ധർമ്മരാജാ/അദ്ധ്യായം രണ്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ധർമ്മരാജാ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം രണ്ട്
[ 13 ]

അദ്ധ്യായം രണ്ട്


“അക്കാലങ്ങളിലതിഭുജവിക്രമ–
ധിക്കൃതശക്രപരാക്രമനാകിയ
നക്തഞ്ചരപതി രാവണനെന്നൊരു
ശക്തൻ വന്നു പിറന്നു ധരായാം”


എട്ടുവീട്ടിൽപിള്ളമാരുടെ ജീവനാഡിയായിരുന്ന കഴക്കൂട്ടത്തു കുടുംബത്തിന്റെ അധിവാസദേശത്ത് ഒൻപതാംനൂറ്റാണ്ടിൽ, ചിലമ്പിനഴിയത്ത് (ചുരുക്കപ്പേർ – ചിലമ്പിനേത്ത്) എന്നൊരു ഭവനം ‘പട്ടിണിയും പരിവട്ടവും’ എന്നവിധം കാലക്ഷേപത്തിനുമാത്രം വേണ്ട സ്വത്തോടുകൂടി ഉണ്ടായിരുന്നു. ആ ശതവർഷാവസാനത്തിൽ, അതിനുമുമ്പ് ആ ഭവനത്തിൽനിന്നും കൊട്ടാരക്കരയ്ക്ക് ഒരു ശാഖ പിരിഞ്ഞുപോയതു നീക്കി ചിലമ്പിനഴിയം മൂലകുടുംബം ഹസ്തിനപുരാദി പ്രഖ്യാതരാജധാനികളെപ്പോലെ പ്രബന്ധവിഷയമായിപ്പോയേക്കുമാറു നിർദ്ധനതയേയും, കഴക്കൂട്ടത്തുഭവനത്തിൽ വളർന്നുവന്നിരുന്ന ഒരു ബാലൻ ഒഴികേയുള്ള അംഗങ്ങൾ കാലഗതിയേയും പ്രാപിച്ചു. കഴക്കൂട്ടത്തുപിള്ളമാരുടെ കുടുംബച്ഛേദനാനന്തരം ചക്രവർത്തികൾക്കു വാസയോഗ്യമായ ഒരു മന്ദിരം ചിലമ്പിനേത്തു വക പൂർവ്വഭവനസ്ഥാനത്തെ അലങ്കരിച്ചു. സ്വർണ്ണപ്രഭമായി ശോഭിക്കുന്ന ഉന്നത മരഭിത്തികളും, വിശാലമായ മുറി, അറ, തളം എന്നിവകളും സേനാനിരകൾ അണിയിട്ടുനില്ക്കുമ്പോലുള്ള കഴുക്കോൽപ്പന്തികളും, കണ്ണാടിപോലെ ശോഭിക്കുന്ന തറകളും, വിചിത്ര മരവേലകളും മറ്റും വിളങ്ങിക്കൊണ്ട് അക്കാലത്ത് കേരളത്തിലെ ഭവനവർഗ്ഗത്തിൽ പ്രഥമസ്ഥാനത്തെ അർഹിച്ച, മുപ്പതിആറുകെട്ടുപ്രധാനമന്ദിരവും, മഠം, പാചകശാല, ഭൃത്യശാല, കരിങ്കൽക്കെട്ട്, നീരാഴി, കുളപ്പുരമാളിക, ഉന്നതമായ മതിൽക്കെട്ട്, ആനക്കൊട്ടിൽ, കോട്ടപ്പടിവാതിൽ മുതലായ എടുപ്പുകളും, അഞ്ചുതെങ്ങിൽ കമ്പിനിയാരന്മാരുടെ ഉപദേശപ്രകാരം പാശ്ചാത്യരീതിയിൽ തീർക്കപ്പെട്ട ചവുക്കയും ചേർന്ന്, ചിലമ്പിനേത്തുദിച്ച നവഗ്രഹമണ്ഡലം ലോകവിസ്മയത്തെ സമ്പാദിച്ചു. ഇപ്രകാരം മഹത്വംകൊണ്ട ചിലമ്പിനേത്തു ഭവനത്തിന്റെ വക എന്നുള്ള പുണ്യപദവിയെ ആകാംക്ഷിച്ച് പറമ്പുകളും പാടങ്ങളും ആ ഭവനത്തോടു ചേർന്നുതുടങ്ങി. ഭൂദേവിയെത്തുടർന്നു തൃച്ചക്രവും അതിനെത്തുടർന്നു ലക്ഷ്മീദേവിയും ചിലമ്പിനേത്തു ഭവനപ്പടിക്കൽ സേവനം തുടങ്ങി. പുരാതനഭവനമെന്നുള്ള മാഹാത്മ്യത്തെക്കൂടി ഉണ്ടാക്കുവാനായി, അവിടത്തെ അറകളിലെ സഞ്ചയങ്ങൾ സർപ്പത്താന്മാരാൽ രക്ഷിതമെന്നും, പ്രധാന തളങ്ങളിലെ വെങ്കലത്തൂണുകൾ നിക്ഷേപേക്കുഴലുകളാണെന്നും മറ്റും ചില ഐതിഹ്യങ്ങളും ആ മന്ദിരത്തെ ചുറ്റി മുളച്ചു പടർന്നുതുടങ്ങി. ധനരാശീശന്റെ പരിപൂർണ്ണാഭിമുഖ്യംകൊണ്ട് ആ ഭവനം രാമവർമ്മമഹാരാജാവിന്റെ സിംഹാസനാരോഹണകാലത്തോടുകൂടി ഒരു രണ്ടാംലങ്കയ്ക്കൊത്ത ഖ്യാതിയെ പ്രാപിച്ചു. ചിലമ്പിനേത്തു ദശകണ്ഠന്റെ ഹർമ്മ്യങ്ങൾ, മശകമക്ഷികാധൂമാധിശല്യങ്ങളാൽ ബാധിക്കപ്പെടാതെ അക്ഷയപ്രകാശത്തോടുകൂടിത്തന്നെ സർവ്വകാലം ശോഭിച്ചുകൊണ്ടിരുന്നു. ബഹുശതഭൃത്യജനങ്ങളുടെ സഞ്ചാരനികേതനമായിരുന്നെങ്കിലും, ഒരു ന [ 14 ] ഖലോമശകലംപോലും ആ മണിമണ്ഡപങ്ങളിലും അങ്കണങ്ങളിലും വൃഥാസഞ്ചാരം ചെയ്കയില്ല. ആവശ്യപ്പെട്ടാൽ ജടാതാഡനതന്ത്രംകൊണ്ടു ഭൂമി പിളർന്നെന്നപോലെ, ഉണ്ടാകുന്ന ഭൃത്യസഞ്ചയപ്പുറപ്പാട് ഏവനേയും വിഭ്രമിപ്പിക്കുകയും ചെയ്യും. അവിടത്തെ അനവരതമായ നിശ്ശബ്ദതതന്നെ ആ ഭവനേശന്റെ പ്രതാപപാഞ്ചജന്യമായിരുന്നു. അതിദുശ്ശാഠ്യക്കാരനായ കാകൻപോലും പ്രഭുസേവനമാർഗ്ഗത്തെ പഠിച്ച്, ആ ഭവനത്തിലും അടുത്തുള്ള പ്രദേശങ്ങളിലും ബദ്ധതുണ്ഡവ്രതത്തെ ആചരിച്ചു.

ഈ നവലങ്കാനാഥന്റെ ഇംഗിതത്തെ ത്രികാലജ്ഞാനശക്തികൊണ്ടു ധരിച്ചിട്ടെന്നപോലെ അനന്യസാധാരണമായ ഒരു മാതൃകയിൽത്തന്നെ അദ്ദേഹത്തെ ബ്രഹ്മാവു നിർമ്മാണംചെയ്തു. ഇരുക്കോൽവിട്ടമുള്ള ഒരു വെള്ളകിൽഗോളത്തിൽനിന്നു ശില്പവിദഗ്‌ദ്ധന്റെ കൃത്രിമകരകൗശലംകൊണ്ടു നിർമ്മിക്കപ്പെട്ട ആ രൂപത്തെ അംഗംപ്രതി പരിശോധിച്ചാലും മിക്കതിന്റെ സൃഷ്ടിയിലും ഗോളധർമ്മം വിസ്മൃതമാകാതെതന്നെ രൂപനിർമ്മാണം നിർവ്വഹിക്കപ്പെട്ടിരുന്നുവെന്നു കാണപ്പെടും. വിസ്തൃതലലാടത്തിന് പുറകോട്ടുള്ള ചരിവും തെളുതെളുപ്പും, നേത്രഗർത്തങ്ങളിൽനിന്ന് ഉന്തിനില്ക്കുന്ന വട്ടക്കണ്ണുകളുടെ മണികൾക്കുള്ള പിംഗലതയും, ചിരിക്കുമ്പോൾ കർണ്ണങ്ങളെ എച്ചിലാക്കുന്ന വായുടെ ദൈർഘ്യവും, പത്മനാഭസ്വാമിക്ഷേത്രത്തിലെ മീനമഹോത്സവത്തിൽ നിറുത്തപ്പെടുന്ന പാണ്ഡവപ്രതിമകളിൽ കാണപ്പെടുന്നതുപോലുള്ള ദന്തപ്പരലുകളുടെ വെൺമയും, കഥകളിക്കാരുടെ കറുത്ത കുപ്പായം ശകലിച്ചു പതിച്ചതുപോലുള്ള രോമാവലിഭംഗിയും, മിത്രഭേദോപാഖ്യാനത്തിലെ പിംഗളർഷഭന്റെ മുക്കുറയ്ക്കൊത്ത ശബ്ദഘോരതയും, ശിവകിങ്കരനായ കുണ്ഡോദരന്റെ ഹാലാസ്യപുരാണപ്രസിദ്ധമായുള്ള അതിരോചകതയും സഞ്ചാരത്തിൽ ‘പാരിലെന്നെയിന്നാരറിയാതവർ’ എന്നു ചോദ്യംചെയ്യുന്ന തലയെടുപ്പും; വദനാണ്ഡംകൊണ്ട് ആകാശപത്രത്തിൽ വൃത്തലേഖനംചെയ്യുന്നതിൽ അന്തർഭവിച്ചുള്ള ഉന്മത്തതയും കൂട്ടിച്ചേർത്താൽ, ആ അമാനുഷന്റെ ആകൃതിയും ഏതാനും പ്രകൃതിയും ഒരുവിധം ഗ്രഹിക്കാവുന്നതാണ്.

അജ്യൗതിഷികന്മാരായിരുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കന്മാർ അവരുടെ സന്താനത്തിന്റെ ഭവിഷ്യൽപ്രഭാവത്തെ ഗ്രഹിക്കാതെ അതിന് അനുരൂപമല്ലാത്തവിധത്തിൽ നാമകരണം ചെയ്തു. ആ നാമത്തോടു കാരണവന്റെ നാമവും ചേർത്ത് ‘കാളിഉടയാൻ’ എന്നു പ്രയോഗിച്ചിട്ടും, ഏറെക്കുറെ മരങ്ങത്വം ചുവയ്ക്കയാൽ, പരിശ്രമശീലനായ ഉടയാൻപിള്ള സ്വബുദ്ധിയെ ക്ലേശിപ്പിച്ചു തന്റെ ഭവനപ്പേരോടു ചേരുമ്പോൾ ഗംഭീരമായി ധ്വനിക്കുന്ന ഒരു സ്ഥാനനാമത്തെ പുരാതനഗ്രന്ഥവരികൾ പരിശോധനചെയ്തു തിരഞ്ഞെടുത്തു. ചിലമ്പിനേത്ത് എന്ന നാമത്തോട് ‘ച’കാരാദ്യക്ഷരപ്രാസവും, ‘ന്ത്ര’ എന്ന ത്ര്യക്ഷരസംഘടനകൊണ്ടു രവമുഴക്കവുമുള്ള ‘ചന്ത്രക്കാറൻ’ എന്ന ഉദ്യോഗനാമത്തെ സ്വീകരിച്ചപ്പോൾ അദ്ദേഹത്തിന്റെ സർവ്വാർത്ഥസിദ്ധിക്ക് ഒരുവിധം പൂർത്തിയുണ്ടായി. ‘ചിലമ്പിനേത്തു ചന്ത്രക്കാറൻ’ എന്ന നാമധേയം ക്ഷണകാലംകൊണ്ടു പ്രസിദ്ധിവിഷയത്തിൽ ‘കുലശേഖരപ്പെരുമാൾ’ എന്ന സ്ഥാനത്തോടു തുല്യതയെ സമ്പാദിച്ചു. ഈ സ്ഥാനനാമലബ്ധിയുടെ ചരിത്രത്തേയും സംക്ഷേപമായി വിവരിക്കാം. കഴക്കൂട്ടത്തുപിള്ളമാരുടെ കുലദൈവക്ഷേത്രമായ ‘ചാമുണ്ഡിക്കാവ്’ എന്നൊരു ദേവസ്വത്തെ ആ കുടുംബധ്വംസനാനന്തരം ഉടയാൻപിള്ള തന്റെ സ്വാധീനത്തിലാക്കി. വളരെ ഭൂസ്വത്തുക്കളും നിറഞ്ഞ ഭണ്ഡാരവും വിലയേറിയ ആഭരണങ്ങളും അളവറ്റ വെങ്കലപാത്രങ്ങളും ശ്രീകോവിൽ, നാലമ്പലം, സോപാനം, ഗർഭഗൃഹം എന്നിത്യാദി സാമഗ്രികളും ഉള്ളതുകൊണ്ട് ഐശ്വര്യസമ്പൂർണ്ണമായി ഊട്ടും പാട്ടും താലപ്പൊലിയും മറ്റും പല ആഘോഷങ്ങളും നടത്തിവന്ന ആ മഹാക്ഷേത്രത്തെ കരസ്ഥമാക്കിയപ്പോൾ, ചന്ത്രക്കാറൻ എന്ന ഉദ്യോഗനാമത്തേയും അദ്ദേഹം അണിഞ്ഞുതുടങ്ങി. എന്നാൽ അദ്ദേഹത്തിന്റെ ഭരണത്തകർപ്പുകൊണ്ട് ആ ക്ഷേത്രം അചിരേണ പൊളിഞ്ഞ് ഇടിഞ്ഞ്, ഒരു തറയും സ്ഥാനഭ്രഷ്ടരായ ചില കരിങ്കല്ലുകളും, ദുർമ്മരണപ്രേതങ്ങളുടെ ഒരു ശവക്കാടും ദുർഗ്ഗന്ധത്താൽ അടുത്തുകൂടാത്തതായ ഒരഗാധകുഴിയും ശേഷിച്ചു. നാവില്ലാവിശ്വസ്വരൂപിണിയുടെ സ്വത്തുകളെല്ലാം അതുകളെ സംഗ്രഹിപ്പാൻ പരമശക്തി തൽക്കാലം വഹിച്ച സ്ഥാനത്തു ലയിച്ചു എന്നേ പറവാനുള്ളു. ദേവസ്വം നശിച്ചു എങ്കിലും, ഉടയാൻപിള്ള സ്വായത്തമായി ധരിച്ച [ 15 ] ചന്ത്രക്കാറസ്ഥാനം ഒരു സ്റ്റാർ ആഫ് ഇൻഡ്യാ മുദ്രപോലെ മഹായശസ്കരബിരുദമായി അദ്ദേഹത്തെ അലങ്കരിച്ചു. ഘാതകശിരോമണിയെന്നു ന്യായബോധജ്ഞന്മാരാൽ വിധിക്കപ്പെട്ടിട്ടുള്ള രാമനാമഠത്തിൽപിള്ളയുടെ ഏകസന്താനമായിരുന്ന ഈ വിക്രമൻ ക്ഷേത്രത്തറയെക്കൂടി തന്റെ പ്രഭാവാർത്തിക്ക് ആഹുതിചെയ്യാത്തതിനെക്കുറിച്ചു സന്തോഷിക്കേണ്ടതേ ഉള്ളു.

സ്വസംഭാവനകൾക്ക് ആരാധിക്കപ്പെട്ടുവന്നിരുന്ന മന്ത്രിപ്രവീണന്മാർ ആ ദാനങ്ങളെ രാജ്യതന്ത്രത്തിൽ ‘സംസ്ഥാനപരസ്പരത’ എന്ന ഖണ്ഡത്തിൽ ഉൾപ്പെടുത്തി സ്വീകരണംചെയ്തുവരികയാൽ, ചന്ത്രക്കാറനായ ഇടപ്രഭുപ്പെരുമാൾ ആ അഭിമാനത്തിനു പ്രതിഫലമായി സ്വമിത്രങ്ങളായ ഉദ്യോഗവനരാട്ടുകളുടെ ഭാരങ്ങളെ, തന്റെ വിസ്തൃതമഹാമനസ്കതയ്ക്കു സ്വപ്രദേശങ്ങളിൽ ഉൾപ്പെട്ട മഹാരാജപ്രജകളിൽനിന്നു ലഭ്യമായ കാഴ്ചകളുടെ താരതമ്യം അനുസരിച്ച്, വിധികളും വ്യവസ്ഥാസ്ഥാപനങ്ങളും കല്പിച്ച് ലഘൂകരിച്ചുവന്നിരുന്നു. അടുത്താൽ ലേഹനംകൊണ്ട് വഞ്ചനയും, അടുത്തില്ലെങ്കിൽ ആദരശസ്ത്രക്രിയാപ്രയോഗത്താൽ അനുക്ഷണദ്രോഹവും വിരോധപ്പെട്ടാൽ സ്വാധികാരവജ്രംകൊണ്ട് ദൃഢഹതിയും—ഈ വിധമുള്ള പരമകുടിലനയത്രിതയത്താൽ വേളിമുതൽ വർക്കലവരേയും, നെടുമങ്ങാടുമുതൽ പശ്ചിമസമുദ്രംവരെയും ഉൾപ്പെട്ട പ്രദേശത്തെ ചന്ത്രക്കാറമഹാറാട്ട് സങ്കടനിവേദനങ്ങൾക്കു സംഗതിയും മാർഗ്ഗവും കൂടാതെ പരിപാലനം ചെയ്തുവന്നു. അവിടങ്ങളിൽ പ്രസവംമുതൽ ശവദാഹംവരെയുള്ള യാതൊരു ക്രിയയ്ക്കും സംഭവത്തിനും ചന്ത്രക്കാറനോ പ്രതിനിധിയോ മൂളിയെങ്കിലല്ലാതെ നിർവ്വാഹണമോ പര്യാപ്തിയോ ഉണ്ടാകുന്നതല്ലായിരുന്നു.

ദശഗ്രീവലങ്കാനാഥൻ സാമവേദജ്ഞനായിരുന്നുവെങ്കിൽ, ചന്ത്രക്കാറലങ്കേശേനും ജ്ഞാനസമ്പത്തോടു ചില സംബന്ധങ്ങളുണ്ടായിരുന്നു. സ്വഭാഷ യൗവനദശയെ പ്രാപിച്ച് അനേക സരസകവിസന്താനങ്ങളെ ഉല്പാദനംചെയ്തിരുന്ന അക്കാലത്ത് ചിലമ്പിനകംവക കൊട്ടാരക്കരശ്ശാഖയിലെ ഒരു ശേഷക്കാരൻ നാടകാലങ്കാരപര്യന്തമുള്ള വ്യുല്പത്തിയെ പ്രശസ്തമാംവണ്ണം സമ്പാദനംചെയ്തിരുന്നു. എന്നു മാത്രമല്ല, ചന്ത്രക്കാറഭരണാതിർത്തിയിൽ പാർത്തുവന്നിരുന്ന ഒരു കണിശപ്പണിക്കർ ‘കാളീശമഥനം’ നന്തുണിപ്പാട്ട്, ‘ഒമാസ്വയമ്മരം’ കല്യാണക്കളിപ്പാട്ട്, മുതലായ കാവ്യങ്ങളെ രചിച്ചിട്ടുണ്ടായിരുന്നു. ഇതിനുംപുറമെ, നാന്ദിമുതൽ ഭരതവാക്യംവരെ സങ്കല്പിച്ചു മനോനിർമ്മാണം ചെയ്തിട്ടുള്ള നാടകത്തിൽ ഒന്നാമങ്കമായ ഭവനനിർമ്മാണവും രണ്ടാമങ്കമായ ദ്രവ്യാർജ്ജനവും മൂന്നാമങ്കമായ സ്വാധീനസമ്പാദനവും നാലാമങ്കമായ യശഃസ്ഥാപനവും അരങ്ങേറ്റം കഴിഞ്ഞിട്ടുള്ളതു നീക്കി അഞ്ചാമങ്കമായ മന്ത്രിപദാരോഹണവും കഴിയുമ്പോൾ പിന്നത്തെ അങ്കമായി കാർത്തികതിരുനാൾ രാമവർമ്മമഹാരാജാവിനെത്തുടർന്ന് ‘തഥാ മന്ത്രി’ എന്നുള്ള ന്യായേന ചന്ത്രക്കാറനും ചില കവനങ്ങൾചെയ്ത് ചിരഞ്ജീവയശസ്കനാവാൻ നിശ്ചയിച്ചിട്ടുണ്ട്. ഇത്രയും പോരെങ്കിൽ, സംഭാഷണത്തിൽ തമിഴിനെ ഗീർവ്വാണീകരിച്ചും ഗീർവ്വാണത്തെ പ്രാകൃതീകരിച്ചും അനേക നവപദസൃഷ്ടികൾ അദ്ദേഹം ചെയ്തുംവന്നിരുന്നു! ശബ്ദശാസ്ത്രജ്ഞന്മാരെ തന്റെ കവിതാരസികത്വത്തെ ഇങ്ങനെ ആസ്വദിപ്പിച്ച ചന്ത്രക്കാറൻ വനിതാരസികത്വത്തെ കയ്ക്കൊണ്ട നിലയും വർണ്ണനീയമായുള്ളതാണ്. ചന്ത്രക്കാറന്റെ പ്രതാപജ്യോതിസ്സ് സർവ്വാദിശാന്തങ്ങളിലും വ്യാപരിച്ചപ്പോൾ, മിക്ക നായർകുടുംബങ്ങളും അദ്ദേഹത്തോടു സംബന്ധമോ ചാർച്ചയോ ബന്ധുത്വമോ അവകാശപ്പെട്ടുതുടങ്ങി. എങ്കിലും, ഒരു വിവാഹംകൊണ്ടുകൂടി തന്റെ ഗൃഹസ്ഥനിലയെ സ്ഥിരീകരിക്കണമെന്നു നിശ്ചയിച്ച് ഒരു വലിയ കുടുംബത്തിൽനിന്ന്, ജന്മപത്രികയിൽ പാപഗ്രഹവസതിയായ സപ്തമരാശിയോടുകൂടിയ ഒരു തരുണീരത്നത്തെ ‘അടുക്കളക്കാരി’യായി ചന്ത്രക്കാറൻ വേട്ടു. ആ പരിഗ്രഹവും അതിലുല്‌പന്നയായ ഒരു ‘പെണ്ണും’ അടുക്കളത്തളത്തിന് അലങ്കാരപ്രതിമകളായി സ്ഥാപിക്കപ്പെട്ടിരുന്നു.

ധർമ്മഘാതകന്മാരുടെ അഭീഷ്ടങ്ങൾക്ക് അപ്രമേയശക്തിയുടെ നിർഗ്ഗുണത്വംകൊണ്ട് നിയമേന പ്രാപ്തിയും, ധർമ്മതല്പരന്മാരുടെ സംഗതിയിൽ വിപരീതഫലവുമാണ് ലോകരീതിയായി കാണപ്പെടുന്നതെങ്കിലും ചിലമ്പിനേത്തു ചന്ത്രക്കാറന്റെ ഒരിച്ഛയ്ക്കു സാദ്ധ്യംവരാതെ അദ്ദേഹം ക്ലേശിക്കയും അതുകൊണ്ട് താനും ക്ലിപ്തശക്തിമാൻതന്നെ എന്നുള്ള ഗൂഢബോധത്താൽ സ്വല്‌പം മദശമനമുണ്ടാവുകയും ചെയ്തു. എട്ടുവീട്ടിൽപിള്ളമാരുടെ കണ്‌ഠച്ഛേദനം [ 16 ] ചെയ്തതും, ആ കുടുംബത്തിലെ സ്ത്രീവർഗങ്ങളെ കൈവർത്തന്മാർക്കു നല്കി ജാതി ഭ്രഷ്ടരാക്കിയതും, അവരുടെ സർവ്വസ്വത്തുക്കളേയും രാജസ്ഥാനത്തിലേക്കു കണ്ടുകെട്ടിയതും, മൂരിക്കുട്ടനായി ഉന്മാദവാനായി വർത്തിച്ചിരുന്ന ചന്ത്രക്കാറനു മഹാലോകചര്യയാകുന്ന നവജന്മത്തെ നല്കുവാൻ ഉപനയനസംസ്കൃതിപോലെ പ്രയോജകീഭവിച്ചു. രക്തത്തിളപ്പോടും മാംസക്കൊഴുപ്പോടും വർത്തിച്ചിരുന്ന ആ പ്രായത്തിലെ രാജാധികാരത്തകൃതികൾ അയാൾക്കു ലോകദ്വാരം തുറന്ന്, നവവും ദീർഘവുമായ അനേകം പന്ഥാക്കളെ കാട്ടിക്കൊടുത്തു. രാജ്യസവ്വാധികാരിപദമായ സ്വർണമഞ്ചത്തിൽ ആരോഹണംചെയ്ത്, പൗരദാസസഹസ്രങ്ങളെക്കൊണ്ട് സ്വർണ്ണദണ്ഡവെഞ്ചാമരവീജനം ചെയ്യിച്ച്, രത്നമയമഞ്ചത്തിൽ വാസ്തുപുരുഷനെപ്പോലെ ഭൂമിയെ സ്വകായവിസ്തൃതിക്കു കീഴടക്കിശ്ശയനംചെയ്ത്, തന്റെ ജാഗ്രദവസ്ഥയിലെ നേത്രനിമേഷോന്മേഷഖഡ്ഗങ്ങൾകൊണ്ട് ഭരണംചെയ്‌വാൻ മോഹബീജാർപ്പണവും ചെയ്തു. തന്റെ നാടകത്തിൽ ദുസ്സാദ്ധ്യമല്ലെന്നു സങ്കല്പിക്കപ്പെടുന്നതായ ഈ ഷഷ്ഠാങ്കത്തിനു മുമ്പായുള്ള ഒരങ്കത്തിലെ ഒരു രംഗമാണ് അദ്ദേഹത്തിന്റെ മനസ്സിൽ സങ്കല്‌പനിലയിൽ ലയിച്ചുപോയിരിക്കുന്നത്. കഴക്കൂട്ടത്തു പ്രഭുകുടുംബത്തിന് അനന്തദ്രവ്യങ്ങൾ അടിങ്ങീട്ടുള്ളതായ ഒരു നിക്ഷേപം ഉണ്ടെന്ന് അക്കാലത്തു കേരളത്തിലെങ്ങും പ്രസിദ്ധമായിരുന്നു ഇതിന്മണ്ണം അതിസ്വാദുകരമായ ഒരു സാധനം സ്വഹസ്തഗ്രഹണത്തിനു വേണ്ട സാമീപ്യത്തെ അവലംബിച്ചു സ്ഥിതിചെയ്തപ്പോൾ ചന്ത്രക്കാറനു നിദ്രയുണ്ടാകാതെ ബഹുരാത്രികൾ കഴിഞ്ഞതിനെക്കുറിച്ച് അതിശയിപ്പാനുണ്ടോ? അതു കരസ്ഥമാക്കിയാൽ തന്റെ ധനദാഹശമനവും, കവിഹൃദയം പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്തതായ ഏഴാമങ്കക്കൂടിയാട്ടത്തിന്റെ നിർവ്വഹണവും ഇങ്ങനെ ഏകാസ്ത്രപ്രയോഗംകൊണ്ട് പക്ഷിദ്വയഹനനം സാധിക്കാൻ അദ്ദേഹം ബഹുപ്രയത്നങ്ങൾ ചെയ്ത് സ്ഥലമെല്ലാം കിണറാക്കി, കിണറുകളെ കുളമാക്കി, കുളത്തെ കായലാക്കി, കായലെ കടലാക്കി, സമുദ്രത്തെ കീഴ്മേലും ചെരിച്ചു. എന്നിട്ടും ചന്ത്രക്കാറനോടു മനഃപൂർവ്വവിരോധംകൊണ്ടെന്നപോലെ നിക്ഷേപം പാതാളത്തിലേക്ക് അവഗാഹനംചെയ്തുകൊണ്ടുതന്നെയിരുന്നു. “പോട്ടേ ഫൂതം ചൂഴ്ന്ന ആൾക്കൊല്ലി" എന്ന വിക്രമഭർത്സനംചെയ്തുകൊണ്ട് ചന്ത്രക്കാറൻ ഈ അപജയരംഗത്തെ സ്വനാടകത്തിൽനിന്നു ബഹിഷരിച്ചേകളഞ്ഞു.

കൊല്ലം 942-ലെ സ്വർണ്ണച്ചിങ്ങമാസം ഉദയമായി. ചിലമ്പിനേത്തുഭവനത്തിൽ ആ ആണ്ടത്തെ സംഭാരക്കുമിയലും ആരംഭിച്ചു. കിഴക്കേ വരാന്തത്തളിമത്തിൽ സാലപത്രനിർമ്മിതമായുള്ള സധർമ്മാസനത്തിൽ തന്റെ സന്തതസഹചാരിയായ പിശ്ശാത്തിയോടു കൂടി കുടവയർഗോളത്തെ തുള്ളിച്ചുകൊണ്ടിരുന്ന് ഉദിച്ചുയരുന്ന ആദിത്യന്റെ കിരണങ്ങളെക്കൊണ്ട് ത്വഗ്‌ദേശത്തിലേയും തെരുതെരെ വരുന്ന ഓണക്കാഴ്ചകളുടെ സ്വീകരണംകൊണ്ട് അന്തർഭാഗത്തിലേയും ശീതോപശാന്തിശുശ്രൂഷ പരമഭാഗ്യാംഭോനിധിയായ ചന്ത്രകാറൻ നിർവർത്തിക്കുന്നു. അദ്ദേഹത്തിന്റെ പിശ്ശാത്തിയുടെ ചുഴറ്റുകളും, ചില നേത്രത്തുറിപ്പുകളും, വാ തുറക്കാതുള്ള പല്ലിളിപ്പുകളും കൊണ്ട് സംഭാവനക്കാരോട് സ്വാഗതവും കുശലപ്രശ്നവും സൽക്കാരവും യാത്രയയപ്പും കഴിക്കുന്നു. വന്നുചേരുന്ന സാമാനങ്ങളെ ഭൃത്യന്മാർ ഉടനുടൻ മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിൽ വെറുങ്കയ്യനായ ഒരാൾ കിഴക്കേ മുറ്റത്തെത്തി താണുതൊഴുതു. നേത്രഗോളങ്ങളെ നിയമത്തിലധികം തുറപ്പിച്ചും, ദ്വിഗോളാർദ്ധങ്ങൾ സംയുതമായുള്ള താടിയെ ഒന്നുയർത്തിയും ഗോളസാനുക്കളായ ഗണ്ഡങ്ങളെ ജൃംഭിപ്പിച്ചും ശിരോഗോളത്തെ പുറകോട്ടുചായിച്ചും ചന്ത്രക്കാറപ്രഭു കാണിക്കകൂടാതെ വന്ന ‘നിർഗ്ഗന്ധകുസുമ’ൻ ആരാണെന്നറിവാൻ ഒരു നോട്ടം കഴിച്ചു. ഇതിനിടയിൽ ആഗതനായ വിശേഷപുരുഷൻ ഭവനത്തിന്റെ വടക്കുവശം ചുറ്റി ഒരു പ്രദക്ഷിണം ചെയ്ത് അകത്തു കടന്ന് ചന്ത്രക്കാറന്റെ പുറകിലെത്തി ഒന്നു ചുമച്ചു. മന്ദമായി ഒന്നു മുക്കുറയിട്ട്, ചന്ത്രക്കാറൻ തന്റെ ഘനമാർന്ന കണ്ഠത്തെ കകുദഗോളസഹിതം തിരിച്ചു പുറകോട്ടു നോക്കുന്നതിനിടയിൽ, ഗൃഹത്തിനകത്തു പ്രവേശിപ്പാൻ തുനിഞ്ഞ ‘ജലജളൂകൻ’ പടിഞ്ഞാറുവശം ചുറ്റി വരാന്തയുടെ വഹ്നികോണിൽ എത്തി പാദങ്ങളെ പരസ്പരം ഉരുമ്മിയും, അവ്യക്തങ്ങളായ ചില ശബ്ദങ്ങളെ പുറപ്പെടുവിച്ചും, മാറോടണച്ചു കെട്ടിയിയിരിക്കുന്ന മുഴംകൈകളെ പരസ്പരം ചൊറിഞ്ഞും, സ്വശർമ്മനിദാനമായ ചന്ത്രകാറന്റെ സന്നിധാനത്തിൽ വീണ്ടും അഞ്ജലി സമാരാധനംചെയ്തു. മൂന്നു ഭവനനാമ [ 17 ] ശൃംഖലകൊണ്ട് കീർത്തിയും, അനവധി ഗൃഹങ്ങളോടു ചാർച്ചയും, ഒരുവിധം നല്ല സമ്പത്തും, വലിയകൊട്ടാരംരായസമെന്നുള്ള ഉദ്യോഗവും, വിശേഷാൽ ചിലമ്പിനേത്തെ ഗൂഢചാരിത്വവും, ‘അടുക്കളക്കാരി’ വഴി തന്റെ അടുത്ത സംബന്ധിയും ആയി ഉള്ള ഈ ആളെ, വാലൂന്നി നില്ക്കുന്ന സർപ്പത്തിന്റെ ചാഞ്ചാട്ടങ്ങളോടുകൂടി കണ്ടപ്പോൾ, ചന്ത്രക്കാറൻ മറ്റു ജനങ്ങളെയും ഭൃത്യരെയും അവിടെനിന്ന് ആട്ടി പുറത്താക്കി, ഗോപുരവാതിലും ബന്ധിച്ചു. ഒരു ദീർഘമുക്കുറയായ സംബോധനയോടുകൂടി ഉമ്മിണിപ്പിള്ളയെ ആഫണലാംഗുലം ചന്ത്രക്കാറൻ ഒന്നു പരിശോധിച്ചു. ആ സരസൻ ആ നോട്ടത്തെ ആദരിച്ചു മിന്നൽപ്പിണർപോലെ വിറച്ചു. ഉമ്മിണിപ്പിള്ള, ഒരു പരിഗ്രഹണയത്നത്തിൽ ‘കാമനും വിധിതാനും ഖലവൈരികളാ’യിത്തീരുകയാൽ വിവാഹകാംക്ഷയാകുന്ന മാന്മഥനിദേശകാരിയെ ഹൃദയശിലാമന്ദിരഗഹ്വരങ്ങളിൽ എങ്ങാണ്ട് ബന്ധനം ചെയ്തിരുന്നു. സംഗതിഭ്രമണംകൊണ്ട് രണ്ടാമതും ഉമ്മിണിപ്പിള്ളയുടെ പൂർവാനുരാഗപ്രവാഹമുണ്ടായി. വീണ്ടും തുഴഞ്ഞിട്ടും പ്രണയജലധിയുടെ തരണം അയാളെ വിഷമിപ്പിക്കയാൽ, വിധികാമന്മാരുടെ അനുഗ്രഹത്തിനു ജപതപങ്ങളെ തുടങ്ങിയിരുന്നു. ഈ സ്ഥിതിയിൽ, മറ്റൊരു അനർത്ഥവും നേരിട്ട്, അയാളുടെ മനോവ്യഥയെ വർദ്ധിപ്പിച്ചു. ലിപിലേഖനത്തിൽ അതിചതുരനായിരുന്നതുകൊണ്ട് മഹാരാജാവിന്റെ കവനങ്ങളെ പകർത്തുന്നതിന് സ്വകാര്യ എഴുത്തുകാരനായിക്കൂടി ഉമ്മിണിപ്പിള്ള നിയമിക്കപ്പെട്ടു. ദുഷ്കാലവൈഭവം അയാളെ അവിടെയും തുടർന്നു. ‘ജാരസംഗമഘോരദുരാചാര’ എന്നു മഹാരാജാവ് രചിച്ചിരുന്നതിൽ ‘ജാര’ എന്ന പദത്തോടു സംന്യാസപദപ്രാപ്തികൊണ്ടുണ്ടായ വിസ്മൃതിയാൽ, രാജകൃതി രാജധിക്കൃതിയാകുമാറു ‘രാജസംഗമഘോരദുരാചാര’ എന്ന് ആ നിർഭാഗ്യവാൻ പകർത്തി. രാമവർമ്മ മഹാരാജാവിന്റെ പരമധാർമ്മികനേത്രങ്ങൾക്കും ഉമ്മിണിപ്പിള്ളയുടെ മനോധർമ്മാപരാധം ക്ഷന്തവ്യമല്ലെന്നു തോന്നിയതിനാൽ, വിഷമമായുള്ള ജോലികളിൽനിന്നും അയാളെ ഒഴിച്ച് പകടശ്ശാല എന്ന രായസമണ്ഡപത്തിൽ ഇരുന്ന് അയാളുടെ ധ്യാനവൃത്തികളെ നിർബാധമായി തുടർന്നുകൊള്ളുന്നതിന് അനുവദിപ്പാൻ മഹാരാജാവ് പ്രസാദിച്ചു.

ഉമ്മിണിപ്പിള്ളയുടെ അന്നത്തെ മുഖക്ഷീണം വലുതായ ബുദ്ധിക്ഷയത്തെയും ഇച്ഛാഭംഗത്തെയും മനോവ്യാധിയെയും സൂചിപ്പിക്കുകയാൽ ചന്ത്രക്കാറൻ അയാളുടെ നേർക്കു തിരിഞ്ഞിരുന്നു വാത്സല്യപൂർവം ചോദ്യംചെയ്തു: “എന്തമ്മിണാ! മാനമിടഞ്ഞുവീഴുന്നൂട്ടോ? അതോ പെരുവെള്ളം കേറിവന്നൂട്ടോ? തൊലിയുരിച്ച ഓന്തിനെപ്പോലെ നീ പേയുറുഞ്ചിപ്പോയിരിക്കണതെന്ത്?”

സ്വസംബന്ധിയുടെ കരുണ ഉമ്മിണിപ്പിള്ളയുടെ തിങ്ങിനിന്നിരുന്ന വ്യസനക്കരകളെ ഭേദനംചെയ്തു. അയാൾ നേത്രങ്ങളെ കണ്ണുനീർവാർണ്ണീഷുകൊണ്ടു പ്രകാശിച്ച് തൊണ്ട ഇടറി തന്റെ പരിദേവനത്തെ ഇങ്ങനെ ഉണർത്തിച്ചു: “തമ്പുരാനെ സേവിച്ചു മാനംകെട്ടു പൊന്നുടയതേ. ഇപ്പോൾ ഇതാ, നീട്ടെഴുത്തുവേല ഒഴിവുവന്നു. അപ്പഴും ഇരുപത്തെട്ടുവർഷം അടുത്ത ദീപാളിക്ക് ഓലപറണ്ടിത്തികയുന്ന ഇവനു കുന്തം! എങ്ങാണ്ടു കിടന്ന, കണ്ട ജാതി, വീടും കുടിയും പറവാനില്ലാത്ത ചെറുക്കനെ, തൊലിമേനിമിനുക്കം മാത്രം നോക്കി എന്റെ തലയ്ക്കുമീതെ ഉന്തിക്കേറ്റിയിരിക്കുണു— തിന്നാൻ വകയില്ലാഞ്ഞാണോ സേവിപ്പാൻ പോണത്! തലമുറ വാഴ്ക്കയായി മുന്നിരുന്ന പൊന്നുതമ്പുരാക്കന്മാർ തിരുവുള്ളംകൊണ്ടു തന്ന അനുഭവത്തെ ഇങ്ങനെ മൊടക്കിക്കളഞ്ഞാൽ എവിടെച്ചെന്നു വിളിക്കാം സങ്കടം?”

ഉമ്മിണിപ്പിള്ള തന്റെ സങ്കടബോധനം നിറുത്തിയപ്പോൾ ചന്ത്രക്കാറൻ ഇങ്ങനെ ഗുണദോഷിച്ചു: “നോക്കെന്റെമ്ണാ! ഇത്രയല്ലാ, ഇതിലേറെയും വരും! ധർമ്മം കേറി ആറാടണതാണിതൊക്കെ. എന്നാലക്കൊണ്ട് — നോക്ക്! അവിടെ നിന്ന് ചിണങ്ങാണ്ട് നൂന്നുനിന്നു കേള്. നീട്ടെഴുത്തില്ലെങ്കിൽ നീ എരപ്പോടെടുക്കുമോടാ? ചിലമ്പിനേത്തു കലത്തിലിടണ വെള്ളം തെളയ്ക്കുമ്പം നമ്മുടെ മച്ചമ്പിക്കും ഉരിയക്കഞ്ഞിവായ്ക്കൂല്ലിയോ? ഇതിനൊക്കെ തമ്പുരാക്കന്മാരെ പിണപറയാതെ. അവർക്ക് ശബ്ദ(സപ്ത)വെസനങ്ങളും മറ്റുമൊണ്ട്. ഇന്ന് പ്രധാസിച്ചില്ലെങ്കിൽ നാളെ പ്രധാസിക്കും! ഞാൻ തന്നെ അവിടെ കേറിയാലും ഇങ്ങനെ ചെല അളിച്ചിയാട്ടങ്ങളും അമളികളും വന്നുപ്പോയേയ്ക്കാം! നീട്ടെഴുത്തു പോയെങ്കിൽ പു [ 18 ] ല്ലൊന്നേ പോട്ടു! എന്റപ്പിക്ക് വാച്ചതു സമ്പ്രതി—ഇനി കാര്യം വല്ലതുമൊണ്ടെങ്കിൽ ചൊല്ല്! വർമ്മങ്ങള് ചൂണ്ടിത്താ അല്ലെങ്കിൽ നീ എന്തരു ചമ്മന്തി?”

‘മച്ചമ്പി’ എന്ന പദത്തിനു പകരം ‘ചമ്മന്തി’ എന്നു പ്രയോഗിച്ചത് ആയാളോടുള്ള സ്നേഹവിശ്വാസങ്ങളുടെ ആധിക്യത്തെ സാക്ഷീകരിച്ചതിനാൽ; ഉമ്മിണിപ്പിള്ള വാപൊത്തിക്കരഞ്ഞുകൊണ്ട് “ഇസ്സന്തുവിലിങ്ങനേ എന്നെ പോഞ്ഞകൊള്ളി പൊറംകൊള്ളിയാക്കിക്കളഞ്ഞതുകൊണ്ട് മനസ്സെരിയുണങ്ങുന്നേ! അതാണ് താങ്ങാൻ വയ്യാത്തത്” എന്നു ബോധിപ്പിച്ചു. ആർത്തനാദത്തിൽ ഒടുവിലത്തെ സങ്കടവചനത്തെ അറിയിക്കുന്നതിനിടയിൽ അയാളുടെ നേത്രാന്തങ്ങളിൽ ഒരു ചെറിയ ശൃംഗാരരസം അയാളെ വഞ്ചിച്ച്, പുറപ്പെട്ടതിനാൽ, അയാളുടെ അന്തർഗതത്തെ ചന്ത്രക്കാറൻ മനസ്സിലാക്കി “മച്ചമ്പിക്കന്നാ, മനസ്സിലായെടാ! വാലു കെളതണതെന്തിനെന്ന്! നീ ആദ്യം പയനം (ഭജനം) ഇരുന്നില്ലയോ? — അപ്പച്ചൊല്ലിയതുതന്നെ ഇന്നും ചൊല്ലുണു—ഒരേ വാക്ക്! അതിനിട്ട വെള്ളം വാങ്ങിവെച്ചൂട്! ആ കൊലംകുത്തിപ്പടത്തലവന്റെ മോളെ നീ വേട്ടൂടാ—ചെമ്പകശ്ശേരിയിൽ ചവുട്ടുണ കാല് ചെലമ്പിനേത്തുതീണ്ടിക്കൂടാ! ചെലമ്പിനേത്തുകാരും ചെമ്പകശ്ശേരിക്കാരും നെഴല് വെലങ്ങികൂടെടാ—വെലങ്ങിക്കൂടാ” എന്നു മറുപടിയുണ്ടായി.

ഉമ്മിണിപ്പിള്ള: “പടത്തലവൻ എന്തെങ്കിലും ആവട്ടെ!” എന്ന് സ്വാനുരാഗഭാജനത്തിന്റെ പക്ഷവാദിയായി വാദമുഖസ്ഥാപനം ചെയ്‌വാൻ മുതിർന്നപ്പോൾ, തലയിലും മുഖത്തും ഗൃഹംതന്നെ ഇടിഞ്ഞുവീണപോലെ, ഊക്കോടുകൂടി ഒരു സംഘടനമുണ്ടായി. “ചത്തു!” എന്ന് നിലമറന്ന് ശ്വാസനാളംകൊണ്ട് ഉറക്കെ ക്രന്ദനംചെയ്ത് അയാൾ നിലത്തു പതിച്ചു. സംഗതിയുടെ പരമാർത്ഥസ്ഥിതിയെക്കുറിച്ച് ബോധമുണ്ടായപ്പോൾ, നരസിംഹമൂർത്തിയെപ്പോലെ രോഷസമ്മൂർച്ഛിതശരീരനായിരിക്കുന്ന ചന്ത്രക്കാറനെ കാണുമാറായി. തന്റെ മുഖത്തു വലിച്ചെറിയപ്പെട്ട സുധർമ്മാ തടുക്കിനെ ഭൂധൂളിവിഭൂഷിതഗാത്രനായ ഉമ്മിണിപ്പിള്ള എടുത്ത് മണൽ തട്ടിക്കളഞ്ഞ്, ജാനുക്കൾ ഇടഞ്ഞും ഉദരം ത്രസിച്ചും ദിഗ്ഭ്രമത്താലുഴന്നും മുന്നോട്ടു നടന്നും പുറകോട്ട് ആഞ്ഞും പിന്നെയും നടന്നും ഇങ്ങനെ ആ ധൂമ്രാക്ഷസന്നിധിയിലണഞ്ഞ്, ആ ദിവ്യാസനത്തെ പൂർവസ്ഥാനസമീപത്തിൽ നിക്ഷേപിച്ചു.

ഉമ്മിണിപ്പിള്ളയുടെ ബീഭത്സത്വങ്ങൾ കണ്ട് ചന്ത്രക്കാറൻ അലിഞ്ഞു. “എടാ പെൺകൊതിയാ! നിന്റെ മനപ്പൂവിറുത്താളെതന്തയെങ്കില്, ഈ ചന്ത്രക്കാറന്റെ തന്തപ്പെരുമാനെക്കൊല്ലിച്ചതും ആ ധാമദ്രോവില്ലയോടാ? അവനെ ഞാനും മാനത്തു കേറ്റണമെന്നോ? അവന്റെ കുടർമാല ശാർത്താൻ കാലം വരും! അതുകള—നിന്റെ സാമീടെ പൊടിപാടെന്തായെന്നു പറ. ലോകം പെരട്ടാനുള്ള വിത്യയൊക്കെ വന്നറുണ ചന്തയല്ലിയോടാ നമ്മുടെ ഇവിടം? അവനും കൊണ്ടുപോട്ട് അവന്റെ വീതം. നാളെ വരുമൊരുത്തൻ, പറസുരാമസ്സാമി എന്നും പറഞ്ഞോണ്ട്; ഇപ്പം വന്നിരിക്കണതാര്? ആശ്വസ്താമാവോ? എന്തു മാവെങ്കിലും, നമ്മുടെ ആളുകള് തൊണ്ടയിത്തൊടാതെ വിഴുങ്ങൂടൂല്ലിയോ? ഫോടാ, ഫോ! യോഗിശ്വരസ്സാമി—ചുത്ത യമലോഹംപെരട്ടി—നിത്തം മൂന്നുനേരം ചോറു വിളമ്പണ മന്ത്രം അവന്റെ തഞ്ചിയിലൊണ്ടെങ്കിൽ, അതെടുക്കാൻ പറ!” ഈ പ്രസംഗത്തിനിടയിൽ ഉമ്മിണിപ്പിള്ള വിഷ്ണുശങ്കരശക്തിസഹസ്രനാമങ്ങളിൽനിന്ന് ഒരു പത്തിരുന്നൂറു നാമങ്ങളെ ആശ്ചര്യപ്രതിഷേധപരിതാപസൂചകങ്ങളായി മന്ത്രാവസാനധ്വനിയിൽ ഉച്ചരിച്ചുകഴിഞ്ഞു. പ്രസംഗം അവസാനിച്ചപ്പോൾ അയാൾ ഭക്തിത്തിളപ്പോടുകൂടി തൊഴുതുപിടിച്ച് ഇങ്ങനെ പറഞ്ഞു: “പരമാർത്ഥമറിഞ്ഞാൽ അങ്ങത്തെ അഭിപ്രായവും—നാരായണ! ഇന്നു പ്രത്യക്ഷശ്രീവേദവ്യാസരാണ് സ്വാമിതിരുവടികള്—പൊന്നുതമ്പുരാൻതന്നെ സമ്മതിച്ചുപോയിരിക്കുണു.”

ചന്ത്രക്കാറൻ: “ചവറ്, ചവറ്! അതും കള ക്ഹു! മൈസൂപ്പെരുവെള്ളം ഏതുവരെക്കേറി?

ഉമ്മിണിപ്പിള്ള: “മൈസൂർപ്പട്ടാളത്തിന്റെ കാര്യംകൊണ്ടെന്തോ വലിയ അമിളി ഒണ്ട്. നീട്ടുമ്മേൽ നീട്ടും കായിതത്തിന്മേൽ കായിതവും, നാഴികയ്ക്കുനാഴിക പോയുംവന്നുമിരിക്കണു—ഒന്നുമാരും വെളിക്കുവിടുണില്ല—ചെവിക്കുചെവി അറിയാതെ എല്ലാം പൊതിഞ്ഞുകെട്ടി നടത്തുണു.” [ 19 ] ചന്ത്രക്കാറൻ: “ഛൂ! ചെവിക്കുചെവി അറിയാതെ മറിക്കാൻ മീച്ചയൊള്ളവനാരെടാ അവിടെ?” (ആത്മഗതം) “ആ കമ്പനിയാന്മാരുടെ തോക്കുച്ചിറ തടുത്തിരിക്കണ്.” (ദീർഘമായും ഉറക്കെയും ആകാശത്തെ ആഘ്രാണംചെയ്ത് ബഹിശ്ശ്വസിച്ചുകൊണ്ട്, ആത്മഗതത്തെ തുടരുന്നു.) “ആ ചെറക്കുറ്റി ഒന്നെളക്കാൻ ചന്ത്രക്കാറന്റെ ഈ കുറുങ്കൈയ്ക്കു കഴിയും. അപ്പഴത്തെ വെള്ളക്കൂത്ത് എന്തെല്ലാം എടുത്തോണ്ടു പോവും?—യ! യഃ” (പ്രകാശം) “മച്ചമ്പി! കാര്യങ്ങള് ശുദ്ധമോയം തന്നെ! എങ്കിലും എല്ലാംകൂടി തള്ളി, തള്ളി—ത്തള്ളി വരുമ്പം, അപ്പം വരൂല്ലയോടാ ഒരു മേളം? സർവാധിയും, ദളവായും, അതിന്റെ മേത്തട്ടും വന്നു പിടിക്കൂല്ലയോ ചന്ത്രക്കാറന്റെ താടിക്ക്?” (വലതുകൈയിലെ പെരുവിരലിനെയും മധ്യവിരലിനെയും മൃദുവായി കശക്കിക്കൊണ്ട്) “ഇതില്ലാതെ പുള്ളിപ്പട്ടാളം പുലരുമോ? മതിരപ്പട ചാൺനീങ്ങുമോ? കമ്പനിപ്പടപ്പാപ്പാസ് നമ്മുടെ കല്ലും ചെളിയും ചവുട്ടാൻ വരുമോ? എടാ! വെങ്കലപ്പറവച്ച് അളന്നു തട്ടണം, കിലുകിലാ എന്ന്! അതിന് പോന്ന ആണിന്നാരെടാ. ഇച്ചന്ത്രക്കാറനല്ലാണ്ട്? അന്നു വാ, സമ്പ്രതിക്ക് —അമ്മാത്രയ്ക്കു നിനക്കു സമ്പ്രതി.” അഗസ്ത്യപർവ്വതത്തിന്റെ ശിഖരത്തിൽനിന്ന് ഒരു വലിയ ചെമ്പുപാത്രത്തെ ഉരുട്ടിയാൽ ഉണ്ടാകുന്ന ഘോരതയോടും, കാലദൈർഘ്യത്തോടും, രവഭേദങ്ങളോടും ചന്ത്രക്കാരൻ ഒന്നു പൊട്ടിച്ചിരിച്ചു. അല്‌പനേരം തുറിക്കുന്ന നേത്രങ്ങളോടുകൂടിയിരുന്നു. പിശ്ശാത്തിചന്ദ്രഹാസം വെളിച്ചപ്പാടിന്റെ നാന്ദകംപോലെ ത്രസിച്ചു. ആ കാഴ്ച കണ്ടപ്പോൾ സാക്ഷാൽ ശനൈശ്വരൻ പ്രത്യക്ഷമായി രാജ്യത്തിനു കണ്ടകശ്ശനിദശാരംഭത്തിനു മുതിർന്ന് ഉദയം ചെയ്തിരിക്കുന്നതു പോലെ ഉമ്മിണിപ്പിള്ളയ്ക്കു തോന്നി. അയാൾ ഒന്നു നടുങ്ങി. ആപൽക്കരമായ രാജ്യകാര്യത്തിൽനിന്ന് ചന്ത്രക്കാറന്റെ ചിത്തവൃത്തിയെ സ്വാഭീഷ്ടപ്രകൃതത്തിലേക്കു തിരിപ്പാൻവേണ്ടി ഉമ്മിണിപ്പിള്ള പിന്നെയും യോഗീശ്വരവർണ്ണനയെത്തുടങ്ങി: “സ്വാമികൾ അനുഗ്രഹം കൊണ്ട് ഫലങ്ങൾ പറഞ്ഞാൽ കണ്ടതുപോലെ ഒത്തിരിക്കും മന്ത്രമെന്ത്? മരുന്നെന്ത്? ജോസ്യമെന്ത്? വരങ്ങളെന്ത്? ഒന്നും പറവാനില്ല. അങ്ങുന്നൊന്നു കണ്ടാൽ—”

ചന്ത്രക്കാറൻ: (ആലോചനയോട്) “മഷിയിയിട്ടു നോക്കാനേ— അതിനറിയാമോടാ?”

ഉമ്മിണിപ്പിള്ള: “ഹും! മഷി! സ്വാമിതിരുവടികളുടെ വെള്ളം കോരിക്കുകൂടി അതും അതിന്റെ അപ്പുറവുമറിയാം! സ്വാമിക്ക് കാശും കനകവും കളിമണ്ണും ഒപ്പം. എന്ത് ആഗ്രഹിച്ചോണ്ട് എവിടെച്ചെല്ലുന്നോ, സമാധിയിൽ കണ്ണുമടച്ചിരുന്ന്, സൂക്ഷ്മമെല്ലാം ഉടനടി അരുളിച്ചെയ്യും സിദ്ധരല്ലയോ? അനുഗ്രഹിച്ചൊരു തിലകം തന്നാൽ അതുമിട്ടോണ്ട് പോണവഴിക്കൊക്കെ ജയം!”

ചന്ത്രകാറൻ: “നീ ശിക്ഷ്യനല്ലിയോടാ? ഒരു തിലസവും വാങ്ങിച്ചോണ്ടു പോയി നീട്ടെഴുത്തു പറ്റിക്കാഞ്ഞതെന്ത്? അതിനുശിണുങ്ങാൻ ഇവിടെ വരണം. പോ കള്ള മൂധേവിപൂരായം പറയാണ്ട്. (തന്റെ ആലോചന മുറുകി) “ആ കമ്പകൂത്താടിയെ ഇവിടെ ഒന്നു കെട്ടിയെടുപ്പിക്ക്— ചന്ത്രക്കാറൻ തെളിച്ചുതരാം പൂച്ചെല്ലാം.”

ഉമ്മിണിപ്പിള്ള: (ഭയനാട്യത്തിൽ) “ഇങ്ങനെ ഉത്തരവാകരുത്! നശിച്ചുപോകും! തിരുവടികള് മഹാപുണ്യവാൻ”. പിന്നെ എനിക്കറിയാം ‘ഒരു കാര്യംകൂടി’ എന്ന്, അടുത്തണഞ്ഞ് ചന്ത്രക്കാറന്റെ ചെവിയിൽ ഉമ്മിണിപിള്ള എന്തോ സ്വല്പം സ്വകാര്യമായി മന്ത്രിച്ചു. അതു കേട്ടപ്പോൾ ചന്ത്രക്കാറൻ പൂർണ്ണശക്തിയോടുകൂടി തെളിയുന്ന സൂര്യഭഗവാന്റെ അത്യുക്ഷണകിരണങ്ങളാലും ബാധിതനാകാതെ ആ തിളയ്ക്കുന്ന ഗോളത്തെ തുറിച്ച കണ്ണുകളോടുകൂടി ഇമയിളക്കാതെ നോക്കി, ചലനമാകട്ടെ ശ്വാസമാകട്ടെ കൂട്ടാതെ, തന്റെ പിശ്ശാത്തിയെ ഉള്ളം കൈകൾക്കിടയിലാക്കി വിചാരശൂന്യതയോടു കൂടി കാൽനാഴികയോളം കറക്കിക്കൊണ്ടിരുന്നുപോയി. കുറച്ചുകഴിഞ്ഞ് പൂർണ്ണസ്ഥിതിയിൽ ദൂരെ മാറിനിന്നിരുന്ന ഉമ്മിണിപ്പിള്ളയെ അടുത്തു വിളിച്ച്, അന്നത്തെ സംഭാഷണസംഗതികളെ ഏതാനും അഭിപ്രായഭേദങ്ങളോടുകൂടി ആവർത്തനംചെയ്തു: “ഉം! മച്ചമ്പി, ശരി, ശരി! നിന്റെ ദമയന്ത്രി, കൊച്ചമ്മണിക്കൊച്ച്, കഴുക്കൂട്ടത്തെ ഉശിരല്ലിയോ? അതിന്റെ തള്ള ഉഗ്രനെജമാന്റെ മോള്! അതിനെ നിനച്ച് അവളെ നിനക്കു കിട്ടിക്കാൻ ഞാനും പണിയാം! പിന്നെന്തുവേണം?” [ 20 ]

ഉമ്മിണിപ്പിള്ള: “അങ്ങനെ ആയാൽ പിന്നെ എന്തായാലും വേണ്ടൂല്ലാ. ഉള്ളതുകൊണ്ട് മാനമായി കഴിച്ചോളാം! അങ്ങത്തെപോലെ മനക്കരുത്ത് ഇവനില്ല.

ചന്ത്രക്കാറൻ: (പ്രസാദത്തോടുകൂടി) “പെണ്ണെന്തെടാ? പിഞ്ചെന്തെടാ? ആണായിപ്പിറന്നാൽ ഒരു ഒറ്റ പെരുങ്കയ്യെങ്കിലും നോക്കണം. അല്ലാണ്ട് പിറവി എന്തിന്? ഉയിരെന്തിന്? ആ ചെറുക്കന്റെ കാര്യത്തിന് — അവനെടുക്കാൻ കഴിക്ക്, ഇരുക്കോൽ തറയില്ലെന്നോ?”

ഉമ്മിണിപ്പിള്ള: (രസിച്ച് അതിയായ മുഖപ്രസന്നതയോട്) “അങ്ങുന്നു വിചാരിച്ചാൽ നാൽക്കോലുമുണ്ടാകും!”

ചന്ത്രക്കാറൻ: “അതിനൊരു കഴുതാക്കോലു കിടക്കണല്ലോമ്ണാ. പൂവാറ്റു മുതലാളി അവന്റെ തന്തയെങ്കില്—”

ഉമ്മിണിപ്പിള്ള: “തന്തയോ തള്ളയോ? അവൻ അവിടത്തെ തൊഴുത്തിൽപിറപ്പനാണു. മുതലാളിടെ തെരട്ടും പട്ടോലയുമെല്ലാം അവന്റടുത്തു വന്നറുണു. അവനു ദളവാസ്വാമിമഠത്തിൽപോലെ ചെന്നതു ചെലവ് അവർ നടത്തുണു. ആ ജാതിക്കാരുടെ ഭാഷയും അവനറിയാം.”

ചന്ത്രക്കാറൻ: “അതാണല്ലൊ—ആ കൊള്ളപ്പണം ചെന്നു ചൊരിയണ കഴുത്തറപ്പൻമൊതലാളി എവിടെ! നാലുകാശൻ നാം എവിടെ?” (ദീർഘശ്വാസമിട്ട് , കുറേനേരം മിണ്ടാതിരുന്ന്, ആത്മഗതം) “മൈസൂപ്പുലി പെരുമ്പടപ്പിനെ അമുക്കി. ഈ ശനിയൻ ശാമി വലത്തും, ആ പടത്തലവൻ ഇടത്തും, മൊതലാളി രണ്ടുംകെട്ടവനായും, എല്ലാം കൂടി നമ്മെ അടിയറുത്താൽ! ആഹ! പാടിലാ, അത്. ആ ശാമിപ്പൂച്ചനെ നമുക്കു പിടിക്കണം; അതാണ് കണ്ണി” ചന്ത്രക്കാറന്റെ നേത്രങ്ങൾ ജ്വാലാമുഖികൾപോലെ പ്രകാശിച്ചു. അയാൾ ചുണ്ടുകളെ സ്വല്പമൊന്നു വിടുർത്തി, ശിരോസ്ഥിയിൽ കാണുന്നപോലെ കർണ്ണംമുതൽ കർണ്ണംവരെയുള്ള ദന്തനിരയെ ഒന്നു ഞെരിച്ചു. അനന്തരം ഇങ്ങനെ ഒരു ഗർജ്ജനവും ചെയ്തു: “നിന്റെ ചാമിയെ വിട്ടൂടാ! കൊണ്ടാ ഇവിടെ ആ കയം ചൂന്ന ഇരുളനെ, ഞാനൊന്നു കാണട്ടെ! തിരുവിതാംകൂർ രണ്ടു കാലിലെങ്കിലും നിയ്ക്കണോ, ഫരിപ്പാൻ ആണുങ്ങളു വേണം.” ഉമ്മിണിപ്പിള്ള കണ്ണടച്ചു തലകുലുക്കി ഒടുവിലത്തെ അഭിപ്രായത്തെ ശരിവച്ചു.

ചന്ത്രക്കാറൻ: “അങ്ങിനെ നല്ലബുദ്ധി തുല ങ്ങട്ടെടമ്ണാ! ആണുങ്ങളില്ലാത്ത കൊറ, വല്യകൊറ. കഴക്കൂട്ടക്കളരിയിലെപ്പോലെ ചില പിള്ളരുവേണം. കണ്ടു വെച്ചിട്ടൊണ്ട്! എല്ലാം ഒന്നെളക്കി, ഒതുക്കി, കലക്കിത്തളിച്ച് ചുത്തവും വരുത്തി, കലയവും കഴിച്ചാല് പിന്നെ, ചിലമ്പിനേത്തു ചന്ത്രക്കാരൻ ഭരിച്ചാൽ തിരുവിതാംകോട് ഭരുമൊന്നൊന്നു നോക്കികളയാം” എന്നു പറഞ്ഞുകൊണ്ട്, ‘ഭരു’ എന്ന പ്രയോഗത്തിന്റെ ചാതുര്യത്തെ വിചാരിച്ചോ, സ്വാത്മഗതങ്ങളുടെ സ്ഥിതിക്ക് ഉമ്മിണിപ്പിള്ളയെ പിരിച്ചയയ്ക്കാള്ള ധൃതികൊണ്ടോ പിശ്ശാത്തിയുമായി മുറ്റത്തിറങ്ങി, തന്റെ ഹ്രസ്വങ്ങളും ഘനമുള്ളവയുമായ കൈകളെ വീശി, തെക്കോട്ടും വടക്കോട്ടും ഒന്നു നടന്നിട്ട് ചന്ത്രക്കാറൻ ഉമ്മിണിപ്പിള്ളയ്ക്കു യാത്രയനുജ്ഞ നല്കി. “വടക്കേപ്പുറത്തു പോയി, വല്ലതുമുണ്ടെങ്കിൽ വാങ്ങിച്ചു കുടിച്ചോണ്ടു പോ! ഒന്നും കാണൂല്ലാ. വച്ചുവിളമ്പാൻ വീട്ടിനകത്തു വൗസ്സൊള്ളവരു വേണ്ടയോ?”

ഉമ്മിണിപ്പിള്ള യാത്രതൊഴുത്, വച്ചുവിളമ്പുകാര്യത്തെക്കുറിച്ചുണ്ടായ സ്വാഭിപ്രായത്തെ അടക്കിയുംകൊണ്ട് വടക്കേവശത്തേക്കു പോയി. ചന്ത്രക്കാറൻ വീണ്ടും തന്റെ ആസനത്തെ അവലംബിച്ച് താഴത്തെ നടക്കല്ലിൽ രണ്ടു കാലും ഊന്നി വിറപ്പിച്ചുകൊണ്ട് ദീർഘമായ ആലോചനയിൽ ഇരുന്നു. ഒടുവിൽ ഇങ്ങനെ തീർച്ചപ്പെടുത്തി: “അതതെ— അതു വേണം—എന്താണ്ടൊക്കെ കാണും —പൂയിച്ചേയ്ക്കാം –ചേതമെന്ത്? ദേവീന്ന് ഒന്നുണ്ടെങ്കിലൊത്തു. അല്ലെങ്കി, ആളുകള് വാഴ്ത്തും — ആ മിച്ചം മതി — എന്നേ വിചാരിക്കുണു ഞാൻ? ‘നാളെ നാളേതി’ എന്നു ചുമ്മാ അല്ലാ പറഞ്ഞിട്ടുള്ളത്. ചാമുണ്ഡിഅമ്മയ്ക്കു, പോട്ടെ, നമ്മുടെ കണക്ക് കുടിയിരിപ്പാൻ ഒരു മാടമെങ്കിലുമിരിക്കട്ടെ! അവിടത്തെ കാടൊക്കെ ഒന്നു തെളിച്ച്, ഒരൂട്ടും ഗുരുസിയും കൈയ്യോടെ. ആ കളപ്പാട്ടെ തൊട്ടുതിന്നിക്കൂട്ടത്തെ കരയിൽ കൂട്ടിനടത്തണമെങ്കിൽ വയ്ക്കട്ടെ ഇതിനു വേണ്ടിയ മുതല്.” ഇങ്ങനെ പരിഷ്കാരനിശ്ചയവും, [ 21 ] അതിലേക്ക് ഉടനെ മുതലുതിരിപ്പും ചെയ്ത്, ചന്ത്രക്കാറൻ കാര്യനടപ്പിനു പാദരഥത്തിൽ ആരോഹണംചെയ്തു. വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോൾ പടിക്കൽ ഒരു വലിയ സംഘം കാഴ്ചകളോടുകൂടി കാത്തുനിന്നിരുന്നു. അവരോട്, സാമാനങ്ങളെല്ലാം അകത്തുകൊണ്ടുവച്ചിട്ട് അടുത്തദിവസം വരുന്നതിന് ഉത്തരവുകൾ കൊടുത്തുകൊണ്ട് അദ്ദേഹം ചാമുണ്ഡിക്ഷേത്രത്തറയിലേക്കു നടന്നു തുടങ്ങി. “അവനെക്കാണണം ആ ഇരുത്തലമൂലിയാൻ ചാമിയാരെ. നിധീടെ വേരോട്ടം ഒന്നു നോക്കിച്ചുകളയാം. പിന്നെ, ഉമ്മിണി പറഞ്ഞപോലെ വല്ലതുമാണെങ്കിൽ, വെല്ലും പുറത്തു ചന്ത്രക്കാരനും” എന്നിങ്ങനെയുള്ള അന്തർഗ്ഗതങ്ങൾകൊണ്ട് കോശഭാഗ്യങ്ങളുടെ വർദ്ധനമാർഗ്ഗങ്ങളെ നിർണ്ണയംചെയ്തു നടക്കുന്നതിനിടയിൽ ചാമുണ്ഡിക്കാവ് ക്ഷേത്രംവക താൻ അടക്കീട്ടുള്ള മുതലിന്റെ ഒരു കണക്ക് മനസ്സുകൊണ്ടു ചന്ത്രക്കാറൻ തയ്യാറാക്കി. അത് ചന്ത്രക്കാറഗോളത്തിലെ നീലഞരമ്പുകളെ ഒന്നു വിളറിച്ചു എങ്കിലും, ഈശ്വരന്മാരുടെ കടാക്ഷത്താലാണല്ലോ മനുഷ്യർ അനുഗൃഹീതരാകേണ്ടത്, എന്നു മനസ്സിന് സമാധാനം വരുത്തി, അദ്ദേഹം ക്ഷേത്രപ്പറമ്പിൽ എത്തി.

ആകാശവീഥിയിൽ ആദിത്യഭഗവാൻ അത്യുഗ്രദീപ്തിയോടുകൂടി വിളങ്ങി, തന്റെ അഗ്നിമയകിരണങ്ങളെ ആ ശ്യാമളാംബികാവേദിയിൽ പ്രസന്നപൂജാർപ്പണം ചെയ്യുന്നു. തൽപ്രദേശഭൂദേവിയും ദ്രാഹകർമ്മസാക്ഷിണിയായി ഭവിച്ച അപരാധത്തിനു ശിക്ഷയായി എരിപൊരിഞ്ഞ്, ശാശ്വതപ്രണാമയായി ക്ഷമാപണക്രന്ദനം ചെയ്യുന്നു. അവിടത്തെ തരുജാലങ്ങൾ പരാശക്തിദ്രോഹകന്റെ ഹതിക്കായുള്ള ചണ്ഡദണ്ഡങ്ങളെന്നവണ്ണം അവന്റെ ദുരന്തമുഹൂർത്തഗ്രഹണത്തിനായി, ഗ്രഹതാരങ്ങളുടെ പന്ഥാവിൽ സ്ഥിരേക്ഷണന്മാരായി നില്ക്കുന്നു. പത്രപുഷ്പാദികളും, ദൈവദ്രോഹഭൂവിൽ ജാതരായ പരിതാപത്തെ വഹിച്ച് ക്ഷീണരായവർ ശാപദാനംചെയ്ത് അനന്താപദത്തെ പ്രാപിക്കയും ശേഷമുള്ളവർ ശാപമുഷ്ടികളെ ഉയർത്തി അവസരൈകകാംക്ഷയോടു വർത്തിക്കയും ചെയ്യുന്നു. നാരകീയമായ ഒരു നിശ്ശബ്ദത ആ പ്രദേശത്തെ ബന്ധിച്ചിരിക്കുന്നു. അവിടത്തെ ഓരോ അണുവിൽനിന്നും മാംസകർണ്ണങ്ങൾക്കു ഗോചരമല്ലാതുള്ള ദുസ്സഹമായ ഓരോ പരിദേവനം സ്വർനീതിപീഠത്തിങ്കലേക്ക് പൊങ്ങിക്കൊണ്ടിരിക്കുന്നു. പ്രതിഷ്ഠയ്ക്കുതന്നെ രുദ്രഭൂമിയായിത്തീർന്ന്, സർവാത്മാക്കളാലും വർജ്ജിക്കപ്പെട്ട ആ ദുർദ്ദേശത്ത്, സാക്ഷാൽ വിശ്വസംരക്ഷണശക്തി, ധർമ്മബന്ധനത്തിൽനിന്ന് അപഭ്രഷ്ടയാക്കപ്പെടുകയാൽ, സ്വതന്ത്രചാരിണിയായി കല്പാന്തകാലനടനത്തെ ചെയ്യുന്നു. ഈ ദിക്കിലേക്ക് ഉടയാൻപിള്ള പ്രവേശിച്ചപ്പോൾ അവിടത്തെ മദ്ധ്യാഹനദ്യുതിയും ഏകാന്തയും സ്വനികൃതികളുടെ സ്മൃതിയും അയാൾക്ക് ഒരു ഹൃദയസ്തംഭനത്തെ ഉണ്ടാക്കി. വടക്കുകിഴക്ക് കുണ്ടു നീരാഴിയിൽനിന്ന് ഒരു ‘ഭും’കാരധ്വനി വെള്ളത്തിൽ എന്തോ വീണ ശബ്ദമായി പുറപ്പെട്ടത് അധർമ്മചിന്താഭരിതമായ ചന്ത്രകാറന്റെ മനസ്സിന് ഭയങ്കരമായി തോന്നുകയാൽ, അദ്ദേഹത്തിന്റെ ആത്മഗങ്ങൾക്കും കായഗതിക്കും വിഘ്നം സംഭവിപ്പിച്ചു. ആ ശബ്ദത്തെ ദേവിയുടെ അനിഷ്ടസൂചകമായി അപ്പോഴത്തെ സ്ഥിതിയിൽ വ്യാഖ്യാനിക്കയാൽ, അദ്ദേഹം ചിന്താഗ്രസ്തനായി, തറയ്ക്കപ്പെട്ടതു പോലെ നിലകൊണ്ടു. അദ്ദേഹത്തിന്റെ ദേഹത്തിലുള്ള ചുരുണ്ടരോമാവലി എല്ലാം മുള്ളൻകോലുകൾപോലെ നിവർന്നു ജൃംഭിച്ചു. തന്നെ ഇങ്ങനെ ചഞ്ചലപ്പെടുത്താൻ സന്നദ്ധയായ ദേവിയെ ശിക്ഷിച്ച്, ‘മാടവുമില്ലാ കൂടവുമില്ല’ എന്നു വിധിച്ചുകൊണ്ട്, സ്വഭവനത്തിലേക്കു മടങ്ങുന്നതിനായി അദ്ദേഹം ആരംഭിച്ചു. അദ്ദേഹത്തിന്റെ മാനുഷ്യകമായ നേത്രങ്ങൾക്കു ഗോചരമായ കാഴ്ച എന്താണത്? പ്രത്യക്ഷലോകമാത്രനായ ചന്ത്രക്കാറൻ, അല്‌പഗാത്രനായി വിയർത്തുവിറയ്ക്കുന്നു. കണ്ണുകളെ കഠിനമായി തിരുമീട്ടും അദ്ദേഹം കണ്ട കാഴ്ച മറയുന്നില്ല. പഞ്ചാരിവട്ടം തുടങ്ങിയ തന്റെ ഹൃദയപടഹത്തെ തടവി ഒതുക്കീട്ടും, അതാ ആദ്യം കാണപ്പെട്ട സത്വത്തിനു വൈശദ്യം വർദ്ധിച്ചുവരുന്നതേയുള്ളു. ചന്ത്രക്കാറമഹാത്മാവിന്റെ നിര്യാണഗതിക്കു പാദുകമായി ചാമുണ്ഡീഭഗവതീവിഗ്രഹം തെക്കു വടക്കു വീണുകിടക്കുന്ന ഉയർന്ന ഗർഭഗൃഹത്തറയുടെ മദ്ധ്യത്തിൽ, ജഗന്മോഹനകരമായും, സാക്ഷാൽ ത്രലോക്യകുടുംബിനിയുടെ മദ്ധ്യാർക്കദ്യുതിയോടും ആപാദപ്രസൃതമായ നീലകുന്തളഭാരത്തോടും, കരുണാവൃതങ്ങളായ വിശാലേക്ഷണങ്ങളോടും, അനംഗോജ്ജ്വലങ്ങളായ വക്ത്രത്തോടും, ഗൗരവസ്മേരാധരപ്രവാളത്തോടും [ 22 ] മണികുണ്ഡലഹാരാവലികൾകൊണ്ടു പരിഭൂഷിതമായും, രക്താംബരപരിവേഷ്ടിതമായും, നവയൗവനപ്രൗഢികൊണ്ട് ഭാസ്വത്തായും ഉള്ള ഒരു വിഗ്രഹം പ്രത്യക്ഷമാകുന്നു. ഇങ്ങനെ ഒരു അംബികാരൂപം അവിടെ കണ്ടത് ദൈവമഹാഗതി എന്നു തോന്നി ചന്ത്രക്കാറൻ, ജീവനാഡികൾ ഭിന്നമായി മൃത്യുവശനായ്പോകുമെന്നുള്ള സ്ഥിതിയെ പ്രാപിച്ചു. എന്നാൽ തന്റെ ബുദ്ധീന്ദ്രിയത്തെ ആകർഷിക്കുമാറ് അപ്പോൾ ഒരു മാനുഷ്യകമായ വിലപനം കേൾക്കയാൽ, ഉടയാൻപിള്ളയുടെ ഹൃൽചലനം സ്വല്‌പം ആശ്വസപ്പെട്ട് വിലാപത്തിന്റെ കാരണം എന്താണെന്നു നോക്കിത്തുടങ്ങിയപ്പോൾ ആദ്യം കണ്ട രൂപത്തിന്റെ മുമ്പിലായി മറ്റൊരു രൂപം രക്തവർണ്ണവസ്ത്രധാരിണിയായി മുട്ടുകുത്തി മാറത്തും തലയിലും തല്ലി ദുസ്സഹമായ വേദനയോടുകൂടി ദുഃഖിക്കുന്നതു കാണപ്പെട്ടു. ഇതു ദൈവികമായ കാഴ്ചയല്ലെന്നുള്ള ഒരാശ്വാസം അരക്ഷണനേരം ചന്ത്രക്കാറനു തോന്നിയെങ്കിലും തെക്കുള്ള കുറ്റിക്കാടിനെ ഞെരിച്ചുകൊണ്ട് മേഘാകാരമായ ഒരു സത്വം ആ രംഗത്ത് പ്രവേശിച്ചപ്പോൾ, സ്വല്‌പംമുമ്പ് തിരുവിതാംകൂർ കീഴ്മേൽമറിപ്പാൻ കച്ചകെട്ടിയ കഴക്കൂട്ടത്തു കളരിയിലെ വീരശൂരപ്പെരുമാൾ പിന്തിരിഞ്ഞ്, ഭുമി കുലുക്കിക്കൊണ്ട് പുകവണ്ടിവേഗത്തിൽ മണ്ഡൂകനെപ്പോലെ കാലുകൾ വിടുർത്തി, ചാടി മണ്ടിത്തുടങ്ങി. സംഭവങ്ങളുടെ സംഘടനാവിശേഷംകൊണ്ട് ശൂന്യമനസ്സാന്നിദ്ധ്യവാനായി ധാവനംചെയ്തു തുടങ്ങിയ ചന്ത്രകാറൻ അരക്ഷണംകൊണ്ട് ഒരിരുമ്പുകുടുക്കിലകപ്പെട്ടതുപോലെ നിറുത്തപ്പെട്ടു. അദ്ദേഹം തിരിഞ്ഞുനോക്കിയപ്പോൾ കാണപ്പെട്ടത് രാക്ഷസമൂലബലത്തിലോ യമസൈന്യത്തിലോ ചേർന്ന ഒരംഗമായിരിക്കണമെന്നു തോന്നി. തന്റെ ഒരു കൈയ്ക്കു പിടിച്ചമർത്തിനില്ക്കുന്ന വിരൂപനായ ദീർഘകായൻ, കറുത്ത കമ്പാവടങ്ങൾകൊണ്ടു മാത്രം ഉണ്ടാക്കപ്പെട്ട ഒരു സത്വംപോലിരുന്നു. വളഞ്ഞുപിരിഞ്ഞ് അവിടവിടെ വടുക്കെട്ടിയ കൃശദീർഘദൃഢശരീരം, ഏകനേത്രം, അതിൽ ശുക്ലച്ഛായ, മുരടിച്ചു ജെടകെട്ടി തിമർത്തുനിൽക്കുന്ന കേശമീശകൾ, നീണ്ടു കറുത്ത് ആടുന്ന ഏതാനും ദന്തങ്ങൾ, പെരുമ്പാമ്പുകൾപോലുള്ള കൈകാലുകൾ, തലയിൽ കച്ചകൊണ്ടുള്ള വലിയ റെട്ടിക്കെട്ട്, അരയിൽ മുഷിഞ്ഞ കാങ്കിക്കുത്തിയുടുപ്പ്—ഇങ്ങനെയുള്ള ഒരു രൂപമാണ് ഉടയാൻപിള്ളയെ പിടികൂടിയിരിക്കുന്നത്.

ചന്ത്രക്കാറന്റെ പിശ്ശാത്തി പ്രയോഗങ്ങളും മെയ്യൂക്കും കഴക്കൂട്ടത്തു കളരിയിലെ അടവുകളും ഈ മനുഷ്യക്കരടിയോട് അടുക്കുന്നില്ല. ആ നരമൃഗം പിശ്ശാത്തിയെ പിടിച്ചുപറിച്ച് പുറകിൽ തിരുകിക്കൊണ്ട് തോലി എന്നറിഞ്ഞിട്ടില്ലാത്ത ചന്ത്രക്കാറവിശ്വവിജയിയെ ചുരുട്ടി എടുത്ത് നീരാഴിക്കുണ്ടിനെ മറയ്ക്കുന്ന കാവിനുള്ളിലേക്കു തിരിക്കുന്നു. അനുകമ്പയോടുകൂടിയ നിരോധാജ്ഞകൾ പ്രതിഷ്ഠാദേശത്തുനിന്നും കേൾക്കപ്പെടുന്നു. ഈ ഭയങ്കരസത്വത്തിന്റെ ശ്രവണദ്വാരങ്ങളിൽ അതുകൾക്കു പ്രവേശനം ഉണ്ടാകുന്നില്ല. അയാളുടെ ചീറ്റലിന്റെയും മുഖക്ഷോഭത്തിന്റെയും ആസുരരൂക്ഷത അവർണ്ണനീയമായിരിക്കുന്നു. ചന്ത്രക്കാറന്റെ പ്രഹരംകൊണ്ട് കരിങ്കല്ലും ധൂളിയാകുമെന്നുവരികിലും ഈ സത്വത്തിന്റെ കൈയിൽ അദ്ദേഹം പഞ്ഞികൊണ്ടു കെട്ടപ്പെട്ട പാവയെപ്പോലെ ലഘുപദാർത്ഥമായിരിക്കുന്നു. ഉടയാൻപിള്ളയെ നിലത്തിട്ട് അമർത്തികൊണ്ട് അദ്ദേഹത്തിന്റെ ജീവരക്തത്തെ പാനംചെയ്യുന്നതിനായി അദ്ദേഹത്തിന്റെ പിശ്ശാത്തിയെത്തന്നെ ആ കരടിത്താൻ ഉയർത്തുന്നു. അതിദൈന്യസ്വരത്തിൽ ദൂരെ നിന്നും “കൊല്ലാതെ കുപ്പാ! പൊല്ലാക്കർമ്മം ചെയ്യക്കൂടാത്” എന്ന് രോഗവാർദ്ധക്യങ്ങൾകൊണ്ട് ക്ഷീണതയെ പ്രാപിച്ചിരിക്കുന്നുവെന്ന് അനുമാനിക്കാവുന്നതായ ഒരു സ്ത്രീയുടെ സ്വരം അപേക്ഷിക്കുന്നു. ഇതും ഫലപ്പെടാതെ പിശ്ശാത്തി കിഴ്പ്പെട്ടു പതിയുകയും ധീരനായ ചന്ത്രക്കാറൻ നിര്യാണത്തിനു സ്വാഗതംപറയുകയും ചെയ്യുന്നു. ചന്ത്രക്കാറന്റെ സംഗതിയിൽ ഈ വിധമുള്ള ദുരന്തം ദൈവനീതിക്കു സന്തുഷ്ടിവരുംവണ്ണമുള്ള പരിണാമമാകാത്തതുകൊണ്ടായിരിക്കാം, ‘വിടുകുപ്പുമ്മാൻ’ എന്നൊരു കാകളീസ്വരം സമീപത്തു കേൾക്കപ്പെടുന്നു. എന്നു മാത്രമല്ല, പിശ്ശാത്തി പിടിച്ചിരിക്കുന്ന കരുന്താളിഉലക്കപോലുള്ള കരത്തിനെ തങ്കക്കടകങ്ങൾപോലെ രണ്ടു കോമളഹസ്തങ്ങൾ ആവരണംചെയ്കയും ചെയ്യുന്നു. ലക്ഷീസദൃശയായ ഈ രൂപത്തെ സമീപത്തു കണ്ട കൃഷ്ണസത്വം ആർദ്രഭാവമെന്നു പറഞ്ഞറിയേണ്ടതായ ചില ചേഷ്ടകൾകൊണ്ട് വാത്സല്യകടാക്ഷങ്ങൾ ചെയ്യുന്നതിനിടയിൽ ഷഷ്ട്യബ്ദപൂർത്തി കഴിഞ്ഞ പ്രായംചെന്നതായ രോഗിണി അവിടെ എത്തി. കുപ്പൻ എന്നു വിളിക്കപ്പെട്ടവൻ എഴുന്നേറ്റ് ചന്ത്രക്കാറനെ കുറച്ചു ദൂരത്തു മാറ്റിനിറുത്തി താൻ കാവലാ യിനിന്നു. ഉടയാൻപിള്ളയെ അടുത്തു കണ്ടപ്പോൾ ചേലയുടെ ഒരു വിടുമുന്തി ഉയർത്തി മുഖം മറച്ചുകൊണ്ട് തന്റെ വക്ഷോഭേദനംചെയ്യുന്ന ദുഃഖത്തെ അടക്കാൻ അശക്തയായ വൃദ്ധ കരഞ്ഞുതുടങ്ങി. യാത്രാക്ഷീണംകൊണ്ട് ലളിതമാക്കപ്പെട്ട് ഏറ്റവും ദർശനീയമായിരിക്കുന്ന സൗന്ദര്യപ്രഭയോടുകൂടിയ ബാലിക വൃദ്ധയെ കെട്ടിത്തഴുകിത്തലോടി ആശ്വസിപ്പിച്ചു. ചന്ത്രക്കാറൻ കിങ്കരനേയും വൃദ്ധാബാലികമാരേയും വീണ്ടും വീണ്ടും നോക്കീട്ട്, “ചെരുപ്പാലടിച്ചും ചന്ത്രക്കാറനു നേദ്യം” എന്നു ചിന്തിക്കയും, കരടിത്താന്റെ ഏകനേതൃത്വത്തെ അഭിനയിച്ച് അർത്ഥവത്തായ ഒരു മൂളൽകൊണ്ടു സ്വചന്ദ്രഹാസമൂർച്ചയെ സൂചിപ്പിക്കയുംചെയ്തുകൊണ്ട് വൃദ്ധയെ താണുതൊഴുത് ഓച്ഛാനിച്ചുനിന്നു. മനുഷ്യക്കരടി ഏതാണ്ട് ചിലതു ഞറുങ്ങുകയും ബീഭത്സമായ ചാഞ്ചാട്ടങ്ങൾകൊണ്ട് ചന്ത്രക്കാറന്റെ മര്യാദയെ അഭിനന്ദിക്കയും, ബാലിക കുപ്പനെ കൈയ്ക്കുപിടിച്ച് ഒന്നു ചായിച്ച് കർണ്ണത്തിൽ “ഇവരാരമ്മാൻ?” എന്നു ഗൂഢമായി ചോദ്യംചെയ്കയും ചെയ്തു.