ചന്ത്രക്കാറസ്ഥാനം ഒരു സ്റ്റാർ ആഫ് ഇൻഡ്യാ മുദ്രപോലെ മഹായശസ്കരബിരുദമായി അദ്ദേഹത്തെ അലങ്കരിച്ചു. ഘാതകശിരോമണിയെന്നു ന്യായബോധജ്ഞന്മാരാൽ വിധിക്കപ്പെട്ടിട്ടുള്ള രാമനാമഠത്തിൽപിള്ളയുടെ ഏകസന്താനമായിരുന്ന ഈ വിക്രമൻ ക്ഷേത്രത്തറയെക്കൂടി തന്റെ പ്രഭാവാർത്തിക്ക് ആഹുതിചെയ്യാത്തതിനെക്കുറിച്ചു സന്തോഷിക്കേണ്ടതേ ഉള്ളു.
സ്വസംഭാവനകൾക്ക് ആരാധിക്കപ്പെട്ടുവന്നിരുന്ന മന്ത്രിപ്രവീണന്മാർ ആ ദാനങ്ങളെ രാജ്യതന്ത്രത്തിൽ ‘സംസ്ഥാനപരസ്പരത’ എന്ന ഖണ്ഡത്തിൽ ഉൾപ്പെടുത്തി സ്വീകരണംചെയ്തുവരികയാൽ, ചന്ത്രക്കാറനായ ഇടപ്രഭുപ്പെരുമാൾ ആ അഭിമാനത്തിനു പ്രതിഫലമായി സ്വമിത്രങ്ങളായ ഉദ്യോഗവനരാട്ടുകളുടെ ഭാരങ്ങളെ, തന്റെ വിസ്തൃതമഹാമനസ്കതയ്ക്കു സ്വപ്രദേശങ്ങളിൽ ഉൾപ്പെട്ട മഹാരാജപ്രജകളിൽനിന്നു ലഭ്യമായ കാഴ്ചകളുടെ താരതമ്യം അനുസരിച്ച്, വിധികളും വ്യവസ്ഥാസ്ഥാപനങ്ങളും കല്പിച്ച് ലഘൂകരിച്ചുവന്നിരുന്നു. അടുത്താൽ ലേഹനംകൊണ്ട് വഞ്ചനയും, അടുത്തില്ലെങ്കിൽ ആദരശസ്ത്രക്രിയാപ്രയോഗത്താൽ അനുക്ഷണദ്രോഹവും വിരോധപ്പെട്ടാൽ സ്വാധികാരവജ്രംകൊണ്ട് ദൃഢഹതിയും—ഈ വിധമുള്ള പരമകുടിലനയത്രിതയത്താൽ വേളിമുതൽ വർക്കലവരേയും, നെടുമങ്ങാടുമുതൽ പശ്ചിമസമുദ്രംവരെയും ഉൾപ്പെട്ട പ്രദേശത്തെ ചന്ത്രക്കാറമഹാറാട്ട് സങ്കടനിവേദനങ്ങൾക്കു സംഗതിയും മാർഗ്ഗവും കൂടാതെ പരിപാലനം ചെയ്തുവന്നു. അവിടങ്ങളിൽ പ്രസവംമുതൽ ശവദാഹംവരെയുള്ള യാതൊരു ക്രിയയ്ക്കും സംഭവത്തിനും ചന്ത്രക്കാറനോ പ്രതിനിധിയോ മൂളിയെങ്കിലല്ലാതെ നിർവ്വാഹണമോ പര്യാപ്തിയോ ഉണ്ടാകുന്നതല്ലായിരുന്നു.
ദശഗ്രീവലങ്കാനാഥൻ സാമവേദജ്ഞനായിരുന്നുവെങ്കിൽ, ചന്ത്രക്കാറലങ്കേശേനും ജ്ഞാനസമ്പത്തോടു ചില സംബന്ധങ്ങളുണ്ടായിരുന്നു. സ്വഭാഷ യൗവനദശയെ പ്രാപിച്ച് അനേക സരസകവിസന്താനങ്ങളെ ഉല്പാദനംചെയ്തിരുന്ന അക്കാലത്ത് ചിലമ്പിനകംവക കൊട്ടാരക്കരശ്ശാഖയിലെ ഒരു ശേഷക്കാരൻ നാടകാലങ്കാരപര്യന്തമുള്ള വ്യുല്പത്തിയെ പ്രശസ്തമാംവണ്ണം സമ്പാദനംചെയ്തിരുന്നു. എന്നു മാത്രമല്ല, ചന്ത്രക്കാറഭരണാതിർത്തിയിൽ പാർത്തുവന്നിരുന്ന ഒരു കണിശപ്പണിക്കർ ‘കാളീശമഥനം’ നന്തുണിപ്പാട്ട്, ‘ഒമാസ്വയമ്മരം’ കല്യാണക്കളിപ്പാട്ട്, മുതലായ കാവ്യങ്ങളെ രചിച്ചിട്ടുണ്ടായിരുന്നു. ഇതിനുംപുറമെ, നാന്ദിമുതൽ ഭരതവാക്യംവരെ സങ്കല്പിച്ചു മനോനിർമ്മാണം ചെയ്തിട്ടുള്ള നാടകത്തിൽ ഒന്നാമങ്കമായ ഭവനനിർമ്മാണവും രണ്ടാമങ്കമായ ദ്രവ്യാർജ്ജനവും മൂന്നാമങ്കമായ സ്വാധീനസമ്പാദനവും നാലാമങ്കമായ യശഃസ്ഥാപനവും അരങ്ങേറ്റം കഴിഞ്ഞിട്ടുള്ളതു നീക്കി അഞ്ചാമങ്കമായ മന്ത്രിപദാരോഹണവും കഴിയുമ്പോൾ പിന്നത്തെ അങ്കമായി കാർത്തികതിരുനാൾ രാമവർമ്മമഹാരാജാവിനെത്തുടർന്ന് ‘തഥാ മന്ത്രി’ എന്നുള്ള ന്യായേന ചന്ത്രക്കാറനും ചില കവനങ്ങൾചെയ്ത് ചിരഞ്ജീവയശസ്കനാവാൻ നിശ്ചയിച്ചിട്ടുണ്ട്. ഇത്രയും പോരെങ്കിൽ, സംഭാഷണത്തിൽ തമിഴിനെ ഗീർവ്വാണീകരിച്ചും ഗീർവ്വാണത്തെ പ്രാകൃതീകരിച്ചും അനേക നവപദസൃഷ്ടികൾ അദ്ദേഹം ചെയ്തുംവന്നിരുന്നു! ശബ്ദശാസ്ത്രജ്ഞന്മാരെ തന്റെ കവിതാരസികത്വത്തെ ഇങ്ങനെ ആസ്വദിപ്പിച്ച ചന്ത്രക്കാറൻ വനിതാരസികത്വത്തെ കയ്ക്കൊണ്ട നിലയും വർണ്ണനീയമായുള്ളതാണ്. ചന്ത്രക്കാറന്റെ പ്രതാപജ്യോതിസ്സ് സർവ്വാദിശാന്തങ്ങളിലും വ്യാപരിച്ചപ്പോൾ, മിക്ക നായർകുടുംബങ്ങളും അദ്ദേഹത്തോടു സംബന്ധമോ ചാർച്ചയോ ബന്ധുത്വമോ അവകാശപ്പെട്ടുതുടങ്ങി. എങ്കിലും, ഒരു വിവാഹംകൊണ്ടുകൂടി തന്റെ ഗൃഹസ്ഥനിലയെ സ്ഥിരീകരിക്കണമെന്നു നിശ്ചയിച്ച് ഒരു വലിയ കുടുംബത്തിൽനിന്ന്, ജന്മപത്രികയിൽ പാപഗ്രഹവസതിയായ സപ്തമരാശിയോടുകൂടിയ ഒരു തരുണീരത്നത്തെ ‘അടുക്കളക്കാരി’യായി ചന്ത്രക്കാറൻ വേട്ടു. ആ പരിഗ്രഹവും അതിലുല്‌പന്നയായ ഒരു ‘പെണ്ണും’ അടുക്കളത്തളത്തിന് അലങ്കാരപ്രതിമകളായി സ്ഥാപിക്കപ്പെട്ടിരുന്നു.
ധർമ്മഘാതകന്മാരുടെ അഭീഷ്ടങ്ങൾക്ക് അപ്രമേയശക്തിയുടെ നിർഗ്ഗുണത്വംകൊണ്ട് നിയമേന പ്രാപ്തിയും, ധർമ്മതല്പരന്മാരുടെ സംഗതിയിൽ വിപരീതഫലവുമാണ് ലോകരീതിയായി കാണപ്പെടുന്നതെങ്കിലും ചിലമ്പിനേത്തു ചന്ത്രക്കാറന്റെ ഒരിച്ഛയ്ക്കു സാദ്ധ്യംവരാതെ അദ്ദേഹം ക്ലേശിക്കയും അതുകൊണ്ട് താനും ക്ലിപ്തശക്തിമാൻതന്നെ എന്നുള്ള ഗൂഢബോധത്താൽ സ്വല്‌പം മദശമനമുണ്ടാവുകയും ചെയ്തു. എട്ടുവീട്ടിൽപിള്ളമാരുടെ കണ്‌ഠച്ഛേദനം