താൾ:Dharmaraja.djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

മണികുണ്ഡലഹാരാവലികൾകൊണ്ടു പരിഭൂഷിതമായും, രക്താംബരപരിവേഷ്ടിതമായും, നവയൗവനപ്രൗഢികൊണ്ട് ഭാസ്വത്തായും ഉള്ള ഒരു വിഗ്രഹം പ്രത്യക്ഷമാകുന്നു. ഇങ്ങനെ ഒരു അംബികാരൂപം അവിടെ കണ്ടത് ദൈവമഹാഗതി എന്നു തോന്നി ചന്ത്രക്കാറൻ, ജീവനാഡികൾ ഭിന്നമായി മൃത്യുവശനായ്പോകുമെന്നുള്ള സ്ഥിതിയെ പ്രാപിച്ചു. എന്നാൽ തന്റെ ബുദ്ധീന്ദ്രിയത്തെ ആകർഷിക്കുമാറ് അപ്പോൾ ഒരു മാനുഷ്യകമായ വിലപനം കേൾക്കയാൽ, ഉടയാൻപിള്ളയുടെ ഹൃൽചലനം സ്വല്‌പം ആശ്വസപ്പെട്ട് വിലാപത്തിന്റെ കാരണം എന്താണെന്നു നോക്കിത്തുടങ്ങിയപ്പോൾ ആദ്യം കണ്ട രൂപത്തിന്റെ മുമ്പിലായി മറ്റൊരു രൂപം രക്തവർണ്ണവസ്ത്രധാരിണിയായി മുട്ടുകുത്തി മാറത്തും തലയിലും തല്ലി ദുസ്സഹമായ വേദനയോടുകൂടി ദുഃഖിക്കുന്നതു കാണപ്പെട്ടു. ഇതു ദൈവികമായ കാഴ്ചയല്ലെന്നുള്ള ഒരാശ്വാസം അരക്ഷണനേരം ചന്ത്രക്കാറനു തോന്നിയെങ്കിലും തെക്കുള്ള കുറ്റിക്കാടിനെ ഞെരിച്ചുകൊണ്ട് മേഘാകാരമായ ഒരു സത്വം ആ രംഗത്ത് പ്രവേശിച്ചപ്പോൾ, സ്വല്‌പംമുമ്പ് തിരുവിതാംകൂർ കീഴ്മേൽമറിപ്പാൻ കച്ചകെട്ടിയ കഴക്കൂട്ടത്തു കളരിയിലെ വീരശൂരപ്പെരുമാൾ പിന്തിരിഞ്ഞ്, ഭുമി കുലുക്കിക്കൊണ്ട് പുകവണ്ടിവേഗത്തിൽ മണ്ഡൂകനെപ്പോലെ കാലുകൾ വിടുർത്തി, ചാടി മണ്ടിത്തുടങ്ങി. സംഭവങ്ങളുടെ സംഘടനാവിശേഷംകൊണ്ട് ശൂന്യമനസ്സാന്നിദ്ധ്യവാനായി ധാവനംചെയ്തു തുടങ്ങിയ ചന്ത്രകാറൻ അരക്ഷണംകൊണ്ട് ഒരിരുമ്പുകുടുക്കിലകപ്പെട്ടതുപോലെ നിറുത്തപ്പെട്ടു. അദ്ദേഹം തിരിഞ്ഞുനോക്കിയപ്പോൾ കാണപ്പെട്ടത് രാക്ഷസമൂലബലത്തിലോ യമസൈന്യത്തിലോ ചേർന്ന ഒരംഗമായിരിക്കണമെന്നു തോന്നി. തന്റെ ഒരു കൈയ്ക്കു പിടിച്ചമർത്തിനില്ക്കുന്ന വിരൂപനായ ദീർഘകായൻ, കറുത്ത കമ്പാവടങ്ങൾകൊണ്ടു മാത്രം ഉണ്ടാക്കപ്പെട്ട ഒരു സത്വംപോലിരുന്നു. വളഞ്ഞുപിരിഞ്ഞ് അവിടവിടെ വടുക്കെട്ടിയ കൃശദീർഘദൃഢശരീരം, ഏകനേത്രം, അതിൽ ശുക്ലച്ഛായ, മുരടിച്ചു ജെടകെട്ടി തിമർത്തുനിൽക്കുന്ന കേശമീശകൾ, നീണ്ടു കറുത്ത് ആടുന്ന ഏതാനും ദന്തങ്ങൾ, പെരുമ്പാമ്പുകൾപോലുള്ള കൈകാലുകൾ, തലയിൽ കച്ചകൊണ്ടുള്ള വലിയ റെട്ടിക്കെട്ട്, അരയിൽ മുഷിഞ്ഞ കാങ്കിക്കുത്തിയുടുപ്പ്—ഇങ്ങനെയുള്ള ഒരു രൂപമാണ് ഉടയാൻപിള്ളയെ പിടികൂടിയിരിക്കുന്നത്.

ചന്ത്രക്കാറന്റെ പിശ്ശാത്തി പ്രയോഗങ്ങളും മെയ്യൂക്കും കഴക്കൂട്ടത്തു കളരിയിലെ അടവുകളും ഈ മനുഷ്യക്കരടിയോട് അടുക്കുന്നില്ല. ആ നരമൃഗം പിശ്ശാത്തിയെ പിടിച്ചുപറിച്ച് പുറകിൽ തിരുകിക്കൊണ്ട് തോലി എന്നറിഞ്ഞിട്ടില്ലാത്ത ചന്ത്രക്കാറവിശ്വവിജയിയെ ചുരുട്ടി എടുത്ത് നീരാഴിക്കുണ്ടിനെ മറയ്ക്കുന്ന കാവിനുള്ളിലേക്കു തിരിക്കുന്നു. അനുകമ്പയോടുകൂടിയ നിരോധാജ്ഞകൾ പ്രതിഷ്ഠാദേശത്തുനിന്നും കേൾക്കപ്പെടുന്നു. ഈ ഭയങ്കരസത്വത്തിന്റെ ശ്രവണദ്വാരങ്ങളിൽ അതുകൾക്കു പ്രവേശനം ഉണ്ടാകുന്നില്ല. അയാളുടെ ചീറ്റലിന്റെയും മുഖക്ഷോഭത്തിന്റെയും ആസുരരൂക്ഷത അവർണ്ണനീയമായിരിക്കുന്നു. ചന്ത്രക്കാറന്റെ പ്രഹരംകൊണ്ട് കരിങ്കല്ലും ധൂളിയാകുമെന്നുവരികിലും ഈ സത്വത്തിന്റെ കൈയിൽ അദ്ദേഹം പഞ്ഞികൊണ്ടു കെട്ടപ്പെട്ട പാവയെപ്പോലെ ലഘുപദാർത്ഥമായിരിക്കുന്നു. ഉടയാൻപിള്ളയെ നിലത്തിട്ട് അമർത്തികൊണ്ട് അദ്ദേഹത്തിന്റെ ജീവരക്തത്തെ പാനംചെയ്യുന്നതിനായി അദ്ദേഹത്തിന്റെ പിശ്ശാത്തിയെത്തന്നെ ആ കരടിത്താൻ ഉയർത്തുന്നു. അതിദൈന്യസ്വരത്തിൽ ദൂരെ നിന്നും “കൊല്ലാതെ കുപ്പാ! പൊല്ലാക്കർമ്മം ചെയ്യക്കൂടാത്” എന്ന് രോഗവാർദ്ധക്യങ്ങൾകൊണ്ട് ക്ഷീണതയെ പ്രാപിച്ചിരിക്കുന്നുവെന്ന് അനുമാനിക്കാവുന്നതായ ഒരു സ്ത്രീയുടെ സ്വരം അപേക്ഷിക്കുന്നു. ഇതും ഫലപ്പെടാതെ പിശ്ശാത്തി കിഴ്പ്പെട്ടു പതിയുകയും ധീരനായ ചന്ത്രക്കാറൻ നിര്യാണത്തിനു സ്വാഗതംപറയുകയും ചെയ്യുന്നു. ചന്ത്രക്കാറന്റെ സംഗതിയിൽ ഈ വിധമുള്ള ദുരന്തം ദൈവനീതിക്കു സന്തുഷ്ടിവരുംവണ്ണമുള്ള പരിണാമമാകാത്തതുകൊണ്ടായിരിക്കാം, ‘വിടുകുപ്പുമ്മാൻ’ എന്നൊരു കാകളീസ്വരം സമീപത്തു കേൾക്കപ്പെടുന്നു. എന്നു മാത്രമല്ല, പിശ്ശാത്തി പിടിച്ചിരിക്കുന്ന കരുന്താളിഉലക്കപോലുള്ള കരത്തിനെ തങ്കക്കടകങ്ങൾപോലെ രണ്ടു കോമളഹസ്തങ്ങൾ ആവരണംചെയ്കയും ചെയ്യുന്നു. ലക്ഷീസദൃശയായ ഈ രൂപത്തെ സമീപത്തു കണ്ട കൃഷ്ണസത്വം ആർദ്രഭാവമെന്നു പറഞ്ഞറിയേണ്ടതായ ചില ചേഷ്ടകൾകൊണ്ട് വാത്സല്യകടാക്ഷങ്ങൾ ചെയ്യുന്നതിനിടയിൽ ഷഷ്ട്യബ്ദപൂർത്തി കഴിഞ്ഞ പ്രായംചെന്നതായ രോഗിണി അവിടെ എത്തി. കുപ്പൻ എന്നു വിളിക്കപ്പെട്ടവൻ എഴുന്നേറ്റ് ചന്ത്രക്കാറനെ കുറച്ചു ദൂരത്തു മാറ്റിനിറുത്തി താൻ കാവലാ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/22&oldid=158494" എന്ന താളിൽനിന്ന് ശേഖരിച്ചത്