക് പലവിധ ദാനങ്ങളും ചെയ്തുവാണ പരശുരാമനെ ഭൂദാനം ചെയുവാൻ മുനിമാർ പ്രേരിപ്പിച്ചു. അദ്ദേഹം രാജ്യം മുഴുവൻ ബ്രാഹ്മണരർക്കു കൊടുത്തു. അനന്തരം തനിക്കിരിപ്പാൻ വേറെ സ്ഥലം അന്വേഷിക്കണമെന്നുള്ള അവരുടെ വാക്കുകേട്ട് വിഷാദിച്ചു. കൈലാസത്തു ചെന്നു ശിവനെ സേവിക്കുകയും അദ്ദേഹത്തിന്റെ ആജ്ഞാനുസരണം സുബ്രമണ്യനുമായി പുറപ്പെട്ട് കന്യാകുമാരിയിൽ എത്തുകയും ചെയ്തു. അവിടെ സുബ്രമണ്യന്റെ പ്രഭാവം കൊണ്ടുണ്ടായ വിഷ്ണുമായയെ ഒരു വർഷം പരശുരാമൻ ഭജിച്ചു. അപ്പോൾ വരുണൻ പ്രത്യക്ഷമായി രണ്ടു പേരെയും നമസ്‌ക്കരിച്ചു. വരുണനോട് താമസിക്കാൻസ്ഥലം ആവശ്യപ്പെട്ടപ്പോൾഅദ്ദേഹം 'പശ്ചിമസമുദ്രത്തിൽ പരശുവിനെ ഇടതു കൈ കൊണ്ടെറിഞ്ഞാൽ അതു ചെന്നു വീഴുന്നെടത്തോളം ഭൂമിയെ പാലിച്ചു കൊള്ളുകേ വേണ്ടു' എന്നു പറഞ്ഞു. ആ ഭൂമിക്കു ദശയോജന വിസ്തീർണവും ശതയോജന ദൈർഘ്യവും ഉണ്ട്.


ദുഷ്ടന്മാരായ ക്ഷത്രിയ രാജാക്കന്മാരെ നിഗ്രഹിപ്പാൻ ശ്രീപരശുരാമൻ അവതരിച്ച് തന്റെ കൃത്യം നിറവേറ്റി. അപ്പോളുണ്ടായ 'വീരഹത്യാദോഷം പോക്കണമെന്നു കത്തിച്ചു കർമം ചെയ്‌വാൻ തക്കവണ്ണം ഗോകർണം പുക്കു ഭൂമിദേവിയെ വന്ദിച്ചു നൂറ്ററുപതുകാതം ഭൂമിയെ ഉണ്ടാക്കി. മലയാളഭൂമിക്ക് രക്ഷവേണം എന്നു കത്തിച്ചു നൂറ്റെട്ടു ഈശ്വര പ്രതിഷ്ഠചെയ്തു. എന്നിട്ടും ഭൂമിക്ക് ഇളക്കം മാറിയില്ല എന്നു കണ്ടശേഷം ശ്രീപരശുരാമൻ നിരൂപിച്ചു ബ്രാഹ്മണരെ ഉണ്ടാക്കി പല ദിക്കിൽ നിന്നും കൊണ്ടുവന്നു കേരളത്തിൽ വച്ചു.' അവർകുറച്ചു കാലം കഴിഞ്ഞപ്പോൾ നാഗഭീതികൊണ്ട് ഓടി പൊയ്ക്കളഞ്ഞു. പിന്നെ നാഗന്മാർ തന്നെ കുറേക്കാലം രാജ്യം ഭരിച്ചു. പരശുരാമൻഓടിപ്പോയവരുടെ വേഷവും ആചാരങ്ങളും ഭേദപ്പെടുത്തിഅവരെ വീണ്ടും കേരളത്തിൽപാർപ്പിച്ചു.


മുൻകാണിച്ച പ്രമാണങ്ങളിൽ കാണുന്നവിധം മലയാളബ്രാഹ്മണരുടെ ജന്മാവകാശം സംബന്ധിച്ച് നിരൂപിക്കേണ്ടപ്രധാന സംഗതികളാവിത്;


1.മലയാളഭൂമി ഉണ്ടാക്കനുള്ള ഹേതു
2.മലയാളഭൂമി ഉണ്ടാക്കാനുള്ള കൃത്യം
3.മലയാളഭൂമിയുടെ അതിർത്തിയും വിസ്തീർണവും
4.മലയാളഭൂമി ദാനത്തിനുള്ള കാരണം


ഈ സംഗതികളെളെപ്പറ്റി മേൽകാണിച്ച ഗ്രന്ഥങ്ങളിൽപ്രതിപാദിച്ചിരിക്കുന്ന വിവരങ്ങളെ അടുക്കായി താഴെചേർക്കുന്നു.


1. മലയാളഭൂമിയുണ്ടാക്കാനുള്ള ഹേതു: സഹ്യാദ്രിഖണ്ഡം ഉത്തരാർദ്ധം ഒന്നാം അദ്ധ്യായത്തിൽ ക്ഷത്രിയനിഗ്രഹവും ഭൂമിദാനവും കഴിഞ്ഞു വേറൊരു ഭൂമിയെ സൃഷ്ടിച്ചു എന്നും ടി 6ൽടി ദാനത്തിനുശേഷം ഇരിക്കാൻഭൂമിയില്ലാഞ്ഞു നാരദൻ പറകയാലും, ടി ഏഴിൽ ടി ദാനത്തിനുശേഷം ദത്ത ഭൂമിയിൽ ഇരുന്നുകൂടെന്നു ഋത്വിക്കുകൾ പറകയാൽ ഇരിപ്പാൻ ഇടമന്വേഷിച്ചു വരുണന്റെ വാക്കിനാലും. കേരളമഹാത്മ്യത്തിൽ മേൽ പറഞ്ഞവിധം ചതിപ്രയോഗത്തായലുണ്ടായ ദാനത്താൽ രാജ്യം കൈവിട്ടു ഇരിപ്പാൻ സ്ഥലമില്ലാതെ കൈലാസത്തുചെന്ന് സങ്കടം പറകയും ശിവന്റെ ആജ്ഞാനുസരണം സുബ്രഹ്മണ്യനുമായി കന്യാകുമാരിയിൽചെന്നു സുബ്രമണ്യന്റെ പ്രഭാവത്താലുണ്ടായ വിഷ്ണുമായയെ സേവിക്കയും ചെയ്കയാലും ഭൂമിയുണ്ടാക്കിയെന്നും കാണുന്നു.


2. മലയാളഭൂമി ഉണ്ടാക്കാനുള്ള കൃത്യം: സഹ്യാദ്രിഖണ്ഡം ഉത്തരാർദ്ധം ആറാം അദ്ധ്യായത്തിൽ സഹ്യാദ്രിയിൽ ചെന്നു സായകമയച്ചു സമുദ്രത്തെ നീക്കിയെന്നും ടി ഏഴാം അദ്ധ്യായത്തിൽ പരശു എറിഞ്ഞു രാജ്യമുണ്ടാക്കിയെന്നും കേരളമാഹത്മ്യത്തിൽ ഇടതുകൈ കൊണ്ട് കന്യാകുമാരിയിൽ വച്ചു പരശു എറിഞ്ഞു അപ്രകാരം ചെയ്തു എന്നും കേരളോൽപത്തിയിൽ ഗോകർണ്ണത്തു കന്മലയിലിരുന്ന് വരുണനെ സേവിച്ചു ഭൂമിയുണ്ടാക്കിയെന്നും കാണുന്നു.


3. മലയാളഭൂമിയുടെ അതിർത്തിയും വിസ്തീർണ്ണവും: സഹ്യാദ്രിഖണ്ഡം ഉത്തരാർദ്ധം ഒന്നാം അദ്ധ്യായത്തിൽ കലിംഗത്തിലെ വൈതരണി നദിക്കു തെക്ക് സുബ്രമണ്യത്തിനു വടക്ക് 100 യോജന നീളത്തിൽ 3 യോജന വീതിയിൽ എന്നും ടി ആറാം അദ്ധ്യായത്തിൽ 100 യോജന നീളത്തിൽ 5 യോജന വീതിയിൽ എന്നും. കേരളമഹാത്മ്യത്തിൽ 100 യോജന നീളത്തിൽ 10 യോജന വീതിയിൽ എന്നും. കേരളോൽപത്തി യിൽ 160 കാതംഭൂമിയെന്നും കാണുന്നു.


4. മലയാളഭൂമി ദാനത്തിനുള്ള കാരണം: പരശുരാമൻ മലയാളഭൂമിയെ ദാനം ചെയ്തതായിട്ട് സഹ്യാദ്രിഖണ്ഡത്തിലും കേരളമാഹാത്മ്യത്തിലും കാണുന്നില്ല. കേരളോൽപത്തിയിൽ വീരഹത്യാപാപശാന്തിക്കായിട്ടും കേരളാവകാശക്രമത്തിൽ വീരഹത്യാപാപാവശിഷ്ടത്തിന്റെ പരിഹാരത്തിനായിട്ടും അപ്രകാരം ചെയ്തു എന്നു കാണുന്നു.


ഇനിയും പരശുരാമൻബ്രാഹ്മണരെ കൊണ്ടുവരിക. അവർ തിരിച്ചു പൊയ്ക്കളയുക വീണ്ടും കൊണ്ടുവന്നു പാർപ്പിക്കുക മുതലായ കാര്യങ്ങൾ വാസ്തവസംഗതികളെ മറയ്ക്കാൻ വേണ്ടിയുള്ള യത്‌നത്തിൽ ഒന്നിനൊന്നു വിപരീതമായും പൊതുവേ വിശ്വാസയോഗ്യമല്ലാതെയും ഈ ഗ്രന്ഥങ്ങളിൽകാണുന്നുണ്ട്.ഇതിനു ഒരു ഉദാഹരണം പറയാം: മലയാചലനിവാസികളും രണശൂരന്മാരുമായ നാകന്മാർ സമുദ്രംവയ്പിൽ ഉണ്ടായ ഭൂമിയെ കൈവശംവച്ചു രക്ഷിക്കുമ്പോൾ മറ്റുള്ളവർ അതിൽ പ്രവേശിപ്പാൻ തുടങ്ങി. അപ്പോൾ നാകന്മാർ കയർക്കുകയും വിദേശികൾ ഭയപ്പെട്ടു ഓടി രക്ഷപ്പെടുകയും ചെയ്തു. പിന്നീട് ആശ്രയിച്ച് അപേക്ഷിച്ചപ്പോൾ അവിടവിടെ പാർത്തുകൊള്ളുവാൻ അവരെ നാകന്മാർ അനുവദിച്ചു. ഇപ്രകാരം വാസ്തവസംഗതികൾ ഇരിക്കെ സ്വാർത്ഥതത്തരതനിമിത്തം 'നാകന്മാർ' എന്ന വർഗ്ഗനാമത്തെ[8] സംസ്‌കൃതത്തിലെ 'നാഗന്മാർ' എന്ന പദമായിട്ടു മാറ്റിമറിക്കയും സമുദ്രം നീങ്ങി ഉണ്ടായ കേരളത്തിൽ സർപ്പങ്ങൾ അധികം ഉണ്ടായിരുന്നതിനാൽ പാർപ്പാൻ പാടില്ലാതെ വന്നു എന്നും മറ്റും എഴുതി വയ്ക്കുകയും ചെയ്തിരിക്കുന്നു.



നടന്നതോ നടക്കുന്നതോ ആയ ഒരു സംഗതിയുടെ കാരണം അറിയുന്നതിനായി വിചാരണ ചെയ്യുമ്പോൾ അതുസംബന്ധമായ സാക്ഷിമൊഴിയും പ്രമാണവും പൂർവ്വാപരവിരുദ്ധമായും പരസ്പരവിരുദ്ധമായും കാണപ്പെടുന്നു എങ്കിൽ ആയതു അവിശ്വാസ്യവും ത്യാജ്യവും ആണെന്നും ഒരേപ്രകാരം യുക്ത്യനുഭവങ്ങൾക്ക് ചേർന്നിരിക്കുന്നു എങ്കിൽ വിശ്വാസ്യവും സ്വീകാര്യവും ആണെന്നും ഉള്ളത് സർവ്വസമ്മതമാണല്ലോ. മലയാളബ്രാഹ്മണരുടെ ജന്മാവകാശത്തെ നിർണയിക്കുന്ന അവരുടെ പ്രമാണഗ്രന്ഥങ്ങളിൽ അതു സംബന്ധമായ വിവരങ്ങൾ പൂർവ്വാപര വിരുദ്ധമായും പരസ്പര വിരുദ്ധമായും പ്രതിപാദിക്കപ്പെട്ടിരിക്കുന്നതിനാൽഅവ വിശ്വാസയോഗ്യങ്ങളല്ലെന്നും അതിനാൽ അവർക്ക് ഇവിടെ ജന്മാവകാശമില്ലെന്നും സിദ്ധിയ്ക്കുന്നു.


സംഗതികൾ അനുഭവത്തിൽ ഇരിക്കയാൽസക്ഷിമൊഴിയും പ്രമാണവും അവിശ്വാസ്യങ്ങളായിരിയ്ക്കുന്നതുകൊണ്ട് വലിയ ദോഷമില്ലെന്നും പ്രകൃതത്തിലെ പല വിഷയങ്ങളും പ്രസ്തുത പ്രമാണഗ്രന്ഥങ്ങളിൽ ഏറെക്കുറെ സമ്മതിയ്ക്കപ്പെട്ടിരിക്കുന്നതിനാലും ഈ മലയാളത്തിലെ ഏർപ്പാടും നടപ്പും ഏതാവൽ പര്യന്തം അവയ്ക്ക് അനുസരണമായിത്തന്നെ ഇരിയ്ക്കുന്നതിനാലും അവയേയും ആവക പ്രമാണ സാരങ്ങളേയും വിശ്വസിക്കേണ്ടതാണെന്നും ഒരു പക്ഷമുണ്ടാകാം. ഇതിൻപ്രകാരം താഴെപ്പറയുന്ന സംഗതികൾ അംഗീകാര്യങ്ങളായിത്തീരുന്നു. ഈ മലയാളഭൂമി പരശുരാമക്ഷേത്രമാകുന്നു. പരശുരാമൻ ബ്രാഹ്മണരെ വരുത്തി അവർക്കായിട്ടു അതിനെ ദാനം ചെയ്തു. അങ്ങനെ ഇവിടെത്തെ സകല അവകാശങ്ങളും അധികാരങ്ങളും യജമാനത്വവും ബ്രാഹ്മണർക്കും ദാസ്യവൃത്തി മുതലായ എല്ലാ ഏർപ്പാടുകളും നടവടികളും മലയാളി നായന്മാർക്കും[9] സിദ്ധിച്ചു


ഈ സംഗതികളെ പ്രത്യേകം പ്രത്യേകമായി തിരിച്ചു അവയുടെ അയഥാർത്ഥ്യത്തെ വെളിപ്പെടുത്തുന്നതിനുള്ള വിശേഷഖണ്ഡനം അടുത്ത അദ്ധ്യായം മുതൽ ആരംഭിക്കുന്നു.



കുറിപ്പുകൾ[തിരുത്തുക]


  1. ഭാർഗ്ഗവദത്തം
  2. 1 ഈ നദി കലിംഗത്തിലാണെന്ന് പേജ് 13ൽ പറയുന്നുണ്ട്.
  3. കർണ്ണാടകദേശത്ത് മംഗലാപുരത്തുനിന്ന് 105 കി. മീ. അകലെ സഹ്യാദ്രിയിലുള്ള ഒരു ഗ്രാമം.
  4. വാമനാവതാരത്തിൽ
  5. തീണ്ടാരിയായിരിക്കുന്നവളും മറ്റും നല്കുന്ന ആഹാരം
  6. അഹിച്ഛത്രത്തിലേയ്ക്ക്.
  7. കേരള മഹാത്മ്യം, അദ്ധ്യായം 4 ഭൂഗോള പുരാണാന്തർഗതം
  8. ദ്രാവിഡഭാഷയിലുള്ള
  9. ഇടക്കാലങ്ങളിൽ തുടങ്ങി ഈ ബ്രാഹ്മണരാൽ ശൂദ്രരെന്നുവിളിക്കപ്പെട്ടു പോരുന്ന
"https://ml.wikisource.org/w/index.php?title=പ്രാചീനമലയാളം/അവതാരിക&oldid=66477" എന്ന താളിൽനിന്ന് ശേഖരിച്ചത്