Jump to content

പ്രാചീനമലയാളം/നായന്മാരെപ്പറ്റിചരിത്രകാലത്തിൽ വിദേശീയന്മാർക്കുണ്ടായിട്ടുള്ള അഭിപ്രായങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പ്രാചീനമലയാളം
രചന:ചട്ടമ്പിസ്വാമികൾ
നായന്മാരെപ്പറ്റിചരിത്രകാലത്തിൽ വിദേശീയന്മാർക്കുണ്ടായിട്ടുള്ള അഭിപ്രായങ്ങൾ
പ്രാചീനമലയാളം

നായന്മാരെപ്പറ്റി ചരിത്രകാലത്തിൽ വിദേശീയന്മാർക്കുണ്ടായിട്ടുള്ള അഭിപ്രായങ്ങൾ

[തിരുത്തുക]

മുന്നദ്ധ്യായത്തിൽ കാണിച്ച പ്രമാണങ്ങൾ നായന്മാരുടെ പുരാതനസ്ഥിതിയെ കുറിക്കുന്നു. കാലാന്തരത്തിൽ പ്രസ്തുത സ്ഥിതിക്കു പല കാരണങ്ങളാൽ വളരെ ഭിന്നതകളും ന്യൂനതകളും സംഭവിക്കാനിടയായി. അങ്ങനെ കഴിഞ്ഞുവരവെ ദ്വീപാന്തരനിവാസികളായ വിദേശീയന്മാരിൽ പലരും തങ്ങൾക്കു ഇദംപ്രൗമെയായി സിദ്ധിച്ച പരിഷ്‌കാരദശയാൽ പ്രേരിതന്മാരായി പല കാലങ്ങളിലും ഈ നാടിനെ സന്ദർശിക്കയും പ്രത്യക്ഷ മായിക്കണ്ട നായർസമുദായത്തെ യഥാസ്ഥിതി വർണ്ണിക്കയും ചെയ്തിട്ടുണ്ട്. അവയിൽ ചിലതിനെ താഴെ ചേർക്കുന്നു. (1) 'റോലൻഡ്‌സൺ' എന്ന സായ്പിനാൽ തർജ്ജിമ ചെയ്യപ്പെട്ട് ലണ്ടണിൽ 1833ൽ അച്ചടിക്കപ്പെട്ട 'ടഹഫറ്റുൾ മുജഹിഡിൻ' എന്ന മതസംബന്ധമായ പുരാതന ഗ്രന്ഥത്തിന്റെ കർത്താവായ 'ഷൈക്ക് സിനുഡിൻ' എന്ന മുഹമ്മദീയൻ മലയാളികളുടെ സ്ഥിതിയെപ്പറ്റി ഇപ്രകാരം പറഞ്ഞിരിക്കുന്നുഃ 'ഒരു പ്രഭു കൊല്ലപ്പെട്ടാൽ, അയാളുടെ അനുചരന്മാർ സംശപ്തകന്മാരായി എതിർത്തു പൊരുതി ശത്രുക്കളുടെ രാജ്യത്തെ പലവിധേന നശിപ്പിക്കയും അരിശം തീരുംവരെ ജനങ്ങളെ നിഗ്രഹിക്കയും ചെയ്യുന്നു.'(2) ക്രിസ്ത്വബ്ദം ഒമ്പതാം ശതവർഷത്തിൽ രണ്ടു മുഹമ്മദീയ സഞ്ചാരികൾ 11(അൽതബരി, അഹ്മദുൽ ബലാസരി എന്നിവർ) എഴുതിയതും 'റേനാട്ട്' എന്നയാൾ തർജ്ജിമ ചെയ്തു 1733ൽ ലണ്ടണിൽ പ്രസിദ്ധംചെയ്തതും ആയ പുസ്തകത്തിൽ താഴെ പറയുന്നപ്രകാരം കാണുന്നതും ഈ നടവടിയെ ഉദ്ദേശിച്ചായിരിക്കാം. 'രാജാക്കന്മാർ സിംഹാസനാരോഹണം ചെയ്യുമ്പോൾ താഴെ പറയുന്ന മര്യാദയെ അവലംബിക്കാറുണ്ടു്; ഏതാനും ചോറ് രാജാവിന്റെ മുമ്പിൽ കൊണ്ടുനിരത്തും; ഉടൻ മുന്നുറോ നാനുറോ ആളുകൾ സ്വന്തമനസ്സാലെ രാജസന്നിധിയെ പ്രാപിച്ച് അദ്ദേഹം അത്തം ഭക്ഷിച്ചതിനുശേഷം ഓരോപിടി ചോറ് അദ്ദേഹത്തിന്റെ കയ്യിൽനിന്നും വാങ്ങും. ഇതിനെ ഭക്ഷിക്കുന്ന തോടുകൂടി രാജാവു മരിക്കയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ദിവസത്തിൽ തങ്ങൾ അഗ്നിപ്രവേശം ചെയ്യുന്നതിനു നിർബന്ധിതന്മാരാകയും അതിനെ ശരിയാകുംവണ്ണം അവർ അനുഷ്ഠിക്കയും ചെയ്യുന്നു; ഈമാതിരി ആളുകൾക്കു മലയാള പ്പേർ 'ചാവർ' (ചാകുവാൻ തയ്യാറുള്ളവർ) എന്നാകുന്നു. മേൽ പറഞ്ഞതിനു 'ബർബോസാ' 'പർക്കാസ്' എന്നീ പോർത്തുഗീസ് ഗ്രന്ഥകാരന്മാരും സാക്ഷ്യംവഹിക്കുന്നു. (ഇതിനെ അനുകരിച്ച് മാപ്പിളമാരും, വള്ളുവനാട്ടു രാജാവിന്റെ കീർത്തിക്കായിട്ട് നായന്മാരോട്‌ചേർന്നു തിരുനാവായിൽ 'മഹാമഖം (മാമാങ്കം) എന്ന ഉത്സവത്തിനു പരസ്പരം യുദ്ധംചെയ്ത് മരിപ്പാനൊ രുങ്ങുന്നു.)


(3) മദ്രാസ് സംസ്ഥാനം വക 1891ലെ സെൻസസ്സ് റിപ്പോർട്ടിൽ മിƒർ എച്ച്. എ. ƒ്യുവർട്ട് എന്നയാൾ ഇപ്രകാരം എഴുതിയിരിക്കുന്നു: 'നായന്മാർ ഒരു ദ്രാവിഡവർഗ്ഗമാണ്; അവരിൽ പലഭിന്നങ്ങളായ പിരിവുകളും ഓരോ പിരിവുകൾക്കു പ്രത്യേക തൊഴിലുകളും കാണുന്നു; പുരാതന നായന്മാർ നിസ്സംശയമായും യുദ്ധോദ്യുക്തമായ ഒരു സംഘമായിട്ട് വിരുത്തിക്രമത്തിൽ വസ്തു അനുഭവിക്കയും വേണ്ടപ്പോൾ യുദ്ധം ചെയ്യുകയും ചെയ്തിരുന്നിരിക്കണം. (4) 'മലബാർ ജില്ലാ ഗസറ്റീയർ' എന്ന പുസ്തകത്തിൽ ഇപ്രകാരം കാണുന്നു. 'ഉത്ഭവം നോക്കിയാൽ, നായന്മാർ ഒരുവേള ദ്രാവിഡന്മാരായ കുടിപാർപ്പുകാരും മലബാറിനെ ആദ്യ മായി ആക്രമിച്ചവരിൽ ചേർന്നവരും, ജേതാക്കളുടെ നിലയിൽ ഭരണകർത്താക്കളും ജന്മികളും ആയിത്തീർന്നവരും ആയിരി ക്കണം.; ആര്യരക്തസമ്മിശ്രതയും, ദേശ്യമായ പ്രകൃതിവിശേഷ ങ്ങളുംകൊണ്ട് ഇപ്പോഴത്തെ നായന്മാർക്കു മദ്രാസ് സംസ്ഥാന ത്തിലെ മറ്റുള്ള ദ്രാവിഡ വർഗ്ഗങ്ങളിൽനിന്ന് പ്രത്യക്ഷമായ വ്യതാസം കാണപ്പെടുന്നു. (5) ജാൺƒണിന്റെ 'ലോകത്തിൽ ഏറ്റവും പ്രസിദ്ധമായ രാജ്യം' എന്ന പുസ്തകത്തിൽനിന്നും മി. ലോഗൻ താഴെ പറയുന്ന ഭാഗം ഉദ്ധരിക്കുന്നുഃ 'ഈ നാട്ടിലെ യോദ്ധാവ് തന്റെ ആയുധ ത്തെ പ്രയോഗിക്കുന്നതിൽ അതിശയനീയമായ സാമർത്ഥ്യം കാണിക്കുന്നു. അവരൊക്കെ 'നായന്മാർ' എന്നു വിളിക്കപ്പെടുന്ന ഒരു മാതിരി പ്രഭുക്കന്മാരാണ്; ഏഴുവയസ്സു പ്രായമുള്ളപ്പോൾ 'കളരികളിൽ' അവരുടെ ആയുധാഭ്യാസം ആരംഭിക്കുന്നു. അവിടെ സമർത്ഥന്മാരായ 'ആശാന്മാർ' അവരുടെ ദേഹത്ത് എണ്ണയിട്ട് ഓരോ ചേർപ്പുകളെ മൃദുവാക്കുകയും പേശികളെ ഉടച്ചുചേർക്കുകയും ചെയ്യുന്നു. ഇതുനിമിത്തം അവർക്കു ഗാത്ര ലാഘവവും ചുറുചുറുപ്പും സിദ്ധിക്കുന്നു. ദേഹത്തെ പല മാതിരിയിൽ വളയ്ക്കുന്നതിനും, മുമ്പും പിമ്പും ഉയർന്നും താഴ്ന്നും വേണ്ടവിധത്തിൽ അതിനെ ഉപയോഗിക്കുന്നതിനും അവർക്കും കഴിയും. അവരുടെ ഇമ്മാതിരി അഭ്യാസം അവർക്കു ചാരിതാർത്ഥ്യജനകവും അഭിമാനഹേതുകവും ആണ്. ഈ വിഷയത്തിൽ അവരെ ആരും അതിശയിക്കയില്ലെന്നു അവർ ഉറപ്പായി വിശ്വസിക്കുന്നു. (6) ബംഗാളിൽനിന്നും അയയ്ക്കപ്പെട്ട് (179293) മലബാറിനെ സന്ദർശിച്ച കമ്മീഷണറും പിന്നീട് ബോംബെ ഗവർണ്ണറുമായ ജോണാതൻ ഡെങ്കൻ എന്നയാൾ മിക്കിൾ എന്ന ഗ്രന്ഥകാരന്റെ 'കമോയൻസ്' ഏഴാം പുസ്തകത്തിൽനിന്നും താഴെ കാണിക്കുന്ന ഭാഗത്തെ ഉദ്ധരിക്കുന്നു. (തർജ്ജിമ)

'കീഴ്ജാതികൽ വേലക്കാർക്കവിടെ പുലയരെന്നുപേർ വാഴ്ചയ്ക്കു പ്രഭുക്കന്മാരഭിമാനികൾ നായകർ; കരകൗശലവും പിന്നെക്കർഷകപ്പണിയാദിയിൽ അതിപുച്ഛമവർക്കേറും വിരുതും പൊരുതുന്നതിൽ, തെളിയും കരവാളത്തെച്ചുഴറ്റീട്ടു വലത്തിലും എരിയും പരിശച്ചക്രമമർത്തീട്ടുപരത്തിലും.'

ഈ ഭാഗത്തെപ്പറ്റി പ്രസ്തുത ഡെങ്കൻ വീണ്ടും ഇങ്ങനെ വിമർശിക്കുന്നു: 'മേൽപറഞ്ഞ ശ്ലോകപാദങ്ങൾ വിശിഷ്യ ഒടുവി ലത്തെ രണ്ടു പാദങ്ങൾ നായരുടെ ഒരു നല്ല വർണ്ണനയാണ്. അന്യരാജ്യങ്ങളിൽ വഴിയാത്രക്കാർ ഒരു വടിയോ പിരമ്പോ വഹിച്ചു നടക്കാറുള്ളതുപോലെ അത്ര സാധാരണമായും സൗകര്യമായും നായന്മാർ വാളിനെ ഏന്തി എങ്ങു സഞ്ചരി ക്കുന്നു. ഇവരിൽ ചിലർ വാൾപിടിയേ മുതുകിൽ തിരുകുന്നു. പിടി ഉടുപ്പിനടിയിൽ അരക്കെട്ടിൽ താഴ്ത്തിയിരിക്കും. മുന മേൽപോട്ട്യുർന്നു ഉരുഭുജങ്ങളിലും ഇടയ്ക്കിടെ തട്ടി തെളുതെളെ തെളിഞ്ഞു കാണപ്പെടും.' (7) സർ ഹെക്ടർ മൺറോ എന്ന ബ്രിട്ടിഷ് സേനാധിപൻ നായർയോദ്ധാക്കളെപ്പറ്റി ഇപ്രകാരം എഴുതുന്നു:'യുദ്ധകാല ങ്ങളിൽ പകൽസമയത്തു അവരെ പൊടിപോലും കാണുകയില്ല. അവർ മണൽക്കുന്നുകളുടേയും കുറ്റിച്ചെടികളുടേയും ഇടയിൽ പതുങ്ങിയിരുന്നുകളയും. ഞങ്ങൾ കോട്ടയെ ആക്രമിക്കാൻ പുറ പ്പെടുമ്പോൾമാത്രം അവർ കൂടിളകിയ തേനീച്ചകൾ പോലെ കാണപ്പെടും. അവർ തങ്ങളുടെ തോക്കുകളെ ശരിയാകും വണ്ണം പിടിക്കുകയും നല്ലപോലെ ലാക്കുനോക്കി വെടിവെയ്ക്കുകയും ചെയ്യുന്നു.' (ഈ ഭാഗം തലശ്ശേരിപ്പണ്ടികശാലയിലെ 1761 ാമാണ്ടു വക ഡയറിയിൽ ഉൾപ്പെട്ടതാകുന്നു). ഫ്രഞ്ചുഗവർണ്ണറായിരുന്ന എം. മാഹിഡിലാബോർഡനായി യും നായന്മാരുടെ യുദ്ധസാമർത്ഥ്യത്തെപ്പറ്റി പലതും പ്രശംസിച്ചു പറഞ്ഞിരിക്കുന്നു. (8) മദ്രാസ് മ്യൂദിയംസൂപ്രണ്ടായ മിƒർ ഈ. തഴ്ƒൺ 'ദക്ഷിണ ഇന്ത്യയിലെ ജാതികളും വർഗ്ഗങ്ങളും' എന്ന ഗ്രന്ഥ ത്തിൽ നായന്മാരെപ്പറ്റി ഇപ്രകാരം പറഞ്ഞിരിക്കുന്നു. 'അവർ പരന്നു പൊരുതുന്നതിന് ഏറ്റവും സമർത്ഥന്മാരായ യോദ്ധാക്കളായിരുന്നിരിക്കണം. എന്നാൽ ഓരോ പ്രത്യേക വിഭാഗങ്ങളായിട്ട് പ്രത്യേക ഉദ്ദേശ്യങ്ങളോടുകൂടി പിരിഞ്ഞിരിക്കു കയാൽ വിദേശീയന്മാരുടെ ആക്രമണങ്ങളെ തടുക്കുന്നതിനു അവർക്ക് നിവൃത്തിയില്ലാതെ തീർന്നിരുന്നു.' (9) ഒന്നാമത്തെ കുലോത്തുംഗ പാണ്ഡ്യമഹാരാജാവിന്റെ (ക്രിസ്ത്വബ്ദം 108384) ഒരു ശിലാലേഖനത്തിൽനിന്നും അദ്ദേഹം കുടമലനാട് (പടിഞ്ഞാറെ മലമ്പ്രദേശം) ആക്രമിച്ചു ജയിച്ചു എന്നും അവിടെത്തെ യോദ്ധാക്കളായ ഇപ്പോഴത്തെ നായന്മാ രുടെ പൂർവ്വികന്മാർ തങ്ങളുടെ സ്വതന്ത്ര്യരക്ഷയ്ക്കായി ചെയ്ത സമരത്തിൽ ഒട്ടൊഴിയാതെ മരിച്ചു എന്നും കാണുന്നു. (10) 'ഡുവാർട്ടു ബർബോസാ' എന്ന പാശ്ചാത്യനാൽ എഴുത പ്പെട്ടതും 1866ൽ ഹാക്ലിയുട്ട് സംഘത്താൽ തർജ്ജിമ ചെയ്യപ്പെ ട്ടതും ആയ 'കിഴക്കേ ആഫ്രിക്കയുടേയും മലബാറിന്റേയും സമുദ്രതീരവർണനം' എന്ന ഗ്രന്ഥത്തിൽ 16ാം ശതവർഷാരംഭ ത്തിലെ നായന്മാരുടെ സ്ഥിതിയെക്കുറിച്ച് താഴെപ്പറയുന്ന വിവരം കാണുന്നു; നായന്മാർ നാട്ടിലെ പ്രഭുക്കന്മാ രാകുന്നു; അവർക്കു യുദ്ധംചെയ്യുകമാത്രമേ തൊഴിൽ ഉള്ളു. അവർ വാൾ, വില്ല്, അമ്പ്, പരിശ, കുന്തം എന്നീ ആയുധങ്ങളെ പലപ്പോഴും ധരിച്ചു സഞ്ചരിക്കുന്നു. അവർ സമർത്ഥന്മാരും തങ്ങളുടെ പ്രഭാവത്തെ ക്കുറിച്ച് വളരെ അഭിമാനിക്കുന്നവരും ആകുന്നു; ഈ നായന്മാർ എല്ലാവരും ഉൽകൃഷ്ടകുലജാതന്മാർ ആയിരിക്കണമെന്നു മാത്രമല്ല, തങ്ങൾ ഒരുമിച്ചു താമസിക്കുന്ന രാജാവിനാലോ പ്രഭുവിനാലോ ആയുധം കൊടുക്കപ്പെട്ടും ഇരിക്കണം. അതിനു ശേഷമേ ആയുധം ധരിക്കുന്നതിനും നായർസ്ഥാനത്തിനും അവർ അർഹന്മാരായി ഭവിക്കയുള്ളു. ശരിയായ ആയുധ പ്രയോഗത്തിനുതകുന്നതായ പലമാതിരി അടവുകളും മുറകളും പഠിക്കുന്നതിനു സാധാരണയായി ഏഴുവയസ്സ് പ്രായമാകു മ്പോൾ അവർ വിദ്യാലയത്തിൽ അയയ്ക്കപ്പെടുന്നു; ഒന്നാമതായി നൃത്തം ചെയ്യുന്നതിനും പിന്നീട് ഒരോവിധത്തിൽ മറിയുന്ന തിനും അവർ പഠിക്കുന്നു; അതിനായിട്ടു ബാല്യത്തിലെ അവരുടെ അവയവങ്ങളെ എപ്രകാരമെങ്കിലും വളയ്ക്കത്തക്കവണ്ണം അവർ സ്വാധീനമാക്കിത്തീർക്കുന്നു. ഈ നായന്മാർ പട്ടണ ത്തിനു വെളിയിലായി മറ്റു ജനസാമാന്യത്തിൽനിന്നും പിരിഞ്ഞ് വേണ്ടുന്ന ബന്തൊബസ്തുകളോടുകൂടിയ തങ്ങളുടെ വസ്തുക്കളിൽ പാർക്കുന്നു; എവിടെയെങ്കിലും പോകുമ്പോൾ മാർഗ്ഗം ഒഴിഞ്ഞു കൊടുക്കുന്നതിൻ അവർ കർഷകന്മാരോട് ഉച്ചത്തിൽ വിളിച്ചു പറയുന്നു; അപ്രകാരംതന്നെ അനുസരിക്കപ്പെടുകയും ചെയ്യുന്നു. അതല്ലെങ്കിൽ യാതൊരു ചോദ്യവും കൂടാതെ അവരെ നായന്മാർക്കു കൊല്ലാവുന്നതാകുന്നു. ഒരു കർഷകൻ നിർഭാവ്യവശാൽ ഒരു നായർസ്ര്തീയെ തൊട്ടുപോയാൽ അവളുടെ ബന്ധുക്കൾ ഉടൻതന്നെ അവളെ കൊല്ലുന്നു; അപ്രകാരം തന്നെ അവളെ തൊട്ടവനും അവന്റെ അഖില ബന്ധുക്കളും കൊലചെയ്യപ്പെടുന്നു; ഇതു കർഷകന്മാരുടെ രക്തം നായന്മാരിൽ കലർന്നുപോകാതിരിപ്പാനാണെന്നു അവവർ പറയുന്നു. ഈ നായർസ്ര്തീകൾ വളരെ വൃത്തിയുള്ളവരും വേണ്ടും വണ്ണം വസ്ര്തധാരണമുള്ളവരും ആകുന്നു.' (11) 18ാം ശതവർഷത്തിൽ എഴുതപ്പെട്ട 'പൗരസ്ത്യഹിന്ദു ദേശങ്ങളുടെ നവീനചരിത്രം' എന്ന ഗ്രന്ഥത്തിൽ ഹാമിൽടൺ ഇങ്ങനെ പറയുന്നു. 'പുരാതനകാലങ്ങളിൽ സാമുതിരി 12 വർഷക്കാലമേ രാജ്യം ഭരിക്കാറു പതിവുള്ളു. ആ കാലവധിക്കു മുമ്പിൽ മരണം പ്രാപിക്കയാണെങ്കിൽ പരസ്യമായി അയാൾക്കു ആത്മഹത്തി ചെയ്യേണ്ടിവരികയില്ല. അതിനിടയായില്ലെങ്കിൽ ഒന്നാമതായി അയാൾ തന്റെ എല്ലാ പ്രഭുക്കന്മാരേയും ഇടപ്രഭു ക്കന്മാരേയും ക്ഷണിച്ചുവരുത്തി ഒരു സദ്യകൊടുക്കുകയും പിന്നീട് ഭക്ഷണത്തിനുശേഷം അവരെ അഭിവാദ്യം ചെയ്തിട്ടു പ്രത്യേകം തയ്യാറാക്കിയിട്ടുള്ള തൂക്കുമരത്തിലേറി സകലരും കാൺകെ എത്രയും കൃത്യമായ വിധത്തിൽ തന്റെ ശിരച്ഛേദം ചെയ്യുകയും ചെയ്യണം; അത്തം കഴിഞ്ഞ് ശവശരീരത്തെ എത്രയും ആഘോഷത്തോടും ബഹുമാനത്തോടുകൂടി സൽക്കരിക്കയും പ്രഭുക്കന്മാരും മറ്റുംകൂടി ഒരൂപുതിയ സാമൂതിരിയെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. '(ഇത് പുരാതന നടപടി മാത്രം). (12) '1774ലേയും, 1781ലേയും വെƒിൻഡ്യൻ കപ്പൽ യാത്രകൾ' എന്ന ഗ്രന്ഥത്തിൽ 'സൊണ്ണറാറ്റ് ഇപ്രകാരം എഴുതുന്നു: നായന്മാർ യോദ്ധാക്കളാകുന്നു. ആയുധം ധരിച്ചു നടക്കുന്നതുകൊണ്ട് അവരെ മറ്റുവർഗ്ഗങ്ങളിൽനിന്നും തിരിച്ചറി യാവുന്നതാണ്. അവർ എത്രയും അഹംഭാവമുള്ളവരാണ്; അവരുടെ അടുത്തു ചേരുന്ന ചില പ്രത്യേക വർഗ്ഗങ്ങളെ കൊന്നുകളയുന്നതിനു അവർക്ക് അവകാശം ഉണ്ട്. അതിനെപ്പറ്റി പരാതിയും ഇല്ല. (13) 'മലബാർനിയമവും നടവടിയും' എന്ന ഗ്രന്ഥത്തിൽ മിƒർ എൽ. മുർ ഇപ്രകാരം പറയുന്നു: ആംഗല ഇന്ത്യൻ നിഘണ്ടുക്കളിൽ നിന്നും നായക്ക്, നായകൻ, നായർ ഇവ ഒരു ധാതുവിൽ നിന്നും ഉണ്ടായിട്ടുള്ളതാനെന്നു അറിയാം. (14) വിജയനഗരത്തിലെ നായക്കന്മാരോടും വിട്ടുകൊടുക്ക പ്പെട്ട ദേശങ്ങളിലെ 'നായക്കൻ' എന്നഭിധാനമുള്ള 'പോളിഗാർ' പ്രഭുക്കന്മാരോടും പശ്ചിമതീരത്തിലെ നായന്മാർക്കും സംബന്ധ മുള്ളതായി സ്യുവൽ, സർ താമസ് മൺറോ ഇവർ അഭി പ്രായപ്പെടുന്നു. ആണറബിൾ ജാൺലിൻഡ്‌സേയും ഇതിനെ പിൻതാങ്ങി എഴുതുന്നു (1783). (15) തിരുവിതാംകൂർ സെൻസസ്സ് റിപ്പോർട്ടിൽ മിƒർ എൻ. സുബ്രഹ്മണ്യയ്യർ ഇപ്രകാരം പറയുന്നു: 'മധുരയിലെ ചില നാടു വാഴികൾ 'കർത്താ' എന്ന സ്ഥാനപ്പേർ മുൻപിൽ വഹിച്ചിരുന്നു. മധുരയിലേയും തഞ്ചാവൂരിലേയും നായക്ക് രാജാക്കന്മാരുടെ അനതരാവകാശികൾ എന്നു ഗണിച്ചുവരുന്ന 'ബാലിജ'ന്മാർ 1901ലെ ജനസംഖ്യ കണക്കിൽ ഈ സ്ഥാനം ഉപയോഗി ച്ചിരിക്കുന്നു.' (16) 1901ൽ പ്രസിദ്ധം ചെയ്യപ്പെട്ട ഇൻഡ്യൻസെൻസസ്സ് റിപ്പോർട്ടിനെക്കുറിച്ചുള്ള ഒരു ഗുണദോഷനിരൂപണത്തിൽ 'നയന്റീൻത് സെഞ്ച്വറി' എന്ന സഞ്ചികയിൽ മിƒർ ജെ. ഡി. റീഡ് (ഇപ്പോൾ സർ ജോൺ) 1904ൽ ഇപ്രകാരം എഴുതി യിരിക്കുന്നു: 'സെൻസസ്സ് കമ്മീഷണർക്കു നായന്മാരുടെ ഇട യിൽ താമസിക്കുന്നതിനു അവസരം ലഭിച്ചിരുന്നു എങ്കിൽ, അദ്ദേഹം അവരുടെ കൂട്ടത്തിലുള്ള സ്ര്തീബാഹുല്യത്തെക്കുറിച്ച് കുറ്റം പറകയില്ലായിരുന്നു. ഇൻഡ്യയിലെ ഏറ്റവും സുന്ദരികളായ സ്ര്തീവർഗ്ഗം എത്ര ധാരാളമാണെങ്കിലും ക്രമത്തിലധികമാകാൻ തരമില്ലല്ലോ.' ബുക്കാനൻവീണ്ടും ഇപ്രകാരം പറയുന്നു: 'മലയാളത്തിലെ ഉയർന്ന വർഗ്ഗക്കാർക്കു വസ്ര്തധാരണം കുറഞ്ഞരീതിയിലാണ്; പക്ഷേ, അവർ അതിശയനീയമാകും വണ്ണം ശുചിയുള്ളവരാകുന്നു. നായർസ്ര്തീകൾ തങ്ങളുടെ ദേഹ ങ്ങളും മുടികളും ഓരോ സുഗന്ധവസ്തുക്കൾ തേച്ച് ശുചിയായി വയ്ക്കുന്നതിൽ എത്രയും ജാഗ്രതയുള്ളവരാകുന്നു. അവർ അഴുക്കു വസ്ര്തം ധരിക്കാറില്ല.' (17) മിƒർ എഫ്. ഡബ്ലിയു. എല്ലിസ് ഇപ്രകാരം പറയുന്നു.: ആദികാലം മുതൽ 18ാം ശതവർഷത്തിന്റെ അവസാനകാലം വരെ, 'തറ' 'നാടു' ഈ ഏർപ്പാടുകൾ മൂലമായിട്ട് നായർ പ്രഭുക്കന്മാർ മലയാളദേശത്തെ സ്വതന്ത്രരാജാക്കന്മാരുടെ ദുർഭരണത്തിൽനിന്നും രക്ഷിച്ചിരുന്നതിനാലാണ്, കോഴിക്കോട്, മുതലായ നഗരങ്ങൾ യൂറോപ്പീയാഗനമത്തോടുകൂടി വലിയ കച്ചവടസ്ഥലങ്ങളായി തീർന്നത്; നായന്മാർക്ക് പൊതുവേ ഓവർസീയറന്മാരുടേയും, ജമീന്ദാരികളുടേയും സ്ഥാനം ഉണ്ടാ യിരുന്നു.' (18) മിƒർ ലോഗൻ താഴെ കാണുന്നവിധം എഴുതുന്നു: 'മലബാറിൽ' നാട്' ഏർപ്പടുണ്ടായിരുന്നു; അതിൻപ്രകാരം ജന രക്ഷകസ്ഥാനം നായന്മാർക്കു സിദ്ധമായിരുന്നു. (ബ്രിട്ടീഷ് പ്രവേശനം വരെ) സംഘങ്ങളിൽ '600' പേർ വീതമുള്ള 'നാടു'കളും ഓരോ നാട്ടിലും '150' വീതം 'തറ'കളും ഓരോ തറയ്ക്കും '4' ൽ കുറയാതെ കുടുംബങ്ങളും ഉണ്ടായിരുന്നു; ഇത്രയും വിഭാഗങ്ങൾഅടങ്ങിയ ദേശത്തിന്റെ രക്ഷാധികാരി സ്ഥാനം തന്നാട്ടുപ്രഭുവും അറുനൂറ്റിനധിപനും ആയ നായർക്കാ യിരുന്നു.' (19) കോഴിക്കോട്ടുനഗരത്തിലെ ബഹുമാനപ്പെട്ട ഈƒിൻഡ്യാകമ്പനി വക കാര്യസ്ഥൻ, 1746 മേമാസം 28ാം തീയതി തലശ്ശേരിപ്പണ്ടികശാല വക ഡയറിയിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു; 'ഈ നായന്മാർ കോഴിക്കോട്ടു ജനസംഘ ത്തിന്റെ നായകന്മാരാകയാൽ ഇവർ ഇംഗ്ലണ്ടിലെ പാർലമേണ്ടു സാമാജികന്മാരുടെ നിലയിലാണു; ഇവർ രാജകല്പനയെ എല്ലാ കാര്യത്തിലും അനുസരിക്കുന്നില്ല. രാജാവിന്റെ മന്ത്രിമാർ അന്യായകൃത്യങ്ങളിൽ പ്രവേശിക്കുമ്പോൾ ഇവർ നിർഭയം അവരെ ശിക്ഷിക്കുന്നു.' ഈ പാർലമേണ്ടു സഭ 'കൂട്ടം' എന്നു പേരായ സഭ ആയിരിക്കണം. ദക്ഷിണകർണ്ണാടകത്തിലെ 'കൂട്ടം' 183233ൽ ബ്രിട്ടിഷുദ്യോഗസ്ഥന്മാർക്ക് എത്രയും ഉപദ്രവകര മായി തീർന്നിരുന്നു. (20)മലയാളദേശത്തെപ്പറ്റി നല്ലപരിചയം സിദ്ധിച്ചിരുന്ന അഞ്ചരക്കണ്ടിയിലെ മിƒർ മർഡാക്ക് ബ്രൗൺ എന്നയാൾക്ക യച്ച എഴുത്തിൽ രാജശക്തിയെക്കുറിക്കുന്നതായി ഫ്രാൻസിലും മറ്റും നടപ്പുണ്ടായിരുന്ന ഫ്യൂഡൽസിƒത്തിന്റെ രീതിയിലായി രുന്നു മലബാറിലെ നടപടി (ബ്രിട്ടീഷ് പ്രവേശനംവരെ) എന്നു പറഞ്ഞിരിക്കുന്നു. നായന്മാരുടെ ഇടയിൽനടപ്പുണ്ടായിരുന്ന ഫ്യുഡൽ സിƒ ത്തിന് തിരുവിതാംകൂർ സെൻസസ്സ് കമ്മിഷണർ എൻ. സുബ്രഹ്മണ്യയ്യർ അവർകളും സാക്ഷ്യം വഹിക്കുന്നു. ക്രിസ്ത്വബ്ദം 925ൽ എഴുതപ്പെട്ട രണ്ടാമത്തെ സിരിയൻ ക്രിസ്ത്യൻ പ്രമാണത്തിൽ മേൽപറഞ്ഞ 'അറുനൂറുകളെ'പ്പറ്റി രണ്ടിടത്തു പറഞ്ഞിരിക്കുന്നു. കൊല്ലം 321ലെ ഒരു ശിലാലേഖനത്തിൽ ഒരു വേണാട്ടറുനൂറിനെ 'ക്ഷേത്രാധികാരി'കളുടെ നിലയിൽ പറഞ്ഞിരിക്കുന്നു. വേണാട്ടിൽ ആകെ 18 അറുനൂറുണ്ടായിരു ന്നിരിക്കണം. (21) 'കർക്കടമാസത്തിൽ (ദേഹം തണുത്തിരിക്കുമ്പോൾ) ആണു നായർ യുവാക്കൾ കായികാഭ്യാസം പ്രത്യേകമായി ചെയ്യുന്നത്. 'പയോളിയിൽവച്ച് ഒരു കളരിയിൽ കുറുപ്പു പഠിപ്പിക്കുന്നതും ശിഷ്യന്മാർ ചാട്ടം, മറിച്ചിൽ, തട മുതലായവ പഠിക്കുന്നതും കണ്ട് ഞാൻ എത്രയും അതിശയിച്ചു. ' എന്നു മിƒർ ഫാƒ് പ്രസ്താവിക്കുന്നു. (1845). (22) നായന്മാരുടെ മതാനുഷ്ഠാനത്തെപ്പറ്റി മിƒർ ഫാƒ് വീണ്ടും ഇപ്രകാരം പറയുന്നു. 'ഗവർമേണ്ട് ജീവനം നിമിത്തം അസൗകര്യമുള്ളവർ ഒഴിച്ച് ഒരു നായരും കുളിച്ചു മുണ്ടുമാറാതെ ഭക്ഷണം കഴിക്കയില്ല. കുളിച്ചതിന്റെ ശേഷം ദിനംപ്രതി ഒരുനേരം അമ്പലത്തിൽ തൊഴണമെന്നുള്ളതും ഒരു കണിശ മായ നിയമമാണ്'. 'പലപ്പോഴും കുളി രണ്ടുതവണ ആയിരിക്കും. മുൻകാല ങ്ങളിൽ അടുത്തുവരുന്ന (തീണ്ടുന്ന) പുലയനേയും മറ്റും വെട്ടിക്കളയുകയും ഇപ്പോൾ കാലഭേദം നിമിത്തം മാറി പൊയ്‌ക്കൊള്ളുന്നതിനായി വഴിയാട്ടുകയും പതിവാണ് എന്ന് ബുക്കാനൻ അഭിപ്രായപ്പെടുന്നു. (23) മുൻപ്രസ്താവിച്ച സംഗതിയെ അടിസ്ഥാനപ്പെടുത്തിയും മറ്റും നായന്മാരെപ്പറ്റി മിƒർ ഫാƒ് വീണ്ടും ഇപ്രകാരം പറയുന്നു: പാലക്കാട്ടിനടുത്തുള്ള പ്രദേശങ്ങളിൽ ഒരുമാതിരി മല്ലയുദ്ധം നടപ്പുണ്ട്. അതു റോമാക്കരുടെ ഇടയിലുണ്ടായിരുന്ന രീതിക്കു സദൃശമായിരിക്കുന്നു. റോമാങ്കാർക്കു ബി.സി. 30 മുതൽ മലബാറുമായിട്ടു സംബന്ധമുണ്ടായിരുന്നു. 'അലാറിക്' എന്ന ഉത്തരദേശിയൻ റോമിലെ രോധം മതിയാക്കുന്നതിന് ആവശ്യപ്പെട്ട സംഗതികളിൽഒന്ന് 3000 റാത്തൽ നല്ല മുളകായിരുന്നു. (5ാം ശതകവർഷം) ഇത് മലബാറിൽ നിന്നു തന്നെ റോമങ്കാർക്കു കിട്ടിയിരിക്കണം. പുരതാനഗ്രീക്കുക്കരുടേയും റോമങ്കാരുടേയും ഇടയിൽ ഉണ്ടായിരുന്ന പല കളികളും കായികാഭ്യാസങ്ങളും നായന്മാ രുടെ ഇടയിൽ അങ്ങുമിങ്ങും അവശിഷ്ടങ്ങളായിട്ട് അദ്യാപി കാണുന്നുണ്ട്. ഓണത്തിനു നായന്മാർ രണ്ടു കക്ഷികളായി നിന്നു മുനമടങ്ങിയ അസ്ര്തങ്ങൾ വർഷിച്ചു പലരും മുറിപ്പെട്ടു വീഴുന്നതിനേയും ഒരു പൊതുവായ ലക്ഷ്യത്തിൽ സാമർത്ഥ്യം പരീക്ഷിക്കുന്നതിനേയും മറ്റും പറ്റി പാളിനസ് പ്രസ്താവിക്കുന്നു



കുറിപ്പുകൾ

[തിരുത്തുക]